എന്നാ ടീച്ചരറെനിക്ക് ഒരുമ്മ തരുവോ….ഇവരുടെയൊക്കെ മുന്നിൽ വച്ച്…? അവന്റെ ചോദ്യം കേട്ടു എന്റേതടക്കം മൂന്നുനാലു ക്ലാസ്സുകൾ ഒരേസമയം നിശ്ചലമായി.
അത്രക്ക് ഉയർന്നിരുന്നു അവന്റെ ശബ്ദം. ആ വാക്കുകളിൽ വാശിയുണ്ടായിരുന്നു. കണ്ണുകളിൽ എന്തിനെന്ന് മനസ്സിലാവാത്ത വന്യത. എന്റെ ശബ്ദം തൊണ്ടയിലുറഞ്ഞുപോയി. നെഞ്ച് കിടുകിടുത്തു. അവന്റെ ചോദ്യം…അതെന്റെ ബോധമണ്ഡലത്തിൽ വല്ലാതെ മുഴങ്ങാൻ തുടങ്ങി.
ടീച്ചർ വേഷം അണിഞ്ഞിട്ടു ഒരു വർഷം തികയുന്നതിന് മുൻപേ ഇങ്ങനെയൊരു പരീക്ഷണം. അവൻ വെല്ലുവിളിക്കുകയാണ്. എന്തുചെയ്യണം…?
സ്ഥിരമായി പരീക്ഷക്ക് തോൽക്കുന്ന അവനെ ജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദിവസവും ഓരോ മണിക്കൂർ സ്കൂളിൽ ഇരുത്തി ഞാനവനെ പഠിപ്പിക്കുകയായിരുന്നു. അനുഭവപരിജ്ഞാനമില്ലായ്മയോ ചെറുപ്പത്തിന്റെ ചോരത്തിളപ്പൊ അറിയില്ല എല്ലാം എത്ര എളുപ്പം എന്നൊരു ചിന്താഗതി ആയിരുന്നു. പക്ഷെ ഇന്ന് പേപ്പർ വന്നപ്പോൾ അവൻ വീണ്ടും തോറ്റു. മനപൂർവം തോൽക്കാൻ എന്നപോലെ എഴുത്തിയിരുന്ന ഉത്തരങ്ങൾ എന്റെ സംയമനം നഷ്ടപ്പെടുത്തി. അതിന്റെ പുറത്താണ് നീയൊന്നു ജയിച്ചുകാണാൻ ഞാനെന്തു ചെയ്യണം എന്ന് ചെറിയ പരിഹാസത്തോടെ ഞാനവനോട് ചോദിച്ചത്. അതിനവൻ ഇത്തരമൊരു മറുപടി തരുമെന്ന് പ്രതീക്ഷിച്ചതെ ഇല്ല.
എന്തു ചെയ്യണം പറയണം എന്നറിയാത്ത അവസ്ഥ. തൊലിയുരിഞ്ഞു പോകുന്ന പോലെ. പറ്റോ ടീച്ചറെ….അവൻ നിർത്താൻ ഭാവമില്ല. എങ്ങനെയോ മനഃസാന്നിധ്യം വീണ്ടെടുത്തു ഞാൻ ക്ലാസ്സിലേക്ക് നോക്കി. ബാക്കി എല്ലാവരും ശ്വാസം പിടിച്ചിരിപ്പാണ്. എന്റെ മനസ്സിൽ സഭ്യതയും ആദർശവും തമ്മിൽ പിടിവലി തുടങ്ങി. ഒടുവിൽ ഞാനവന്റെ അടുത്തുചെന്ന് കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി.
പറ്റുമെങ്കിൽ…?
അവൻ ഒന്നു പതറി. ഞാൻ തുടർന്നു….എങ്കിൽ നീ ജയിക്കുമോ…ഉറപ്പുണ്ടോ നിനക്ക്…അപ്പോഴെനിക്ക് വാശി പിടിച്ചൊരു കുട്ടിയുടെ ഭാവമായിരുന്നു. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ബാലിശമായ ഒരു ഭാവം. അവന്റെ മുഖത്തേക്ക് അത് പടരുന്നത് കണ്ടപ്പോൾ വീണ്ടും ഞാൻ ദുർബലയായി. ഉള്ളിന്റെയുള്ളിൽ പക്വതയെത്താത്ത ഞാൻ ഒളിപ്പിച്ചുവച്ച ആ ചെറിയ പെണ്കുട്ടി അവൻ മറുത്തൊരു വാക്ക് പോലും പറയരുത് എന്നു പ്രാർത്ഥിച്ചിരുന്നു.
പക്ഷെ അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു സമ്മതം. ജയിക്കും ഞാൻ. ടീച്ചറു നോക്കിക്കോ…
അന്ന് വീട്ടിലേക്ക് പുകയുന്ന മനസ്സുമായി കയറിച്ചെന്നു. വാതിലടച്ചു ഒരുപാട് കരഞ്ഞു. എന്റെ വിദ്യാർത്ഥി…ഗുരുവല്ലേ ഞാൻ…എന്തുകൊണ്ടോ എനിക്ക് എന്റെ സ്കൂൾ കാലഘട്ടം ഓർമ വന്നു. അദ്ധ്യാപകൻ എന്നാൽ ഭയവും ബഹുമാനവും സ്നേഹവും കലർന്ന എന്തോ ആയിരുന്ന കാലഘട്ടം…അതാണല്ലോ ഈ ജോലി തിരഞ്ഞെടുത്തത്…എന്നിട്ടിപ്പോൾ…
പിന്നീടുള്ള ദിവസങ്ങൾ വെന്തു നീറും പോലെ ഞാൻ തള്ളി നീക്കി. അവനെ മനപൂർവം അവഗണിച്ചു. ഇടക്കിടക്കുള്ള അവന്റെ ടീച്ചറെ വിളി കെട്ടില്ലെന്നു നടിച്ചു. എനിക്കങ്ങനെയെ കഴിയുമായിരുന്നുള്ളൂ…അപമാനം എനിക്കൊരിക്കലും താങ്ങാൻ കഴിയുമായിരുന്നില്ല. അവനോട് ഞാനെന്ത് തെറ്റു ചെയ്തു…? അധ്യാകരിൽ ചിലർ പോലും ഇതിന്റെ പേരിൽ എന്നെ ശാസിക്കുകയും എന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുകയും ചെയ്‌തതോടെ എന്റെ തകർച്ച പൂർണമായി.
അതോടെ അവനെനിക്ക് ശത്രുവും ഞാൻ ആദർശങ്ങളിൽ പിന്നോട്ടുമായി. അവൻ കളിച്ചു നടക്കുന്ന കാണുമ്പോൾ ഞാൻ സന്തോഷിച്ചു. അവൻ വല്ലപ്പോഴും പുസ്തകം മറിക്കുന്ന കാണാൻ ഇടവരുമ്പോൾ ഞാൻ ഭയന്നു. അങ്ങനെ തീച്ചൂളയിലേത് പോലെ ആദ്യത്തെ പരീക്ഷ കഴിഞ്ഞു. ഷീറ്റ് നോക്കുമ്പോൾ പേരുകൾ ഞാൻ മനപൂർവം ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ചു. അവന്റെ ജയവും തോൽവിയും എന്റെ കൈകളിൽ ആയിരുന്നിട്ടു പോലും അവനോട് നീതികേട് കാണിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അവിടെ എന്നെക്കാളും എന്റെ ജോലിയോടുള്ള എന്റെ ആത്മാർത്ഥത വിജയിച്ചു. ഒടുവിൽ മാർക്ക് എഴുതാൻ അനിയനെ ഏല്പിച്ചു.
പിറ്റേന്ന് സ്കൂളിൽ വച്ചു ഞാൻ മാർക്കുകൾ ഉറക്കെ വിളിച്ചു പറഞ്ഞു പേപ്പറുകൾ നൽകി. അവന്റെ പേപ്പർ എത്തിയപ്പോൾ ഞാൻ നെഞ്ചിടിപ്പോടെ നോക്കി. എന്റെ അഭിമാനം…പറഞ്ഞ വാക്ക്….എന്തുമാവട്ടെ നേരിടണം…കണ്ണുകൾ ബദ്ധപ്പെട്ടു അടച്ചു തുറന്നു….ഇരുട്ടു മാറി അക്ഷരങ്ങൾ തെളിഞ്ഞു. അവൻ തോറ്റിരിക്കുന്നു. ആ നിമിഷം എന്റെ ഉള്ളിൽ കനപ്പെട്ടു വന്ന വികാരം എന്തെന്ന് എനിക്കറിയില്ല. ഒരേസമയം അത് ദുഃഖമായും സന്തോഷമായും എനിക്കാനുഭവപ്പെട്ടു.
അവനെ വ്യഗ്രതയോടെ നോക്കുമ്പോൾ അവൻ തലകുനിച്ചു നിൽക്കുന്നു. പേപ്പർ നീട്ടിയപ്പോൾ അവൻ കണ്ണുകളുയർത്തി എന്നെ നോക്കി. നിറഞ്ഞ കണ്ണുകൾ…എന്റെ നെഞ്ചിലെന്തോ കൊളുത്തി വലിച്ചു. വേദന…കൊടും വേദന…വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി. ഇന്റർവെൽ ബെല്ലിനോടൊപ്പം അവൻ ഇറങ്ങി പോയപ്പോൾ എനിക്കവനോട് ഉറക്കെ വിളിച്ചു പറയാൻ തോന്നി ഞാനവനെ തോല്പിച്ചതല്ലെന്ന്…മനപൂർവം ഞനൊന്നും ചെയ്തില്ലെന്ന്…
ജയം ഇത്രമേൽ കുത്തി നോവിക്കുമെങ്കിലതിനെ ദുഃഖമെന്നു വിളിക്കരുതോ…? എന്നു കുറിച്ചുകൊണ്ടാണ് അന്നെന്റെ ഡയറി താളുകൾ മറിഞ്ഞത്.
അവനെ രണ്ടു ദിവസം കണ്ടതേയില്ല. പക്ഷെ എപ്പോഴും ഞാൻ അവനെ ഓർത്തു. ഒരു മാസമേ ആയുള്ളൂ വെല്ലുവിളിച്ചിട്ട്…2,4,8 ഇങ്ങനെയുള്ള സംഖ്യകളിൽ നിന്ന് വിജയത്തിന് തൊട്ടുമുന്പിലേക്ക് അവനെത്തി എങ്കിൽ….2 മാർക്കിന്റെ വ്യത്യസത്തില് അവൻ തോറ്റു എങ്കിൽ അവനേത്രത്തോളം ശ്രമിച്ചു കാണും എന്ന് ഞാൻ ചിന്തിച്ചു. എന്തുകൊണ്ടോ അവനോടുള്ള ദേഷ്യം മാഞ്ഞുപോകാൻ തുടങ്ങിയിരുന്നു.
പിന്നെ അവനെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ ചീർത്തിരുന്നു. എന്തുപറ്റി കണ്ണിന് എന്ന എന്റെ ചോദ്യത്തിന് അവൻ അത്ഭുതത്തോടെ മിഴിച്ചു നോക്കി. എന്റെ ചുണ്ടിലെ ചിരി അവന്റെ കണ്ണിലേക്ക് വീണ്ടും കുസൃതി നിറച്ചത് കണ്ടപ്പോൾ എന്റെ മനസ്സിൽ മഞ്ഞുവീണ പോലെ…
അപ്പഴേ ടീച്ചറെ…ഇനി വരുന്ന പരീക്ഷേൽ ജയിച്ചാലോ..? അവൻ പതുക്കെയാണത് ചോദിച്ചത്…ഞാനവന്റെ നേരെ ചിരിച്ചുകൊണ്ട് കയോങ്ങി. ഇനിയുള്ള പരീക്ഷക്ക് തോറ്റാൽ നിന്റെ ചെവി ഞാൻ പൊന്നാക്കും…
അതൊരു മഞ്ഞുരുക്കമായിരുന്നു. ഇടക്കിടക്കുള്ള കുസൃതികൾ, വായാടിത്തം…ഞാനവനെ കൂടുതൽ അറിയുകയായിരുന്നു. അവൻ പണ്ടേ തല്ലുകൊള്ളി തന്നെ…ഒരുപക്ഷേ മാറ്റം എന്റെ കണ്ണിലാവാം…എന്റെ കാഴ്ച്ചപാടുകളിലാവാം…അറിയില്ല. പിന്നെയും പരീക്ഷകൾ വന്നു…അവൻ തോറ്റു…വീണ്ടും വന്നു…തോറ്റു…വീണ്ടും വന്നു…പക്ഷെ ഒരിക്കൽ ഒരിക്കലവൻ ജയിച്ചു…
അന്നെന്റെ അടുത്തു കിതച്ചോടി വന്നിട്ടവൻ പറഞ്ഞു. ജയിച്ചു ടീച്ചറെ…നിങ്ങ മുത്താണ്…എനിക്ക് ചിരി വന്നു. അവന്റെ സന്തോഷത്തിൽ എന്റെ മനസ്സും സന്തോഷിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ എത്ര പരീക്ഷകാലങ്ങൾ കടന്നുപോയി.
അവിടെ നിന്നും പറിച്ചുനടപെട്ട എന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ. ഞാൻ വിവാഹിതയായി. അമ്മയായി…അമ്മമ്മയായി…എന്റെ മുടി നരച്ചു. വൃദ്ധ എന്നു ഞാൻ എന്നെത്തന്നെ സബോധന ചെയ്യാൻ തുടങ്ങി.
കൊച്ചുമകളുടെ സ്കൂൾ ഡേയ്ക്ക് അവളുടെ നൃത്തം കാണാൻ പോയൊരു ദിവസം വീണ്ടും ഞാനത് കേട്ടു. ടീച്ചറോട് ഉമ്മ ചോദിച്ച ഒൻപതാം ക്ലാസുകാരന്റെ കഥ…അപമാനിതയായി ഇറങ്ങിപ്പോയ ടീച്ചറിന്റെ കണ്ണീരിന്റെ കഥ…അത് പറഞ്ഞത് ഒരു ചെറുപ്പക്കാരനായ, അദ്ധ്യാപകനായ എഴുത്തുകാരനായ ഒരു മാന്യവ്യക്തി ആയിരുന്നു…
“വിശിഷ്ടാതിഥി” ഇളം നീല കണ്ണുകളുള്ള “എന്റെ കുട്ടി” വളർന്നുപോയി വല്ലാതെ…മനസ്സു നിറഞ്ഞു കേട്ടു ഞാൻ. ടീച്ചർ പോയതിൽ മനം നൊന്തു പട്ടിണിക്കിരുന്ന ഒരു പതിനഞ്ചുകാരന്റെ സ്നേഹം. അവിടെ നിന്നും സ്കൂളിലെ തന്നെ മികച്ച അഞ്ചു വിദ്യാർത്ഥികളിൽ ഒരുവനായി പടിയിറങ്ങുമ്പോൾ ഒന്നു കാണാൻ ടീച്ചർ വന്നിരുന്നെങ്കിൽ എന്നു കൊതിച്ചുപോയ നിമിഷങ്ങൾ. ഒരു കഥ പോലെ അവനത് പറഞ്ഞു തീർത്തു.
അറിഞ്ഞിരുന്നില്ലല്ലോ ഞാൻ…എല്ലാവരെയും പോലെ മറന്നുകളഞ്ഞുകാണും എന്നല്ലേ ഓർത്തത്. അതിനുമാത്രം നിനക്കൊന്നും തന്നിരുന്നില്ലല്ലോ ഞാൻ. ശരിയാണ്…അറിഞ്ഞില്ല ഞാൻ…അവന്റെ മനസ്സിൽ പതിഞ്ഞുപോയ വെറുമൊരു മുഖമെന്നതിലുമുപരി ഞാനവന് ആരായിരുന്നു എന്ന്…നിറഞ്ഞ കണ്ണുകളോടെ അവൻ അവന്റെ പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.
നിങ്ങളിൽ പലർക്കും തോന്നാം സ്വന്തം ടീച്ചറോട് ഉമ്മ ചോദിച്ചതൊക്കെ ഇവിടെ വിളിച്ചു പറയേണമോ എന്ന്…ഇത് നിങ്ങളെ സംബദ്ധിചിടത്തോളം മ്ലേച്ഛം ആയിരിക്കാം…പക്ഷെ അതെന്റെ ശരി ആയിരുന്നു…ഇന്നും എന്നും ഞാൻ പൊതുവേദിയിൽ ഇത് പറയുന്നത് എന്താണെന്നാൽ ഇതൊരു പ്രായശ്ചിതമാണ്. പ്രായത്തിന്റെ പക്വതയില്ലായ്മയിൽ എന്റെ ടീച്ചറോട് അങ്ങനെ ചോദിച്ചതിനല്ല. അതിന് വിശദീകരണം നൽകാൻ മറന്നുപോയതിന്…
ആദ്യമായി കണ്ടപ്പോഴേ അവരെന്റെ മനസ്സിൽ പതിഞ്ഞപോയതാണ്…അവരുടെ ഒരു സ്പർശം, തലോടൽ, ചുംബനം എല്ലാം ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം അവർക്ക് എന്റെ അമ്മയുടെ ഛായ ആയിരുന്നു. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത…വീടിന്റെ കോലായിലെ നിറം മങ്ങിയൊരു ചിത്രം മാത്രമായിരുന്ന…ഞാൻ ഒത്തിരി സ്നേഹിച്ചിരുന്ന എന്റെ അമ്മ….അവരുടെ ചെറിയ മൂക്കും നെറ്റിയിലെ മറുകും ആ ചിരി പോലും അങ്ങനെ തന്നെ…പതിനഞ്ചു വയസുകാരന് അന്ന് അതൊന്നും വിശദീകരിക്കാനോ പറയാനോ പറ്റിയില്ല…എന്നെങ്കിലും കാണണം പറയണം…അമ്മയുടെ ചുംബനം ആഗ്രഹിച്ച മകനാണ് ഞാനെന്ന്…അപമാനിച്ചു എന്നു തോന്നിയിട്ടും ചേർത്തുനിർത്തിയതിനു…വാത്സല്യം തന്നതിന്…ഒത്തിരി നന്ദിയുണ്ടെന്ന്…എന്നും അമ്മ എന്ന സങ്കല്പത്തോട് ചേർത്തു വക്കുന്ന ജീവനുള്ള രൂപം അതാണെന്ന്…അപ്പോഴും വേണമെങ്കിൽ കരഞ്ഞുകളയും..ടീച്ചേരാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല..ഒരു പാവം ആണ്….
അവന്റെ ശബ്ദമിടറിയതും അതിൽ വാത്സല്യം നിറയുന്നതും കണ്ടുനിൽക്കെ എനിക്ക് ചിരി വന്നു. ശരിയാണ് എന്റെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞുതന്നെയാണല്ലോ ഇരിക്കുന്നത്. തെമ്മാടി ചെക്കൻ…ഉമ്മ ചോദിച്ച പയ്യൻ…