കൂട്ടുകാരോട് പോലും കൂടുതൽ സംസാരിക്കുന്നതും ഒന്നും സുധീഷേട്ടന് ഇഷ്ടം അല്ല.. കാറിൽ യാത്ര ചെയ്യുമ്പോളും…

വിശ്വാസം – എഴുത്ത്: രമ്യ വിജീഷ്

“ലെച്ചു നീ വണ്ടിയിൽ കയറു.. ഞാൻ കൊണ്ടാക്കാം നിന്നെ “

അമ്മാവന്റെ മകൻ കിഷോർ അതു പറഞ്ഞപ്പോൾ ലക്ഷ്മി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു..

” വേണ്ട കിഷോറേട്ടാ. ഞാൻ ബസിൽ പൊക്കോളാം “

“എന്റെ ലെച്ചു പറയുന്നത് കേൾക്കു.. നല്ല മഴ വരുന്നു.. നീ ബസിൽ ചെല്ലുമ്പോളേക്കും ലേറ്റ് ആവില്ലേ “

അവൻ പറയുന്നതിൽ കാര്യം ഉണ്ടെന്നു അവൾക്കും തോന്നി..

ഒരിക്കൽ തമ്മിൽ പ്രണയിച്ചിരുന്നവർ ആണ് തങ്ങൾ.. വിധിയുടെ വിളയാട്ടം കൊണ്ടു വേർപിരിയേണ്ടിയും വന്നു.. ഈ കഥകൾ ഒക്കെ സുധീഷേട്ടന് അറിയാം…

കുറച്ചു അകന്ന ബന്ധത്തിൽ ഉള്ള അനിയത്തിയുടെ വിവാഹത്തിന് എത്തിയതാണ്… ബന്ധുക്കളെയെല്ലാം ഒരുപാട് നാളുകൾ കൂടി കണ്ടതല്ലേ… കുറച്ചു നേരം സംസാരിച്ചിരുന്നു പോയി.. ലീവ് കിട്ടാത്തത് കൊണ്ടാണ് സുധീഷേട്ടൻ വരാതിരുന്നത്..

ഒന്നാമതെ വൈകി… ഇനി കിഷോറേട്ടന്റെ ഒപ്പം യാത്ര കൂടി ചെയ്താൽ എന്താകുമോ എന്തോ… സുധീഷേട്ടൻ ഓഫീസിൽ നിന്നും എത്തുന്നതിനു മുൻപ് അങ്ങു ചെന്നേക്കണം എന്നു പറഞ്ഞിട്ടുള്ളതാ.. വീട്ടിൽ എത്തിയിട്ടു വേണം ഇനി ആഹാരം ഒക്കെ ഉണ്ടാക്കുവാൻ….

കൂട്ടുകാരോട് പോലും കൂടുതൽ സംസാരിക്കുന്നതും ഒന്നും സുധീഷേട്ടന് ഇഷ്ടം അല്ല.. കാറിൽ യാത്ര ചെയ്യുമ്പോളും കിഷോർ എന്തൊക്കെയോ സംസാരിച്ചു… അവൾ യാന്ത്രികമായി മൂളിക്കൊണ്ടിരിന്നതു മാത്രം…

വീട്ടിലെത്തിയപ്പോളേക്കും സുധീഷ് ഓഫീസിൽ നിന്നും എത്തിയിരുന്നു. കിഷോർ ഒപ്പമുണ്ടായിരുന്നത് കൊണ്ടു അവൾ ആകെ ഭയന്നു..പ്രതികരണം എന്താകും എന്നറിയില്ലല്ലോ…

കിഷോറിനോട്‌ മാന്യമായി സംസാരിക്കുകയും അയാളെ സന്തോഷത്തോടെ യാത്ര ആക്കുകയും ചെയ്യുന്നത് കണ്ടു അവൾക്കു ആശ്ചര്യം തോന്നി…

” ഏട്ടൻ നേരത്തെ എത്തിയോ? ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം “

അവന്റെ മുഖത്തു പോലും നോക്കാതെ ലക്ഷ്മി അടുക്കളയിലേക്കോടി..

അവിടെത്തിയപ്പോൾ അവൾ വീണ്ടും ഞെട്ടി… കഴിക്കാൻ ഉള്ളതൊക്കെ എല്ലാം ഉണ്ടാക്കി വച്ചിരിക്കുന്നു….

തിരിഞ്ഞു നോക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ടു നിൽക്കുന്ന സുധീഷിനെ ആണവൾ കണ്ടത്…

“ഞാൻ കരുതി സുധീഷേട്ടന് എന്നോട് ദേഷ്യം ആകുമെന്ന്.. പോയി വരാൻ താമസിച്ചതും കിഷോറേട്ടനൊപ്പം കാറിൽ വന്നതും ഒന്നും ഇഷ്ടമായില്ല എന്നറിയാം.. ഞാൻ ബസിൽ പൊക്കോളാന്ന് പറഞ്ഞതാ.. നിർബന്ധിച്ചത് കൊണ്ടു പോന്നതാ.. വീണ്ടും ലേറ്റ് ആകണ്ടാന്നു കരുതി.. സോറി സുധീഷേട്ടാ “

അവളുടെ പറച്ചിൽ കേട്ടു അവൻ പൊട്ടിച്ചിരിച്ചു പോയി…

“എന്റെ ലെച്ചു..ഞാനിന്നു നേരത്തെ എത്തിയിരുന്നു.. മനപ്പൂർവം നിന്നെ വിളിക്കാതിരുന്നതാ…എനിക്കറിയാം നീ വരാൻ താമസിക്കുമെന്നു.. ഒത്തിരി നാൾ കൂടി എല്ലാവരെയും കണ്ടതല്ലേ… ശരിയാ നിന്റെ എല്ലാ കാര്യങ്ങളിലും ഞാൻ പ്രത്യേകം ശ്രദ്ധിക്കും… ആരോടും അധികം കൂട്ടുകൂടാനും ഞാൻ അനുവദിക്കില്ല… അതു മറ്റൊന്നും കൊണ്ടല്ല കേട്ടോ…നിന്നെപ്പോലുള്ള പാവം വീട്ടമ്മമാരെ വീഴ്ത്താൻ ഒരുപാട് ചതിക്കുഴികൾ ഉണ്ടാവും… എന്നുകരുതി അമ്മാവന്റെ മകനൊപ്പം ഒന്നു യാത്ര ചെയ്തുവെന്ന് വച്ചു എന്റെ പെണ്ണിനെ സംശയിക്കുന്ന ക്രൂരൻ ഭർത്താവൊന്നുമല്ല കേട്ടോ ഞാൻ “

അതുകേട്ടു അവളും ചിരിച്ചു..

“പരസ്പരവിശ്വാസം ആണ് ദാമ്പത്യത്തിന്റെ അടിത്തറ…”