രചന: സനൽ SBT
“ഡോ അങ്ങോട്ട് നീങ്ങി നിന്നെ. താൻ നേരം കുറെ ആയല്ലോ ഈ പണി തുടങ്ങിയിട്ട്.”
“ബസ്സ് ബ്രേക്ക് ഇട്ടപ്പോൾ ഒന്ന് അറിയാതെ തട്ടി പോയതാ പെങ്ങളെ…” “അറിയാതെ ഒന്നും അല്ല കുറച്ച് നേരമായി താൻ ഇത് തുടങ്ങിയിട്ട് ഞാൻ എന്താ അങ്ങ് സുഖിച്ച് നിക്കുവാണെന്ന് താൻ വിചാരിച്ചോ…?”
“ഹോ മുട്ടിയുരുമ്മി നിൽക്കാൻ പറ്റിയ ഒരു മൊതല്.” “എന്താടോ എന്നെ മുട്ടിയുരുമ്മി നിന്നാൽ തൻ്റെ ഒന്നും പൊങ്ങൂലെ…”
പതിവില്ലാതെ ഞാൻ സ്ഥിരം പോകുന്ന ബസിലെ ബഹളം കേട്ട് കാര്യം എന്താന്ന് കണ്ടക്ടറോട് തിരക്കി. “എന്താ ചേട്ടാ അവിടൊരു ബഹളം..?” “ഹോ അതാരോ ആ കൊച്ചിനെ മുട്ടിയുരുമ്മി നിന്നതാണ് പ്രശ്നം.” “ആഹാ ഇപ്പോഴും ബസ്സില് ഇത്തരം കലാപരിപാടികൾ ഒക്കെ നടക്കുന്നുണ്ടോ…?” ഞാൻ ആള് ആരാന്ന് അറിയാൻ ഒരൽപം ഫ്രണ്ടിലേക്ക് കയറി നിന്നു.
“ആഹാ അപ്പോ മോള് കുറച്ച് നേരമായി ഇതൊക്കെ അറിയുന്നുണ്ട്. എന്നിട്ട് ഇപ്പോഴാണോ പ്രതികരിക്കുന്നത് എന്താ മോളെ സുഖം കുറഞ്ഞത് പോയോ…?” അയാൾ ഒരു വഷളൻ ചിരിയോടെ ചോദിച്ചു.
“ഡോ താൻ ആദ്യം അട്ടത്ത് ചിലക്കുന്ന പല്ലിയുടെ വാലിൻ്റെ ബലം തൻ്റെ പുരുഷത്വത്തിന് ഉണ്ട് എന്ന് സ്വന്തം ഭാര്യക്ക് തെളിയിപ്പിച്ച് കൊടുക്ക് എന്നിട്ട് മതി നാട്ടുകാരെ സുഖിപ്പിക്കാൻ ഇറങ്ങുന്നത്.”
സിനിമാ സ്റ്റൈലിൽ ഉള്ള ഡയലോഗ് കേട്ടപ്പോൾ തന്നെ ബസ്സിലുള്ളവർ എല്ലാവരും ഒന്ന് ഞെട്ടി. കൂടെ ഞാനും എന്തായാലും ഒരു കാര്യം ഉറപ്പാണ് കൊച്ച് ചില്ലറക്കാരി അല്ല. പ്രതികരിക്കൂ സഹോദരാ പ്രതികരിക്കൂ ആ പുഷ്പൻ്റെ കരണം നോക്കി ഒന്ന് പൊട്ടിക്കൂ എന്ന് എൻ്റെ മനസ്സ് എന്നോട് തന്നെ ഒരായിരം പ്രാവശ്യം പറയുന്നുണ്ട്. പക്ഷേ അതിനുള്ള ധൈര്യം എനിക്കില്ല എന്നതാണ് സത്യം. ഏതായാലും കൂടുതൽ ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ കൊടുക്കേണ്ട അടി അവൾ തന്നെ കൊടുക്കും എന്ന് അയാൾക്ക് തോന്നിയതുകൊണ്ടാവും മറുപടി ഒന്നും പറയാതെ കക്ഷി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപ്പോയത്. ബസ്സിലുള്ള എല്ലാവരും നന്മുടെ നായികയെ തന്നെ അങ്ങിനെ നോക്കി നിൽക്കുവാണ്. കൂട്ടത്തില് ഞാനും…എന്നിട്ട് കിട്ടിയ സീറ്റിൽ കയറിയിരിക്കുമ്പോഴും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടത്തിരുന്നു.
“ഡോ താൻ ഇവിടെ ഇരുന്നോ…?” വീണ്ടും അവളുടെ ഡയലോഗ് കേട്ടപ്പോൾ ഞാൻ ഒന്ന് പകച്ചു പോയി. ങ്ങേ ഇതെന്താ ഇനി എന്നോട് തന്നെയാണോ എന്ന് ഞാൻ ചിന്തിച്ച് നിന്നു.
“തനിക്ക് എന്താ ഇരിക്കുന്ന സ്ഥലത്ത് വല്ല അസൂഖവും ഉണ്ടോ…?” “ഹേയ് ഇല്ല.” ഞാൻ മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്തി അവളുടെ സീറ്റിൻ്റെ ഒരറ്റത്ത് ബാഗും മടിയിൽ വെച്ച് കൊണ്ട് ചൂളിപ്പിടിച്ചിരുന്നു. “അതെ എനിക്ക് കുഷ്ഠം ഒന്നും ഇല്ല. ഇങ്ങോട്ട് കയറി ഇരിക്കാം. സീറ്റിൻ്റെ അറ്റത്തിരുന്നു ഇനി താഴെ വീണ് പോകും.”
എൻ്റെ ദൈവമേ ഇത് കുരിശ്ശാവുമോ…? എന്ത് ചെയ്താലും കലിപ്പാണല്ലോ…? പിന്നെ ഞാൻ ഒന്നും നോക്കിയില്ല നെഞ്ചും വിരിച്ച് സീറ്റിൽ അമർന്നിരുന്നു. “അതെ പേടിക്കണ്ട ഇത് ലേഡീസ് സീറ്റ് അല്ല. അതുകൊണ്ട് ആരും എഴുന്നേൽപ്പിക്കില്ല.” “അല്ല ഞാൻ നേരത്തെ ആ പ്രശ്ന കണ്ടതുകൊണ്ടാണ് ഒന്ന് ഇരിക്കാൻ മടിച്ചത് വെറെ ഒന്നും അല്ല.”
“ഹാ എന്ത് പറയാനാ രാവിലെ തന്നെ ഇറങ്ങിക്കോളും അങ്ങിനെ കുറെയണ്ണം. ഇനിയും ഇതു പൊലുള്ള ആരെങ്കിലും ഇവിടെ വന്ന് ചാടിക്കയറി ഇരിക്കണ്ട എന്ന് വിചാരിച്ചിട്ടാണ് തന്നോട് കയറി ഇരിക്കാൻ പറഞ്ഞത്.” “ഓഹോ അപ്പോ എന്നെ അത്രയ്ക്കും വിശ്വാസം ആയോ…?”
“അതെല്ലെടോ ഈ പാൽക്കുപ്പികളെ കണ്ടാൽ എനിക്ക് പെട്ടെന്ന് തിരിച്ചറിയാം.” ഹോ നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് ആകെയുള്ള സമ്പാദ്യമായ കട്ടത്താടി ഷേവ് ചെയ്ത് കളഞ്ഞത്. അതിൽ ഇപ്പോൾ ചെറിയ ഒരു വിഷമം എനിക്ക് തോന്നി എന്നാലും ഞാൻ അത് പുറത്ത് കാണിച്ചില്ല. “കുട്ടി ഈ ഹെലൻ ഓഫ് സ്പാർട്ടയുടെ ആരെങ്കിലും ആണോ…?”എൻ്റെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം കേട്ടിട്ട് ആവണം അവൾ പൊട്ടിച്ചിരിച്ചത്. “എന്താ അങ്ങിനെ ചോദിച്ചത്…?”
“അല്ല ഇത്തരം ഡയലോഗും പ്രതികരണ ശേഷിയും ഞാൻ ഹെലൻ ഓഫ് സ്പാർട്ടയിൽ മാത്രമേ കണ്ടിട്ടുള്ളൂ അതാ ചോദിച്ചത്.” “ഒരു പെൺകുട്ടിക്ക് ആദ്യം വേണ്ടത് പ്രതികരണ ശേഷിയാണ്. താൻ കേട്ടിട്ടില്ലേ പഴമക്കാർ പറയുന്നത് രണ്ട് തല്ലിനേക്കാൾ ഗുണം ചെയ്യും നാല് വാക്ക് എന്ന്.” “ഹാ ഒരു കണക്കിന് അതും ശരിയാണ്.” ഞാൻ തലയാട്ടി.
“അല്ല ഇയാൾ എണ്ടോട്ടാ…” “എറണാകുളത്തേക്കാണ്. ഞാൻ അവിടാ വർക്ക് ചെയ്യണേ എല്ലാ വീക്കെൻ്റിലും വീട്ടിലേക്ക് വരും എന്നിട്ട് ഇതുപോലെ തിങ്കളാഴ്ച പോകും.” “ആഹാ ബാക്കിയുള്ള ദിവസം അവിടെയാണോ താമസം…?” “അതെ ഫ്രണ്ട്സിൻ്റെ കൂടെ….” “എവിടാ വർക്ക് ചെയ്യണേ…?” “ഇരുമ്പനത്തുള്ള BPCL ൽ എഞ്ചിനീയർ ആണ്.” “അപ്പോ ലൈഫ് സെറ്റാണ് അല്ലേ. ഞാനും അതിനുള്ള പരക്കം പാച്ചലിൽ ആണ്. ഇന്ന് ഒരു ഇൻ്റർവ്യൂ ഉണ്ട് വൈറ്റിലയിൽ അതിന് വേണ്ടി പോകുവാ…” “ആഹാ അപ്പോ ഓൾ ദ ബെസ്റ്റ്.”
“ഹോ എന്ത് ഓൾ ദ ബെസ്റ്റ്, ഇതൊക്കെ ഒരു പാട് കണ്ടതാണ് കുറെ സ്ഥലത്ത് ജോലിയും കിട്ടിയതാ എന്ത് ചെയ്യാൻ 6 മാസത്തിൽ കൂടുതൽ എവിടെയും നിൽക്കില്ല അതാ പ്രശ്നം” “ങ്ങേ അതെന്ത് പറ്റി.” “ദേ ഇപ്പം കണ്ടില്ലേ അത് തന്നെ പ്രശ്നം പ്രതികരണ ശേഷി അല്പം കൂടിപ്പോയി അതു കൊണ്ട് ഒരിടിത്തും പിടിച്ച് നിൽക്കാൻ പറ്റിയില്ല.” “അതു കൊള്ളാലോ.” “ഉം…എൻ്റെ വിധി അല്ലാതെ എന്ത് പറയാൻ…ഡോ ഞാനൊന്ന് മയങ്ങട്ടെ, രാവിലെ നേരത്തെ എണീറ്റതുകൊണ്ടാണ് എന്ന് തോന്നുന്നു മാത്രല്ല കാറ്റടിച്ചാൽ എനിക്ക് അപ്പം ഉറക്കം വരും സ്റ്റോപ്പ് എത്തിയാൽ ഒന്ന് വിളിച്ചേക്കണേ…” “അതിനെന്താ ഞാൻ വിളിക്കാം.” അവൾ പീലി കണ്ണുകൾ പതിയെ അടച്ച് സീറ്റിലേക്ക് ചാഞ്ഞു.
ഇളം കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അല്പം എൻ്റെ മുഖത്തേക്കും അലയടിക്കാൻ തുടങ്ങി. തല്ല കാച്ചിയ വെളിച്ചെണ്ണയുടെ നറുമണം എൻ്റെ നാസികയിലേക്ക് തുളച്ച് കയറി. പിൻ സീറ്റിലേക്ക് ചാഞ്ഞ് ഞാനും പതിയെ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു. ഒരൽപസമയത്തിന് ശേഷം അവൾക്ക് എന്തോ ഒരു അസ്വസ്ഥത തോന്നിയപ്പോഴാണ് ഞാൻ കാരണം തിരക്കിയത്. “എന്ത് പറ്റി എന്തോ ഒരു വല്ലായ്ക പോലെ…” “അത് എനിക്ക് എടോ ഛർദ്ദിക്കാൻ വരുന്നു.”
“ങ്ങേ ഛർദ്ദിക്കാനോ….” “ങ്ങാ അതെ…” “അവൾ ബസിൻ്റെ വിൻ്റോയിലൂടെ ഛർദ്ദിക്കാൻ ഒരു ശ്രമം നടത്തി.” “അതിലൂടെ ഒന്നും ഛർദിക്കല്ലേ പുറകിലെ സീറ്റിൽ ഇരിക്കുന്ന എല്ലാവരുടേയും ദേഹത്ത് ആവും. നിക്ക് ഞാൻ നോക്കട്ടെ ബസ്സിൽ കിറ്റ് കാണും.”
കവർ എടുക്കാൻ ഞാൻ മടിയിൽ നിന്ന് ബാഗ് മാറ്റി എഴുന്നേക്കാൻ ശ്രമിച്ചതും കോർപ്പറേഷൻ പൈപ്പ് തുറന്ന് വെള്ളം വരുന്ന പൊലെ ആകെ മൊത്തം എൻ്റെ മടിയിലേക്ക് അവള് നല്ല അന്തസ്സായി വാളു വെച്ചു. അതും ചെറുതൊന്നും അല്ല ഒരു ഒന്നൊന്നര വാള് . സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റ് മടിയിലുള്ളത് ഞാൻ താഴത്തേക്ക് കുടഞ്ഞ് ഇട്ടു ഹോ വല്ലാത്ത ഒരു ചൂടും. വളരെ ദയനീയമായി ഞാൻ അവളെ ഒന്ന് നോക്കി. “അയ്യോ സോറി ട്ടോ ഞാൻ മാക്സിമം പിടിച്ച് വെയ്ക്കാൻ നോക്കി പക്ഷേ കയ്യീന്ന് പോയി. ഇവിടെ ഇരിക്ക് ഞാൻ തുടച്ച് തരാം.”
അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ എനിക്ക് തന്നെ പാവം തോന്നി അതു കൊണ്ട് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. “ഉം. സാരല്ല ഞാൻ തുടച്ചോളാം.” ബാഗിൽ ഉണ്ടായിരുന്ന ഒരു ഷർട്ട് എടുത്ത് ഞാൻ പാൻ്റിൽ ഉള്ള ഛർദ്ദിൽ തുടയ്ക്കുമ്പോഴാണ് കണ്ടക്ടർ അത് വഴി വന്നത്. “എന്ത് പറ്റി ബാഗിൽ നിന്ന് പായസം തൂവിപ്പോയോ…?” “ആ അതെ കുഞ്ഞമ്മേടെ മോൻ്റെ ഇരുപത്തെട്ട് ആയിന്നെ…അതിൻ്റെ ബാക്കി പായസം കുറച്ച് ബാഗിൽ വെച്ചിരുന്നു. അത് തട്ടിപ്പോയതാ….” എൻ്റെ മറുപടി കേട്ടപ്പോൾ പിന്നെ അയാൾ അവിടെ നിന്നില്ല വേഗം സ്ഥലം വിട്ടു. “എടോ താൻ രാവിലെ ഇന്ന് എന്താ കഴിച്ചേ….?” “ഇടിയപ്പവും സ്റ്റുവും…”
“ആ ചുമ്മാതല്ല അങ്ങേര് പായസം ആണെന്ന് വിചാരിച്ചത്. ശരിക്കും സേമിയ പായസം പോലുണ്ട്.” അവളുടെ മുഖത്തേക്ക് നോക്കി ഞാനൊന്നു ചിരിച്ചു കൂടെ അവളും. ഒരു വിധത്തിൽ പാതി വൃത്തിയാക്കി ബസ്സിൽ നിന്ന് ഇറക്കി വൈറ്റില സ്റ്റാൻ്റിൽ ബാഗും മറിച്ച് പിടിച്ച് ഞാൻ നിന്നു. അപ്പോഴേക്കും ഒരു ബോട്ടിൽ വെള്ളവുമായി അവൾ ഓടിയെത്തി. ഒരു വിധത്തിൽ വീണ്ടും ഛർദ്ദിൽ എല്ലാം ഞാൻ കഴുകി വൃത്തിയാക്കി അവളോട് യാത്ര പറഞ്ഞ് തിരിഞ്ഞ് നടന്നു. രണ്ട് സ്റ്റെപ്പ് മുന്നോട്ട് വെച്ചപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് യ്യോ പേര് ചോദിച്ചില്ല.
“ഡോ കാന്താരീ എന്താ നിൻ്റെ പേര്…?” “താൻ ഇപ്പോ എന്താ എന്നെ വിളിച്ചേ…” “കാന്താരീന്ന്….”
“എന്താൽ ഇനി പേര് അങ്ങനെ തന്നെയാന്ന് വെച്ചോ. അതെ എനിക്ക് ഈ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്ക്. എന്നാൽ ഞാൻ ഇവിടെയൊക്കെ തന്നെ കാണും അപ്പോൾ അടുത്ത തവണ കാണുമ്പോൾ പേര് പറയാം.”
“ഓഹോ അങ്ങിനെയാണോ സാരല്ല ഞാൻ കണ്ടു പിടിച്ചോളാം.” “അത്ര പെട്ടെന്നൊന്നും എന്നെ കണ്ടു പിടിക്കാൻ പറ്റില്ല മാഷേ….” അവളും തിരിഞ്ഞ് നടന്നു. അങ്ങിനെ കാലം കുറച്ച് കടന്നു പോയി. യാദൃഛികമായി ഞാൻ വീണ്ടും മറൈൻഡ്രൈവിൽ വെച്ച് അവളെ കണ്ടുമുട്ടി. പിന്നെ അതൊരു സ്ഥിരം കൂടിക്കാഴ്ചയായിമാറി.
അവസാനം വൈദ്യൻ കൽപ്പിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞ പോലെ ഒരു ഒരു ജൂൺ മാസത്തില് അതും പെരുമഴക്കാലത്ത് ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി. വിവാഹം കഴിഞ്ഞ് കറക്ട് രണ്ടു മാസം ആയപ്പോഴേക്കും അവൾ ഒന്നുകൂടി വാള് വെച്ചു. നേരത്തെ പറഞ്ഞ പോലെ ഒരു ഒന്നൊന്നു വാള്…പക്ഷേ ഇപ്രാവശ്യം വാള് വെച്ചത് എൻ്റെ മടിയിൽ അല്ല വീടിൻ്റെ നടുത്തളത്തിൽ ആരുന്നു എന്ന് മാത്രം….