ഭാര്യയുടെ ചുരിദാറും അടിവസ്ത്രങ്ങളും അലക്കി വിരിക്കുന്നതിനിടയിൽ ആണ് അമ്മ ഗേറ്റും തുറന്ന് വീട്ടിലേക്ക് കയറി വന്നത്…

രചന: സനൽ SBT

ഭാര്യയുടെ ചുരിദാറും അടിവസ്ത്രങ്ങളും അലക്കി വിരിക്കുന്നതിനിടയിൽ ആണ് അമ്മ ഗേറ്റും തുറന്ന് വീട്ടിലേക്ക് കയറി വന്നത്. എൻ്റെ കൈയിൽ ഉണ്ടായിരുന്ന ബക്കറ്റ് ഞാൻ അമ്മ കാണാതെ അലക്കുകല്ലിന് പുറകിൽ ഒളിപ്പിക്കാൻ ശ്രമിച്ചു. എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി പിറുപിറുത്തു കൊണ്ട് അമ്മ വീടിൻ്റെ ഫ്രൻ്റ് ഡോറ് വലിച്ചടച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി. വീടിൻ്റെ പുറക് വശത്തുകൂടി ഞാനും അകത്തേക്ക് കയറി. കയ്യിൽ ഉണ്ടായിരുന്ന ബാഗ് അതിശക്തിയായി സോഫയിലേക്ക് അമ്മ വലിച്ചെറിഞ്ഞു.

“അല്ല എന്താ നിൻ്റെ പ്ലാൻ. ” “അമ്മേ അത് പിന്നെ ഞാൻ . “

“നീ ഇനി തിരിച്ച് പോകുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ? ” “അമ്മേ ഞാൻ ഈ അവസ്ഥയിൽ. “

“വേണ്ട നീ നിൻ്റെ തീരുമാനം മാറ്റണ്ട. നീ ഭാര്യയുടെ അടിപ്പാവാടയും അലക്കി തേച്ച് ഇവിടെ ഇരുന്നോ ഞാനോരു കാര്യം പറയാം അവൾക്ക് വേണ്ടി വെച്ച് ഉണ്ടാക്കി കൊടുക്കാനും വീട്ടുജോലി എടുക്കാനും മോൻ വെറെ ആളെ നോക്കിക്കോ. “

” അമ്മേ …” ” അതെടാ മടുത്തു ഈ ജീവിതം കഴിഞ്ഞ ആറ് മാസക്കാലം ഈ കുടുംബം എങ്ങനാ മുന്നോട്ട് പോയത് എന്ന് നിനക്ക് അറിയാവോ…ഈയുള്ളോൾക്ക് ഒരു ജോലി ഉള്ളതുകൊണ്ട് മാത്രം നീയൊന്നും പട്ടിണി കിടന്നില്ല എന്നെയൊള്ളൂ. ഇനി ഒരു ആറ് മാസം കൂടി, അത് കഴിഞ്ഞാൽ പിന്നെ പെൻഷൻ ആയി ഇനി ആ കാശ് കൊണ്ട് നീയും നിൻ്റെ ഭാര്യയും ഉരുട്ടി തിന്നാം എന്ന വ്യാമോഹം വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് മുളയിലെ നുള്ളിയേക്ക് ഞാൻ പറഞ്ഞില്ല എന്ന് വേണ്ട. “

” അമ്മേ അവൾ അപ്പുറത്ത് ഉണ്ട് കേൾക്കും.”

” അതെടാ അവളും കൂടി കേൾക്കാൻ വേണ്ടിയാണ് ഞാനീ പറയണേ. അവളുടെ പേരും പറഞ്ഞ് ഉള്ള ജോലി രാജി വെച്ച് പോന്നിട്ട് ഇപ്പോ മാസം ആറ് കഴിഞ്ഞില്ലേ .കയ്യിൽ ഉണ്ടായിരുന്ന കാശ് മുഴുവൻ രണ്ടും കൂടി ധൂർത്തടിച്ച് കളഞ്ഞു പോരാത്തിന് വയറ്റിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞിനെ ഞാൻ പോലും അറിയാതെ കൊണ്ടുപോയി കളഞ്ഞു. ഇതിൻ്റെയൊക്കെ പാപം അനുഭവിച്ച് തീർക്കാതെ ഈ ഭൂമി വിട്ട് പോകാൻ പറ്റുവോടാ . “

” അമ്മ എന്ത് പറഞ്ഞാലും ഞാനും അവളും കേൾക്കാൻ ബാധ്യസ്ഥരാണ്. കാരണം തെറ്റുകാർ ഞങ്ങൾ രണ്ടു പേരും മാത്രമാണല്ലോ.”

” അധിക കാലം ഇനി ഇത് മുന്നോട്ട് പോകും എന്ന് എൻ്റെ പൊന്നുമോൻ വിചാരിക്കേണ്ട രണ്ടിലൊന്ന് എനിക്ക് ഇപ്പോൾ അറിയണം.”

” ഹും. അമ്മ ഇനി ഞങ്ങൾക്ക് വേണ്ടി അധികം ബുദ്ധിമുട്ടണം എന്നില്ല ഞാനും അവളും ഇവിടെ നിന്ന് ഇറങ്ങിക്കോളാം.”

” കൈയിൽ കാൽ കാശില്ലാതെ ഇനി അവളെയും കൊണ്ട് തെരുവിലോട്ട് ഇറങ്ങാനാണോ നിൻ്റെ പ്ലാൻ.”

” കുറച്ച് നാൾ അവളുടെ വീട്ടിൽ പോയി നിൽക്കാം അതിനിടയിൽ ഒരു വഴി തെളിഞ്ഞ് വരാതിരിക്കില്ല.”

” ഉം. നിനക്കൊക്കെ അത് തന്നെയാണ് നല്ലത് എല്ലാം കഴിഞ്ഞു ഇനി അച്ചി വീട്ടിൽ പൊറുതി.”

“സ്വന്തം അമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടാൽ പിന്നെ എനിക്ക് ഈ അവസ്ഥയിൽ അവളേയും കൊണ്ട് തെരുവിൽ പോയി കിടക്കാൻ പറ്റിലല്ലോ.”

” അതെടെ നിൻ്റെ വായിൽ നിന്ന് ഇനിയും ഞാൻ ഇത് തന്നെ കേൾക്കണം .ഇനി ഞാനായിട്ട് നിങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്ന് വേണ്ട എല്ലാം നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ എല്ലാം” അനുഭവിക്കാൻ ഞാനൊരുത്തി ഉണ്ടല്ലോ ഇവിടെ.

സാരിത്തുമ്പുകൊണ്ട് കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അമ്മ കിച്ചണിലേക്ക് കയറിപ്പോയി. സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ ഓരോന്നായി കഴുകി എടുക്കുമ്പോഴും ഒരു ഭ്രാന്തിയെ പൊലെ അമ്മ എന്തോക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഞാൻ നേരെ വാതിൽ തുറന്ന് എൻ്റെ ബെഡ് റൂമിനകത്തേക്ക് കയറി. ജനലഴികളിലൂടെ വിജനതയിലേക്ക് നോക്കിയിരിക്കുന്ന അവളെ ഞാൻ വിളിച്ചു.

“പാറൂ …” പെട്ടെന്നവൾ ഇടം കൈ കൊണ്ട് മിഴിനീർതുള്ളികൾ തുടച്ച് കൊണ്ട് എൻ്റെ മുഖത്തേക്ക് നോക്കി ഒരു ചിരി വരുത്തി.

“മനുവേട്ടാ. ” “ഹും . അമ്മ പറയുന്നതൊന്നും നീ കാര്യം ആക്കണ്ട ഇത് ഇടയ്ക്ക് ഉണ്ടാകുന്നതല്ലേ. കുറച്ച് കഴിയുമ്പോൾ അമ്മ ഒന്ന് തണുത്തോളും.”

“ഹേയ് എനിക്ക് കുഴപ്പം ഒന്നും ഇല്ല ഏട്ടാ ഇതിപ്പോ കേട്ട് കേട്ട് എന്നും ശീലായി. ” വീൽ ചെയർ ഇരുകൈകൾ കൊണ്ട് മുന്നോട്ട് ഉന്തിക്കൊണ്ട് അവളെൻ്റെ അടുത്തേക്ക് വന്നു.

” ഞാനൊരു കാര്യം പറഞ്ഞാൽ മനുവേട്ടൻ കേൾക്കുമോ?” ” എന്താ പറ”

” മനുവേട്ടൻ തിരിച്ച് പോണം ഇനിയും എനിക്ക് വേണ്ടി സമയം പാഴാക്കരുത്.” ” എടോ ഈ അവസ്ഥയിൽ തന്നെ വിട്ട് ഞാൻ എങ്ങനെ .”

“ഇതിപ്പോ ശീലമായില്ലേ എനിക്ക് മനുവേട്ടാ. ഇനി ഈ വീൽ ചെയറിൽ നിന്ന് എണീറ്റ് നടക്കും എന്നൊരു പ്രതീക്ഷ എനിക്കില്ല ഇനി ആകെയുള്ള പ്രതീക്ഷ ഒരു ജോലി മാത്രമാണ് അത് ഞാൻ എത്ര കഷ്ട്ടപ്പെട്ടാലും എഴുതി എടുക്കും. അമ്മ പറഞ്ഞ പൊലെ ജീവിതത്തിൽ ഞാൻ ഒരേ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടൊള്ളൂ പഠിക്കാൻ എന്ന കാരണം പറഞ്ഞ് നന്മുടെ കുഞ്ഞിനെ ഞാൻ ഇല്ലാതാക്കി അതിൻ്റെയൊക്കെ ശാപം ആയിരിക്കും ഇപ്പോൾ ഈ കിടന്ന് അനുഭവിക്കുന്നത്. “

” ഹേയ് പാറൂ അങ്ങിനെ ഒന്നും പറയല്ലേ. അതിന് പാതി ഉത്തരവാദിത്വം എനിക്കും കൂടിയില്ലേ.”

” ഉം. അതും എൻ്റെ നിർബന്ധത്തിന് വേണ്ടിയായിരുന്നല്ലോ ‘”

” എന്നാലും അമ്മ ഇത്ര പെട്ടെന്ന് ഇങ്ങനെ മാറിയെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടി കിട്ടുന്നില്ല. ഗൾഫിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന ഒരേ ഒരു മകൻ . മകന് കൊടുക്കുന്നതെല്ലാം ബെസ്റ്റ് ആയിരിക്കണം എന്ന് പിടിവാശിക്കാരിയായ ഒരു അമ്മ ഒടുവിൽ 46 ാം മത്തെ പെണ്ണുകാണലിന് ഒടുവിൽ മകന് വേണ്ടി ആ അമ്മ തന്നെ കണ്ടെത്തിയ ഒരു പെൺകുട്ടി പാർവ്വതി ഈ ഞാൻ പോലും നിന്നെ കാണുന്നത് നന്മുടെ വിവാഹ നിശ്ചയത്തിൻ്റെ അന്ന്. പിന്നീട് അങ്ങോട്ട് ഞാൻ നിന്നെ വിളിക്കുന്നതിൽ കൂടെ അമ്മയായിരിക്കും നിന്നെ ഫോൺ ചെയ്തിട്ടുണ്ടാവുക. എല്ലാം അമ്മയുടെ സെലക്ഷൻ വിവാഹം വരെ അമ്മ തീരുമാനിച്ച് ഉറപ്പിച്ച പൊലെ അതി ഗംഭീരമായി തന്നെ നടത്തി. പിന്നീട് അങ്ങോട്ട് അയൽക്കാർക്ക് പോലും അസൂയ ഉളവാക്കുന്ന അമ്മായി അമ്മ മരുമകൾ ജീവിതം അത് ഞാനും ഒത്തിരി സന്തോഷത്തോടു കൂടി നോക്കി നിന്നിട്ടുണ്ട് പലപ്പോഴും ദൈവത്തിന് പോലും അസൂയ തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടൊക്കെയായിരിക്കാം ഒരു ആക്സിഡൻ്റ് എന്ന പേരിൽ ദൈവം നിന്നെ പാതി തളർത്തി ഈ വീൽ ചെയറിൽ ഇരുത്തിയതും അമ്മയുടെ സ്നേഹം തട്ടിപ്പറിച്ച് എടുത്തതും .”

” മനുവേട്ടൻ ഇനി ഓരോന്ന് ആലോചിച്ച് ചുമ്മാ ടെൻഷൻ അടിക്കണ്ട എനിക്കൊരു ജോലിയൊക്കെ കിട്ടി കഴിഞ്ഞാൽ അമ്മ വീണ്ടും പഴയ പൊലെ ആയിക്കോളും ഇപ്പോ എനിക്ക് ഇവിടെ ഒരു വിഷമവും ഇല്ല. പിന്നെ ദാ ഈ കാണുന്ന പുസ്തകങ്ങളാണ് ഇപ്പോ എൻ്റെ ലോകം പിന്നെ ഒരു ഗവൺമെൻ്റ് ജോലി അതെൻ്റെ സ്വപ്നവും. “

” എല്ലാം ശരിയാവുമെടോ അത്രയല്ലേ ഇപ്പോൾ നമുക്ക് പറയാൻ പറ്റൂ. ഹാ ഞാൻ നിനക്ക് ചായ എടുക്കാം നീ ഇരുന്ന് പഠിച്ചോ അടുത്തയാഴ്ചയല്ലേ എക്സാം”

” വേണ്ട മനുവേട്ടാ ചായയൊക്കെ ഞാൻ തന്നെ ഉണ്ടാക്കി കുടിച്ചോളാം ഇനി അതിനു കൂടി അടുക്കളയിൽ കയറിയിട്ട് അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് കേൾക്കണ്ട.”

” എടോ താൻ എങ്ങനെ ?” ” കിച്ചണിൽ കെറ്റിൽ ഇരിപ്പില്ലേ പിന്നെന്താ ഞാൻ അതിൽ ചായ ഇട്ടോളാം അലമാരയിൽ നിന്നും തേയിലയും പഞ്ചസാരയും മാത്രം ഒന്ന് എടുത്ത് തന്നാൽ മതി. “

” ഉം.” ” എന്നാൽ മുന്നിൽ നിന്ന് മാറി നിൽക്ക് ഞാൻ കിച്ചണിലേക്ക് ചെല്ലട്ടെ.”

അവൾ ഷോളിൻ്റെ രണ്ടു തുമ്പും ഒന്നു കൂടി മുറുക്കിക്കെട്ടി അടുക്കള ലക്ഷ്യമാക്കി വീൽ ചെയറിൻ്റെ ചക്രം തിരിച്ചു. ” അമ്മേ അമ്മയ്ക്ക് ഞാൻ ചായ ഇടണോ?”

” എന്തിനാ മോളെ ഇപ്പോൾ നീ ഇങ്ങോട്ട് വന്നത്. ചായയൊക്കെ അമ്മ ഇട്ട് വെച്ചിട്ടുണ്ട് മോള് ദാ അത് എടുത്ത് കുടിച്ചോ ബാക്കി അവനും കൊടുക്ക്.” “ഉം. ശരിയമ്മേ. ” “മോൾക്ക് ഈ അമ്മയോട് ദേഷ്യം ഉണ്ടോ ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിൽ .”

“ഇല്ലമ്മേ എന്തിനാ എനിക്ക് അമ്മയോട് ദേഷ്യം.”

” ആറു മാസം കൂടി കഴിഞ്ഞാൽ ഞാൻ ഇനി വീട്ടിലിരിക്കേണ്ടി വരും. അത് കഴിഞ്ഞ് മുമ്പോട്ട് ആലോചിക്കുമ്പോഴെല്ലാം ഈ അമ്മയുടെ മനസ്സിൽ ഒരു ആധിയാണ്. ആ വിഷമം കൊണ്ട് പറഞ്ഞത് പോയതാ മോള് കാര്യം ആക്കണ്ട. “

അമ്മ പാറുവിൻ്റെ കവിളിൽ തലോടി. “ഇല്ലമ്മേ എനിക്ക് മനസ്സിലാവും ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റ് മാത്രമേ ചെയ്തിട്ടൊള്ളൂ. അമ്മയോട് പറയാതെ ആ കുഞ്ഞിനെ ഞങ്ങൾ ഇല്ലാതാക്കി.”

” ഹാ അതിനും നമ്മുക്ക് യോഗമില്ലായിരിക്കാം ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ എല്ലാം കഴിഞ്ഞു പോയ അദ്ധ്യായങ്ങൾ അല്ലേ. മോള് വിഷമിക്കണ്ട പോയി ഇരുന്ന് പഠിക്കാൻ നോക്ക് അമ്മയ്ക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട്. ” “ഞാൻ എന്തെങ്കിലും സഹായിക്കണോ അമ്മേ .”

” വേണ്ട മോളെ രാത്രി ചപ്പാത്തിയാണ് അത് മനു പരത്തി തന്നോളും മോള് പോയി ഇരുന്ന് പഠിച്ചോ.” ” ആ ശരിയമ്മേ. “

അവൾ കയ്യിലുള്ള ആ കപ്പ് ചായ ഊതിക്കുടിക്കുന്നത് ഞാൻ കൗതുകത്തോടു കൂടി നോക്കി നിന്നു. ഇവിടെ സ്നേഹത്തിന് ഒരൊറ്റ അർത്ഥം മാത്രമേയുള്ളൂ പക്ഷേ പല സന്ദർഭങ്ങളിലും പലരും അത് പ്രകടിപ്പിക്കുന്നത് പല രീതിയിൽ ആണെന്ന് മാത്രം. നമ്മൾ എത്രയൊക്കെ തെറ്റ് ചെയ്താലും സ്വന്തം അമ്മയ്ക്ക് മക്കളോട് അതൊക്കെ മറക്കാനും പൊറുക്കാനും കഴിയും അതാണ് അമ്മ എന്ന പുണ്യം. പലപ്പോഴും നമ്മളോട് ദേഷ്യപ്പെടുന്നതും നന്മെ ശകാരിക്കുന്നതും മക്കളോടുള്ള ആ അമിതമായ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ്.

ചെറിയ ഇണക്കങ്ങളും പിണങ്ങളുമായി മാസങ്ങൾ കടന്നു പോയി ഒടുവിൽ അമ്മയുടെ റിട്ടയർമെൻറിൻ്റെ അന്ന് തന്നെ പാറുവിന് സിവിൽ സപ്ലെയിൽ ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ ആ സന്തോഷത്തിന് അതിരില്ലായിരുന്നു. പാറുവിൻ്റെ നെറുകയിൽ അമ്മ അമർത്തി ചുംബിക്കുമ്പോഴും ആ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.