നിനക്കായ് – ഭാഗം 6 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ചന്ദ്രോത്ത് നിന്നും യാത്ര പറഞ്ഞിറങ്ങും നേരം ഒരു തള്ളി കണ്ണീർ പോലും മാളുവിൽ നിന്നും ഉതിർന്നില്ല. കരഞ്ഞുകരഞ്ഞ് സങ്കടക്കടൽ വറ്റിയത് പോലെ മരവിപ്പ് മാത്രം . സരോവരത്തിലേക്കുള്ള യാത്രയ്ക്കിടയിൽ മീനുവിൻറെ ചുമലിൽ ചാരി കണ്ണടച്ച് തളർന്ന് കിടന്നു. സിദ്ധാർത്ഥ് മുൻസീറ്റിൽ ആയിരുന്നത് മാളുവിന് ആശ്വാസം തോന്നി. മീനുവിൻറെ ശ്രദ്ധ സദാസമയവും മാളുവിൽ തന്നെയായിരുന്നു. താൻ കാരണം ചേച്ചിയുടെ സന്തോഷങ്ങളും നഷ്ടമായി എന്നു തോന്നി മാളുവിന്.

കിച്ചുവിനെയും മീനുവിനെയുമാണ് ആദ്യം നിലവിളക്ക് കൊളുത്തി സ്വീകരിച്ചത്. അതേ വിളക്ക് തന്നെ രണ്ടാമതും കൊണ്ടുവന്നാണ് മാളുവിനെ സ്വീകരിച്ചത്. സാവിത്രിയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങിച്ചതും ഒരുനിമിഷം അപ്പച്ചിയെ ഓർമ്മവന്നു മാളുവിന്. കണ്ണേട്ടൻറെ കൈപിടിച്ച് താൻ പടികടന്ന് ചെല്ലേണ്ടിയിരുന്ന വീട് ഇതായിരുന്നില്ലല്ലോ എന്നോർത്തതും വീണ്ടും കരഞ്ഞു തുടങ്ങി.

ചുറ്റും കൂടി നിന്നവരിൽ നിന്നും പല പല സംശയങ്ങളും മുറുമുറുപ്പ് ആയി ഉയർന്നു കേട്ടു. പലരും മാളുവിനെ ഒരത്ഭുത ജീവിയെ പോലെ തുറിച്ച് നോക്കുന്നത് കണ്ടതും സാവിത്രി അവളെ തൻറെ ദേഹത്തോട് ചേർത്ത് പിടിച്ചു.

“മോള്വാ… അമ്മ പറയട്ടെ..” എല്ലാവരിൽനിന്നും രക്ഷപ്പെടുത്തൽ എന്നോണം അവർ മാളുവിനെ കൂട്ടി അകത്തേക്ക് നടന്നു.അവരുടെ കൈകളിൽ പറ്റിചേർന്ന് നടക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം വന്ന് മൂടുന്നത് പോലെ തോന്നി മാളുവിന്. മുകളിലത്തെ നിലയിലെ വിശാലമായ ഒരു മുറിയിലേക്ക് ആണ് അവർ ചെന്നു കയറിയത്. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങളിൽ നിന്നും സിദ്ധാർത്ഥ്ൻറെ മുറി ആണ് അതെന്ന് മനസ്സിലായി. വല്ലാത്തൊരു ശ്വാസംമുട്ടൽ വീണ്ടും മാളുവിനെ പൊതിഞ്ഞു..

കട്ടിലിൽ മാളുവിനെ ഇരുത്തി സൂക്ഷ്മതയോടെ അവളുടെ തലയിൽ ചൂടി ഇരിക്കുന്ന പൂവും ആഭരണങ്ങളും ഒക്കെ ഒന്നൊന്നായി അഴിച്ചു വെക്കാൻ തുടങ്ങി സാവിത്രി. പൊതിഞ്ഞു പിടിച്ചിരിക്കുന്ന ഭാരങ്ങളെല്ലാം അഴിച്ചു വെക്കാൻ മാളുവും ആഗ്രഹിച്ചിരുന്നു.

“മോളോട് സങ്കടപ്പെടരുത് എന്ന് പറയാൻ അമ്മയ്ക്ക് ആവില്ല. വർഷങ്ങളായുള്ള നിൻറെ സ്വപ്നങ്ങൾ പലതും തകർന്ന ദിവസമാണിന്ന്. സങ്കടം തീരുന്നതുവരെ സ്വസ്ഥമായി പൊട്ടിക്കരഞ്ഞോളൂ …

എങ്കിലും ചിലതൊക്കെ മോള് അറിയണം. ചിലപ്പോൾ നിനക്കത് കുറച്ചെങ്കിലും ആശ്വാസം ആയെങ്കിലോ…

മോള് സിദ്ധുവിൻറെ ഭാര്യയായി ഈ വീട്ടിലെത്താൻ ഞങ്ങളെല്ലാവരും ഒരിക്കൽ ആഗ്രഹിച്ചിരുന്നതാണ്. അന്നത്തെ അതേ നിറഞ്ഞ മനസ്സോടെ തന്നെയാണ് ഞങ്ങൾ ഇന്നും നിന്നെ സ്വീകരിച്ചത് . അല്ലാതെ ഒരു അധികപ്പറ്റായിട്ടല്ല …മോളുടെ അച്ഛൻ ആയിട്ട് പറഞ്ഞിട്ടില്ലെങ്കിലും കല്യാണ പന്തലിൽ വെച്ച് ഞാനിത് തന്നെ ചെയ്തേനെ.

ഈ വീടും എൻറെ മകനും കൂടെ ഉണ്ടാകും എന്നും നിനക്കായി .. നിൻറെ എല്ലാ സന്തോഷത്തിലും സങ്കടങ്ങളിലും..നടന്നതൊക്കെ വിധി ആണെന്ന് കരുതാം നമുക്ക്… എല്ലാം മറക്കാനും പൊറുക്കാനും മോൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് അമ്മ പ്രാർത്ഥിക്കാം…”

വാതിൽക്കൽ എല്ലാം കേട്ടുകൊണ്ട് മീനു നിൽക്കുന്നുണ്ടായിരുന്നു. അവൾക്കും സന്തോഷം തോന്നി. അവൾ അവരുടെ അടുത്തേക്ക് നടന്നു വന്നു.

“മോളെ മീനു.. മാളുവിനെ കിട്ടിയപ്പോൾ നിന്നെ അമ്മ മറന്നു പോയത് അല്ല കേട്ടോ..അപ്പുറത്തെ മുറിയാണ് നിങ്ങളുടേത്..

പിന്നെ മോളുടെ ഡ്രസ്സിൻറെ കൂട്ടത്തിൽ നിന്നും ഒരെണ്ണം എടുത്തിട്ടു മാളുവിന് കൊടുക്കണ്ടേ റിസപ്ഷന് ഇടാൻ.. അവൾക്ക് വേണ്ടുന്ന സാധനങ്ങൾ ബാക്കിയൊക്കെ സിദ്ധുവിനെ കൂട്ടി നാളെ പോയി വാങ്ങാം…”

“ശരി അമ്മേ ” അവിടെയൊക്കെ ഒരുപാട് പരിചയമായ തുപോലെ മീനു തിടുക്കത്തിൽ അപ്പുറത്തേക്ക് പോയി.

തിരിച്ചുവന്ന മീനുവിൻറെ കയ്യിൽ അവൾക്കായി വാങ്ങിച്ചിരുന്ന റിസപ്ഷൻറെ ലഹങ്ക ആയിരുന്നു.

“ഇതെന്താ മോളെ ഇത് കൊണ്ടുവന്നത്?”

“ഇത് മാളുവിടട്ടെ അമ്മേ… എൻറെ അളവിൽ വേറെ ബ്ലൗസ് ഒക്കെ ഉള്ളതല്ലേ? ഞാൻ ഏതെങ്കിലും പട്ടുസാരി ഉടുത്തോളാം.. അല്ലെങ്കിലും എനിക്ക് സാരിയാണ് ഇതിനേക്കാൾ ഇഷ്ടം…”

“നന്നായി… മാളുക്കുട്ടി കണ്ടില്ലേ ചേച്ചിക്ക് മോളോടുള്ള ഇഷ്ടം…ചേച്ചിയുമൊത്ത് ഈ അമ്മയുടെ മോളായി ഇവിടെ താമസിക്കുമ്പോൾ എൻറെ കുഞ്ഞിൻറെ സങ്കടങ്ങൾ ഒക്കെ മാറും..ഈ വേഷമൊക്കെ മാറി കുളിച്ച് ഇത് ഉടുത്തിട്ട് വാ.. അപ്പോഴേക്കും ബ്യൂട്ടീഷൻ എത്തും.

മോളെ മീനു.. നീയും പോയി കുളിച്ചിട്ടു വാ.. ഞാനിവിടെ മാളുവിൻറെ കൂടെ തന്നെ നിൽക്കാം”

താൻ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് ഭയന്നിട്ടാണ് അവർ തനിച്ചാക്കി പോകാത്തത് എന്ന് തോന്നി മാളുവിന്.

ബാത്റൂമിൽ കയറി ഷവറിൽനിന്നും ഒലിച്ചിറങ്ങിയ തണുത്ത വെള്ളം ശരീരത്തെ തണുപ്പിച്ചു എങ്കിലും മനസ്സ് കൊല്ലകുടിയിലെ ഉല പോലെ വെന്ത് നീറുന്നുണ്ടായിരുന്നു. ചത്ത് കളഞ്ഞാലോ എന്ന് തന്നെയായി ഉള്ളിൽ വന്ന ചിന്ത..പക്ഷേ കണ്ണേട്ടനേ കണ്ടുപിടിക്കാതെ.. എന്ത് തെറ്റിൻറെ പേരിലാണ് തന്നെ ഉപേക്ഷിച്ചത് എന്ന് ആ മുഖത്ത് നിന്നും അറിയുന്നത് വരെ ശരീരത്തിൽ ജീവൻ ബാക്കി വേണമെന്ന് തോന്നി.

ഇത്തിരി കഴിഞ്ഞതും ബാത്റൂമിൻറെ വാതിലിൽ മുട്ട് കേട്ടു.. ഷവർ ഓഫ് ചെയ്തു..

“അമ്മയാണ് മോളെ.. കുളി കഴിഞ്ഞില്ലേ എന്നറിയാൻ മുട്ടി നോക്കിയതാ..”

പാവം.. പേടിച്ചിട്ടാണ്.. പെട്ടെന്ന് തന്നെ വാതിൽ തുറന്നു.

“മോൾ എന്താ തല തോർത്താഞ്ഞത് ? ഈ കരച്ചിലും.. വെള്ളം മാറി കുളിച്ചതും.. ഏനക്കേട് വരാൻ വേറൊന്നും വേണ്ട..” അവർ കയ്യിൽ നിന്നും ടവ്വൽ വാങ്ങി വാൽസല്യത്തോടെ തലയിൽ തോർത്തി തുടങ്ങി. മനസ്സിൽ ഒരു നിമിഷം അമ്മയെന്ന വികാരം പൂർണ്ണതയിൽ എത്തിയത് പോലെ തോന്നി മാളുവിന് …

“ഞാനെൻറെ ഡ്രസ്സ് എടുത്തോട്ടെ.. അമ്മേ…” വാതിൽക്കൽ സിദ്ധുവിൻറെ പതിഞ്ഞ ശബ്ദം. അവനെ കണ്ടതും മാളുവിൻറെ ശാന്തമായിരുന്ന മനസ്സ് വീണ്ടും അലമുറ കൂട്ടി തുടങ്ങി.

“പിന്നെന്താ.. നീയും പെട്ടെന്ന് കുളിച്ച് മാറ്റാൻ നോക്ക്..”

“ഞാൻ താഴെ നിന്ന് കുളിച്ചോളാം..” ധൃതിപ്പെട്ട് എന്തൊക്കെയോ തപ്പിയെടുത്തു മാളുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ താഴേക്ക് പോയി. അവൻ മുറിവിട്ട് പോയതും മാളുവിന് ആശ്വാസം തോന്നി. മറ്റാരെക്കാളും അത് സാവിത്രിക്ക് മനസ്സിലായി.

“എൻറെ മോൻ പാവമാണ്. നിന്നെ മറ്റാരെക്കാളും നന്നായി മനസ്സിലാക്കാനും സംരക്ഷിക്കാനും സ്നേഹിക്കാനും അവനാകും. മോള് അധികം സങ്കടപ്പെട്ട് അവനെ ധർമ്മസങ്കടത്തിൽ ആക്കരുത്…”സാവിത്രിയുടെ അപേക്ഷക്ക് അലസമായി തലയാട്ടിയതേയുള്ളൂ മാളു.

റിസപ്ഷന് വന്നവരിൽ പലരും കഥയറിയാതെ മാളുവിനെ അത്ഭുതത്തോടെ നോക്കി. “വെഡ്ഡിംഗ് കാർഡിൽ ഒരു വിവാഹം അല്ലേ ഉള്ളൂ?” “സിദ്ധാർത്ഥ്ൻറെ കൂടെയുള്ള ആ പെൺകുട്ടി ഏതാ?” “ആ കുട്ടിയെ എന്തിനാ അതിൻറെ ചെറുക്കൻ ഉപേക്ഷിച്ചത് ?” അങ്ങനെ പോയി ആളുകളുടെ ചോദ്യം. റിസപ്ഷൻ എത്രയും പെട്ടെന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാവർക്കും തോന്നി..

ആരൊക്കെ വന്നിട്ടും മാളു തലകുമ്പിട്ട് ഇരുന്നതേ ഉള്ളൂ. സിദ്ധാർത്ഥ് ആണെങ്കിൽ അവളെ ആർക്കും പരിചയപ്പെടുത്താനോ അവളോട് മിണ്ടാനോ ചെന്നില്ല.

രാത്രിയായതും അച്ഛനും മുത്തശ്ശിയും ചന്ദ്രൻ മാമനും വേറെ ചില ബന്ധുക്കളും വന്നു. അപ്പച്ചി വന്നിട്ടില്ല എന്ന് മനസ്സിലായി. മുത്തശ്ശിയുടെ അടുത്തേക്ക് ഓടിച്ചെന്നു. “കണ്ണേട്ടൻന്നെ പറ്റി വല്ലതും അറിഞ്ഞൊ മുത്തശ്ശി?”

“നിൻറെ ഭർത്താവ് സിദ്ധാർത്ഥ് ഇവിടെ ഉള്ളപ്പോൾ നീയെന്തിനാ വല്ലവനെയും കുറിച്ച് അന്വേഷിക്കുന്നത് ? പരപുരുഷനെ തേടിപ്പോകുന്ന പതിവ് ചന്ത്രോത്തെ പെണ്ണുങ്ങൾക്ക് ഇല്ല.. നീയായിട്ട് അതിനിട വരുത്തരുത്..”

മുത്തശ്ശിയുടെ അപ്പോഴത്തെ ഭാവം വിചിത്രമായി തോന്നി.. എത്ര പെട്ടെന്നാണ് ആളുകൾ പരസ്പരം അന്യരാകുന്നത്. മുത്തശ്ശി തന്നെയാണോ ഇത് പറയുന്നത് എന്ന് അവിശ്വസനീയതയോടെ നോക്കി..

“നീ നേരത്തെ ചോദിച്ച എൻറെ കൊച്ചുമോൻ.. കണ്ണൻ… അവൻ എൻറെ മനസ്സിൽ മരിച്ചുപോയി കുട്ടി..നിൻറെ മനസ്സിലും അങ്ങനെ തന്നെ വേണം.. അപേക്ഷയാണ്” മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. മുത്തശ്ശിയുടെ തോളിൽ ചാരി ഇരുന്നു കരഞ്ഞു.

പോകാൻ നേരം അച്ഛൻ അടുത്ത് വന്നു കെട്ടിപ്പിടിച്ചു.

“നമ്മുടെ സങ്കടം കണ്ട് നിനക്കൊരു ജീവിതം തന്നവരാണ് സിദ്ധുവും ഈ വീട്ടുകാരും.. അവരോട് എൻറെ മോള് നന്ദികേട് കാണിക്കരുത്..

നിൻറെ ചേച്ചിയുടെ സന്തോഷവും.. രണ്ട് കുടുംബങ്ങളുടെ ഭാവിയും നിൻറെ കൈകളിലാണ്… സംഭവിച്ചതെല്ലാം നിൻറെ ഭാഗ്യമായി കരുതണം..സങ്കട പെട്ടിരുന്നു ഞങ്ങളെ തോൽപ്പിക്കരുത്..”

കേട്ട് കഴിഞ്ഞതും ആദ്യമായി വെറുപ്പ് തോന്നി അച്ഛനോട്…എല്ലാവരെയും ജയിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട എനിക്ക് മനസ്സ് എന്നൊന്നുണ്ട് എന്ന് അച്ഛൻ മറന്നു പോയതായി തോന്നി. അച്ഛൻറെ കണ്ണിലെ എൻറെ മഹാഭാഗ്യം ഓർത്ത് ചിരി വന്നു.

റിസപ്ഷൻ കഴിഞ്ഞതും എൻറെയും ചേച്ചിയുടെയും കൈകളിലേക്ക് പാൽ ഗ്ലാസുകൾ വെച്ചുതന്നു അമ്മ. ചേച്ചിയേ നോക്കിയതും ഡ്രസ്സ് ഒക്കെ മാറി സെറ്റ് സാരി ഉടുത്തിട്ട്ണ്ട്. എന്നോട് അതൊന്നും പറയാഞ്ഞതിൽ അമ്മയോട് നന്ദി തോന്നി. ആ അമ്മയ്ക്ക് മാത്രമേ എൻറെ വേദനകൾ മനസ്സിലാവുന്നുള്ളൂ എന്ന് തോന്നി.

അമ്മയുടെ കൂടെയായി മുറിയിലേക്ക് ചെന്നതും അവിടെ കിച്ചു ഏട്ടനും നിൽക്കുന്നത് കണ്ടു. ചേച്ചിയെ കണ്ടതും മുഖത്ത് പുഞ്ചിരി വിടരുന്നത് കണ്ടു. അതേസമയം എന്നെ കണ്ടതും സിദ്ധാർത്ഥ് ഞെട്ടുന്നത് കണ്ടു.

“ഇവിടെ എല്ലാവരും ആഗ്രഹിച്ചത് തന്നെയാണ് നടന്നത്..മാളു വിഷമിക്കേണ്ട കേട്ടോ..” കിച്ചു ഏട്ടൻ എൻറെ മുഖത്ത് തട്ടിക്കൊണ്ട് പറഞ്ഞു.

“അവളോട് കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. നീ മീനുവിനെ വിളിച്ച് മുറിയിലേക്ക് പോകാൻ നോക്ക്. ഞാനും പോട്ടെ..രണ്ടുദിവസമായി ശരിക്കും ഉറങ്ങിയിട്ട്..” അമ്മ അടക്കം എല്ലാവരും മുറി വിട്ടു പോയി.

സിദ്ധു പോയി വാതിൽ അടയ്ക്കുന്നത് കണ്ടു.കിച്ചു ഏട്ടൻറെ വാക്കുകൾ വീണ്ടും ചെവിയിൽ എത്തി. ഞാൻ ഇവിടെ സിദ്ധുവിൻറെ ഭാര്യയായി എത്തണം എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു.. ആ കൂട്ടത്തിൽ സിദ്ധുവും ഉണ്ടോ എന്ന് അറിയണം…

“ഏട്ടൻ എന്താണ് പറഞ്ഞത് ? ഞാൻ ഇവിടെ ഭാര്യ ആയിട്ട് എത്താൻ സിദ്ധുവും ആഗ്രഹിച്ചിരുന്നോ? എന്തിനാണ് എൻറെ ജീവിതം തുലച്ചത് ?നിങ്ങൾക്ക് ഈ വിവാഹത്തിൽ നിന്നും പിന്മാറാമായിരുന്നില്ലേ? ” അടക്കി പിടിച്ചതെല്ലാം മറയില്ലാതെ പുറത്തുവന്നതും അറിയാതെ സംസാരം ഉച്ചത്തിലായി.

“താൻ കണ്ടില്ലായിരുന്നോ തൻറെ അച്ഛൻ എൻറെ അച്ഛൻറെ കാല് പിടിച്ച് കരഞ്ഞത്? താനിവിടെഎൻറെ ഭാര്യ ആയിട്ട് വരണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മറിച്ച് എൻറെ ജീവിതത്തിൻറെ പല കണക്കുകൂട്ടലുകളും തെറ്റിയ ദിവസമാണ് ഇന്ന്. ഈവിവാഹത്തിൽ തന്നെക്കാളേറെ ഞാൻ ദുഃഖിക്കുന്നുണ്ട്. എൻറെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ തന്നെ വിവാഹം കഴിച്ചത്. എങ്കിലും ഞാനായിട്ട് ഒരിക്കലും ഇതിൽ നിന്നും ഒഴിഞ്ഞു പോവില്ല. എൻറെ ഏട്ടൻ ഏടത്തിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സ്നേഹബന്ധം ഉണ്ട്..അതുകൊണ്ട് ഒരു ഭർത്താവ് എന്ന നിലയിൽ കുടുംബം നിലനിർത്താൻ ഞാൻ എന്നാലാവുന്ന വിധം ശ്രമിക്കും..ഇതൊക്കെ അറിഞ്ഞിട്ടും ഷോ കാണിക്കാൻ ആണെങ്കിൽ തനിക്ക് വേണമെങ്കിൽഈ നിമിഷം ഒഴിഞ്ഞു പോകാം..നിൻറെ ഭാഗത്തു നിന്നുമുള്ള കൊഴിഞ്ഞുപോക്ക് അല്ലാതെ.. എന്ത് തന്നെ വന്നാലും… നിൻറെ കാമുകൻ വേണ്ടെന്നു വച്ചിട്ട് പോയത് പോലെ ഞാൻ ഒരിക്കലും കളയില്ല എൻറെ ഭാര്യയെ .. എന്നെ വിശ്വസിക്കാം”

കേട്ട് കഴിഞ്ഞതും വായടഞ്ഞു പോയിരുന്നു.കാമുകനാൽ വേണ്ടെന്ന് വെക്കപ്പെട്ടവളാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു തന്നിരിക്കുന്നു. ചോദ്യംചെയ്യാൻ അവകാശമില്ലെന്നത് മറന്നുപോയി ഇത്തിരി നേരത്തേക്ക്…സങ്കടം കൊണ്ട് വേച്ച് കട്ടിലിലേക്ക് വീണുപോയി..കണ്ണുകൾ വീണ്ടും പുഴ പോലെ ഒഴുകി തുടങ്ങി.

അൽപനേരം കഴിഞ്ഞതും മുറിയിലെ ലൈറ്റ് അണയുന്നത് കണ്ടു. കട്ടിലിൻറെ മറ്റേ അറ്റത്ത് ആളനക്കം അറിഞ്ഞു. ഉള്ളിൽ എന്തോ ഒരു ഭയം നിറഞ്ഞു വന്നു.തേങ്ങലുകൾ കടിച്ചമർത്തി.

മണിക്കൂറുകൾ കഴിഞ്ഞു പോയിട്ടും ഉറക്കം വന്നില്ല.തലയുയർത്തി കട്ടിലിൻറെ അങ്ങേത്തലക്ക ലേക്ക് നോക്കി. സിദ്ധാർത്ഥ് മലർന്നു കിടക്കുന്നു..ഒരു കൈ നെഞ്ചത്തും മറു കൈ ഉയർത്തി കണ്ണുകൾ രണ്ടും മൂടി വച്ചിരിക്കുന്നു.സൂക്ഷിച്ച് നോക്കിയതും അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലുകീറി ഒഴുകി തലയിണയിൽ പതിക്കുന്നത് ഇരുട്ടിലും വ്യക്തമായി കണ്ടു. അയാൾ അല്പം മുന്നേ പറഞ്ഞതെല്ലാം സത്യമായിരുന്നു.. ഈ വിവാഹം തന്നെക്കാളും അയാളെ വിഷമിപ്പിക്കുന്നുണ്ട്…താൻ കാരണം അയാളുടെ ജീവിതം കൂടി നശിച്ചു…

*************

ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ തൊട്ടടുത്തായി സഡൻ ബ്രേക്കിട്ട് വന്നു നിന്ന ടാക്സിയിൽ നിന്നും ഡ്രൈവർ ചാടി ഇറങ്ങി.ഒരു നിമിഷം തറഞ്ഞു നിന്നു പോയി.. റോഡിൻറെ ഏതാണ്ട് നടുഭാഗത്ത് കൂടിയാണ് നടക്കുന്നത്..

“അട വയ്ക്കാൻ എൻറെ വണ്ടി മാത്രമേ കിട്ടിയുള്ളൂ? നടുറോട്ടിൽ നിന്നാണോ സ്വപ്നം കാണുന്നത്?” അയാൾ അലറുകയായിരുന്നു.

“സോറി..ഞാൻ എന്തൊക്കെയോ ഓർത്തുനടന്നതും…ശ്രദ്ധിച്ചില്ല..മാപ്പാക്കണം” അത് പറഞ്ഞതും അറിയാതെ അയാളുടെ നേർക്ക് കൈകൂപ്പി പോയി.

ദേഷ്യം അടങ്ങാതെ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട്വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി..

സ്ഥലകാലബോധം വന്നതും മനസ്സിലായി രഞ്ജിത്ത് സാറിൻറെ ബംഗ്ലാവും കടന്നു മുന്നോട്ട് നടന്നു പോയിരിക്കുന്നു. ഒരിക്കലും ചിന്തിക്കില്ല എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച തൊക്കെ പൊടിതട്ടി ഓർത്തിരിക്കുന്നു..അനാവശ്യ ചിന്തകൾ ഒന്നും വേണ്ടെന്ന് മനസ്സിനെ ശാസിച്ച് പെട്ടെന്ന് ബംഗ്ലാവിന് നേരെ തിരിഞ്ഞു നടന്നു തുടങ്ങി.

അവളറിയാതെ അവളെ കടന്നു പോകുന്ന ടാക്സിയിൽ നിന്നും രണ്ട് കണ്ണുകൾ അവിശ്വസനീയതയോടെ ദൂരേക്ക് നടന്നു മറയുന്ന മാളുവിനെയും അവളിലെ മാറ്റങ്ങളെയും വർദ്ധിച്ച് വരുന്ന നെഞ്ചിടിപ്പോടെ നോക്കി കാണുന്നുണ്ടായിരുന്നു.

തുടരും…

വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. നിങ്ങളുടെ സപ്പോർട്ട് ആണ് തുടർന്ന് എഴുതാനുള്ള പ്രചോദനം..