വാവയുടെ മുറിവ് പറ്റിയ പുരികങ്ങളിലും ചുണ്ടിലും തലോടിക്കൊണ്ടു കണ്ണീരോടെ അനുമോൾ അവൾക്കരുകിൽ ഇരുന്നിരുന്നു.

കുട്ടപ്പൻ – എഴുത്ത്: മീനാക്ഷി മീനു

“ആ പട്ടിയെ കൊല്ല്….”

“മാറി നിൽക്ക്..അയാൾ മരിച്ചു..”

“പേ പിടിച്ചതാണെന്നു തോന്നുന്നു..അല്ലെങ്കി ഇങ്ങനെ കടിക്കോ”

“വടിയെടുക്ക്…കല്ലെടുക്ക്…അടിച്ചു കൊല്ലതിനെ..”

നാട്ടുകാരുടെ ആർത്തലച്ചുള്ള നിലവിളികൾക്കും ആക്രോശങ്ങളും നടുവിൽ ശ്വാസം നിലച്ചത് പോലെ അനുമോൾ അവനെ നോക്കി നിന്നു. അപ്പോഴും ഭയം ലവലേശമില്ലാതെ ചോര ഇറ്റുന്ന നാവ് വെളിയിലിട്ടുകൊണ്ട് വന്യമായ ഭാവത്തോടെ അവനാ മൃതദേഹതിനു തൊട്ടടുത്ത് തന്നെ ഇരുന്നിരുന്നു.

ഇടയ്ക്ക് അവൻ കണ്ണുയർത്തി അനുമോളെ ഒന്ന് നോക്കിക്കൊണ്ട് അരുമയോടെ വാലാട്ടിയതും തൊണ്ടക്കുഴിയിൽ നിന്നും ഉയർന്നു വന്ന തേങ്ങൽ കടിച്ചമർത്തിക്കൊണ്ടു അവൾ വായ്പൊത്തി നിലത്തേക്കിരുന്നു.

*******************

അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരവധിക്കാലം.

“ന്നെ എന്താ കളിക്കാൻ കൂട്ടിയാ..” അനുമോൾ നിന്ന് ചിണുങ്ങി.

“പെണ്കുട്യോളെ ബോള് കളിക്കാൻ കൂട്ടില്ല..പോണുണ്ടോ നീ..ല്ലെങ്കി ഞാ മേമയോട് പറഞ്ഞോടുക്കും.” അപ്പു ഊർന്നു തുടങ്ങിയ നിക്കറിന്റെ അറ്റം വലതുകൈ കൊണ്ടു തടുത്തുപിടിച്ചു.

“ഓ ബല്യ ആള്..കുശുമ്പ് കൂടീട്ടാ അപ്പെട്ടന്റെ പല്ല് നീണ്ട് നീണ്ട് വരണത്.” ദേഷ്യപ്പെട്ടുകൊണ്ടു അവൾ എന്നത്തേയും പോലെ മൈതാനത്തു ചുമ്മ ചുറ്റി കറങ്ങി. ആരും ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞപ്പോ പതുക്കെ മൈതാനത്തു നിന്നും മുങ്ങി. ഇത്തിരി അപ്പുറത്തു ഒരു ചേമ്പിലക്കാടുണ്ട്. പൊങ്ങിയത് അവിടെയാണ്.

അങ്ങോട്ടേക്ക് പോയെന്നറിഞ്ഞാൽ അമ്മ വഴക്ക് പറയും. എങ്കിലും ഇവരൊന്നും കൂട്ടാത്തത് കൊണ്ടു ഒരു വടിയും കയ്യിലെടുത്തു ചേമ്പിലക്കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതാണ് എന്നും അവളുടെ പണി. പഠിക്കാത്ത കുട്ടികളെ തല്ലി കീറുകയും ചെയ്യും…

അടുത്തടുത്തു പോയപ്പോഴതാ ചേമ്പിലക്കാട്ടിൽ നിന്നും ഒരു കരച്ചിൽ. “കീ……കീ….കീ…” അവൾ പതുക്കെ അടുത്തുപോയി നോക്കി..അവിടെയതാ ഒരു ചാക്ക്കെട്ട് നിന്ന് കുലുങ്ങുന്നു. അതിനുള്ളിൽ നിന്നുമാണ് കരച്ചിൽ കേട്ടത്. അവൾക്ക് പേടിയായി. തിരിഞ്ഞോടാൻ ഭാവിച്ചുകൊണ്ടു അവൾ ഒന്നുകൂടി ചാക്കിലേക്ക് നോക്കി.

അതിനുള്ളിൽ നിന്നും അതാ താളത്തിൽ ആടുന്ന ഒരു കുഞ്ഞുവാൽ. ആകാംക്ഷയോടെ അവളടുത്തേയ്ക്ക് ചെന്ന് ചാക്കുകെട്ടു നീക്കി നോക്കി…

വെളുപ്പും കറുപ്പും നിറങ്ങളോട് കൂടിയ ഒരു കുഞ്ഞു പട്ടിക്കുട്ടി. അതവളുടെ കൈവെള്ളയിൽ ഇരുന്ന് കുറുകി..പതുക്കെ അവളുടെ വിരലുകൾ കുഞ്ഞു നാവിനാൽ നക്കിക്കൊണ്ട് അവൻ ആ കൈകളിൽ ചുരുണ്ടു കിടന്നു.

************************

“രാമ…രാമ…രാമ..രാമ..പാഹിമാം…” മൂക്കുകണ്ണടയൊന്നു അമർത്തിവെച്ചുകൊണ്ട് അച്ഛമ്മ നാമം ജപിച്ചുകൊണ്ടിരുന്നു.

“അനുമോളെന്ത്യേ…അമ്മേ..” പടി കടന്നു വന്ന അച്ഛൻ അച്ഛമ്മയോടായി ചോദിച്ചു. മറുപടി ഇല്ലെന്നു കണ്ടതും അച്ഛൻ മോളെ തിരക്കി അകത്തെ മുറിയിലേക്ക് വന്നു. കട്ടിലിൽ കമിഴ്ന്നടിച്ചു കിടന്നു തലയിണയിൽ മുഖം പൊത്തി കരയുകയായിരുന്നു അനുമോള്.

“എന്താ മോളെ…എന്തിനാ അച്ഛന്റെ കുഞ്ഞു കരയുന്നെ..” അച്ഛൻ ഓടി അവൾക്കരുകിലേക്ക് വന്നു അവളെ പിടിച്ചെഴുന്നേല്പിച്ചു.

“കുട്ടപ്പൻ..കുട്ടപ്പനെ..അമ്മ..വെളീക്കളഞ്ഞു…”

നിർത്താതെ എങ്ങലടിക്കുന്ന കുഞ്ഞിനെ അയാൾ ഭയന്ന് നെഞ്ചിലേക്ക് ചേർത്തു. കുറ്റബോധത്തോടെ അമ്മ മുറിയുടെ വാതിൽക്കൽ വന്നു ആ കാഴ്ച്ച നോക്കി നിന്നു. എന്താണ് എന്നയർത്ഥത്തിൽ അച്ഛൻ അമ്മയെ നോക്കി.

“തൊടീന്നെങ്ങാണ്ട് ഒരു നാടൻ പട്ടിയേം കൊണ്ടു വന്നിരിക്കുന്നു. അതിനെ എടുത്തു കളഞ്ഞതിനാ..”

“കുട്ടപ്പൻ…പാവാ..അച്ഛാ…അനുമോൾക്കും വരുന്ന കുഞ്ഞാവയ്ക്കും കൂട്ടായിട്ടാ ഞാ കൊണ്ടുവന്നെ..”

“ശരി..ശരി..എന്റെ മോള് കരയണ്ട..കുട്ടപ്പനെ അച്ഛൻ കൊണ്ടുവരാം കേട്ടോ.” അയാൾ കുഞ്ഞിന്റെ കണ്ണുനീർ വാത്സല്യത്തോടെ തുടച്ചു.

“ദേ…എനിക്കതിന്റെ രോമമൊന്നും പറ്റില്ല ട്ടോ…ഒന്നാമത് ഈ അവസ്ഥയില്..എനിക്ക് വല്ല അസുഖവും വന്ന മരുന്ന് പോലും കഴിക്കാനാവില്ല. അറിയാലോ.”

അച്ഛൻ പിന്നാമ്പുറത്തേക്ക്‌ നടന്നതും തടുത്തു കൊണ്ടു അമ്മയും പിറകെ കൂടി. “നീ എവിടെയാ അതിനെ കളഞ്ഞത്.”

“ആ..പിന്നാമ്പുറത്തെക്ക് ഇറക്കി വിട്ടു..” എരിത്തിലിനരികിൽ പുല്ല് വെയ്ക്കുന്നിടത്ത് ഓരോരം പറ്റി ചുരുണ്ട് കിടക്കുകയായിരുന്നു അവൻ. അച്ഛനെ കണ്ടതും പെട്ടെന്ന് എഴുന്നേറ്റ് ഒരിഞ്ചോളം പോന്ന വാല് അവൾ താളത്തിലാട്ടി..എന്നാൽ പിന്നാലെ അമ്മയെ കണ്ടതും കീ കീ എന്നു കരയാൻ തുടങ്ങി. അയാൾ അടുത്തേയ്ക്ക് ചെന്ന് അവനെ എടുത്തുകൊണ്ട് അകത്തേയ്ക്ക് നടന്നു. കുട്ടപ്പനെ കണ്ടതും അനുമോൾ ഓടി അച്ഛനടുത്തേയ്ക്ക് വന്ന് അവനെ വാരിയെടുത്ത് തെരുതെരെ ഉമ്മ വെച്ചു. ഇതെല്ലാം കണ്ട് അമ്മ മുഖംവീർപ്പിച്ചു നിന്നു.

“നീ മുഖം വീർപ്പിക്കണ്ട..കുട്ടികളുടെ സന്തോഷാ വലുത്.”

“എന്നാ ആ പേരെങ്കിലും മാറ്റ്..അതെന്റെ അപ്പൂപ്പന്റെ പേരാ..”

“അത് നന്നായി..പുള്ളിക്ക് ലവന്റെ ഒരു മുഖച്ഛായയുണ്ട്.”

“രാമ രാമ…”എല്ലാം കണ്ടു നിന്ന അച്ഛമ്മ ഒരു ചിരിയോടെ നാമജപം കുറച്ചുകൂടി ഉച്ചത്തിൽ ചൊല്ലി.

*****************************

“ദേ നോക്കിയേ കുട്ടപ്പാ.. നമ്മടെ പുതിയ വാവ..”

രണ്ടു കാലിൽ ഉയർന്നു നിന്ന് കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ട് അവൻ നാവു നീട്ടി വാലാട്ടി. ഒരു ചിരിയോടെ അമ്മ അത് കണ്ടുകിടന്നു.

“കുട്ടപ്പനെ കളയ് കളയ് എന്നു ബഹളം വെച്ചവളാ..ഇപ്പോഴോ..അവനു ഭക്ഷണം കൊടുത്തിട്ടേ അവൾ എന്നെപോലും നോക്കൂ..മക്കളിപ്പോ മൂന്നാണ് എന്നുതോന്നും അവൾക്ക്.” അച്ഛൻ അച്ഛമ്മയോടായി പറഞ്ഞു.

***********************

“തുത്തപ്പാ…ബാ.. ബാ..”

വാവ മുറ്റത്തു നിന്ന് കുട്ടപ്പനെ കൈ കാട്ടി വിളിച്ചു..വേച്ചു വേച്ചു നടക്കുന്ന വാവയോടൊപ്പം അതേ താളത്തിൽ അവനും നടന്നു..വാവയും അനുമോളും ഉണ്ണുന്നതും ഉറങ്ങുന്നതും അവനോടൊപ്പം ആയിരുന്നു.

അപ്പുവിപ്പോൾ അനുമോളോട് ഒന്നും പറയാറില്ല എന്ന് മാത്രമല്ല ഇങ്ങോട്ട് വരാറു പോലുമില്ല. ഒരിക്കൽ വന്ന് അനുമോളോട് എന്തോ പറഞ്ഞു കുഞ്ഞടി അടിച്ചതും കുട്ടപ്പൻ ചാടി വീണ് ആ കൈയിൽ തന്നെ ഒറ്റക്കടി..അന്ന് മുണ്ടും കളഞ്ഞ് ഓടിയവൻ പിന്നെ ഇതുവഴി വന്നിട്ടില്ല.

രാവിലെ അച്ഛമ്മയെ അമ്പലത്തിൽ കൊണ്ടുപോയി സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നത് അവന്റെ ഡ്യൂട്ടി ആണ്. പിന്നെ അച്ഛനും അനുമോളും രാവിലെ പോകുമ്പോ അച്ഛന്റെ സ്കൂട്ടറിന് പിറകെ റോഡ് വരെ ഓടും. എന്നിട് തിരികെ വരും. അമ്മ തുണി നനയ്ക്കുകയും പാത്രം കഴുകുകയും ഒക്കെ ചെയ്യുമ്പോ വാവയെ നോക്കുന്നതും അവനാണ്.

ഉച്ചയ്ക്ക് വാവ ഉറങ്ങുമ്പോ മാത്രം കട്ടിലിനടിയിൽ കിടന്ന് അവനും ഒന്ന് മയങ്ങും. വൈകുന്നേരം അനുമോൾ വരുന്ന നേരത്ത് റോഡ് വരെ പോയി അവളെ കൂട്ടിക്കൊണ്ടു വരുകയും ചെയ്യും.

**********************

ഇന്ന് വാവ ആദ്യമായി സ്‌കൂളിൽ പോവുകയാണ്. എന്താണ് എന്നയർത്ഥത്തിൽ കുട്ടപ്പൻ വാവയെയും അമ്മയെയും മാറി മാറി നോക്കുകയായിരുന്നു. വാവയും അമ്മയും രാവിലെ ഉടുത്തൊരുങ്ങി എങ്ങും പോകുക പതിവല്ലല്ലോ. പിന്നെ പതുക്കെ അവർക്കൊപ്പം അവനും പോയി സ്‌കൂളിലേക്ക്…

“അയ്യോ…പട്ടി..”

സ്‌കൂളിലേക്ക് വരുന്നവർ അവനേക്കണ്ട് ബഹളം വെയ്ക്കാൻ തുടങ്ങി. അതോടെ അകത്തേക്ക് കടക്കാതെ ഗേറ്റിനരുകിൽ ആർക്കും ഒരു ശല്യമാവാതെ അവൻ ഒതുങ്ങി കിടന്നു. വാവയെ വിടുന്നത് വരെ അമ്മ സ്‌കൂൾ കൊംബൗണ്ടിൽ തന്നെ നിന്നു..പുറത്തു കുട്ടപ്പനും…

പിറ്റേന്ന് അച്ഛന്റെയും അനുമോളുടെയും ഒപ്പമാണ് വാവയും പോയത്. അന്ന് കുട്ടപ്പൻ റോഡ് കടന്ന് തിരികെ വന്നില്ല..പകരം സ്കൂൾ വരെ പോയി. എന്നിട്ട് തലേന്നത്തെ പോലെ ഗേറ്റ്നു വെളിയിൽ വൈകുന്നേരം വരെ കാത്തു കിടന്നു. വാവയെയും അനുമോളേയും കൂട്ടിക്കൊണ്ടു വന്നു.

“കുട്ടപ്പനെ ഇപ്പൊ പകലൊന്നും കാണാനില്ല.” അമ്മ അത്താഴം കഴിക്കുന്നതിനിടയിൽ അച്ഛനോട് പറഞ്ഞു.

“കുട്ടപ്പാ… നീ എവിടെപൂവാ പകൽ..” അവൻ എന്നോടല്ല എന്ന ഭാവത്തിൽ ചോറുണ്ട് കൊണ്ടിരുന്നു. അനുമോളും വാവയും മാത്രം പരസ്പരം നോക്കി ചിരിച്ചു.

പിറ്റേന്ന് അച്ഛൻ വന്നത് ഒരു തൊടലും ചങ്ങലയും ആയിട്ടാണ്..അന്നാദ്യമായി അവർ കുട്ടപ്പനെ കെട്ടിയിട്ടു. വാവയും അനുമോളും പോകുന്നത് കണ്ട് അവൻ ചങ്ങലയിൽ കിടന്ന് വലിയവായിൽ കരഞ്ഞു.

*********************

“എന്റെ മോളെ…….”

അമ്മയുടെയും അച്ഛമ്മയുടേം കരച്ചിൽ ആ വീട്ടിൽ മുഴങ്ങികേട്ടുകൊണ്ടിരുന്നു. വീട്ടിലും പരിസരത്തും ജനക്കൂട്ടം തിങ്ങിനിറഞ്ഞു. അവിടെ ഉമ്മറത്ത് തലയ്ക്കൽ നിലവിളക്ക് കത്തിച്, വെള്ളപുതപ്പിച്ചു വാവയെ കിടത്തിയിരുന്നു.

“എന്ത് പറ്റിയതാണ്….”

“ആർക്കറിയാം..പൊന്തക്കാട്ടിൽ നിന്നാണ് ശവം കിട്ടിയത്..രണ്ട് ദിവസം മുന്നേ സ്‌കൂളിൽ പോയ കുട്ടിയ..പിന്നെ വന്നില്ല.”

“പൊലീസുകാർ പറയുന്നത് ആരോ പീഡിപ്പിച്ചു കൊന്നതാണെന്ന…എന്നാലും ഈ പൊടിക്കൊച്ചിനെ..”

വാവയുടെ മുറിവ് പറ്റിയ പുരികങ്ങളിലും ചുണ്ടിലും തലോടിക്കൊണ്ടു കണ്ണീരോടെ അനുമോൾ അവൾക്കരുകിൽ ഇരുന്നിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെപോലെ അച്ഛനും ഉമ്മറത്തിണ്ണയിൽ ഇരുന്ന് കൊണ്ട് കുട്ടപ്പനെ കെട്ടിയിട്ടിരുന്നിടത്തേയ്ക്ക് നോക്കി. അവിടം ശൂന്യമായിരുന്നു…ചങ്ങല പൊട്ടിച്ചു അവൻ എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു….

കുട്ടപ്പൻ പോയിട്ട് ഇന്നേക്ക് 10 ദിവസമായി. ചടങ്ങുകൾ എല്ലാം കഴിഞ്ഞത് കൊണ്ടും ഒൻപതാം ക്ളാസിലെ പരീക്ഷ അടുത്തിരുന്നത് കൊണ്ടും അനുമോൾ അന്ന് സ്‌കൂളിലേക്ക് പോയി. സ്‌കൂളിലേക്ക് കയറും മുന്നേ അവളാ കാഴ്ച്ച കണ്ടു..ഗേറ്റിന് വെളിയിൽ വാവയെ കാത്തെന്ന പോലെ കിടക്കുന്ന കുട്ടപ്പൻ.!!

ഈ പത്തു ദിവസവും അവനിവിടെ ആയിരുന്നെന്ന് സഹപാഠികളിൽ നിന്നും അവളറിഞ്ഞു. വൈകുന്നേരം പോകുമ്പോൾ അവനെ കൂടെ കൂട്ടാം എന്നോർത്താണ് അവൾ ഇരുന്നത്. പെട്ടെന്ന്..വെളിയിൽ നിന്നും ഒരു ബഹളവും കരച്ചിലും കേട്ടു..എല്ലാവരും അങ്ങോട്ടേക്ക് ഓടി. അനുമോളും ഭയന്ന് പുറത്തേയ്ക്ക് ഓടി.

അവിടെ ഒരാളുടെ കഴുത്തിൽ കടിച്ചു കുടയുകയായിരുന്നു കുട്ടപ്പൻ. ഒത്തിരി പിടഞ്ഞോടുവിൽ അയാൾ നിലത്തേക്ക് വീണു. അനക്കം നിലച്ചതും കുട്ടപ്പൻ അയാളിൽ നിന്നും അകന്ന് മാറി മുരണ്ടുകൊണ്ടിരുന്നു.

അനുമോൾ അയാളെ സൂക്ഷിച്ചു നോക്കി.

“ഫിലിപ്പ് സർ…”

അന്ന് ഉച്ചയ്ക്ക് വാവയുടെ സ്കൂള് വിട്ടത് കൊണ്ട് വാവ ഒറ്റയ്ക്ക് പോകണ്ടല്ലോ എന്നോർത്തു അച്ഛന്റെ കൂട്ടുകാരൻ കൂടിയായ ഫിലിപ്പ് സാറിനൊപ്പം താനാണ് കുഞ്ഞിനെ വിട്ടത്..എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. വാവയെ കണ്ടിട്ടേ ഇല്ലെന്ന എല്ലാരോടും ഇയാൾ പറഞ്ഞത്. പത്തു ദിവസമായി സ്‌കൂളിൽ വരാതെ ലീവിലായിരുന്നു ഇയാളും. അവൾ വേദനയോടെ കുട്ടപ്പനെ നോക്കി.

“ആ പട്ടിയെ കൊല്ലു…” “പേയാണ് പേ…” ആളുകൾ കമ്പും കല്ലും കുറുവടിയുമായി കുട്ടപ്പനടുത്തേയ്ക്ക് പാഞ്ഞടുത്തു.

“ഒന്നും ചെയല്ലേ… എന്റെ കുട്ടപ്പനാ..” നിലവിളിച്ചുകൊണ്ടു അവനടുക്കലേക്ക് പോകാൻ ഭാവിച്ച അവളെ പിന്നിൽ നിന്നും ആരൊക്കെയോ തടുത്തു പിടിച്ചു.

ഉയർന്നു പൊങ്ങുന്ന ആക്രോശങ്ങളും…അന്തരീക്ഷത്തിൽ മുഴങ്ങിയ കുട്ടപ്പന്റെ നിലവിളിയും ചെവിയിൽ മാറ്റൊലി കൊള്ളവേ അനുമോൾ കുഴഞ്ഞു നിലത്തേക്ക് വീണു. കണ്ണുകൾ അടയും മുൻപ് അവൾ കണ്ടത് കുട്ടപ്പന്റെ കണ്ണുകളായിരുന്നു.

ആ കണ്ണുകളിൽ നിറഞ്ഞിരുന്നത് വേദനയായിരുന്നില്ല തന്റെ കടമ താൻ നിറവേറ്റി എന്ന ചാരിതാർത്ഥ്യമായിരുന്നു….