സൗഹൃദം പ്രണയം ചില കൊച്ചുവാർത്തമാനങ്ങളും – എഴുത്ത്: സമീർ ചെങ്ങമ്പള്ളി
എബിൻ …..എബിൻ ജോർജ് ..എന്നായിരുന്നു അവന്റെ പേര്.വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ ആ കലാലയ വീഥികളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നതും അവന്റെ മുഖമാണ്.
അന്ന് ഞങ്ങൾ നവാഗതരായിരുന്നു.സീനിയർസിന്റെ ക്രൂരമായ വിനോദങ്ങൾക്കെതിരെ ശബ്ദിക്കാൻ പോയിട്ട് അവരുടെ മുഖത്ത് പോലും നോക്കാൻ കെൽപ്പില്ലാത്ത പാവങ്ങൾ. അങ്ങനെയിരിക്കെയാണ് ഞങ്ങൾ കാത്തിരുന്ന ആ ദിവസം വന്നെത്തിയത്. ഞങ്ങളിലെ പ്രതിഭകളെയും അവരുടെ കഴിവുകളെയും പ്രദർശിപ്പിക്കാൻ പറ്റിയ ദിവസം.ഫ്രഷേഴ്സ് ഡേ …അതെ ഞങ്ങളുടെ ദിവസം….
നിറയെ പ്രതീക്ഷകളോടെയായിരുന്നു ഫസ്റ്റ് ഇയർ കലാകാരന്മാർ സ്റ്റേജിലേക്ക് കയറിയത്.എന്നാൽ സീനിയർസിന്റെ കൂവി വിളികൾക്കും കമെന്റുകൾക്ക് മുന്നിലും പിടിച്ച് നിൽക്കാൻ കഴിയാതെ അവർ പരാചിതരായതോടെ ഞങ്ങൾ ഒരിക്കൽക്കൂടി ഇളിഭ്യരായി.
അപ്പോഴാണ് ഒരു ദൈവ ദൂതനെപ്പോലെ അവൻ അവതരിച്ചത്. അങ്ങിങ് കീറിയ ജീൻസും ടീഷർട്ടും ഇട്ടുകൊണ്ട് അവൻ സ്റ്റേജിലേക്ക് കയറിവന്നതും സീനിയർസ് ചേട്ടന്മാർ കൂവൽ ആരംഭിച്ചു.എന്നാൽ അവയൊന്നും വകവെക്കാതെ അവൻ പുഞ്ചിരി തൂകി നിന്നതോടെ അവരുടെ ആത്മവിശ്വാസവും കുറഞ്ഞു.മൈക്ക് കയ്യിലെടുത്തതും അവൻ പറഞ്ഞു തുടങ്ങി.
”എന്റെ പൊന്ന് ചേട്ടന്മാരെ ..കൂവി തോൽപ്പിക്കാൻ നോക്കിയാൽ നിങ്ങൾ തോറ്റ് തുന്നംപാടുകയേ ഒള്ളൂ….കാരണം, എന്റെ പപ്പ പറയാറുണ്ട് നിനക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന്.പിന്നെ ഞാനിവിടെ വന്നത് പഠിക്കാനാണോ എന്ന് ചോദിച്ചാൽ അതിൽ കുറച്ച് സത്യമേ ഒള്ളൂ.പിന്നെ എന്തിനാ വന്നത് എന്നല്ലേ..പ്രേമിക്കാൻ…ദേ..ആ തൂണിന് പിറകിൽ ചുവന്ന ചുരിദാർ ധരിച്ചിരിക്കുന്ന ഒരു കുട്ടിയെ കണ്ടോ…അതാണ് എന്റെ lover ..ലെന …
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അവളെ ആദ്യമായി കാണുന്നത്.അന്ന് മുതൽ തുടങ്ങിയ പ്രണയമാണ് …പ്രണയമെന്ന് പറഞ്ഞാൽ നല്ല അസ്ഥിക്കുപിടിച്ച പ്രണയം…സഹിക്കെട്ട്,ഞാനിവളുടെ പപ്പയോട് ചോദിച്ചു..ഇവളെ കെട്ടിച്ചു തരുമോ എന്ന്… .അപ്പോൾ പുള്ളിക്കാരൻ പറയുവാ ..ഒരു ഡിഗ്രി ഉണ്ടാക്കാൻ നോക്ക്…അപ്പോൾ ആലോചിക്കാം എന്ന്…അങ്ങനെയാണ് ഞാൻ ഇവളെയും കൂട്ടി ഇവിടെ എത്തിയത്.
അത്കൊണ്ട് ഞങ്ങളെ രണ്ട് പേരെയും വെറുതെ വിട്ടേക്ക് …ഞങ്ങൾ വല്ല കാന്റീനിലോ ലൈബ്രറിയിലോ പ്രേമിച്ചു നടന്നോട്ടെ..പ്ളീസ്..”
നിറ കയ്യടികളോടെയാണ് അവന്റെ പ്രസംഗത്തെ ഞങ്ങൾ സ്വീകരിച്ചത്.തൊട്ടു മുൻപ് വരെ അവനെ കൂവി തോൽപ്പിക്കാൻ ശ്രമിച്ച സീനിയർസ് ചേട്ടന്മാരൊക്കെ അവനുവേണ്ടി കരഘോഷങ്ങൾ മുഴക്കിയതോടെ അന്നാദ്യമായി ഞങ്ങൾ ജയിക്കുകയായിരുന്നു. അവനിലൂടെ..
അന്ന് കോളേജ് മുഴുവൻ പാടിക്കൊണ്ട് നടന്നത് അവനെയും അവളെയും കുറിച്ചായിരുന്നു.ലൈബ്രറിയിലും കാന്റീനിലുമെല്ലാം അവരുടെ പ്രണയ കഥകൾ മാത്രമായി സംസാര വിഷയം. അവരുമായുള്ള സൗഹൃദം പോലും പലരും അഹങ്കാരത്തോടെ വീമ്പ് പറഞ്ഞു. ഒടുവിൽ ഞാനും അവരെ പരിചയപ്പെടാൻ തീരുമാനിച്ചു. വർഷങ്ങൾക്ക് മുൻപേ അടുത്തറിയാവുന്ന പോലെ അവൻ എന്നോട് കുശലാന്വേഷണം നടത്തിയപ്പോൾ ഞാൻ വിസ്മയിച്ചു നിന്നു.കാണുന്ന മുഖങ്ങളെയെല്ലാം തന്നിലേക്ക് അടുപ്പിക്കുന്ന ഒരു മന്ത്രികനാണ് അവനെന്ന് എനിക്കപ്പോൾ തോന്നി.
അങ്ങനെ കാലങ്ങൾ വീണ്ടും കടന്നുപോയി.ഞങ്ങളെയെല്ലാം അസൂയപ്പെടുത്തി കൊണ്ട് അവരുടെ പ്രണയവും മുന്നോട്ടുപോയി. അങ്ങനെ, ഒരു വൊക്കേഷൻ സമയം.ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുന്നതിനിടയിലാണ് എന്റെ ഫോൺ ശബ്ദിച്ചത്.ഞാൻ ഫോൺ എടുത്തു.മറുതലക്കൽ എന്റെ സുഹൃത് ഫയാസ്.അവന്റെ ശബ്ദം ഇടറിയിരുന്നു.
”എടാ..നമ്മുടെ എബിനും ലെനയും സഞ്ചരിച്ചിരുന്ന ബൈക് ആക്സിഡന്റായി…ലെന മരിച്ചെടാ…എബിൻ മെഡിക്കൽ കോളേജിലുണ്ട്..”
ഒരു ഇടിമുഴക്കത്തോടെയാണ് ഞാൻ ആ വാർത്ത കേട്ടത്.ഹൃദയം പൊട്ടുന്ന വേദനയിൽ ഞാനല്പസമയം ബെഡിൽ തലവെച്ച് കിടന്നു.ഇക്കാലമത്രെയും വിസ്മയത്തോടെ നോക്കി നിന്ന ആ ഇണക്കുരുവികളിൽ ഒന്നിന്റെ വിയോഗം ആലോചിക്കാൻപോലും എനിക്ക് കരുത്തുണ്ടായിരുന്നില്ല.
ലെനയുടെ ചലനമറ്റ ശരീരം കാണാൻ ഒട്ടും ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഞാൻ മെഡിക്കൽ കോളേജിലേക്ക് പോയത്.എന്നാൽ ലെനയുടെ വിയോഗവാർത്തയെ ഉൾക്കൊള്ളാനാകാതെ സകല നിയന്ത്രണങ്ങളും നഷ്ടപെട്ട എബിനെ അവന്റെ പപ്പയും ഫ്രണ്ട്സും മെരുക്കിയെടുക്കാൻ പാടുപെടുന്നതാണ് ഞാൻ കണ്ടത്. ഇക്കാലമത്രെയും കുസൃതിയും സന്തോഷവും മാത്രം നിറഞ്ഞുനിന്നിരുന്ന അവന്റെ കണ്ണുകൾ അന്നാദ്യമായി കലങ്ങി ചുവന്നിരുന്നു.ദൈവം ഇത്ര ക്രൂരനാണോ…????…ഞാൻ സ്വയം പിറുപിറുത്തു.
ദിവസങ്ങൾ വീണ്ടും പാഞ്ഞുപ്പോയി.ലെനയില്ലാത്ത കോളേജിനെ സങ്കൽപ്പിക്കാൻ ഞങ്ങളുടെ മനസ്സ് പാകമായി.എന്നാൽ,എബിന്റെ മനസ്സിന്റെ മുറിവുണക്കാൻ കാലത്തിന് പോലും കഴിഞ്ഞില്ല.അവളുടെ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവൻ കൂട്ടാക്കിയില്ല.ഭക്ഷണം പോലും ഉപേക്ഷിച്ച് അവളുടെ ഓർമ്മകളിൽ മാത്രം ജീവിച്ച അവനെ തിരിച്ചുകൊണ്ടു വരാൻ അവന്റെ വീട്ടുകാർക്ക് പോലും സാധിച്ചില്ല.ഒടുവിൽ ആ ദൗത്യം ഞങ്ങൾ ഏറ്റെടുത്തു.
ക്ലാസ്സുള്ള ദിവസങ്ങളിൽ ഞങ്ങളിൽ ഒരാൾ അവന്റെ വീട്ടിൽ പോകും .അവന് കൂട്ട് നിൽക്കും .ഒഴിവുദിവസങ്ങളിൽ ഞങ്ങളെല്ലാവരും അവനെയും കൊണ്ട് പുറത്തുപോകും.
എരിഞ്ഞുകൊണ്ടിരുന്ന അവന്റെ മനസ്സിനെ തണുപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടേയിരുന്നു.പക്ഷെ,അവന്റെ ഹൃദയത്തിൽ ആഴത്തിലുണ്ടായ ആ മുറിവുണക്കാൻ ഞങ്ങളുടെ ശ്രമങ്ങളൊന്നും പര്യാപ്തമല്ലായിരുന്നു.
അവസാന ശ്രമമെന്നോണം ഞങ്ങൾ പുതിയൊരു പദ്ധതി തയ്യാറാക്കി.എങ്ങനെയെങ്കിലും അവന്റെ വിവാഹം നടത്തുക. ഞങ്ങളുടെ തീരുമാനത്തോട് അവന്റെ വീട്ടുകാർക്കും പൂർണ്ണ സമ്മതമായതോടെ ഞങ്ങൾ അവന് വേണ്ടി പെണ്ണ് തിരയാൻ തുടങ്ങി.പക്ഷെ,വെറുമൊരു പരീക്ഷണത്തിന് തങ്ങളുടെ മക്കളെ വിട്ടുകൊടുക്കില്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ ശഠിച്ചതോടെ ഞങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു.
അങ്ങനെയാണ് ആ അന്വേഷണം ഞങ്ങളുടെ കൂട്ടത്തിലെ പെണ്കുട്ടികളിലേക്ക് നീങ്ങിയത്. അവസാനം അത് ആൻസിയിൽ അവസാനിച്ചു.ദരിദ്രനായ പിതാവിന്റെ അഞ്ചു പെൺമക്കളിൽ മൂത്തവളായിരുന്നു അവൾ.നല്ല അച്ചടക്കവും സൗന്ദര്യവുമുള്ള ആന്സിയെ ഞങ്ങൾക്കല്ലാം വലിയ മതിപ്പായിരുന്നു.
മാത്രമല്ല,സമ്പന്നനായ എബിൻ അവളെ വിവാഹം കഴിച്ചാൽ അവളുടെ കുടുംബത്തിനും അതൊരു മുതൽക്കൂട്ടാകും.തന്റെ സുഹൃത്തിന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ആ നിർണ്ണായക പരീക്ഷണത്തിന് അവൾ സ്വയം തയ്യാറായി.പക്ഷെ,എബിൻ തുടക്കം മുതൽ ബലം പിടിച്ചുനിന്നെങ്കിലും അവന്റെ മമ്മിയുടെ ആത്മഹത്യ ഭീഷണിക്കു മുന്നിൽ അവനും സമ്മതിക്കേണ്ടി വന്നു.
അങ്ങനെ കുറച്ചു ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം സാക്ഷി നിർത്തി ആ വിവാഹം നടന്നു.വിവാഹശേഷം അവരെ രണ്ടുപേരെയും കുവൈത്തിലേക്ക് കൊണ്ടുപോയി.
അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞങ്ങൾ അവനെ ആദ്യമായി കാണുന്നത്.ഇങ്ങനെയൊരു പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ വാശിപിടിച്ചതും അവനാണ്.5 വർഷങ്ങൾക്ക് മുൻപ് നഷ്ടപെട്ട ആ ഊർജ്ജസ്വലനായ എബിനെ ഞങ്ങൾ കൺകുളിർക്കെ കണ്ടു.പഴയ താമാശകളും കളിയുമായി അവൻ ആ പകലിനെ ഉത്സവമാക്കി.
ഞങ്ങൾ ആൻസിയോട് ചോദിച്ചു:
”നീ എന്ത് മായാജാലമാണ് കാണിച്ചത്??”
അവൾ പറഞ്ഞു:”ആദ്യമൊക്കെ എബിക്കെന്നെ കാണുന്നതേ ഇഷ്ടല്ലായിരുന്നു.എന്നോട് മിണ്ടില്ല,എന്റെയൊപ്പം ഭക്ഷണം കഴിക്കില്ല.ഒരു കട്ടിലിലിന്റെ രണ്ടറ്റത്ത് ഞങ്ങൾ അപരിചതരെപോലെ കിടന്നുറങ്ങി.ഒരിക്കൽ അവൻ എന്നോട് ചോദിച്ചു.ഞാൻ ഇത്രെയൊക്കെ മോശമായി പെരുമാറിയിട്ടും നീയെന്താ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നത്….ഞാൻ പറഞ്ഞു….നീ ലെനയോട് കാണിച്ച സ്നേഹത്തിന്റെ ഒരംശമെങ്കിലും എന്നോട് കാണിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്.മരിക്കും വരെ ഞാൻ അതിന് വേണ്ടി കാത്തിരിക്കും. അതിനു ശേഷം അവനിൽ മാറ്റങ്ങളുണ്ടാകാൻ തുടങ്ങി.എന്നെ സ്നേഹിക്കാനും തുടങ്ങി.ഇപ്പൊ ഇങ്ങനെയായി. അവന്റെ മമ്മി എപ്പോഴും പറയാറുണ്ട് നീ ആണ് അവനെ മാറ്റിയതെന്ന്. സത്യത്തിൽ ഞാനൊന്നും ചെയ്തിട്ടില്ല.അവനെ മാറ്റിയത് നിങ്ങളുടെ പ്രാർത്ഥനകളാണ്”
അവൾ അത്പറഞ്ഞു തീർത്തതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി .മറുപടിയില്ലാതെ ഞാൻ അവിടെ നിന്നു മാറി നടന്നു..ഒടുവിൽ അവർ മടങ്ങുന്നതിന് തൊട്ടുമുൻപ് ഞങ്ങൾ അവനൊരു സമ്മാനം കൊടുത്തു.അവന്റെയും ലെനയുടെയും പ്രാണായാർദ്ര കാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.അവൻ അത് ആൻസിക്ക് കൈമാറി.
”നീ ആണ് ഇത് സൂക്ഷിക്കാൻ അർഹതയുള്ളവൾ”
അവൾ അത് അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോൾ ആ കൺപോളകൾ നനയുന്നത് ഞാൻ കണ്ടു.
അവസാനം ഞങ്ങളോടെല്ലാം യാത്ര പറഞ്ഞു അവർ കാറിലേക്ക് നടന്നടുക്കുമ്പോൾ അവരുടെ സഞ്ചാരത്തിന് സമാന്തരമായി രണ്ട് ഇണ പ്രാവുകളും അവരെ അനുഗമിക്കുന്നുണ്ടായിരുന്നു.മനോഹരമായ ആ ദൃശ്യത്തെ പകർത്താൻ ഞങ്ങളിലെ ഫോട്ടോഗ്രാഫർ രാഹുൽ കാമറ ക്ലിക്ക് ചെയ്തെങ്കിലും അത് പതിഞ്ഞത് അവന്റെ ഫ്രെയ്മിലല്ലായിരുന്നു. ഞങ്ങളുടെ ഹൃദയത്തിലെ കാൻവാസിലായിരുന്നു..