നിനക്കായ് ~ ഭാഗം 17 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാവിലെ ഉറക്കമുണർന്നു നോക്കിയപ്പോൾ അരികെ സിദ്ധുവിനെ കണ്ടില്ല. ഇത്ര നേരത്തെ എഴുന്നേറ്റ് ഓടാൻ പോയോ എന്ന് അതിശയം തോന്നി. കൂട്ടത്തിൽ എന്നെ ഉണർത്തി ഒരു വാക്ക് പറഞ്ഞിട്ട് പോയാൽ പോരായിരുന്നോ എന്ന പരിഭവവും..

കുളിച്ച് വേഷം മാറി വന്ന് നിലകണ്ണാടിയിൽ നോക്കിയപ്പോൾ നോട്ടം അറിയാതെൻറെ വയറിലേക്ക് എത്തി. പുറം കാഴ്ചയിൽ യാതൊരു കുറ്റവും കുറവുകളും ഇല്ല. അതിനുള്ളിലായി ഒളിപ്പിച്ച് വെച്ചിരിക്കുന്ന എന്നെ അശക്തയാക്കുന്ന നിഗൂഢതകൾ അറിയാൻ അതിയായ ആഗ്രഹം തോന്നി. എൻറെ റിപ്പോർട്ടുകൾ എങ്ങാനും സിദ്ധുവിൻറെ കൈവശമുണ്ടാ കുമോ എന്ന് ചിന്തിച്ചു.ഉണ്ടെങ്കിൽ തന്നെ അത് സിദ്ധുവിൻറെ അലമാരയുടെ പൂട്ടി വെച്ചിരിക്കുന്ന ഭാഗത്തായിരിക്കും എന്നുറപ്പുണ്ടായിരുന്നു.

അലമാര തുറന്നു നോക്കിയതും ഭാഗ്യത്തിന് താക്കോൽ അടുത്ത് തന്നെ കിടപ്പുണ്ട്. അക്ഷമയോടെ തുറന്ന് നോക്കിയതും ആദ്യം നോട്ടം എത്തിയത് എൻറെ ആഭരണ പെട്ടിയിൽ ആയിരുന്നു. ആഭരണങ്ങൾ ലോക്കറിൽ വെക്കാൻ കൊണ്ടു പോകുന്ന വഴിക്ക് ചേച്ചി കുറച്ച് വളകളും മാലകളും കമ്മലും ഒക്കെ മാറ്റി വെച്ചിരുന്നത് ഓർമ്മവന്നു. കൂട്ടത്തിൽ എനിക്കു വേണ്ടത് എന്നോടും മാറ്റിവയ്ക്കാൻ അമ്മ ആവശ്യപ്പെട്ടപ്പോൾ എനിക്കതിലൊന്നും താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയതാണ്. ഞാനറിയാതെ ചേച്ചിയും അനിയനും കൂടെ ഒത്തു ചേർന്നു എൻറെതും മാറ്റിവെച്ചിരുന്നു..ഇങ്ങനെ വിലപ്പെട്ടതൊക്കെ കെട്ടിപ്പൂട്ടി വച്ചതു കൊണ്ടാണ് ഈ ഭാഗം എല്ലായിപ്പോഴും താക്കോലിട്ടു ഭദ്രമായി പൂട്ടി വെച്ചിരിക്കുന്നത്..

ആഭരണപ്പെട്ടിയുടെ താഴെ എൻറെ സർട്ടിഫിക്കറ്റും ബയോഡാറ്റയും ഒക്കെ കിടക്കുന്നു. അന്ന് സ്കൂളിലെ ഷെൽഫിൽ വെക്കാതെ മനുവേട്ടൻ തിരിച്ചു തന്നതാണ്. അതിനു നേരെ താഴെയായി കിടക്കുന്ന ചുമന്ന ഫയൽ കയ്യിലെടുത്തു. തേടി വന്ന എൻറെ മെഡിക്കൽ റിപ്പോർട്ട് .സിദ്ധു ഡൽഹിയിൽ പോകാൻ പാക്കിങ് ചെയ്യുമ്പോൾ ഞാനീ ഫയൽ മനപൂർവം കട്ടിലിൽ നിന്നും താഴെ തട്ടിയിട്ടത് ഓർമ്മവന്നു. പാവം സിദ്ധു.. അന്നൊക്കെ എൻറെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചുനില്ക്കാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും.

ഫയലിലെ പേജുകൾ ഓരോന്നായി മറിച്ചു നോക്കിയതും എന്തൊക്കെയോ ടെസ്റ്റ് റിസൽട്ടും സ്കാൻ റിപ്പോർട്ടും ഒക്കെയാണ്. സൂക്ഷ്മതയോടെ വായിച്ചു നോക്കിയിട്ടും അന്ന് കണ്ണേട്ടൻറെ വായിൽ നിന്നും കേട്ടതിൽ കൂടുതലൊന്നും മനസ്സിലാക്കാനായില്ല.നിരാശയോടെ അത് തിരിച്ച് വയ്ക്കാൻ നോക്കിയതും മറ്റൊരു വശത്ത് കുറെയേറെ ഫയലുകൾ കിടക്കുന്നത് കണ്ടു.

കൗതുകം കൊണ്ട് തുറന്നു നോക്കി. ആദ്യം തുറന്നു നോക്കിയതിൽ സിദ്ധുവിൻറെ S.S.L.C തൊട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒക്കെയാണ് . അടുത്തത് നോക്കിയപ്പോൾ കുറെയേറെ ഫോട്ടോകളും ചിത്രങ്ങളും കുത്തിവരകളും അടക്കം ചെറുപ്പത്തിലെ പല സ്ഥാപര ജംഗമ വസ്തുക്കളും കിടക്കുന്നു. ഒരു കുഞ്ഞു നിക്കറിട്ട് ഷർട്ട് ഇടാതെ വയറുന്തി കൈവിരൽ വായയിൽ ഇട്ട് ഊമ്പുന്ന ഒന്നോ രണ്ടോ വയസ്സിലെ സിദ്ധുവിൻറെ ഫോട്ടോ കണ്ടതും ചിരിവന്നു…

അച്ഛനും അമ്മയും കിച്ചുഏട്ടനും സിദ്ധുവും കൂടി നിൽക്കുന്ന കുറെയധികം ഫോട്ടോകൾ …എങ്കിലും അച്ഛൻറെയോ അമ്മയുടെയോ കുടുംബ ഫോട്ടോയോ ബന്ധുക്കളെയും ഒന്നും കാണാനായില്ല.. ബന്ധുക്കളെ വിഷമിപ്പിച്ചു കൊണ്ടുള്ള പ്രണയ വിവാഹമായിരുന്നു അവരുടേത് എന്ന് മാത്രം അറിയാം.. എൻറെ കുടുംബത്തെ കുറിച്ച് സിദ്ധുവിന് പലതും അറിയാം എങ്കിലും എനിക്ക് തിരിച്ച് ഒന്നും അറിയില്ലെന്നു തോന്നി. ആ ഫയലിൻറെ അവസാന താളിൽ കണ്ടത് പൊടിമീശ കാലത്ത് മനുവേട്ടനും സിദ്ധുവും കൂടി നിൽക്കുന്ന ഫോട്ടോ ആയിരുന്നു.. ഒറ്റ നോട്ടത്തിൽ തന്നെ ചിരിക്കാനേ കഴിഞ്ഞുള്ളൂ .ഗ്ലാമറിന് വേണ്ടി കഷ്ടപ്പെട്ട് മസിലൊക്കെ ഉരുട്ടി കേറ്റി വെച്ചിരിക്കുന്ന എൻറെ ഡോക്ടറുടെ അന്നത്തെ നത്തോലി പോലത്തെ രൂപം ഞാൻ കണ്ടെന്നറിഞ്ഞാൽ ആള് ആത്മഹത്യ ചെയ്യും..

രസം പിടിച്ച് വന്നതും കൗതുകത്തോടെ അടുത്ത ഫയൽ തുറന്നു നോക്കി. കുറെയധികം പേപ്പറുകൾ അടുക്കി ഫയൽ ചെയ്തു വച്ചിരിക്കുന്നു. ഏറ്റവും മുകളിലായി കിടക്കുന്ന കടലാസിൽ കണ്ണുടക്കി. കയ്യിൽ എടുത്തു നോക്കിയതും കണ്ണുകളെ വിശ്വസിക്കാനാവാത്തത്ര വിസ്മയം തോന്നി..ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളാൽ തീർത്ത ഒരു കത്ത്..

കൈയ്യക്ഷരങ്ങൾ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.. വായിക്കാതെ തന്നെ എഴുതിയിരിക്കുന്നത് എന്താണെന്ന് പോലും അറിയാം. അല്ലെങ്കിലും കാലമെത്രകഴിഞ്ഞാലും എഴുതിയ ആൾ ഒരിക്കലും സ്വന്തം അക്ഷരങ്ങളെ മറക്കില്ലല്ലോ?..

അന്നു എൻറെ വിരല്ത്തുമ്പാൽ തീർത്ത ആ കത്ത് എത്തിച്ചേർന്നിരിക്കുന്നത് സിദ്ധുവിൻറെ കൈകളിലാണ്. അതിൻറെ അർത്ഥം ഗ്രഹിച്ച് എടുക്കാൻ എൻറെ ബുദ്ധിക്ക് ഇത്തിരി നേരം കൂടുതൽ വേണം എന്ന് തോന്നി.വേദനയുള്ള മരവിപ്പ് എന്നെ വന്നു മൂടുന്നതറിഞ്ഞു. കാലം പിന്തിരിഞ്ഞോടി കലാലയ മുറ്റത്തെത്തി നിന്നതും ഹൃദയം തളർന്നിട്ട് എന്നോണം വല്ലാതെ അണക്കുന്നു .

ഡിഗ്രി ക്ലാസിലെ ആദ്യ മാസം കഴിഞ്ഞ സമയം. ഞങ്ങൾ ഒന്നാം വർഷക്കാർ റാഗിങ്ങിൻറെ ഭയപ്പാടോഴിഞ്ഞു ഞങ്ങളുടേതായ സൗഹൃദവലയങ്ങൾ മെനഞ്ഞെടുത്തു ക്യാമ്പസ് ജീവിതത്തിൻറെ മധുരം നുണഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങളുടെ ഗ്യാങ്ങിൽ മൂന്നു പേരായിരുന്നു. വായാടിയായ ഞാനും നാണം കുണുങ്ങിയായ കല്ലുവും എന്തിലും ചാടിക്കേറി തലയിടുന്ന ധൈര്യശാലിയായ മെറിനും.

ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലേക്ക് പുതിയ ഒരു അതിഥി എത്തി. വെളുത്ത് മെലിഞ്ഞ് വിടർന്ന കണ്ണുകളുമായി ദേവതയെ പോലെ അതിസുന്ദരിയായ ഒരു പെൺകുട്ടി. വേഷവിധാനത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി വിദേശത്ത് എവിടെയോ ജനിച്ച് വളർന്നത് ആണെന്ന്. പെൺകുട്ടികൾ അസൂയയോടെയും ആൺ കുട്ടികൾ ആരാധനയോടേയും നോക്കിയിരിക്കുന്നു.

എല്ലാവരും പരിചയപ്പെടാൻ ശ്രമിച്ചിട്ടും ഗായത്രി എന്ന പേര് പറഞ്ഞതൊഴിച്ച് ആ കുട്ടി ആരോടും കൂട്ട് കൂടാതെ ഒറ്റയ്ക്ക് ആളൊഴിഞ്ഞ ലൈബ്രറിയിലും ഗാലറിയിലും ഒക്കെ തനിച്ച് ഇരിപ്പുണ്ടാവും. ജാഡ ആണെന്ന് എല്ലാവരും വിധി എഴുതിയപ്പോൾ മെറിൻറെ കണ്ടുപിടുത്തം ആ കുട്ടി ഒരു വിഷാദരോഗി ആണെന്നായിരുന്നു. ഏതൊക്കെയോ ബുക്കിൽ വായിച്ചറിഞ്ഞ അറിവ് വെച്ചുള്ള അവളുടെ നിരന്തര വാദങ്ങൾ കേട്ട് അംഗീകരിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ മനസ്സമാധാനത്തിന് വേണ്ടി ഒരു ദിവസം ഞങ്ങൾ മൂന്നും പേരും ആ കുട്ടിയെ കേറി മുട്ടി. മെറിൻ തലങ്ങുംവിലങ്ങും ചോദ്യങ്ങൾ ചോദിച്ച് ആവുന്നത്ര പരിചയപ്പെടാൻ ശ്രമിച്ചിട്ടും ആ കുട്ടി ഞങ്ങൾക്ക് പിടി തന്നില്ല.

പിറ്റേ ദിവസം എന്നെ കോളേജിൽ കൊണ്ടു വിട്ടത് കണ്ണേട്ടൻ ആയിരുന്നു. സ്റ്റഡി ലീവിന് നാട്ടിൽ എത്തിയാൽ കോളേജിലേക്കുള്ള പോക്കുവരവിൽ ഏതെങ്കിലും ഒന്ന് കണ്ണേട്ടൻറെ ബൈക്കിലായിരുന്നു. എന്നെ ഇറക്കി വിട്ട് എന്തോ കുസൃതിയും പറഞ്ഞു കണ്ണേട്ടൻ പോകുന്നത് താല്പര്യത്തോടെ നോക്കി നിൽക്കുന്ന ഗായത്രിയെ കണ്ടു. ഞങ്ങളുടെ കാര്യം കോളേജിൽ അറിയാത്തത് വേണമെങ്കിൽ ആ കുട്ടിക്ക് മാത്രമായിരിക്കും.

“മാളുവിൻറെ ലവർ ആണോ അത്?..” ആദ്യമായിട്ടാണ് ഗായത്രി വായ തുറന്ന് എന്തെങ്കിലും സംസാരിച് കാണുന്നത് എന്നോർത്തു.

” അപ്പച്ചിയുടെ മകനാണ്. ലവർ ആണോന്ന് ചോദിച്ചാൽ ..കണ്ണേട്ടൻ എൻറെതാണെന്ന് കുഞ്ഞിലെ തൊട്ട് മുത്തശ്ശി പറയുന്നതാ..”

നാണത്തിൽ കുളിച്ച് കാലുകൊണ്ട് കളം വരച്ച് ഞാനത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഗായത്രിയിൽ കണ്ണീർമഴ പെയ്തു തുടങ്ങിയിരുന്നു. കരച്ചിൽ കണ്ട് ആദ്യം ഒന്ന് ഞെട്ടി പോയെങ്കിലും പിടിച്ച പിടിയിൽ ഗ്യാലറിയിൽ കൂട്ടി ക്കൊണ്ടുപോയി. കരച്ചിലിന് പെട്ടെന്നൊന്നും അന്ത്യം കാണില്ലെന്ന് തോന്നിയതും കയറി ചോദിച്ചു.

“താനിങ്ങനെ ആരോടും ഒന്നും പറയാതെ കരഞ്ഞാൽ എങ്ങനെയാണ്?.. പരിഹാരങ്ങൾ ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല ഈ ലോകത്ത്.. അതെന്താണെന്ന് പറഞ്ഞാലല്ലേ ഞങ്ങൾക്കൊക്കെ അറിയാൻ പറ്റൂ..”

അധികം നിർബന്ധിക്കാതെ ആ ഒരൊറ്റ ചോദ്യത്തിൽ തന്നെ ഇട മുറിഞ്ഞു കൊണ്ട് ഗായത്രിയിൽ നിന്നും അവളുടെ കഥ കേട്ട് തുടങ്ങി.

യഥാർത്ഥത്തിൽ അവളിപ്പോൾ മെഡിക്കൽകോളേജിൽ രണ്ടാം വർഷത്തിന് പഠിക്കേണ്ടി ഇരുന്നതാണ്. ആദ്യ വർഷത്തിൽ തന്നെ സീനിയറായിരുന്ന ഒരു പയ്യനുമായി സ്നേഹത്തിൽ ആയി. കോളേജിൽ ചേർന്ന സമയത്ത് പരിചയപ്പെടാൻ വന്നതാണ് അയാൾ. സംസാരത്തിലൂടെ അറിഞ്ഞു പറഞ്ഞും വന്നപ്പോഴാണ് പണ്ട് തറവാട്ടിൽ നിന്നും ഒളിച്ചോടിപ്പോയ അച്ഛൻറെ അനിയത്തിയുടെ മകൻ ആണ് അതെന്ന് മനസ്സിലായത്. അങ്ങനെ തുടങ്ങിയ സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറി. പഠനത്തിൽ സഹായിച്ചു കൊണ്ടും ഷോപ്പിങ്ങിനും സിനിമയ്ക്കും മറ്റാവശ്യങ്ങൾക്കും കൂടെ നടന്ന്.. ഒടുവിൽ രാത്രിയിൽ ഹോസ്റ്റലിലെ മതിലുചാടി കാണാൻ വരുന്നത്ര അഗാധമായ തലത്തിലേക്ക് ആ ബന്ധം എത്തിച്ചേർന്നു.

പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു വെക്കേഷന് വിദേശത്തേക്ക് തിരിച്ചു പോകുന്നത് പോലും അയാളെ പിരിയുന്നതോർത്തപ്പോൾ വേണ്ടെന്നു തോന്നി. കത്തുകളിലൂടെ ബന്ധപ്പെടാം എന്നതായിരുന്നു ഏക ആശ്വാസം. പട്ടാളച്ചിട്ടയിൽ ആയിരുന്നു അവളെ അച്ഛൻ വളർത്തിയിരുന്നത്. അതുകൊണ്ട് കത്തുകൾ എഴുതിയിരുന്നത് പോലും വളരെ സൂക്ഷിച്ച് ആയിരുന്നു .വെക്കേഷൻ തീരാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പുസ്തകത്തിൽ നിന്ന് അച്ഛൻ അയാളുടെ എഴുത്തുകൾ കണ്ടെടുത്തു. വിശ്വാസവഞ്ചന കാണിച്ചെന്ന് പറഞ്ഞു തലങ്ങും വിലങ്ങും അടി കിട്ടി . കോളേജിൽ പരിചയക്കാരെ ആരൊക്കെയോ വിളിച്ച് എന്തൊക്കെയോ അയാൾ അന്വേഷിച്ചറിഞ്ഞു.

കോളേജ് തുറന്നിട്ടും അവളെ നാട്ടിലേക്ക് വിട്ടില്ല. അവളോട് സമ്മതം പോലും ചോദിക്കാതെ ദൂരെയുള്ള ഈ കോളേജിൽ ഡിഗ്രിക്ക് ചേർത്തു. ഇവിടുത്തെ ഗാർഡിയൻ അവളുടെ അച്ഛൻറെ വിശ്വസ്തനായ സുഹൃത്താണ്. അയാളുടെ വീട്ടിൽ ആണ് താമസിപ്പിച്ചിരിക്കുന്നത്. ഒരുതരം വീട്ടുതടങ്കൽ. അവളുടെ സർട്ടിഫിക്കറ്റുകൾ എല്ലാം നേരത്തെ പഠിച്ചിരുന്ന മെഡിക്കൽ കോളേജിൽ തന്നെ ആണ് ഉള്ളത്. അവളിവിടെ ഉള്ള വിവരം എങ്ങനെയെങ്കിലും അവളുടെ കാമുകനെ അറിയിക്കണം. ആ കോളേജിൽ നിന്നും അവളുടെ സർട്ടിഫിക്കറ്റുകൾ എങ്ങനെയെങ്കിലും ഒപ്പിച്ചു എടുത്താൽ വേറെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ തുടർന്ന് പഠിക്കാമായിരുന്നു.

പഴയ കോളേജിലും അച്ഛന് അറിയാവുന്ന ആളുകളുണ്ട്. അതുകൊണ്ട് അച്ഛൻറെ അറിവോടെയല്ലാതെ അവിടെ തുടർന്ന് പഠിക്കാൻ സാധ്യമല്ല. അച്ഛന് കണ്ടു പിടിക്കാൻ പറ്റാത്ത എവിടെയെങ്കിലും വെച്ച് കോഴ്സ് കംപ്ലീറ്റ് ചെയ്യണം ..പഠിച്ചു കഴിഞ്ഞിട്ട് അവളുടെ ഏട്ടൻറെ കൂടെ തന്നെ ജീവിക്കണം. ഇങ്ങനെ നീണ്ടു പോയിരുന്നു സങ്കടങ്ങൾ. കേട്ട് കഴിഞ്ഞതും ഞാനും വല്ലാതായി.

“ഇനി പറ .. തൻറെ കയ്യിൽ വല്ല പരിഹാരവുമുണ്ടോ എൻറെ പ്രശ്നങ്ങൾക്ക് ?. ആരെങ്കിലും ഉണ്ടോ എന്നെ രക്ഷിക്കാൻ?.. നോക്ക്.. എൻറെ കയ്യിലേക്ക് നോക്ക്.. ദൈവങ്ങൾ പോലും എനിക്ക് കൂട്ടിനില്ല…എൻറെ ജീവൻ പോലും അവർക്ക് വേണ്ട…”

ഭ്രാന്തമായ വികാരത്തോടെ അവളുടെ ചുരിദാറിൻറെ നീളൻ കൈകൾ പിന്നിലേക്ക് മടക്കി കാണിച്ചുതന്നു. ഒരു നിമിഷം പതറിപ്പോയി. വെളുത്ത കൈത്തണ്ടയിൽ നീലിച്ച് നിൽക്കുന്ന ആഴത്തിലുള്ള മുറിപ്പാടുകൾ.. മാസം ഒന്ന് കഴിഞ്ഞിട്ടും അതിൽ നിന്നും ഇപ്പോഴും രക്തം ചീറ്റുന്നുണ്ടെന്ന് തോന്നി. പൊട്ടിക്കരയുന്ന അവളെ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു കഴിഞ്ഞതും കണ്ണേട്ടൻറെ അടുത്തേക്ക് ഓട്ടമായിരുന്നു .എല്ലാം കേട്ട് കഴിഞ്ഞതും എങ്ങനെയെങ്കിലും അവളുടെ ഏട്ടനെ കാര്യങ്ങൾ അറിയിക്കണമെന്ന് ആയി. കണ്ണേട്ടൻ പറഞ്ഞുതന്ന പ്രകാരം കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞുകൊണ്ട് അയാൾക്ക് ഞാനിരുന്നു കത്തെഴുതി. കോളേജ് ഹോസ്റ്റലിലേക്ക് കത്ത് അയക്കുന്നത് അപകടമാണെന്ന് തോന്നിയതിനാൽ അവൾ പറഞ്ഞു തന്ന വീട്ടഡ്രസ്സിലേക്ക് ആണ് കത്തെഴുതിയത്. അന്ന് എഴുതിയ ആ അഡ്രസ്സ് മനസ്സിൽ നിന്നും മാഞ്ഞു പോയെങ്കിലും എൻറെ കയ്യിലെ കടലാസിൽ കൺ മുന്നിലെ കാഴ്ച മറച്ചുകൊണ്ട് ഇന്നിപ്പോളത് തെളിഞ്ഞു നിൽക്കുന്നു .

To, Mr. സിദ്ധാർത്ഥ്..S/O Mr.ജനാർദ്ദനൻ..സരോവരം (H)…

ഏകദേശം രണ്ടാഴ്ച കഴിഞ്ഞു കാണും മറുപടിയായി കണ്ണേട്ടന് എഴുത്തു വന്നു. സർട്ടിഫിക്കറ്റുകൾ ഒരുക്കി കഴിഞ്ഞു. അവളുടെ തുടർപഠനം ഏറ്റെടുത്തു കൊള്ളാം. എത്രയും പെട്ടെന്ന് അവളെ രക്ഷിച്ചു അയാളുടെ അടുത്തേക്ക് ട്രെയിൻ കയറ്റി വിടാൻ പറ്റുമോ എന്ന്. അന്നത്തെ ഗായുവിൻറെ സന്തോഷം ഇന്നും മറക്കാനാവില്ല.

കോളേജിലേക്ക് എന്നും വരുന്നതുപോലെ അവൾ എത്തിയതും കണ്ണേട്ടൻ ബൈക്കിൽ കൊണ്ടുപോയി അവളെ ട്രെയിൻ കയറ്റിവിട്ടു. അവളെ പുതിയ കോളേജിൽ ചേർത്തു പഠിപ്പിക്കാൻ തുടങ്ങി എന്ന് പറഞ്ഞുകൊണ്ട് ഒരു നന്ദി കത്ത് അയാളിൽനിന്നും തിരികെ വന്നതും പതിയെ ആ വിഷയം ഞങ്ങളെ വിട്ടു പോയി. എങ്കിലും ഒരു ആറുമാസത്തോളം ഞങ്ങളുടെ ചർച്ചകളിലേക്ക് ഗായു വല്ലപ്പോഴും കടന്നു വന്നിരുന്നു.

അപ്പോഴേക്കും അപ്പുവേട്ടൻറെ വിവാഹം കഴിഞ്ഞു. തറവാട്ടിൽ വഴക്കായി.. പ്രശ്നങ്ങളായി.. വല്ലപ്പോഴും കാണുമ്പോൾ കരഞ്ഞു പിഴിഞ്ഞു നടക്കുന്ന എന്നോട് കണ്ണേട്ടൻ നിത്യേന ഉപദേശിക്കും.

“പെണ്ണുങ്ങളായാൽ ധൈര്യം വേണം. സ്നേഹിക്കുന്ന വനിൽ വിശ്വാസം വേണം . ആ ഗായത്രിയെ കണ്ടു പഠിക്കണം നീ..”

അന്നത്തെ കണ്ണേട്ടൻറെ വാക്കുകൾ സത്യമായി വന്നു. അന്ന് ഗായത്രി കാണിച്ച ധൈര്യം ഞാൻ വിവാഹ പന്തലിൽ വെച്ച് കാണിച്ചിരുന്നെങ്കിൽ.. കണ്ണേട്ടന് വേണ്ടി കാത്തിരുന്നു എങ്കിൽ.. അന്നവൾക്ക് നേടിക്കൊടുത്ത ജീവിതം പിന്നീട് ഞാൻ തന്നെ തട്ടി പറിക്കില്ലായിരുന്നു. ഒരു തരത്തിൽ അപ്പച്ചിയെക്കാൾ വലിയ ക്രൂരതയാണ് ഞാൻ സിദ്ധുവിനോട് കാണിച്ചിരിക്കുന്നത്. ആ ചെറുപ്പക്കാരൻറെ ജീവിതവും സ്വപ്നങ്ങളും നഷ്ടപ്പെടുത്താൻ ഒരു കാർമേഘമായി അയാളിലേക്ക് അകാലത്തിൽ പെയ്തിറങ്ങിയതാണ് ഞാൻ. എന്നിട്ടും എന്നെ ശപിക്കാതെ ചേർത്ത് നിർത്തുന്നത് അയാളുടെ മനസ്സിൻറെ നന്മ മാത്രം….

ഫോൺ ബെൽ അടിക്കുന്ന ശബ്ദം ആണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. അമ്മയാണ്. കണ്ണുകൾ തുടച്ച് ഫോണെടുത്തു.

“മാളു ഉണർന്നോ? ..

അവൻ ഇറങ്ങാൻ നേരം വിളിച്ചപ്പോൾ പറഞ്ഞിരുന്നു ആന കുത്തിയാലും അറിയാത്തത്ര ഉറക്കത്തിൽ ആണെന്ന്. ഉണർന്ന് വരുമ്പോഴേക്കും മോൾക്ക് ഒരു സർപ്രൈസ് തരാൻ ആയിരുന്നു അവൻറെ പ്ലാൻ. മോൾക്ക് ബോറടിക്കുന്നതിന് ഒരു കൂട്ടാളിയെ കൊണ്ട് തരാൻ. പക്ഷേ ഫ്ലൈറ്റ് ലേറ്റ് ആണ്. എത്താൻ വൈകും. ഉണരുമ്പോൾ ആളെ കാണാതെ പേടിക്കേണ്ട എന്ന് വിളിച്ചു പറയാൻ പറഞ്ഞത്. അവൻറെ കസിനെ കൂട്ടാൻ എയർപോർട്ടിലേക്ക് പോയതാണ് അവൻ. എൻറെ ഏട്ടൻറെ മോളാണ് വരുന്നത്.. ഗായത്രി . എൻറെ ചേട്ടൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല ആളൊരു വല്ലാത്ത ടൈപ്പാണ്. അച്ഛനും മോളും തമ്മിൽ കുറേ കാലം പിണക്കത്തിൽ ആയിരുന്നു. സ്നേഹം തന്നെയാണ് അവിടെയും വില്ലൻ.

ഞങ്ങൾ സഹോദരിമാരിൽ ഒരാളെ മാത്രമേ ഏട്ടന് വിവാഹം കഴിപ്പിച്ച് കൈ പിടിച്ചു കൊടുക്കാൻ സാധിച്ചിട്ടുള്ളൂ.. ഓമനിച്ച് വളർത്തിയ സ്വന്തം മോളും അതേ വഴിക്കാണ് എന്ന് കണ്ടതും ഏട്ടന് സഹിച്ചു കാണില്ല. അവളെ അയാളിൽനിന്നും അകറ്റാൻ നോക്കി . അച്ഛനോടുള്ള വാശിയിൽ അവൾ ഒറ്റയ്ക്കാണ് പിന്നെ പഠിച്ചതും ജോലിയിൽ കയറിയതും ഒക്കെ. അവള് കുറച്ചുകാലം സിദ്ധുവിൻറെ ഹോസ്പിറ്റലിലും പ്രാക്ടീസിന് ഉണ്ടായിരുന്നു. ആ സമയത്താണ് നമ്മുടെ വീട്ടിൽ വരുന്നതും ഞാൻ ആദ്യമായി കാണുന്നതും..തങ്കക്കുടം പോലൊരു മോള്.. ഇതിനോട് ചേട്ടന് എങ്ങനെ വഴക്കിടാൻ സാധിച്ചു എന്നായിരുന്നു എൻറെ സംശയം.

എൻറെ സംശയം ശരിയായിരുന്നു . കാലം കുറച്ചു കഴിഞ്ഞതും ഏട്ടൻറെയും മനസ്സുമാറി എന്നു തോന്നുന്നു. ഏട്ടൻ തന്നെ അവളെ കാണാൻ വന്നു മാപ്പുപറഞ്ഞു. നിമിഷങ്ങൾ കൊണ്ട് അച്ഛനും മകളും ഒന്നായി. കിച്ചുവിൻറെ കല്യാണം ശരിയാക്കുന്നതിന് രണ്ടാഴ്ച മുന്നേ ആണ് അവൾ ചേട്ടനോടൊപ്പം വിദേശത്തേക്ക് തിരിച്ചു പോയത്. കിച്ചുവിൻറെ കല്യാണത്തിന് എല്ലാവരും കുടുംബസമേതം വരാൻ ഇരുന്നതാണ്. അപ്പോഴാണ് ഏട്ടത്തിക്ക് ഒരു നെഞ്ചുവേദന വന്നത്. പിന്നെ ഓപ്പറേഷനും ചികിത്സയും ആയി അവരുടെ വരവ് നീണ്ടു പോയി. ഈ കഥകളൊക്കെ മീനുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. മോൾക്ക് പിന്നെ സ്കൂളും കാര്യങ്ങളുമായി തിരക്കൊഴിഞ്ഞ നേരമില്ലല്ലോ..

ഇപ്പോൾ രോഗം എല്ലാം ഭേദമായി കഴിഞ്ഞപ്പോൾ ചേട്ടത്തിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ. ഗായു മോളുടെ വിവാഹം എത്രയും പെട്ടെന്ന് ആഘോഷപൂർവ്വം നടത്തണം. തീരുമാനങ്ങളെല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ ഏട്ടനും സമ്മതം.. ഏടത്തിയുടെ ആഗ്രഹംപോലെ വിവാഹം എത്രയും പെട്ടെന്ന് നടക്കണം . ഇന്നലെ അത് അവളെ അറിയിച്ചപ്പോൾ അല്ലേ പുതിയ വിശേഷം.. അവൾക്ക് അങ്ങനെ പ്രത്യേക ഇഷ്ടങ്ങൾ ഒന്നുമില്ലത്രെ.. വിവാഹത്തിൽ തന്നെ താൽപര്യമില്ലെന്ന്.. സാമൂഹ്യ സേവനത്തിന് ഏതോ ദൂരദേശത്തേക്ക് പോകണം അത്രേ..

ഏട്ടനും അവളും തമ്മിൽ ആദ്യമേ വഴക്കായി.. അവള് വീട് വിട്ടു വീണ്ടും നാട്ടിലേക്ക് പോന്നു.പാവം ചേട്ടൻ നെഞ്ചുപൊട്ടി കൊണ്ടാണ് എന്നെ ഇന്നലെ വിളിച്ചത് .. ഇപ്പോഴത്തെ കുട്ടികളുടെ ഓരോ കാര്യങ്ങളെ.. പഠിപ്പും വിവരവും ഒന്നും ഉണ്ടായിട്ട് ഒരു കാര്യവുമില്ല.. തന്നിഷ്ടം അല്ലാതെന്താ…

മോൾ ഏതായാലും അവളോട് ഒന്ന് കൂട്ടുകൂടാൻ നോക്ക്. എന്നിട്ട് പതിയെ കാര്യങ്ങളൊക്കെ ചോദിച്ചറിയൂ .. അയാളുടെ നാടും വീടും.. അവർ തമ്മിൽ എന്താ പ്രശ്നം എന്നൊക്കെ അറിഞ്ഞാൽ വല്ല വിധേനയും നമുക്ക് പരിഹരിക്കാൻ നോക്കാം…ഞാനിക്കാര്യം സിദ്ധുവിനോടും പറഞ്ഞു നോക്കിയതാ. അവന് പക്ഷേ ഇതൊന്നും കേട്ടിട്ടും വലിയ താൽപര്യമൊന്നുമില്ല. അവളുടെ ജീവിതം അവളല്ലേ തീരുമാനിക്കേണ്ടത് എന്നാണ് അവൻറെ പക്ഷം . മോൾ എങ്കിലും ഇതൊന്ന് കാര്യമായിട്ട് എടുക്കണേ….എങ്ങിനെയെങ്കിലും അവളുടെ കല്യാണം ഒന്ന് നടന്നു കണ്ടാൽ മതിയായിരുന്നു..”

അമ്മയോട് പറയാൻ മറുപടി അറിയില്ലായിരുന്നു. സമ്മതം പറഞ്ഞ് പെട്ടെന്നുതന്നെ ഫോൺ വച്ചു. പിടിച്ചുനിൽക്കാൻ മനസ്സിനെ പാകപ്പെടുത്തി തുടങ്ങി. കുറച്ചു കഴിഞ്ഞതും മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. കേട്ടതും കണ്ടതും ഒക്കെ ഒരു മായ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആശിക്കാൻ ശ്രമിച്ചു .

വാതിൽ തുറന്ന് മുറ്റത്ത് ഇറങ്ങിയതും മുൻഭാഗത്തെ ഡോർ തുറന്നു വന്നത് ഞാൻ പ്രതീക്ഷിച്ച മുഖം തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ രാത്രിയിലെ സിദ്ധു വിൻറെ കണ്ണീരിൻറെ ഉത്തരം.. ആദ്യമായി എന്നിലെ സ്ത്രീയെ അറിഞ്ഞ ദിവസം സന്തോഷിക്കുന്നതിനു പകരം അയാളിൽ നിന്നും കണ്ണുനീർ ഒഴുകിയെത്തിയ തിൻറെ ഉത്തരം..സിദ്ധുവിൻറെ നഷ്ടപ്രണയം… ഗായത്രി എന്ന സത്യം..മിഴിവോടെ…തെളിമയോടെ..എൻറെ കൺമുന്നിലേക്ക് അടുത്ത് വരുന്നു.. ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് തന്നെ അറിയാത്ത പോലെ..

തുടരും…