കാണാക്കിനാവ് – ഭാഗം മൂന്ന്

എഴുത്ത്: ആൻ.എസ്.ആൻ

രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ബൈ ദ ബൈ ഐ. ആം. കൈലാസ്. അടുപ്പമുള്ളവർ കിച്ചു എന്നും വിളിക്കും” ചിരിച്ചുകൊണ്ട് എന്റെ നേരെ കൈകൾ നീട്ടി ഡോക്ടർ. അയാളുടെ നിർത്താതെയുള്ള സംസാരം എന്റെ മനസ്സിലെ സങ്കടം അലിയിച്ചു തുടങ്ങിയിരുന്നു.

മുഖമുയർത്തി അയാളെ ശരിക്കും നോക്കിയത് അപ്പോഴാണ്. ചിരിക്കുന്ന കണ്ണുകളും, ഒത്ത ഉയരവും, സൗമ്യമായ മുഖഭാവവും ഒക്കെയുള്ള ഒരു ചോക്ലേറ്റ് ബോയ്..!! നല്ല ഏതോ വീട്ടിൽ ജനിച്ചതാണെന്ന് സംസാരത്തിലും പെരുമാറ്റത്തിലും വ്യക്തം.

“ഞാൻ പാർവതി” എന്റെ കൈകൾ ഞാനും അയാളുടെ നേരെ നീട്ടി.

“ഓക്കേ…അപ്പൊ പാറൂസ്…നമുക്ക് ഒരു ഓട്ടോ പിടിച്ച് എത്രയും പെട്ടെന്ന് ബസ്റ്റാൻഡിൽ പോകാം. അവിടുന്ന് എന്തെങ്കിലും കാര്യമായി ശാപ്പിട്ടു നേരെ വണ്ടി പിടിക്കാം…ബാക്കി വിശേഷം യാത്രയിൽ”

“അല്ല പാറു…എനിക്ക് കിട്ടുന്ന ഈ കരിഞ്ഞ മണം തന്റെ കുടല് കത്തുന്നത് ആണോ അതോ എന്റേത് തന്നെയോ…?”

പിന്നെ എനിക്കൊന്നും പറയാൻ തോന്നിയില്ല. ഞാനും ഡോക്ടറും ഓട്ടോയിൽ കയറി സ്റ്റാൻഡിലെത്തി. പൂരിയും ബാജിയും ഒക്കെ കഴിച്ച് ഒരേ ബസ്സിൽ തന്നെ കയറി. എന്റെ അടുത്ത് തന്നെയാണ് ഡോക്ടറും ഇരുന്നത്. യാത്രയ്ക്കിടയിൽ എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. പറഞ്ഞു വന്നപ്പോഴാണ് അറിഞ്ഞത് ടീച്ചറമ്മ ഉള്ള ഹോസ്പിറ്റലിൽ ജോലിക്ക് വേണ്ടി ഇൻറർവ്യൂവിന് പോയി വരുന്ന വഴിയാണ് ഡോക്ടറെന്ന്…

ഞാൻ എൻറെ ഓഫീസിന്റെ അഡ്രസ്സ് കാണിച്ചുകൊടുത്തപ്പോൾ ഡോക്ടറുടെ അമ്മയുടെ തറവാട് അവിടെയാണ് എന്നും ഗ്രാമാന്തരീക്ഷം ഉള്ള പ്രദേശമാണെന്നും അദ്ദേഹം അധികം അവിടേക്ക് പോകാറില്ലേങ്കിലും എന്ത് സഹായം വേണമെങ്കിലും അവിടെയുള്ളവരെ അറിയിച്ചാൽ മതിയെന്നും പറഞ്ഞു. എന്റെ ഫോൺ നമ്പർ ഒക്കെ വാങ്ങി പിന്നെ പുള്ളിയുടെ നമ്പർ എനിക്കും തന്നു.

ടൗണിന് അരമണിക്കൂർ മുൻപ് ഉള്ള സ്റ്റോപ്പിൽ ആണ് ഡോക്ടർ ഇറങ്ങിയത്. യാത്ര പറഞ്ഞു “എത്തിയിട്ട് വിളിക്ക് താൻ…” എന്നും പറഞ്ഞ് പോകുമ്പോൾ തികച്ചും അപരിചിതമായ ഈ നാട്ടിലും എനിക്ക് ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ വന്നിരുന്നു.

12 മണി ആയപ്പോഴേക്കും ടൗണിൽ എത്തി. എത്തിയ കാര്യം പറയാൻ നന്ദുവിനെ വിളിച്ചെങ്കിലും ഫോൺ എടുത്തത് അരുണേട്ടൻ ആയിരുന്നു. അവൾ റിപ്പോർട്ട് ഡിസ്കസ് ചെയ്യാൻ ഡോക്ടറുടെ അടുത്ത് ആണെന്ന് പറഞ്ഞു. ഇന്ന് പരിചയപ്പെട്ട ഡോക്ടറുടെ കാര്യവും അവിടെ ജോലി നോക്കുന്ന കാര്യവും പറഞ്ഞു ഫോൺ വെച്ചു.

ടൗണിൽ നിന്നും ഒരു ഓട്ടോ വിളിച്ചാണ് പോയത്. ഇളംകാറ്റും, നെൽപ്പാടവും തെങ്ങിൻ തോട്ടവും ഒക്കെ കണ്ടു തുടങ്ങിയപ്പോൾ തന്നെ ഡോക്ടർ പറഞ്ഞത് ശരിയാണെന്ന് തോന്നി. സിറ്റിയിൽ തന്നെ വളർന്ന എനിക്ക് ശാന്തമായ നാട്ടിൽ പുറത്തെ ആ കാഴ്ചകൾ കണ്ണിന് കുളിർമ ഏകുന്നുണ്ടായിരുന്നു.

ഓട്ടോ ചെന്ന് നിന്നത് ഒരു കൊച്ചു ഓടിട്ട വീട്ടിലേക്കാണ്. കറുപ്പും മഞ്ഞയും ചേർന്ന പെയിൻറ്, ഗവൺമെൻറ് കാര്യാലയം എന്ന ബോർഡും കൂടി ഞാൻ ഒരിക്കൽ കൂടി നോക്കി. എന്റെ മുഖത്തെ അതിശയ ഭാവം കണ്ടിട്ട് ആകാം “ഇനിയും നോക്കണ്ട…ഇതുതന്നെ..!! ഈ നാട്ടിലുള്ള എല്ലാം ദേ ആ കാണുന്ന അമ്പലപ്പാട്ട് തറവാട്ടുകാരുടെതാ…” ഓട്ടോ ഡ്രൈവർ ചൂണ്ടിക്കാണിച്ച ഇടത്തേക്ക് നോക്കി.

അതെ കോമ്പൗണ്ടിൽ തന്നെ ഒരു ബ്രഹ്മാണ്ഡ ഇരുനില കെട്ടിടം. ആ വീടിന്റെ പടിപ്പുരയേക്കാളും ചെറുതാണ് ഈ ഓഫീസ്. ഇനിയും പലതും ചോദിക്കാനുള്ള എന്റെ പുറപ്പാട് കണ്ടിട്ടാവും ഓട്ടോ ഡ്രൈവർ പൈസയും വാങ്ങി സ്ഥലം വിട്ടു.

അപ്പോയിൻമെന്റ് ഓർഡർ കയ്യിൽ എടുത്ത് ടീച്ചർ അമ്മയെ മനസ്സിൽ ധ്യാനിച്ച് വലതുകാൽ വെച്ച് ഓഫീസിലേക്ക് കയറി. ചാരുപടി ഉള്ള ചെറിയ വരാന്ത. അതുകഴിഞ്ഞ് ഒരു ഹാൾ. ഹാളിന് ഇരു വശത്തും രണ്ടു മുറികൾ. അതിൽ ഒന്നിന് മുൻപിൽ സീനിയർ എൻജിനീയർ എന്നെഴുതിയിരിക്കുന്നു. ഭവ്യതയോടെ ഞാൻ അകത്തു കയറി എങ്കിലും ഇരിപ്പിടം ശൂന്യം..!! മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡിൽ “ഹരിഹരൻ മേനോൻ” എന്നെഴുതിയിരിക്കുന്നു. മറ്റേ മുറിയിൽ നോക്കിയപ്പോൾ രണ്ട് മേശയും, കസേരയും, കമ്പ്യൂട്ടറും, പ്രിൻറർ എല്ലാം ഉണ്ട്. അതിൽ ഒരു മേശയിൽ “അസിസ്റ്റൻറ് എൻജിനീയർ” എന്ന ബോർഡ് കണ്ടപ്പോൾ എന്റെ ഉള്ളം കുളിരണിഞ്ഞു..!!

കയ്യിലുള്ള ബാഗ് അവിടെവെച്ച് മുൻപോട്ട് നടന്നപ്പോൾ ഒരു അടുക്കളയും അതിനോട് ചേർന്ന് ഒരു ബാത്ത് റൂം കണ്ടു. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ..!! സർക്കാർ ഓഫീസ് എന്ന ബോർഡും വച്ചിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും ഇവിടെ ഇല്ലല്ലോ? ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ…എന്ന് മനസ്സിൽ വിചാരിച്ചിട്ടില്ല…

“ആരാ കുഞ്ഞേ..!!” എന്ന ചോദ്യം കേട്ട് തിരിഞ്ഞു നോക്കി ഞാൻ. കാക്കി ഷർട്ടും, പാന്റും ഒക്കെ ഇട്ട് പ്രായമായ ഒരാൾ….ഡ്രൈവർ ആയിരിക്കും…

‘ഞാൻ ഇവിടെ പുതുതായി ജോയിൻ ചെയ്യാൻ വന്നതാണ്…”

“ആണോ? വലിയ കുഞ്ഞ് ഇപ്പോഴും പറഞ്ഞതേയുള്ളൂ പുതിയ ആള് വന്നില്ലല്ലോ എന്ന്…താമസം ഒക്കെ ഔട്ട് ഹൗസിലാണ് ശരിപ്പെടുത്തിയത്. മുൻപുള്ള ആളും അവിടെത്തന്നെയാണ് താമസിച്ചത്. പെൺകുട്ടി ആയിരിക്കും വരിക എന്ന് ഒട്ടും കരുതിയില്ല. കുഞ്ഞിന് വേണ്ടി അതൊക്കെ ഒന്ന് ശരി പെടുത്തേണ്ണ്ടി വരുമല്ലോ ഇനി…”

അയാൾ എന്റെ ബാഗ് കയ്യിലെടുത്തു. “ഞാനിത് അവിടെ കൊണ്ട് വച്ചിട്ട് വലിയ കുഞ്ഞ് ഭക്ഷണം കഴിച്ചു കഴിഞ്ഞോന്ന് നോക്കട്ടെ…കൂട്ടത്തിൽ കുഞ്ഞു വന്ന കാര്യം കൂടി പറഞ്ഞേക്കാം…”

അയാളുടെ ശരീരഭാഷ മൊത്തത്തിൽ എനിക്കിഷ്ടമായില്ല. സർക്കാർ ശമ്പളം വാങ്ങിച്ചിട്ട് വലിയ കുഞ്ഞിന് ഭക്ഷണം കൊടുക്കൽ ആണോ ഇയാളുടെ ജോലി? ചോദിച്ചിട്ട് തന്നെ കാര്യം…

“വലിയ കുഞ്ഞോ…? എനിക്കൊരു കുഞ്ഞിനെയും കാണണ്ട. ഇവിടുത്തെ എൻജിനീയർ സാർ എവിടെ…?എനിക്ക് അദ്ദേഹത്തെ കണ്ട് ഇന്ന് തന്നെ ജോയിൻ ചെയ്യണം.” ഇത്തിരി നീരസത്തോടെ തന്നെ ഞാനത് പറഞ്ഞു പറഞ്ഞതും എവിടെ നിന്നോ ഒരു അലർച്ച എന്റെ കാതിൽ പതിച്ചതും ഒരുമിച്ചായിരുന്നു.

“ജോയിൻ ചെയ്യാൻ ഉച്ചയൂണിന്റെ നേരത്ത് എഴുന്നള്ളൻ ഇത് നിന്റെ കുഞ്ഞമ്മയുടെ വീടല്ല….”