എഴുത്ത്: ആൻ.എസ്.ആൻ
നാലാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വലിയ കുഞ്ഞ് തന്നെയാ ഹരി കുഞ്ഞ്…ഒരു ഞെട്ടലോടെ കൂടി ഞാൻ അത് കേട്ടു. ശരീരമാകെ ഒരു തളർച്ച വന്നു നിറഞ്ഞു. എന്നാലും ഇവിടുന്ന് ചാടി തുള്ളി പോയ കാട്ടാളൻ…ഈ ഹരിഹരൻ എന്നൊക്കെ കേൾക്കുമ്പോൾ കുറഞ്ഞത് ഒരു 45 വയസ്സ് എങ്കിലും…എന്റെ മനസ്സ് തർക്കിച്ചു കൊണ്ടിരുന്നു.
എന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യനോട് നേരത്തെ തോന്നിയ സഹതാപതരംഗം ഒക്കെ മാറി ദേഷ്യം വന്നു നിറഞ്ഞു. ഇയാൾക്ക് കുഞ്ഞ്, വലിയത് എന്നൊക്കെ പറയുന്നതിന് പകരം നേരാംവണ്ണം കാര്യം പറഞ്ഞാൽ പോരായിരുന്നോ…? പാവത്താൻ മട്ടിൽ നിന്നിട്ട് എന്നെ ഈ വാരിക്കുഴിയിൽ ചാടിച്ചത് ഇയാളല്ലേ…?
അല്ല..ഇയാളെ പറഞ്ഞിട്ടും കാര്യമില്ല. ഞാനും ഒട്ടും മോശക്കാരിയല്ല. എടുത്തുചാടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ…? വാവിട്ട വാക്കും പോയികിട്ടിയ ഇമേജും ഇനി തിരിച്ചെടുക്കാനാവില്ല. ജോയിനിങ് ഇന്നിനി ഏതായാലും നടക്കില്ല. എന്നെങ്കിലും ഒന്ന് നടന്നാ മതിയായിരുന്നു. അയാളുടെ ഔട്ട്ഹൗസിലേ താമസവും ഗോവിന്ദ…ഈ കുഗ്രാമത്തിൽ ഞാൻ ഇനി എന്താ വേണ്ടത്…? ഒരു രൂപവും ഇല്ലല്ലോ ഈശ്വരാ…എന്നോർത്ത് തിണ്ണയിലിരുന്നു പോയി ഞാൻ.
ഞാനിപ്പോ വരാം കുഞ്ഞേ…എന്നു പറഞ്ഞു ഡ്രൈവർ ആ വലിയ വീടിന്റെ ഭാഗത്തേക്ക് നടന്നു പോയി. ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. ഡോക്ടർ ആണ്. ഞാൻ പെട്ടെന്ന് തന്നെ ആൻസർ ചെയ്തു.
ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ ജോലി എല്ലാം തീർതേക്കല്ലേ പാറൂസ്…നാളത്തേക്ക് കൂടെ വല്ലതും വെച്ചേക്കണേ…പിന്നെ സർക്കാർ ഓഫീസിൽ ചെന്നിട്ട് നീയായിട്ട് അവിടുത്തെ പതിവ് തെറ്റിക്കേണ്ട കേട്ടോ. ഞാൻ കുറച്ചു നേരമായി വിളിക്കുന്നു.
പാവം ഡോക്ടർ..!! ഇവിടെ ചട്ടിയും കലവും രണ്ടായ കഥ ഉണ്ടോ അവിടെ അറിയുന്നു. ഞാൻ പതിയെ കാര്യങ്ങളൊക്കെ വിശദമായി തന്നെ പറഞ്ഞു കൊടുത്തു.
എന്നാലും പൂച്ചയെ പോലെ ഇരിക്കുന്ന നീ തന്നെയാണോ പാറു അയാളോട് ചാടിക്കടിക്കാൻ പോയത്…? നിനക്ക് ഇത്തിരി പക്വത ഉണ്ടെന്ന ഞാൻ കരുതിയത്. നോക്കിയും കണ്ടും ഒക്കെ വേണ്ടേ ഓരോന്ന് ചെയ്യാൻ…
അപ്പൊ ഡോക്ടറും അയാളുടെ പക്ഷത്ത് ആണല്ലേ…ഞാൻ കരുതി…
ഞാൻ തന്റെ പക്ഷത്ത് തന്നെയാ പാറു…പക്ഷേ അതുകൊണ്ട് ഇവിടെ പ്രശ്നം തീരില്ലല്ലോ…? ഏതായാലും താൻ ഇനിയിപ്പം അവിടെ താമസിക്കേണ്ട. ഞാൻ അമ്മയെ വിളിച്ച് അമ്മാവനോട് ചോദിക്കാൻ പറയട്ടെ…താൻ തറവാട്ടിൽ നിൽക്കുന്നത് അമ്മായിക്കും ഒരു കൂട്ടായിരിക്കും.
എന്നെ കണ്ടുമുട്ടിയത് കാരണം ഡോക്ടർക്ക് ഒത്തിരി ബുദ്ധിമുട്ടായി അല്ലേ….
തന്റെ കാര്യത്തിൽ തൽക്കാലം ഇത്തിരി ബുദ്ധിമുട്ടാൻ തന്നെയാണ് എന്റെ തീരുമാനം. താൻ ഭാരിച്ച കാര്യങ്ങളൊന്നും തൽക്കാലം അന്വേഷിക്കേണ്ട…പിന്നെ ഞാൻ ഇന്നു പോയ ഇൻറർവ്യൂ എന്തായി എന്ന് ചോദിച്ചോ താൻ…? അങ്ങനെയൊരു ചോദ്യം തന്റെ അടുത്തുനിന്ന് ഞാൻ പ്രതീക്ഷിച്ചു. സാരമില്ല ഇനി ഞാൻ തന്നെ പറയാം. നാളെ രാവിലെ ഞാൻ പുറപ്പെടുന്നു ഹോസ്പിറ്റലിലേക്ക്…തന്റെ ടീച്ചർ അമ്മയുടെ കൂടി അടുത്തേക്ക്…അവരുടെ വാർഡ് ഡീറ്റെയിൽസ് ഒക്കെ എനിക്കൊന്നു വാട്സ്ആപ്പ് ചെയ്യ്…ഞാൻ വെക്കുവാ…ഒത്തിരി പാക്കിംഗ് ഒക്കെ ബാക്കിയുണ്ട്. പിന്നെ അമ്മാവന്റെ വീട്ടിലെത്തിയിട്ട് വിളിക്ക് താൻ. അതോ ഇനി ഞാൻ തന്നെ വിളിക്കേണ്ടി വരുമോ…?
വേണ്ട ഞാൻ വിളിച്ചോളാം. പിന്നെ ഇവിടുത്തെ കാര്യം ഒന്നും തൽക്കാലം ടീച്ചറമ്മയോടു പറയേണ്ട. പാവത്തിന് വിഷമമാകും.
അതു താൻ പറയണോ….? തന്നെക്കാളും കാര്യ ബോധം എന്തായാലും എനിക്കുണ്ട് പാറു…
ഫോൺ വെച്ചു കഴിഞ്ഞതും മനസ്സ് ആകെ ആശ്വാസം വന്നുനിറഞ്ഞു. ഈ ഡോക്ടർക്ക് എത്ര പെട്ടെന്ന ആളുകളുടെ മനസ്സ് ശാന്തമാക്കാൻ കഴിയുന്നത്. പെട്ടെന്ന് തന്നെ വാർഡ് ഡീറ്റെയിൽസും അരുണേട്ടന്റെ നമ്പറും ഡോക്ടർക്ക് അയച്ചുകൊടുത്തു. നന്ദുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു ഡോക്ടറുടെ നമ്പറും കൊടുത്തു. അയാളുടെ തറവാട്ടിൽ താമസിക്കുന്ന കാര്യത്തിൽ മാത്രം നന്ദുവിന് ചെറിയൊരു നീരസമുണ്ടായിരുന്നു. പറ്റാവുന്ന ഒരു വാടക വീട് നോക്കി പെട്ടെന്ന് തന്നെ മാറിക്കോളാം എന്ന് പറഞ്ഞ് ഫോൺ വച്ചു.
അല്പം കഴിഞ്ഞപ്പോഴേക്കും ഓഫീസ് മുറ്റത്ത് ഒരു കാർ വന്നു നിർത്തി. അതിൽ നിന്നും ഇറങ്ങിയ അറുപതോടടുക്കുന്ന പ്രതാപിയായ ആൾ ഒരു നിമിഷം എന്നെ നോക്കി നിന്നു. മോൾ ആണോ കൈലാസിന്റെ കൂട്ടുകാരി…? അതെ…എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോഴേക്കും ശങ്കരേട്ടൻ കാറിന്റെ ഒച്ചകേട്ട് ഓടിയെത്തിയിരുന്നു.
ഔട്ട് ഹൗസിൽ താമസിക്കുന്നില്ല എന്നും പറഞ്ഞു നേരത്തെ തന്ന താക്കോൽ കൈയിൽ വെച്ച് കൊടുക്കുമ്പോഴും ആശ്ചര്യത്തോടെ എന്നെയും വന്ന ആളിനെയും മാറി മാറി നോക്കുകയായിരുന്നു ശങ്കരേട്ടൻ…
കാറിൽ കയറി ഇരുന്നിട്ടും എന്നോട് അമ്മാവൻ അധികമൊന്നും സംസാരിച്ചില്ല. കാറോടിച്ചിരുന്ന ചെറുപ്പക്കാരൻ അയാളുടെ മരുമകൻ ആണെന്നും ഏതോ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ മുതലാളി ആണെന്നും അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി. കാർ ചെന്നുനിന്നത് പ്രൗഢിയും പഴക്കവുമുള്ള ഒരു വീട്ടിലേക്കാണ്.
മടിച്ചു മടിച്ചു ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും സന്തോഷത്തോടെ ഓടി വരുന്ന അമ്മായിയെ കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി. മോൾ എത്തിയോന്ന് അറിയാൻ കിച്ചുവിന്റെ അമ്മ ഇപ്പോൾ ഫോൺ ചെയ്തു വെച്ചതേയുള്ളൂ…കേറി വാ…അവർ എന്റെ കൈ പിടിച്ച് ഞങ്ങൾ അകത്തേക്ക് കയറാൻ തുടങ്ങിയതും ഞങ്ങൾ വന്ന കാർ തിരിച്ചു പോകാൻ ഒരുങ്ങിയിരുന്നു.
കാർ എന്റെ അടുത്ത് നിർത്തിയിട്ട് ചില്ലുകൾ താഴ്ത്തി കാറോടിച്ചിരുന്ന ആൾ എന്നോട് പറഞ്ഞു. ഞാൻ സൂരജ്…കൈലാസിന്റെ കസിനാണ്. ചെറിയ കോൺട്രാക്ടിങ് ഒക്കെ ആയിട്ട് പിഴച്ചു പോകുന്നു. നമ്മൾ തമ്മിൽ ഇനിയും പലപ്പോഴായി കാണേണ്ടിവരും. ഞങ്ങളുടെ ഫയൽ ഒക്കെ വരുമ്പോൾ മാഡം ഒന്ന് വേണ്ട വിധത്തിൽ കനിയണേ…അയാളുടെ ഒരുതരം വഷളൻ ചിരിയോടു കൂടി ഉള്ള സംസാരം എനിക്ക് ഇഷ്ടമായില്ലെങ്കിലും ഒരു മറു ചിരി കൊടുക്കാൻ ശ്രമിച്ചു ഞാൻ അകത്തു കയറി.
അമ്മായി നല്ല ചൂട് ചായയും ചക്ക വറുത്തതും കൊണ്ടുവന്നു. എനിക്കായി തന്ന മുറിയിൽ കയറി കുളിച്ചു വേഷം മാറി ഡോക്ടറെ വിളിച്ചു. ഒരു നന്ദി പറയാൻ തോന്നിയെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. നാളെ കാലത്ത് നേരത്തെ തന്നെ പുറപ്പെടേണ്ടതിനാൽ പുതിയ തുടക്കത്തിന് ഓൾ ദ ബെസ്റ്റും ഗുഡ്നൈറ്റും പറഞ്ഞു പെട്ടെന്ന് തന്നെ ഫോൺ വെച്ചു.
അമ്മാവൻ വരാൻ വൈകും എന്ന് പറഞ്ഞതിനാൽ ഞാനും അമ്മായിയും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. യാത്ര കഴിഞ്ഞ് വന്നതിനാൽ എന്നോട് കിടന്നോളാൻ പറഞ്ഞു. ഉറങ്ങാൻ നേരം കണ്ണടയും മുമ്പ് സ്ഥിരമായി ടീച്ചർ അമ്മയുടെ മുഖമാണ് തെളിഞ്ഞു വരാറുള്ളത്.
ഇന്ന് പക്ഷേ തെളിഞ്ഞു വന്നതിൽ ബസ്സിൽ കണ്ട സ്ത്രീയുടെ മുഖവും കൂടി ഉണ്ടായിരുന്നു. എന്നെയും, ഡോക്ടറെയും, ഈ വീടിനെയും ഒക്കെ ബന്ധിപ്പിക്കാൻ ദൈവം അയച്ചതാണ് അവരെ എന്നു തോന്നി….
തുടരും…