എന്റെ ആഗ്രഹങ്ങളെക്കാളും എന്റെ വികാരങ്ങളേക്കാളും കൂടുതൽ പ്രാധാന്യം നൽകിയത് എന്റെ കുടുംബത്തിനു വേണ്ടിയാണ്

മൂത്തോൾ – എഴുത്ത്: ആദർശ് മോഹനൻ

” എനിക്ക് ആദ്യം പിറന്നത് ഒരു ആൺ കൊച്ചായിരുന്നെങ്കിൽ ” ?

അച്ഛയത് ഇടയ്ക്കൊക്കെ പറയുമ്പോഴൊക്കെ നെഞ്ചിൽ ആണിതറച്ച പോലെ തോന്നാറുണ്ടെനിക്ക്, ഒരു ആണായിപ്പിറന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടീ ജീവിതത്തിൽ

മൂന്ന് മക്കളിൽ ആദ്യത്തെ രണ്ടെണ്ണം പെൺകുഞ്ഞുങ്ങളായപ്പോൾ മൂന്നാമത് ഉരുളി കമഴ്ത്തിയുണ്ടായത് ആൺ കൊച്ചായപ്പോൾ അച്ഛയിടയ്ക്കിടയ്ക്ക് പറയാറുണ്ട്, കുട്ടൻ പിറന്ന ദിവസമാണ് ഞാനെന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചിട്ടുള്ളയാ ദിവസം എന്ന്

ഇന്നേ വരെ ഒരു പക്ഷാപാതത്തോടു കൂടി അച്ഛ ഞങ്ങളോട് പെരുമാറിയിട്ടില്ല എന്നത് സത്യം തന്നെയാണ്, പക്ഷെ എപ്പോഴൊക്കെയോ എന്നെക്കാളും അച്ചുവിനേക്കാളും സ്നേഹം അച്ഛയ്ക്ക് അവനോടാണെന്ന് തോന്നിയിട്ടുണ്ടെനിക്ക്

ഉള്ളിൽ അസൂയയോടെയും കുശുമ്പോടെയും അവനെ നോക്കിക്കാണാറുണ്ടെങ്കിലും കുഞ്ഞേച്ചി എന്നുള്ള അവന്റെ വിളിയിൽ ചേർത്തു പിടിച്ച് അവരേക്കാളധികം സ്നേഹിച്ചിട്ടേ ഉള്ളോ അവനെ ഞാൻ,

പെണ്ണെന്ന ഒരൊറ്റ കാരണം കൊണ്ട് വിലക്കപ്പെട്ട സ്വാതന്ത്ര്യത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ എന്തെന്നില്ലാത്ത ദേഷ്യം നുരഞ്ഞു പൊന്താറുണ്ട് ഉള്ളിൽ, ഒരു ദിവസമെങ്കിൽ ഒരു ദിവസം ആണായിട്ട് ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ഏതൊരു പെണ്ണിലും ഉടൽ പൊന്താറുള്ളയാ ആഗ്രഹത്തെ കണ്ണുംപൂട്ടി ഞാനെന്റെ കള്ളക്കണ്ണനോട് പറയാറുള്ളപ്പോഴൊക്കെ, ആ പുല്ലാങ്കുഴലിൽ ചേർന്ന ചോരച്ചുണ്ടിൽ വിടർന്ന പുഞ്ചിരിയിൽ നിന്നെനിക്ക് ഉത്തരം കിട്ടാറുണ്ട്

പെണ്ണായി പിറന്നെങ്കിൽ പെണ്ണായി തന്നെ മരിക്കണം, ഉദരത്തിലെ അന്ധകാരത്തിൽ നിന്ന് നാളെയുടെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്കു നിന്നെ പെറ്റിട്ടതും ഒരു പെണ്ണ് തന്നെയാണെന്ന ആ ഉത്തരം,

നാല് വർഷത്തെ നഴ്സിംഗ് പഠനത്തിന് പുറത്തേക്കെന്നെ വിടുമ്പോൾ കടത്തിൻമേൽ കടവുമായി അച്ഛ കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞിരുന്നു, വീട്ടിലെ കഷ്ട്ടപ്പാടോർത്ത് പഠിപ്പ് അവസാനിപ്പിച്ച് എന്തേലും ചെറിയ ജോലി ചെയ്ത് അച്ഛയ്ക്കൊരു കൈത്താങ്ങായാലോ എന്ന് ചിന്തിച്ചപ്പോഴും ഞാൻ മനസ്സിലാഗ്രഹിച്ചിരുന്നു ഒരാണായി ജനിച്ചിരുന്നെങ്കിൽ അല്ലറ ചില്ലറ ജോലിയൊക്കെ ചെയ്ത് സ്വന്തം വിദ്യാഭ്യാസത്തിനുള്ള ചിലവെങ്കിലും കണ്ടെത്താമായിരുന്നു എന്ന്

ആർക്കു മുൻപിലും കൈ നീട്ടാത്ത എന്റെ അച്ഛ കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ മൂന്ന് പേരുടെയും പഠിപ്പിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ്,

ഒരു നഴ്സ് ആവുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു, വേദനയും കഷ്ട്ടപ്പാടും അനുഭവിക്കുന്നവരുടെ രോഗികളുടെ കണ്ണീരൊപ്പുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്നതു കൊണ്ട് തന്നെയാണ് ഞാനീ പാത സ്വീകരിച്ചതും

പഠിപ്പു തുടങ്ങണ കാലഘട്ടത്തിൽ ഒരുപാട് അറപ്പും വെറുപ്പും തോന്നിയിരുന്നു ഹോസ്പിറ്റലിന്റെ ആ നാൽച്ചുവരിന്റെ ഉൾച്ചൂടിനോട് , കഷ്ട്ടതകൾ പിന്നീട് കഷ്ട്ടപ്പാടല്ലാതെ മാറിയത് അതൊരു ശീലമാക്കിയത് കൊണ്ടും ആ പ്രൊഫഷണോടുള്ള കടുത്ത ഇഷ്ട്ടം കൊണ്ടും മാത്രമാണ്

പഠനം കഴിഞ്ഞ് ജോലിക്ക് കേറുമ്പോൾ ശമ്പളത്തേക്കാൾ ഉപരി ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ രോഗിയുടെ ചുണ്ടിൽ വിരിയുന്നയാ പുഞ്ചിരിയുണ്ടല്ലോ അത് കാണുമ്പോഴൊക്കെ ഉൾനെഞ്ചിനകത്തൊരുരു തണുപ്പാണ്

എന്റെ ഇരുപത്തിരണ്ടാo വയസിൽ അമ്മായി നിലയ്ക്കും വിലയ്ക്കും ചേർന്നൊരു ബന്ധം വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നപ്പോൾ മറുവാക്കൊന്നും പറയാതെ അവർ വന്ന് കണ്ടോട്ടെയെന്ന് അച്ഛയത് പറയുമ്പോൾ , ആ സഭയിൽ തലയുയർത്തിക്കൊണ്ട് ഇടയിൽ കയറി ചെന്നിട്ട് ഞാൻ പറഞ്ഞു

എനിക്കിപ്പോൾ വിവാഹം വേണ്ട, സമയാവുമ്പോൾ ഞാനതറിയിക്കാം എന്ന്, എന്റെ തീരുമാനത്തിനു മുൻപിൽ അച്ഛയുടെ തല കുമ്പിട്ടു നിന്നപ്പോളും എനിക്കുറപ്പുണ്ടായിരുന്നു ആ മനസ്സും ആഗ്രഹിച്ചത് അതു തന്നെയാണ് എന്ന്,

മുഖത്തടിച്ചോണം മൂത്ത മോൾടെ അഹങ്കാരത്തെ അടച്ചാക്ഷേപിച്ചു കൊണ്ട് അമ്മായിയാ പടിയിറങ്ങിപ്പോകുമ്പോളും മനസ്സിലാകെ കുമ്പാരം കൂടി നിന്ന ബാധ്യതകളും എന്റെ അച്ചുവിന്റെം കുട്ടന്റെയും തുടർപ്പഠനവും മാത്രമായിരുന്നു

അന്നു രാത്രി അച്ഛയെന്നെ ഒറ്റയ്ക്കു വിളിച്ചിട്ടാ ചോദ്യം ചോദിച്ചു, ഇപ്പോൾ വിവാഹത്തിന് സമ്മതിക്കാത്തത് വീട്ടിലെ അവസ്ഥകളെ കുറിച്ചോർത്താണോ എന്ന്, അച്ഛയ്ക്ക് ജീവനുള്ളിടത്തോളം കാലം ന്റെ മക്കൾക്ക് ഒരു കുറവും വരാതെ അച്ഛ നോക്കുമെന്ന് എന്റെ മുഖത്തു നോക്കിയപ്പോൾപ്പറയുമ്പോഴും ആ കവിളൊരൽപ്പം നനഞ്ഞിരുന്നു

ആ ചോദ്യത്തിന് ഉത്തരമായത് എന്റെ കൺപോളകളിൽ തടം കെട്ടിയ ഒരു തുള്ളി കണ്ണീര് മാത്രമായിരുന്നു , ആ നെഞ്ചിലെ വെള്ള രോമങ്ങളിൽ കാതു വെച്ച് ഞാനൊന്നേ പറഞ്ഞുള്ളോ, എന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണതയില്ലാതെ ഞാനെങ്ങനെ പുതിയൊരു ജീവിതത്തിലേക്ക് കടക്കും അച്ഛേ എന്ന്

ജോലിക്കാരിയായ ആ പെൺകുട്ടിയുടെ ജീവിതത്തെയവർ മുതലെടുക്കുകയാണ് എന്ന നാട്ടുകാരുടെ ആക്ഷേപത്തെ ഒരു ചെവിയിലൂടെ കേട്ടിട്ട് മറു ചെവിയിലൂടെ പറത്തിക്കളയുകയായിരുന്നു അച്ഛയും അമ്മയും , പിന്നീടെന്നെ വിവാഹത്തിനു വേണ്ടി നിർബന്ധിച്ചില്ലെന്ന് മാത്രമല്ല എന്റെ ജീവിതത്തെ എന്റെയിഷ്ട്ടത്തിന് വിട്ടുതരികയായിരുന്നു അവർ

ഈ വയസ്സാം കാലത്തും കുടുംബത്തിനു വേണ്ടി വിയർപ്പൊഴുക്കുന്ന അച്ഛയേയും, ഔഷധിയിൽ തുച്ഛമായ വേദനത്തിന് ജോലി ചെയ്ത് വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്ന അമ്മയേയും മറന്ന് സ്വന്തo കാര്യം നോക്കിയാ പടിയിറങ്ങിപ്പോകാനെനിക്കെങ്ങനെ സാധിക്കും?

പ്ലസ്ടു കഴിഞ്ഞ് എനിക്കും നഴ്സിങ്ങിന് തന്നെ പോണം എന്ന് പറഞ്ഞ എന്റെ അച്ചുട്ടിയെ അക്ഷരംപ്രതി എതിർത്തത് ആ കഷ്ട്ടതയുടെ തീവ്രത എത്രത്തോളം ഉണ്ടെന്ന് എനിക്ക് നന്നായി അറിയാവുന്നതുകൊണ്ടുതന്നെയാണ്

” കുഞ്ഞേച്ചിക്ക് കഷ്ട്ടപ്പെട്ടാൽ എനിക്കെന്തേ ആയിക്കൂടാ? മാത്രമല്ല എനിക്കും ഇഷ്ട്ടം നഴ്സ് ആകാൻ തന്നെയാണാഗ്രഹം എന്നവളെന്നോട് ഉള്ളു തുറന്നു പറഞ്ഞപ്പോൾ സന്തോഷത്തേക്കാളേറെ അഭിമാനമാണെനിക്ക് തോന്നിയതും,

എന്റെ ആഗ്രഹങ്ങളെക്കാളും എന്റെ വികാരങ്ങളേക്കാളും കൂടുതൽ പ്രാധാന്യം നൽകിയത് എന്റെ കുടുംബത്തിനു വേണ്ടിയാണ്

ഡബിൾ ഡ്യൂട്ടി ചെയ്തും ചിലവുകൾ ചുരുക്കിയും മിച്ചം പിടിച്ച് ലോണടവും കടങ്ങളും തീർത്തപ്പോൾ വർഷo നാല് വേണ്ടി വന്നു, അച്ചുവിന്റെ പഠനം കഴിഞ്ഞപ്പോൾ തന്നെ മുക്കാൽ ഭാഗവും ചെയ്തു തീർത്ത പോലെയെനിക്ക് തോന്നി

ജോലിക്ക് ജോയിൻ ചെയ്യാനായ് അച്ചുനെ ഡൽഹിയിലേക്ക് വണ്ടി കയറ്റാൻ പോണ അന്നത്തെയാ ദിവസം അവളെന്നോട് ചോദിച്ചു

കുഞ്ഞേച്ചീ ചേച്ചീടെ ഈ ചുവന്ന ചുരിദാർ ഞാൻ ഡൽഹിക്ക് കൊണ്ടു പോകട്ടേ എന്ന്

എന്തിനാ എന്നുള്ള എന്റെ ചോദ്യത്തിന് ആ ചുവപ്പ് ചുരിദാറിന് കുഞ്ഞേച്ചീടെ മണമുണ്ട് അതെന്റെ ഒപ്പം ഉണ്ടെങ്കിൽ ചേച്ചി ഒപ്പമുണ്ടെന്ന ധൈര്യമാണെനിക്ക് എന്ന് കണ്ണീരോടെയാ തുണിയെ നെഞ്ചോട് ചേർത്തവളത് പറഞ്ഞപ്പോൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ആ കവിളിലൊന്ന് പിച്ചുകമാത്രമായിരുന്നു ഞാനും ചെയ്തത്

അവളെ യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇന്ന് ജോലിയുണ്ടെന്നും പറഞ്ഞ് ആ തൂമ്പയുമെടുത്ത് അച്ഛ പുറത്തേക്കിറങ്ങി നടന്നപ്പോൾ കൈയ്യിൽ നിന്നും ആ തൂമ്പ വാങ്ങിച്ചിട്ട് ഞാനച്ഛയോട് പറഞ്ഞു

അച്ഛയിനി പുറo പണിക്ക് പോണ്ട, ബോറഡി മാറാനാണെങ്കിൽ നമ്മുടെ പറമ്പിൽ നാല് കണ്ണൻ വാഴയും രണ്ട് തടം കപ്പയും ചേമ്പുമൊക്കെ നട്ടാൽ മതി എന്ന്

അതു കേട്ടപ്പോ തന്നെ ആ മുഖത്തൊരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു ആ മെലിഞ്ഞ കരങ്ങളാലെന്റെ മൂർദ്ധാവിലച്ഛ തലോടിയപ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി തോന്നിയെനിക്ക്

ഇനിയെങ്കിലും നിനക്ക് സ്വന്തമായൊരു ജീവിതത്തേ കുറിച്ച് ചിന്തിച്ചൂടെ എന്നുള്ള അച്ഛയുടെ ചോദ്യത്തിന്, കുട്ടനിപ്പോ പഠിച്ചു കൊണ്ടിരിക്കല്ലേ , അവൻ രണ്ടു കാലിൽ നിൽക്കുന്ന അന്ന് ഞാനതിന് തയ്യാറാകും അപ്പോഴേ എന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണതയുണ്ടാകൂ എന്നാ മുഖത്ത് നോക്കി പറയുമ്പോ എന്റെ വയസ്സ് ഇരുപത്താറ് എന്നുള്ളത് എനിക്ക് വെറുമൊരു നമ്പർ മാത്രമായിട്ടാണെനിക്ക് തോന്നിയത്

അച്ഛേടെ കടം വീട്ടാൻ ന്റെ മോളിങ്ങനെ കഷ്ട്ടപ്പെടുന്നത് കാണുന്നത് കാണുമ്പോ അച്ഛക്ക് സങ്കടം സഹിക്കാൻ പറ്റാറില്ല മോളെ എന്നച്ഛയെന്നോട് പറഞ്ഞപ്പോൾ അച്ഛേടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ടു ഞാനിത്രമാത്രമേ പറഞ്ഞുള്ളോ

” ഇത് കടം വീട്ടലല്ലല്ലോ അച്ഛേ , കടമയല്ലേ , ഒരു മൂത്ത മകളുടെ കടമ ” എന്ന്