എഴുത്ത് : സനൽ SBT
അമ്മയുടെ അടിവയറ്റിൽ ഞാൻ മുഖം പൊത്തിക്കരയുമ്പോഴും ആശ്വാസത്തിൻ്റെ ഒരു തലോടൽ എൻ്റെ ചുരുൾ മുടിയിൽ എവിടേയോ ഞാൻ പ്രതീക്ഷിച്ചു…പക്ഷേ ഒരിക്കലും അതുണ്ടായില്ല എന്ന് മാത്രമല്ല സർവ്വതിനും തെറ്റുകാരി ഞാൻ മാത്രമാണെന്ന് കുത്തുവാക്കുകൾ എൻ്റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു.
“ഹും എല്ലാം ചെയ്തു കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു ഇപ്പോൾ കിടന്ന് മോങ്ങിയിട്ട് എന്താ കാര്യം…മടിയിൽ നിന്ന് എഴുന്നേൽക്ക് അസത്തെ…”
അമ്മ ഇരുകരങ്ങൾക്കൊണ്ട് തട്ടിമാറ്റിയപ്പോൾ ഞെട്ടറ്റു വീണ ഒരു പാരിജാതം പൊലെ ഞാനമ്മയുടെ കാൽക്കിലേക്ക് ഊർന്നിറങ്ങി.
“അറിഞ്ഞു കൊണ്ട് ഇന്നവരെ ഈ അമ്മയുടെ മോള് ഒരു തെറ്റ് ചെയ്തിട്ടില്ല എന്നെ വിശ്വസിക്കമ്മേ….” അതിനുള്ള മറുപടി അമ്മയുടെ ആ രൂക്ഷമായ നോട്ടത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു. അമ്മ പുറം കാലുകൊണ്ട് എന്നെ തട്ടിമാറ്റിയതും കുഞ്ഞനിയത്തി ലച്ചുമോൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചതും ഒരുമിച്ചായിരുന്നു.
“എന്താ അമ്മേ ഈ കാട്ടണേ മതി ഇനി ചേച്ചിയെ തല്ലി ചതക്കല്ലേ.”
“ഹും ഇവളെ കണ്ടല്ലേ നീയും പഠിക്കണേ ആയിക്കോ അവസാനം രണ്ടും കൂടി എന്നെ തോൽപ്പിക്കാനാണ് ഭാവം എങ്കിൽ ഈ ഭവാനി തോൽക്കും എന്നും വിചാരിക്കണ്ട. ഞാൻ ഈ ഉത്തരത്തിൽ കെട്ടി തൂങ്ങി ആടുന്നത് കണ്ടിട്ടേ നീയൊക്കെ ഈ വീടിൻ്റെ പടിക്ക് പുറത്തേക്ക് ഇറങ്ങൂ.”
“അമ്മേ ഞാൻ….” പറഞ്ഞു തീരും മുൻപേ ലച്ചുമോൾ എന്നെ ചേർത്ത് പിടിച്ചു. അമ്മയുടെ കരങ്ങൾ കൊണ്ട് പ്രഹരമേറ്റ എൻ്റെ കവിൾത്തടം അവൾ തഴുകിത്തലോടി.
“ഇരുപത്തെട്ടാം വയസ്സിൽ കയ്യിൽ രണ്ടു കൊച്ചുങ്ങളേയും തന്ന് നിൻ്റെയൊക്കെ തന്ത എന്ന് പറയണ ആ എമ്പോക്കി മറ്റൊരുത്തിയമായി നാടുവിട്ടപ്പോൾ അന്നു പോലും ഞാൻ ജീവിതത്തിന് മുൻപിൽ തോറ്റ് കൊടുത്തിട്ടില്ല. നല്ലോണം മുണ്ട് മുറുക്കിയുടുത്ത് തന്നെയാടീ നിന്നെയൊക്കെ ഈ നിലയിൽ എത്തിച്ചത്. അന്നും തൊലി വെളുപ്പ് ഇല്ലാഞ്ഞിട്ടോ മറ്റൊരുത്തൻ്റെ കൂടെ കിടക്കാൻ ആരും വിളിക്കാഞ്ഞിട്ടല്ലോ അല്ല ഞാൻ മറ്റൊരു വഴിക്ക് പോകാത്തത്. ഭവാനി ഇന്നേ വരെ അഭിമാനം വിറ്റ് ജീവിച്ചിട്ടില്ല, അത് തന്നെ കാരണം. ഇനി നീയെങ്ങാനും അതിനൊരുമ്പെട്ടു എന്ന് ഞാൻ അറിഞ്ഞാൽ, പിന്നെ നീ മോളാണ് എന്ന ബന്ധം ഞാനങ് മറക്കും ഹും പറഞ്ഞേക്കാം…”
അമ്മയുടെ ആ വാക്കുകൾ അതൊരു ഉറച്ച തീരുമാനം ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം. അച്ഛൻ്റെ മുഖം ഇപ്പോഴും ഒരു നിഴലുപൊലെ മാത്രമേ എനിക്ക് ഓർമ്മയുള്ളൂ…അത്ര ചെറുപ്പത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞതാണ്. ഒരു പക്ഷേ അമ്മയുടെ ഈ സ്വഭാവം കൊണ്ടാണോ അച്ഛൻ ഞങ്ങളെ വിട്ട് പിരിഞ്ഞത് അതോ അച്ഛൻ പോയതോടെയാണോ അമ്മ ഒരു കർക്കശ്ശക്കാരിയായത് എന്ന് പലപ്പോഴും ഉറക്കം വരാത്ത രാത്രികളിൽ എന്നെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
അമ്മയുടെ കോടതി മുറിയിലെ വിചാരണക്ക് ശേഷം നീതി ലഭിക്കാതെ പോയ ഒരു കുറ്റവാളിയെ പൊലെ ഞാൻ യാന്ത്രികമായ് എൻ്റെ റൂമിനകത്തേക്ക് നടന്നു. ഇരുൾ മൂടിയ ഇടനാഴികയിലപ്പോഴും അമ്മയുടെ ഗർജനം അലയടിക്കുന്നുണ്ടായിരുന്നു. ഇടവപ്പാതിയിൽ പെയ്തിറങ്ങിയ തിരുമുറിയാത്ത മഴ പൊലെയുള്ള എൻ്റെ കണ്ണുനീർ തുള്ളികൾ ഞാൻ തലയിണ കൊണ്ട് തടം കെട്ടി. പലപ്പോഴും എൻ്റെ വേദയുടേയും ദുഖത്തിൻ്റെയും ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞ് ഒരു പക്ഷേ ഈ തലയിണ മാത്രമാകാം.
എന്നിരുന്നാലും എവിടെയാണ് എനിക്ക് തെറ്റുപറ്റിയത്…എപ്പോഴാണ് ഞാൻ എന്നെ സ്വയം മറന്നു പോയത് എന്നെനിക്ക് കൃത്യമായ ഓർമ്മയില്ല. സ്വന്തം വീട്ടിൽ നിന്ന് ലഭിക്കാത്ത സ്നേഹവും തലോടലും മറ്റൊരാൾ എനിക്ക് പകുത്തു നൽകിയപ്പോൾ ഞാനറിയാതെ ആ കരസ്പർശത്തിൽ അകപ്പെടുകയായിരുന്നു. സത്യം പറഞ്ഞാൽ പ്രണയത്തിൻ്റെയും വാത്സല്യത്തിൻ്റെ രണ്ടു തലങ്ങൾ ഇന്നും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഇവിടെ ജീവിതം അമ്മയുടെ രൂപത്തിൽ തളർത്തുകയും മറ്റൊരാളുടെ രൂപത്തിൽ തലോടുകയും ചെയ്യുന്നു. പക്ഷേ ഇന്നും ഞാൻ ആഗ്രഹിക്കുന്നത് ആ സ്നേഹസ്വാധനത്തിന് വേണ്ടിയാണ്. മരുഭൂമിയിലെ നേർത്ത കുളിർക്കാറ്റിൻ്റെ സ്പർശനം പൊലെ പല രാത്രികളിലും ആ സ്നേഹം വേണ്ടുവോളം എന്നെ വാരി പുണർന്നിട്ടുണ്ട്. പലപ്പോഴും അവൻ എന്നെ സ്നേഹിക്കുമ്പോൾ ഞാൻ തേൻമാവും അവൻ മുന്തിരിവള്ളിയുമായി മാറുകയായിരുന്നു.
അത്ര വേഗത്തിൽ അവൻ എൻ്റെ ശരീരത്തിൽ പടർന്നു കയറി രക്തം ചൂടുപിടിപ്പിക്കുമ്പോഴും അവന് വേണ്ടി ഞാൻ എൻ്റെ ചില്ലകൾ ചായ്ച്ചു കൊടുത്തു, അതിലവൻ പുതിയൊരു പൂക്കാലം തന്നെ തീർത്തു. അവൻ്റെ ചുടുനിശ്വാസം പോലും എനിക്ക് പുതുമഴയിലെ മണ്ണിൻ സുഗന്ധം പോലാണ് അനുഭവപ്പെട്ടത്. ആ ലഹരിയിൽ ഞാൻ എന്നെ തന്നെ മതി മറന്ന് ആറാടി.
പിന്നീട് പലപ്പോഴും അവൻ മഞ്ഞും ഞാൻ മലയും ആയി മാറി എൻ്റെ ശരീരത്തിൽ ഉടനീളം അവൻ പെയ്തിറങ്ങി എന്നെ കുളിരണിയിച്ചു. പക്ഷേ ആ ഒരു പൂക്കാലത്തിൻ്റെ ബാക്കിപത്രം എൻ്റെ വയറ്റിൽ ഒരു കുഞ്ഞു പൂമൊട്ടായ് പിറവിയെടുക്കും എന്ന് വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.
ഇല്ല, രണ്ടു പേരേയും ഇനിയും എനിക്ക് ചതിക്കാനാവില്ല. അമ്മയുടെ കണ്ണിലെ പ്രതീക്ഷയുടെ നേർത്ത തിരിനാളം ഇന്നും ഞാൻ കണ്ടതാണ് ആ അമ്മയെ ചതിക്കാനാവില്ല. മറുപുറത്ത് എൻ്റെ കഴുത്തിൽ താലി ചാർത്തുന്ന ആ സുന്ദര നിമിഷത്തിന് വേണ്ടി ഇക്കാലമെത്രയും കാത്തിരുന്ന എൻ്റെ പ്രിയതമനേയും എനിക്ക് ചതിക്കാനാവില്ല. ഇരുവരുടേയും സ്നേഹം എടുത്ത് വെച്ച് തുലാഭാരത്തിലിട്ട് തൂക്കാനും ആ തട്ടിൻ്റെ ഭാരം നോക്കി സ്നേഹത്തെ തരം തിരിക്കാനും എനിക്ക് കഴിവില്ല. അപ്പോൾ പിന്നെ ഇതു തന്നെയാണ് എൻ്റെ തീരുമാനം. ഈ തീരുമാനത്തിന് മാറ്റമില്ല, ഇതൊരു ഉറച്ച തീരുമാനം തന്നെയാണ്.
ഞാനെൻ്റെ മനസ്സിനെയും ശരീരത്തേയും അതിനായ് സജ്ജമാക്കിക്കഴിഞ്ഞു. ഞാൻ ഇക്കാലമെത്രയും കെട്ടിപ്പൊക്കിയ എൻ്റെ സ്വപ്നങ്ങൾക്ക് ഹിമവാൻ്റെ തലയെടുപ്പിനേക്കാൾ പൊക്കം ഉണ്ടായിരുന്നു. പക്ഷേ ജീവിതത്തിൽ ഒരൊറ്റ നിമിഷം മതി നന്മുടെ ചില സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പൊലെ തകർന്നടിയാൻ എന്ന് ഞാനിന്ന് തിരിച്ചറിയുന്നു. എൻ്റെ സ്വപ്നങ്ങൾ എൻ്റെ മാത്രം നഷ്ട്ടങ്ങളാണ് അതും ഞാനിന്ന് തിരിച്ചറിയുന്നു.
കഴിഞ്ഞു പോയ രാത്രികളിളെല്ലാം നിദ്രാദേവി എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല, ഇനി ഉറങ്ങണം മനസ്സും ശരീരവും ഈശ്വരനിലേക്ക് അർപ്പിച്ച് ഒരിക്കലും ഉണരാത്ത ഒരു ഉറക്കം. എൻ്റെ പ്രാണൻ്റെ പാതിയേക്കും എൻ്റെ ജീവൻ്റെ പാതിയേക്കും ഞാനിന്ന് എൻ്റെ ഓർമ്മകളിൽ നിന്ന് മായ്ച്ചുകളയുകയാണ്.
ടേബിളിൻ്റെ വലിപ്പിൽ നിന്നും ഉറക്കഗുളികയുടെ ബോട്ടിൽ തപ്പിയെടുത്തപ്പോഴും എൻ്റെ കൈ വിറയ്ക്കുമെന്ന് ഞാൻ കരുതി, പക്ഷേ അതുണ്ടായില്ല. ഞാൻ സംഭരിച്ച ധൈര്യം ഒട്ടും ചോർന്നു പോയിട്ടില്ല എന്ന് സാരം. ഒരു പിടി ഗുളിക കൈക്കുമ്പിളിൽ വാരിയെടുത്ത് ഞാൻ വെള്ളം തോടാതെ അത് വിഴുങ്ങി.
അല്പസമയത്തിന് ശേഷം എൻ്റെ കണ്ണുകൾ കൂമ്പിയാൻ വെമ്പുന്ന പൊലെ എനിക്ക് തോന്നി. എല്ലാ ഓർമ്മകളും എന്നിൽ നിന്നും കൂട് വിട്ട് ചിറകടിച്ച് പായുന്ന വെള്ളരിപ്രാവുകൾ പൊലെ ആകാശത്തോളം ഉയരത്തേക്ക് പറന്നുയർന്നു.
അപ്പോഴും എൻ്റെ കൺകോണിലെവിടേയോ അവൻ്റെ മുഖം ഒരു ഛായാചിത്രം പോലെ മിന്നിമറയുന്നുണ്ടായിരുന്നു….