കാണാക്കിനാവ് – ഭാഗം രണ്ട്‌

എഴുത്ത്: ആൻ.എസ്.ആൻ

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എന്റെ കൈകൾ ഞെരിഞ്ഞമരുന്നത് അറിഞ്ഞു കൊണ്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ അടുത്തിരുന്ന സ്ത്രീ വേദന കൊണ്ട് പുളഞ്ഞു, വിയർത്തു, കണ്ണുകൾ ഒക്കെ തുറുത്തി വന്ന് വല്ലാത്ത ഒരു അവസ്ഥയിൽ…

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചിരുന്നു പോയെങ്കിലും പെട്ടെന്ന് ഇയർഫോൺ വലിച്ചൂരി ഉച്ചത്തിൽ കണ്ടക്ടറെ വിളിച്ചു. അപ്പോഴേക്കും അവരുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.

ബഹളം കേട്ട് ആളുകൾ എല്ലാം ഞങ്ങളുടെ സീറ്റിന് ചുറ്റും വട്ടം കൂടി. ഒരു മാതിരി ചക്കരയിൽ ഈച്ച പൊതിഞ്ഞ പോലെ..!! ബോധമുള്ള എനിക്ക് പോലും ശ്വാസം കിട്ടാതെ ബോധക്കേട് വരുന്ന പോലെ തോന്നി. നോക്കുമ്പോൾ ബസ്സ് സൈഡിൽ ഒതുക്കി ഓടിക്കുന്ന ഡ്രൈവർ പോലും കൂട്ടത്തിൽ എത്തിയിട്ടുണ്ട്.

ആളുകൾക്കിടയിലൂടെ ഒരു ചെറുപ്പക്കാരൻ ഞെങ്ങി ഞെരിഞ്ഞ് കൊണ്ട് എങ്ങനെയൊക്കെയോ ഞങ്ങളുടെ അടുത്തെത്തി. അവരുടെ കയ്യിൽ പിടിച്ചു പൾസ് ഒക്കെ നോക്കി, കണ്ണൊക്കെ വലിച്ചു തുറന്നു നോക്കുന്നു. “ലവൻ ആര്…വല്ല ലാട വൈദ്യനോ…” എന്ന മട്ടിൽ ആൾക്കാർ പരസ്പരം നോക്കാൻ തുടങ്ങിയപ്പോൾ പുള്ളിക്കാരൻ സംസാരിച്ചു തുടങ്ങി.

താൻ ഒരു ഡോക്ടർ ആണെന്നും, എല്ലാവരും രോഗിയുടെ അടുത്തുനിന്നും ദയവായി വിട്ടുനിൽക്കണമെന്നും, രോഗിയുടെ ബി.പി കൂടുതലാണെന്നും, സി. പി. ആർ നൽകേണ്ടിവരുമെന്നും അതുകൊണ്ട് യാത്രക്കാരെല്ലാം മറ്റൊരു ബസ്സിൽ കയറി യാത്ര തുടരണം എന്നാണ് നിർദേശം. “ഡ്രൈവറും കണ്ടക്ടറും പിന്നെ ഇവരുടെ മകളും മാത്രം ഇനി ബസ്സിൽ നിന്നാൽ മതി” എന്ന് അവസാനമായി അയാൾ പറഞ്ഞപ്പോൾ സത്യത്തിൽ ഞെട്ടിയത് ഞാനായിരുന്നു.

ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെ ഡ്രൈവറും കണ്ടക്ടറും ആദ്യം ഒന്ന് എതിർത്തു നോക്കിയെങ്കിലും അയാളുടെ നോട്ടത്തിന് മുൻപിൽ പത്തിമടക്കി. രാവിലത്തെ ലക്ഷ്യസ്ഥാനത്തേക്കുള്ള മാരത്തോണിൽ മുടക്കം വന്നതിലുള്ള അതൃപ്തി മുറുമുറുപ്പുകൾ ആയി ഇറങ്ങിപ്പോകുന്ന ആളുകളിൽ നിന്നും കേൾക്കുന്നുണ്ട്…

എന്റെ കാര്യവും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ. ആശിച്ചു മോഹിച്ചു കിട്ടിയ ജോലിക്ക് കൃത്യസമയത്ത് ഓഫീസിൽ എത്തി കൃത്യനിഷ്ഠത കാണിക്കാനാണ് കോഴി കൂവുന്നതിന്നും മുൻപേ കുളിച്ചു കുപ്പായവും ഇട്ടു ഇവിടം വരെ എത്തിയത്. ഇതാകെപ്പാടെ ലക്ഷണകേട് ആയല്ലോ..!!

ഇതിൽ നിന്നും എങ്ങനെ ഒന്ന് തലയൂരും. എന്തെങ്കിലും ഒരു കുരുട്ടു വഴി എന്റെ പൊട്ട ബുദ്ധിയിൽ തോന്നിക്കണേ എന്റെ കുക്കുടു മുത്തപ്പാ..!!

ഞാൻ ആ സ്ത്രീയെ ഒന്നുകൂടി നോക്കി. മുഖം എന്റെ തോളിൽ ചായ്ച്ച്, എന്നെ വിശ്വസിച്ചിട്ട് എന്നപോലെ കണ്ണടച്ചു കിടക്കുന്നു. ഞാൻ മെല്ലെ അവരുടെ കൈ എന്റെ കയ്യിൽ നിന്നും എടുത്ത് മാറ്റാൻ നോക്കി. മയക്കത്തിലും അവർ എന്റെ കയ്യിൽ ഒന്നും കൂടി മുറുകെപ്പിടിച്ചു. ഒരു നിമിഷം എനിക്ക് എന്റെ ടീച്ചർ അമ്മയെ ഓർമ്മ വന്നു. ഇവരെ പോലെ തന്നെ ജീവനു വേണ്ടി പോരാടുക അല്ലേ…ഈ സ്ത്രീയെ ഇവിടെ ഉപേക്ഷിച്ചു പോയാൽ ജീവിതകാലം മുഴുവൻ ആ കുറ്റബോധം എന്നെ വേട്ടയാടും. ഇവർ വരുന്നതും കാത്ത് സ്നേഹത്തോടെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന മക്കൾ ഉണ്ടാവാം ഇവർക്ക്. ആരുമില്ലാത്ത എനിക്ക് ഒരാളുടെ ആപത്ഘട്ടത്തിൽ കൂട്ടിരിക്കാൻ പറ്റുമെങ്കിൽ അത്രയും ചെയ്യുക തന്നെ. ബാക്കി വരുന്നിടത്ത് വച്ച് കാണാം..!!

അപ്പോഴേക്കും ഡോക്ടർ എന്നു പറഞ്ഞ ആൾ വന്നു. അവരെ സീറ്റിൽ കിടത്തി നെഞ്ചിൽ ഇടിക്കുകയും വേറെയും ചില കസറത്ത് ഒക്കെ കാണിച്ച് കഴിഞ്ഞപ്പോൾ അവരിൽ നിന്നും ഒരു ഞരക്കം വന്നതും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവറോട് പറഞ്ഞു. ആശുപത്രിയിലെത്തി കയ്യിലുണ്ടായിരുന്ന മൊബൈൽഫോൺ എന്റെ കയ്യിൽ വച്ചു തന്നിട്ട് ഡ്രൈവറും കണ്ടക്ടറും സ്ഥലംവിട്ടു. ഡോക്ടർ എന്ന് പറഞ്ഞ ആളെ മഷിയിട്ടു നോക്കിയിട്ടും ആ വഴിയൊന്നും തന്നെ ഞാൻ കണ്ടില്ല.

അവസാനം രണ്ടും കൽപ്പിച്ച് അവരുടെ മൊബൈൽ എടുത്തു നോക്കി. ഭാഗ്യത്തിന് ലോക്ക് ഒന്നുമില്ല. ലാസ്റ്റ് ഡയൽ ചെയ്ത നമ്പറിൽ തന്നെ വിളിച്ചു. ഫോൺ എടുത്ത ആൾ അയാളുടെ ഡ്രൈവർ ആണെന്നും ഹോസ്പിറ്റലിനു ഏതാണ്ട് അടുത്തുണ്ടെന്നും അരമണിക്കൂറിനകം വരും എന്നും പറഞ്ഞു.

അയാളുടെ സംസാരത്തിലെ വെപ്രാളം കണ്ടിട്ട് എനിക്ക് എന്തോ സംശയം പോലെ തോന്നി. ഡ്രൈവറായ അയാൾ പ്രായമായ ഇവരെ എന്തിന് ബസ്സിൽ വിടണം…? അതും അയാൾ ഇത്ര അടുത്ത് ഉണ്ടെങ്കിൽ…രോഗിയായ ഒരു സ്ത്രീയെ ആരെങ്കിലും തനിച്ചു വിടുമോ…? അവർക്ക് എന്തായിരിക്കും സത്യത്തിൽ സംഭവിച്ചിട്ടുണ്ടാവുക എന്ന ചിന്ത തോന്നിയപ്പോൾ തന്നെ അവർക്കൊന്നും വരുത്തരുതേന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു.

അപ്പോഴേക്കും ഒരു കെട്ട് പേപ്പറുകളും ആയി ഒരു നഴ്സ് എന്നെ വന്നു വിളിച്ചു. “ഓപ്പറേഷൻ വേണ്ടി വരും…പെട്ടെന്ന് ഇതെല്ലാം സൈൻ ചെയ്തു തരൂ” എന്നും പറഞ്ഞു എന്റെ കയ്യിൽ തന്നിട്ട് പോയി. നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി എന്ന മട്ടിൽ ആ പേപ്പറുകൾ എന്റെ കയ്യിലിരുന്ന് എന്നെ തന്നെ നോക്കി കൊഞ്ഞനം കുത്തി.

ആ ബസിലുണ്ടായിരുന്ന ഡോക്ടറെ തപ്പി നോക്കിയാലോ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു അസ്വാഭാവിക ശബ്ദം കേട്ടത്. ചുറ്റും നോക്കിയപ്പോൾ കണ്ടു നെഞ്ചത്തടിച്ച് കൊണ്ട് വരുന്ന ഒരു സ്ത്രീയെയും കൂടെ പേടിച്ചു കൊണ്ട് നടക്കുന്ന കൊടക്കമ്പി പോലത്തെ ഒരു മനുഷ്യനെയും. അവരുടെ ഓവർ ആക്ഷനിൽ ആ കൊടക്കമ്പി ഇപ്പോൾ പാറിപ്പോകും എന്നാണ് ഒറ്റക്കാഴ്ചയിൽ എനിക്ക് തോന്നിയത്.

“ഇവിടെയാണോ എന്റെ ലക്ഷ്മി ഉള്ളത്” അവർ എന്നോട് ചോദിച്ചപ്പോൾ എന്ത് ഉത്തരം നൽകണം എന്ന് ഞാൻ ഒന്ന് ശങ്കിച്ചു.

“ചേച്ചി ആണോ എന്നെ വിളിച്ചത്…?” എന്ന ചോദ്യത്തിൽ ഞാൻ നേരത്തെ സംസാരിച്ച ഡ്രൈവർ ആണ് ആ കൊടക്കമ്പി എന്ന് എനിക്ക് മനസ്സിലായി. അപ്പോഴേക്കും അയാളെ ഇടിച്ചിട്ടു കൊണ്ട് ആ സ്ത്രീ എന്റെ അടുത്തേക്ക് വന്നു. ഞാൻ എന്റെ കയ്യിലെ പേപ്പേഴ്സ് അവരെ കാണിച്ചിട്ട് നഴ്സ് പറഞ്ഞതും ബസിലെ കാര്യങ്ങളും പറഞ്ഞു.

“നീയൊക്കെ കൂടെ എന്റെ ലക്ഷ്മിയെ കൊലക്ക് കൊടുത്തല്ലോ ടാ…” എന്നും പറഞ്ഞു ഡ്രൈവറിനെ നേരെ കയർത്തു അവർ. അയാളാണെങ്കിൽ തുള്ളൽ പനി വന്നപോലെ വിറക്കുന്നുണ്ട് .

അപ്പോഴേക്കും ബസിലുണ്ടായിരുന്ന ഡോക്ടറും വേറൊരു പ്രായമായ ഡോക്ടറും കൂടി അങ്ങോട്ടേക്ക് വന്നു. “പേടിക്കാനൊന്നുമില്ല. അല്പം ക്രിട്ടിക്കൽ ആണ്. എങ്കിലും സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു. ഓപ്പറേഷൻ കഴിഞ്ഞാൽ എല്ലാം ഭേദമാകും. അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കൂ…” പ്രായമുള്ള ഡോക്ടർ എന്നെ നോക്കി പറഞ്ഞു.

“അമ്മയോ…? ആരുടെ…? അങ്ങോട്ടു നീങ്ങി നിൽക്ക് കൊച്ചേ…ചുളുവിൽ അമ്മയെ സംഘടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു…” എന്നും പറഞ്ഞു എൻറെ കയ്യിലെ പേപ്പേഴ്സ് വാങ്ങിച്ചിട്ട് രൂക്ഷമായി എന്നെ നോക്കി ആ സ്ത്രീ.

അവരുടെ പറച്ചിലിന്റെ സ്വാഭാവിക ശൈലി ആണെങ്കിലും അനാഥ ആയതുകൊണ്ടാകാം കണ്ണു നിറഞ്ഞു പോയി എന്റെ…ഒരു നിമിഷം കൂടി അവിടെ നിൽക്കാൻ തോന്നിയില്ല. ഐ.സി.യുവിലേക്ക് ഒന്നും കൂടി നോക്കിയിട്ട് ബാഗുമെടുത്ത് ഞാൻ നടന്നു തുടങ്ങി. ക്ഷമ അപേക്ഷിക്കുന്ന കണ്ണുകളോടെ നന്ദിപൂർവ്വം എന്നെ നോക്കുന്നുണ്ടായിരുന്നു ആ ഡ്രൈവർ. മുന്നോട്ട് നടക്കുമ്പോഴും അവരുടെ ഉച്ചത്തിലുള്ള അരോചകമായ എന്തൊക്കെയോ സംസാരം കേൾക്കുന്നുണ്ടായിരുന്നു. എങ്കിലും തിരിഞ്ഞു നോക്കാതെ സ്പീഡിൽ നടന്നു.

“ഡോ…ഒന്ന് നിക്കെടോ…എന്നെ ഇങ്ങനെ ഓടിക്കല്ലേ….” തിരിഞ്ഞുനോക്കിയപ്പോൾ ബസ്സിലുണ്ടായിരുന്ന ഡോക്ടർ.

“സോറി.. ഞാൻ കരുതി അത് തന്റെ അമ്മയാണെന്ന്…പോട്ടെ ഡോ…ഈ കാലത്ത് നല്ലത് എന്ത് ചെയ്താലും ഇങ്ങനാ….നമ്മൾ കരുതുന്ന പോലത്തെ മനുഷ്യരൊക്കെ ഇപ്പോ കുറവാടോ….വിട്ടുകള…”

“ഞാനും ഇറങ്ങുകയാ…ഇനിഅവര് എന്താന്നു വെച്ചാ ചെയ്യട്ടെ.”

എന്റെ പേടി ഇപ്പം അവിടെയുള്ള ഡോക്ടറെ പറ്റി ആലോചിട്ടാ…ഇനിയിപ്പോ ഓപ്പറേഷൻ കൂടി ആ സ്ത്രീ തന്നെ ചെയ്യും എന്നാ തോന്നുന്നത്…ഇങ്ങനെയുമുണ്ടോ മനുഷ്യര്…?

“ബൈ ദ ബൈ…ഐ ആം കൈലാസ്…അടുപ്പമുള്ളവർ കിച്ചുന്ന് വിളിക്കും…”

തുടരും