എഴുത്ത്: ശിവ
ദേ മനുഷ്യാ ഇതോടെ പ്രസവംഞാൻ നിർത്തി. ഇനി കുട്ടികൾ വേണേൽ നിങ്ങൾ തന്നെ പ്രസവിച്ചോ എന്നെ കൊണ്ടൊന്നും പറ്റില്ല…..ലേബർ റൂമിലേക്കു പോവും മുൻപ് വേദന കടിച്ചമർത്തി അവൾ പറഞ്ഞു.
അവളെ കുറ്റം പറയാൻ പറ്റില്ല പ്രണയിച്ചു നടന്ന സമയത്തു കല്യാണം കഴിഞ്ഞു നമുക്ക് ഒരു കുട്ടി മതി എന്നവളും പറ്റില്ല രണ്ടു കുട്ടികൾ വേണമെന്ന് ഞാനും പറഞ്ഞു അവസാനം കല്യാണം കഴിഞ്ഞു രണ്ടും ഒന്നും മൂന്നാമത്തെ ആയി. ആദ്യത്തെ പ്രസവത്തിൽ ഇരട്ട കുട്ടികൾ ആയിരുന്നു.
പിന്നെ ഈ പ്രസവം അത്ര എളുപ്പം പിടിച്ച കാര്യം ഒന്നും അല്ലല്ലോ……മരണത്തിന്റെ വക്കോളമെത്തുന്ന വേദന കടിച്ചമർത്തിയാണ് ഓരോ പെണ്ണും തന്റെ കുഞ്ഞിന് ജന്മം നൽകുന്നത്. പക്ഷേ ആ വേദനകൾക്കു ഒടുവിൽ കുഞ്ഞിന് ജന്മം നൽകി അതിന്റെ മുഖം ഒരു തവണ കാണുമ്പോളെക്കും അവൾ അതുവരെ സഹിച്ച വേദനകൾ മറന്നു പുഞ്ചിരിക്കും. പെണ്ണൊരു അത്ഭുതമായി തോന്നുന്ന നിമിഷം ആണത്…..
എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഭാഗ്യം ആണെന്റെ പെണ്ണ്….പ്രണയം തേപ്പാണ് കോപ്പാണ് എന്നൊക്കെ പറയുന്ന ഈ കാലത്ത് ഫേസ്ബുക്കിലൂടെ ആണ് ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചത്. ഒരു നാട്ടിൻപുറത്തുകാരി പെണ്ണ്…നാട്ടിൻപുറത്തെ നിഷ്കളങ്കതയും കുസൃതിയും കുറുമ്പുമുള്ള പെണ്ണ്….
ഞാൻ എഴുതുന്ന കഥകളുടെ സ്ഥിരം വായനക്കാരി. എന്റെ ആരാധിക… കമന്റിലൂടെ തുടങ്ങിയ പരിചയം സൗഹൃദമായി വഴിമാറി….ആ സൗഹൃദം പ്രണയമായി തീരാൻ അധികനാൾ വേണ്ടി വന്നില്ല…
.പ്രണയിച്ചു തുടങ്ങിയതിൽ പിന്നെ ഏതെങ്കിലും ഒരു പെൺകുട്ടിയോട് കുറച്ചു ഫ്രണ്ട്ലി ആയി സംസാരിച്ചു പോയാൽ പിന്നവൾ ഭദ്രകാളി ആവും…എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണതെന്ന് എനിക്കും അറിയാം…അതും പറഞ്ഞു അന്നത്തെ ദിവസം മുഴുവൻ ചീവീടിനെ പോലെ ചിലച്ചു കൊണ്ടിരിക്കും….അവളുടെ ദേഷ്യം കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും….അതുകൊണ്ട് തന്നെ അതു കാണാൻ വേണ്ടി കുറച്ചു കുരുത്തക്കേട് ഒക്കെ ഞാൻ ഒപ്പിക്കാറുണ്ട്….
ആ ദേഷ്യത്തിന്റെ സമയത്തു എങ്ങാനും ഞാൻ അവളുടെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ പിറ്റേന്ന് വായനക്കാർക്ക് ആദരാഞ്ജലികൾ വെക്കേണ്ടി വന്നേനെ…പാവത്തിന് എന്നെ നഷ്ടം ആവുമോ എന്നൊരു പേടിയുണ്ട്. എഴുത്തുകാരെ വിശ്വസിക്കാൻ കൊള്ളില്ല അവർക്കൊക്കെ അവിഹിതം ബന്ധം ഉണ്ടാകുമെന്നു അവളുടെ ഏതോ തലതെറിച്ച കൂട്ടുകാരി പറഞ്ഞത്രേ അതാണ് പുള്ളികാരിക്ക് പേടി. പക്ഷേ അവൾ അല്ലാതെ മറ്റൊരു പെണ്ണിനേയും സ്നേഹിക്കാൻ എനിക്കാവില്ല എന്നതാണ് സത്യം, കാരണം എന്റെ വാശിയും ദേഷ്യവും സഹിക്കാൻ അവൾക്കു മാത്രമേ കഴിയൂ.
പലപ്പോഴും സ്നേഹം കൊണ്ടവളെന്നെ വീർപ്പുമുട്ടിക്കാറുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങളിൽ എനിക്കവൾ താങ്ങും തണലുമായി നിന്നു. ഒടുവിൽ എതിർപ്പുകൾ ഒക്കെ ഇല്ലാതാക്കി ഞങ്ങളുടെ വിവാഹം നടന്നു. കുസൃതിയും കുറുമ്പുമായി അവളെന്റെ ജീവിതപങ്കാളി ആയി വന്നു. പിന്നീടുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു…
പിന്നെ ഞങ്ങൾക്ക് രണ്ടു കുട്ടികൾ ആയി. പക്ഷേ ഇപ്പോളും അവളുടെ കുട്ടിത്തരത്തിനും കുസൃതിക്കും ഒരു കുറവും വന്നിട്ടില്ല. അവളുടെ കൂടെ കൂടി ഞാനും അങ്ങനെ ആയി എന്നു തന്നെ പറയാം. ഒരുപക്ഷെ അവളുടെ കുട്ടിത്തരങ്ങളും കുസൃതിയും കുറുമ്പും ഒക്കെയാവും ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ അടിസ്ഥാനം. വിവാഹത്തോടെ ഒരായുഷ്കാലം മുഴുവൻ എനിക്കും കുടുംബത്തിനും ആയി മാറ്റിവെച്ച പെണ്ണിനെ ജീവിതത്തിൽ ഓരോ നിമിഷവും പ്രണയത്താൽ നിറച്ചു സന്തോഷിപ്പിക്കേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട് തന്നെ അവളോടൊപ്പം അവളുടെ കുസൃതികൾക്കു ഞാൻ കൂട്ടു നിൽക്കാറുണ്ട്.
ഒരു പെണ്ണിന്റെ ആഗ്രഹങ്ങളെ കെട്ടിയിടാനുള്ള ചരടല്ല താലി ചരട് അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ഇനി കൂട്ടായി ഒരു ഭർത്താവ് ഉണ്ടെന്നു ഉള്ള ധൈര്യം ആയി മാറണം അവൾക്ക് താലി. തനിക്കു പറയാനുള്ളത് കേൾക്കുന്ന…തന്റെ സങ്കടങ്ങളിൽ മാറോടു ചേർക്കുന്ന….നിനക്ക് ഞാനുണ്ട് എന്നു പറഞ്ഞു ചേർത്ത് പിടിക്കുന്ന ഒരു ഭർത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക. അതു നിറവേറ്റുന്നത് പൈങ്കിളി ആയി കരുതുന്നവർ ആണ് കൂടുതലും.
ജനിച്ചു വളർന്ന വീടും വീട്ടുകാരെയും ഉപേക്ഷിച്ചു തന്നെ മാത്രം വിശ്വസിച്ചു വരുന്ന പെണ്ണിന് വേണ്ടി…ഒരായുഷ്കാലം മുഴുവൻ നമുക്കും കുടുംബത്തിനും വേണ്ടി മാറ്റി വെക്കുന്ന പെണ്ണിന് വേണ്ടി സ്നേഹിക്കാൻ കുറച്ചു സമയം ഒക്കെ മാറ്റി വെക്കണം അതിൽ കൂടുതൽ അവർ ആഗ്രഹിക്കാറുമില്ല. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും അവൾക്കില്ല അതുകൊണ്ട് തന്നെ അവളുടെ ആഗ്രഹങ്ങൾ ഓരോന്നും ഞാൻ സാധിച്ചു കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയാണ്. ഞങ്ങളിൽ ആരാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നൊരു മത്സരം തന്നെ ഞങ്ങൾക്ക് ഇടയിൽ നടക്കാറുണ്ട്…പക്ഷേ എപ്പോഴും സ്നേഹം കൊണ്ടവളെന്നെ തോൽപിക്കാറുണ്ട്….
ഇങ്ങനെ അവളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആ സന്തോഷ വാർത്ത എത്തി. അവൾ പ്രസവിച്ചു. ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയും പിറവിയെടുത്തു….കൊച്ചിനെ കണ്ടു…പിന്നെ കുറച്ചു സമയങ്ങൾക്കു ശേഷം ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. കുസൃതി നിറഞ്ഞ ഒരു ചെറുപുഞ്ചിരിയോടെ അവളെന്നെ നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറഞ്ഞു തുളുമ്പി നിന്നു. അച്ഛൻ എന്ന പദവി ഒരിക്കൽ കൂടി എനിക്ക് സമ്മാനിച്ച അവളുടെ നെറുകയിൽ മെല്ലെ ഞാൻ ചുംബിച്ചു. ആ മുഖത്തു സ്നേഹത്തിന്റെ പല ഭാവങ്ങൾ മിന്നി മറഞ്ഞു.
അമ്മയുടെ വാത്സല്യഭാവത്തിൽ കൂട്ടികളെ നോക്കുമ്പോഴും എനിക്കവൾ കാമുകിയും ഭാര്യയും ആയി മാറി മാറി സ്നേഹം നൽകി. ചിലപ്പോൾ ഒക്കെ കുസൃതി കാട്ടുന്ന മകളും അനിയത്തിയും ഒക്കെ യായി മാറാറുണ്ട് ഇപ്പോഴും അവൾ. എന്റെ ഭാഗ്യമാണ് എന്നിലെ പ്രണയം ആണെന്റെ പെണ്ണ്…..
എന്റെ ഈ കുസൃതിയും കുറുമ്പും നിറഞ്ഞ കാന്താരി പെണ്ണിനൊപ്പം മക്കളായ മൂന്നു കുസൃതികുടുക്കകളുമായി ഞങ്ങളുടെ ജീവിതം തുടർന്നു കൊണ്ടിരിക്കുന്നു. “യഥാർത്ഥ പ്രണയം തിരിച്ചറിയാൻ സാധിച്ചാൽ അവിടെല്ലാം ചങ്ക് പറിച്ചു സ്നേഹിക്കുന്ന കാന്താരി പെൺകുട്ടികളെയും തെമ്മാടിചെക്കമ്മാരേയും നിങ്ങൾക്ക് കാണാൻ ആവും….”