കാണാക്കിനാവ് – ഭാഗം പത്ത്‌

എഴുത്ത്: ആൻ.എസ്.ആൻ

ഒൻപതാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ജീപ്പ് എന്റെ കൈയുടെ സൈഡിൽ മാത്രമേ തട്ടിയിട്ട് ഉള്ളെങ്കിലും ഞാൻ മറിഞ്ഞു വീണിരുന്നു. എഴുന്നേറ്റു ജീപ്പിന്റെ നമ്പർ നോട്ട് ചെയ്യണമെന്ന് ഉണ്ടെങ്കിലും വീണ വീഴ്ചയിൽ ദേഹമാസകലം വേദനയുണ്ട്. എഴുന്നേൽക്കാൻ പറ്റുന്നില്ല…ഞാൻ ആ കുട്ടിയെ നോക്കി. സൈക്കിൾ തെന്നി മാറി ദൂരെയായി കിടക്കുന്നു. കുഞ്ഞിന്റെ ശരീരത്തിൽ നിന്നും ചോര ഒക്കെ ഒലിക്കുന്നുണ്ട്. അത് കണ്ടപ്പോൾ തന്നെ എന്റെ വേദനയെല്ലാം മറന്നു പോയിരുന്നു. ഒന്നു പോയി അതിനെ വാരിയെടുക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.

അപ്പോഴേക്കും എന്നെ നോക്കി ആണെന്ന് തോന്നുന്നു കാട്ടാളന്റെ ജീപ്പ് പതിയെ തിരികെ വരുന്നുണ്ട്. എന്നെ അങ്ങിനെ കണ്ടതും വണ്ടി നിർത്തി ചാടിയിറങ്ങി. ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി. പിന്നെ നിസ്സഹായതയോ ദേഷ്യമൊ ഓക്കെ ആ മുഖത്ത് വന്നു നിറയുന്നത് കണ്ടു. ഞാനും ഒരു ആശ്രയത്തിന് എന്ന പോലെ കാട്ടാളനെ ദയനീയമായി നോക്കി. കാട്ടാളൻ ദൃതിയിൽ എന്റെ അടുത്തെത്തി.

എവിടെ നോക്കിയിട്ടാടീ റോഡിൽകൂടി നടക്കുന്നത്…? നോക്കി നടക്കാനും അറിയാൻ പാടില്ലേ…? നീയെന്താ ഇള്ളകുഞ്ഞാണോ…? എന്നു പറഞ്ഞതും എന്റെ കയ്യിൽ പിടിച്ച് ഒറ്റ വലി….കാട്ടാളന്റെ നെഞ്ചിൽ തട്ടി നിന്നു ഞാൻ. അപ്പോഴാണ് എന്റെ മറ്റേ കയ്യിൽ നിന്നും രക്തം ഒലിക്കുന്നത് കണ്ടത്. ഉടനെ കയ്യിൽ പിടിച്ചു നോക്കിയിട്ട്….ഇറച്ചി വരെ ചെത്തി പോയല്ലോ…? നീയെന്താ ചാവാൻ പോയതാണോ…? കണ്ണുംപൂട്ടി ആണോ നടക്കുന്നത്…? ഇതിൽ കൂടുതൽ എങ്ങാനും വല്ലതും പറ്റിയിരുന്നെങ്കിലോ…?

അത് ചോദിക്കുമ്പോഴേക്കും ആ കണ്ണിൽ കനൽ കത്തുന്നുണ്ടായിരുന്നു. അവിടവിടായി കീറിപ്പോയ എന്റെ ടോപ്പിൻറെ കൈ കീറിയെടുത്തു. കൈയ്യിലിരുന്ന കർച്ചീഫ് എടുത്ത് കീറിയിട്ട്. കണ്ണടച്ചുകൊണ്ട് എന്റെ മുറിവ് കെട്ടുന്ന കാട്ടാളനെ നോക്കിയപ്പോൾ ഇയാളിൽ എവിടെയോ ഒരു നല്ല മനുഷ്യൻ ഉണ്ടെന്ന് ആദ്യമായി തോന്നിപ്പോയി. അവസാനമായി കാട്ടാളൻ മുറിവ് വലിച്ചു കെട്ടിയപ്പോഴേക്കും വേദന കൊണ്ട് കാട്ടാളന്റെ കൈയ്യിൽ പിടിച്ച് ഞരിച്ചിരുന്നു ഞാൻ.

ആ പോയ ജീപ്പ് മനപൂർവ്വം ഞങ്ങൾടെ നേരെ വന്നതാണെന്നും പറഞ്ഞു. ഞാൻ കുറച്ചു ദൂരെയായി വീണു കിടക്കുന്ന കുട്ടിയുടെ നേരെ ചൂണ്ടികാണിച്ചപ്പോഴാണ് കാട്ടാളനും അങ്ങോട്ട് നോക്കിയത്. ഉടനെ എന്നെ വിട്ട് ഓടിപ്പോയി ആ കുഞ്ഞിനെ വാരിയെടുത്തു.

“നിനക്ക്…നിനക്ക് നടക്കാവോ…?” ഞാൻ പറ്റുമെന്ന് തല കുലുക്കി. ഡോർ തുറന്നു തന്നു. വണ്ടിയിൽ കയറി ഇരുന്ന എന്റെ മടിയിൽ ആ കുഞ്ഞിനെ കിടത്തി തന്നു. എന്നിട്ട് ചാടിക്കയറി വണ്ടിയെടുത്തതെ എനിക്ക് ഓർമ്മയുള്ളൂ. ഹോളിവുഡ് സിനിമയെ ഒക്കെ തോൽപ്പിക്കുന്ന തരത്തിൽ ആ വയസ്സൻ ജീപ്പിനെ പറപ്പിച്ചും, കുണ്ടും കുഴിയും ഒക്കെ ചാടിച്ചും മരണപ്പാച്ചിൽ പായിച്ച് ഞങ്ങളെ ഇടിച്ചിട്ടു പോയ വണ്ടിയുടെ മുൻപിൽ കൊണ്ടു ചെന്നു നിർത്തി.

അന്നേരം വേദനയെക്കാളും അപ്പുറം ഇനി സ്ഥാനം തെറ്റാത്ത വല്ല അസ്ഥികളും ഉണ്ടോ എന്റെ ശരീരത്തിൽ എന്ന് മാത്രമായിരുന്നു എൻറെ ചിന്ത. വണ്ടിയിൽ നിന്നും ചാടിയിറങ്ങി, ആ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറെ പിടിച്ചിട്ടു കാട്ടാളൻ. “എങ്ങോട്ട് നോക്കിയാ ടാ നീയൊക്കെ വണ്ടിയും കൊണ്ടു ഇറങ്ങിയത്…? ആരുടെ കൊട്ടേഷൻ ആണെന്നു പറയെടാ…?” അതിന് മറുപടി പറയാൻ അയാളുടെ തലച്ചോറ് വിചാരിക്കുന്നതിന് മുൻപ് തന്നെ വീണിരുന്നു അവനുള്ള ആദ്യത്തെ അടി.

പിന്നങ്ങോട്ട് തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെ…ചെറുതിൽ നിന്ന് വലുതിലേക്ക്…ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് എണ്ണത്തിനും കണ്ണിൽ നിന്നും ഈച്ചയും…പൂച്ചയും ഒക്കെ പറന്നു പോയി കാണും. അടി കൊടുത്തതു കഴിഞ്ഞിട്ട് അവന്മാരോട് എന്തൊക്കെയോ ചോദിച്ച ശേഷം അവന്മാർ കൈകൂപ്പി എന്നവണ്ണം വണ്ടിയും എടുത്തു ജീവനും കൊണ്ടോടി. പോയവഴിക്ക് പുല്ലു പോലും മുളക്കില്ല. ജീപ്പിൽ വന്നു കയറി. വണ്ടി സ്റ്റാർട്ട് ചെയ്തു.

എന്നെ ഒന്ന് ഒന്ന് സംശയത്തോടെ നോക്കിയിട്ട്, “നീ അപ്പോ…കളരിക്കണ്ടി തറവാട്ടിലെത് അല്ലേ…?”

“അല്ല”

“എന്നിട്ട് പിന്നെ എന്തിനാ ചാടിക്കേറി അവിടെ തന്നെ താമസിക്കാൻ പോയത്…?”

“എന്റെ സുഹൃത്തിന്റെ വീടാണത്”

“ഏത് അമ്പലത്തിൽ കണ്ട ആ ഇളക്കകാരിയുടെതോ…?”

“അല്ല….അത് ഡോക്ടറുടെ കസിനാണ്…ഡോക്ടർ ആണ് എന്റെ സുഹൃത്ത്”

“അവനെ നിനക്ക് എങ്ങനെ അറിയാം…?”

“അത്…അത് ഞാൻ ബസ്സിൽ വെച്ച് പരിചയപ്പെട്ടതാണ്. അന്ന് സാറിന്റെ അമ്മയെ ആശുപത്രിയിൽ ആക്കിയ അന്ന് മുതൽ”

“കൊള്ളാം…ഇന്നലെ എങ്ങാണ്ട് ബസ്സിൽ എവിടെയോ കണ്ട പരിചയം. അല്ലേ…? എന്നിട്ട് അവന്റെ വീട്ടിൽ ചാടിക്കയറി താമസിക്കാൻ പോയിരിക്കുന്നു. അവനെക്കുറിച്ച് എന്തറിയാം നിനക്ക്…? പോട്ടെ അവിടെ താമസിക്കുന്ന സൂരജിനെകുറിച്ച് നിന്റെ സുഹൃത്ത് വല്ലതും അന്വേഷിച്ചിട്ടുണ്ടോ…?”

“നിന്നെ പറഞ്ഞിട്ട് കാര്യമില്ല. കുടുംബത്തിലുള്ളവരെ പറഞ്ഞാൽ മതി. പ്രായപൂർത്തിയായ ഒരു പെണ്ണിനെ ഇങ്ങനെയാണോ വളർത്തുന്നത്…? അതോ നിന്നെ ഇങ്ങനെ കയറൂരി വിട്ടത് തന്നെയാണോ നിന്റെ അച്ഛനും അമ്മയും…?”

കയ്യിലെ വേദനയും പിന്നെ ഈ ചോദ്യവും കൂടി ആയപ്പോൾ സങ്കടം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു തുടങ്ങിയിരുന്നു. അതു കണ്ടിട്ടാവണം…”നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിന്റെ അച്ഛനെയും അമ്മയെയും ആണ് പറയേണ്ടത്.”

“അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ അല്ലേ അത് പറയേണ്ടൂ…?” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വിങ്ങി പോയിരുന്നു ഞാൻ. “നീ….നീ എന്താ പറഞ്ഞത്…? തന്റെ പാരൻസ് ജീവിച്ചിരിപ്പില്ലേ….?” കാട്ടാളന്റെ ശബ്ദവും പതറിയിരുന്നു.

“മരിച്ചു പോയതല്ല…ഐ ഡോണ്ട് ഹാവ് പാരൻസ്…ഐ ആം ഏൻ ഓർഫൻ.”

കാട്ടാളന്റെ മുഖത്ത് അതിശയവും പിന്നെ ദയനീയതയും വന്നു നിറയുന്നത് ഞാൻ കണ്ടു. ഹോസ്പിറ്റലിൽ എത്തുന്നത് വരെ പിന്നെ ഒന്നും മിണ്ടിയില്ല. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ ഡോർ തുറന്നു തന്ന് കുഞ്ഞിനെ മടിയിൽ നിന്നും എടുക്കുമ്പോൾ…. “ഐ ആം സോറി പാർവതി, എനിക്കൊന്നും അറിയില്ലായിരുന്നു. തന്നെ ഞാൻ തനിച്ചു വിടാനും പാടില്ലായിരുന്നു. ജനുവിൻലി ഐ ആം സോറി….”

കാട്ടാളന്റെ വാക്കുകൾ സ്ഥിരീകരിക്കാൻ എന്റെ തലച്ചോറിന് കുറച്ച് സമയം തന്നെ എടുത്തു. അപ്പോഴേക്കും കുട്ടിയെ സ്ട്രെച്ചറിൽ നിന്നും മാറ്റി ബെഡിൽ കിടത്തിയിരുന്നു. കുട്ടിയുടെ ശരീരത്തിലെ ചോര എല്ലാം തുടച്ചു നീക്കി നേഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ സൂചി കുട്ടിയുടെ ശരീരത്തിലേക്ക് കയറ്റുന്നത് നോക്കിയിരിക്കയെയാണ് ആ കാഴ്ച കണ്ട് കാട്ടാളൻ കണ്ണു പൊത്തുന്നത് ശ്രദ്ധിച്ചത്. കാട്ടാളന്റെ ധൈര്യം കണ്ടിട്ട് എനിക്ക് മനസ്സിൽ ചിരി വന്നെങ്കിലും എന്റെ കയ്യിലെ നോവ് കൂടിക്കൂടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

അടുത്തതായി നേഴ്സ് എന്റെ അടുത്ത് വന്നു കയ്യിലെ നേരത്തെ കെട്ടിയ കെട്ട് അഴിച്ചതും അത് നിറയെ രക്തം നിറഞ്ഞിരുന്നു. അതിൽ നോക്കിയതും പിന്നെ ഞാൻ ഒരു ഗർത്തത്തിലേക്ക് വീഴുന്നതുപോലെ…താഴേയ്ക്ക്…താഴേയ്ക്ക്….പതിയെ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നുണ്ടായിരുന്നു.

അതിനിടയിലും എന്നെ താങ്ങുന്ന കരുത്തുറ്റ കൈകളുടെ സ്പർശനവും…”പാർവതി….പാർവതി….പാറൂ….”എന്ന പതറിയ നേർത്ത ശബ്ദവും…

തുടരും…