അച്ഛനെയാണെനിക്കിഷ്ടം – എഴുത്ത്: രജിഷ അജയ് ഘോഷ്
അപ്പുവിൻ്റെ സ്കൂൾബസ് വരാൻ ഇനിയും സമയമുണ്ട്. റോഡിലൂടെ ചീറിപ്പായുന്ന ബൈക്കുകളുടെയും കാറുകളുടെയും പിന്നാലെ വെയിറ്റിംഗ് ഷെഡ്ഡിലിരുന്ന എൻ്റെ കണ്ണുകൾ പായുന്നുണ്ടായിരുന്നു. ഇടയ്ക്കാരോ അവിടെ വന്നിരുന്നു. എൻ്റെ കണ്ണുകൾ അങ്ങോട്ടു തിരിഞ്ഞു.
നിറം മങ്ങിയ ഷർട്ടും മുണ്ടും ധരിച്ച, വയസ്സായ ഒരാൾ. കൈയ്യിൽ ഒരു കവറുണ്ട്. പണി കഴിഞ്ഞിട്ടു വീട്ടിൽ പോവാൻ ബസും നോക്കിയിരിക്കുകയാണ്. ആ മുഖം എൻ്റെ മനസ്സിൽ വല്ലാത്ത നോവുണർത്തി. അച്ഛനെയോർത്തു….
അച്ഛന് ഇത്ര വയസ്സായില്ല എന്നാലും അച്ഛൻ കൂലിപണിക്കു പോവുന്നത് എനിക്കെന്നും സങ്കടമായിരുന്നു. എൻ്റെ വിവാഹവും കഴിഞ്ഞ് അനിയനും അനിയത്തിയും കോളേജിലേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് കൃഷിയിലെ വരുമാനം എങ്ങുമെത്താതായപ്പോൾ അച്ഛൻ പുറത്ത് പണിക്കു പോവാൻ തുടങ്ങിയത്.
കുട്ടിക്കാലത്ത് മേമയുടെ വീട്ടിൽ നിൽക്കാൻ പോയപ്പോൾ വീണ് നെറ്റി പൊട്ടിയതറിഞ്ഞ് രാത്രി തന്നെ എന്നെ അവിടെന്നു കൊണ്ടു പോന്നു…പിന്നെ എവിടെയും തനിച്ചു വിട്ടില്ല അച്ഛൻ. സ്കൂളടച്ചാൽ കൂട്ടുകാർ എല്ലാവരും വിരുന്നു പോവുന്നതു കണ്ട് ഞാൻ സങ്കടപ്പെടും. അന്നൊക്കെ അച്ഛനോടു ദേഷ്യം തോന്നിയിരുന്നു. മനസ്സിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആളാണെന്ന് അമ്മയോടു പരാതി പറയും.
എവിടെ പോയാലും അച്ഛൻ്റെ കൈ എൻ്റെ കയ്യിൽ പിടിച്ചിട്ടുണ്ടാവും. എനിക്കാണെങ്കിൽ അപ്പോൾ ആ കൈ തട്ടിമാറ്റി ഓടാൻ തോന്നുമായിരുന്നു. കാലങ്ങൾ കഴിഞ്ഞാണ് ആ കൈകൾ സ്നേഹവും കരുതലും കൊണ്ട് ചേർത്ത് പിടിച്ചതായിരുന്നു എന്ന് മനസ്സിലായത്.
വിവാഹം കഴിഞ്ഞ് ഏട്ടൻ്റെ കൈയ്യിൽ എൻ്റെ കൈ ചേർത്തുവച്ച് അച്ഛൻ്റെ കൈ എടുത്തപ്പോൾ ആദ്യമായ് ഒരു നോവ് എന്നിൽ നിറഞ്ഞു. പിന്നെ എന്നെ കാണാൻ എല്ലാ ആഴ്ചയിലും അച്ഛനെത്തും. കൈയിൽ അധികവും ഹൽവയും ജിലേബിയും പോലുള്ള മധുരം നിറഞ്ഞ പൊതികളാവും. അച്ഛനറിയാം മധുരം എനിക്കേറെ ഇഷ്ടമാണെന്ന്….
അപ്പു ഉണ്ടായി ലേബർ റൂമിൽ നിന്നറങ്ങിയപ്പോൾ വിറയലോടെ എന്നെ ചേർത്തു പിടിച്ചു കൈകൾ അച്ഛൻ്റെതായിരുന്നു. റൂമിലെത്തിയപ്പോൾ എല്ലാവരും കുഞ്ഞിനെ കാണാൻ തിരക്കുകൂട്ടുന്നു. അച്ഛൻ എൻ്റെ തലയിൽ തലോടി “മോൾക്കെന്താ കഴിക്കാൻ വേണ്ടെ…” എന്നു ചോദിച്ചപ്പോൾ ആ മുഖത്ത് എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കണ്ടു.
ഒരു മഴക്കാലത്ത് ഏട്ടൻ തിരിച്ചെത്താൻ വൈകുമെന്നറിഞ്ഞപ്പോൾ ഓടിയെത്തിയ അച്ഛൻ്റെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ല. കാറ്റു വീശിയപ്പോൾ കറൻ്റു പോയിരുന്നു. ഞാനും ഒരു വയസ്സുകാരൻ അപ്പുവും മാത്രം. അടുത്തൊന്നും വേറെ വീടുകളുമില്ല. അപ്പുവിനെ പൊത്തി പിടിച്ചിരുന്നു. വല്ലാത്ത പേടിയും…
“മക്കളെ…” അച്ഛൻ്റെ ശബ്ദം കേട്ടപ്പോൾ ജീവൻ കിട്ടിയതുപോലെ തോന്നി. പേടിച്ചോ മോളെ… “ഇല്ലാച്ഛാ…” എന്നു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. അച്ഛനറിയാം എനിക്ക് ഇരുട്ടിനെ പേടിയാണെന്ന്.
ഒരാഴ്ച്ച അച്ഛനും അമ്മയ്ക്കുമൊപ്പം നിന്നിട്ടു പോരുമ്പോഴും കാണാം ഇന്നുതന്നെ പോണോ എന്ന ചോദ്യം ആ മുഖത്ത്. “നിനക്ക് ക്ഷീണമാണല്ലോ മോളെ…ഭക്ഷണം കഴിക്കണം ട്ടോ, സ്നേഹം കൊണ്ടു പറയുന്നതാ….” ഏട്ടൻ്റെ കൂടെ വണ്ടിയിലിരിക്കുമ്പോൾ കാണാം അച്ഛൻ്റെയും അമ്മയുടെയും നിറഞ്ഞ മിഴികൾ.
ഞാനും എൻ്റെ അച്ഛൻ്റെ രാജകുമാരിയാണ്. അഭിമാനത്തോടെ ഞാനോർത്തു.