നിനക്കായ് – ഭാഗം 1 – എഴുത്ത്: ആൻ എസ് ആൻ

സ്വർണ്ണ പണയകടയിൽ നിന്നും ഇറങ്ങുമ്പോഴേ കണ്ടു ബൈക്കിൽ ചാരി നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്ന കണ്ണേട്ടനെ. എൻറെ കൈ അറിയാതെ ഒഴിഞ്ഞുകിടക്കുന്ന കാതുകളിലേക്ക് എത്തി.. ചുവന്ന കല്ലുകൾ പതിപ്പിച്ച എനിക്കേറെ ഇഷ്ടപ്പെട്ട ജിമിക്കികൾ കൂടി ഊരി കൊടുക്കേണ്ടി വന്നു വിചാരിച്ചത്ര തുകക്ക് . കണ്ടുപിടിച്ചാൽ ഇനിയിപ്പോ അതിനാകും വഴക്ക്..

ചാറ്റൽ മഴ ചിന്നി പെയ്യുന്നുണ്ട്… കൂട്ടത്തിൽ നല്ല വെയിലും.. ഇങ്ങനെ മഴയും വെയിലും ഒരുമിച്ച് എത്തുന്നത് കുറുക്കൻറെ കല്യാണത്തിനാണ് എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.. കണ്ണേട്ടൻറെ തലയിലും ബൈക്കിലും ഒക്കെ തുള്ളി തുള്ളിയായി വെള്ളം കിടപ്പുണ്ട്… നടത്തം വേഗത്തിലാക്കി..

ഏകദേശം അടുത്തെത്താറായപ്പോഴേക്കും ഒരു കാർ നിയന്ത്രണം വിട്ട് എന്നപോലെ റോഡിൻറെ അരിക് ചേർന്ന് വന്നു കണ്ണേട്ടൻ ഇരിക്കുന്ന ബൈക്കിനെ തട്ടി തെറിപ്പിച്ച്ട്ടു പോയി. കണ്ണേട്ടൻ അന്തരീക്ഷത്തിലേക്ക് ഉയർന്ന് വായുവിൽ കറങ്ങി റോഡിൻറെ നടുവിലേക്ക് വീണതും എങ്ങനെയെന്നറിയില്ല ഞാൻ ഓടി പാഞ്ഞ് അടുത്തെത്തിയിരുന്നു..

കണ്ണേട്ടൻറെ തലഭാഗം കൈകളിൽ കോരിയെടുത്ത് മടിയിലേക്ക് കിടത്തുമ്പോഴും എൻറെ നെഞ്ചിനെ പൊള്ളിച്ചത് ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടിയും അതിൻറെ നമ്പർ പ്ലേറ്റും തിരിച്ചറിഞ്ഞതായിരുന്നു… കണ്ണേട്ടൻറെ രക്തം എൻറെ ശരീരവും വസ്ത്രങ്ങളും നനച്ച് മഴയിൽ അലിഞ്ഞു റോഡിൽ ചോരക്കളം സൃഷ്ടിച്ചിരിക്കുന്നു.. ഭയം കൊണ്ട് മരവിപ്പ് വന്ന് മൂടിയ എൻറെ കൈകളിൽ കണ്ണേട്ടൻറെ കൈകൾ പിടിമുറുക്കിയതും നോട്ടം വീണ്ടും കണ്ണേട്ടനിലേക്ക് എത്തി..ആ കണ്ണുകൾ എന്നെ തന്നെ നോക്കി കൊണ്ട് താനേ അടഞ്ഞു പോകുന്നു…
” കണ്ണേട്ടാ…” എന്നിൽ നിന്നും ഒരു നിലവിളി ഉതിർന്നു..

ഞെട്ടിയുണർന്നതും ദേഹമാകെ വിയർത്തുകുളിച്ച്.
നെഞ്ചിലെ കിതപ്പ് ഇനിയും വിട്ട് മാറാത്തത് പോലെ.. കണ്ണുകൾ തുറന്നതും മുറിയിലാകെ കണ്ണേട്ടൻറെ രക്തത്തിൻറെ ഗന്ധം തളം കെട്ടി നിൽക്കുന്നതുപോലെ..

രണ്ട് കൈകൾ നീണ്ടു വന്നു എന്നെ കെട്ടിപ്പിടിച്ചു വരിഞ്ഞുമുറുക്കി..

“ഇന്നത്തെ സ്വപ്നം എന്തായിരുന്നു?.. കത്തിക്കുത്തോ? ആക്സിഡൻറ്?അതോ എന്നെ ആരേലും തട്ടിക്കൊണ്ടു പോകുന്നതോ?”

അവൻറെ മുഖം കണ്ടതും മനസ്സിലെ സംഘർഷം മാറി ആശ്വാസം നിറഞ്ഞു. അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..

“അതേ.. നിന്നിളിക്കാതെ എൻറെ കയ്യിൽ മുറുകെ പിടിച്ച് ഉറങ്ങാൻ നോക്കിക്കേ… എന്നും കാണും ഇതുപോലെ ഓരോന്ന് ബാക്കിയുള്ളോരുടെ ഉറക്കം കളയാനായിട്ട് ..ആ പ്ലസ് ടുവിലെ ചേട്ടൻമാർ ഒന്നും കാണണ്ട അവരെ വിറപ്പിക്കുന്ന ടീച്ചറിൻറെ ഈ കോലം.. അതെങ്ങനെയാ പ്രാർത്ഥിച്ച് കിടക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ.. ഇതൊക്കെ നോക്കാനും പറയാനും ഞാനില്ലേ കാണാർന്നു…”

“ടാ.. മതി.. എട്ടാം വയസ്സിൽ നീ എൻറെ അച്ഛനാവാൻ നോക്കല്ലേ ആദികുട്ടാ … അങ്ങോട്ട് നീങ്ങി കിടക്ക്”

ഗൗരവത്തോടെ അതും പറഞ്ഞു അവനെ കെട്ടിപ്പിടിച്ചു കിടന്നു. പുറത്ത് പതിയെ താളത്തിൽ തട്ടി കൊടുത്തതും അവൻ ഉറക്കം പിടിച്ചു.. ഉറക്കത്തിലും അവൻറെ മുഖത്ത് കാര്യക്കാരൻ കാർന്നോരുടെ മുഖഭാവമാണ്.. ചിലപ്പോൾ തോന്നും ഞാനായിട്ടാണ് അവൻറെ കുട്ടിത്തം കളഞ്ഞത് എന്ന് .. ഒരർത്ഥത്തിൽ പറഞ്ഞാൽ അവൻ അനുഭവിക്കേണ്ട സ്നേഹവും സൗഭാഗ്യവും ഒക്കെ തട്ടിക്കളഞ്ഞവൾ..എല്ലാം അറിയാൻ ആകുന്ന ഒരു ദിവസം അവനും എന്നെ തള്ളിപ്പറയും.. അവൻറെ കണ്ണി ലെങ്കിലും എന്നിലെ അമ്മ ഒരിക്കലും തെറ്റുകാരി ആകാതിരിക്കട്ടെ… അവനെ കൂടി കൈവിടേണ്ട ഒരു നാൾ വരും മുന്നേ ൻറെ ജീവൻ എടുത്തേക്കണേ ദൈവങ്ങളേ എന്നേ പ്രാർത്ഥനയുള്ളൂ..

കൈകളിലെ മുറുക്കം അയഞ്ഞതും അവൻ ഉറങ്ങിയെന്ന് മനസ്സിലായി.. കുനിഞ്ഞ് അവൻറെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തതും ഉറക്കത്തിലും അവനൊന്നു കുറുകി. എഴുന്നേറ്റ് വന്ന് ജനൽപ്പാളികൾ തുറന്നതും മഴ പെയ്തു തോർന്നതിൻറെ ലക്ഷണങ്ങൾ കണ്ടു.. മഴത്തുള്ളികൾ ഏതോ തകര പാത്രത്തിൽ ചെന്നു വീഴുന്ന ശബ്ദം മുഴങ്ങി കേൾക്കുന്നു. ഇളം തണുപ്പുള്ള കാറ്റിനോടൊപ്പം വിടർന്നുനിൽക്കുന്ന ഗന്ധരാജിൻറെ സുഗന്ധവും ഒഴുകിയെത്തി..

മനസ്സൊരു നിമിഷം ചന്ദ്രോത്തെ മുറ്റത്തെ ഗന്ധരാജൻറെ ചുവട്ടിലെത്തി. മുറ്റത്തിൻറെ കോണിലായി നിറയെ പൂത്തു നിൽക്കുന്ന വലിയ മരം.. മഴക്കാലത്ത് വെള്ളത്തുള്ളികൾ പൂക്കളിലും ഇലകളിലും തങ്ങിനിൽക്കും.. കളികൾക്കിടയിൽ എന്തെങ്കിലും പറഞ്ഞു കണ്ണേട്ടൻ മരത്തിൻറെ ചുവട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും.. മരം കുലുക്കി വെള്ളം മുഴുവൻ എൻറെ മേത്തേക്ക് തെറിപ്പിച്ച് കണ്ണേട്ടൻ മാറിനിന്നു ചിരിക്കുമ്പോൾ ആകും മനസ്സിലാവുന്നത് വീണ്ടും പറ്റിച്ചിരിക്കുന്നു എന്ന്…

ഇത്തിരി നേരം പിണങ്ങി നിന്നാലും വീണ്ടും പോകും കണ്ണേട്ടാ ന്ന് വിളിച്ചു പുറകെ തന്നെ.. അല്ലേലും അപ്പുവേട്ടനും മീനുചേച്ചിയും ചെസ്സോ ക്യാരംസോ പോലെ വലിയ കുട്ടികളുടെ കളികള് ആവും കളിക്കുക. പാടത്തുന്ന് മീൻ പിടിക്കാനും മാവിൽ കല്ലെറിയാനും പേരമരത്തിൽ ചാടികേറാനും കൂട്ട് വേണമെങ്കിൽ കണ്ണേട്ടൻ തന്നെ വേണം.. ഇത്തിരി നേരം വാശിപിടിച്ച് ഞാനൊന്ന് കരഞ്ഞാൽ കണ്ണേട്ടൻ നടത്തിതരാത്ത കാര്യമില്ല.

ചെറുപ്പം തൊട്ടേ മുത്തശ്ശി പറഞ്ഞു കേൾക്കുന്നതാ മീനു അപ്പുവിൻറെതും മാളു കണ്ണൻറെതും ആണെന്ന്. അച്ഛനും അപ്പച്ചിയും അമ്മാമയും പുഞ്ചിരിയോടെയത് കേട്ട് നില്ക്കുന്നത് കൂടി ആയപ്പോൾ ഞങ്ങളുടെയും മനസ്സിൽ ആഴത്തിൽ അതങ്ങ് പതിഞ്ഞു പോയി…

ഇതൊക്കെ കൊണ്ട് തന്നെയാവും ചന്ദ്രോത്ത് ലക്ഷ്മിയമ്മ എന്ന മുത്തശ്ശി സ്വത്ത് ഭാഗം വച്ചപ്പോൾ ഭൂരിഭാഗവും ഇളയ മകളായ മായാവതി അപ്പച്ചിക്ക് കൊടുത്തത്. എൻറെ അച്ഛനായ വാസുദേവൻ മാഷിന് അതിൽ എതിർപ്പൊന്നും തന്നെ ഇല്ലായിരുന്നു. മക്കളായ മീനാക്ഷി അഭിനന്ദിലൂടെയും( അപ്പു) മാളവിക കാർത്തിക്ക്ലൂടെയും( കണ്ണൻ) ഭാവിയിൽ ഇതൊക്കെ അനുഭവിക്കാൻ ഉള്ളതല്ലേ എന്ന് കരുതി കാണും.

അപ്പുവേട്ടന് മെഡിക്കൽ കോളേജിൽ പഠനത്തിനുള്ള ചിലവ് അധികവും വഹിച്ചത് അച്ഛൻ തന്നെയായിരുന്നു. മിലിറ്ററിയിൽ നിന്നും റിട്ടയർ ചെയ്തതാണ് ചന്ദ്രൻ മാമ.. ‘പെൻഷൻ മാത്രം കിട്ടിയിട്ട് ഒരു കുടുംബത്തിന് എന്താകാ നാ’ എന്ന അപ്പച്ചിയുടെ പതിവ് ഇല്ലാപാട്ടിൽ അച്ഛൻ വീണുപോയി എന്നതാണ് സത്യം…കണ്ണേട്ടൻ എഞ്ചിനീയറിംഗ് പഠിച്ചത് ഗവൺമെൻറ് കോളേജിൽ ആയത് അച്ഛൻറെ ഭാഗ്യം. മീനു ചേച്ചി പിജിക്കും ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറും പഠിക്കുന്ന കാലം. അപ്പുവേട്ടൻ എം ഡി കഴിഞ്ഞ് വന്നാൽ മീനു ചേച്ചിയുമായുള്ള കല്യാണം എന്നായിരുന്നു തീരുമാനം.. കല്യാണം എങ്ങനെയെല്ലാം അടിച്ചുപൊളിക്കണം എന്ന കാര്യത്തിൽ മാത്രമായിരുന്നു എൻറെയും കണ്ണേട്ടൻറെയും ചർച്ചകളത്രയും..

കോഴ്സ് കഴിഞ്ഞു വന്ന അപ്പുവേട്ടൻറെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ജീൻസും ടോപ്പും ഒക്കെയിട്ട് പശു പുല്ലു നക്കി തിന്ന പോലെ അവിടാടെ മുടി വെട്ടിയിട്ട ,ഐശ്വര്യത്തിൻറെ കാര്യത്തിൽ മീനുചേച്ചിയുടെ നാലായലത്തു പോലും എത്താത്ത ഒരു നാട്യക്കാരി പെണ്ണ്.. അതിലും ഞങ്ങളെയൊക്കെ വേദനിപ്പിച്ചത് അപ്പച്ചിയുടെ മുഖത്ത് ഞെട്ടലോ അതിശയ ഭാവങ്ങളോ ഒന്നും ഇല്ലാതിരുന്നതാണ്.. മുത്തശ്ശിയുടെ എതിർപ്പിനെ പോലും അവഗണിച്ചു കൊണ്ട് അപ്പച്ചി ആ പെൺകുട്ടിയെ നിലവിളക്ക് കൊളുത്തി സ്വീകരിച്ചു.

പാവം മീനു ചേച്ചി.. എങ്ങനെ പിടിച്ചുനിന്നു എന്നറിയില്ല..
ഞങ്ങളുടെ മുന്നിൽ അവളൊന്നു കരഞ്ഞു പോലും കണ്ടിട്ടില്ല.. അച്ഛൻറെ അവസ്ഥയായിരുന്നു ശരിക്കും സങ്കടം.. കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിയത് പോലെ സദാസമയം വിഷമിച്ചിരിക്കും .മുത്തശ്ശി പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായില്ല.. അപ്പച്ചിക്കെന്ന് പറഞ്ഞു വച്ചിരുന്ന ചില വിഹിതങ്ങൾ അച്ഛൻറെ പേരിലേക്ക് മാറ്റിയെഴുതി.. അതച്ഛൻ പറഞ്ഞിട്ട് ചെയ്തതാണെന്നാണ് അപ്പച്ചിയുടെ ബലമായ വിശ്വാസം.. രണ്ടുപേരും തമ്മിൽ സംസാരിക്കാതായി.. അപ്പച്ചി തറവാട്ടിലേക്കുള്ള വരവ് നിർത്തി.. ഇതൊന്നും പോരാഞ്ഞിട്ട് കണ്ണേട്ടനോട് സത്യവും ചെയ്തു വാങ്ങിച്ചു അപ്പച്ചി പറയുന്ന പെൺകുട്ടിയെ മാത്രമേ വിവാഹം ചെയ്യു എന്ന്..

കണ്ണേട്ടൻ പക്ഷേ ഇപ്പോഴും അപ്പച്ചി അറിയാതെ തറവാട്ടിൽ വന്നു മുത്തശ്ശിയെ കാണും. പോരാത്തതിന് ഭഗവതിയുടെ മുന്നിൽവച്ച് എനിക്ക് സത്യം ചെയ്ത് തന്നിട്ടുണ്ട്.. കണ്ണന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് മാളു മാത്രം ആയിരിക്കുമെന്ന്..
കണ്ണേട്ടന് നല്ലൊരു ജോലി കിട്ടാനും ചേച്ചിക്ക് അപ്പുവേട്ടനേക്കാൾ നല്ലൊരു ചെക്കനെ കിട്ടാനും പ്രാർത്ഥിക്കലാണ് എൻറെ പ്രധാന ജോലി…

പ്രാർത്ഥനയുടെ ഫലമെന്നോണം അച്ഛനെ തേടി പണ്ട് കൂടെ ജോലി ചെയ്തിരുന്ന സാവിത്രി ടീച്ചറുടെ ഫോൺ കോൾ എത്തി. ടീച്ചറുടെ കോളേജ് പ്രൊഫസർ ആയ മോൻറെ ജാതകവുമായി മീനു ചേച്ചിയുടെ ജാതകം ചേരുമത്രേ. ബ്രോക്കർ ഗോപാലേട്ടൻറെ കൂടെ അവര് നാളെ കാലത്ത് ചേച്ചിയേ പെണ്ണു കാണാനെത്തും..

ഒരിടവേളയ്ക്കുശേഷം ചന്ദ്രോത്ത് വീണ്ടും സന്തോഷം തിരതല്ലിയ ദിവസം.എൻറെ ഉള്ളിൽ മാത്രം നേരിയൊരു കാളൽ വന്നു. ചേച്ചിയെ ഒരുക്കി എടുക്കേണ്ട ചുമതല മുഴുവൻ എനിക്കാണ് .. പക്ഷേ നാളെയാണ് കണ്ണേട്ടൻറെ പിറന്നാൾ..മുത്തശ്ശി പോലും അക്കാര്യം മറന്നു പോയതിൽ ആശ്ചര്യം തോന്നി. രാവിലെ അമ്പലത്തിൽ ചെല്ലാം എന്ന് ഏറ്റതാണ്.. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ ദേവി എന്ന് പ്രാർത്ഥിച്ചു കിടന്നു.

രാവിലെ നാലുമണിക്ക് എണീറ്റു. കുളിച്ചു വന്നു പുത്തൻ ദാവണി എടുത്തു ചുറ്റി. മീനുചേച്ചി നല്ല ഉറക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ കയറി കണ്ണേട്ടന് ഇഷ്ടപ്പെട്ട ചക്കപ്രഥമൻ ഉണ്ടാക്കി.. എല്ലാവരും ഉണരുന്നതിനുമുൻപേ അമ്പലത്തിൽ പോയി കണ്ണേട്ടനേ കണ്ട് തിരിച്ചെത്തണം. ഒരു സ്റ്റീൽ ഗ്ലാസിൽ പായസം പകർന്നെടുക്കാൻ നോക്കിയതും മുത്തശ്ശി എത്തി.

“എന്താ മാളു നീയിവിടെ ചെയ്യണേ?”

“ഞാൻ ചേച്ചിയെ കാണാൻ വരുന്നവർക്ക് വേണ്ടി ചക്കപ്രഥമൻ ഉണ്ടാക്കാരുന്നു. എന്തെങ്കിലും മധുരത്തിൽ വേണ്ടേ?.. അത് കഴിഞ്ഞ് അമ്പലത്തിൽ ഒന്നു പോയി തൊഴാം എന്ന് കരുതി”

“അതേതായാലും നന്നായി ..എന്നാ നിൽക്ക് ഞാൻ കൂടി വരാം അമ്പലത്തിലേക്ക്”

“വേണ്ട മുത്തശ്ശി… ഞാൻ ശടേന്ന് പോയിട്ട് വരാം.. മുത്തശ്ശി കാപ്പിക്ക് വേണ്ടത് കാലമാക്കികൊള്ളു.. ഞാൻ വന്നിട്ട് ചേച്ചിയെ ഒരുക്കാൻ നിക്കണ്ടേ? “

“ന്നാൽ പിന്നെ അങ്ങനെ ആവട്ടെ.. പെട്ടെന്ന് പോയിട്ട് വാ”

ജീവനും കൊണ്ട് തടി എടുത്തു.. എന്നാലും കണ്ണേട്ടന് വേണ്ടിയുണ്ടാക്കിയ പായസം ഒരു തരി എടുക്കാൻ പറ്റിയില്ല.. ആകെ സങ്കടമായി. ഒരു ശകുനപ്പിഴ പോലെ.. എങ്കിലും വലിച്ചു നീട്ടി നടന്നു.

പതിവായി ഇരിക്കുന്ന ആൽത്തറയിൽ നോക്കിയെങ്കിലും കണ്ണേട്ടനെ കണ്ടില്ല. ഞാൻ പതിവിലും നേരത്തെ ആണല്ലോന്ന് അപ്പോഴാണ് ചിന്തിച്ചത്.. കണ്ണേട്ടന് കർമ്മമുട്ടും പുഷ്പാഞ്ജലിയും ചേച്ചിക്ക് മംഗല്യ മുട്ടും ചീട്ട് ആക്കി നടയിലേക്ക് നടന്നു..

എൻറെ നല്ല കാലം എന്നേ പറയേണ്ടൂ.. അപ്പച്ചിയും മരുമോളും തൊഴുകൈയോടെ നടയിൽ നിൽക്കുന്നു.. മരുമോൾ കണ്ണടച്ച് പ്രാർത്ഥനയിലാണ്…വർഷം മൂന്നായിട്ടും കുട്ടികൾ ഉണ്ടായിട്ടില്ല.. ഡോക്ടറമ്മയുടെ പൊങ്ങച്ചം ഒക്കെ പോയി പ്രാർഥനയും വഴിപാടും ഒക്കെയാണ് ഇപ്പോൾ.. ഒരാളുടെ സങ്കടത്തിൽ സന്തോഷിക്കുന്നത് ദൈവദോഷമാണ്.. എങ്കിലും എൻറെ ചേച്ചിയുടെ കണ്ണീരും ദൈവങ്ങൾ കണ്ടിട്ടുണ്ടാവില്ലേ?.

ഭാഗ്യത്തിന് ദേവിയുടെ നടയിലെ തൊഴൽ കഴിഞ്ഞവർ ചുറ്റുമുള്ള മറ്റു പ്രതിഷ്ഠകളുടെ അടുത്തേക്ക് നീങ്ങി. ചീട്ട് നടയിൽ വച്ച് കണ്ണടച്ച് ദേവിയെ തൊഴുതു.

“ഇന്നു മീനുചേച്ചിയെ കാണാൻ വരുന്ന ആ ഏട്ടനെ അവൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അത് തടസ്സങ്ങൾ ഒന്നുമില്ലാതെ നടത്തി കൊടുത്തേക്കണേ ദേവി.. അപ്പുവേട്ടനായിട്ട് കൊടുത്ത സങ്കടങ്ങൾ ഒക്കെ എത്രയും പെട്ടെന്ന് മാറ്റി കൊടുത്ത് അർഹതപ്പെട്ട കൈകളിൽ തന്നെ അവളെ എത്തിക്കണേ…

പിന്നെ ഇന്ന് എൻറെ കണ്ണേട്ടൻറെ പിറന്നാളാണ്. ഏട്ടൻറെ ആയുസ്സും ആരോഗ്യവും കാത്തോളണേ… അതുമാത്രമല്ല എത്രയും പെട്ടെന്ന് ജോലിക്കാര്യം കൂടി ശരിയാക്കി തരണേ..ആ ബ്രോക്കർ ഗോപാലൻ ചേട്ടൻറെ ചില നേരത്തെ നോട്ടം സഹിക്കാൻ പറ്റില്ല.. ചേച്ചിക്ക് കല്യാണം ശരിയായാൽ ആ നിമിഷം അയാൾ എൻറെ പിന്നാലെ തുടങ്ങും. അപ്പച്ചിയോടുള്ള വാശിക്ക് അച്ഛൻ വല്ല കടുത്ത തീരുമാനവും എടുക്കുന്നതിനു മുന്നേ കണ്ണേട്ടന് നല്ലൊരു ജോലി ശരിയാക്കി കൊടുത്തേക്കണേ..ഈ നടയിൽ നിന്നു ഒന്നായിക്കോളമെന്ന് സത്യമിട്ടവരാ ഞങ്ങൾ… കൈവെടിയരുതേ ദേവി..അച്ഛൻറെയും മുത്തശ്ശിയുടെയും അപ്പച്ചിയുടെയും ഒക്കെ ചില നേരത്തെ വാശി കാണുമ്പോൾ പേടിയാ…എനിക്ക് പറ്റില്ല ചേച്ചിയെ പോലെ ഒരാളെ സ്നേഹിച്ച് വേറെ ഒരാളുടെ കൂടെ ജീവിക്കാൻ…എൻറെ ജീവൻ എടുത്താലും പരാതിയില്ല പക്ഷേ കണ്ണേട്ടനെ പിരിയേണ്ട ഒരവസ്ഥ വരുത്തരുതെ ദേവി..”

പ്രാർത്ഥിച്ച് കഴിഞ്ഞതും അറിയാതെ ഒരു തുള്ളി കണ്ണുനീർ വീണു. സ്ഥലകാലബോധം വന്നതും പെട്ടെന്ന് തിരിഞ്ഞ് നടക്കാൻ നോക്കി. എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിന്നിൽ പ്രാർത്ഥിച്ചു നിൽക്കുന്ന ആളെ കേറി മുട്ടി.

“ഇത്തിരി വിട്ടു നിന്നു പ്രാർത്ഥിച്ചു കൂടെ..”

തെറ്റ് എൻറെ ഭാഗത്താണ് എങ്കിലും വായിൽ വന്നത് ഇങ്ങനെ ആയിപ്പോയി.

“സോറി”.. അയാൾ പാവം ആയതുകൊണ്ട് രാവിലെ തന്നെ അടി കൂടാതെ കഴിഞ്ഞു. ഇയാളുടെ സ്ഥാനത്ത് ഇപ്പോൾ കണ്ണേട്ടൻ എങ്ങാനും ആയിരുന്നെങ്കിൽ എന്നെ ഇപ്പൊ ഭിത്തിയിൽ ഒട്ടിച്ചേനെ…ചിന്തിച്ചു തീർന്നില്ല കണ്ണേട്ടൻ പുറത്തുനിന്ന് നടയിലേക്ക് എത്തി നോക്കുന്നത് മിന്നായം പോലെ കണ്ടു..

പ്രദക്ഷിണം വേഗത്തിലാക്കി..

“രേവതി നക്ഷത്രം”.. അർച്ചനയുടെ പ്രസാദം കൊടുക്കുമ്പോൾ തിരുമേനി കണ്ണേട്ടൻറെ നാള് വിളിച്ചതും ഓടിപ്പോയി വാങ്ങി. അപ്പച്ചി എങ്ങാനും കേട്ടിട്ട് ഇനി അത് മതി..

“സോറി.. ആ പ്രസാദം എൻറെയാ..” നേരത്തെ കണ്ട പാവത്താൻ തന്നെ വീണ്ടും.

ഒരു സംശയത്തോടെ ചീട്ട്ലേക്ക് നോക്കിയതും കണ്ടു ‘കൃതാർത്ഥ് .രേവതി നക്ഷത്രം’.

“ഞാനറിയാതെ.. പെട്ടെന്ന്.. നാള് മാത്രമേ കേട്ടുള്ളൂ..” പ്രസാദം തിരിച്ചുകൊടുത്തതും അയാൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
അപ്പോഴേക്കും തിരുമേനി അടുത്ത സെറ്റും ആയി എത്തി. പ്രസാദവും വാങ്ങിച്ചു പുറത്തിറങ്ങിയതും ആൽത്തറയിൽ കണ്ണേട്ടനേ കണ്ടു.

ഒരാവേശത്തിൽ സ്റ്റെപ്പുകൾ ഇറങ്ങി തുടങ്ങിയതും ഒരു പിൻ വിളി കേട്ടു.

“അതെയ് ഇത്തിരി കുഴപ്പമുണ്ടെന്ന് നടയിൽ നിന്ന് ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ തന്നെ തോന്നി.. സ്വതവേയുള്ള ബോധക്കേടും വെച്ച് ഈ സ്പീഡ്ൽ പടവുകൾ ഇറങ്ങിയാൽ തൻറെ എല്ലിൻറെണ്ണം കൂടും.. പല്ലിൻറെ എണ്ണം കുറയും.. “

ഒരു പുച്ഛത്തോടെ എന്നെനോക്കി ചിരിക്കുന്ന അയാളെ ഇത്തിരി മുന്നേ പാവത്താൻ എന്ന് വിചാരിച്ചതിൽ കുറ്റബോധം തോന്നി. മറുപടിയൊന്നും പറയാതെ അയാളെ അയാളുടെ വഴിക്ക് വിട്ടു ആൽത്തറയിലേക്ക് നടന്നു.

കണ്ണേട്ടൻ താഴേക്ക് നോക്കി ഇരിപ്പാണ്. ചന്ദനം എടുത്തു കുറി തൊട്ടു കൊടുത്തിട്ടും മുഖത്ത് പ്രസാദമൊന്നും കാണുന്നില്ല.. മലരും കൽക്കണ്ടവും ഇട്ട പ്രസാദം കൊടുത്തിട്ടും കഴിച്ചില്ല. ഒടുവിൽ വായിൽ വച്ചു കൊടുത്തു..

“പിറന്നാൾ ആണെന്ന് വെച്ച് ഇത്രക്ക് ജാഡ പാടില്ല.. പ്രത്യേകിച്ച് ദേവിയുടെ പ്രസാദത്തിനോട്. അതിനെ അപമാനിച്ചാൽ തൊഴുത് വാങ്ങിച്ച എനിക്കാണ് അതിൻറെ ദോഷം കിട്ടുക”

” അതിന് നീ തൊഴാൻ വന്നതോ അതോ കണ്ണിൽ കണ്ടവന്മാരോട് കൊഞ്ചി കുഴയാൻ വന്നതോ?”

“ആഹാ അതൊക്കെ കണ്ടായിരുന്നോ?.. ആരോടെങ്കിലും കൊഞ്ചി കുഴയാതെ പറ്റുമോ? ചെറുപ്പം തൊട്ടേ മോഹിച്ച് നടന്നിട്ട് എന്താ കാര്യം.. വല്ല വേലയും കൂലിയും ഉള്ളവനല്ലേ പെണ്ണിനെ പോറ്റാൻ പറ്റൂ”

“അതേടി പുല്ലേ.. നീയൊക്കെ ഒടുക്കം ഇതുതന്നെ പറയും എന്നറിയാം.. ഇന്നാ പിടിച്ചോ.. കൊണ്ടുപോയി പുഴുങ്ങി തിന്ന്.. നിനക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട “

കൈയിലേക്ക് ഒരു എൻവലപ്പ് വെച്ചുതന്നു.തുറന്നു നോക്കിയതും ബാങ്കിലേക്കുള്ള അപ്പോയിൻഡ്മെൻഡ് ലെറ്റർ. സന്തോഷംകൊണ്ട് നെഞ്ച് പൊട്ടി പോകും എന്ന് തോന്നി.. കണ്ണീരുകൊണ്ട് തന്നെ ദേവിയോട് നന്ദി പറഞ്ഞു.

“അയ്യേ ..എൻറെ മാളൂട്ടി കരയാ.. ഇങ്ങനെ കരയാനാ നീ ഇക്കണ്ട വഴിപാട് ഒക്കെ നടത്തിയത്?.. നല്ല കുട്ടിയായിട്ട് ചിരിച്ചേ.. എന്നിട്ട് ഏട്ടൻറെ പിറന്നാൾ സമ്മാനം തന്നേ”

“അയ്യോ.. അത് ഞാൻ കൊണ്ടുവന്നില്ല.. രാവിലെ എഴുന്നേറ്റ് കണ്ണേട്ടന് ഇഷ്ടപ്പെട്ട ചക്കപ്രഥമൻ ഉണ്ടാക്കിയതാ.. മുത്തശ്ശി എഴുന്നേറ്റ് വന്നതും എടുക്കാൻ പറ്റിയില്ല. കണ്ണേട്ടൻ വൈകിട്ട് ഇറങ്ങുമോ?.. ജോലികിട്ടിയ കാര്യം പറയനെന്നപോലെ വരാലോ”

” പ്രഥമൻ കുടിക്കാൻ വൈകിട്ട് ഞങ്ങൾ എല്ലാരും കുടുംബസമേതം വരുന്നുണ്ട്..”

“അപ്പച്ചിയും വരുന്നുണ്ടോ?” അതിശയത്തോടെ ചോദിച്ചു

“പിന്നേ.. മോന് പെണ്ണ് ചോദിക്കാൻ അമ്മയും വരണ്ടേ?”

“കണ്ണേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ?.. മീനു ചേച്ചിയുടെ അല്ലേ പെണ്ണുകാണാൻ”

“എടി മാളു പൊട്ടി.. രാവിലെ നടക്കാൻ പോകുന്നത് ചേച്ചിയുടെത്… വൈകീട്ട് നിൻറെത്..”

“അതിന് അപ്പച്ചി സമ്മതിക്കുമോ?”

“നീയെന്താ എൻറെ അമ്മയെകുറിച്ച് കരുതിയത്?.. അമ്മയൊരു പാവമാണ് ടോ.. അപ്പുവേട്ടൻ ഒരു പെണ്ണിനെ രജിസ്റ്റർ കല്യാണം ചെയ്തിട്ട് കേറി വന്നാൽ അമ്മ പിന്നെ എന്താ ചെയ്യേണ്ടിയിരുന്നത്?
ഇന്നലെ ജോലി കിട്ടിയതറിഞ്ഞ നിമിഷം അമ്മ തന്നെയാ പറഞ്ഞത് അമ്മാവനെ കണ്ടു നിൻറെ കാര്യം ഉറപ്പിക്കാൻ.. വൈകീട്ട് അപ്പുവേട്ടൻ വരാൻ കാത്തിരിയ്ക്കുകയാ ഞങ്ങൾ”

കേട്ടതും വീണ്ടും കണ്ണുകൾ ഈറനണിഞ്ഞു.. അപ്പച്ചിയേ തെറ്റിദ്ധരിച്ചതിൽ വിഷമം തോന്നി.അമ്മയില്ലാത്തതിൻറെ കുറവുകൾ പലപ്പോഴും പരിഹരിച്ചത് മുത്തശ്ശിയെക്കാൾ അപ്പച്ചി ആയിരുന്നു. അതുകൊണ്ട് തന്നെയാവും മീനു ചേച്ചിയെ വേദനിപ്പിച്ചപ്പോൾ അപ്പച്ചിയോട് പൊറുക്കാനാവാഞ്ഞതും. വെറുത്ത് പോയതിൻറെ ആയിരം മടങ്ങ് സ്നേഹം കൊണ്ട് മൂടണം. നല്ലൊരു മരുമകളായി..

“ഇത്രയും നല്ല കാര്യങ്ങൾ അറിയിച്ചിട്ടും എനിക്കെൻറെ സമ്മാനം കിട്ടിയില്ല”

“വൈകിട്ട് തരാമെന്ന് പറഞ്ഞില്ലേ?.. ഞാൻ എത്രയും പെട്ടെന്ന് പോകാൻ നോക്കട്ടെ.. ഇപ്പോ തന്നെ വൈകി”

കണ്ണേട്ടൻ ആൽത്തറയിൽ നിന്നും ചാടി ഇറങ്ങി എൻറെ കയ്യിൽ പിടിച്ചു.

“അയ്യടി.. പോകാൻ നോക്കുന്നോ?.. മനുഷ്യനായാൽ വാക്കിന് വ്യവസ്ഥ വേണം. ആൺകുട്ടിയായിട്ട് ജോലി മേടിച്ചിട്ട് വന്നാൽ എന്ത് വേണേലും തരാം എന്ന് പറഞ്ഞത് നീ അല്ലേ..

ആരേലും വരുന്നതിന് മുൻപ് പെട്ടന്ന് ഒരുമ്മ തന്നെ”

“ഒന്നു പോ കണ്ണേട്ടാ.. അമ്പലമുറ്റത്ത് വെച്ചാണോ ഇതൊക്കെ “

“എടീ പെണ്ണേ. വേഗം തന്നോ..ഇല്ലേൽ വൈകിട്ടത്തെ പ്രോഗ്രാം ഞാനങ്ങ് ക്യാൻസൽ ആക്കുമേ.. അമ്മയോട് പറഞ്ഞോളാം ചേട്ടനെ പോലെ തന്നെ എനിക്കും അമ്മാവൻറെ മോളെ വേണ്ടാന്ന്..”

ഇങ്ങനെയൊരു മനുഷ്യൻ.. എന്നോടുള്ള വാശിക്ക് വേണമെങ്കിൽ അതും ചെയ്യും.ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പു വരുത്തി.

കണ്ണേട്ടനാണെങ്കിൽ കുസൃതിയോടെ മീശപിരിച്ച് നിൽക്കുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഭാവം കാണുന്നത്. കണ്ണുകളിൽ നോക്കിയതും ഞാൻ ഉരുകി പോകുന്നതുപോലെ തോന്നി..

“ചോദിച്ചത് വേണമെങ്കിൽ കുനിഞ്ഞുനിന്ന് കണ്ണടച്ചു നിന്നേ”

“ആദ്യത്തേത് ആയതുകൊണ്ട് കണ്ണടക്കാം.. ഈ സൗജന്യം ൻറെ മോള് ഇനിയങ്ങോട്ട് പ്രതീക്ഷിക്കേണ്ട ട്ടാ”

കുനിഞ്ഞു വന്ന കണ്ണേട്ടൻറെ അടുത്തേക്ക് നീങ്ങി നിന്നതും കണ്ടു അപ്പച്ചിയും മരുമോളും നടന്നുവന്നു ആൽത്തറയുടെ ഏകദേശം അടുത്തെത്തിയിരിക്കുന്നു.

രണ്ടാളും എന്നെ കണ്ടിട്ടില്ല എന്ന് ഉറപ്പു വന്നതും ജീവനും കൊണ്ടോടി. ഈ കോലത്തിൽ ഞങ്ങളെ കണ്ടിരുന്നേൽ വൈകിട്ടത്തെ പ്രോഗ്രാം അപ്പച്ചി ആയിട്ട് തന്നെ ക്യാൻസൽ ചെയ്തേനെ…പാവം കണ്ണേട്ടൻ.. അതിന് അപ്പച്ചി എങ്കിലും ഒരുമ്മ കൊടുത്താൽ മതിയായിരുന്നു.

ഉള്ളിലെ സന്തോഷം കൊണ്ടായിരിക്കാം തിരിച്ചുള്ള വഴിയിൽ കാലുകൾക്ക് വേഗത കുറഞ്ഞിരുന്നു. മുറ്റത്തെത്തിയതും ‘സരോവരം’ എന്നു പേരെഴുതിയ ഒരു കാർ കിടക്കുന്നു… മീനു ചേച്ചിയെ കാണാനെത്തിയവർ വന്നിരിക്കുന്നു. എൻറെ സന്തോഷങ്ങൾക്ക് ഇടയിൽ മറ്റെല്ലാം ഇത്തിരി നേരത്തേക്ക് ഞാൻ മറന്നു പോയി..മിനു ചേച്ചിയെ ഒരുക്കിയില്ലല്ലോ എന്നോർത്ത് ധൃതിയിൽ അടുക്കള വശത്തേക്ക് നടന്നതും

” ഹലോ” എന്നൊരു വിളി പൂമുഖത്ത് നിന്നും കേട്ടു.

തിരിഞ്ഞു നോക്കിയതും കണ്ടു അമ്പലത്തിൽ വെച്ച് നേരത്തെ കണ്ട അതേ ആൾ തന്നെ..

തുടരും…

ഒരു തുടർക്കഥ ശ്രമം ആണ്.. വർത്തമാനവും ഭൂതകാലവും സമാന്തരമായി പറഞ്ഞു പോകുന്ന ഒരു കഥ.. കയ്യീന്ന് പോയോ എന്നൊരു സംശയം നല്ലോണം ഉണ്ട്.. വായിച്ചിട്ട് അഭിപ്രായം പറയൂ..