പൊട്ടൻ – എഴുത്ത്: ആദർശ് മോഹനൻ
” പൊട്ടിച്ചു കളയാനായിട്ട് നിന്റെ വീട്ടീന്ന് നാല് ഗ്ലാസ് കൊണ്ടുവരാർന്നില്ലേ അപ്പൂ നിനക്ക്, കുരുത്തക്കേട് കാണിച്ചാൽ ഞാൻ വീട്ടിൽ കൊണ്ടാക്കും ട്ടാ”
കുഞ്ഞമ്മായിയത് പറഞ്ഞപ്പോൾ സ്വന്തമെന്ന് കരുതിയത് പലതും അന്യമായ പോലെയെനിക്ക് തോന്നി, കേട്ടു നിന്ന അമ്മമ്മയൊന്നും പറയാതിരുന്നത് എന്നേ സംബന്ധിച്ച് ഒരു വിഷയമായി തോന്നിയില്ലായിരുന്നു പക്ഷെ ഞാൻ ജീവനേക്കാൾ അധികം സ്നേഹിച്ച വല്യ മാമനത് കേട്ടില്ലന്ന് നടിച്ച് മുഖം തിരിച്ച് നടന്നപ്പോൾ നെഞ്ച് നുറുങ്ങണ പോലെ തോന്നിയിരുന്നു
പിണക്കം നടിച്ച് കോലായിലെ കരിത്തറയിലിരുന്ന് വിരലുകളാലവിടെ പരിഭവമെഴുതിയിരുന്നപ്പോൾ പിറകിൽ നിന്നും വന്ന് മാമനെന്റെ മൂർദ്ധാവിൽ മെല്ലെയൊന്ന് തലോടിക്കൊണ്ട് പറഞ്ഞു
” പോട്ടെട അപ്പുട്ടാ, മോന്റെ അമ്മായി അല്ലേ, ചീത്ത പറയണതൊക്കെ സ്നേഹം കൊണ്ടാണ് “
ഉവ്വ സ്നേഹം പോലും; മാമന്റെയാ കള്ളം കേട്ട് കണ്ണടച്ചത് ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി ഒരിക്കലും മായാതിരിക്കാൻ വേണ്ടിത്തന്നെയാണ്, കുഞ്ഞമ്മായിക്ക് എന്നേ തീരെ ഇഷ്ട്ടമല്ല എന്നത് മാമന്റോടെ നിന്ന് പഠിക്കാൻ വന്നു കേറിയ അന്ന് മുതൽ ആ വീർത്ത മുഖം കണ്ടപ്പോൾ തൊട്ട് മനസ്സിലാക്കിയതാണ്
ആ പഴയ ആറു വയസുകാരന്റെ ചെറിയ ചെറിയ തെറ്റുകൾക്ക് വാക്കുകൾ കൊണ്ടവർ കുത്തിക്കീറുമ്പോഴും അതിനെതിരെ ആരും പ്രതികരിക്കാതിരുന്നപ്പോൾ ആ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോകാതിരുന്നതിനും ഒരേ ഒരു കാരണമേ എനിക്കുണ്ടായിരുന്നുള്ളോ എന്റെ വല്യ മാമനോടുള്ള സ്നേഹം എന്നയാ ഒറ്റക്കാരണം കൊണ്ട് മാത്രം
കുഞ്ഞമ്മാവനെ എനിക്ക് തീരെ ഇഷ്ട്ടമല്ല, ഭാര്യയുടെ ചൊൽപ്പടിക്ക് നിക്കുന്ന അങ്ങേർക്ക് കുഞ്ഞമ്മായി പറയുന്നതാണ് വേദ വാക്യം അതുകൊണ്ട് തന്നെ എനിക്ക് കണ്ണിന് നേരെ കണ്ടൂടായിരുന്നു അങ്ങേരെ
അമ്മ പറയാറുണ്ട് കുടുംബത്തിനു വേണ്ടി സ്വന്തമായി ഒരു ജീവിതം പോലും വേണ്ടെന്ന് വെച്ച എന്റെ വല്യമ്മാവൻ അവർക്കൊക്കെ ദൈവമാണെന്ന്, അച്ഛാച്ചന്റെ മരണശേഷം കൈമുതലായി കിട്ടിയ തൂമ്പയും മുപ്പത് സെന്റ് സ്ഥലത്തിലും നട്ടുനനച്ച് ഞങ്ങളെ വളർത്തി ഈ നിലയിലെത്തിച്ചത് നിന്റെ വല്യ മാമനാണെന്ന് അമ്മ പറയുമ്പോഴൊക്കെ എന്റെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്ന് ആ വലിയ മനുഷ്യനെ തൊഴുതു വണങ്ങാറുണ്ട്
വീട്ടിലെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ എട്ടാം ക്ലാസ്സിൽ വച്ച് പഠിപ്പ് നിർത്തിയ തന്റെ മൂത്ത മകന്റെ അഭിപ്രായം ഒരിക്കൽ പോലും ആരായത്ത എന്റെ അമ്മാമയോടും തെല്ല് ദേഷ്യമെങ്കിലും തോന്നിയിട്ടുണ്ടായിരുന്നു അന്ന്
പണ്ടാരോ പറഞ്ഞത് ശരിയാണ്, പാലം കടക്കുന്നതു വരെയാണ് നാരായണ അത് കഴിഞ്ഞാൽ പിന്നെ…………അതു കൊണ്ട് തന്നെയാണ് പലപ്പോഴും മാമൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നിന്നതും
അന്ന് രാത്രി കുഞ്ഞമ്മാവൻ കൈയ്യിൽ ഒരു കവറുമായി വീട്ടിലേക്ക് കടന്നു വന്നപ്പോൾ അത് എന്താണെന്നറിയാനുള്ള ആകാംക്ഷ എനിക്കും ഉണ്ടായിരുന്നു, പക്ഷെ മുറിയിൽ കേറി വാതിലടച്ചതിന് ശേഷം ആ വാതിൽ പിന്നെ തുറന്നത് പുലർച്ച അഞ്ചു മണിക്ക് ശേഷമാണ് തലേ ദിവസം കഴിച്ച സ്ട്രോബറി ഐസ് ക്രീമിന്റെ രുചിയെപ്പറ്റി ഉണ്ണിയും മാളുവും വാനോളം പൊക്കി പറയുന്നത് കണ്ടപ്പോൾ എന്റെ നാവിൽ വെള്ളമൂറിയിരുന്നില്ല മറിച്ച് ഒരിറ്റ് കണ്ണുനീരെന്റെ കവിളിനെ ചുട്ടുപൊള്ളിക്കുകയാണുണ്ടായത്
പിറ്റേന്ന് അമ്മായി മേശപ്പുറത്ത് വച്ച ആ അമ്പതിന്റെ പച്ചനോട്ടെടുത്ത് തന്റെ ആഗ്രഹത്തെ നിറവേറ്റിയപ്പോൾ ആ ആറു വയസ്സുകാരൻ അറിഞ്ഞിരുന്നില്ല താൻ ചെയ്തത് ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരുന്നു അത് എന്ന്
ആ അമ്പതിന്റെ നോട്ടിന്റെ തിരോധാനാത്തിനു പിന്നിലെ കൈകളറിയാൻ തന്നെയും ഉണ്ണിയെയും മാളുവിനേയും അമ്മായി വിചാരണ ചെയ്യുമ്പോൾ ആ ആറുവയസ്സുകാരന്റെ തല കുമ്പിട്ടു തന്നെയാണ് നിന്നത്
” പൈസ എടുത്തത് ഞാനാണ്, പാൽക്കാരന് കൊടുക്കാൻ വേണ്ടി എടുത്തതാണ് “
കനപ്പിച്ചുള്ള ആ പരുക്കൻ ശബ്ദം കേട്ടപ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി, എന്നെ രക്ഷിച്ചത് മാമനായിരുന്നെന്ന് അറിഞ്ഞപ്പോൾ അടരാൻ വിതുമ്പിയയാ കണ്ണുനീർ തുള്ളികളെയെനിക്ക് അടക്കി നിർത്താനായില്ല ഓടിച്ചെന്നാ വട്ടം കൂടിയവയറിൽ ഞാൻ ചുറ്റിപ്പിടിച്ചപ്പോൾ അമ്മായി പറയുന്നുണ്ടായിരുന്നു
” എന്നോട് ഒരു വാക്ക് ചോദിക്കാതെ എടുത്തത് മോശമായി ഏട്ടാ ” എന്ന്
കേട്ടു നിന്ന അമ്മാമയും അതിന് മൗനം പാലിച്ചത് കാലമിന്നുവരെ ഒന്നും ചോദിക്കാതെ തന്നെ അവർക്ക് വേണ്ടി മാമൻ കണ്ടറിഞ്ഞു ചെയ്തു കൊടുത്തിട്ടുള്ള കാര്യങ്ങളെ ഓർത്തതു കൊണ്ട് തന്നെയായിരിക്കണം
എന്നെ രക്ഷിച്ച് കള്ളം പട്ടം മാമൻ സ്വയം ഏറ്റെടുത്തത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്ക് നന്നേ അറിയാമായിരുന്നു, അന്നു രാത്രി ആ നെഞ്ചോരം പറ്റിക്കിടന്ന് ഒരുപാട് കരഞ്ഞതാണ് ഞാൻ, ആവർത്തിച്ചാവർത്തിച്ച് ഞാനെന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാമനോട് മാപ്പ് പറഞ്ഞപ്പോൾ മാമൻ ഒന്നേ പറഞ്ഞുള്ളോ എന്നോട്
” അപ്പുട്ടാ നല്ലത് സംഭവിക്കാൻ വേണ്ടി കള്ളം പറയാം , പക്ഷെ ഒരു രൂപയാണെങ്കിൽ കൂടി ആരുടെ കയ്യിൽ നിന്നും മോഷ്ട്ടിക്കാൻ പാടില്ല ” എന്ന്
പിറ്റേ ദിവസം മാമനെന്നെ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ പതിവുപോലെയാ സ്കുളിന്റെ കവാടത്തിന് മുകളിൽ നടുക്കായി പണി കഴിപ്പിച്ചിട്ടുള്ളയാ വട്ടം കൂടിയയാ മുത്തൻ ക്ലോക്കിലേക്ക് കൗതുകത്തോടെ നോക്കി ഞാൻ മാമനോട് ചോദിച്ചു
“മാമാ ഈ ക്ലോക്കെന്താ എപ്പോഴും 9 മണി ആയിട്ടിരിക്കുന്നത് ” എന്ന്
പുഞ്ചിരിച്ചു കൊണ്ട് മാമനതിനെനിക്കൊരു ഉത്തരം തന്നു
” ചില കാര്യങ്ങൾ അങ്ങനെയാണ് ഉണ്ണി കാലമെത്ര കഴിഞ്ഞാലും ഒരു മാറ്റവും ഉണ്ടാകില്ല അതിന് ” എന്ന്
സംതൃപ്തമല്ലാത്ത ഉത്തരത്തേയോർത്ത് ഞാനൊന്നു പല്ലു കടിക്കുകയാണ് ചെയ്തതും
സ്കൂൾ വിട്ട് വന്നപ്പോൾ ഉമ്മറത്ത് ഉണക്കാനിട്ട വിറക് പെറുക്കിക്കൂട്ടുന്ന തിരക്കിലായിരുന്നു മാമൻ, പാതി വിറകടക്കി വിറകു പെരയിലേക്ക് കേറ്റി കഴിഞ്ഞപ്പോഴേക്കും ദേഷ്യത്തോടെ അമ്മാമയുറക്കേ വിളിച്ചു പറയുന്നുണ്ടായിരുന്നു
” ടാ പൊട്ടാ ഇതെന്തിനാ അടക്കിക്കൂട്ടിവെക്കണെ അതും ഈ വേനൽക്കാലത്ത്, അതവിടെ കിടന്നോട്ടെ നീയാ കടയിലൊന്ന് പോയിട്ട് വന്നേ “
കേട്ടപാതി ഞാനൊന്ന് അടക്കി ചിരിച്ച് മാമനെ നോക്കി ചമ്മിയ ഭാവത്തിന് പകരം ആ മുഖത്ത് കണ്ടത് മാനത്തേക്ക് നോക്കിയുള്ള നനുത്ത ഭീതി മാത്രമായിരുന്നു
അന്ന് രാത്രി ഇടിമുഴങ്ങണ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയെഴുന്നേൽക്കണത് ,റൂമിൽ പരതി നോക്കിയപ്പോൾ മാമനെ കണ്ടില്ല ഞാൻ, പുറത്തിറങ്ങി നോക്കിയപ്പോൾ കോരിച്ചൊരിയണയാ മഴയും കൊണ്ട് ബാക്കിയുള്ള വിറക് അടക്കിക്കൂട്ടി മഴയില്ലാത്തിടത്തേക്ക് മാറ്റിയിടുന്ന മാമനെ കണ്ടപ്പോൾ, ആ കളിയാക്കിച്ചിരിച്ചയാ നിമിഷത്തേയോർത്ത് മനസ്സൊന്ന് വിങ്ങിയിരുന്നു
പിറ്റേ ദിവസം ചൂണ്ടയിടാൻ പോകാനായി മണ്ണിളക്കി മണ്ണിരയെ പിടിക്കുന്നതിനിടയിൽ മാമനോടായി ഞാൻ ചോദിച്ചു
” ഇന്നലെ അമ്മമ്മ വിറക് അടക്കണ്ടന്ന് പറഞ്ഞപ്പോ അതിനെ എതിർക്കാതിരുന്നത് എന്താണ് മാമ” എന്ന്
എന്റെ കുഞ്ഞിത്താടിയിലൊന്ന് നുളളിക്കൊണ്ടാണ് മാമനെനിക്കതിന് ഉത്തരം തന്നത്
” നീയാ മൂവാണ്ടൻ മാവ് കണ്ടാ അപ്പു, അതിന്റെ കുലകൾ എന്തുകൊണ്ടാണ് ചാഞ്ഞ് നിൽക്കുന്നത് എന്ന് നിനക്കറിയാമോ “?
” അതിന് ഭാരം കൂടിയതുകൊണ്ടല്ലേ മാമാ “?
” ഭാരം കൂടിയത് കൊണ്ട് മാത്രമല്ല അത് അപ്പു, അതിന്റെ അച്ഛൻ മണ്ണും, അമ്മ മനുഷ്യനും ആണ്, അത് വളർന്നു പന്തലിച്ചതും പൂത്തതും കായ്ച്ചതും കുലച്ചതും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തിലാണ്, ആ അമ്മയ്ക്കു മുൻപിൽ അതായത് നമുക്ക് മുൻപിൽ ബഹുമാനത്തോടെ തല കുമ്പിട്ടു നിൽക്കുന്നതിന്റെ സൂചനയാണ് അത്, നമ്മൾ എത്ര വളർന്നു വലുതായാലും പ്രശസ്തി നേടിയാലും അച്ഛനും അമ്മയ്ക്കും അനുസരണയുള്ള മകനായിരിക്കണo എപ്പോഴും, അവർക്ക് മുൻപിൽ നമ്മുടെ ശിരസ്സ് കുനിഞ്ഞു തന്നെ ഇരിക്കണം
അവിടെ ഞാൻ കണ്ടത് എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി തൂമ്പത്തുമ്പ് രാകി കൈ തഴമ്പിപ്പിച്ചയാ കൂലിപ്പണിക്കാരനെയായിരുന്നില്ല മറിച്ച് ജീവിതാനുഭവങ്ങളെ പാഠമാക്കിയുൾക്കൊണ്ട് അറിവു പകർന്നു തന്ന എന്റെ സ്വന്തം ഗുരുനാഥനെക്കൂടിയായിരുന്നു
മാമൻ ചുണ്ടക്കൊളുത്തിൽ മണ്ണിരയെ കോർത്ത് കുളത്തിലേക്ക് ഇടുമ്പോളും എന്റെ കണ്ണ് മാമന്റെ നെഞ്ചിന് മുകളിൽ കിടന്ന് തിളങ്ങുന്ന ആ കയറുപിരിമാലയിലേക്ക് മാത്രമായിരുന്നു, മാമന്റെ മുത്തശ്ശി കൊടുത്തതാണതെന്ന് മാമൻ പറയാറുണ്ട് അതിങ്ങനെ നെഞ്ചിൽ തൂങ്ങിക്കിടക്കുമ്പോൾ മുത്തശ്ശി എപ്പോഴും കൂടെയുള്ള പോലെയാണത്രെ, എത്രയൊക്കെ ആവശ്യങ്ങൾ വന്നാലും മാമനത് ഒരിക്കൽ പോലും പണയം വച്ചിട്ടില്ലിന്നോളം
എന്റെ നോട്ടം കണ്ടിട്ടാവണം മാമനത് പറഞ്ഞത്
” അപ്പു വലുതാവുമ്പോ മാമനിതു പോലെ ഒരു കയറു പിരിമാല അപ്പൂന് വാങ്ങിത്തരാട്ടോ ” എന്ന്
വൈന്നേരം ചൂണ്ടയിട്ടു പിടിച്ച വരാലിനെ കുരുമുളകിട്ട് പൊള്ളിച്ച ആ വലിയ കഷ്ണം വേണ്ടെന്ന് മാമൻ പറഞ്ഞത് എനിക്ക് കിട്ടുന്ന പങ്കിൽ കുറവ് വരരുത് എന്ന് നിർബന്ധം ഉള്ളത് കൊണ്ടായിരുന്നു, അതു കൊണ്ടാണ് അന്ന് മാമനൊപ്പം ഒരു പ്ലേറ്റിൽ നിന്ന് തന്നെ ഞങ്ങൾ ഒരുമിച്ച് അത്താഴം കഴിച്ചതും, അമ്മ പറയാറുണ്ട് മാമന് കുരുമുളക് ഇട്ട് വാഴയിലയിൽ വച്ച് പൊള്ളിച്ചെടുത്ത വരാലിനെ വലിയ ഇഷ്ട്ടമാണെന്ന്
പിറ്റേന്ന് ഏതൊ അകന്ന ബന്ധുവിന്റെ കല്യാണത്തിന് പോകുന്ന തിരക്കിലായിരുന്നു എല്ലാവരും,
നീ വന്നാൽ ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ആരാ ഉള്ളത് എന്ന് മാമന്റ മുഖത്ത് നോക്കി അച്ഛമ്മയത് പറഞ്ഞപ്പോൾ മാമൻ വരുന്നില്ലെങ്കിൽ ഞാനും ഇല്ല എന്ന് അച്ഛമ്മയോട് പറഞ്ഞു
എന്തോ മാമനെ മനപ്പൂർവ്വം ഒഴിവാക്കുന്ന പോലെയാണ് എനിക്കും തോന്നിയത്
“എവിടേക്കും ഒരുങ്ങിക്കെട്ടി പോകാത്ത എന്റെ വല്യ മാമൻ അവർക്കൊരു കുറച്ചിലായി തോന്നിക്കാണും അല്ലേ മാമ” ?
ഞാനത് ചോദിച്ചപ്പോൾ മാമനെന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചേ ഉള്ളോ , എന്നിട്ട് മറുപടിയെന്നോണം മാമനെന്നോട് പറഞ്ഞു
“ഞാനിവിടെ ഇല്ലെങ്കിൽ മ്മടെ അമ്മിണി പശുവിന് ആര് കാടികൊടുക്കും, മണിക്കുട്ടിയാടിന് ആര് പ്ലാവില കൊടുക്കും, പറമ്പാര് നനയ്ക്കും, അമ്മ പറഞ്ഞത് ശരിയാണ് ഞാനിവിടെ ഉണ്ടാവണം”
“വെറുതെയല്ല മാമനെ അമ്മമ്മ പൊട്ടൻ ന്ന് വിളിക്കുന്നേ, എല്ലാം അനുസരിക്കും മറുത്തൊന്നും പറയേം ഇല്ല”
അത് കേട്ടതും മാമനൊന്ന് അട്ടഹസിച്ചു
” അതേ അപ്പുട്ടാ, അച്ഛമ്മ പറഞ്ഞത് സത്യമാണ് മാമനൊരു പൊട്ടനാ, “
ആ മുഖത്തേക്ക് ഞാനൊന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ണുകൾ പാതി നിറഞ്ഞ പോലെയെനിക്ക് തോന്നി
പതിയെ ഞാൻ മാമന് നേരെ നടന്നടുത്തു എന്റെ കുഞ്ഞിക്കൈ കൊണ്ടാ വട്ടമെത്താത്ത അരയിൽ ചുറ്റിപ്പിടിച്ചു പറഞ്ഞു
” മാമന് ഒരു കാര്യം അറിയോ?”
“ഉം ” ചോദ്യഭാവത്തിൽ മാമനൊന്ന് മൂളി
” അപ്പുന് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടം പൊട്ടനെയാണ് “
കേട്ടപാതി മാമനെന്നെ എടുത്തു തലങ്ങും വിലങ്ങും എന്നെ ചുംബിച്ചു അന്നത്തെ ദിവസം കടന്നു പോകാൻ പറമ്പും പൈക്കിടാവും തന്നെ ധാരാളമായിരുന്നു ഞങ്ങൾക്ക്
പിറ്റേ ദിവസം കാലത്ത് മാമനെ കാണാതായപ്പോ തൊട്ട് നെഞ്ചിനകത്ത് ഒരസ്വസ്ഥതയായിരുന്നു. അമ്മമ്മോട് ചോദിച്ചപ്പോൾ അറിയില്ല അവൻ വന്നോളും എന്ന് പറഞ്ഞു, സന്ധ്യ വരെ കാത്തു ഉള്ളിലെ ആധി കൂടിക്കൂടി വന്നു മാമനെ കാണണo എന്ന് അമ്മമ്മയോട് വാശി പിടിച്ച് കരഞ്ഞപ്പോഴാണ് മാമനിതുവരെ വന്നില്ലല്ലോ എന്ന് അമ്മമ്മയും ഓർക്കുന്നത്
വൈന്നേരം കുഞ്ഞമ്മാവൻ എത്തീട്ടും മാമൻ എത്തിയിട്ടില്ലായിരുന്നു, അമ്മമ്മ അന്വേഷിക്കാൻ പറഞ്ഞപ്പോൾ ക്ഷീണം നടിച്ച് ഉള്ളിലേക്ക് നടന്ന കുഞ്ഞമ്മാവൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ അമ്മേ ഏട്ടനിങ്ങ് വന്നോളും എന്നാണ് പറഞ്ഞതും
കോലായിൽ കണ്ണും മിഴിച്ച് ഞാൻ കാത്തു നിന്നു ആ നിലാവെളിച്ചത്തിൽ മാമന്റെ നിഴല് കണ്ടപ്പോൾ തെല്ലൊന്നുമല്ല ഞാൻ സന്തോഷിച്ചത്
എങ്കിലും പരിഭവം നടിച്ച് പിണങ്ങിയെന്നോണം ഉള്ളിലേക്ക് കയറിപ്പോയി ഞാൻ, മാമന്റെ കൈയ്യിലുള്ള പൊതി നേരെ അമ്മമ്മയ്ക്ക് നേരെ നീട്ടിയിട്ട് ജന്മദിനാശംസകൾ നേരുമ്പോൾ ആ കണ്ണൊന്ന് നനഞ്ഞിരുന്നു, ആ സ്വർണ്ണക്കരയുള്ള സെറ്റ് സാരീ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോളും അമ്മമ്മയുടെ കണ്ണുകൾ നീർമുത്തുകൾ പൊഴിക്കാൻ തുടങ്ങിയിരുന്നു, ആ ചുക്കി ചുളിഞ്ഞ കവിളിൽ മാമന്റെ ചുണ്ടുകൾ മെല്ലെയൊന്ന് പതിഞ്ഞപ്പോൾ നിറഞ്ഞത് എന്റെ കൂടെ മനസ്സായിരുന്നു
കേക്ക് മുറിക്കും നേരം കുഞ്ഞമ്മാവന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നും കണ്ടില്ല , ഇതൊന്നും ആളെ ബാധിച്ചിട്ടില്ല എന്ന മട്ടിലായിരുന്നു നിൽപ്പും, വല്യ മാമൻ പണ്ട് തൊട്ടേ അങ്ങനാ ആളു സ്വന്തം ജന്മദിനം മാത്രമേ മറക്കാറുള്ളു
ആഘോഷങ്ങൾ കഴിഞ്ഞ് കിടക്കാൻ നേരത്ത് മാമന്റെ യാ പൊളിഞ്ഞ തഴമ്പിലൂടെ ഞാനൊന്ന് വിരലോടിച്ചു നോക്കിയപ്പോൾ പണ്ട് മാമനോട് ഞാൻ ചോദിച്ചയാ ചോദ്യവും അതിനുള്ള മാമന്റെ ഉത്തരവും എന്റെ മനസ്സിലൂടെ അറിയാതെ കടന്നു പോയി
മാമനെന്താ കല്യാണം കഴിക്കാത്തെ എന്നയാ ചോദ്യം, ആ ചോദ്യത്തിന് ഉത്തരമെന്നോണം മാമൻ എപ്പോഴും പറയാറുണ്ട്, കല്യാണം കഴിച്ചാൽ എനിക്കെന്റെ അമ്മയോടും കൂടപ്പിറപ്പുകളോടുമുള്ള സ്നേഹം കുറഞ്ഞാലോ എന്ന് പേടിച്ചിട്ടാണെന്നയാ ഉത്തരം
എന്റെ പതിനഞ്ചാം വയസ്സിലാണ് മാമനെ വിട്ട് ഉപരിപഠനത്തിന് പോകാനായി വീട് വിട്ടിറങ്ങുന്നത്, ഇറങ്ങാൻ നേരത്ത് മാമന്റെ ഓട്ടോറിക്ഷയിൽ തൂങ്ങിക്കിടന്ന് കുരുത്തക്കേട് കാണിക്കുന്നുണ്ടായിരുന്ന മാളുട്ടിയെ അമ്മായി ചീത്ത പറയുന്നുണ്ടായിരുന്നു
” ടീ ആ പാട്ടവണ്ടിയിൽ നിന്നും വല്ല തുരുമ്പും കേറി സെപ്റ്റിക്ക് ആകും ഇറങ്ങി വാടി കുരിപ്പേ ” എന്ന്
ഈ പാട്ട വണ്ടിയുരുട്ടിയിട്ട് നാല് വയറ് കഴിഞ്ഞ് പോയ ഒരു കാലഘട്ടം ഉണ്ടായിരുന്നെന്ന് കുഞ്ഞമ്മാവൻ ഇതുവരെ അമ്മായിക്ക് പറഞ്ഞു കൊടുത്തിട്ടില്ലെന്നെനിക്ക് അപ്പോൾ മനസ്സിലായി, പഠിച്ച സ്കൂളിന് മുൻപിലൂടെ പോയപ്പോൾ ഞാനാ വലിയ കവാടത്തിലെ ക്ലോക്കിലേക്ക് ഒന്ന് നോക്കി, അതിൽ അപ്പോഴും സമയം 9 മണി തന്നെയായിരുന്നു
മാമൻ പറഞ്ഞതു പോലെ എന്റെ വളർച്ചയും ആ മൂവാണ്ടൻമാവിന് സമം തന്നെയായിരുന്നു, പടർന്ന് പന്തലിച്ച് ഒരു സിവിൽ എഞ്ചിനീയറായി മാറിയപ്പോഴും പലരുടേയും നിങ്ങളുടെ റോൾ മോഡൽ ആരാണ് എന്നയാ ചോദ്യത്തിന് എനിക്കൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളോ
” എട്ടാം ക്ലാസ്സിൽ പഠിപ്പ് നിറുത്തിയ ആ പഴയ കൂലിപ്പണിക്കാരൻ, എന്റെ വല്യ മാമൻ, അല്ല എന്റെ മാത്രം വല്യ മാമൻ”
വിവാഹപ്രായമായപ്പോൾ മാമന്റെ അനുഗ്രഹത്തോടും അനുവാദത്തോടും കൂടെയാണ് പെണ്ണുകാണാൻ തുടങ്ങിയതും എന്റെ വിവാഹ നിശ്ചയത്തിന്റെ അന്ന് മാമന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗം മൂലം അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല,
കല്യാണത്തിന് രണ്ട് ദിവസം മുൻപ് തൊട്ടേ വീട്ടിൽ ഉണ്ടായിരിക്കണം എന്ന എന്റെ വാശിപ്പുറത്താണ് മാമൻ തലേ ദിവസമെങ്കിലും എത്തിയത്, തിരക്കിനിടയിൽ ഒന്ന് മിണ്ടാൻ പോലും പറ്റിയില്ലായിരുന്നു എനിക്ക്
കല്യാണ ദിവസം നേരത്തേ എണീറ്റ് ആദ്യം അന്വേഷിച്ചതും മാമനെത്തന്നെയായിരുന്നു, ഒരുപാട് തിരഞ്ഞെങ്കിലും മാമനെ കണ്ടില്ല, താലികെട്ടാൻ നേരത്തും എന്റെ കണ്ണുകൾ പരതി നോക്കിയത് മാമനെ മാത്രമായിരുന്നു
ചടങ്ങ് കഴിഞ്ഞ് ഫോട്ടോയും മറ്റും എടുക്കാനായി ബന്ധുക്കൾ ചുറ്റും നിരന്നപ്പോഴും എന്റെ നോട്ടം കവാടത്തിന് പുറത്തേക്ക് തന്നെയായിരുന്നു
ആ പഴയ കുട്ടി ഓട്ടോറിക്ഷയുടെ പട പട നാദം എന്റെ കാതിലേക്ക് പതിച്ചപ്പോൾ കണ്ണു ചിമ്മി ഞാൻ പുറത്തേക്ക് തന്നെ നോക്കിയിരുന്നു, വിയർപ്പു പൂണ്ട യാ കള്ളി ഷർട്ടും കരിമ്പനടിച്ച ഡബിൾ മുണ്ടുo മടക്കിക്കുത്തി ആ പന്തല് താണ്ടി നടന്നു വന്ന മാമനെ ഞാൻ മണ്ഡപത്തിൽ നിന്നും ഇറങ്ങിച്ചെന്ന് കൂട്ടിക്കൊണ്ടു വന്ന് മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോൾ ആളുകൾ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്ന് തന്നെയാണ് നടിച്ചത്
എന്റെ പെണ്ണിന് ഞാൻ മാമനെ പരിചയപ്പെടുത്തി, എന്റെ റോൾ മോഡലിനെ, ഇത്ര നേരം എവിടെയാണ് എന്ന ചോദ്യം ഞാൻ ചോദിക്കാതിരുന്നത് പറമ്പ് നനയ്ക്കണം പശുവിന് കാടിവെള്ളം കൊടുക്കണം ആടിന് പ്ലാവില കൊടുക്കണം എന്ന പതിവുത്തരം മാമന്റെ പക്കലുണ്ടെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് തന്നെയാണ്
ആ കാലിൽ വീണ് ഞങ്ങൾ അനുഗ്രഹം വാങ്ങിക്കുമ്പോൾ എണീപ്പിച്ച് നിർത്തി മാമൻ പറയുന്നുണ്ടായിരുന്നു
” ന്റെ അപ്പൂന് തരാനായിട്ട് മാമന്റെ കയ്യിലൊന്നും ഇല്ലല്ലോ ” എന്ന്
ഇത്തവണ ഞാൻ മാമനെ വട്ടം കൂട്ടി പിടിച്ചപ്പോൾ എന്റെ കൈകൾ രണ്ടും കൂട്ടിമുട്ടുന്നുണ്ടായിരുന്നു, ഒന്നും വേണ്ട മാമൻ ഇത്രനാളും തന്ന സ്നേഹത്തിന് തിരിച്ചെന്ത് തന്നാലും മതിയാവില്ലല്ലോ മാമ എന്ന് ഞാൻ പറഞ്ഞപ്പോൾ
കഴുത്തിലുണ്ടായിരുന്നയാ കയറ് പിരിമാല ഊരിയെന്റെ കഴുത്തിലിട്ട് മാമൻ പറയുന്നുണ്ടായിരുന്നു
തെക്കേപ്പുറത്തേക്ക് ഒന്ന് നീട്ടി വിളിച്ചാൽ ഇപ്പോഴും മൂളിക്കേക്കണ എന്റെ കുറുമ്പക്കുട്ടിയമ്മാമയെ ഓർക്കാൻ , ആ ഓർമ്മകൾ തന്നെയെനിക്ക് ധാരാളമാണ് അപ്പു , അതു കൊണ്ട് ഈ കയറു പിരി മാല ഇനി നിന്റെ കഴുത്തിൽ കിടന്നാൽ മതി എന്ന് മാമൻ പറഞ്ഞപ്പോ എന്റെ കണ്ണിൽ നിന്നും അടർന്നുവീണ നീർത്തുള്ളികൾക്ക് മധുര മുള്ള പോലെ തോന്നി
മണ്ഡപത്തിൽ നിന്നും ഇറങ്ങാൻ നിന്ന മാമനെ ചൂണ്ടിക്കാട്ടി നിറഞ്ഞ കണ്ണുകളോടെ ഞാനെന്റെ ഭാര്യയോടായി പറഞ്ഞു
” നിനക്കറിയോ അമ്മു, എന്റെ മാമൻ……. എന്റെ മാമൻ നല്ലൊരു അഭിനയേതാവാണ്, പൊട്ടനായി അദ്ദേഹം ജീവിതത്തിൽ അഭിനയിച്ച പോലെ സിനിമയിൽ അഭിനയിച്ചെങ്കിൽ , നാഷണൽ അവാർഡ് എങ്കിലും കിട്ടിയേനെ” എന്ന്
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ആ പഴയ സ്കൂളിന്റെ മുൻപിലൂടെ കാറ് ഓടിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും ഞാനാ കവാടത്തിലെ ക്ലോക്കിലേക്ക് എത്തി നോക്കി..
അതിൽ അപ്പോഴും സമയം 9 മണി തന്നെയായിരുന്നു
” മാമൻ പറഞ്ഞത് സത്യമാണ്, ചില കാര്യങ്ങൾക്ക് ഒരു മാറ്റമുണ്ടാകില്ല, മാമന്റെ സ്നേഹം പോലെത്തന്നെ “