സ്നേഹസ്വർഗ്ഗത്തിൽ ~ എഴുത്ത്: ലില്ലി
നല്ല കാന്താരി മുളകും ചുവന്നുള്ളിയും ഉടച്ചെടുത്ത് വെളിച്ചെണ്ണയും ഉപ്പുമിട്ട് ഇളക്കിയ ചമ്മന്തിയും, വെന്തുടഞ്ഞ കപ്പപുഴുക്കും ഒരു പാത്രത്തിലാക്കി തന്റെ മുന്നിലേക്ക് ദേഷ്യത്തൊടെ നീക്കിവച്ച അന്നാമ്മയ്ക്ക് നേരെ തൊമ്മിച്ചൻ കള്ളച്ചിരിയോടെ ചുണ്ടു കൂർപ്പിച്ചൊരുമ്മ കൊടുത്തു….
“ദേ മനുഷ്യ പാതിരാത്രി അന്തിക്കള്ളും കുടിച്ച് ലെവൽ ഇല്ലാതെ കപ്പപ്പുഴുക്ക് ഉണ്ടാക്കാൻ പറഞ്ഞാൽ ഇനി ഞാൻ ചിരട്ടത്തവി എടുത്ത് കുത്തും നോക്കിക്കോ….”
തന്റെ കെട്ട്യോളുടെ കെറുവിച്ച് വീർത്ത കവിളിലേക്ക് ചിരിയോടെ നോക്കി കണ്ണിറുക്കിക്കൊണ്ട് കപ്പ പുഴുക്കിന്റെ ഒരു കഷ്ണം കാന്താരി ചമ്മന്തിയിൽ മുക്കി തൊമ്മിച്ചൻ അവൾക്ക് നേരെ നീട്ടി…”ഓ അതിയാൻ ശൃംഗാരം തുടങ്ങി…” കപടദേഷ്യത്തോടെ വാ തുറന്നവൾ അത് വാങ്ങി കഴിച്ചു. അവൾക്കായി ഒരു വാ, അത് തൊമ്മിച്ചന്റെ ഒരു പതിവാണ്…
“എടിയേ ഇച്ചായനൊരു ഒരു കട്ടൻകാപ്പി കൂടി ഇട്ടോണ്ട് വാടി…”
ചവിട്ടി തുള്ളി അടുക്കളയിലേക്ക് നടക്കുന്ന അന്നാമ്മയുടെ ഗോഷ്ടികൾ കണ്ട് തൊമ്മിച്ചന്റെ ചുണ്ടിൽ ചിരി വിടർന്നു. പരന്നു കിടക്കുന്ന വയലേലകൾക്കും തെങ്ങിൻ തോപ്പുകൾക്കും നടുവിലെ ഓടുപാകിയ ആ ചെറിയ വീടിന്റെ അകത്തളങ്ങളിൽ തൊമ്മിച്ചന്റെയും അന്നാമ്മയുടെയും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവും കുറുമ്പുകളും മാറ്റൊലി കൊണ്ടു…ചാണകം മെഴുകിയ തറയിൽ വിരിച്ച പുൽപായയിൽ ഒരു വശം ചരിഞ്ഞു പിണങ്ങി കിടക്കുന്ന അന്നമ്മയുടെ അരികിലേക്ക് മെല്ലെ മെല്ലെ ഓരം ചേർന്നടുക്കുന്ന തൊമ്മിച്ചനെ തലതിരിച്ചവൾ ദേഷ്യത്തോടെ നോക്കി…അവളുടെ കയ്യിൽ മെല്ലെ വലിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചപ്പോൾ അവളുടെ പിണക്കവും ആ സ്നേഹച്ചൂടിൽ അലിഞ്ഞില്ലാതെയായി…
കള്ളിന്റെ മണമുള്ള അയാളുടെ അധരങ്ങൾ അവളുടെ കവിളിൽ മെല്ലെ അമർന്നപ്പോൾ അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…
“തൊമ്മിച്ചായാ…” “മ്മ്ഹ്….”
“നമുക്ക് ജോക്കുട്ടനെ ദത്തെടുത്തലോ….”
അയാളുടെ കൈകൾ അവളിൽ നിന്നും മെല്ലെ അയഞ്ഞു…”എന്താ ഒന്നും പറയാത്തത്…എനിക്കവന്റെ കുറുമ്പും കുസൃതിയുമൊക്കെ കാണുമ്പോൾ നമ്മുടെ കൂടെ കൂട്ടാൻ തോന്നുവാ ഇച്ചായാ…” പതിവായുള്ള അയാളുടെ കനത്ത നിശ്ശബ്ദതയിലേക്ക് നോക്കി അവളൊരു നെടുവീർപ്പോടെ കണ്ണുകളടച്ചു.
വർഷങ്ങൾക്ക് മുൻപ് താൻ സ്നേഹിച്ച പെണ്ണിനെ ഒരു പ്രണയവിപ്ലവം തന്നെ സൃഷ്ടിച്ചു തൊമ്മിച്ചൻ കൂടെ കൂട്ടി. ആരോഗ്യവാനായ തൊമ്മിച്ചൻ തികഞ്ഞൊരു അധ്വാനിയായിരുന്നു…സ്വന്തമായുള്ള നാലേക്കർ തരിശ്ശ് ഭൂമി കിളച്ചു പതം വരുത്തി കൃഷിയോഗ്യമാക്കിയപ്പോൾ അവനു കൂട്ടായി അന്നാമ്മയുടെ സ്നേഹമുണ്ടായിരുന്നു…അതിന് ഒത്ത നടുവിലായി ഒരു കുഞ്ഞു സ്വർഗ്ഗവും അവൻ പണികഴിപ്പിച്ചു…സന്തോഷം മാത്രം വീണുടയുന്ന അകത്തളങ്ങളിൽ ഓടി നടക്കാൻ ഒരു കുഞ്ഞു തൊമ്മിച്ചനെ കൊടുക്കാൻ അന്നാമ്മയ്ക്ക് ആകുമായിരുന്നില്ല….അവളിലെ കുറവിനെ അവൻ കാര്യമാക്കിയതുമില്ല….
പതിവ് സന്ദർശനങ്ങളുടെ ഫലമായി, പള്ളിവക അനാഥാലയത്തിലെ ഏറ്റവും ഇളയ കുഞ്ഞായ ജോക്കുട്ടനെ സ്വന്തമാക്കാൻ അന്നാമ്മയ്ക്ക് പൂതിയായി…തൊമ്മിച്ചൻ മാത്രം വേണമെന്നോ വേണ്ടെന്നോ സമ്മതം പറയാത്തത് അവളിൽ ആശങ്ക ഉണർത്തി…
പതിവുപോലെ തൊമ്മിച്ചനുള്ള ഉച്ചയൂണും തൂക്കു പാത്രത്തിൽ ആക്കി നീണ്ട വയൽ വരമ്പിലൂടെ അവൾ നടന്നു…വയലേലകൾക്ക് ഇരുവശവുമുള്ള തെങ്ങിൻ തോപ്പിലെ തണലിൽ ഇരുന്നാണ് ഇരുവരുടെയും ഉച്ച ഭക്ഷണം…വാഴയിലയിലേക്ക് ചൂട് ചോറും ചക്ക വേവിച്ചതും ചൂരക്കറിയും തൊമ്മിച്ചനവൾ ചിരിയോടെ വിളമ്പി…
“എന്താടീ കെട്ട്യോളെ നിനക്കൊരു സന്തോഷം ഇല്ലാത്തെ…എന്നാ പറ്റി എന്റെ പൊന്നിന്…” കള്ളച്ചിരിയോടെ ഇടതു കയ്യാൽ അവളുടെ കവിളിൽ നുള്ളിക്കൊണ്ടയാൾ തിരക്കി….
“തൊമ്മിച്ചന് വേറൊരു കല്യാണം കഴിച്ചൂടെ…ഈ മച്ചിയെക്കൊണ്ട് ഒരു കുഞ്ഞിനെ പെറ്റ് തരാൻ കഴിയുകേലാന്ന് തോന്നുന്നു…” നിറ കണ്ണുകളോടെ അവളുടെ വാക്കുകൾ തൊമ്മിച്ചന്റെ നെഞ്ചിലേക്കാണ് തറഞ്ഞു നിന്നത്….
“ദേ പെണ്ണെ വേണ്ടാദീനം പറഞ്ഞാൽ കരണം പൊകച്ചൊരെണ്ണം അങ്ങ് തരും…” താഴ്ന്നിരുന്ന അവളുടെ മുഖം മെല്ലെയവൻ പിടിച്ചുയർത്തി…
“നിന്റെ കയ്യുംപിടിച്ചു ചുരം ഇറങ്ങുമ്പോൾ ഈ ചങ്കിലോട്ടാ തൊമ്മിച്ചൻ നിന്നെ എടുത്ത് വച്ചത്.. ഇനിയിപ്പോ ആരില്ലേലും നീ മതി എനിക്ക്…കണ്ണ് തുടച്ചിട്ട് നീയീ ചക്ക വേവിച്ചത് എടുത്ത് കഴിക്ക്…എന്നാ രുചിയാടീ…”
കണ്ണീർ വീണു നനഞ്ഞ അവളുടെ ചുണ്ടുകളിൽ ഒരു ചിരി മൊട്ടിട്ടു…ചേറിന്റെ മണവും കിളിക്കൊഞ്ചലും വയൽക്കാറ്റുമേറ്റ് അവരങ്ങനെ ആ തണലിൽ ഇരുന്നു…
“ജോക്കുട്ടന്റെ കാര്യം പറയുമ്പോൾ എന്താ തൊമ്മിച്ചൻ ഒന്നും പറയാത്തെ…ഇഷ്ടമല്ലാത്തതിന്റെ കാരണം എങ്കിലും പറഞ്ഞൂടായോ…” വെയിൽ മങ്ങിയ നേരം തോട്ടുവക്കിലിരുന്ന് ചൂണ്ടയിടുന്ന തൊമ്മിച്ചന്റെ കയ്യിൽ ചുറ്റിപ്പിടിച്ചാണ് അന്നാമ്മയുടെ ചോദ്യം…
ചൂണ്ടയിൽ എന്തോ കൊത്തിയെന്നറിഞ്ഞപ്പോൾ തൊമ്മിച്ചനത് ഊക്കോടെ മുകളിലേക്ക് ഉയർത്തി…”വരാൽ ആണല്ലോടീ… നീയിത് കൊണ്ടോയി മുളകിട്ട് കറി വയ്ക്ക്…” തൊമ്മിച്ചൻ അവളുടെ ചോദ്യത്തിൽ നിന്നും വിദഗ്തമായി തെന്നി മാറിയപ്പോൾ അവളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു…
“അതെ നിങ്ങള് വിഷയം മാറ്റിക്കോ…ഒരു കുഞ്ഞില്ലാത്ത ദെണ്ണം എനിക്കുണ്ട് ഇച്ചായ…നിങ്ങൾക്ക് അതുണ്ടോ എന്നറീല്ല…ഒരു കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും അവന്റെ അമ്മച്ചീന്നുള്ള വിളി കേൾക്കാനും എനിക്ക് കൊതിയാകുവാ…നിങ്ങക്ക് അറിയോ…” അവൾ കരഞ്ഞു കൊണ്ടു തിരികെയോടാൻ തുടങ്ങും മുന്നേ അവന്റെ കൈകൾ അന്നാമ്മയേ തടഞ്ഞു…
“എനിക്കും ഉണ്ടടീ കൊതി…ഒരു അപ്പന്റെ സ്നേഹം കൊടുക്കാനും അവനെ എന്റെ നെഞ്ചിൽ കിടത്തി ഉറക്കാനുമൊക്കെ…പക്ഷേ അവൻ വളർന്ന വലുതാകുമ്പോൾ ഈ അപ്പനും അമ്മച്ചിയും അവന്റെ അല്ലെന്ന് അറിയുമ്പോൾ, നമ്മളെ ഇട്ടേച്ചും പോകില്ലെടീ…അപ്പൊ നിനക്കും എനിക്കും സഹിക്കാൻ ഒക്കുവോ…നെഞ്ച് പൊട്ടി ചാകില്ലേ നമ്മൾ…”
ഒരുവേള തൊമ്മിച്ചന്റെ വാക്കുകളിൽ മറുപടി ഇല്ലാതെ അന്നാമ്മ ചിന്തയോടെ നിന്നുപോയി…ശരിയാണെന്നും അല്ലെന്നും പറയാനായില്ല അവൾക്ക്….
വീണ്ടും ദിവസങ്ങൾ പിന്നിട്ടു…അന്നാമ്മ പിന്നീട് ജോക്കുട്ടനെ പറ്റി പറഞ്ഞില്ല…എല്ലാ ആഴ്ചകളിലും അവനെ കാണാൻ പലഹാരങ്ങളുമായവർ പോകും…അവനെ കാണുമ്പോൾ അന്നാമ്മയിലുള്ള മാറ്റവും കൺതിളക്കവും ഒരു അമ്മയുടെ കെട്ടിപ്പൂട്ടിവച്ച സ്നേഹവാത്സല്യങ്ങളും പുറത്തു ചാടും…അങ്ങനെ തൊമ്മിച്ചൻ ജോക്കുട്ടനെ സ്വന്തമാക്കാൻ തയ്യാറെടുത്തു…അന്നാമ്മയിൽ തിങ്ങിവന്ന സന്തോഷം അയാൾ നോക്കിക്കാണുകയായിരുന്നു…അതുപോലെ ആളിലും ഒരപ്പന്റെ സ്നേഹം മുളപൊട്ടി…
വെള്ളിക്കാട്ടിള കിലുക്കി ആ മൺചുവരിൽ കൈ പിടിച്ചു അവൻ പാദങ്ങൾ ഉറപ്പിച്ചു നടന്നു…അമ്മയുടെ സ്നേഹവും അപ്പന്റെ നെഞ്ചിലെ ചൂടുമേറ്റവൻ ഉറങ്ങി…അവരുടെ നാമിടങ്ങൾ നമ്മളിടങ്ങളായി…ഉച്ചവെയിലുമേറ്റ് ജോക്കുട്ടനെയും ഒക്കത്തിരുത്തി വയൽ വരമ്പിലൂടെ തൂക്കുപാത്രവും പിടിച്ചു അന്നാമ്മ തൊമ്മിച്ചനടുത്തേക്ക് പോകും…തോട്ടിലും ചെറു അരുവികളിലും കയ്യും കാലുമിട്ടടിച്ചു അവൻ ഓടി കളിക്കും…തിരികെ തൊമ്മിച്ചന്റെ തോളിലിരുത്തി കാഴ്ചകൾ കാണിച്ചു അവർ മൂവരും വീട്ടിലെത്തും…
അപ്പനെ പോലെ മണ്ണിന്റെ മണവും രുചിയും അവരുടെ സ്നേഹവും അറിഞ്ഞവൻ വളർന്നു…ബാല്യവും കൗമാരവും കടന്നെത്തിയപ്പോൾ അവന്റെ ജന്മരഹസ്യം അവനറിയുമ്പോൾ അവരെ വെറുക്കുമോ എന്ന പേടി ഇരുവരിലും ഉണ്ടായിരുന്നു…എങ്കിലും അവർ പകർന്നു നൽകിയ അതിരില്ലാത്ത സ്നേഹത്തിലും കരലാളനത്തിലും തൊമ്മിച്ചനും അന്നാമ്മയ്ക്കും പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു…
ഒരിക്കൽ സത്യങ്ങൾ ജോക്കുട്ടൻ മനസ്സിലാക്കിയപ്പോൾ അത് ഉൾക്കൊള്ളുവാനും…ഞാൻ ഈ അന്നമ്മച്ചിയുടെ വയറ്റിലാ പിറന്നതെന്ന് അവരോടു പറഞ്ഞുകൊണ്ട് തൊമ്മിച്ചനെ കെട്ടിപ്പിടിക്കുമ്പോൾ, ദീർഘകാലമായി അവരിൽ നിറഞ്ഞ പേടിയുടെ കെട്ടുകൾ അഴിഞ്ഞു വീഴുകയായിരുന്നു…
നിനക്ക് ആരാകണമെന്ന ചോദ്യത്തിന് എന്റെ അപ്പൻ തൊമ്മിച്ചനെ പോലെ എനിക്കൊരു കൃഷിക്കാരൻ ആകണമെന്ന് അഭിമാനത്തോടെ അവൻ പറയുമായിരുന്നു…ജോക്കുട്ടന് അപ്പനെ പോലെ മണ്ണിനോടായിരുന്നു കൂറ്…നന്നായി പഠിക്കുമായിരുന്ന അവൻ കാർഷിക സർവ്വകലാശാലയിൽ നിന്നും അഗ്രികൾച്ചർ ബിരുദം ഒന്നാം റാങ്കോടെ കരസ്ഥമാക്കിയപ്പോൾ ആ അപ്പനും അമ്മയും ഹൃദയം നിറഞ്ഞ ചിരിയോടെ അവനെ ചേർത്തു പിടിച്ചു…ആ വലിയ സദസ്സിൽ നിന്നുകൊണ്ട് എനിക്ക് എന്റെ അപ്പന്റെ കയ്യിൽ നിന്നും ഈ അവാർഡ് സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തോളിൽ കിടന്ന വെള്ള തോർത്തിൽ കണ്ണുകൾ ഒപ്പി തൊമ്മിച്ചൻ അന്നാമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു…
നര വീണ് തുടങ്ങിയ അപ്പന്റെയും അമ്മച്ചിയുടെയും മുടിയിൽ ഡൈ തേച്ചു കൊടുത്തിട്ട്…”ആഹാ ഇന്ന് വിവാഹിതരായ കപ്പിൾസ് ആണേ….” എന്ന് പറഞ്ഞവൻ ചിരിക്കുമ്പോൾ നാണത്തോടെ അന്നാമ്മ തൊമ്മിച്ചന്റെ പിന്നിൽ ഒളിക്കും…
സന്തോഷങ്ങളുടെ ഒരു പൂക്കാലമായിരുന്നു അവരുടെ ജീവിതം…കഠിന പരിശ്രമങ്ങൾക്കൊടുവിൽ കൃഷി ഓഫീസർ ആയി ജോക്കുട്ടൻ ചാർജടുത്തപ്പോൾ അപ്പച്ചന്റെയും അമ്മച്ചിയുടെയും കാൽതൊട്ടവൻ അനുഗ്രഹം വാങ്ങി. വയലേലകൾക്ക് നടുവിലുള്ള ആ പഴയ വീട് പുതുക്കി വലിയൊരു സ്വർഗ്ഗം അവർ പണിഞ്ഞു. നിങ്ങൾ തന്ന ജീവിതമാണ് എന്റേതെന്ന്….നിങ്ങൾ തന്ന സ്നേഹമാണ് എന്റെ ശ്വാസമെന്ന്…അവൻ നിറകണ്ണുകളോടെ പറയുമ്പോൾ തൊമ്മിച്ചൻ അവനെ നെഞ്ചോടു ചേർത്തു…ഒരു പൊട്ടിക്കരച്ചിലോടെ അന്നമ്മ അകത്തേക്കോടി….
ജോക്കുട്ടന്റെ ഉറച്ച തീരുമാനത്തിൽ അനാഥ ആയിരുന്ന സെലീന എന്ന മാലാഖ കൊച്ചിന്റെ കൈപിടിച്ച് തൊമ്മിച്ചനും അന്നാമ്മയും അവനെ ഏൽപ്പിക്കുമ്പോൾ…അപ്പച്ചനും അമ്മച്ചിയും ഇവളെ കൂടി സ്വന്തം മോളായി അങ്ങ് സ്നേഹിച്ചേക്കണേ എന്നവൻ ചിരിയോടെ പറയുമായിരുന്നു…
അങ്ങനെ ജോക്കുട്ടന്റെയും സെലീനയുടെയും മിന്നുകെട്ട് കഴിഞ്ഞ് അവരുടെ ആദ്യ രാത്രിയാണിന്ന്…പതിവ് പോലെ രാത്രി അന്നാമ്മയ്ക്കടുത്തേക്ക് നിരങ്ങി നിരങ്ങി കള്ളച്ചിരിയോടെ ചെല്ലുന്ന തൊമ്മിച്ചനെ നോക്കിയവൾ കപടദേഷ്യം പൂണ്ടു…
“വയസ്സാങ്കാലത്ത് ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റ്…” “എടിയേ….നമുക്ക് ഒന്നൂടെ ആദ്യ രാത്രി ആഘോഷിച്ചാലോ…” തൊമ്മിച്ചൻ ഒരു കണ്ണിറുക്കി അന്നാമ്മയെ തന്റെ നെഞ്ചിലേക്ക് വലിച്ചു ചേർത്ത് ഇറുകെ പുണരുമ്പോൾ ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ കാറ്റേറ്റ് അവർ വീണ്ടും പുതു സ്വപ്നങ്ങൾ നെയ്തെടുക്കുകയായിരുന്നു.