എഴുത്ത് : മഹാ ദേവൻ
ജീവിതം മടുത്തപ്പോൾ ആയിരുന്നു മരിക്കാൻ തീരുമാനിച്ചത്. ഫാനിലിട്ട കുരുക്കിലേക്ക് കുറച്ചു നേരം നോക്കി നിന്നു അവൾ. തന്റെ മരണം കൊണ്ട് എല്ലാം ശരിയാകുമെങ്കിൽ അതാണ് നല്ലതെന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഈ ലോകത്തോട് താൻ വിട പറയും, ആർക്കും വേണ്ടാത്തൊരു ജീവൻ. അത് ഈ ഭൂമിക്കൊരു ഭാരമാണ്. ഇത്ര നാൾ മോഹിപ്പിച്ചു കൂടെ നടന്നവന് പോലും താനിപ്പോൾ അധികപ്പറ്റാണ്…കൂടെ ഇറങ്ങിചെല്ലണമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി.
പക്ഷേ, വരുമ്പോൾ കൊണ്ടു വന്ന ബാഗിൽ പണമുള്ള വീട്ടിലെ പെണ്ണിനെ സ്നേഹിക്കുമ്പോൾ പ്രതീക്ഷിച്ച പണത്തൂക്കം ഇല്ലെന്ന് കണ്ടപ്പോൾ, ഒന്നും എടുത്തു വരാത്ത മണ്ടിയായ നിന്നെ കെട്ടിയിട്ട് ഏങ്ങിവലിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാനല്ല ഞാൻ ഇതൊക്കെ ചെയ്തത്, നിന്നേ പ്രേമിക്കുമ്പോൾ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. അതൊക്ക തച്ചുടച്ചിട്ടു വെറുതെ കയ്യും വീശി വന്ന നിന്നെ എനിക്കെന്തിനാ, വിറ്റാൽ പോലും കാശു മുതലാക്കാൻ പറ്റാത്ത ഒരു തീപ്പെട്ടികൊള്ളി…എന്ന് പരുഷമായി പറഞ്ഞവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയപ്പോൾ ആണ് മനസ്സിലായത് “അവൻ സ്നേഹിച്ചത് എന്നെ അല്ല, തന്റെ പണത്തെ ആയിരുന്നു” എന്ന്.
വീട്ടുകാരുടെ മുഖത്തു കരി വാരിത്തേച്ച് ഇറങ്ങിവന്നിട്ട് ഇനി അങ്ങോട്ട് കേറി ചെന്നാൽ…? അത് ശരിയാകില്ലെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം.
വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ചാണ് ഇറങ്ങി വന്നത് ഒരുത്തന്റെ വാക്ക് കേട്ട്….പക്ഷേ, ഇപ്പോൾ പെരുവഴിയിലാണ്. അതുകൊണ്ട് ഈ ജീവിതം ഇനി വേണ്ടെന്ന തീരുമാനം എടുത്തു തന്നേ ആണ് ഒരു ഇന്റർവ്യൂന്റെ പേരും പറഞ്ഞ് ലോഡ്ജിൽ ഒരു റൂം എടുത്തത്.
നാളെ ഈ ലോകത്തു താൻ ഉണ്ടാകില്ല. മുകളിൽ കെട്ടിയ കുരികിലേക്ക് ഒന്ന് കൂടി നോക്കി. അപ്പോഴാണ് കയ്യിലിരുന്ന മൊബൈൽ ഓഫ് ചെയ്ത കാര്യം ഓർത്തത്. വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം വൈകുമ്പോൾ അവർ വിളിക്കുമ്പോൾ കിട്ടാതിരിക്കാൻ ഓഫ് ചെയ്തതായിരുന്നു. ഇപ്പോൾ എല്ലാർക്കും മനസ്സിലായിട്ടുണ്ടാകും താൻ അവന്റ കൂടി ഒളിച്ചോടിയെന്ന്…
പക്ഷേ, അവളിപ്പോ മരണത്തിന്റെ മുന്നിലാണെന്ന് ആരറിയാൻ…സ്നേഹിച്ചവൻ നോക്കിയത് പാണത്തൂക്കം ആയിരുന്നു എന്ന് ആരോട് പറയാൻ…കുറ്റപ്പെടുത്തലുകൾ മാത്രമായിരിക്കും പിന്നീട് അങ്ങോട്ട്…
എന്തായാലും ഇനി ഫോൺ ഓൺ ചെയ്യാം…താൻ എവിടെയെങ്കിലും ഉണ്ടെന്ന് അവർ വിചാരിക്കട്ടെ. അവൾ പതിയെ ഫോൺ ഓൺ ചെയ്തതും അത് റിങ് ചെയ്തതും ഒരുമിച്ചായിടുന്നു.
അമ്മ കാളിങ്….
ആദ്യമൊന്ന് സംശയിച്ചു. എടുക്കണോ എന്ന്….പിന്നെ തോന്നി എടുക്കാം. പോകുന്നതിനു മുന്നേ അമ്മയോട് മാപ്പ് പറയാം…അപ്പൊ സമാധാനത്തോടെ മരിക്കാമല്ലോ….?
ആ ചിന്തയിൽ ഫോൺ അറ്റന്റ് ചെയ്തപ്പോൾ തന്നെ മറുതലക്കൽ നിന്ന് അമ്മയുടെ സംസാരം കേട്ടു, “മോളെ നീ ഇത് എവിടെയാ….?” അവൾക്കറിയില്ലായിരുന്നു എന്ത് പറയണം എന്ന്. സംഭവിച്ച കാര്യങ്ങൾ പറയണോ…വേണ്ട…അത് തന്റെ മരണശേഷം അറിഞ്ഞാൽ മതി എല്ലാവരും…അവളുടെ മൗനം കണ്ടാകണം അപ്പുറത്ത് നിന്നും സംസാരം തുടരുന്നുണ്ടായിരുന്നു.
മോളെ…അമ്മയോട് മോള് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. അച്ഛൻ മരിച്ചതിനു ശേഷം അമ്മ വേറെ ഒരു വിവാഹം പോലും കഴിക്കാതിരുന്നത് ന്റെ മോൾക്ക് വേണ്ടിയായിരുന്നു. ആ മോളിപ്പോൾ വേറെ ഒരാൾക്ക് വേണ്ടി…എന്തായാലും കഴിഞ്ഞത് കഴിഞ്ഞില്ലേ…ഇപ്പോൾ ആരും ഒന്നും അറിഞ്ഞിട്ടില്ല. അതുകൊണ്ട് അവനെയും കൂട്ടി മോള് ഇങ്ങോട്ട് വാ…അമ്മക്ക് ഒരു ദേഷ്യവും ഇല്ല…മോൾക്ക് അവനെ അത്ര ഇഷ്ട്ടമാണെങ്കിൽ അമ്മ നടത്തിത്തരാം ആ കല്യാണം…എനിക്കെന്റെ മോളുടെ ജീവിതം തന്നെയാണ് വലുത്. അതിൽ കെട്ടുന്നവന്റ് വലുപ്പചെറുപ്പം ഒന്നും എനിക്ക് അറിയണ്ട…നിക്ക് ന്റെ മോള് എന്നും കൂടെ ഉണ്ടായാൽ മതി…അമ്മേടെ മോള് അമ്മ വിളിച്ചാൽ വരുമെന്ന് അറിയാം. അതുകൊണ്ട് ഞാൻ വെക്കാണ്. നാളെ വരണം രണ്ടു പേരും…അമ്മ കാത്തിരിക്കും.
അത്രയും പറഞ്ഞു ഫോൺ കട്ട് ആക്കുമ്പോൾ അവൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ആ അമ്മ കാത്തിരിക്കുന്നു. ഇപ്പോഴും പറയുന്നു മോള് അമ്മ വിളിച്ചാൽ വരുമെന്ന് അറിയാമെന്ന്…ആ അമ്മയെ ആണ് താൻ ഒരു നിമിഷം മറന്നുപോയത്. വിശ്വസിക്കാൻ കൊള്ളാത്ത ഒരുത്തനു വേണ്ടി…ഇപ്പോഴും മോള് കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന അമ്മോയോട് ചെയ്തതോർക്കുമ്പോൾ…
പാടിലായിരുന്നു…തെറ്റ് പറ്റിപ്പോയി…പക്ഷേ ഇനിയും ആ തെറ്റ് ആവർത്തിച്ചു കൂടെന്നു തോന്നി അവൾക്ക്…തന്നെ കാത്തിരിക്കുന്ന അമ്മക്ക് മുന്നിൽ ചെല്ലണം…വരുമെന്ന അമ്മയുടെ ആ പ്രതീക്ഷ കൂടി ഇനി തെറ്റിക്കാൻ പാടില്ല. അത് ഈ ചെയ്തതിനേക്കാൾ ക്രൂരമാകും. അതുകൊണ്ട് അമ്മക്കരികിൽ എത്തണം, എല്ലാം തുറന്ന് പറഞ്ഞ് മാപ്പ് ചോദിക്കണം.
സ്നേഹിച്ചു വഞ്ചിച്ചവന്റെ പേരിൽ കെട്ടിയ കുരുക്കിൽ കേറിയാൽ, ആ മരണം കൊണ്ട് നഷ്ടമാകുന്നത് അമ്മയുടെ സ്നേഹം ആണ്. പിന്നെ മറുത്തൊന്നും ചിന്തിക്കാതെ അവൾ ആ കുരുക്കഴിച്ചു എന്നിട്ട് പുറത്തു നിന്ന് വാങ്ങിയ ആ സാരി നന്നായി പാക് ചെയ്തു.
ഒരുത്തനു വേണ്ടി നഷ്ടപ്പെടുത്താൻ പോയ ജീവിതത്തിൽ നിന്നും തിരികെ വരുമ്പോൾ ശേഷിക്കുന്ന ഒരു ഓർമ്മയുടെ ബാക്കിയെ അമ്മക്ക് മുന്നിൽ വെച്ച് അഗ്നിക്കിരയാക്കാൻ വേണ്ടി…