എഴുത്ത് : ആൻ.എസ്
ഇളം ചൂടുള്ള സൂര്യകിരണങ്ങൾ അലോസരപ്പെടുത്തി തുടങ്ങിയതും ഉറക്കം വിട്ട് കൺപോളകൾ തമ്മിലകന്നു. നേരം 10 കഴിഞ്ഞിരിക്കുന്നു. ആശ്ചര്യം തോന്നി…കാലങ്ങൾക്കിപ്പുറം തടസ്സങ്ങൾ ഒന്നും ഇല്ലാതെ ശാന്തവും ഗാഢവുമായൊരു നിദ്ര…ഒരു നിമിഷത്തിനുപ്പുറം സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു റിമോട്ട് തപ്പി എടുത്ത് ടി വി ഓൺ ചെയ്തു. കണ്ണുകൾ ഓടിമറയുന്ന ഫ്ലാഷ് ന്യൂസ് ഹെഡ് ലൈൻസിൽ ആധിയോടെ തിരഞ്ഞു നടന്നു.
ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നു..പതിനേഴാം തീയതി വരെ…മനസ്സിലൊരു തണുപ്പ് പടർന്നു. ഹോളിൽ നിന്നും കിടപ്പുമുറിയിലേക്ക് ചെന്ന് നോക്കി. അച്ചൂട്ടൻ നല്ല ഉറക്കത്തിലാണ്. എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നു. അവനെ മുറുകെ പുണർന്നു കിടക്കുന്ന കൈകൾ തന്നെയാവാം ആ പുഞ്ചിരിയുടെ കാരണവും. അടയിരിക്കുന്ന അമ്മ പക്ഷിയുടെ കരുതലോടെ ദേഹത്തിന്റെ ചൂട് കൊടുത്തു, ഹൃദയതാളം താരാട്ട് ആക്കി എന്റെ കുഞ്ഞിനൊപ്പം അവൾ ഉറങ്ങുന്നത് കാണാൻ എന്തൊരു രസമാണ്…കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത പോലെ…അവർക്കൊപ്പം വീടും ഉറങ്ങി കിടക്കുന്നതുപോലെ…
പൂരം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ മരവിപ്പിക്കുന്ന ശാന്തത മുറികളിൽ തളംകെട്ടി നിൽക്കുന്നു. ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു. കബോർഡ് തുറന്നു പൂരിക്കുള്ള മാവ് എടുത്തു ഒരു ബൗളിലേക്കിട്ടു കുഴച്ചു തുടങ്ങി…ഇന്നലത്തെ രാത്രി ഒരു പുഞ്ചിരിയോടെ ഓർത്തെടുക്കാൻ ശ്രമിച്ചു. “അച്ഛയും ഞങ്ങളുടെ കൂടെ ഇവിടെ കിടക്കുമോ…?” അച്ചുവിന്റെ ഓർക്കാപ്പുറത്ത് ഉള്ള ചോദ്യം കേട്ടതും നടുങ്ങി പോയിരുന്നു. “ഇല്ല”എന്നുള്ള ഉത്തരം അവന്റെ മുഖത്തെ പൂത്തിരിതിളക്കം കെടുത്തുമെന്നും ഉറപ്പുണ്ടായിരുന്നു.
“അമ്മയ്ക്ക് ഇഷ്ടമാവില്ല അച്ചു” എന്ന് മറുപടിയായി പറഞ്ഞ് ഒഴിയാൻ ശ്രമിച്ചപ്പോൾ അവനേക്കാളധികം ഞാനത് ആഗ്രഹിച്ചിരുന്നു. “എന്റെ മോന്റെ ഒരിഷ്ടത്തിനും അമ്മ എതിരല്ല” നന്ദിയോടെ അവളെ നോക്കാനേ കഴിഞ്ഞുള്ളൂ. ഈയൊരു മാസം അവളിൽ ഒരുപാട് മാറ്റം കൊണ്ടു വന്നിരിക്കുന്നു. അതിലേറെ എന്നിലും…അച്ചുവിന്റെ ഇരുവശങ്ങളിലായി ഒരേ കട്ടിലിൽ…വിദൂര സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു രാത്രി ഉണ്ടായിരുന്നില്ല.
“ഇന്ന് അച്ഛ കഥ പറഞ്ഞു തന്നാൽ മതി” അവൻ അടുത്ത വെടി പൊട്ടിച്ചു. “അച്ഛന് ജോലിചെയ്ത ക്ഷീണം കാണും അച്ചൂ…കഥയൊക്കെ പിന്നെ ഒരിക്കലാവാം…ഇപ്പം മ്മക്ക് ഉറങ്ങാം” അച്ചുവിന്റെ മുഖത്തെ മങ്ങലും അവളുടെ വാക്കുകളും കൂരമ്പ് പോലെ നെഞ്ചിൽ എവിടെയോ തറഞ്ഞു കയറി. ഇങ്ങനെയൊരു രാത്രി ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് അവളെപ്പോലെ എന്റെ കുഞ്ഞിന് അറിയില്ലല്ലോ…?
“അച്ചുട്ടന് എന്ത് കഥയാ കേൾക്കേണ്ടത്…? പറയ്…?” അവന്റെ മുഖത്ത് വീണ്ടും പൂ നിലാവ് വിരിഞ്ഞു. സന്തോഷത്തോടെ ലച്ചുവിന്റെ കൈകളെടുത്ത് വയറിനോട് ചേർത്തുവച്ചു കഥ കേൾക്കാൻ തയ്യാറായവൻ.
അവരെയങ്ങനെ കണ്ടതും ശൂന്യമായിരുന്ന മനസ്സിലേക്ക് പണ്ട് എന്നോ മലയാളം ക്ലാസിൽ കേട്ടു മറന്ന പൂതപ്പാട്ടിലെ അമ്മയും ഉണ്ണിയും കടന്നുവന്നു. തെച്ചിപ്പൂ ചുവന്നതും, പൂതം ഉണ്ണിയെ കണ്ട് മോഹിച്ചതും, അമ്മയുടെ കണ്ണ് പൊട്ടിച്ചതും ഒടുവിൽ അമ്മക്ക് മുന്നിൽ പൂതം തോറ്റ് മടങ്ങിയതും ഒക്കെ കഥയായി പറഞ്ഞു കൊടുക്കുമ്പോൾ അച്ചുവിനെക്കാൾ ആകാംക്ഷയിൽ ഭാവങ്ങൾ വിരിഞ്ഞത് അവന്റെ അമ്മയുടെ മുഖത്ത് ആയിരുന്നു. വിടർന്ന കണ്ണുകളോടെ എന്നെ കേൾക്കാൻ കാത് കൂർപ്പിച്ചു കാത്തിരുന്ന എന്റെ പഴയ ലച്ചുവിനെ മുന്നിൽ കണ്ടത് പോലെ…
ചെറുപ്പം തൊട്ടേ ആഗ്രഹിച്ചതാണ് ഡോക്ടറെന്ന പ്രൊഫഷൻ. ജോലി നേടിയെടുത്ത് യാത്രകളും ഫോട്ടോഗ്രാഫിയും ഒക്കെയായി ജീവിതം ആസ്വദിച്ച് മതി വരാതിരുന്ന നേരത്താണ് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ആദ്യമായിട്ട് ഒരു പെണ്ണുകാണലിന് പോയത്…പെണ്ണുകെട്ടിയാൽ കാലു കെട്ടി…അനുഭവസ്ഥരുടെ ഉപദേശങ്ങൾ ആവോളം ഉള്ളതിനാൽ അത്ര പെട്ടെന്നൊന്നും ഒരുത്തിയുടെ മുൻപിലും കീഴടങ്ങി കൊടുക്കില്ലെന്ന് മനസ്സിൽ ആദ്യമേ ഉറപ്പിച്ചിരുന്നു. ധാരണകൾ ഒക്കെ തെറ്റിച്ചുകൊണ്ട് കൊലുസിന്റെ മണിക്കിലുക്കത്തോടെ എന്റെ മുന്നിലേക്ക് നടന്നു വന്ന ‘ശ്രീലക്ഷ്മി’ എനിക്കായി മാത്രം പിറന്നവളാണെന്ന് തിരിച്ചറിയാൻ നിമിഷനേരം പോലും വേണ്ടിയിരുന്നില്ല.
സ്വന്തം എന്ന് തോന്നിയത് വിട്ടിട്ടു പോരുന്ന ഹൃദയവേദനയോടെയാണ് അവിടെ നിന്നും പടികളിറങ്ങിയത്. കാരണവന്മാർ നാളും തീയതിയും ഒക്കെ കുറിച്ച് വന്നപ്പോൾ ആറുമാസത്തിന്റെ കാത്തിരിപ്പ്. കടന്നു പോകുന്ന ഓരോ നിമിഷങ്ങളും ഫോൺവിളികളിലൂടെ പരസ്പരം കൈമാറി ഹൃദയംകൊണ്ടടുത്തു. ഒടുവിൽ ഇഷ്ടദേവതയുടെ തിരുനടയിൽ വച്ച് ആഘോഷ പൂർവ്വമായ വിവാഹം…ഒരു പുഴ പോലെ ഒന്നായി തമ്മിലലിഞ്ഞൊഴുകിയ മധുവിധു ദിനങ്ങൾ…
അനിയേട്ട എണീറ്റേ…രണ്ടാഴ്ചആയില്ലേ ഹോസ്പിറ്റലിൽ പോയിട്ട്…അങ്ങോട്ടേക്കുള്ള വഴി മറന്നു പോയോന്ന് ചോദിക്കാൻ ഏതോ ഒരു അർജുൻ ഡോക്ടർ ഇപ്പോൾ വിളിച്ചതേ ഉള്ളൂ…അയാളുടെ ഓരോരോ ചോദ്യം കേട്ടിട്ട് എന്റെ തൊലി ഉരിഞ്ഞു പോയി”
“പെണ്ണു കെട്ടാത്ത അവനിതിന്റെ സുഖം അറിയാഞ്ഞിട്ടാ…ഞാൻ ഒരാഴ്ച കൂടി ലീവ് നീട്ടാനിരിക്കയാ…എനിക്കൊന്നും വയ്യ നിന്നെ കാണാതെ..” “അയ്യടാ…കഴിഞ്ഞ 28 കൊല്ലം എന്നെ കാണാതെ തന്നെയല്ലേ മോൻ ജീവിച്ചത്…?” “അത് തന്നെയാ ഞാനും ആലോചിക്കണെ. നീ എൻറടുത്തേക്ക് വരാൻ ഇത്രയും വൈകി പോയതെന്തേ ലച്ചൂ.” “ഓരോ ഉടായിപ്പ് പറയാതെ ജോലിക്ക് പോകാൻ നോക്കിയേ മനുഷ്യാ…എന്നിട്ട് വേണം എനിക്കും എന്റെ ജോലി കാര്യം ഒന്ന് കാര്യമായി അന്വേഷിക്കാൻ” “ഇതിനൊക്കെ നീ അനുഭവിക്കും ദുഷ്ടേ…നോക്കിക്കോ ഞാൻ ലേറ്റ് ആയിട്ടെ തിരികെ വരൂ…”
ഒച്ച് പോലെ ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ച് ഹോസ്പിറ്റൽ വിട്ട് തിടുക്കത്തിൽ വീട്ടിലെത്തുമ്പോഴേക്കും വാതിൽപ്പടിയിൽ വഴിക്കണ്ണുമായി നിന്നവൾ ഓടി മുറ്റത്തെത്തിയിരുന്നു. പടി കടന്ന് പോയ നിമിഷം തൊട്ട് തിരിച്ചെത്തിയത് വരെയുള്ള വിശേഷങ്ങളൊക്കെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കേൾക്കണം എന്നുമവൾക്ക്…ഞാൻ ആണെങ്കിലോ പിരിഞ്ഞിരുന്ന നിമിഷങ്ങൾക്കുള്ള സ്നേഹം മുഴുവൻ അവളിൽ നിന്നും നുകർന്നെടുക്കുന്ന തിരക്കിലും…
ഞങ്ങളുടെ പ്രണയം ഒരു കുഞ്ഞു ജീവനായി അവൾക്കുള്ളിൽ നാമ്പിട്ടു എന്നറിഞ്ഞ നിമിഷം തൊട്ട് എന്റെ അമ്മയും അവളുടെ അച്ഛനും നിലത്ത് ഒന്നുമായിരുന്നില്ല. അമ്മയില്ലാതെ വളർന്ന ലച്ചുവിനെ എന്നേക്കാളും ഇഷ്ടമായിരുന്നു എന്റെ അമ്മയ്ക്ക്…അവൾക്ക് തിരിച്ചും…ഏഴാം മാസത്തിൽ ഒരു ജോബ് ഇൻറർവ്യൂ ക്ലിയർ ആയി വന്നപ്പോൾ അമ്മയായിരുന്നു അവൾക്ക് സപ്പോർട്ട്. അവളുടെ ആരോഗ്യം അനുവദിക്കുമോ എന്ന് ഇരു മനസ്സുമായി നിന്ന എനിക്ക് ധൈര്യം തന്നതും അമ്മയായിരുന്നു.
“അവൾ ഒത്തിരി കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത ജോലിയല്ലേ…? പൊക്കോട്ടെ ടാ…ധൈര്യം കൊടുക്കുന്നതിന് പകരം അതിനെ പേടിപ്പിക്കുന്ന നീയൊക്കെ എവിടുത്തെ ഡോക്ടർ ആടാ…?” അവരുടെ ഇഷ്ടത്തിന് തന്നെ വിട്ടു കൊടുത്തു. ട്രെയിനിങ് പൂർത്തിയായി വന്നപ്പോഴേക്കും ദൈവകൃപയാൽ ആപത്തൊന്നും ഇല്ലാതെ അച്ചുട്ടൻ പുറത്തുവന്നു. അവന് മൂന്ന് മാസം കഴിഞ്ഞതും ലച്ചു വീണ്ടും ജോലിക്ക് ജോയിൻ ചെയ്തു.
വായിലേക്ക് വെച്ച് കൊടുക്കുന്ന കുപ്പിപ്പാൽ തുപ്പിക്കളഞ്ഞ് അമ്മയുടെ ചൂടിനായി കരയുന്ന അച്ചുവിനെ ആശ്വസിപ്പിക്കാൻ അമ്മ കഷ്ടപ്പെടുന്നത് കാണുമ്പോൾ എപ്പോഴൊക്കെയോ ലച്ചുവിനെ ന്യായീകരിക്കാൻ പറ്റാതായി തുടങ്ങി…എങ്കിലും ജോലി കഴിഞ്ഞ് വന്ന് അവനെ ശ്രദ്ധിക്കാൻ സമയം കണ്ടെത്താൻ ആദ്യമാദ്യം അവൾ ശ്രമിച്ചിരുന്നു. അവളുടെ സ്നേഹത്തിന്റെ നഷ്ടം എനിക്ക് മാത്രമായി ഒതുങ്ങി.
അവനൊരു ആറുമാസമായി തുടങ്ങിയതും അവളുടെ ജോലി സമയം രാത്രി വരെ നീണ്ടു തുടങ്ങി. പാവം അമ്മ…അവളില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ അറിയിക്കാതെ കഴിച്ചുകൂട്ടാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒടുവിൽ ഒരാഴ്ച വീട് വിട്ട് ഓഫീഷ്യൽ യാത്ര പോകണമെന്ന് പറഞ്ഞു വന്നപ്പോൾ എന്നെയും മോനെയും വിട്ടു നിൽക്കുന്നതിൽ ഇവൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലേ എന്നാണ് ചിന്തിച്ചത്…
അവളില്ലാത്ത ഒരാഴ്ചക്കാലം…അവളുടെ ഗന്ധമുള്ള മുറിയിൽ ഞാനും എന്റെ കുഞ്ഞും…ഞങ്ങൾ അവളെ സ്നേഹിക്കുന്നതിന്റെ ഒരംശം പോലും അവൾക്ക് ഇങ്ങോട്ടേക്ക് ഇല്ലെന്നു തോന്നി. എങ്കിലും അവൾ തിരിച്ചെത്തുന്ന ദിവസം ഹൃദയം വീണ്ടും അവൾക്കായി തുടിച്ചു തുടങ്ങി.
പതിവിലും നേരത്തെ തന്നെ ഇറങ്ങി. വീട്ടിലെത്തിയിട്ടും പ്രതീക്ഷിച്ച ആളെ പുറത്തെങ്ങും കണ്ടില്ല. അമ്മയെ വിളിച്ച് നോക്കിയിട്ടും മറുപടിയൊന്നും കിട്ടിയില്ല. ഒരു സംശയത്തോടെ അടുക്കളയിൽ എത്തി നോക്കിയപ്പോൾ അമ്മ തറയിൽ ബോധം കെട്ട് വീണു കിടക്കുന്നു. അച്ചുവാണെങ്കിൽ മുട്ടിലിഴഞ്ഞ് നീന്തി നടന്ന് തറയിലെ എന്തൊക്കെയോ പെറുക്കിത്തിന്നുന്നു. ഓടിച്ചെന്ന് മുഖത്ത് വെള്ളം തളിച്ചതും അമ്മയുടെ കണ്ണുകൾ ചിമ്മി തുറന്നു. എന്റെ ശ്വാസം നേരെ വീണു.
“എനിക്കൊന്നും ഇല്ലെടാ…ഇത്രനേരം ലച്ചു മോളോട് വർത്താനം പറഞ്ഞ് ഇരിക്കയായിരുന്നു. എന്തോ ജോലി ചെയ്തു തീർക്കാൻ ഉണ്ടെന്ന് പറഞ്ഞു അവൾ മുകളിലേക്ക് കയറിയതും അച്ചൂട്ടന് ഭക്ഷണം എടുക്കാൻ വന്നതാ ഞാൻ…പിന്നെ നടന്നതൊന്നും ഓർമ്മയില്ല…”
കേട്ടപാതി ഒരലർച്ചയായിരുന്നു ” ലച്ചു” “ആഹാ അനിയേട്ടൻ ഇത് എപ്പോൾ എത്തി..? എന്തൊരു ഒച്ചപ്പാടാ ഇവിടുന്ന്…” ചിരിച്ചുകൊണ്ട് കൊഞ്ചിക്കുഴഞ്ഞ് അവള് വരുന്നത് കണ്ടതും നിയന്ത്രണം വിട്ടു പോയിരുന്നു. കൈവീശി ഒരൊറ്റ അടിയായിരുന്നു….
“എന്റെ അമ്മയെയും മോനെയും നോക്കുന്നതിനും വലിയ എന്ത് ജോലിയാടീ നിനക്ക് ചെയ്യാനുള്ളത്…? അതിന് നിനക്ക് പറ്റില്ലെങ്കിൽ എനിക്ക് വേണ്ട ഇങ്ങനെയൊരുത്തിയെ ഭാര്യ ആയിട്ട്…ഇപ്പം ഇറങ്ങിക്കോണം ഇവിടുന്ന്…നിനക്ക് വേണ്ടായിരുന്നെങ്കിൽ വയറ്റിൽ വെച്ച് തന്നെ കൊന്നുടായിരുന്നോ ഈ കുഞ്ഞിനെ…അല്ലെങ്കിൽ എനിക്കും ഇവനും വല്ല വിഷവും കലക്കി താ…നിന്റെ തടസ്സങ്ങൾ മാറട്ടെ…ഇങ്ങനെ ജീവിക്കുന്നതിനും ഭേദം അതാണ്…” അവിശ്വസനീയതയോടെ അവൾ തറഞ്ഞു നിന്നു.
‘നീ എന്റെ കുഞ്ഞിനെ തല്ലി അല്ലേടാ…? കാൽക്കീഴിലിട്ട് ചവിട്ടി മെതിക്കാൻ അല്ല ഞാനവളെ നിനക്ക് തന്നത്. ഞാനിപ്പോ വന്നതുകൊണ്ട് ഇവിടെ നടക്കുന്നതൊക്കെ അറിഞ്ഞു” അവളുടെ അച്ഛൻ ഗോവിന്ദൻ പിള്ള…കാര്യങ്ങൾ എന്റെ പിടിവിട്ട് പോയി തുടങ്ങിയിരുന്നു.
“അത് അച്ഛാ..” “മിണ്ടരുത്…ലച്ചു നിന്നോടാ എനിക്ക് പറയാനുള്ളത്…നീ എന്റെ മകൾ ആണെങ്കിൽ ഇപ്പൊ എടുക്കാൻ ഉള്ളത് ഒക്കെ എടുത്തു എന്റെ കൂടെ ഇറങ്ങിക്കോ…നിന്നെ വേണ്ടാത്ത ഒരുത്തന്റെ കൂടെ കടിച്ചുതൂങ്ങി കിടക്കണ്ട ഗതികേട് ഒന്നും എന്റെ മോൾക്ക് ഇല്ല”
എന്നെയോ അമ്മയെയോ ഒന്ന് നോക്കുക പോലും ചെയ്യാതെ അച്ചുവിനെയും എടുത്തു ലച്ചു പടിയിറങ്ങിയത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ…പിന്നെ കേസായി…കോടതിയായി…എത്രയും പെട്ടെന്ന് ഡിവോഴ്സ് വേണം എന്ന ഡിമാൻഡ് മാത്രമേ ഉള്ളായിരുന്നു അവൾക്ക്…
മൂന്ന് വയസ്സിനുശേഷം ഒന്നിടവിട്ട മാസങ്ങളിലെ അച്ചുവിന്റെ കൈവശാവകാശം മാത്രം എനിക്ക് ആശ്വാസമായി…വർഷങ്ങൾക്കിപ്പുറം അവളുടെ ഫോൺകോൾ എന്നെ തേടിയെത്തി. “അച്ചുവിന് നല്ല പനിയുണ്ട്…ഒരാഴ്ച കൂടി കഴിഞ്ഞ് അവനൊന്ന് ഭേദമായിട്ട് കൊണ്ടു വിട്ടാൽ മതിയോ…” “അനുവദിച്ച സമയത്ത് തന്നെ എന്റെ മോനെ എനിക്ക് കിട്ടണം…മുടന്തൻ ന്യായങ്ങൾ പറയുമ്പോൾ ഞാൻ ഒരു ഡോക്ടർ ആണെന്ന കാര്യം ശ്രീലക്ഷ്മി മറക്കരുത്.”
അച്ചുവിനെ ഡ്രോപ്പ് ചെയ്യാൻ വന്നത് ലച്ചു തന്നെയായിരുന്നു. അവനാണെങ്കിലോ നല്ല പനിയും…കുഞ്ഞിനെ വിട്ടുതരാൻ മടിച്ചിട്ട് അവൾ കള്ളം പറയുന്നു എന്നാണ് കരുതിയത്. കുറ്റബോധം തോന്നി. “അമ്മ പോകല്ലേ” എന്നവൻ പറഞ്ഞു കൊണ്ടിരുന്നു. അവൻ ഉറങ്ങി എന്ന് കണ്ട തക്കം നോക്കി ഇറങ്ങാൻ നേരം അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. “ലക്ഷ്മിക്ക് വേണമെങ്കിൽ അവന് ഭേദം ആകുന്നതുവരെ ഇവിടെ താമസിക്കാം. അവൻ എഴുന്നേറ്റാൽ ചിലപ്പോൾ വാശിപിടിച്ച് കരയും”
“താങ്ക്സ്…ഞാനിത് ചോദിക്കാൻ ഇരിക്കയായിരുന്നു” ഒരുപോള കണ്ണടക്കാതെ അച്ചുവിന് കാവലിരിക്കുന്ന അവളിലെ അമ്മയെ ഞാൻ അറിയുകയായിരുന്നു. അതിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപനം വന്നത്. അച്ചുവിന് ഭേദം ആയെങ്കിലും അവൾക്ക് തിരിച്ചുപോകാൻ വയ്യാതെയായി. ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ അച്ചുവിനെ നോക്കുന്ന ഗോപാലേട്ടനും വരാൻ പറ്റില്ല. അച്ചുവിനെ ലക്ഷ്മിയെ ഏൽപ്പിച്ച് ഡ്യൂട്ടിക്ക് പോകുമ്പോൾ എന്തോ ആശങ്കയൊന്നും തോന്നിയില്ല.
അവരുടെ കളിചിരികളുടെ ഇടയിലേക്ക് ചെന്ന് അവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു. എങ്കിലും എന്നും അവരെയിങ്ങനെ ദൂരെനിന്ന് നോക്കിക്കാണാനേങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സ് ഇപ്പോൾ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു…
“എന്തൊരു നല്ല മണമാ…സ്പെഷ്യൽ വല്ലതും ആണോ…?” തൊട്ടുപിറകിൽ ലക്ഷ്മി പുഞ്ചിരിയോടെ നിൽക്കുന്നു.
“തന്റെ ഫേവറേറ്റ് തന്നെയാ…പൂരി..ബജി” “എങ്കിൽ എന്നെ വിളിക്കാമായിരുന്നില്ലേ…ഇതിപ്പോ ഒറ്റയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ലേ…? അതുമാത്രമല്ല lockdown വീണ്ടും നീട്ടി” “സഹായിക്കാൻ ആണെങ്കിൽ എനിക്ക് തന്റെ സ്പെഷ്യൽ കോഫി ഇട്ടു തന്നോളൂ…എത്ര ട്രൈ ചെയ്തിട്ടും ആ രുചി എനിക്ക് ഇപ്പോഴും വഴങ്ങിയിട്ടില്ല”
“അനൂപിന് അതൊക്കെ ഓർമ്മയുണ്ടോ..?” “ചിലതൊക്കെ മറക്കാൻ പറ്റാത്തത് തന്നെയാണ് എന്റെ പരാജയം” അവളുടെ മുഖത്ത് ചിരി മാഞ്ഞ് ഇരുള് പരന്നതും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി….
“മറവി ഒരു അനുഗ്രഹം തന്നെയാണ്. അമ്മ പോയത് ഒരു മാസം കഴിഞ്ഞാണ് അറിഞ്ഞത്. അച്ഛൻ മനപ്പൂർവ്വം പറഞ്ഞില്ല. പൂനയിൽ ആയിരുന്നെങ്കിലും ഓടി വന്നേനെ ഞാൻ…പിന്നെ ആലോചിച്ചപ്പോൾ കാണാതിരുന്നത് നന്നായി എന്ന് തോന്നി. കുറ്റബോധം ആയിരുന്നു…”
“ഞാൻ ഇല്ലാതായാലും എന്റെ മോനെയും ഈ വീടിനെയും എന്റെ കുറവ് അറിയിക്കാതെ നോക്കണേ…” ആ പടി കടന്നു വന്ന ദിവസം അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു. പാലിക്കാൻ പറ്റിയില്ല…എന്നെങ്കിലുമൊരിക്കൽ നേരിട്ടുകണ്ട് മാപ്പ് പറയണമെന്നുണ്ടായിരുന്നു. ഇപ്പോൾ അനൂപിനോട് ഞാൻ മനസ്സറിഞ്ഞ് മാപ്പ് ചോദിക്കുകയാണ്…
ഒന്നും മനപൂർവ്വം ആയിരുന്നില്ല. ഒരുപാട് ആഗ്രഹിച്ച ജോലി കിട്ടിയപ്പോൾ കഴിവ് തെളിയിക്കാനുള്ള നെട്ടോട്ടം ആയിരുന്നു. എനിക്കും എന്തൊക്കെയോ ചെയ്യാൻ ഉണ്ടെന്നു തോന്നി. അതിനിടയിൽ ഒരിക്കലും നിങ്ങളെ ആരെയും മറന്നിട്ടില്ല…എന്റെ സ്വന്തം അല്ലേ…? എന്നും കൂടെ ഉണ്ടാവുന്നതല്ലേ എന്നായിരുന്നു ചിന്ത. പക്ഷേ ഒന്ന് പറന്നു നോക്കാൻ തുടങ്ങും മുൻപേ തന്നെ കൈവിട്ടു പോയതൊക്കെ ഞാൻ നെഞ്ചോടടക്കി പിടിച്ചതായിരുന്നു എന്ന് മാത്രം…
അനൂപ് എന്നെ സ്നേഹിച്ചിട്ടേ ഉള്ളൂ. അതിന്റെ ആഴം അറിഞ്ഞ ഞാൻ ഒരിക്കലും അച്ഛന്റെ വാക്കുകേട്ട് ഇറങ്ങി പോകരുതായിരുന്നു. പെട്ടെന്ന് എന്നെ വേണ്ട എന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ വേറൊന്നും ചിന്തിക്കാൻ ഇരുപത്തിമൂന്നാം വയസ്സിൽ കഴിഞ്ഞില്ല. അച്ചുവിനെ നെഞ്ചോടടുക്കി പിടിച്ച് കരഞ്ഞു തീർത്ത രാത്രികളിൽ അനൂപ് എന്നെ തിരിച്ചു വിളിക്കാൻ വരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. അങ്ങനെയൊന്ന് സംഭവിക്കാതെ ഇരുന്നപ്പോൾ മനസ്സിലായി എന്നോടുള്ള വെറുപ്പിന്റെ തീവ്രത…ഒഴിഞ്ഞു തരാൻ തീരുമാനിച്ചു…എന്നെക്കാൾ നല്ലത് തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുകയല്ലാതെ ശപിച്ചിട്ടില്ല ഒരിക്കലും…
“താൻ എന്തിനാ കുറ്റം മുഴുവൻ സ്വയം ഏൽക്കുന്നത്…? ഞാനല്ലേ തെറ്റുകാരൻ…? എല്ലാം എന്റെ സ്വാർത്ഥത ആയിരുന്നു. വീട് വിട്ട് നിൽക്കുന്ന ഓരോ നിമിഷവും എനിക്കും മോനും മാത്രം കിട്ടേണ്ട തന്റെ സ്നേഹവും സമയവും ഒക്കെ മറ്റാരോ പങ്കിട്ട് എടുക്കുന്നത് പോലെയായിരുന്നു. സത്യം പറഞ്ഞാൽ തന്റെ ശ്രദ്ധ കിട്ടാൻ വേണ്ടിയായിരുന്നു പലപ്പോഴും വഴക്കിടുന്നത്. സ്നേഹം പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ തന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ല…
തന്റെ കമ്പനിയുടെ ഇപ്പോഴത്തെ വളർച്ച കാണുമ്പോഴാ മനസ്സിലാകുന്നത്, സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഒക്കെ ഉള്ള ഒരു പെണ്ണിനെ കെട്ടിയിടാൻ നോക്കിയ വിഡ്ഢിആയിരുന്നു ഞാനെന്ന്…ഒന്ന് നുള്ളി നോവിക്കാൻ പോലും ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അമ്മയെ അങ്ങനെയൊരു സാഹചര്യത്തിൽ കണ്ടപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു പോയി. എരിതീയിൽ എണ്ണ ഒഴിക്കാൻ അച്ഛനും…എങ്കിലും താൻ എന്നെ വിട്ടു പോകും എന്ന് കരുതിയില്ല. നിന്നെയും മോനേയും കാണാതെ ഉരുകി…ഉരുകി…ഒരായിരം തവണ നിന്നെ തേടി പടിവാതിൽ വരെ എത്തിയിട്ടുണ്ട്. പക്ഷേ നിന്നെയും അച്ഛനെയും അഭിമുഖീകരിക്കാൻ ധൈര്യം ഇല്ലായിരുന്നു.
മദ്യമായിരുന്നു ജീവൻ പിടിച്ചുനിർത്താൻ സഹായിച്ചത്. അതിന്റെ ലഹരിയിലാഴുമ്പോൾ നീ അരികിൽ എവിടെയോ ഉണ്ടെന്നു തോന്നും. ഡിവോഴ്സ് നേടിയിട്ടും എന്നെങ്കിലുമൊരിക്കൽ നീ എന്നെ തേടി വരും എന്ന് തന്നെ വിശ്വസിച്ചു. അമ്മ പോയിട്ടും വരാതിരുന്നപ്പോൾ മനസ്സിലായി, എത്രമാത്രം ഞാൻ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന്. തന്നെ മാത്രമല്ല അമ്മയെയും…അവസാന നാളുകളിൽ ഞാൻ ഒറ്റയ്ക്കായി പോയി എന്നു പറഞ്ഞു കരച്ചിലായിരുന്നു…മരിക്കാൻ നേരവും ഒരു കൂട്ട് കണ്ടെത്താൻ മാത്രമേ ആവശ്യപ്പെട്ടുള്ളൂ…”
“അമ്മയുടെ ആഗ്രഹം നടത്തി കൊടുത്തൂടെ…എനിക്കും അതൊരു സമാധാനമായേനെ…ഞാൻ കണ്ടെത്തി തരാം നല്ലൊരു കുട്ടിയെ…പ്രായമേറി വരുമ്പോൾ ഒരു തുണ ഉണ്ടാവുന്നത് തന്നെയാണ് നല്ലത് “
“എൻറെ അമ്മ എന്നോട് ഏതെങ്കിലും ഒരു പെണ്ണിനെ തേടി പിടിക്കുന്ന കാര്യമല്ല പറഞ്ഞത്. അമ്മയുടെയും എന്റെയും ഒക്കെ മനസ്സിൽ കൂട്ടായിട്ട് എന്നും അച്ചുവിന്റെ അമ്മയുടെ മുഖം മാത്രമേയുള്ളൂ…താനാണത് മനസിലാക്കാതെ പോയത്….തനിക്ക് വീണ്ടും വന്നൂടെ എന്റെ ജീവിതത്തിലേക്ക്…എത്ര ഫ്രീഡം വേണമെങ്കിലും എടുത്തോളൂ…ഒന്നിനും ഒരു തടസ്സമായി ഞാൻ വരില്ല. താൻ കൂടെയുണ്ടായിരുന്ന കഴിഞ്ഞ ഒരു മാസം മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നു എന്ന് എനിക്ക് തന്നെ ബോധ്യം വന്നത്”
“ഇനിയൊരു പരീക്ഷണം വേണ്ട അനൂപ്…ഒരിക്കൽ കൂടി തോൽക്കാൻ വയ്യ…ഇപ്പോൾ നമുക്കിടയിൽ സൗഹാർദ്ദം എങ്കിലും ഉണ്ട്. പരസ്പരം കുറ്റപ്പെടുത്താതെ സംസാരിക്കാൻ ആവുന്നുണ്ട്. എന്തൊരു ആവശ്യത്തിനും നല്ലൊരു സുഹൃത്തായി ഞാനുണ്ടാകും കൂടെ…സ്നേഹിക്കപ്പെടുന്ന പെണ്ണ് എന്നും ദുർബലയാണ്…ബന്ധങ്ങളുടെ കെട്ടുപാടുകൾ അവളെ തളർത്തും”
“ഞാനും ഇതേ ഉത്തരം തന്നെ പ്രതീക്ഷിച്ചു. മനസ്സിൽ തോന്നിയ ഒരു പൊട്ടത്തരം ചോദിച്ചതായി വിട്ടു കളഞ്ഞേക്ക്…എന്നെ ഒരു സുഹൃത്തായി എങ്കിലും കണ്ടല്ലോ…അതു തന്നെ ധാരാളം…വാ വല്ലതും കഴിക്കാം…ഞാൻ അച്ചുവിനെ വിളിച്ച് ഉണർത്താം”
ഒരു മൂളിപ്പാട്ടും പാടി നടന്നുനീങ്ങുന്ന അനൂപിനെ നോക്കിനിന്നു ലക്ഷ്മി. ജീവിതം അയാളെ ഒത്തിരി മാറ്റിയിരിക്കുന്നു. പിടിവാശിക്കാരനായ അനൂപിന്റെ അവശേഷിപ്പുകൾ ഒന്നും അയാളിൽ ബാക്കിയില്ല. ഭക്ഷണം കഴിക്കുമ്പോളും മനസ്സിൽ അനൂപ് നിറഞ്ഞുനിന്നു. “എങ്ങനെയുണ്ട് അമ്മാ അച്ഛയുടെ കുക്കിംഗ്..?” അച്ചുവിന്റെ ചോദ്യം കേട്ടപ്പോഴാണ് സ്ഥലകാലബോധം വന്നത്. “സൂപ്പർ” അവനോട് മറുപടിപറഞ്ഞു ചുറ്റും നോക്കിയതും അനൂപിനെ കണ്ടില്ല. കൈ കഴുകി വന്നപ്പോഴേക്കും ആള് ഡ്രെസ്സ് മാറ്റി ഹോസ്പിറ്റലിൽ പോകാനായി ഒരുങ്ങുന്നത് കണ്ടു.
“ഈ ഒരാഴ്ച ഓഫ് ആണെന്ന് പറഞ്ഞിട്ട്…?” “ഓഫ് തന്നെയാണ്…നിനക്കോർമ്മയുണ്ടോ പഴയ ഒരു അർജ്ജുനെ…അവനാ ഡ്യൂട്ടി ചാർജ്…ഒത്തിരി കോവിഡ് പോസിറ്റീവ് കേസ് ഒക്കെ ഉള്ളതുകൊണ്ട് അവന്റെ വൈഫിന് ഭയങ്കര ടെൻഷൻ. ഒരു പാവം പൊട്ടിപ്പെണ്ണാ…അത് നിർത്താതെ കരച്ചിൽ…കൂടാതെ ഒരു കൊച്ചു കുഞ്ഞും ഉണ്ട്. അവന്റെ വിഷമം കണ്ടപ്പോൾ ഞാൻ ഡ്യൂട്ടി ചെയ്തോളാം എന്ന് പറഞ്ഞു. കാത്തിരിക്കാൻ ആളുകൾ ഉള്ളവർക്കല്ലേ ജീവനിൽ കൊതി…ഒന്നാലോചിച്ചാൽ എല്ലാവർക്കും ഗുണമുണ്ട്…ഞാൻ ഇല്ലാതായാൽ അച്ചുവിനേയും കൊണ്ട് മാസാമാസം താൻ ഇങ്ങനെ നടക്കണ്ടല്ലോ…?എന്നേക്കാൾ നന്നായി അവനെ താൻ നോക്കുമെന്ന് എനിക്കിപ്പോ അറിയാം. പിന്നെ ഈ ജീവിതം കൊണ്ട് എന്താ കാര്യം. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തേക്കുള്ള വിസ റെഡിയാവണേന്ന് പ്രാർത്ഥിക്കുന്നതിനിടയ്ക്ക അവൻ വിളിക്കുന്നത്. അതിനി ഇങ്ങനെയാണെങ്കിൽ ആവട്ടെന്ന് കരുതി”
അയാളെ കേട്ടുകഴിഞ്ഞതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അനൂപിന്റെ അടുത്തേക്ക് സമനില തെറ്റിയവളെ പോലെ നടന്നടുത്തു. “എന്താ പറഞ്ഞേ…അനിയേട്ടൻ ഇല്ലാതായാൽ എനിക്ക് ഗുണം ആണല്ലേ..? നിങ്ങളെ കാത്തിരിക്കാൻ ആരുമില്ല അല്ലേ…? നീ ഇല്ലാതെ എനിക്ക് പറ്റില്ല ലച്ചു” എന്നൊരു വാക്ക് നിങ്ങളിൽ നിന്നും കേൾക്കാൻ ആർത്തിയോടെ കാത്തിരുന്നവളെ നിങ്ങൾക്കറിയില്ല.
താലിയും സിന്ദൂരവും സുമംഗലിയുടെ ഭാവാധികളൊന്നും ഇല്ലെങ്കിലും മനസ്സുകൊണ്ട് നിങ്ങളുടെ ഭാര്യയായി കഴിയുന്ന ലച്ചുവിനെ അറിയാമോ നിങ്ങൾക്ക്…? വേറെ വിവാഹത്തിന് നിർബന്ധിക്കുന്ന അച്ഛനോട് വഴക്കിടുന്ന ലച്ചുവിനെ അറിയാമോ…എന്റെ മോന്റെയും അവന്റെ അച്ഛന്റെയും ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്ന..നിങ്ങളെ മാത്രം സ്നേഹിക്കുന്ന എന്നെ തനിയെ വിട്ടിട്ട് നിങ്ങൾക്ക് പോകണോ…പറ…എന്നെ വേദനിപ്പിച്ചു മതിയായില്ലേ നിങ്ങൾക്ക്…”
തന്റെ കോളറിൽ പിടിച്ച് എന്തൊക്കെയോ പുലമ്പുന്ന ലച്ചുവിനെ കൈകളിൽ കോരിയെടുത്തു ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ സ്നേഹം അയാളിൽ കണ്ണീർച്ചാലുകൾ തീർത്തിരുന്നു…ഇതൊന്നുമറിയാതെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അച്ചുട്ടന്റെ കൈകളിലേക്ക് ഉതിർന്ന് വീണ മഴനീർത്തുള്ളികൾ ദേവലോകകത്തിരിക്കുന്ന മറ്റൊരമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഹൃദയബാഷ്പങ്ങൾ ആയിരുന്നു….