വൈകി വന്ന വസന്തം – ഭാഗം 4, എഴുത്ത്: രമ്യ സജീവ്

കഴിഞ്ഞ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നന്ദയുടെ സ്കൂളിൽ പോകും പഠിപ്പിക്കലും ആയി ദിനങ്ങൾ വേഗത്തിൽ പോയിക്കൊണ്ടിരുന്നു. പിന്നെ  ഒഴിവുദിവസങ്ങളിൽ psc കോച്ചിംഗ് ക്ലാസ്സിലും നന്ദ പോകാൻ തുടങ്ങി. ദേവൂന്റെ കാര്യവും അങ്ങനെ തന്നെ. എക്സാം ഒക്കെ ആയി അവളും നല്ല തിരക്കിലാണ്.

******************

ഈ സമയത്താണ് ദേവകി ടീച്ചറും മകനും നീണ്ട വർഷങ്ങൾക്കു ശേഷം ശ്രീനിലയത്തിലേക് എത്തി. ശ്രീനിലയത്തിനു മുന്നിലെ മുറ്റത്തേക്കു ഒരു കാർ വന്നു നിന്നു. തൊട്ടുപുറകേ കുറേ സാധനങ്ങൾ നിറച്ച വേറൊരു വണ്ടിയും. കാറിലെ ഫ്രണ്ട് ഡോർ തുറന്ന് ദേവകി ടീച്ചർ പുറത്തിറങ്ങി, പിന്നാലെ ശ്രീനാഥും….

ദേവകി ടീച്ചർ, അവരുടെ വരവും  നോക്കിനിൽക്കുന്ന വാസുദേവന്റെ അടുത്തേക് ചെന്നു. വാസുഏട്ടാ സുഖമാണോ…? അവർ അയാളോട് ചോദിച്ചു. അതേ…അയാൾ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തെ വൈകിയത്…?കാണാതായപ്പോൾ ഞാൻ വിചാരിച്ചു ഇന്നേക് വരവുണ്ടാകില്ല എന്ന്. ദേവകി ടീച്ചർ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും വാസുമ്മാമ്മ…എന്നുവിളിച്ചുകൊണ്ട് ശ്രീനാഥ്‌ വാസുദേവന്റെ അടുത്തേക്ക് വന്നു. 

കുറച്ചുനേരം കഴിഞ്ഞപ്പോൾ, അകത്തേക്ക് കയറാം വന്നപാടെ ഇവിടെത്തന്നെ നിൽക്കണോ ടീച്ചറെ…വാസു അവരെ നോക്കി ചോദിച്ചു. ദേവകി പടികൾ കയറി ഉമ്മറത്തേക് ചെന്നു. “ശ്രീനിലയം” എന്നു   ചുമരിൽ ഒരുമരത്തിൽ പേരെഴുതി വച്ചിരിക്കുന്ന അതിലേക്ക്അവർ ഒന്നുനോക്കി കുറച്ചുനേരം നിന്നു. അവരുടെ കണ്ണുകളിൽ ഒരു നനവ് അനുഭവപ്പെട്ടു. പതിയെ അവർ കണ്ണുകൾ അടച്ചു.

വിശ്വേട്ടാ…ഞാനും, മോനും തിരിച്ചു വന്നു. വിശ്വേട്ടൻ ഇല്ലാത്ത ഈ നാട്ടിലേക്ക്, നമ്മുടെ തറവാട്ടിലേക്ക്…ഇനി…അങ്ങനെ മനസിൽ ഓരോന്നും ആലോചിച്ചു ദേവകി ടീച്ചർ കണ്ണുകൾ അടച്ച് അവിടെ നിന്നു. പെട്ടന്ന് അമ്മേ…പിന്നിൽ നിന്ന്  ഉറക്കെയുള്ള വിളിയാണ് അവരെ ചിന്തയിൽ നിന്നുണർത്തിയത്. വന്ന് കേറില്ല…അപ്പോഴേക്കും തുടങ്ങിയോ?  എന്നാൽ പിന്നെ ഇത്ര കഷ്ടപ്പെട്ട്  ഇങ്ങോട്ടു വരണ്ടായിരുന്നു. ചെറിയൊരു പിണക്കത്തോടെ ശ്രീനാഥ്‌ അമ്മയുടെ അടുത്തുവന്നു നിന്നു പറഞ്ഞു.

ഉണ്ണി…അമ്മ…പെട്ടന്ന്…പഴയതൊക്കെ ആലോചിച്ചു പോയതാ. അവർ അവനു നേരെ നിന്നുകൊണ്ട് പറഞ്ഞു. ടീച്ചറെ…അകത്തേക്ക് കയറാം. അതും പറഞ്ഞ് വാസു വാതിൽ തുറന്ന് അകത്തുകയറി. പിന്നാലെ  ശ്രീനാഥും, ദേവകി ടീച്ചറും…അവർ അകത്തുകയറി  ചുറ്റും കണ്ണോടിച്ചു,  താമസമില്ലാത്ത വീടാണെന്ന് കണ്ടാൽ പറയില്ല. എല്ലാം അടക്കിയൊതുക്കി, തൂത്തുവാരി വൃത്തിയാക്കിയിട്ടുണ്ട്. ദേവകി ടീച്ചർ കയ്യിൽ ഉണ്ടായിരുന്ന ബാഗ്‌ ടീപോയിലേക് വച്ച് വീടാകെ ഒന്നു നോക്കിക്കണ്ടു. വാസുഏട്ടാ  ഇവിടത്തെ താമസക്കാർ എന്നാ പോയത്?  ഒരുമാസം മുൻപ് പോയി.  പിന്നെ ഞാൻ ഇടക്കു വന്ന് തുറന്ന് വൃത്തിയാക്കും.

വാസുമ്മാമ്മ പുറത്തെ വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കണ്ടെ….? ശ്രീനാഥ്‌ ചോദിച്ചു. മ്മ്….ഞാൻ ആളെ ഏർപ്പാടാക്കിട്ടുണ്ട് ഇപ്പോ വരും. അതും പറഞ്ഞു വാസു പുറത്തേക് പോയി. കുറച്ചുകഴിഞ്ഞു, മൂന്ന്, നാല് ആളുകൾ എത്തി വണ്ടിയിൽ നിന്നുള്ള സാധനങ്ങൾ എല്ലാം അകത്തേക്ക് കൊണ്ടുവച്ചു. പോകാൻ നേരം ശ്രീനാഥ്‌ അവർക്ക് കുറച്ചു രൂപ കൊടുക്കാനും മറന്നില്ല. വാസു കുറച്ചു നേരം കൂടി അവിടെ നിന്നു.

ടീച്ചറെ…എന്നാൽ ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ…കുട്ടികൾ വന്നിട്ടുണ്ടാകും. വാസു ഏട്ടാ, നന്ദ മോൾ…അല്ല കുട്ടികൾ എന്തുപറയുന്നു. സുഖമാണോ…..ദേവകി ചോദിച്ചു. മ്മ്…സുഖായിരിക്കുന്നു. അറിഞ്ഞിട്ടില്ല. ഇന്നു വരുന്ന വിവരം. ഞാൻ ചെന്നിട്ടുവേണം  പറയാൻ. വാസു ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ ഇപ്പോ പറയണ്ടാട്ടോ…ഞാൻ നേരിട്ടു  കണ്ടോളാം എന്റെ കുട്ടികളെ…ദേവകി ടീച്ചർ  വാസുവിനെ  നോക്കി പറഞ്ഞു.

എന്നാൽ അതിന് പറ്റിയ സമയം ഇപ്പോഴാ ടീച്ചറെ….നാളെ കഴിഞ്ഞു പിറ്റേ ദിവസം നമ്മുടെ കൃഷ്ണനന്റെ അമ്പലത്തിൽ കൊടിയേറ്റം ആണ്. ടീച്ചറും ഉണ്ണിയും കൂടി അമ്പലത്തിലേക് വായോ രണ്ടാളെയും കാണാം, പിന്നെ വർഷങ്ങൾക്കു ശേഷം അമ്പലത്തിലെ കൊടിയേറ്റവും കാണാം എന്താ ?? വാസു പറഞ്ഞു.  ആ….നോകാം വാസുഏട്ടാ…അമ്മയുടെയും, വാസുമ്മാമ്മയുടെയും സംസാരം കേട്ടുകൊണ്ട് അവിടേക് വന്ന  ശ്രീനാഥിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. കൂടെ മനസിൽ നന്ദനയെ കാണാനുള്ള മോഹവും….

*******************

ദേവു…ദേവു…നീ വരുന്നോ അതോ ഞാൻ ഒറ്റക്ക് പോകണോ….? നന്ദ മുറ്റത്തിറങ്ങി അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു. ദാ വരുന്നു.. ഈ ചേച്ചിപ്പെണ് എന്നും പറഞ്ഞവൾ എന്തെക്കൊയോ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് വന്നു. സുന്ദരി ആയിട്ടുണ്ടലോ എന്റെ ചേച്ചികുട്ടി…ദേവു നന്ദയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

പീകോക്ക് കളറിൽ  ഗോൾഡൻ കരയുള്ള ധാവണിയായിരുന്നു നന്ദയുടെ വേഷം അതേ മാച്ചിംഗ് തന്നെയുള്ള പട്ടുപാവാടയും ബ്ലൗസും ആയിരുന്നു ദേവു ധരിച്ചിരുന്നത്. നീയും മോശമില്ല ഇതിനാണോ ഇത്രയും സമയം എടുത്തത്. അത് വെറുതെ…ഒന്ന് ഷൈൻ ചെയ്യാല്ലോ എങ്ങനെയുണ്ട് ദേവു  പുരികമുയർത്തി നന്ദയെ നോക്കികൊണ്ട് ചോദിച്ചു. മ്മ്.. നാനായിട്ടുണ്ട് നന്ദ അവളെ നോക്കി ചിരിച്ചു .

ആ….ഇനിയും ഇവിടെ നിന്ന് വൈകിയാൽ അച്ഛൻ വഴക്കുപറയും. അതും പറഞ്ഞവൾ വാതിൽ പൂട്ടി  പുറത്തേക്കിറങ്ങി. രണ്ടാളും കൂടി അമ്പലത്തിലേക് നടന്നു. നടക്കൽ ഭഗവാനെ തൊഴുതുനിൽകുകയാണ് നന്ദ. “നന്ദുട്ടി”‘….താൻ കേൾക്കാൻ കൊതിച്ചിരുന്ന ആ  വിളി അവളുടെ കാതിൽ പതിച്ചതും അവൾ ഞെട്ടിതിരിഞ്ഞു പുറകിലേക്ക് നോക്കി. നിരാശയായിരുന്നു അതിന്റെ ഫലം. ഒന്നുകൂടി നന്ദയുടെ കണ്ണുകൾ ചുറ്റിലും പരതി.

പെട്ടന്ന്….ആ.. മുഖം.. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്ന് കണ്ണ് ചിമ്മി അവൾ വീണ്ടും നോക്കി. അതേ സത്യമാണ്, നാളുകളായി താൻ കാണാൻ ആഗ്രഹിച്ച ആ മുഖം ഇപ്പോൾ തന്റെ കണ്മുന്നിൽ കുറച്ചു ദൂരത്തായി തന്നെ തന്നെ  ഇമ്മ ചിമ്മാതെ നോക്കി നിൽക്കുന്നു…”ശ്രീയേട്ടൻ….”

തുടരും…