എന്തിനാ അച്ഛാ എന്നെയും അമ്മയെയും തനിച്ചാക്കി നേരത്തെ പോയെ, അച്ഛൻ നേരത്തെ പോയതുകൊണ്ട് എനിക്കെന്ത് ബുദ്ധിമുട്ടാണെന്നോ…

My mom is my hero – എഴുത്ത്: സമീർ ചെങ്ങമ്പള്ളി

“ഞങ്ങളെല്ലാവരെയും കൊടൈക്കനാലിലേക്ക് കൊണ്ടുപോകാന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ഞാൻ രണ്ടീസം ക്‌ളാസിൽ ഉണ്ടാകില്ല, നീ അവിടെ പോയിട്ടുണ്ടോ”

“ഇല്ല, എനിക്ക് അമ്മ മാത്രല്ലേ ഒള്ളൂ, അതോണ്ട് എങ്ങോട്ടും പോകാനും അമ്മ സമ്മതിക്കൂല്ല…”

അത് പറയുമ്പോൾ കിച്ചുവിന്റെ മുഖം വാടിയിരുന്നു, തല കുനിഞ്ഞിരുന്നു, മിഴികൾ നനഞ്ഞിരുന്നു.

അതോടെ മനുവിന്റെ മനസ്സിൽ സന്തോഷം അലതല്ലി…തന്നെക്കാൾ നന്നായി പഠിക്കുന്ന, പാട്ടുപാടുന്ന, ടീച്ചർമാരുടെ സ്നേഹവും പരിഗണനയും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന കിച്ചുവിന് ആകെ ഉണ്ടായിരുന്ന കുറവ് അവന്റെ അച്ഛൻ മരിച്ചുപോയിരുന്നു എന്നത് മാത്രമായിരുന്നു…ടീച്ചർമാരുടെയും സുഹൃത്തുക്കളുടെയും പ്രശംസകൾ മുഴുവൻ ഏറ്റുവാങ്ങി അവനങ്ങനെ മാനം മുട്ടെ വളർന്നു നിൽക്കുമ്പോൾ അവനെയൊന്ന് തളർത്താൻ വേണ്ടി മാത്രം അനവസരത്തിലാണെങ്കിൽ പോലും മനു തന്റെ അച്ഛനെ കുറിച്ച് വാതോരാതെ സംസാരിക്കും…അതോടെ കിച്ചുവിന്റെ മുഖം വിവർണ്ണമാകും…

എല്ലാ ദിവസവും വീട്ടിലെത്തിയാൽ ഉടനെ കിച്ചു തന്റെ മുറിയിലെ അലമാര തുറക്കും, വാതിലിന് പിറകിൽ അമ്മ ഒട്ടിച്ചുവെച്ചിട്ടുള്ള അച്ഛന്റെ ഫോട്ടോയിലൂടെ പതിയെ കൈകളോടിക്കും, പിന്നെ ഏങ്ങി കരഞ്ഞുകൊണ്ട് പറയും…എന്തിനാ അച്ഛാ എന്നെയും അമ്മയെയും തനിച്ചാക്കി നേരത്തെ പോയെ, അച്ഛൻ നേരത്തെ പോയതുകൊണ്ട് എനിക്കെന്ത് ബുദ്ധിമുട്ടാണെന്നോ…എന്റെ സ്‌കൂളും ഈ വീടുമല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിട്ടില്ല, തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല, ബസ്സിലും ഓട്ടോറിക്ഷയിലുമല്ലാതെ മറ്റൊരു വാഹനത്തിലും യാത്ര ചെയ്തിട്ടില്ല…അച്ഛന്റെ കൂടെ സ്കൂളിൽ വന്നിറങ്ങുകയും തിരിച്ചു പോകുകയും ചെയ്യുന്ന കൂട്ടുകാരെ കാണുമ്പോൾ എന്റെ ഉള്ള് പിടയും, എന്തിനാണച്ഛാ അച്ഛൻ നേരത്തെ പോയത്….

അമ്മ ഓഫീസിൽ നിന്നും വീട്ടിലെത്തുന്നതുവരെ അവൻ അച്ഛന്റെ ചിത്രവും നോക്കി കണ്ണീർവാർത്തുകരയും, അമ്മ വന്നാലുടനെ അവൻ മുഖം കഴുകി അമ്മയുടെ മുൻപിൽ സന്തോഷം അഭിനയിച്ചു നിൽക്കും…അച്ഛനെയോർത്ത് അവൻ കരയുന്നത് അമ്മയ്ക്കൊരിക്കലും സഹിക്കുമായിരുന്നില്ല…

ഒരു ദിവസം, പ്രഭാതമായതും കിച്ചു നേരത്തെ എഴുന്നേറ്റു, അവൻ പതിവുപോലെ കുളിച്ചൊരുങ്ങി, യൂണിഫോമും ധരിച്ചു അടുക്കളയിലേക്ക് ചെന്നു…

അമ്മേടെ കിച്ചു ഇത്രപെട്ടെന്ന് റെഡിയായോ…?? ദേ നീ ഇന്ന് സ്‌കൂളിലൊന്നും പോകേണ്ടാ, നമുക്കൊരിടം പോകാനുണ്ട്, അമ്മ അലമാരയിൽ നിന്റെ ഷർട്ടും പാന്റുമെല്ലാം ഇസ്തിരിയിട്ട് റെഡിയാക്കി വെച്ചിട്ടുണ്ട്, അതെടുത്ത് വേഗം റെഡിയാക്…

കിച്ചുവിനൊന്നും മനസ്സിലായില്ല, അവൻ സംശയത്തോടെ അമ്മയെ നോക്കി, അമ്മയാകട്ടെ കുളിച്ചൊരുങ്ങി പുത്തൻ സാരിയും ധരിച്ച് എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്…അമ്മ ഫ്ലാസ്കിൽ ചൂട് വെള്ളം നിറക്കുന്നു, ബ്രഡും ജാമുമെല്ലാം എടുത്ത് ഒരു കവറിൽ സൂക്ഷിച്ചു വെക്കുന്നു…

“എനിക്കിന്ന് സ്കൂളിൽ പോകണ്ടേ, അമ്മയ്ക്കിന്ന് ഓഫീസിൽ പോകണ്ടേ… “

“നിന്റെ ടീച്ചറോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് നീ കുറച്ചു ദിവസത്തേക്ക് ലീവായിരിക്കുമെന്ന്, ഞാൻ ഓഫീസിൽ നിന്ന് കുറച്ചു ദിവസത്തേക്ക് ലീവെടുത്തിട്ടുണ്ട്…”

“നമ്മൾ എങ്ങോട്ടാ പോണത്…?”

“അത് സർപ്രൈസ്…”

“എങ്ങനാ പോണേ…”

കിച്ചുവിന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടതും അമ്മയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു, അമ്മ വാത്സല്യപൂർവ്വം അവന്റെ അടുത്തേക്ക് ചെന്നു, പിന്നെ ശിരസ്സിൽ തലോടിക്കൊണ്ട് പറഞ്ഞു…

“നീ നമ്മുടെ മുറ്റത്തേക്ക് നോക്കിയേ…”

“മുറ്റത്തെന്താ…?”

“പോയി നോക്ക്…”

കിച്ചുവിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു, അവൻ അടുക്കള വഴി മുറ്റത്തേക്കോടിയതും അവിടെയതാ ഒരു പുത്തൻ കാറു കിടക്കുന്നു.

“ഇതാരുടേതാ ഈ പുതിയ കാറ്…”

“നമ്മുടെ മുറ്റത്ത് കിടക്കുന്ന കാറ് ആരുടേതാകും മണ്ടാ…”

“അമ്മ എപ്പോൾ കാറ് മേടിച്ചു…?”

“ഇന്നലെ….”

“അമ്മേ എന്നിട്ടെന്തേ കാറ് വാങ്ങിക്കുന്ന കാര്യം എന്നോട് പറയാഞ്ഞേ….”

“ഇപ്പോൾ നിനക്ക് ഒരു സർപ്രൈസ് ആയില്ലേ, അതിന് വേണ്ടി…എങ്ങനെയുണ്ട് നമ്മുടെ കാറ്..?”

“എനിക്കിഷ്ടായി…കറുത്ത കാറ് എനിക്ക് നല്ല ഇഷ്ടാ…”

അവൻ അമ്മയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു, അമ്മ അവന്റെ മൂർത്താവിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു…”വേഗം ഒരുങ്ങ്, നമുക്ക് കുറേ ദൂരം പോകാനുള്ളതാ…”

അമ്മയും അവനും വീടു പൂട്ടി മുറ്റത്തേക്കിറങ്ങി. ബാഗുകളെല്ലാം ഡിക്കിയിൽ സൂക്ഷിച്ചതിന് ശേഷം അവർ കാർ സ്റ്റാർട്ട്‌ ചെയ്തു, റോഡിലേക്കിറങ്ങി. അതൊരു ദീർഘദൂര യാത്രയുടെ ആരംഭമായിരുന്നു…

അമ്മ അവൻ ചൂണ്ടിക്കാണിക്കുന്ന ഹോട്ടലുകളിളെല്ലാം വണ്ടി നിർത്തി, അവനിഷ്ടമുള്ള ഭക്ഷണ സാധനങ്ങളെല്ലാം വാങ്ങിച്ചുകൊടുത്തു…നഗര മധ്യത്തിലുള്ള ഒരു സിനിമ തീയേറ്ററിൽ അവൻ കാണാൻ ആഗ്രഹിച്ച ആ സിനിമ കണ്ടു. യാത്രകൾ വീണ്ടും തുടർന്നു, നഗരങ്ങളും ഗ്രാമങ്ങളും പലതു കടന്നുപോയി,പുഴകളും വയലുകളും പലതവണ മുറിച്ചു കടന്നു, അവർ മല മുകളിലേക്ക് കയറി. കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടു, അതിനുമപ്പുറം പലദേശങ്ങൾ ചെന്നു ,പല മനുഷ്യരെ അറിഞ്ഞു, പലഭാഷകൾ കേട്ടു…

കുറച്ചു ദിവസങ്ങൾക്ക് ശേഷം…

“ഡാ…ഞങ്ങളെല്ലാവരും കഴിഞ്ഞ ആഴ്ച കൊടൈക്കനാലിൽ പോയിട്ടോ, എന്താ തണുപ്പ്…”

“നിങ്ങളുടെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു…”

“ഞാനും അമ്മയും അച്ഛനും വല്യമ്മയും എല്ലാരും ഉണ്ടായിരുന്നു, ബഹുരസായിരുന്നു…”

“അയ്യേ, ഇതെന്താ ജാഥയോ…? ഞാനെന്റെ അമ്മയുടെ കൂടെയാ പോയത്…അതും ഞങ്ങളുടെ സ്വന്തം കാറിൽ…”

“നിന്റെ അമ്മയ്ക്ക് കാറൊക്കെ ഓടിക്കാനറിയോ…?”

“പിന്നെ, എന്റെ അമ്മ കാറോടിക്കും, ജോലിക്ക് പോകും, മാർക്കറ്റിൽ പോയി പച്ചക്കറികൾ വാങ്ങും, സിനിമ തീയറ്ററിൽ പോയി ടിക്കറ്റ് വരെ എടുക്കും….എന്റെ അമ്മ മിടുക്കിയല്ലേ….”

“പിന്നെ ഒരു കാര്യം ഉണ്ട്, ആ അമ്മയുടെ സ്നേഹം മൊത്തം സ്വന്തമാക്കാൻ ഞാൻ മാത്രല്ലേ അമ്മയ്ക്കൊള്ളൂ…അതാ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്…എന്റെ അമ്മ മാത്രം മതി എനിക്ക് മറ്റെന്തിനേക്കാളും….”

My mom is my hero….