ഇവിടൊരു ശീലാവതി ഉണ്ടല്ലോ ഉടുത്തൊരുങ്ങി ഓഫീസ് എന്ന് പറഞ്ഞു അഴിഞ്ഞാടാൻ പോയിട്ടിതുവരെ എത്തിയിട്ടുമില്ല…ഏട്ടന്റെ ഭാര്യയാണ്

എഴുത്ത്: Sampath Unnikrishnan

“പ്ലീസ് ദിവ്യ എനിക്കറിയാം തനിക്കെന്നെ ഇഷ്ടമാണെന്ന്…..!!!! എന്നെ ഇങ്ങനെ അവഗണിക്കാതെ ഇഷ്ടമാണെന്നൊരു വാക്ക് പറഞ്ഞുകൂടേ…”

ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരം വൈഭവ് ദിവ്യയെ തടഞ്ഞു നിർത്തി ഉള്ളിലെ ഇഷ്ടം പറഞ്ഞപ്പോൾ അവളൊന്നു തരിച്ചു നിന്നു.

“വഴി മാറു വൈഭവ്…എനിക്ക് പോണം ഇനി ഇതും പറഞ് എനിക്ക് മുന്നിൽ വരരുത് …പ്ളീസ് …”

കൈ തട്ടി മാറ്റി നടന്നു നീങ്ങുമ്പോൾ അവളുടെ ഉള്ളിലൊരു കടൽ ആർത്തിരമ്പുന്നുണ്ടായിരുന്നു ഒരു ഡിവോഴ്സി ആണെന്നറിഞ്ഞും വൈഭവ് തന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നതിൽ ഉള്ളുരുകുന്ന വേദന അവൾക്കു തോന്നി….

വീട്ടുകാരുടെ സമ്മതത്തിനു വഴങ്ങി ഇരുപത്തൊന്നാം വയസ്സിൽ ഇഷ്ടമില്ലാത്തൊരു ചെറുക്കന് കഴുത്തു നീട്ടിയപ്പോൾ അറിഞ്ഞിരുന്നില്ല കുടിച്ചും കൂത്താടിയും നടന്ന ജീവിതം നേർവഴിക്കാക്കാൻ ചെറുക്കന്റെ വീട്ടുകാർ കണ്ടെത്തിയ ഉപാധി മാത്രമാണ് താൻ എന്ന്…ഏതാനും മാസങ്ങൾ ഒന്നിച്ചു ജീവിച്ചതിനു ശേഷം മതിയാക്കി വീട്ടിൽ വന്നു നിന്നു….

ഒരു വർഷത്തിനിപ്പുറം ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടു ബന്ധം വേർപിരിഞ്ഞു സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി കണ്ടെത്തിയപ്പോൾ അവിടെയും തന്റെ ജീവിതം കൊത്തി പറിക്കാൻ ആളുകളുടെ തിക്കും തിരക്കും….ഡിവോഴ്സി അല്ലെ കുറച്ചു മാസമല്ലേ ഭർത്താവിനൊപ്പം നിന്നുള്ളൂ ലൈംഗീകതക്കു ദാരിദ്ര്യം കാണുമെന്നു പലരും വിചാരിക്കുന്നുണ്ടാവും…

അതിനിടക്കൊരു മുഖം….കണ്ണേറ്…തന്നെ കൊത്തിവലിക്കാതെ സ്നേഹത്തിൽ കുതിർന്നൊരു സാന്ത്വനം നൽകാൻ വെമ്പുന്നുണ്ടായിരുന്നു. വൈഭവ് ….!!! ഓഫീസിലെ അസിസ്റ്റന്റ് പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ആണ്….എത്രെ കണ്ടില്ലെന്നു നടിച്ചിട്ടും ആട്ടിയകറ്റിയിട്ടും വിടാതെ പിന്തുടരുന്ന നല്ല ഉദ്ദേശം മാത്രമുള്ളു എന്ന് തോന്നിക്കുന്നൊരു നിഷ്കളങ്ക മുഖം. ഇഷ്ടമാണ് പക്ഷെ….!!!

അവളുടെ ചിന്തകൾ ബസ്സിലെ പുറംകാഴ്ചയിൽ എവിടൊക്കെയോ തട്ടി ഉടക്കി നിന്നു. ഏതാനും മണിക്കൂറുകൾ യാത്രയുണ്ട് വീട്ടിലേക്ക്….നീണ്ട ബസ്സ് യാത്രകഴിഞ്ഞു വീടെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരിക്കും….

“ഇവിടൊരു ശീലാവതി ഉണ്ടല്ലോ ഉടുത്തൊരുങ്ങി ഓഫീസ് എന്ന് പറഞ്ഞു അഴിഞ്ഞാടാൻ പോയിട്ടിതുവരെ എത്തിയിട്ടുമില്ല…” ഏട്ടന്റെ ഭാര്യയാണ്….ദിവ്യ വീട്ടിലേക്കു കയറുന്നതു കണ്ടുകൊണ്ടു തന്നെയാണ് അടുക്കളയിൽ നിന്നും വലിയവായിൽ വിളിച്ചു പറഞ്ഞത്….

താൻ ജനിച്ച തന്റെ സ്വന്തം വീട്ടിൽ ഒരു അന്യയെ പോലെ, വലിഞ്ഞു കയറി വന്നവളെ പോലെ നിൽക്കേണ്ടി വരുന്ന ഗതികേടിനെ ഓർത്തു അവൾ സ്വയം പഴിച്ചു…..ഉമ്മറത്തെ ചാരു കസേരയിൽ അച്ഛൻ കേട്ട ഭാവം നടിക്കാതെ ഇരിക്കുന്നത് കണ്ടു….ദിവ്യ അച്ഛനെ തറപ്പിച്ചോന്നു നോക്കി…ബസ്സിലെ തിക്കിലും തിരക്കിലുമുള്ള യാത്ര കഴിഞ്ഞു ക്ഷീണിച്ചെത്തുന്ന തന്നെ എന്നും വരവേൽക്കുന്നത് ആ നിസ്സഹായ മുഖമാണ്…ആ അച്ഛൻ ഒരുപാടു വട്ടം മനസ്സ് കൊണ്ട് തന്റെ കാലിൽ വീഴുകയാണെന്ന് ആ മുഖം കാണുമ്പോഴൊക്കെ ദിവ്യക്കു തോന്നാറുണ്ട്….

അവൾ ഒന്നിനും മുഖം കൊടുക്കാതെ മുറിയിൽ കയറി കതകടച്ചു….എന്നുമുള്ള പതിവാണ് അതിന്റെ പേരിലാവും ഇനി ഇന്നത്തെ നാത്തൂൻ പോര്….ഓഫീസിൽ പോവുന്നത് കുറ്റം….വീടുപണി ഒരു ദിവസം ചെയ്യാതിരുന്നാൽ കുറ്റം…ആ വീട്ടിൽ ഏറ്റവും കൂടുതൽ പണികൾ ചെയ്യുന്നത് അവള് തന്നെ…എന്നിട്ടും കൂലി ശകാരം മാത്രം…ഇതതൊന്നുമല്ല ഒഴുപ്പിച്ചു വിടണം, പങ്കു പറ്റി കൂടെ കൂടുമോ എന്ന് നാത്തൂന് പേടി…

അമ്മയോ ഏട്ടനോ അച്ഛനോ ഇടപെടാറു പതിവില്ല ഒന്ന് രണ്ടു വട്ടം ഇടപെട്ടതിൽ അതൊരു വല്യ കുടുംബ കലഹത്തിൽ ചെന്നെത്തിച്ചിരുന്നു. അതിൽപിന്നെ ദിവ്യയുടെ മൗനം എല്ലാത്തിനും ഉത്തരമേകും…മുറിയിലെ ശബ്ദമുയർത്തി കറങ്ങുന്ന ഫാനിൽ നോക്കി മലർക്കെ കിടന്നവൾ ഓഫീസിലെ കാര്യമോർത്തു….!!!!

വൈഭാവിനെ ഓർത്തു. ഒരിക്കൽ ഒരു ദിവസം ഇളം നീല ഷർട്ട് ഇട്ടു വന്ന വൈഭവന്റെ ക്യൂട്നെസ്സ് അവനറിയാതെ മാറി നിന്ന് നോക്കിയതോർത്തു….ഒന്ന് അടുക്കാനും ആ നെഞ്ചിലൊന്നു ചായാനും കൊതിച്ചതോർത്തു…എവിടൊക്കെയോ ഉള്ളിന്റെ ഉള്ളിൽ മഞ്ഞു വീണു കുളിരു കോരുന്നതവൾ അറിഞ്ഞു….*

******************************

പിന്നെയും ദിവസങ്ങൾ കടന്നു പോയി വൈഭവിനെ അടുപ്പക്കാതെ അകറ്റി തന്നെ നിർത്തി…

“ഞാൻ ഒന്ന് ചോദിച്ചാൽ ദേഷ്യം തോന്നരുത് …” ഫെമിയാണ് ഓഫീസിലെ ദിവ്യയുടെ ഉറ്റ സുഹൃത്ത്‌….

“ഇല്ല ചോദിക്ക്….” കമ്പ്യൂട്ടർ സ്‌ക്രീനിൽ നിന്നും മുഖം എടുക്കാതെ ദിവ്യ പറഞ്ഞു.

“നിനക്ക് വൈഭാവിനെ ഇഷ്ടമല്ലേ…? ഡിവോഴ്സ് ആയി ഒരു വർഷമാവാറായില്ലേ ഇനിയെങ്കിലും പുതിയൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചു കൂടെ….?”

“എല്ലാം അറിയാവുന്ന നീയും….എന്നോട്….. !!! ഇങ്ങനെ…!!!?” അവളുടെ വാക്കുകൾ കൂർത്ത കുപ്പിച്ചില്ലു കൊണ്ടെന്ന പോലെ മുറിഞ്ഞു. “വൈഭാവിനെ എനിക്ക് ഇഷ്ടമാണ്…പക്ഷെ എനിക്കിനിയും ഒരു പരീക്ഷണത്തിന് വയ്യ…..”

“നിന്നെ സ്വീകരിക്കാനും സ്നേഹിക്കാനും അവൻ പൂർണ്ണ മനസ്സോടെ തന്നെ തയ്യാറാണ് നീ ഒന്ന് സമ്മതിച്ചാൽ മാത്രം മതി…”

“അതുവേണ്ട ഫെമി ഒരുപക്ഷെ വൈഭവ് എനിക്ക് നല്ലൊരു ചോയ്സ് തന്നെ ആവാം. നീ ഒന്ന് അവന്റെ ഭാഗത്തു നിന്ന് ചിന്തിച്ചുനോക്കിയേ അവൻ സ്വീകരിക്കാൻ പോവുന്നതൊരു രണ്ടാം കെട്ടുകാരിയല്ലേ….അതിന്റെ കുറച്ചിൽ അവനു തന്നെയല്ലേ എന്നെക്കാൾ നല്ലൊരാളെ തന്നെ അവനു കിട്ടും…”

ഉള്ളിൽ വിതുമ്പി വന്ന വേദന അവൾ കടിച്ചമർത്തി ഫെമിക്കു മുഖം കൊടുക്കാതെ വാഷ്‌റൂം ലക്ഷ്യമാക്കി നടന്നു നീങ്ങി…വാഷ്‌റൂമിൽ വേദന കരഞ്ഞു തീർത്തു…വൈഭവിനെ മുഖം കൊടുക്കാതെ ഓഫീസിൽ കഴിച്ചു കൂട്ടൽ അത് അതൊരു പതിവായിരിക്കുന്നു. പക്ഷെ ഇടക്കെപ്പോഴോ വീണ്ടും വൈഭവ് തന്റെ വഴിയിൽ കുറുകെ കയറി….

അത് കഴിഞ്ഞപാടെ ജോലി മാറിയാലോ എന്ന് വരെ ചിന്തിച്ചു…പക്ഷെ എന്തോ മാറി നിന്നു ശ്രദ്ധിക്കുന്നതിൽ ഒരു സുഖമുണ്ട്, ആശ്വാസമുണ്ട്, കൂടെ സംരക്ഷണത്തിന് ഒരാളുണ്ടെന്ന തോന്നലുണ്ട്…അങ്ങനെ ഒഴിഞ്ഞു നടന്ന് ആഴ്ചകളും മാസങ്ങളും നീക്കി പിന്നെ പിന്നെ വൈഭവും ശ്രദ്ധിക്കാതായി തുടങ്ങിയതവൾ വേദനയോടെ തിരിച്ചറിഞ്ഞു….

അങ്ങനെ ഒരു ദിവസമാണ് ആ വാർത്ത ഞെട്ടലോടെ അവൾ കേട്ടറിഞ്ഞത് വൈഭവനു ചെന്നൈയിലോട്ടു ട്രാൻസ്ഫർ…എത്രയും പെട്ടന്ന് പോകണമെന്നാണ് ഓർഡർ അടുത്ത നാലു ദിവസം ലീവ് എടുത്തു അഞ്ചാം നാൾ പോകാം എന്ന് വൈഭവ് തീരുമാനവും അറിയിച്ചു…

അത് കേട്ടപാടെ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ ജോലി ചെയ്യാൻ കീബോർഡിൽ കൈ ഉറക്കുന്നില്ലെന്നൊരു തോന്നൽ…ഓഫീസിലെ യാത്ര അറിയിച്ചു വൈഭവ് മാനേജറിന്റെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോൾ കണ്ണുകൾ പരതിയത് ദിവ്യയെ ആണ്….അവളോട് പറയണം…പക്ഷെ അവളുടെ സീറ്റ് കാലിയായിരുന്നു….പോകുമ്പോൾ കണ്ടതാണ്….എവിടെയെന്നു ചുറ്റിലും നോക്കി കണ്ടില്ല….

“ഹേയ് ജെറിൻ ദിവ്യയെ കണ്ടോ…”

“ദേ ഇപ്പൊ ഇറങ്ങുന്നത് കണ്ടല്ലോ…” മറുപടി ഉടനെ വന്നു.

മറുപടി കേട്ടപാടെ വൈഭവ് ബാഗ് എടുത്തിറങ്ങി. നേരെ ബസ് സ്റ്റോപ്പിൽ ദിവ്യക്കരികിൽ ഓടി എത്തി…

“ഇന്നെന്റെ അവസാന ദിവസമാണ് കുറച്ചൊന്നു സംസാരിക്കണം എന്റെ കൂടെ ഒരിടം വരെ വരുമോ…ഉറപ്പായും തിരിച് ഇഷ്ടപ്പെടണം എന്ന് പറഞ്ഞു ശല്യം ചെയ്യാനല്ല സത്യം…” കിതപ്പ് നിർത്താൻ നന്നേ പാടുപെട്ട് വൈഭവ് പറഞ്ഞു.

ഒരു ചെറു ചിരിയോടെ അവളൊന്നു തല കുലുക്കി ആ സ്വീകരണം നിഷേധിക്കാൻ അവൾക്കായില്ല. കാരണം അവൾ ഒരുപാടു നാളായി കൊതിച്ചതും അഹ് കൂടികാഴ്ചക്കാണ്….

*******************************

സ്നേഹതീരം ബീച്ചിലെ തിരമാലകൾ എണ്ണി രണ്ടുപേരും ഒന്നും മിണ്ടാതെ ഒരുപാടു നേരമിരുന്നു….

“ഈ ട്രാൻസ്ഫർ ചോദിച്ചു വാങ്ങിച്ചതാണ്…”

അവൾ ഒന്ന് ഞെട്ടി വൈഭാവിനെ നോക്കി. ആ കണ്ണുകൾ ആഴ്ന്നിറങ്ങുന്ന കടൽപ്പരപ്പിൽ തന്നെയാണ്….കണ്ണെടുക്കാതെ വൈഭവ് വീണ്ടും മന്ത്രിച്ചു…

ഈ ട്രാൻഫർ ഞാൻ ചോദിച്ചു വാങ്ങിച്ചതാണ് എന്തിനാണെന്നോ…ഒളിച്ചോടാൻ…..!!! ആ ചുണ്ടിൽ വേദനയോടെയുള്ള ചിരി അവൾ ശ്രദ്ധിച്ചു. എനിക്ക് കഴിയില്ല ഇങ്ങനെ അവഗണനകളിൽ വെന്തുരുകാൻ…ആ പിന്നെ ഒളിച്ചോട്ടത്തിനു വേറൊരു റീസൺ കൂടി ഉണ്ട്…കൂർപ്പിച്ചു നോക്കിയിരുന്ന ദിവ്യയുടെ കണ്ണുകളിലേക്ക് വൈഭവ് ഉള്ളിലെ വേദനയോടു കൂടി നോക്കി പറഞ്ഞു….

“വീട്ടിൽ കല്യാണ ആലോചന പൊടി പിടിക്കുന്നുണ്ട്…കുടുംബക്കാരൊക്കെ ആഞ്ഞു ശ്രമിക്കാണ്, മാമന്റെ മകളെ കെട്ടണമെന്ന് ഒരു കൂട്ടർ….അവന്റെ ഇഷ്ടത്തിന് വിടാൻ മറ്റു ചിലർ…അമ്മ രണ്ടും കല്പിച്ചിറങ്ങിയിരിക്കാ ഈ വർഷം തന്നെ കെട്ടു നടത്തുന്ന മട്ടാ…എല്ലാത്തിന്നും ഒരു ഒളിച്ചോട്ടം അത് അനിവാര്യമാണെന്ന് തോന്നി. ഇനി കാണുമോ മിണ്ടാൻ കഴിയുമോ എന്നൊന്നുമറിയില്ല പക്ഷെ അവസാന ശ്വാസം വരെ മറക്കില്ല…”

അവന്റെ വാക്കുകൾ പാറക്കെട്ടുകളിലേക്കു ഇടിച്ചു കയറുന്ന തിരമാലകൾക്കിടയിലും മുഴങ്ങി കേട്ടു അപ്പോഴും ദിവ്യ മിണ്ടിയില്ല. രണ്ടുപേരുടെ കണ്ണുകളും ഈറനണിഞ്ഞു തുടങ്ങിയിരുന്നു.

ഞാൻ പോവുകയാണെന്ന് പറഞ്ഞു പതിയെ എഴുന്നേൽക്കാൻ തുടങ്ങിയ വൈഭവിന്റെ കൈ പിടിച്ചു ആ ഇളം നീല ഷർട്ടിൻ മേൽ, വിരിഞ്ഞ നെഞ്ചിലേക്ക് ചായാൻ പിരിഞ്ഞ തിരമാല കരയെ പുണരാൻ എടുക്കുന്ന സമയം പോലും അവൾക്കു വേണ്ടി വന്നില്ല….