അവളുടെയാ തത്തമ്മച്ചുണ്ടിൽ നിന്നും കിട്ടാൻ പോകുന്ന ചുടുചുംബനത്തെക്കുറിച്ചോർത്ത് ഞനൊന്ന് ഉൾപ്പുളകിതനായപ്പോൾ….

വില – എഴുത്ത്: ആദർശ് മോഹനൻ

“പത്തു രൂപയ്ക്ക് നിങ്ങൾക്കൊരു വിലയില്ലായിരിക്കും പക്ഷെ എനിക്കുണ്ട് ഞാനധ്വാനിച്ചുണ്ടാക്കിയ എന്റെ പൈസയാണത് “

” അമ്മെ ഒന്നു മിണ്ടാണ്ട് നിക്കണിണ്ടാ ? ദേ ആൾക്കാര് ശ്രദ്ധിക്കുന്നു”

സാധനം വാങ്ങിയിട്ട് കടക്കാരന്റേൽ ബാക്കി തരാൻ ചില്ലറയില്ല പത്തു രൂപയ്ക്ക് വേറെ എന്തേലും സാധനം എടുക്കാനായി അയാൾ പറഞ്ഞപ്പോൾ , പറ്റില്ല ആ പത്തു രൂപാ എനിക്ക് ഇപ്പൊത്തന്നെ കിട്ടണം എന്ന് വാശി പിടിച്ച് ഒച്ചപ്പാടുണ്ടാക്കിയ അമ്മയെ ഒരു കണക്കിന് പറഞ്ഞ് സമാധാനിപ്പിച്ച് ബാക്കി പൈസയ്ക്ക് തക്കാളി വാങ്ങിയാ സഞ്ചിക്കുള്ളിലിട്ട് തിരികെ പിടിച്ച് വലിച്ച് കൊണ്ടുവരുമ്പോഴും അമ്മയുടെയാ ചുണ്ടുകൾ ഇടയ്ക്കിടെ പിറുപിറുക്കുന്നുണ്ടായിരുന്നു

” ചില്ലറയില്ലത്രേ, അതവന്റെ അടവാണ്, ബിസ്നസ്സ് തന്ത്രം ” എന്ന്

സത്യo പറഞ്ഞാൽ എനിക്ക് ദേഹമാസകലം അരിച്ച് കയറി വന്നതാണ്, ചുറ്റും ഞങ്ങളെ നോക്കി നിന്നവരിൽ കൂടുതലും തരുണീമണികളായ പെൺപിള്ളേരാണെന്ന് കണ്ടതുo തൊലിയുരിഞ്ഞ് പോയി എന്റെ , തല ചൊറിഞ്ഞ് ഞാനാ മുഖത്ത് നോക്കി പല്ലിറുമ്മിയപ്പോളാണ് അമ്മയൊന്ന് ശാന്തത പാലിച്ചതും

വീട്ടിലെത്തും വരെ ഞാനെന്റെ ദേഷ്യത്തെ കടിച്ചമർത്തുകയായിരുന്നു, സാധനങ്ങളെല്ലാം ടേബിളിൽ നിരത്തി വച്ചിട്ട് ഞാനെന്റെ വാചക കസർത്ത് ആരംഭിച്ചു

” അമ്മയ്ക്ക് നാണാവില്ലെ വെറുമൊരു പത്തു രൂപയ്ക്ക് വേണ്ടി കണ്ടവൻമാരമായി വക്കാണം കൂടാൻ? എത്ര ആൾക്കാരാ ശ്രദ്ധിക്കുന്നുണ്ടായിരുന്നത് എന്ന വല്ല ബോധവും അമ്മയ്ക്കുണ്ടോ, ഛെ നാണക്കേട് “

” എന്തിനാടാ നാണക്കേട്, ഞാൻ പണിയെടുത്തുണ്ടാക്കിയ എന്റെ പൈസയാണത് , അതെന്തിന് വല്ലവന്റെ ലാഭത്തിന് വേണ്ടി ത്യജിക്കണം? എനിക്കെന്റെ പൈസയ്ക്ക് മൂല്യം ഉണ്ട് , അതൊക്കെ പോട്ടെ ഈ പറഞ്ഞ പത്തു രൂപാ ഉണ്ടാക്കിയിട്ട് അമ്മേടെ ഉള്ളംകൈയ്യില് വെച്ച് തരാൻ എന്റെ പൊന്നുമോന് സാധിച്ചിട്ടുണ്ടോ? ഒരു ജോലിയൊക്കെയായിട്ട് കുടുംബം നോക്കിത്തുടങ്ങുമ്പോ അറിയാം മോന് അതിന്റെയൊരു ബുദ്ധിമുട്ട് “

കേട്ടപ്പോ തല പെരുക്കണ പോലെ തോന്നി, ഇങ്ങനെയും ഉണ്ടാകോ പിശുക്ക്, അന്ന് തന്നെ ഞാൻ ശപഥം ചെയ്തതാണ് ഒരിക്കലും അമ്മേയും കൂട്ടി പുറത്തേക്ക് ഒരു സാധനം പോലും വാങ്ങാൻ പോകില്ല എന്ന്, മനസ്സിലപ്പോഴും അവിടെ കൂട്ടം കൂടി നിന്ന ജനങ്ങളായിരുന്നു ഞങ്ങളെ നോക്കിയുള്ള അവരുടെയാ പരിഹാസച്ചിരി കാതിലപ്പോഴും അലയടിച്ചു കൊണ്ടിരുന്നപ്പോൾ അൽപ്പം സ്വസ്ഥത കിട്ടാനായ് ഞാൻ പുറത്തേക്കിറങ്ങിപ്പോയി

ചെറുപ്പം മുതലേ അങ്ങനാ. ഒരു സാധനം പോലും എന്റെയിഷ്ട്ടത്തിനല്ല വാങ്ങിക്കാറ്, സ്വന്തമായി ഒരു ഷർട്ട് എടുക്കാൻ വരെ അമ്മേടെ ഇഷ്ട്ടം കൂടെ നോക്കണം, വിലയെഴുതിത്തൂക്കിയ ആ പരന്ന ബാഡ്‌ജിൽ അമ്മയാ കണ്ണുകൊണ്ടൊന്ന് സ്കാൻ ചെയ്തിട്ട് ആ തുകയിലമ്മക്ക് സംപ്തൃപ്തി തോന്നിയാൽ മാത്രമേ അത് വാങ്ങാനെനിക്ക് അനുവാദമെനിക്കുണ്ടായിരുന്നുള്ളോ

എന്തിനേറെ ഇടയ്ക്കിടയ്ക്ക് ഞാൻ അമ്പത് പൈസയുടെ നാരങ്ങ മിട്ടായി വാങ്ങി തിന്നുമ്പോഴും ആ മുഖത്തൊരു പുച്ഛഭാവം വിരിയും എന്നിട്ടെന്റെ മുഖത്ത് നോക്കിയിട്ടമ്മ ഇടയ്ക്കിടെ പറയാറുണ്ട്

” നാരങ്ങ മിഠായി വാങ്ങിത്തിന്നാൻ പറ്റിയ പ്രായം” എന്ന്

അമ്മയത് പറയുമ്പോഴാണ് ഞാൻ ചിന്തിക്കുന്നത് നാരങ്ങാ മിഠായി വാങ്ങിത്തിന്നാൻ പ്രത്യേകം പ്രായവും കാലവുമൊക്കെ ഉണ്ടോ എന്ന്, ഒരു അമ്പത് പൈസയ്ക്ക് വേണ്ടി ഇങ്ങനെ കണക്കു പറയല്ലേ അമ്മേ എന്ന് ഞാൻ പറഞ്ഞപ്പോ , നീ പത്ത് തവണ ഈ നാരങ്ങ മിഠായി വാങ്ങിത്തിന്നുമ്പോൾ മൊത്തം അഞ്ച് രൂപ ചിലവ് വരും ആ അഞ്ച് രൂപയ്ക്ക് നീലം വാങ്ങിയാൽ നിന്റെ പത്ത് ഷർട്ടും പത്ത് പാന്റും രണ്ട് പ്രാവശ്യം അലക്കി വെളുപ്പിക്കാം എന്ന അമ്മേടെ മറുപടിയിൽ സാഷ്ട്ടാംഗം പ്രണമിച്ച് അവിടുന്ന് എഴുന്നേറ്റ് പോരാൻ മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളോ

ഒരു രൂപയ്ക്കും അതിന്റേതായ വിലയുണ്ടെന്നമ്മ പറയാറുള്ളപ്പോഴൊക്കെ ആരും കാണാതെ ഞാൻ അടക്കിച്ചിരിക്കാറുണ്ട്, വീട്ടിലേക്ക് ഭിക്ഷക്കാർ വരുമ്പോഴെല്ലാം ആ കായത്തിന്റെ പാത്രത്തിൽ അടക്കി കൂട്ടി വെച്ചിരിക്കുന്ന ചില്ലറപൈസകളിലേക്കൊന്ന് നോക്കുക പോലും ചെയ്യാറില്ല അമ്മ

പകരം ആ കുഴിഞ്ഞ ചെമ്പ് പാത്രത്തിൽ കുത്തിനിറച്ചിരുന്ന പുഴുക്കലരിയിൽ നിന്നും ഒരു നാഴി അരിയെടുത്ത് അവരുടെയാ തോൾ സഞ്ചിയിലേക്ക് ഇട്ടു കൊടുക്കുമ്പോൾ എന്നിൽ നിന്നും ആ പരിഹാസച്ചുവ കലർന്ന വാക്കുകൾ പതഞ്ഞ് പൊന്താറുണ്ട്,

” ആഹാ അമ്മ ഭയങ്കര ബുദ്ധിമതിയാലോ, കായപ്പാത്രത്തിലിരിക്കണ ചില്ലറപ്പൈസയെ രക്ഷിക്കാൻ കണ്ടു പിടിച്ച ഉപായം കൊള്ളാം, മൊത്തത്തിൽ നല്ല ലാഭമയല്ലോ ലേ ” എന്ന്

വിശപ്പിനു വേണ്ടി കൈ നീട്ടുന്നവന് ഉണ്ണാനുള്ള അന്നമുണ്ടാക്കുന്ന അരി നൽകുന്നത് തന്നെയല്ലെ ദാനധർമ്മം എന്ന അമ്മയുടെ ചോദ്യത്തെ കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു എന്റെ മുഖത്താ കോട്ടം തട്ടിയ പുച്ഛത്തിന്റെയാ പുഞ്ചിരി വിരിഞ്ഞതും

ഒരു രൂപേടെ വില , ഉവ്വ പുല്ലാണ്,

പിന്നീടെപ്പോഴൊക്കെയോ ഞാനാ ഒറ്റ രൂപാ നാണയത്തെ വെറുത്തു തുടങ്ങിയിരുന്നു, പിന്നെപ്പിന്നെ കടയിൽ നിന്നും എന്ത് സാധനങ്ങൾ വാങ്ങിയാലും ചില്ലറ ബാക്കി വെക്കാത്തത് പതിവായി മാറി, ആവശ്യമില്ലെങ്കിലും അല്ലറ ചില്ലറ തുക്കടാ സാധനങ്ങൾ വാങ്ങി വെക്കുന്നത് ഒരു ശീലവുമായി

അന്ന് പാപ്പന്റെ മകൾ കുഞ്ഞേച്ചീടെ കല്യാണത്തിന്റെ തലേന്ന് വിവാഹ സമ്മാനം വാങ്ങാൻ ഒരുമിച്ച് പോകാം എന്നമ്മ പറഞ്ഞപ്പോൾ

” ഇനി ഒരിക്കൽ കൂടെ നാണം കെടാൻ വയ്യ, അമ്മ ഒറ്റയ്ക്കങ്ങ് പോയാൽ മതി” എന്നു ഞാൻ പറഞ്ഞപ്പോൾ ആ മുഖമൊന്നു വാടിയത് ഞാനും ശ്രദ്ധിച്ചതാണ്

അറുപിശുക്കിയായിരുന്ന എന്റെ അമ്മ രണ്ട് പവന്റെ കാശ് മാല വാങ്ങിയത് കണ്ടപ്പോൾ അന്തം വിട്ട് കണ്ണും തള്ളിയിരുന്നു പോയി ഞാൻ

കല്യാണ വീട്ടിലെ ആഘോഷങ്ങൾക്കിടയിലും മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളോ, ഇന്ന് കാമുകിയുടെ പിറന്നാളാണ്, അവൾ ഒരുപാട് ആഗ്രഹിക്കുന്ന ഗിഫ്റ്റ് അവൾക്ക് വാങ്ങിക്കൊടുക്കണമെന്നും, ആദ്യത്തെ ബർത്ത് ഡേ വിഷിംഗ് എന്റെ വക തന്നെയായിരിക്കണം എന്നും എനിക്ക് നല്ല നിർബന്ധം ഉണ്ടായിരുന്നു,

അന്ന് രാത്രി തന്നെ മിനി പ്രോജക്ടിന്റെ വർക്ക് എന്റെ ഫ്രണ്ട് കിരണുമായി ഡിസ്കസ് ചെയ്യണമെന്നും പറഞ്ഞ് ബൈക്കെടുത്ത് മുങ്ങുമ്പോഴും പിൻവിളി കൊണ്ടെന്നെ അമ്മ തടുക്കാൻ ശ്രമിച്ചിരുന്നു

പാപ്പന്റെ മോനെ അതായത് കണ്ണനെയുo കൂടെ കൂട്ടിക്കോ മോനേ ഉണ്ണീ എന്നമ്മ പറഞ്ഞു മുഴുവിക്കും മുൻപേ എന്റെ പാഷൻ പ്രോയുടെ മൂന്നാമത്തെ ഗിയർ ഞാൻ മാറിക്കഴിഞ്ഞിരുന്നു

കടയിൽ നിന്നും അവൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വെള്ളിക്കണ്ണുള്ള കറങ്ങണ ബാർബി ഡോളിനെ വാങ്ങി വണ്ടിയിൽ കയറിയിരുന്നപ്പോൾ ഒരേയൊരു ലക്ഷ്യം മാത്രമേ കൺമുൻപിലുണ്ടായിരുന്നുള്ളോ, അവളുടെയാ മുറിയുടെ ജനാലയിലേക്ക് ചാഞ്ഞ് നിക്കണ മൂവാണ്ടൻ മാവ് മാത്രം,

499 രൂപയായി അതിന് അവൾക്കായതു കൊണ്ടു തന്നെ വിലയൊന്നും നോക്കിയില്ല ഞാൻ, 500 ന്റെ നോട്ട് ആ കടക്കാരനു നേരെ നീട്ടിയപ്പോൾ ബാക്കിയാ ഒറ്റരൂപയുടെ നാണയത്തുട്ട് എനിക്കു നേരെ നീട്ടിയപ്പോൾ പുച്ഛത്തോടെയത് തിരിച്ച് നിരക്കിയിട്ടിട്ട് ഞാൻ പറഞ്ഞു ഇതിവിടെ തന്നെ ഇരുന്നോട്ടെ എന്ന്

അർഹതപ്പെടാത്ത അന്യന്റെ മുതല് അത് അമ്പത് പൈസയായാലും കയ്യിൽ വെച്ച് ശീലമില്ലെന്ന് ആ അഹങ്കാരിയായ കടയുടമ എന്റെ മുഖത്ത് നോക്കിയത് പറഞ്ഞപ്പോൾ ഉള്ളിലെ ദേഷ്യം പുറത്ത് കാട്ടാതെ ഞാനാ ഒറ്റ രൂപാ നാണയത്തെ ഷർട്ടിന്റെ കീശയിലേക്കെടുത്തിട്ട് അവിടെ നിന്നും നൂറേ നൂറിൽ മിന്നിച്ചു വിട്ടു

സമ്മാനം കൊടുത്തതിനു ശേഷം ആ ജനലഴികൾക്കുള്ളിൽ നിന്നും അവളുടെയാ തത്തമ്മച്ചുണ്ടിൽ നിന്നും കിട്ടാൻ പോകുന്ന ചുടുചുംബനത്തെക്കുറിച്ചോർത്ത് ഞനൊന്ന് ഉൾപ്പുളകിതനായപ്പോൾ ഞാനറിയാതെ തന്നെ വണ്ടിയുടെ സ്പീഡ് കൂടിക്കൊണ്ടിരുന്നു , വിജനമായ ആ കാട്ടുവഴിയിലെ കാനയിലേക്കെന്റെ വണ്ടി കട്ടറ് ചാടി തട്ടിമറിഞ്ഞ് വീഴും വരെയെ ആ തൊഴിയുടെ ആയുസ്സുണ്ടായിരുന്നു

കാനയിൽ നിന്നും എണീക്കാൻ ശ്രമിച്ചപ്പോൾ വലതുകാലിന് സ്വാധീനം കുറഞ്ഞ പോലെ തോന്നി, നോക്കിയപ്പോൾ ചോര കുടുകുടാ ഒലിച്ചിറങ്ങയാണ്,

ബോധം മറയും മുൻപേ കിരണെ വിളിച്ച് വരുത്താനായി ഫോണെടുത്ത് നോക്കിയപ്പോൾ, ചാർജ്ജിറങ്ങി സ്വിച്ച് ആയി പോയിരുന്നു ഫോൺ

എന്തു ചെയ്യണമെന്നറിയാതെ ഞാനവിടെ നിന്ന് വീർപ്പ് മുട്ടി, ആ കാട്ടു വഴി താണ്ടാൻ ഒന്നര കിലോമീറ്ററുണ്ട് വണ്ടിയാണെങ്കിൽ ഹാന്റ്ൽ ബെൻറ് ആയി ഒരടി പോലും തള്ളി നീക്കാൻ പറ്റാത്ത അവസ്ഥ , ആ വഴിയുടെ ഇടയ്ക്ക് ആകെ ഒരു വീടുള്ളത് വല്യച്ഛന്റെ വീടാണ്, അവരൊക്കെയാ കല്യാണ വീട്ടിലും ആയിരുന്നു. ഏന്തി വലിഞ്ഞ് ഞാനവിടേക്ക് കുതിച്ച് ഞൊണ്ടിച്ചെന്നത് വല്യച്ഛന്റെ കടയിലെ കോയിൻബോക്സ് ഉള്ള ലാന്റ് ഫോണവിടെയുണ്ടല്ലോ എന്ന ഒരൊറ്റ പ്രതീക്ഷയിലാണ്

അര കിലോമീറ്റർ വേദനയുo കടിച്ചമർത്തി അവിടെയെത്തിയപ്പോഴേക്കും മനസ്സിലൊരൽപ്പം ആശ്വാസം തോന്നിയിരുന്നു.

ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോഴാണ് ഞാനാ സത്യം മനസ്സിലാക്കിയത് കയ്യിലുള്ളയാ ഒറ്റ രൂപാ കോയിൻ ഞാൻ വീണിടത്ത് തന്നെ പോക്കറ്റിൽ നിന്നും ചാടിപ്പോയിരുന്നു എന്ന്

തികഞ്ഞ നിസഹയാവസ്ഥയിൽ തികട്ടി വന്നയാ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല എനിക്ക്. മുടന്തി മുടന്തി തിരിച്ച് നടക്കുമ്പോഴും തേങ്ങി തേങ്ങി കരഞ്ഞൊരു പരിവമായിട്ടുണ്ടായിരുന്നു ഞാൻ

ഇന്നേ വരെ പുച്ഛത്തോടെ ഞാൻ ചിരിച്ചു തള്ളിയിട്ടുള്ളആ ഒറ്റ രൂപ കോയിനു വേണ്ടി ഭ്രാന്തമായ തിരച്ചിൽ നടത്തി ഞാൻ, പാതി മറഞ്ഞ ബോധത്തിനൊപ്പം പൊട്ടിയൊലിച്ച കാലിൽ നിന്നും ഒരുപാട് ചോരയും നഷ്ട്ടമായിരുന്നു,

ഒരുപാട് തിരഞ്ഞു തിരഞ്ഞു ഞാൻ തളർന്നുവീഴുമ്പോഴും മനസ്സിൽ അമ്മയെന്നോട് പറഞ്ഞു തരാറുള്ളയാ വാചകങ്ങൾ കലങ്ങിമറിഞ്ഞ് കാതിലൂടെ കുത്തിക്കയറിയൊലിച്ചിറങ്ങുന്നുണ്ടായിരുന്നു

” ഉണ്ണീ ഒരു രൂപയ്ക്കും അതിന്റേതായ വിലയുണ്ട് ” എന്നയാ വാചകം

ആ ഒറ്റ രൂപയെ പുച്ഛത്തോടെ തള്ളിപ്പറഞ്ഞയാ സന്ദർഭങ്ങളെ ആവർത്തിച്ചാവർത്തിച്ച് ഞാൻ ശപിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മങ്ങിയ കാഴ്ച്ചയിൽ ആ പാൽനിലാവു പോലും അന്ധകാരത്തിലേക്ക് ലയിച്ചു തീർന്നിരുന്നു

ബോധം പോയിക്കിടന്ന എന്നെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു

പിറ്റേ ദിവസം ബോധം വന്ന് കണ്ണു തുറന്ന് നോക്കിയപ്പോൾ കണ്ണീരോടെ എനിക്കു മുൻപിൽ കാവലിരിരിക്കുന്ന അമ്മയേയാണ് ഞാൻ കണ്ടത്

മരുന്നും ബില്ലും പരതി നോക്കിയിട്ട് ഓരോന്നും പിറുപിറുത്തു കൊണ്ടിരുന്ന എന്റെ അമ്മയുടെ മുഖത്ത് നോക്കി ഞാനൊന്ന് പുഞ്ചിരിച്ചപ്പോൾ ആ കൈകൾ കൊണ്ടെന്നെ മെല്ലെ തലോടുന്നുണ്ടായിരുന്നു അമ്മ.

ഞാൻ കാരണം ഇന്നമ്മയ്ക്ക് ഒരു സദ്യയും മരുന്നിന്റെയും ഇവിടുത്തെ ചിലവിന്റേം പൈസയും നഷ്ട്ടം വന്നു ല്ലേ അമ്മേ എന്ന എന്റെ ചോദ്യത്തിൽ ആ ചുണ്ടിലൊരൽപ്പം പുഞ്ചിരി വിരിയുമ്പോഴും ആ കണ്ണിലാകെ മൊത്തം വിഷാദത്തുള്ളികൾ തളം കെട്ടി നിന്നിരുന്നു

എന്റെ വലതുകാലിന്റെ ഡ്രസ്സ് ചെയ്തു കെട്ടിയ വെള്ളപ്പഞ്ഞിക്കു മുകളിലൂടെ പതിയെയമ്മയാ വിരൽ കൊണ്ട് തടവുമ്പോഴും ആ കണ്ണിൽ നിന്നും ഒരിറ്റു ചുടുനീരാ പഞ്ഞിമെത്തയിൽ മെല്ലെപ്പതിച്ചത് ഞാനറിയുന്നുണ്ടായിരുന്നു

അമ്മയ്ക്ക് നിന്നേക്കാൾ വലുതായിട്ട് വേറെ എന്താടാ ഉണ്ണീ ഉള്ളേ എന്ന അമ്മയുടെ ചോദ്യത്തിൽ എന്റെ മനസ്സൊന്നു വിങ്ങിപ്പൊട്ടാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു

അമ്മ എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കൊണ്ടു വരാം എന്നു പറഞ്ഞ് പേഴ്സ് തുറന്നതും ഒരു ഒറ്റ രൂപാ കോയിൻ നിലത്തേക്ക് പതിച്ചതും എന്റെ കൈ തട്ടി ഞാൻ വാങ്ങിയയാ മേശപ്പുറത്തിരുന്ന വെള്ളിക്കണ്ണുള്ളയാ ബാർബീ ഡോളും നിലത്ത് വീണതും ഒരുമിച്ചാണ്

ആ പാവയും കോയിനും ഒരു ചാൺ വ്യത്യാസത്തിൽ നിലത്തു പതിച്ച് കിടന്നപ്പോൾ കയ്യെത്തിച്ച് ഞാനാദ്യം എടുത്തത് ആ ഒറ്റ രൂപാ നാണയത്തുട്ടിനെത്തന്നെയായിരുന്നു

എന്തെന്നാൽ 499 രൂപ കൊടുത്ത് ഞാൻ വാങ്ങിയയാ ആ ബാർബീ ഡോളിനേക്കാൾ വിലയുണ്ടായിരുന്നുവെനിക്ക് അമ്മയുടെ പേഴ്സിലിരുന്ന ഒറ്റനാണയത്തിന്

കാരണം അന്നേരം ആ ചില്ലറപ്പൈസയിൽ ഞാൻ കണ്ട തിളക്കമൊന്നും ആ ബാർബീ ഡോളിന്റെ വെള്ളിക്കണ്ണുകൾക്കുണ്ടെന്ന് തോന്നിയില്ലെനിക്ക്

ഇന്നു ഞാൻ മനസ്സിലാക്കുന്നുണ്ട്

” അമ്മ പറഞ്ഞത് സത്യമാണെന്ന്, ഒരു രൂപയ്ക്കും അതിന്റേതായ വിലയുണ്ടെന്ന്, ഒരു പക്ഷെ ഒരു ജീവന്റെ തന്നെ വില”