എന്ന് സ്വന്തം പല്ലവി ~ ഭാഗം – 02 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആൺകുട്ടികളുടെ നിരയിൽ അവസാനത്തെ ബഞ്ചിന്റെ അറ്റത്ത് എന്നിലേക്ക് തന്നെ പുച്ഛത്തോടെ നോട്ടമെറിയുന്ന ആ ഗൗരവമാർന്ന മുഖവും കണ്ണുകളും കുറച്ച് മണിക്കൂറുകൾ മുന്നേ എന്റെ ഈ അവസ്ഥയ്ക്ക് അറിയാതെ എങ്കിലും കാരണക്കാരൻ ആയവന്റെതാണെന്ന് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു…

ക്ഷതമേറ്റ അഭിമാനത്തിന്റെ വൃണപ്പാടിൽ ഉപ്പുകാറ്റേറ്റ പോലെ ഞാൻ നീറിപ്പുകഞ്ഞു…

എന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ടാകണം ഇനിയുമൊരു പ്രദർശനവസ്തു ആക്കാതെ “”ടേക്ക് യുവർ സീറ്റ്‌”” എന്ന് പതിഞ്ഞ ശബ്ദത്തിൽ ടീച്ചർ പറഞ്ഞത്…

അത് കേട്ടതും ആശ്വാസത്തോടെ ഇരിക്കാനായി ഏതെങ്കിലും ഒരു ബഞ്ചിന്റെ അറ്റം കണ്ടെത്താൻ എന്റെ കണ്ണുകൾ ആ വലിയ ക്ലാസ്സ്‌ മുറിയുടെ ഓരോ കോണും പരതി…

മൂന്ന് വരികളായി ഇട്ടിരിക്കുന്ന ബഞ്ചുകളുടെ രണ്ട് വരികളിൽ പെൺകുട്ടികളും ഒരു വരിയിൽ ആൺകുട്ടികളും സ്ഥാനമുറപ്പിച്ചിട്ടുണ്ട്…
ഏകദേശം അറുപതോളം കുട്ടികൾ ഈ ക്ലാസ്സിൽ ഉണ്ടെന്നെനിക്ക് മനസ്സിലായി…

ആൺകുട്ടികളുടെ വരിയിയോട് ചേർന്ന പെൺകുട്ടികളുടെ അവസാന ബഞ്ചിൽ ഒരു സ്ഥാനം മനസ്സിൽ ഉറപ്പിച്ചുകൊണ്ടു ഞാൻ അവിടേക്ക് നടന്നു…അപ്പോളും ക്ലാസ്സ്‌ മുറിയിലെ ഓരോ വിദ്യാർത്ഥികളും എന്റെ ചേഷ്ടകൾ വീക്ഷിക്കുന്നതു കണ്ടപ്പോൾ ജാള്യത തോന്നി…

ആ ബഞ്ചിൽ ഇരുന്ന രണ്ട് പെൺകുട്ടികളെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അറ്റത്തായി ഇരിക്കാൻ ഒരുങ്ങിയതും അനിഷ്ടത്തോടെ എന്നെ നോക്കിക്കൊണ്ട് ഒരു കുട്ടി ഡെസ്കിൽ വച്ചിരുന്ന അവളുടെ ബാഗ് എടുത്ത് ബഞ്ചിന്റെ ഒഴിഞ്ഞ അറ്റത്തേക്ക് വച്ചു…
തിരസ്കരണത്തിന്റെ അപമാനം ആദ്യമായിട്ടല്ലെങ്കിലും എന്തോ മനസ്സിൽ ഒരു വേദന തോന്നി… ഞാൻ മാത്രം, എനിക്ക് മാത്രം എന്താ ഇങ്ങനെ… അത്രക്കും മോശമാണോ ഞാൻ… ചിന്തകൾ കാടുകയറി…എന്ത് ചെയ്യുമെന്നറിയാതെ കുഴഞ്ഞു…

ഇത്തരം നിസ്സാര കാര്യങ്ങൾക്ക് എങ്ങനെയ ടീച്ചറെ സമീപിക്കുക… “ഈ കുട്ടി എനിക്കിരിക്കാൻ ഇടം തന്നില്ല””എന്ന് പരാതി ഉന്നയിക്കാനോ..അവിടെയും ചെറുതാകുന്നത് ഞാൻ മാത്രമല്ലേ…ആലോചനയോടെ ആൺകുട്ടികളുടെ സൈഡിലേക്ക് നോക്കിയതും രാവിലെ എന്നെ ചെളി തെറിപ്പിച്ച ബുള്ളറ്റ്കാരൻ ഭിത്തിയോട് ചേർന്നുള്ള അവസാനത്തെ ബഞ്ചിൽ ഒറ്റക്ക് ഇരിക്കുന്നു…

എന്താ ചെയ്യുക, അവന്റെ ബഞ്ചിന്റെ ഇങ്ങേ അറ്റത്തേക്ക് ഇരുന്നാലോ…ഒരു പെൺകുട്ടിയായ ഞാൻ ക്ലാസ്സ്മുറിയിൽ ഒരു ചെറുപ്പക്കാരനൊപ്പം ഇരുന്നാൽ മറ്റുള്ളവരിൽ സദാചാരബോധത്തിന്റെ ദുഷിച്ച മനസ്സ് തലപൊക്കിയാലോ…അത്തരം പെൺകുട്ടികൾ മോശക്കാരികൾ അല്ലേ…മുന്നും പിന്നും ആലോചിക്കാതെ രണ്ടും കല്പ്പിച്ചു സമയം കളയാതെ ഞാൻ അവന്റെ ബഞ്ചിന്റെ ഒരറ്റത്തേക്ക് ഇരുന്നു…എല്ലാവരും എന്നിലേക്ക് അതിശയത്തോടെ നോക്കുന്നുണ്ടെങ്കിലും ടീച്ചർ ഒരു ചെറു ചിരിയോടെ എന്നെ നോക്കുന്നതുകണ്ടപ്പോൾ മനസ്സിൽ ഒരാശ്വാസം തോന്നി…

അപ്പോളാണ് പ്രതികരണങ്ങൾ ഒന്നുമില്ലാതെ എന്നെയൊന്നു നോക്കുക കൂടി ചെയ്യാതെ ഡെസ്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്ന അവനെ ശ്രദ്ധിച്ചത്..

നീലമഷികൊണ്ട് ഡെസ്കിൽ “”സൂരജ്”” എന്ന് മോഡേൺ ആർട്ടിൽ എഴുതുന്നത് കണ്ടപ്പോൾ അവന്റെ പേരാണതെന്ന് ഞാൻ ഉറപ്പിച്ചു…
ഞാൻ വെറുതെ മനസ്സിൽ ആ പേര് ആവർത്തിച്ചു ഉരുവിട്ടു…എന്റെ സഹപാഠികളിൽ ആദ്യമായി എനിക്ക് പരിചിതമായ ആ പേര് ഓർമ്മയിൽ സൂക്ഷിക്കണമല്ലോ….

ഒരു ബഞ്ചിന്റെ രണ്ട് ധ്രുവങ്ങളിൽ അന്യരെ പോലെ ഞങ്ങൾ ഇരുന്നപ്പോൾ, അവനൊന്നു തലയുയർത്തി നോക്കിക്കൂടെ ഞാൻ ഓർത്തു…

ഇത്രയൊക്കെ ചെയ്തുവച്ച് എന്നെ ഈ കോലം കെട്ട കോലത്തിൽ ആക്കിയിട്ട് ഒരു കുറ്റബോധം പോലും ഇല്ല ദുഷ്ടൻ….

കാണാൻ സുന്ദരനായ പക്വതയാർന്നൊരു ഒരു ചെറുപ്പക്കാരൻ…ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി ആണെന്ന് ഒരിക്കലും തോന്നില്ല…
ഒറ്റനോട്ടത്തിൽ ഒരു അധ്യാപകനെ നോക്കുന്ന പോലെ…കട്ടിയുള്ള മീശയും നീട്ടിയ താടിയും…മുഖത്ത് തെളിഞ്ഞു നിൽക്കുന്ന കൂസലില്ലാഴ്മയും ഗൗരവവും കായികശേഷിയുള്ള ഉറച്ച ശരീരവുമാണവന്…മുണ്ടും ഷർട്ടും ധരിച്ച ഇയാളെ, ഒരു പെൺകുട്ടിയെ സംബന്ധിച്ചു പറഞ്ഞാൽ ഒന്ന് കണ്ണെടുക്കാതെ നോക്കി നിന്നുപോകും..
അത്രക്കും പ്രൗഢിയുള്ള ഒരൊറ്റക്കൊമ്പനെ പോലെ….

ക്ലാസ്സ്‌ അറ്റൻഡർ ആയ ടീച്ചർ അനുരാധയാണ് ഇപ്പോൾ ഞങ്ങൾക്കൊപ്പം ഉള്ളതെന്നും “ഫൊണറ്റിക്സ്” എന്ന സബ്ജെക്ട് ആണ് അവർ പഠിപ്പിക്കുന്നതെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു…എനിക്ക് ശരിക്കും അമേരിക്കയിലോ മറ്റോ എത്തപ്പെട്ടപോലെ തോന്നി ചുറ്റിനും ഇംഗ്ലീഷ് മാത്രം…ഒന്നും മനസ്സിലാകുന്നില്ലെങ്കിലും അവിടെയും ഇവിടെയും കേട്ടു മനസ്സിലാക്കിയ ചില വാക്കുകൾ കൊണ്ട് ഞാൻ എല്ലാം ഊഹിച്ചെടുത്തു പൂരിപ്പിച്ചു….

“”ഇൻട്രൊഡ്യൂസ് യുവർ സെൽഫ്””

ടീച്ചർ അല്പം മുന്നോട്ടു വന്നു എന്നെ നോക്കി പറഞ്ഞതും, തലയ്ക്കു മീതെ ഇടി ചാഞ്ഞ പോലെ ഞാൻ ഞെട്ടികൊണ്ടി ചാടി എഴുനേറ്റു…

അപ്പോൾ മാത്രം ബഞ്ചിന്റെ കുലുക്കം കൊണ്ടാകാം സൂരജ് എന്നെ ഒന്ന് നോക്കി…

എന്നിൽ സഭാകമ്പം പത്തിവിടർത്തി…

“”എന്റെ പേര് പല്ലവി………..”

“”ദിസ്‌ ഈസ്‌ നോട്ട് എ മലയാളം ക്ലാസ്സ്‌, ട്രൈ ടു സ്പീക്ക്‌ ഇൻ ഇംഗ്ലീഷ്…”

സ്വാഭാവികതയോടെ ഞാൻ മലയാളത്തിൽ സംസാരിച്ചു തുടങ്ങവേ എന്നെ തടസ്സപ്പെടുത്തിക്കൊണ്ടു ടീച്ചറിന്റെ സ്വരം ഉയർന്നപ്പോൾ ഞാൻ പെട്ടന്ന് നിശ്ശബ്ദതായി…

എന്നെ സംബന്ധിച്ചു അതൊരു വലിയ കടമ്പയായിരുന്നു… ഇംഗ്ലീഷ് കൃത്യമായി സംസാരിക്കാനൊന്നും എനിക്കറിയില്ല…കാണാപ്പാഠം പഠിച്ചു ഇംഗ്ലീഷ് എസ്സേ ഒക്കെ എഴുതി ജയിച്ച എനിക്ക് ഇതൊക്കെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെയായിരുന്നു…പക്ഷേ ചുറ്റിനും എന്നെപ്പറ്റി അറിയാൻ അവജ്ഞയോടെ അതിലുപരി ആകാംഷയോടെ ഇരിക്കുന്ന സഹപാഠികളെ വിഷമിപ്പിക്കാനും കഴിയില്ലല്ലോ…

“”മൈ നെയിം ഈസ്‌ പല്ലവി ചന്ദ്രപ്രതാപ്…അയാം കമിംഗ് ഫ്രം കൽത്തുരുത്തി…മൈ ഫാദർ നെയിം ചന്ദ്രപ്രതാപ്…മൈ മദർ നെയിം സീത ദേവി…ഐ സ്റ്റഡി പ്ലസ് ടു ഇൻ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ കൽത്തുരുത്തി…””

എങ്ങനെയൊക്കെയോ വിക്കി വിക്കി ഒരു യൂ കെ ജി കുട്ടിയെ പോലെ പറഞ്ഞൊപ്പിക്കുന്ന എന്നെ പരിഹാസത്തോടെ നോക്കുന്ന പല കണ്ണുകളും ഞാൻ അവഗണിച്ചു…

സൂരജിലേക്ക് നോക്കിയപ്പോൾ പുച്ഛത്തോടെ ചുണ്ടിൽ ഒരു ചിരിയുമായി ദൂരേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അവൻ…എന്തിനോ നെഞ്ചിൽ ഒരു നോവുണർന്നു…

“”ഓക്കേ സിറ്റ് ഡൌൺ പല്ലവി…””

കൂടുതൽ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാതെ അനുരാധ ടീച്ചർ എന്റെ അവസ്ഥ മനസ്സിലാക്കി…എന്തോ കുറേ ആളുകൾക്ക് മുന്നിൽ ഞാൻ അപമാനിതയായ പോലെ തോന്നി എനിക്ക്…വേണ്ടിയിരുന്നില്ല, എന്റെ കഴിവിനും പ്രാപ്തിക്കും പറ്റിയൊരിടം അല്ല ഇതെന്ന ചിന്ത എന്നിൽ വേരൂന്നി…അമ്മയെ ഓർത്തപ്പോൾ എങ്ങനെയും പഠിച്ചു ജയിക്കണം എന്നും ആഗ്രഹിച്ചു…

അന്നേ ദിവസം ഓരോ പിരീഡും പല പല അധ്യാപകരെയും വിഷയങ്ങളെയും പരിചയപ്പെട്ടു…ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയതിനാൽ ഏകദേശം എല്ലാ വിഷയങ്ങളും പഠിപ്പിക്കൻ തുടങ്ങിയിരുന്നു…ഒന്നും മനസ്സിലായില്ല എങ്കിലും സ്വപനലോകത്ത് എന്നപോലെ ഇരുന്ന് കൊടുത്തു..

ബ്രേക്ക്‌ ടൈം ആയപ്പോൾ അടുത്തിരിക്കുന്ന കക്ഷി ഞാൻ ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തിൽ എങ്ങോട്ടോ എഴുനേറ്റ് പോയി….അയാൾ ഒറ്റപ്പെട്ടു നടക്കുന്ന ഒരാളായി തോന്നി എനിക്ക്. ആരുമായും സംസാരിക്കാത്ത ഒരു പരുക്കൻ സ്വഭാവക്കാരൻ…

ഞാൻ ഇരുന്നിടത്ത് നിന്നും എണീറ്റതെ ഇല്ല…ഈ കോലം ഇനിയും നാട്ടുകാരെ പ്രദർശിപ്പിക്കാൻ തോന്നിയില്ല…ചിലരൊക്കെ എന്നെ നോക്കി ചിരിച്ചു… ആൺകുട്ടികൾ ഒക്കെ അടുത്തു വന്നു പരിചയപ്പെട്ടു…

അനിൽ, റിയാസ്,മിഥുൻ, ക്രിസ്റ്റി….

മിഥുന് ഒരിളക്കം ഉള്ള കൂട്ടത്തിൽ ആണെന്ന് തോന്നി…ചിരിയോടെ അവന്റെ തമാശകളെ കേട്ടിരുന്നപ്പോൾ എന്തോ മനസ്സിൽ ഒരു തണുപ്പ് പടർന്നു…ഒരു കാര്യം എനിക്ക് മനസ്സിലായി അവിടെയുള്ള ജാഡ പെണ്കുട്ടികളേക്കാൾ എന്തുകൊണ്ടും ഒരു പടി ഭേദം ആൺകുട്ടികൾ ആണെന്ന്…സൂരജ് ഒഴികെ…ആള് ഒന്ന് സംസാരിച്ചാലല്ലേ ശരിക്കും എന്താണെന്ന് അറിയൂ….

റാഗിംഗ്‌ ഒക്കെ തകൃതിയെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടക്കുന്നുണ്ടെന്നും ഇന്ന് സെക്കന്റ്‌ ഡിസി, തേർഡ് ഡിസി, ഇന്റെർനെൽ എക്സാം നടക്കുന്നതിനാലാണ് ശാന്തമായി ഈ പരിതസ്ഥിതി എന്നും അവന്മാർ എന്നെ ഓർമ്മിപ്പിച്ചപ്പോൾ എന്നിൽ ഭയം ഏറി…

ബ്രേക്ക്‌ കഴിഞ്ഞ് ഒരുപാട് വൈകി ആണ് സൂരജ് ക്ലാസ്സിലേക്ക് വന്നത്…നേരിയ സിഗരറ്റിന്റെ ഗന്ധം അവനിൽ നിന്നും അനുവഭവപ്പെട്ടപ്പോൾ ഞാൻ മുഖം ചുളിച്ചു അവനെ നോക്കി…കാര്യം മനസ്സിലാക്കി എന്ന് തോന്നുന്നു ഇടം കണ്ണിട്ട് ഗൗരവത്തോടെ എന്നെ നോക്കിയതും നിഷ്കളങ്കമായ ചിരിയോടെ ഞാൻ മുഖം തിരിച്ചു…

ആദ്യ ദിവസം വളരെ കഷ്ടപ്പെട്ട് തള്ളി നീക്കി, ഇനി മൂന്ന് വർഷം ഈ കലാലയും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ എന്ന് ഞാനോർത്തു…

ബസ് ഇറങ്ങി വീട്ടിലേക്ക് പോകാൻ വഴിയോരം ചേർന്നു നടന്നതും ഒരു കാർ എനിക്കരികിലേക്ക് ചേർത്തു നിർത്തി…

“”പവിയേ കോളേജും പഠിത്തവും ഒക്കെ എപ്പടി””

ഡ്രൈവർ സീറ്റിന്റെ ഗ്ലാസ്‌ താഴ്ത്തി എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആദിയേട്ടൻ അത് ചോദിച്ചതും ഞാൻ നടന്നു അടുത്തേക്ക് ചെന്നു…

ദേവർമഠത്തിലെ വലിയ സാറിന്റെ മൂത്ത മകനാണ്… “ആദിത്യ വർമ്മ “പട്ടണത്തിലെ അവരുടെ തന്നെ കമ്പനികൾ നോക്കി നടത്തുകയാണ്…ഒരു സുഹൃത്തിനെ പോലെയാണ് എന്നോട്…കാണാൻ സുമുഖനും അതുപോലെ നല്ല സ്വഭാവവും ആണ് കക്ഷിക്ക്…

“നന്നായി പോകുന്നു ആദിയേട്ടാ…”

ചിരിയോടെ ഞാനതു പറഞ്ഞതും”വാ നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം, കയറ്…” പുള്ളിയും പറഞ്ഞു…

സ്നേഹപൂർവ്വം നിരസിച്ചുകൊണ്ടു ഞാൻ യാത്ര പറഞ്ഞു…

ഇനി നാട്ടുകാര് കണ്ടാൽ അവിവാഹിതനായ ദേവർമഠത്തിലെ കൊച്ചുതമ്പ്രാന്റെ കൂടെയാ ഈ പല്ലവി എന്ന് അവർക്ക് പുതിയ കഥ മെനയാൻ….അമ്മക്ക് ഇടക്കൊക്കെ അവിടെ ജോലിക്ക് പോകാൻ വയ്യായ്ക വരുമ്പോൾ പകരം ഞാനാണ് ദേവർമഠത്തിൽ പോകുകുന്നത്…അങ്ങനെയുള്ള പരിചയമാണ് ആദിയേട്ടനോട്..

പാവങ്ങൾ എന്നോ പണക്കാരെന്നോ വേലക്കാരി എന്നോ ഒന്നും വേർതിരിവില്ലാതെ ഒരു പച്ചയായ മനുഷ്യൻ…

വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ കയറിയതും ഉമ്മറപ്പടിയിൽ ഉമ്മറപ്പടിയിൽ ഇരിക്കുന്ന അമ്മയെ കണ്ടു…അച്ഛനെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകാൻ മടിയാണ് അമ്മയ്ക്ക്…മറ്റു വഴിയില്ലാത്തതിനാൽ തൊട്ടടുത്ത വീട്ടിലെ പാറുവമ്മയെ ഏൽപ്പിച്ചായിരിക്കും അമ്മ പോയതെന്ന് ഞാൻ ഊഹിച്ചു…

കോളേജിലെ ആദ്യ ദിവസത്തെ പറ്റി അമ്മയോട് പറഞ്ഞപ്പോൾ ഒരു കഥ പോലെ എല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു…കുളിച്ചു റെഡിയായി സൂപ്പർ മാർക്കറ്റിലേക്ക് ഞാൻ പോകാനിറങ്ങി..5 മണി മുതൽ 8 വരെ പാർട്ട്‌ ടൈം ജോലിക്ക് നിൽക്കാൻ മാനേജർ പറഞ്ഞിത്‌ എനിക്കൊരു സഹായമായി…

************

ശ്രീലകം എന്ന വലിയ വീടിന്റെ ഗേറ്റ് കടന്ന് സൂരജിന്റ ബുള്ളറ്റ് പോർച്ചിലേക്ക് നിർത്തി…

ശ്രീലകം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് നാട്ടിലെ അറിയപ്പെടുന്ന കച്ചവട ശൃംഖലകളിൽ ഒന്നായിരുന്നു…

ശ്രീലകത്ത് മാധവമേനോന്റെയും ഊർമ്മിളയുടെയും ഏക മകനാണ് സൂരജ് മാധവൻ…തന്നെ പ്രസവിച്ചതോടെ ആരോഗ്യ പ്രശ്നങ്ങളാൽ ഊർമ്മിള ഒരിറ്റ് മുലപ്പാല് പോലും അവന് നിഷേധിച്ചു കൊണ്ടു ഈ ഭൂമിയോടവർ വിടപറഞ്ഞു…

ദേവർമഠത്തിലെ ഇളയപെൺകുട്ടിയായ ഊർമ്മിള ആയിരുന്നു സൂരജിന്റെ അമ്മ…

ജീവിതം പോലും ബിസിനെസ്സ് ആണെന്ന് ചിന്തയുള്ള അത്യാഗ്രഹിയും കൗശലക്കാരനുമായ അച്ഛന് അമ്മയില്ലാത്ത തന്റെ മകനൊപ്പം സമയം ചിലവഴിക്കാണോ അവനെ സ്നേഹിക്കുവാനോ അധികം കഴിഞ്ഞിട്ടില്ല…എങ്കിലും സ്നേഹസമ്പന്നനായ ഒരു പിതാവായി ഇടയ്ക്കെപ്പോളോ അയാൾ മകന് മുന്നിൽ നിറഞ്ഞാടുമായിരുന്നു… അതുപോലെ തന്റെ അച്ഛനോട് സ്നേഹവും വിശ്വാസവും ഉള്ള ഒരു മകനായിരുന്നു സൂരജ്…

ചെറുപ്പത്തിലേ അമ്മയെ നഷ്ട്ടപ്പെട്ട അവന്റെ ഒറ്റപ്പെടലിൽ കർക്കശക്കാരനും അല്പം താന്തോന്നിയുമൊക്കെയായി അവൻ വളർന്നു…ആരെയും കൂസാത്ത ഭാവവും മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവനും പണമാണ് എല്ലാത്തിനും മീതെ എന്നുമൊക്കെ ഒരു പരിധിവരെ വിശ്വാസിക്കുന്നവൻ ആയിരുന്നു അവൻ …

ആഗ്രഹിച്ചതെന്തും അച്ഛൻ മാധവൻ സൂരജിന് നേടിക്കൊടുക്കുമായിരുന്നു.. അതൊക്കെയാകാം അവന്റെ ഈ സ്വഭാവത്തിന് കാരണവും…മകന്റെ സർവ്വ തോന്നിവാസങ്ങൾക്കും കുടപിടിക്കാൻ ആ അച്ഛനും തയ്യാറായിരുന്നു…

ട്രാവിൻകൂർ എൻജിനീയറിങ്ങ് കോളേജിൽ നാലാം വർഷ വിദ്യാർത്ഥി ആയിരിക്കെ ചില കലാലയ രാഷ്ട്രീയ പ്രശ്നങ്ങളിൽ പെട്ട് എതിർപാർട്ടിക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തുകയും, അതിന്റെ ഫലമായി അവിടെ തുടർന്നു പഠിക്കാൻ തീർത്തും സാധിക്കാത്തതിന്റെ പേരിൽ എൻജിനീറിങ്ങ് പഠനം ഉപേക്ഷിച്ചു ഇപ്പോൾ ഡിഗ്രിക്ക് ചേരേണ്ടതായും വന്നു…

മാധവന്റെ കർശനമായ ഉപദേശപ്രകാരം ഇപ്പോൾ സൂരജ് ഒന്ന് പതുങ്ങിയിട്ടുണ്ട്…പഴയ സൂരജിന്റെ പ്രതിച്ഛായയെ തന്നെ തുടച്ചു നീക്കി തീർത്തും ഒതുങ്ങിക്കൂടി നടക്കുന്നു…

വീട്ടുജോലിക്കും പുറം പണിക്കുമായി തന്നെ ഒരുപാട് ജോലിക്കാർ ഉണ്ടായിരുന്നു ആ വലിയ വീട്ടിൽ…പോർച്ചിൽ പാർക്ക്‌ ചെയ്തിരിക്കുന്ന വിലകൂടിയ പോർഷ് കാറുകൾ അഞ്ചിലധികം ഉണ്ട്…

എന്നാൽ സ്നേഹമോ വാത്സല്യമോ ഒന്നും ലഭിക്കാതെ മുരടിച്ചു പോയ ഒരു വൃക്ഷം കണക്കെ ആയിരുന്നു സൂരജ്…മനസ്സിൽ എവിടെയോ അടിഞ്ഞു കിടക്കുന്ന നന്മകൾ അവനിൽ നിന്നും പുറത്തേക്ക് വരാൻ സാഹചര്യങ്ങൾ ഇല്ലായിരുന്നു എന്ന് മാത്രം…

“”മോനെ വാ ഒന്നും കഴിച്ചില്ലല്ലോ…””

തന്റെ റൂമിലേക്ക് പോകാൻ മുകളിലേക്കുള്ള പടി കയറവെ താഴെ നിന്നുകൊണ്ട് മറിയച്ചേട്ടത്തി വിളിച്ചു ചോദിച്ചു….കുഞ്ഞിലേ മുതൽ ഒരമ്മയുടെ സ്ഥാനമാണ് അവനെ നോക്കി വളർത്തി ആ വീട്ടിൽ ജീവിക്കുന്ന മറിയചേട്ടത്തിക്ക് അവൻ നൽകിയിരിക്കുന്നത്…തന്റെ അച്ഛനായ മാധവൻ കഴിഞ്ഞാൽ അവന് പ്രിയപ്പെട്ട ഒരേ ഒരാൾ…ബന്ധുക്കളായി ആരും ഇല്ല അവർക്ക്…

“”വേണ്ട ചേട്ടത്തി ഞാൻ പിന്നെ കഴിച്ചോളാം””

ഗൗരവം വിടാതെ അതും പറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് കയറിയ പാടെ മ്യൂസിക് സിസ്റ്റം ഉച്ചത്തിൽ വച്ച് ബെഡിലേക്ക് മലർന്നു…

ചില മണിക്കൂറുകൾക്ക് ശേഷം മുഖത്തേക്ക് തെറിച്ച വെള്ളത്തുള്ളികളുടെ തണുപ്പിൽ സൂരജ് ഒന്ന് ഞരങ്ങിക്കൊണ്ടു കണ്ണ് തുറന്നു…

കണ്മുന്നിൽ നിൽക്കുന്ന ഇറുകിയ ജീൻസും ടീ ഷർട്ടും ധരിച്ച പെൺകുട്ടിയെ കാണെ അവന് ദേഷ്യം പെരുത്ത് കയറി…ചാടി എഴുനേറ്റു അവളുടെ കൈയിൽ ഇരുന്ന വെള്ളവും കുപ്പിയും തട്ടി എറിഞ്ഞു…

“ആരോട് ചോദിച്ചിട്ടാടി ഇങ്ങോട്ട് വലിഞ്ഞു കയറി വന്നത്…ഇറങ്ങി പോടീ..”

യാതൊരു ഭാവമാറ്റവും ഇല്ലാതെ ചായം ചുവപ്പിച്ച ചുണ്ടിൽ പുഞ്ചിരിയുമായി നിൽക്കുകയാണ് യമുന ദേവൻ എന്ന തന്റെ മുറപ്പെണ്ണ്…

മാധവന്റെ സഹോദരി ഗൗരിയുടെയും രാജഗോപാലിന്റെയും ഏക മകളാണ് അവൾ…എം ബി ബി എസ് രണ്ടാം വർഷ വിദ്യാർത്ഥി…

“എന്തിനാ സൂരജേട്ടാ ഇങ്ങനെ നിന്ന് വിറയ്ക്കണേ…എന്നായാലും ഈ മുറിയുടെ അവകാശിയല്ലേ ഈ യമുന ദേവൻ…”

കുടിലതയോടെ അവനിലേക്ക് അവളുടെ കണ്ണുകൾ ഇഴഞ്ഞു നടന്നു…അവന്റ പൗരുഷത്തിനും സൗന്ദര്യത്തിനും മുന്നിൽ അടിമപ്പെട്ടൊരു ഭ്രാന്തിയായിരുന്നു യമുന..

സൂരജിന്റെ കണ്ണുകളിൽ തീയാളി…

“”അതിന് ഈ സൂരജ് ഒരു ജന്മം കൂടി ജനിക്കണം, നിന്റെ ആട്ടത്തിനൊത്ത് തുള്ളുന്ന രാജഗോപൻ എന്നെ നിന്റെ തന്തയല്ല ഞാൻ… ഓർത്തോ..”

വെറുപ്പോടെ അവൻ മുഖം തിരിച്ചു…

“”ഈ ജന്മം സൂരജ് മാധവ് എന്ന നിങ്ങൾ ഈ യമുനയുടേത് മാത്രമായിരിക്കും….””

അടുത്ത നിമിഷം ഭ്രാന്തമായൊരു ആവേശത്തോടെ യമുന അവനെ പുണരുകയും അവന്റെ കഴുത്തിലേക്ക് അവളുടെ അധരം പതിപ്പിക്കുകയും ചെയ്തു…

അറപ്പോടെ അവളെ കുടഞ്ഞെറിഞ്ഞുകൊണ്ടു അവളുടെ കവിളിലേക്കവൻ ആഞ്ഞടിച്ചു…

“എനിക്ക് ഒരു കൈ അകലെ നിൽക്കണം നീ… എന്റെ അടികൊണ്ടു ചാകണ്ട എങ്കിൽ…മൂത്ത് നിൽക്കുന്നേൽ പോയി…”

പറഞ്ഞു മുഴുവിക്കാതെ ദേഷ്യത്താൽ പല്ലുഞെരിച്ചുകൊണ്ടാവൻ റൂമിന്റെ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി…

ചുണ്ടിൽ ഉന്മാദത്തിന്റെ നിറചിരിയോടെ യമുന അവിടെ തറഞ്ഞു നിന്നു….

“”നിന്റെ കൈകൊണ്ടു അടികൊള്ളുന്നതും ചാകുന്നതും ഒക്കെ എനിക്കൊരു ഹരമാണ് സൂരജ്…ഏത് ലഹരിക്കും തരാനാകാത്ത ഉന്മാദം പോലെ…””

അവന്റെ മർദ്ദനമേറ്റ് ചുവന്ന കവിളിൽ തഴുകിയ തന്റെ വിരലുകളെ അവൾ നാസികയിൽ ചേർത്തു ആഞ്ഞുശ്വസിച്ചുകൊണ്ട്‌ മന്ത്രിച്ചു….മത്ത് പിടിപ്പിക്കുന്ന ആ പുരുഷഗന്ധത്തിൽ അവൾ മതിമറന്നു…

ചെറുപ്പത്തിലേ പറഞ്ഞുവച്ചതായിരുന്നു സൂരജിന്റെയും യമുനയുടെയും വിവാഹം…എന്നാൽ സൂരജിന് അവളെ അത്തരത്തിൽ കാണാനോ അവളെ പോലൊരു പെണ്ണിനെ സ്വീകരിക്കാനോ ഈ ജന്മം സാധിക്കുമായിരുന്നില്ല എന്നത് ആ ഉറപ്പിന്റെ അടിവേരുകൾ ഇളക്കിതുടങ്ങി..

അവന്റെ സങ്കല്പത്തിലെ പാതി എന്നാൽ, തന്റെ വാക്കുകൾക്ക് വില കൊടുക്കുന്ന, തന്നെ അനുസരിക്കുന്ന, തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന,ഒരു അമ്മയുടെ വാത്സല്യവും കരുതലും തരുന്ന…സുഹൃത്തിനെ പോലെ എന്തും തുറന്നു പറയാൻ കഴിയുന്ന ഒരുവൾ…

എന്നാൽ ഇങ്ങനെ ഒരാൾ ഈ ലോകത്ത് തന്നെ ഇല്ല എന്ന അവന്റെ തെറ്റിദ്ധാരണയെ ഉടച്ചുവാർത്തുകൊണ്ടു അങ്ങ് ദൂരെ തന്റെ ആഗ്രഹങ്ങൾക്ക് ഇണങ്ങിയ നിഷ്കളങ്കയായൊരു പാവം പെണ്ണ് കാത്തിരിക്കുന്നു എന്നവൻ അറിഞ്ഞിരുന്നില്ല…

To be Continued….