കാണാക്കിനാവ് – ഭാഗം ആറ്

എഴുത്ത്: ആൻ.എസ്.ആൻ

അഞ്ചാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് റെഡിയായി. അമ്മായിയുടെ ബാംഗ്ലൂരിൽ പഠിക്കുന്ന മോളുടെ സ്കൂട്ടി വെറുതെ കിടക്കുന്നതിനാൽ എടുത്തോളാൻ പറഞ്ഞു. പണ്ട് നന്ദു ഇത് ഓടിക്കുന്നത് പഠിക്കാൻ വാശിപിടിച്ചപ്പോൾ ടീച്ചറമ്മ എന്നെയും കൂടി കൂട്ടിന് വിട്ടതുകൊണ്ട് ഓടിക്കാൻ അറിയാം. അന്ന് കുറെ മടിച്ചെങ്കിലും ഇപ്പോഴത് ഉപകാരമായി.

ഒമ്പതരയ്ക്ക് തന്നെ ഓഫീസിലെത്തി. ആരും എത്തിയിട്ടില്ല തിണ്ണയിൽ കയറിയിരുന്നു. പത്തായി.. പത്തരയായി. ആടും ഇല്ല, പൂടയും ഇല്ല. കാത്തിരിക്കും തോറും എനിക്ക് ബാധ കേറി തുടങ്ങിയിരുന്നു. ഇന്നലെ ഞാൻ ഇത്തിരി വൈകിയപ്പോഴേക്കും എന്തായിരുന്നു ഇവിടെ പുകില്. ഇന്ന് അയാൾക്ക് കുഞ്ഞമ്മയുടെ വീട്ടിൽ ഇരിക്കാൻ…ഒരു കുഴപ്പവുമില്ല

നല്ലത് മാത്രം ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ മൊബൈലിൽ മെസ്സേജ് ടോൺ വന്നു. നോക്കിയപ്പോൾ ഡോക്ടറുടെ സെൽഫി ആണ്. കൂടെ ടീച്ചർ അമ്മയും അരുൺ ഏട്ടനും നന്ദുവും. ടീച്ചർ അമ്മയുടെ മുഖത്തെ ക്ഷീണം കുറഞ്ഞു വന്നിട്ടുണ്ട് നേരിയ ഒരു ചിരിയും ഉണ്ട്. അത് കണ്ടപ്പോൾ തന്നെ ആശ്വാസമായി.

അപ്പോഴേക്കും ശങ്കരേട്ടൻ ഓടിക്കിതച്ചെത്തി. ഇന്നലെ എനിക്ക് വലിയൊരു പണി തന്നതല്ലേ…ഞാൻ വെറുതേ വാച്ചിലേക്ക് നോക്കി. വൈകിപ്പോയി കുഞ്ഞേ….വലിയ കുഞ്ഞു ഇല്ലാത്തതിനാൽ തോട്ടത്തിലെ കാര്യവും മില്ലിലെ കാര്യവും എല്ലാം ഞാൻ തന്നെ നോക്കണ്ട…? രണ്ടീസം ഇനി ഇങ്ങനെ തന്നെ ആവും.

അപ്പോ കാട്ടാളൻ ഇനി രണ്ടു ദിവസത്തേക്ക് ഈ വഴിക്ക് വരില്ലേ…? നല്ല കാര്യം കാര്യം. ഇനി വല്ലതും പറ്റി കാണുമോ…? അതോ ഇതുതന്നെയാണോ ഇവിടെ പതിവ്…? എന്തെങ്കിലുമാവട്ടെ ഒന്നും ചോദിക്കേണ്ട. കാണാതിരുന്നാൽ അത്രയും സമാധാനം.

തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യം ഒന്നും പറഞ്ഞില്ല ഞാൻ. ഈ പേപ്പർ ഫില്ല് ചെയ്തോളൂ. ജോയിനിംഗ് ഫോമാണ്. വലിയ കുഞ്ഞു വരുമ്പോൾ ഒപ്പിട്ടു അയക്കാലോ…?

ജോയിനിംഗ് ഫോം മാത്രമല്ല. എനിക്ക് ഒരു ട്രാൻസ്ഫർ ഫോം കൂടി വേണം. എന്റെ പറച്ചിൽ കേട്ടിട്ട് ശങ്കരേട്ടൻ കണ്ണു തള്ളി.

ട്രാൻസ്ഫർഓ…? അപ്പോ കുഞ്ഞ് സുധാകരന്റെ…അല്ല…സൗദാമിനികുഞ്ഞിന്റെ മോൾ ആയിരിക്കും അല്ലേ…?

ഡോക്ടറുടെ വീട്ടിലെ ആരെയോ ആണ് അയാൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി. അല്ല എന്റെ സുഹൃത്തിന്റെ അമ്മാവനാണ് അദ്ദേഹം. ഇവിടെ വേറെ ആരും പരിചയം ഇല്ലാത്തതുകൊണ്ട് അവിടെ താമസിച്ചതാണ്. നല്ല ആള്ക്കാര് ആണ്. കണ്ടില്ലേ അവിടുത്തെ വണ്ടിയും കൂടി തന്നു എനിക്ക്. ശങ്കരേട്ടൻ ഒന്നും പറഞ്ഞില്ല. കനത്തിൽ ഒന്ന് മൂളുക മാത്രം ചെയ്ത…രണ്ട് ഫോം എനിക്ക് തന്നിട്ട് ശങ്കരേട്ടൻ സ്ഥലം കാലിയാക്കി.

നാലുമണിവരെ കഷ്ടപ്പെട്ട് എങ്ങനെയോ സമയം തള്ളി നീക്കി. പഴയ ഫയലുകൾ ഒക്കെ നോക്കി. ഒരു വർഷത്തെ പ്രവർത്തന പരിചയം മാത്രമേ ഉള്ളെങ്കിലും കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട്. നാലു മണിയായിട്ടും ശങ്കരേട്ടനേ എങ്ങും കാണാഞ്ഞതിനാൽ വാതിൽ ചാരി വെച്ച് ഞാനിറങ്ങി.

വൈകീട്ട് അമ്മായിയുമായി വിശേഷം പറഞ്ഞും അവരുടെ പഴയ ആൽബങ്ങൾ ഒക്കെ കണ്ടും ആ ദിവസം കഴിഞ്ഞു. പിറ്റേന്നും സമയത്തിനുതന്നെ ഓഫീസിലെത്തി.

വാലിൽ തീ പിടിച്ച പോലെ ശങ്കരേട്ടൻ പറന്നു വരുന്നുണ്ട്. ശങ്കരേട്ടന്റെ വെപ്രാളം കണ്ടിട്ട് ഇനി നാടുവിട്ട കാട്ടാളൻ തിരിച്ചെത്തിയോ…? ഈശ്വരാ…ഞാൻ അയാളുടെ മാളികയിലേക്ക് എത്തി നോക്കി. ഇല്ല…അവിടെ വെടിക്കെട്ടും പഞ്ചാരിമേളവും ഒന്നുമില്ല.

ശങ്കരേട്ടൻ ധൃതിപ്പെട്ട് കാട്ടാളന്റെ ഓഫീസ് തുറന്ന് ഒരു ഫയൽ എടുത്ത് എന്റെ നേരെ നീട്ടി. ഇത് നാളെ ഓഫീസിൽ കൊടുക്കേണ്ട എന്തോ ടെൻഡർ ഫയൽ ആണ്. വലിയ കുഞ്ഞ് പകുതി ചെയ്തു വച്ചതാണ്. കുഞ്ഞിന് ഇത് ചെയ്യാൻ പറ്റുമോ…? വലിയ കുഞ്ഞിനോട് ചോദിച്ചപ്പോൾ കുഞ്ഞിന് അറിയാൻ പാടില്ല ആയിരിക്കും എന്ന പറഞ്ഞേ…വലിയ കുഞ്ഞ് ആശുപത്രീന്ന് വരാൻ രാത്രിയാകും. ചിലപ്പോൾ ഡിസ്ചാർജ് വൈകിയാൽ നാളെയും ആവും. ഞാനും അങ്ങോട്ടേക്ക് പോകാൻ നോക്കുക. അതുവഴി നാട്ടിൽ പോയി ഒരാഴ്ച കഴിഞ്ഞേ ഞാൻ തിരിച്ചു വരൂ…

കൈ നീട്ടി ആ ഫയൽ വാങ്ങുമ്പോൾ തന്നെ ഉള്ളിൽ വന്ന സന്തോഷം മുഖത്ത് കാണിക്കാതിരിക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു. കാട്ടാളന്റെ കയ്യിലിരിപ്പിന് ആരെങ്കിലും കൈവച്ചോ…? അതോ പോയ പോക്കിന് വല്ല ആക്സിഡണ്ടും ആയോ…? ചോദിക്കാൻ വഴിയില്ലാതായി പോയി. വള്ളിയും പുള്ളിയും കെട്ടും ഒക്കെ ആയിട്ട് കാട്ടാളനെ കാണാൻ നാളെ വരെ കാക്കണല്ലോ എന്നത് സങ്കടം ആയല്ലോ….

എന്തായാലും ഏൽപ്പിച്ച പണി തീർത്ത് വെക്കാം. എനിക്ക് ജോലി അറിയാൻ പാടില്ല അല്ലേ…കാണാം…കാട്ടാളന് മാത്രമല്ല ജോലിയോട് കൂറ് ഉള്ളത് എന്നും കൂടി കാണിച്ചു കൊടുക്കണം. ജോലി ചെയ്തു തീർക്കുന്നത് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. കാട്ടാളൻ ആണെങ്കിൽ പല പോയിൻറ് ഒക്കെ നോട്ട് ചെയ്തിട്ടുണ്ട്. അറിയാത്തത് ഒക്കെ ഗൂഗിൾ സെർച്ച് ചെയ്തത്, പഴയ ഫയൽ ഒക്കെ റഫർ ചെയ്ത, ചില ഡൗട്ട് ഒക്കെ അരുൺഏട്ടനോട് ചോദിച്ചു തലകുത്തിനിന്ന് സാധനം ശരിയാക്കി.

അവസാനമായി ഒന്നുംകൂടി ചെക്ക് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് എന്നെ കുറിച്ച് അഭിമാനം തോന്നി. ഏതായാലും കഷ്ടപ്പെട്ട് ചെയ്തതല്ലേ…ഒരു കോപ്പി കൂടി എടുത്തു വെച്ചേക്കാം ഭാവിയിൽ റഫർ ചെയ്യാൻ ഉപകാരമാകും.

അങ്ങനെ ഓഫീസ് പൂട്ടി വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ആറു മണി. വൈകിയെന്ന് കരുതി ഇറങ്ങാൻ നേരം ആണ് കാട്ടാളന്റെ വണ്ടി ചീറിപ്പാഞ്ഞു പോകുന്നത് കണ്ടത്. പിന്നിൽ മറ്റൊരു കാറും. ഒറ്റനോട്ടത്തിൽ കാട്ടാളന് കുഴപ്പമൊന്നും ഒന്നും കാണുന്നില്ലല്ലോ…

നിജസ്ഥിതി അറിയാൻ അടങ്ങാത്ത ആകാംക്ഷ…എന്താ ഒരു വഴി…? കയ്യിലിരിക്കുന്ന ഫയൽ കറക്റ്റ് ചെയ്യാൻ പോയാലോ…? അന്ന് വൈകിയതിനു ഇപ്പോ ഓവർടൈം ചെയ്യുന്നത് കണ്ടാൽ പരിഹാരവും ആവുമല്ലോ…ഇത്രയും നേരം കഷ്ടപ്പെട്ടത് അല്ലേ…കാണട്ടെ അയാൾ എൻറെ കഴിവും ആത്മാർത്ഥതയും…കൂട്ടത്തിൽ കാട്ടാളന്റെ ചതഞ്ഞരഞ്ഞ അവസ്ഥ കൂടി ഒന്ന് കാണാലോ…

ഫയലും എടുത്ത് വണ്ടിയിൽ വെച്ച് മെയിൻ ഗേറ്റിലൂടെ തന്നെ മാളികയുടെ മുറ്റത്ത് എത്തി. ദൂരെ നിന്നും കാണുന്നതിലും വലുപ്പമുണ്ട് ഉള്ളിലെത്തിയാൽ. ഇതൊക്കെയുള്ള ഇയാൾ എന്തിനാണാവോ സർക്കാറിനെ കൂടെ പറ്റിച്ച് ശമ്പളം വാങ്ങുന്നത്…? ഉള്ളിലേക്ക് നോക്കിയപ്പോൾ കണ്ടു വരാന്തയിൽ കസേരയിൽ കാലിന്മേൽ കാല് കേറ്റിവെച്ച് ആരോ ചാരി കിടക്കുന്നത്. സന്ധ്യ ആയതിനാൽ ഒന്നുകൂടി അടുത്തേക്ക് നോക്കിയപ്പോൾ മനസ്സിലായി കാട്ടാളൻ തന്നെ.

എന്താ…? കനത്തിൽ തന്നെ വന്നു ചോദ്യം.

ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. വരയും കുറിയും ഒന്നും ഇല്ലല്ലോ…? അല്ല. പുറമേക്ക് ഒന്നും പറ്റിയില്ലെങ്കിൽ ഓർമ്മയ്ക്ക് എന്തെങ്കിലും പറ്റി കാണുമോ….? എന്നെ മനസ്സിലാകാത്തതു കൊണ്ടല്ലേ എന്താന്ന് ചോദിച്ചത്. ഇനി ഈ സിനിമയിലൊക്കെ കാണുന്നതുപോലെ കഴുത്തിൽ ക്യാമറയൊക്കെ തൂക്കി ആളുകളുടെ പടം ഒക്കെ എടുത്തു വെക്കുന്ന ഇയാളെ കണ്ടോളൻ വയ്യ…എന്റെ കാര്യം കൂടി കൂട്ടത്തിൽ എളുപ്പമായല്ലോ…

ഞാൻ പുതുതായി ജോയിൻ ചെയ്യാൻ വന്ന അസിസ്റ്റൻറ് എൻജിനീയർ…

ആളെ മനസ്സിലാകാതിരിക്കാൻ എനിക്ക് ഓർമ്മ കുറവൊന്നുമില്ല. താൻ എന്താ ഇവിടെ എന്ന ഞാൻ ചോദിച്ചത്….?

നശിച്ചു…ഇതിന് ഒന്നും പറ്റിയിട്ടില്ല. ഇനിയിപ്പോ വല്ലതും പറ്റാൻ പോകുന്നത് മുഴുവൻ എനിക്ക് മാത്രമാണ്. അല്ലെങ്കിലും ഈ നാട്ടിൽ വന്നതിൽപിന്നെ വഴിയേ പോകുന്ന ബസ്സിനെ കൈകാട്ടി നിർത്തി അതിനടിയിലേക്ക് തല വെച്ചു കൊടുക്കൽ ആണല്ലോ എന്റെ ജോലി.

ഞാൻ ഈ ഫയൽ…ഇവിടെ തരാൻ…ഇത് നാളെ സബ്മിറ്റ് ചെയ്യേണ്ടതാണെന്ന് ശങ്കരേട്ടൻ പറഞ്ഞത് കൊണ്ട്…

അതിനു ഇത് തന്റെ ഓഫീസ് അല്ലല്ലോ…? തന്റെ ഡ്യൂട്ടി ടൈം ആണോ ഇത്…? ഓഫീസിലെ ഫയൽ തന്റെ കയ്യിൽ ആണോ കൊണ്ടുനടക്കുന്നത്…? ആരോട് ചോദിച്ചിട്ടാ അതെടുത്ത്…? കാട്ടാളൻ അലറി തുടങ്ങി. ഇനി ദൈവത്തിന് പോലും എന്നെ രക്ഷിക്കാൻ പറ്റില്ല എന്ന് എനിക്ക് തോന്നി.

എന്താ ഹരി കുട്ടാ…? ആരോടാ ഈ ത്രിസന്ധ്യയ്ക്ക് വഴക്കുണ്ടാക്കുന്നത്…? ഉള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദം. അവർ മെല്ലെ വരാന്തയിലേക്ക് നടന്നു വന്നു. ആരാണെന്നറിയണം എന്നുണ്ടായിരുന്നു. ദേഹം ആകെയുള്ള വിറ മാറിയാലല്ലേ നേരെ നോക്കാൻ കഴിയൂ…

ആരാത്…? കുട്ടിയോ…? കുട്ടി തന്നെയല്ലേ അന്ന് ബസ്സിൽ….?

ഞാൻ അപ്പോഴാണ് അവരെ നോക്കിയത്. അന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് വിട്ട അതേ സ്ത്രീ. ഇവർ എന്താ ഇവിടെ…ഇനി ഇതായിരിക്കുമോ കാട്ടാളന്റെ അമ്മ..!!

ഞാൻ തന്നെയാ…ഒന്നും മനസ്സിലാകാതെ കണ്ണുരുട്ടുന്നുണ്ട് കാട്ടാളൻ.

ഈ കുട്ടിയ ഹരികുട്ടാ എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്. കണ്ണടയും മുൻപ് ആശ്രയത്തിനായി ഈ കുട്ടിയുടെ കയ്യിലാ ഞാൻ പിടിച്ചത്. കൈവെടിഞ്ഞില്ല എന്നെ ഈ കുട്ടി. എങ്ങനെയാ ഇതിനെ ഒന്ന് കണ്ടു നന്ദി പറയുന്നത് എന്റെ കൃഷ്ണന്ന് ഇന്നലെയും കൂടി ആലോചിച്ചേ ഉള്ളൂ…ഈ മുറ്റത്ത് തന്നെ വെച്ച് ഇതിനെ ഇങ്ങനെ കാണുന്നത് ഉറക്കത്തിൽ കൂടി വിചാരിച്ചില്ല. കേറി വാ മോളെ, ചോദിക്കട്ടെ…?

ഞാൻ കാട്ടാളൻ മുഖത്ത് ഒന്ന് നോക്കി. അവിടെ ഇനിയും നിലാവ് ഉദിച്ചിട്ടില്ല. എങ്കിലും വരൂ എന്ന മട്ടിൽ കൈയൊന്ന് ചലിപ്പിച്ചോ…? അതോ എനിക്ക് തോന്നിയത് മാത്രമാണോ…? ഞാൻ സ്റ്റെപ്പ് കയറി. അവരെന്നെ കയ്യിൽ പിടിച്ച് കൊണ്ടുപോയി. വാതിൽപ്പടിയിൽ എത്തിയപ്പോൾ ഞാൻ കാട്ടാളനെ ഒന്ന് തിരിഞ്ഞു നോക്കി. എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്. അകത്ത് അവരുടെ കട്ടിലിൽ ഞാനും ഇരുന്നു.

അവർ ഗുരുവായൂരമ്പലത്തിൽ കാറിലാണ് പോയത് എങ്കിലും ഡ്രൈവർക്ക് ഏതോ ബന്ധുവിനെ കാണേണ്ടതു കൊണ്ട് അയാളെ പറഞ്ഞു വിട്ട അവർ ബസ്സിൽ കോഴിക്കോട് എത്തുമ്പോഴേക്കും ഡ്രൈവർ വന്ന് കൂട്ടിക്കൊണ്ടു വരാൻ ആയിരുന്നു ഉദ്ദേശിച്ചത്. രാവിലെ എഴുന്നേറ്റ് അമ്പലത്തിലെ നീണ്ട ക്യൂവിൽ നിന്നത് കൊണ്ടും ബിപി മരുന്നു കുടിക്കാൻ മറന്നു പോയത് കൊണ്ടും ആണ് പെട്ടെന്ന് അങ്ങനെയൊക്കെ സംഭവിച്ചത്…

അമ്മയെ ഒറ്റയ്ക്ക് ആക്കി പോയതിന് ഡ്രൈവറെ കൊന്നിട്ടില്ലന്നേയുള്ളൂ ഹരിക്കുട്ടൻ. പിന്നെ ശാരദ മോളോട് മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മറന്നേക്കു…ഹരി കുട്ടന്റെ അപ്പച്ചിയ അത്…ആളൊരു പാവമാണെങ്കിലും വായിൽ നിന്നും വരുന്ന കാര്യത്തിന് ഒരു നിശ്ചയവും ഇല്ല. മോൾ എനിക്ക് വേണ്ടി അവരോട് ക്ഷമിക്കൂ.

അപ്പച്ചിക്ക് മാത്രമല്ല അമ്മയുടെ മകനും ഇതേ സ്വഭാവമാണ് എന്ന് മനസ്സിൽ തോന്നിയെങ്കിലും അവരുടെ ഐശ്വര്യമുള്ള മുഖം അതൊക്കെ എന്നിൽ നിന്നും മായ്ച്ചുകളഞ്ഞു. ഞാനും ജോലി കിട്ടി ഇവിടെ എത്തിയത് ആണെന്ന് പറഞ്ഞു. ഇനി വിശേഷങ്ങൾ തമ്മിൽ കാണുമ്പോൾ പറയാം എന്ന് പറഞ്ഞു ഇറങ്ങാൻ ഒരുങ്ങി. തിരിച്ചു വരാന്തയിൽ എത്തിയപ്പോൾ കാട്ടാളൻ ഇരുന്ന് ഫയൽ പഠിക്കുന്നത് കണ്ടു.

ഞങ്ങളെ കണ്ടപ്പോൾ എണീറ്റ് ഫയൽ എന്റെ കയ്യിൽ തന്നു. ഓഹോ ഇപ്പോൾ ആറുമണി ആയതും ഓഫീസ് അല്ലാത്തതും ഒന്നും കുഴപ്പമില്ല. ഞാൻ ചെയ്യുന്നതിന് മാത്രമേ ഇവിടെ കുഴപ്പമുള്ളൂ…ഞാൻ മനസ്സിൽ കരുതി.

ഇതിലെ അനാലിസിസ് ഓക്കേ ആണ്. ടെൻഡർ പ്രയോറിറ്റി ലിസ്റ്റ് അതുതന്നെ മതി. ഞാൻ രാവിലെ സൈൻ ചെയ്തോളാം. ഫയൽ തന്റെ കയ്യിൽ തന്നെ വച്ചാൽ മതി. ഇനി ഓഫീസ് തുറക്കണ്ട.

കേട്ടത് വിശ്വസിക്കാമോ…? എന്ന മട്ടിൽ ഞാൻ കാട്ടാളനെ ഒന്ന് നോക്കി. എന്നാലും ഓക്കേ എന്നെ പറയാവൂ…ഗുഡ് എന്ന വാക്ക് ഡിക്ഷ്ണറിയിൽ ഉണ്ടാവില്ലല്ലോ…?

അപ്പോഴാണ് “ചേച്ചി” എന്നും വിളിച്ച് ഹോസ്പിറ്റലിൽ വച്ച് കണ്ട കുടക്കമ്പി പോലെയുള്ള ഡ്രൈവർ എന്നെ നോക്കി ചിരിച്ചു കൊണ്ട് അങ്ങോട്ട് കേറി വന്നത്. ഞാനും പരിചിത ഭാവത്തിൽ ചിരിച്ചു.

ചേച്ചി…അതിശയം തന്നെ. ചേച്ചിയെ പറ്റി ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ചേച്ചിക്ക് അറിയോ…? ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് ചേച്ചിയും ചേച്ചിയുടെ സാറും കാരണമാണ്. ഇല്ലാരുന്നേൽ കൊച്ചമ്മയെ തനിച്ചു വിട്ടതിന് ഇവരൊക്കെ കൂടി എന്നെ ഇടിച്ചു പിഴിഞ്ഞ്നെ…കാട്ടാളനെ മാത്രം നോക്കിക്കൊണ്ടാണ് കുടക്കമ്പി അത് പറഞ്ഞത്.

അത് പ്രത്യേകിച്ച് പറയേണ്ട, എനിക്ക് മനസ്സിലാകും എന്ന് മനസ്സിൽ പറഞ്ഞു ഞാൻ.

എന്നാലും ചേച്ചിയുടെ സാറ് സൂപ്പറാ കേട്ടോ…അയാൾ എന്തോ ഒരു കുന്ത്രാണ്ടം…യോ…പേര് കിട്ടുന്നില്ല…ചെയ്തിട്ടാണ് കൊച്ചമ്മക്ക് കാര്യായിട്ട് ഒന്നും പറ്റാതെന്നൊക്കെ പറയണ കേട്ടു…എന്നാലും ഞാൻ ഓർക്കുവാ ഈ സാർ ഇതൊക്കെ എവിടുന്നു പഠിച്ചു…? കാട്ടാളന് സാറിന്റെ കാര്യം ആദ്യം പറഞ്ഞത് അത്ര തെളിഞ്ഞിട്ടില്ല. മുഖം കണ്ടാൽ അറിയാം.

അദ്ദേഹം ഡോക്ടറാണ്. അതുകൊണ്ടാ…ഞാൻ പറഞ്ഞു.

ആണോ…? ഞാൻ അറിഞ്ഞില്ല കേട്ടോ….എന്റെ അന്വേഷണം പറഞ്ഞേക്ക് ചേച്ചീ സാറിനോട്…ഉമ്..എന്ന അർത്ഥത്തിൽ ഞാനും മൂളി. അല്ല പറഞ്ഞപോലെ ചേച്ചി എന്താ ഇവിടെ…?

ഞാൻ ഇവിടെ ജോലി കിട്ടിയിട്ട് വന്നത…

ആഹാ…ചേച്ചിയാണോ ഇവിടുത്തെ പുതിയ ആള്…? നന്നായി…പഴയ ആള് ഒട്ടും ശരിയായിരുന്നില്ല. ഹരി കുഞ്ഞുമായി വഴക്ക് ഒഴിഞ്ഞ നേരമില്ലായിരുന്നു. ഇതിവിടെ പതിവ് തന്നെ എന്ന മട്ടിൽ ഞാൻ കാട്ടാളനെ ഒന്ന് നോക്കി. അവിടെ പേശികൾ ഒക്കെ മുറുകി വരുന്നുണ്ട്. അയാളെ ഹരികുഞ്ഞ് എന്തോ പരാതി ഒക്കെ കൊടുത്തു പറഞ്ഞയച്ചതന്നാ പോണ ദിവസം അയാൾ പറഞ്ഞത്. പോയി കിട്ടിയത് നന്നായി. അല്ലേലും ഇവിടെ ജോലി കിട്ടി വരുന്നവർക്കൊക്കെ ഓരോ കുഴപ്പങ്ങളാണ്. ഇപ്പോൾ ചേച്ചി വന്നില്ലേ ഇനി എല്ലാം ശരിയായിക്കോളും.

ഇവിടെ വരുന്നവർക്ക് അല്ല…ഇവിടെ ഉള്ളതിനാണ് കുഴപ്പം എന്ന് പറയണമെന്നുണ്ടായിരുന്നു. എന്റെ സാഹചര്യം മോശമായതുകൊണ്ട് വിഴുങ്ങി.

എന്നാലും ചേച്ചിയെ വീണ്ടും കണ്ടത് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. ഹരി കുഞ്ഞ് ആരെയോ വഴക്ക് പറയുന്നത് കേട്ട് ആരോട് എന്നറിയാനാ ഞാൻ ഇങ്ങോട്ട് വന്നത്. അത് ഏതായാലും നന്നായി. ചേച്ചിയും കേട്ടായിരുന്നോ…?

ഉം…കഷ്ടപ്പെട്ട് ഞാനൊന്നും മൂളി.

ആണോ…? എനിക്ക് കാണാൻ പറ്റിയില്ല. ആരെയാ ചേച്ചി വഴക്കു പറഞ്ഞത്…?

എന്നെ…തന്നെയാ…ഞാൻ ചമ്മി ചമ്മി പറഞ്ഞു.

അയ്യോ അപ്പോ ഹരി കുഞ്ഞിനോട് ചേച്ചിക്കും വഴക്കു കിട്ടി തുടങ്ങിയോ…? കാട്ടാളന്റെ മുഖം ഒക്കെ ഉരുണ്ടുകൂടി തുടങ്ങിയിട്ടുണ്ട്. ചേച്ചിക്കും എന്റെ അതേ യോഗം ആണല്ലേ…അന്ന് ആശുപത്രിന്ന് അപ്പച്ചിയോടും ചേച്ചിക്ക് വഴക്ക് കിട്ടിയിരുന്നില്ലേ…?

ഗോപി…ആ കുട്ടി പൊക്കോട്ടെ. അതിന് നേരം വൈകും. കാട്ടാളന്റെ അമ്മയാണ്.

നിക്ക് കൊച്ചമ്മ…കാര്യം പറയട്ടെ…കുടക്കമ്പി ആണ്. എന്നാലും അപ്പച്ചിയുടെ ചീത്തവിളി ഹരി കുഞ്ഞിനേക്കാൾ ഇച്ചിരി കട്ടിയല്ലേ ചേച്ചി….? അതോ കുഞ്ഞിന്റെ ചീത്തവിളി കേട്ട് എനിക്ക് ശീലമായിട്ടോ…? ഇനിയിപ്പം ചേച്ചിക്കും കൂടി ടി ടി കിട്ടുമല്ലോ..? എനിക്കൊരു കൂട്ടായി.

എന്തുത്തരം പറയണമെന്നറിയാതെ ഞാൻ ദയനീയമായി ചുറ്റം നോക്കി. നിന്നു കത്തുന്നുണ്ട് കാട്ടാളൻ. സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. കുടക്കമ്പിയോടും കാട്ടാളന്റെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാർട്ട് ആകുമ്പോൾ കണ്ടു കുടക്കമ്പിയുടെ നേരെ നടക്കുന്ന കാട്ടാളനെ…

പഠിപ്പുര കടക്കുമ്പോൾ കുടക്കമ്പി നാളെ തിരയേണ്ടത് കിണറ്റിൽ ആണോ…?കുളത്തിൽ ആണോ…? അതോ കായലിൽ ആണോ…? എന്ന് മാത്രമായിരുന്നു എന്റെ സംശയം.

തുടരും