എന്ന് സ്വന്തം പല്ലവി ~ ഭാഗം – 15 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“”പൊക്കോ…നിന്റെ സന്തോഷമാ പവിയേ എനിക്ക് വലുത്…നിന്നേ മറക്കാനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ലടീ..നിന്നോട് മാത്രം എനിക്ക് വല്ലാത്ത ഇഷ്ടമാ…ഇനി ഞാൻ തെറ്റൊന്നും ചെയ്യത്തില്ല പവീ എന്നെ വിട്ട് നീ പോകല്ലേ….””

വയ്യ സഹിക്കാൻ പറ്റാത്ത സങ്കമാണെനിക്ക്…അവനും ചിലപ്പോൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു പോകും…

അടുത്ത നിമിഷം അവനിലേക്ക് ചേർന്ന് നിന്ന് അവന്റെ മുഖം കൈക്കുമ്പിളിലെടുത്ത് ആ നെറുകയിൽ ഞാൻ അമർത്തി ചുംബിച്ചു…

എന്റെ ചുംബനവും ഏറ്റുവാങ്ങി കണ്ണുകളടച്ച് തലകുമ്പിട്ടവൻ നിൽക്കുകയാണ്.ഒരു വേള ആ കൈകൾ എന്നെ അവസാനമായി ഒന്ന് പൊതിഞ്ഞു പിടിക്കാനും ചേർത്ത് നിർത്താനും ഞാൻ കൊതിച്ചു പോയി…എന്നാൽ ആ കൈകൾ ഉയർന്നില്ല. ചലനമില്ലാതെയവൻ നിൽക്കുകയാണെന്ന് ഞാനറിഞ്ഞു…

“”സൂരജേ…””

എന്റെ വിളികേട്ട് പെട്ടന്നവൻ തല ഉയർത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്‌ ഞാനറിഞ്ഞു..

“”അവസാനമായി ആ നെഞ്ചിലേക്ക് എന്നെയൊന്ന് ചേർത്ത് പിടിക്കാമോ…അല്ലേൽ ചങ്ക് പൊട്ടി മരിച്ചുപോകും സൂരജേ ഞാൻ….””

അടുത്ത നിമിഷം ആ കൈകൾ ഒരു വിറയലോടെ ഉയർന്നു വന്ന് മെല്ലെയെന്റെ കവിളിലേക്ക് ചേർത്ത് വച്ചുകൊണ്ട് നെറുകയിൽ മൃദുവായി ചുംബിച്ചപ്പോൾ ദേഹമാകെയൊരു തണുപ്പ് അരിച്ചിറങ്ങുന്നത് ഞാനറിഞ്ഞു…കവിളിൽ തഴുകിക്കൊണ്ട് ആ കൈകളെയവൻ മോചിച്ചിപ്പ് പിന്നിലേക്കകന്ന് മാറുമ്പോഴും ആ കണ്ണുകൾ എന്നിലേക്ക് മാത്രം സ്നേഹവായ്പോടെ നോക്കിനിൽക്കുകയായിരുന്നു….

“”പറ്റത്തില്ല പവീ….ചേർത്ത് വച്ചാൽ പിന്നെ അടർത്തി മാറ്റാൻ എന്നെക്കൊണ്ട് ആവത്തില്ല..എന്റെ പവിയേ ഞാൻ പോകാൻ സമ്മതിക്കില്ല ചിലപ്പോ…””

വിതുമ്പലോടെ ആ ചുണ്ടുകൾ വീണ്ടും എന്റെ കവിളിൽ പതിഞ്ഞപ്പോൾ ഉടലാകെ ഉരുകുന്നത് ഞാനറിഞ്ഞു…

“”പോട്ടെ സൂരജേ…ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ….””

മുഖം കൊടുക്കാതെ യാത്രപറഞ്ഞ് ഞാൻ തിരികെ നടക്കുമ്പോഴും ശ്വാസം നിലച്ച് ചലമറ്റ് നിൽക്കുന്ന അവന്റെ നിറകണ്ണുകൾ എന്നിലേക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കുകയാണെന്ന് ഞാനറിഞ്ഞു…ഞാൻ തിരിഞ്ഞു നോക്കിയില്ല…എങ്ങനെ കഴിയുമെനിക്ക്…

ഇടയ്ക്കെപ്പോഴോ മുഴക്കത്തോടെ പാഞ്ഞുപോയ സൂരജിന്റെ ബുള്ളറ്റിന്റെ ശബ്ദം അവസാനമായെന്നോണം എന്റെ കാതുകളിൽ വന്നടിച്ചു…

സ്നേഹിച്ചവരെയെല്ലാം പല കാരണങ്ങളാൽ ഒരിക്കലും തിരികെകിട്ടാത്തതരത്തിൽ വിധി എന്നിൽ നിന്നും അടർത്തി മാറ്റുകയാണല്ലോ എന്ന് ഞാനോർത്തു…

ദൂരെ മാറി എന്നെയും കാത്തെന്നോണം കാറിന് പുറത്ത് നിൽക്കുന്ന സിദ്ധുഏട്ടന്റെയും അലോഷിച്ചായന്റെയും അരികിലേക്ക് ഞാൻ നടന്നു ചെന്നപ്പോൾ എന്റെ കരഞ്ഞ മുഖത്തേക്ക് നോക്കി നിസ്സഹായതയോടെ നിൽക്കുന്ന അവർക്കു നൽകാൻ മറുവാക്കുകൾ ഒന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല…

മറഞ്ഞു നീങ്ങുന്ന കാഴ്ചകൾക്കൊപ്പം ഓർമ്മകളെയും പിന്നിലാക്കി ഞങ്ങൾ സഞ്ചരിച്ചു തുടങ്ങി…

സ്നേഹവും കരുതലും തന്ന എന്റെ സൗഹൃദങ്ങളും…അമ്മയുടെ ശ്വാസം തങ്ങി നിൽക്കുന്ന ഈ വായുവും….എന്റെ നാടും ജനിച്ച മണ്ണും..ഞാനെന്ന ലോകത്ത് കൂട്കൂട്ടിയ എന്റെ സൂരജിനെയും എല്ലാം വിട്ട് ഒരു പുതിയ ലോകത്തെക്ക് ഞാൻ യാത്രതിരിച്ചു… കണ്ണുനീർ കാഴ്ചകളെ മറച്ചു പിടിക്കുകയാണെന്ന് ഞാനറിഞ്ഞു…

സിദ്ധുഏട്ടന്റെ ബന്ധവും സ്വാധീനവും ഉപയോഗിച്ച്‌ എനിക്ക് ഒരുക്കിത്തന്ന അഭയം…അവിടേക്കാണ് എന്റെ ഈ യാത്ര…പ്രശസ്ത നർത്തകി മൃണാളിനിമേടം ആരോരുമില്ലാത്ത ഈ പല്ലവിയെ സംരക്ഷിച്ചുകൊള്ളാം എന്ന് വാക്കുകൊടുത്തുവത്രെ…വേറെ പോംവഴികൾ എനിക്ക് മുന്നിലില്ലാത്തതിനാൽ ആ കനിവിനെ സ്വീകരിക്കാതെ നിവൃത്തിയുമില്ലല്ലോ…

ഓർമ്മകൾ വല്ലാതെ എന്നെ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു…സങ്കടങ്ങൾ നിശ്ശബ്ദമായി എന്റെ ഉള്ളിൽ അലറിക്കരയുന്നു എന്ന് ഞാനറിഞ്ഞു…

ചില മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവിൽ ഇടയ്ക്കെപ്പോഴോ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ തലസ്ഥാനഗരിയിലെ ഒരു ഉൾപ്രദേശത്തെ മൺപാതയിലൂടെ കാർ നീങ്ങുകയാണെന്ന് ഞാനറിഞ്ഞു…

“”സ്ഥലം എത്താറായിട്ടോ പല്ലവി…””

സിദ്ധുഏട്ടൻ അത് പറഞ്ഞതും ഒരു വരണ്ട ചിരിയോടെ തലയാട്ടിയപ്പോൾ അലോഷിച്ചായൻ തിരിഞ്ഞ് എന്നെ നോക്കുന്നുണ്ടായിരുന്നു…

പട്ടണത്തിൽ നിന്നും അധികം ദൂരമില്ലാത്തൊരു കൊച്ചുഗ്രാമം…നെൽപ്പാടങ്ങളും തോടുകളും ആമ്പൽക്കുളങ്ങളുമെല്ലാം മൺപാതകൾക്ക് ഇരുവശങ്ങളിലും അതീവ ഭംഗിയോടെ എന്റെ കാഴ്ചകളിലേക്ക് കടന്നു വന്നു….

ഗേറ്റ് കടന്ന കാർ പ്രൗഡി വിളിച്ചോതുന്ന ഒരു വലിയ നാലുകെട്ടിന് മുന്നിലേക്ക് നിർത്തിയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്തൊരു വികാരം വന്നുമൂടുന്നുണ്ടായിരുന്നു…

ഡോർ തുറന്ന് സിദ്ധുവേട്ടനും അലോഷിച്ചായനും പുറത്തേക്കിറങ്ങിയെങ്കിലും അനങ്ങാനാകാതെ ഞാനിരുന്നുപോയി…
പറ്റണില്ല എനിക്ക് തിരികെ എന്റെ വീട്ടിലേക്ക് പോകാൻ തോന്നുവാ…മടക്കയാത്ര ഇല്ലാത്തൊരു വന്നുചേരൽ ആയതുകൊണ്ടാകാം ഇത്രപെട്ടെന്നൊരു പറിച്ചുനടൽ ഉൾക്കൊള്ളാനാകാതെ എന്റെ മനസ്സ് വല്ലാതെ പിടയുന്നത് ഞാനറിഞ്ഞു….തീരെ സാധിക്കുന്നില്ലയെനിക്ക്…ഇറങ്ങി തിരികെ ഓടിയാലോ? എങ്ങോട്ടേക്ക്? സ്വന്തം വീട്ടിലേക്കോ, അതോ അമ്മയുടെയും അച്ഛന്റെയും അരികിലേക്കോ? പെട്ടന്നുണ്ടായ അനാഥത്വത്തെ ഒട്ടും അംഗീകരിക്കാൻ എന്തുകൊണ്ടാണെനിക്ക് സാധിക്കാത്തത്…മനസ്സ് വല്ലാതെ കരയുന്നു…

പുറത്ത് നിന്നും അലോഷിച്ചായൻ ഡോർ തുറന്നിട്ടും തല കുമ്പിട്ടു ചലനമില്ലാതെ ഞാൻ ഇരുന്നുപോയി…

“”ഇറങ്ങി വാടോ സ്ഥലം എത്തി….””

പെട്ടന്ന് ഞാൻ കൃത്രിമ ചിരിയോടെ പുറത്തേക്കിറങ്ങി…

“”കൈരളി കലാമന്ദിരം””

തേക്കിൻ പലകയിൽ കൊത്തിവച്ച ആ പേര് ഞാൻ വായിച്ചെടുത്തു…

കൂറ്റൻ ചുറ്റുമതിലുകൾക്കുള്ളിൽ മരങ്ങളാലും ചെടികളാലും പടർന്നു പന്തലിച്ചൊരിടം ..ഒരു ആശ്രമത്തിലെത്തപ്പെട്ട അനുഭൂതി എന്നിലേക്ക് പൊതിഞ്ഞു…കുളിർമയുള്ള കാറ്റും ശാന്തതയും എന്തിനേറെ വായുവിന് പോലും ഒരു പ്രത്യേക ഗന്ധമാണെന്ന് ഞാനറിഞ്ഞു….എന്തോ പെട്ടന്ന് മനസ്സ് ശാന്തമായത് പോലെ…

അടുത്ത നിമിഷം പൂമുഖവാതിൽ തുറന്ന് മൃണാളിനിമാഡം പുറത്തേക്ക് വരുന്നത് ഞാൻ നോക്കിനിന്നു…ആ ഐശ്വര്യമാർന്ന തേജസ്സുറ്റ മുഖത്തെ ചെറു ചിരിയിലേക്ക് ഞാൻ ആഴ്ന്നുപോയി…

സിദ്ധുഏട്ടൻ ആദരവോടെ അവർക്കരികിലേക്ക് ചെന്നതും ചിരിയോടെ എന്തെല്ലാമോ അവർ സംസാരിക്കുന്നത് ഞാൻ നോക്കി നിന്നു…

“”കയറി വരൂ… ഇനിയിതാണ് പല്ലവിയുടെ വീട്…””

ഞാൻ മനസ്സില്ലാ മനസ്സോടെ അവർക്കരികിലേക്ക് നടന്നതും ഡിക്കി തുറന്ന് എന്റെ ബാഗുമായി അലോഷിച്ചയൻ എനിക്കരികിലേക്ക് വരുന്നത് ഞാനറിഞ്ഞു…

“”ഇതൊരു വീടാണെന്ന് പല്ലവിക്ക് തോന്നുമെങ്കിലും ഞാൻ നടത്തുന്ന ഒരു ഡാൻസ് അക്കാഡമി ആണിത്…വെറും അൻപത് വിദ്യാർത്ഥിക്കായി മാത്രം ഒരു പ്രത്യേക സമയപരിധിയിൽ ക്ലാസുകൾ നടത്തുന്നൊരിടം…ഇവിടെ താൻ വിദ്യാർഥിയോ അഭയാർഥിയോ അല്ലാട്ടോ…ഇവിടുത്തെ ഓഫീസ് കാര്യങ്ങൾ ഒക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നൊരാൾ…അതാണ്‌ പല്ലവിയുടെ ജോലി…ദിവസം രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം ചെയ്യാനുള്ള ജോലിയേ ഉണ്ടാക്കൂ…ശമ്പളം താമസം ആഹാരം എല്ലാം ഇവിടെ നിന്നും ലഭിക്കും…””

ഗൗരവം അണിഞ്ഞ ചിരിയോടെ മൃണാളിനിമേടം എന്നോടായി ഒരു നിർദ്ദേശം പോലെ അത് പറഞ്ഞതും സമ്മതമെന്നോണം ഞാൻ തല കുലുക്കിക്കൊണ്ട് സിദ്ധുവേട്ടനെ നോക്കുമ്പോൾ ചിരിയോടെ എന്നെ കണ്ണടച്ച് കാട്ടുന്നുണ്ടായിരുന്നു….

“”ആ സിദ്ധാർഥ് ഞാൻ മറന്നു…പല്ലവിയുടെ അഡ്മിഷന്റെ കാര്യങ്ങളൊക്കെ ശെരിയായില്ലേ…””

എന്തോ ഓർത്തപോലെ മാഡം വീണ്ടും ചോദിച്ചതും ഒന്നും മനസ്സിലാകാത്ത വിധം ഞാൻ സിദ്ധുഏട്ടന്റെ മറുപടിക്ക് കാത്തുനിന്നു…

“”അത് റെഡിയായി മാഡം…നാളെ കഴിഞ്ഞ് പല്ലവിക്ക് ക്ലാസ്സിന് ജോയിൻ ചെയ്യാം…വർഷ ബാക്കി കാര്യങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞായിരുന്നു…””

സിദ്ധുവേട്ടൻ അത് പറഞ്ഞതും ആശങ്കയോടെ നോക്കി നിൽക്കാനേ എനിക്കായുള്ളു…

സിദ്ധുഏട്ടന്റെ ഒരു അകന്ന ബന്ധത്തിലുള്ള കുട്ടിയാണ് വർഷയെന്നും മാഡത്തിന്റെ പിഎ ആയി ജോലി ചെയ്യുകയാണെന്നും പിന്നീടുള്ള അവരുടെ സംസാരങ്ങളിൽ നിന്നും ഞാനറിഞ്ഞു…അത് മാത്രമല്ല എന്റെ മുടങ്ങിപ്പോയ പഠനം ഇവിടെ അടുത്തൊരു ആർട്സ് കോളേജിൽ വീണ്ടും തുടരാമെന്ന്…

എല്ലാമറിഞ്ഞപ്പോൾ ഹൃദയം വല്ലാതെ വേദനിക്കുന്നു…ഒരു കൂടെപ്പിറപ്പിനോടെന്നപോലെ എനിക്കായി ഇത്രയൊക്കെ ഇവർ എന്തിനു ചെയ്യണം…ഇതിനൊക്കെ പകരമായി ഒന്നുമവർ ആവശ്യപ്പെടില്ലെങ്കിലും ഞാനെന്ത് നൽകാൻ…

തിരികെപോകാൻ നേരം സിദ്ധുവേട്ടനും അലോഷിച്ചായനും യാത്രപറഞ്ഞു…

“”എന്നെ ഒറ്റക്കാക്കി പോവാണോ എല്ലാരും…””

ചോദ്യം അനുയോജ്യം അല്ലെങ്കിലും എന്തോ സങ്കടത്താൽ വീർപ്പുമുട്ടി അത് പുറത്തേക്ക് വന്നുപോയി…

‘””അയ്യേ എന്താ പല്ലവി ഇത്…നിന്നെ കൂടെ നിർത്താൻ വയ്യാഞ്ഞിട്ടല്ല….ഇപ്പൊ തനിക്കൊരു മാറ്റം ആവശ്യമാണ്…ആരുടേയും സഹായമില്ലാതെ സ്വയം അതിജീവിച്ചു എന്നൊരു തോന്നലിൽ ആത്മവിശ്വാസത്തോടെ മുട്ടുന്നോട്ട് ജീവിക്കണം…തന്റെ ഏട്ടൻ ചെയ്തതാന്ന് വിചാരിച്ചാൽ മതി…”””

ചിരിയോടെ എന്നെ ചേർത്ത് നിർത്തിയപ്പോൾ ആ കണ്ണുകളും കലങ്ങുന്നത് ഞാനറിഞ്ഞു…

അകലേക്ക്‌ ഒരു പൊട്ട് പോലെ മറഞ്ഞു പോകുന്ന കാറിനെ നോക്കി ഞാനാ പടിക്കെട്ടിൽ നിൽക്കുമ്പോൾ എന്റെ മനസ്സും ആൾപാർപ്പില്ലാത്ത തുരുത്ത് പോലെ ശൂന്യമായിപ്പോയി എന്ന് ഞാനറിഞ്ഞു…

എനിക്കായുള്ള ചെറിയ മുറിയിലേക്ക് എത്തിയതും ഇനിയിതാണെന്റെ ലോകമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു…ഞാൻ കരഞ്ഞില്ല…ഭൂതകാലം തളർത്താനൊരുങ്ങുമ്പോൾ വീറോടെ ഓർമ്മകളെ ആട്ടിയോടിച്ചു…

അടുത്ത ദിവസം വർഷചേച്ചി എന്നെ കാണാനെത്തി…സിദ്ധുഏട്ടൻ പറഞ്ഞിട്ടുണ്ടാകും എന്നെ കരുത്തേണ്ടുന്ന സ്നേഹിക്കേണ്ടുന്ന വിധങ്ങൾ…മുപ്പത് വയസ്സിന് മേൽ പ്രായമുള്ള വിഹാഹിതയും ഒരു മോളുടെ അമ്മയുമാണവരെന്ന് പറഞ്ഞു… മൃണാളിനി മാഡത്തിന്റെ ചിട്ടവട്ടങ്ങളും കൈരളി കലാമന്ദിരത്തിന്റെ നിയമങ്ങളും വ്യവസ്ഥകളുമെല്ലാം എനിക്ക് പറഞ്ഞു തന്നു…

ഭാരിച്ച ജോലികളോ ഉത്തരവാദിത്വങ്ങളോ ഒന്നും തന്നെയില്ലായിരുന്നു എനിക്ക്…എല്ലാം കൊണ്ടും മനസ്സ് ഉന്മേഷമാകുന്നത് ഞാറിഞ്ഞു….പുതിയ കോളേജിലെക്കുള്ള അഡ്മിഷൻ എടുക്കാനായി സിദ്ധുഏട്ടൻ പറഞ്ഞേൽപ്പിച്ച പ്രകാരം വർഷച്ചേച്ചിയും എന്റെ കൂടെയുണ്ടായിരുന്നു…അധികം സംസാരമൊന്നും ഇല്ലെങ്കിലും സ്നേഹവും കരുതലും വേണ്ടുവോളം അവർക്കുണ്ടെന്ന് ഞാനറിഞ്ഞു…

പുതിയ കോളേജിലേക്കുള്ള ആദ്യ ദിവസം മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു…എന്റെ ജീവിത്തിന്റെ ദുരന്തങ്ങൾ ഓരോന്നും വന്നു ചേർന്നത് കഴിഞ്ഞുപോയ ആ ഒരു വർഷത്തിൽ ആയിരുന്നു എന്ന് ഞാനോർത്തു…

അമ്മയുടെ സാമിപ്യം വല്ലാതെ ആഗ്രഹിക്കുന്ന മനസ്സിനെ പാടുപെട്ട് ഞാൻ പൊതിഞ്ഞു പിടിച്ചു…എന്നെയിട്ടിട്ട് പോയതല്ലേ… പോട്ടെ…ഞാനിനി കരയില്ല…പറ്റണില്ല എത്ര പറഞ്ഞാലും ചിലപ്പോളൊക്കെ ആ പഴയ പല്ലവിയായി ഞാൻ മാറിപ്പോകും…

രണ്ടാം വർഷം ആയതിനാൽ ക്ലാസ്സിൽ എല്ലാവരും എന്നെ അപരിചിതഭാവത്തിൽ നോക്കുകയാണെന്ന് ഞാനറിഞ്ഞു…മടിച്ചു നിന്നില്ല ഞാൻ അങ്ങോട്ടേക്ക് പോയി പരിചയപ്പെട്ടു…സംസാരിച്ചു…
ചെറിയ ചിരിയോടെ അപകർഷതാ ബോധം തൂത്തെറിഞ്ഞു ഞാൻ സ്വയം എല്ലാവരിലും ഒരുവളായി… ഒറ്റപ്പെടാൻ ഇനിയെനിക്കാകില്ല എന്ന് ഞാനറിഞ്ഞു….എന്നെപ്പറ്റി കൂടുതലൊന്നും ആരോടും ഞാൻ പങ്കുവച്ചില്ല… നിഗൂഢമായ രഹസ്യമെന്നോണം പല്ലവി എന്നെ പെണ്ണിന്റെ ജീവിതം ഞാൻ സ്വയം ചിരികളണിഞ്ഞു മൂടിവച്ചു…

എന്റെ ജെനി അവൾ ഇല്ലാത്ത ക്ലാസ്സ്‌ മുറി അറിയാതെ കണ്ണുകൾ അകലെയുള്ള അവസാന ബഞ്ചിലേക്ക് പോയി….അവളവിടെ ഇല്ല…എന്നെയോർത്ത് അവളും അവിടെ വിഷമിക്കുന്നുണ്ടാകുമെന്ന് ഞാനോർത്തു..

അത് മാത്രമാണോ എന്റെ സങ്കടം…അല്ല ബഞ്ചിന്റെ മറ്റൊരറ്റത്ത് എനിക്ക് വേണ്ടി മാത്രം പൂക്കുന്ന ആ ചിരിയും ഗൗരവം നിറഞ്ഞ നോട്ടവും കണ്ണുകളിലെ കുസൃതിയും എന്റെ മനസ്സിനെ ഉലയ്ക്കുന്നു എന്ന് ഞാനറിഞ്ഞു..ഭ്രാന്ത് പിടിച്ചു അലയുന്നുണ്ടാകും അവന്റെ പവിക്ക് വേണ്ടി…എന്തോ ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല എനിക്ക്…

അത്രമേൽ ഞാൻ നിന്നേ സ്നേഹിക്കുന്നുണ്ട് സൂരജേ…ഈ വിരഹം അത് ഞാൻ സ്വയം തിരഞ്ഞെടുത്തതാണെങ്കിലും നിന്റെ പ്രിയപ്പെട്ടവൾ നിന്നെയോർത്ത് കരയുകാണെന്ന് അവൻ അറിയുന്നുണ്ടാകുമോ…ഇനിയവൻ ഒരിക്കലും എന്നെ തേടി വരില്ലായിരിക്കും എന്ന ചിന്തയിൽ മനസ്സ് വല്ലാതെ നോവുന്നത്‌ ഞാനറിഞ്ഞു….

ദിവസങ്ങൾ എനിക്കൊപ്പം നിന്നില്ല…. പഠനത്തിൽ ഒന്നാമയാകാനുള്ള കഴിവ് എനിക്കില്ല എങ്കിലും തോൽക്കാതെ മത്സരിച്ചു പഠിച്ചു…അല്ലെങ്കിലും ഇനി ഞാനെങ്ങനെ തോൽക്കും ജീവിതം എന്നേ പണ്ടേ തോൽപ്പിച്ചു കളഞ്ഞില്ലേ….

കലാമന്ദിരത്തിലെ ഉത്തരാവാദിത്വങ്ങൾ ഭംഗിയായി ഞാൻ നിറവേറ്റികൊണ്ടിരുന്നു…ഒരുപാട് എന്നോട് ഇടപെഴകില്ലെങ്കിലും മൃണാളിനിമേഡം ഒരു കുറവും എനിക്ക് വരുത്തിയില്ല…മാസമാസമുള്ള ശമ്പളം അക്കൗണ്ടിൽ വരുന്നുണ്ടെന്ന് ഞാനറിയുന്നു എങ്കിലും ഒരാവശ്യങ്ങളും ഇല്ലാത്തതിനാൽ ആ പണം ഞാൻ എടുത്തതുമില്ല..

ജെനി പതിവ് തെറ്റിക്കാതെ ഇടയ്ക്കൊക്കെ കോളേജിൽ ഇരിക്കുമ്പോൾ വീഡിയോ കാൾ ചെയ്യും…സിദ്ധു ഏട്ടനും കാവേരി ചേച്ചിയും ഒക്കെയായി തമ്മിൽ കണ്ട് സംസാരിക്കും….ജെനി വല്ലാതെ പൊട്ടിക്കരയും…ഇവിടേക്ക് ഒരിക്കൽ വരാമെന്ന് പറഞ്ഞിട്ടുണ്ടവൾ….സത്യത്തിൽ എല്ലാവരേം കാണാനും പഴയ പോലെ കൂടെ ഇരിക്കാനും കൊതിയാണെനിക്ക്…പക്ഷേ ഞാൻ ഒന്നും പറഞ്ഞില്ല…എല്ലാം ചിരിയോടെ കേട്ട് തലയാട്ടും…കാവേരിച്ചേച്ചി ഫോണിലൂടെ തമാശ പറയും എന്നെ ചിരിപ്പിക്കാൻ….ഞാൻ ചിരിച്ചാലും എന്റെ ഹൃദയം പൊട്ടി കരയുകയാണെന്ന് എന്നെ പോലെ അവർക്കും അറിയാം…

ഇടയ്ക്ക് ഒഴിവ് ദിവസങ്ങളിൽ മൃണാളിനിമാഡത്തിന്റെ ഡാൻസ് ക്ലാസ്സിൽ ഞാനും പങ്കെടുക്കും…എന്നിലെ കഴിവിനെ വളർത്താൻ മാഡം നന്നേ ശ്രമിക്കുമായിരുന്നു…കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാൻ അവർക്ക് വല്ലാത്തൊരു താല്പര്യമാണെന്ന് ഞാനറിഞ്ഞു…

ചിലങ്കയണിഞ്ഞ് ചുവടുകൾ ചലിപ്പിക്കുമ്പോൾ സൂരജ് ഒരിക്കൽ എനിക്ക് സമ്മാനിക്കാനൊരുങ്ങിയ ചിലങ്കയും അത് നിഷേധിച്ചപ്പോൾ പരിഭവത്തോടെ പൊട്ടി തെറിച്ചതും പിന്നീട് ചേർത്ത് പിടിച്ചു ചുംബിച്ചതും ഒക്കെ ഓർമ്മയിലേക്കിങ്ങനെ ഒഴുകി വരും…ഒരായുഷ്കാലം ഓർക്കാൻ ഒരുപാട് ഓർമ്മകൾ അവനെനിക്ക് തന്നല്ലോ…അവന്റെ ഒരു നോക്കിലും ചിരിയിലും പോലും ആയുസ്സിന്റെ അവസാനം വരെ ജീവിക്കാനുള്ള ഊർജം എന്നിലേക്ക് പറ്റിച്ചേർന്നിരുന്നു എന്ന് ഞാനോർത്തു…

ഒരിക്കൽ വീടിന്റെ ജപ്തി നടപടികൾ പൂർത്തിയായി എന്ന് പറയാൻ സിദ്ധുവേട്ടൻ വിളിച്ചിരുന്നു… എന്നോടൊത്തിരി ദേഷ്യപ്പെടുകയും വഴക്കു പറയുകയും ചെയ്തു… എല്ലാം ഞാൻ കേട്ടിരുന്നു…പിന്നീടൊന്നും അതിനെ പറ്റി ഞാനും സംസാരിച്ചില്ല…വേണ്ടാ ഒന്നും വേണ്ട എനിക്ക്…പറഞ്ഞിരുന്നെങ്കിൽ ലക്ഷങ്ങൾ നിസ്സാരമായി മുടക്കി അത് തിരികെ വാങ്ങുമായിരുന്നോ അവർ…അറിയില്ലെനിക്ക്…ആർക്കുമൊരു ബാധ്യതയാകാൻ എനിക്കിനി ഈ ജീവിതത്തിൽ വയ്യ…

ഞാൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്തെ മണ്ണിലുറങ്ങുന്ന അച്ഛനും അമ്മയും ഏട്ടനുമൊക്കെ ആരും തിരി തെളിക്കാതെ കുഴിമാടത്തിൽ കരിയിലകൾ മൂടി അനാഥമായിട്ടുണ്ടാകും എന്ന് ഇടയ്ക്കൊക്കെ ഞാൻ വേദനയോടെ ഓർക്കുമായിരുന്നു…

കാലങ്ങളും ഋതുക്കളും എന്നെ കാത്ത് നിന്നില്ല രണ്ടാം വർഷ പരീക്ഷകളും അവസാനിച്ചു…വെക്കേഷൻ സമയത്ത് ചില പ്രോഗ്രാമുകൾക്ക് മൃണാളിനിമാഡം എന്നെയും കൂട്ടുമായിരുന്നു…ഒരു സഹായിയായി കൂടാൻ വല്ലാത്ത ആവേശമാണെനിക്ക്…

ഇടയ്ക്കും മുറയ്ക്കും സിദ്ധുവേട്ടൻ എന്നെ കാണാൻ വന്നു പോകും…അലോഷിച്ചായനെ തിരക്കിയപ്പോഴാണ് ആള് ഡൽഹിയിൽ ആണെന്ന് ഞാനറിഞ്ഞത്…അതിനാൽ ജെനിക്ക് എന്നെ കാണാൻ വരാൻ സാധിക്കുകയുമില്ല എന്ന് ഞാൻ ചിന്തിച്ചു…എന്നും വീഡിയോ കാളിൽ വന്ന് പരിഭവം കാണിക്കും എന്നോടവൾ…ചിരിയോടെ സമാധാനിപ്പിക്കാൻ ഞാൻ ഒരുപാട് ശ്രമിക്കാറുമുണ്ടവളെ…

ഒരുദിവസം കൊച്ച് ഇവിടെക്കൊന്ന് വന്നു പോ എന്ന് പറയുന്ന അമ്മച്ചിയുടെ ആവശ്യത്തിനെ സ്നേഹത്തോടെ ഞാൻ വിസ്സമ്മതിക്കും..ഒരിക്കൽ വരാം അമ്മച്ചീ എന്ന് മാത്രം ചിരിയോടെ ഞാൻ പറയും…എന്റെ മനസ്സറിഞ്ഞതിനാലാകും സിദ്ധുഏട്ടനും എന്നെ ഇപ്പോൾ നിർബന്ധിക്കാറില്ല….

കലാമന്ദിരത്തിലെ ഒരു പ്രാധാന അംഗമാണ് ഞാനിപ്പോൾ…എന്തിനും ഏതിനും എന്റെ സാന്നിധ്യം പ്രധാനമാകുന്നു എന്ന് ഞാനറിഞ്ഞു…ഞാനും ഇടയ്ക്ക് കരുതിപ്പോകും ഇതാണെന്റെ വീടെന്ന്…കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…മനസ്സിൽ എല്ലാവരും ഉണ്ട് കൂടുതൽ ഓർത്തുപോയാൽ ഞാൻ തകർന്നു പോയാലോ…നാട്ടിലേക്കൊക്കെ പോകണമെന്ന് തോന്നും ഇടയ്ക്ക്… പക്ഷേ എന്തിന് ആർക്കുവേണ്ടി….മനസ്സ് ഓരോന്നും ചോദിച്ചു തുടങ്ങും…എവിടെക്കാ പോകേണ്ടത്? എന്റെ വീട്ടിലേക്കോ? അമ്മയേം അച്ഛനേം എട്ടനേം കാണാനോ…?യഥാർത്ഥത്തിൽ കാത്തിരിക്കാൻ ആരുണ്ടെനിക്ക്…

പക്ഷേ എന്റെ സൂരജ് എന്നേ കാത്തിരിക്കുവല്ലേ…ഒരു വിളിപ്പാടകലെ എന്നേ കാണാൻ മോഹിക്കുന്നുണ്ടാകും അവൻ….ഇന്നീ ലോകത്ത് അവനെക്കാൾ ഏറെ എന്നേ പൊന്ന് പോലെ നോക്കാൻ സ്നേഹിക്കാൻ ആരാണ് ഉള്ളത്….സൗഹൃദങ്ങൾ എന്നെ സംരക്ഷിക്കുമെന്ന് അവനുറപ്പുണ്ട്…വിശ്വസിക്കുന്നുണ്ടാകും സിദ്ധുഏട്ടൻ എന്നെ സുരക്ഷിതയാക്കിക്കാണും എന്ന്…ഞാൻ സന്തോഷവതി ആകുമെന്ന്…പക്ഷേ നിന്നെ കാണാൻ തോന്നുവാ സൂരജേ ഞാൻ എതിർത്താലും ആ പഴയ വാശിയോടെ കുസൃതിയോടെ എന്നെ എന്നെ തേടി വന്നൂടെ നിനക്ക്….ചിലപ്പോൾ ചങ്ക് വല്ലാതെ പിടയും കാതങ്ങൾ ദൂരെ എനിക്കായി എന്റെ പേര് ചൊല്ലി ആരോ ആർത്ത് കരയുന്നതായി തോന്നും..

കാവേരി ചേച്ചി പിജി കഴിഞ്ഞ് എം ഫിൽ ചെയ്യുന്നു എന്ന് ഞാനറിഞ്ഞു…സിദ്ധുഏട്ടനും എൽ എൽ ബി ക്ക് ചേർന്നു….പിന്നെ രാഷ്ട്രീയത്തിലും ആള് സജീവമാണെന്നൊക്കെ വരുമ്പോൾ വിശേഷങ്ങൾ ഒക്കെ പറയും….ജെനിയെ പറ്റി ചോദിച്ചാൽ ആള് വല്ലാത്തൊരു ചമ്മലോടെ ചിരിക്കുകയും കള്ളച്ചിരിയോടെ വിഷയം മാറ്റുകയും ചെയ്യുമ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോകും…

അറിയാമെനിക്ക് ആ നെഞ്ചിൽ കടലോളം ഉള്ള സ്നേഹം എന്റെ ജെനിക്ക് വേണ്ടി കാത്ത് വച്ചിട്ടുണ്ടെന്ന്…മരണം വരെ ആ മിണ്ടാപ്പൂച്ചയെ കൈവെള്ളയിൽ കൊണ്ട് നടക്കുമെന്ന്…എന്തോ അതൊക്കെ പറയുമ്പോൾ കണ്ണ് നിറയും എനിക്ക്…ആ ഓർമ്മകളിലൂടെ സൂരജിന്റെ മുഖം കടന്ന് വരുമ്പോൾ ചങ്ക് പൊട്ടിപ്പിടയും….എവിടെയാ സൂരജേ നീ…എന്നെപോലെ നീയും ഓർക്കുന്നുണ്ടാകുമോ എന്നെ….അറിയാതെ ഇടയ്ക്കൊക്കെ ആഗ്രഹിച്ചു പോകും ആ മുഖമൊന്ന് കാണാൻ…എന്തിന് ഞാനല്ലേ അവനെ ആട്ടിപ്പായിച്ചത്….എനിക്കല്ലേ അവനോട് ക്ഷമിക്കാനും പൊറുക്കാനും കഴിയാത്തത്…മനസ്സിനെ ശാസിച്ചു നിർത്തും…

എന്നാൽ പല്ലവി എന്ന ലോകത്ത് നിന്നും വേർപെടുത്താനാകാതെ തകർന്നുപോയൊരു ഹൃദയവുമായി സൂരജ് അലയുകയാണെന്ന് ഞാനറിഞ്ഞില്ല…

കാലങ്ങൾ വീണ്ടും പോയി മറഞ്ഞു…ഞാനൊരു പുതിയ പല്ലവിയായി കുറച്ചൊക്കെ മാറിയെന്ന് തോന്നിത്തുടങ്ങി…ഒറ്റപ്പെടൽ നമ്മുടെ മനസ്സിനെ ശക്തമാക്കുകയും നമ്മൾ സ്വയം അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് ഞാനെന്റെ ജീവിതത്തിലൂടെ കണ്ടറിഞ്ഞു….

ഒരിക്കൽ വർഷചേച്ചിയുടെ നിർബന്ധത്തിന് വഴങ്ങി ബാങ്കിലുള്ള പൈസ എടുത്ത് ഒരു മോതിരവും ഒരുജോഡി കമ്മലും ഞാൻ വാങ്ങി…ആഭരങ്ങൾ ഒന്നുമില്ലാത്ത ദരിദ്രവാസിയായ ആ പല്ലവിയെ ആ നിമിഷം ഓർത്തു പോയി…. ദരിദ്രവാസിയെന്ന് വിളിച്ച് സൂരജ് എന്നെ ഒരുപാട് ആക്ഷേപിച്ചിട്ടുണ്ട്…

എന്തോ ഇപ്പോൾ അതോർക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്…പക്ഷേ അതിന് നൂറിരട്ടി അവൻ എന്നെ സ്നേഹിച്ചിട്ടും ഉണ്ട്…എന്നെ മാത്രം സ്നേഹിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ….പക്ഷേ സ്നേഹിച്ചും അറിഞ്ഞും തുടങ്ങിയപ്പോൾ ആ നെഞ്ചിൽ ചേർത്ത് വച്ചു തലോടിയിട്ടേ ഉള്ളൂ…എന്നിലെ കുറവുകൾ ഒന്നും അവൻ കണ്ടിട്ടില്ല…അവന്റെ കണ്ണിൽ പല്ലവി മാത്രമേ ഉള്ളൂ….ഒരിക്കലും തിരികെകിട്ടാത്ത വിധം വെറുത്ത് വലിച്ചെറിഞ്ഞിട്ടും എല്ലാം ഓർത്തിരിക്കാൻ രസമായിരുന്നു….

ഡിഗ്രി കഴിഞ്ഞു റിസൾട്ട്‌ വന്നപ്പോൾ നല്ല മാർക്കോടെ തന്നെ ഞാൻ പാസ്സായി…ഒരുപാട് സന്തോഷം തോന്നിപ്പോയി എനിക്ക്…അമ്മയെ ഓർമ്മവന്നപ്പോൾ ഞാൻ വല്ലതെ കരഞ്ഞുപോയി…””എന്റെ മോള് ഒരു ഡിഗ്രിക്കാരി ആകണം”” എന്ന് ഒരുപാട് ആഗ്രഹിച്ചതാ എന്റെ അമ്മ…ഡോക്ടറും എഞ്ചിനീയറും ഒക്കെ ആയി എന്ന ലാഘവത്തിൽ ഞാനും പറഞ്ഞു…

“”ഞാനും ഡിഗ്രിക്കാരി ആയി അമ്മേ…””എന്ന്

ഫോട്ടോയിൽ ചിരിയോടെ ഇരിക്കുന്നുണ്ട്…കണ്ണീർ അടർന്നു വീഴുന്നു…ഒന്ന് പൊട്ടിക്കരയാൻ തോന്നിയെനിക്ക്…

ജെനിക്ക് റാങ്ക് ഉണ്ടായിരുന്നെങ്കിലും പതിവുപോലെ അതിലൊന്നും അല്ല, ഞാൻ ജയിച്ചതിലാണ് പെണ്ണിന് സന്തോഷം…പാവം…ഒരു പൊട്ടിപ്പെണ്ണാ അവൾ..

എന്റെ സൂരജും ജയിച്ചു കാണുമായിരിക്കുവോ…തോൽക്കില്ല അവൻ… എങ്കിലും അവനെ ഞാൻ തോൽപ്പിച്ചില്ലേ…ആ ഹൃദയം കാണാതെ ഞാൻ ഞെരിച്ചുടച്ചില്ലേ…പക്ഷേ എങ്ങനെ പൊറുക്കും ഞാൻ… എന്റെ കണ്മുന്നിൽ അല്ലേ അവൾ എന്റെ അമ്മയോട്…ഹൃദയം പൊട്ടി മരിച്ചത് എന്റെ കണ്മുന്നിൽ അല്ലേ…ചിന്തകളും മനസ്സുകളും തമ്മിൽ വടംവലി നടക്കുന്നു എന്ന് ഞാനറിഞ്ഞു..

റിസൾട്ട്‌ അറിഞ്ഞപ്പോൾ സിദ്ധുഏട്ടൻ എന്നെ കാണാനായി വന്ന് സ്നേഹത്തോടെ ചേർത്തുപിടിച്ചു അഭിനന്ദിച്ചു…സമ്മാനമായി കുറേ വലിയ പുസ്തകങ്ങൾ തന്നിട്ട്..പി എസ് സി കോച്ചിങ്ങിനു ചേരാനുള്ള ഉപദേശവും….സന്തോഷത്തോടെ ചിരിയോടെ ഞാനത് സ്വീകരിച്ചു…എനിക്ക് നല്ലത് മാത്രമേ ആള് ചെയ്യൂ എന്നെനിക്കറിയാമല്ലോ…

അലോഷിച്ചായൻ ഒരിക്കൽ വിളിച്ചു..ആൾക്ക് ഫോണിലൂടെ സംസാരിക്കാൻ ചമ്മൽ ആണ്..അല്പം ഗൗരവക്കാരനാ…ഡൽഹിയിൽ എന്തോ ജോലിയാണെന്ന് പറഞ്ഞു…

ക്ലാസ്സ്‌ കഴിഞ്ഞ് വെറുതെ ഇരുന്നപ്പോൾ കുറേ പി എസ് സി ടെസ്റ്റുകൾക്ക് അപേക്ഷിക്കുകയും ചിലതൊക്കെ എഴുതുകയും ചെയ്തു….കോച്ചിങ്ങിനു പോകുകയും സത്യത്തിൽ വളരെ ആത്മാർത്ഥമായി ഞാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു…

ചില ലക്ഷ്യങ്ങൾക്കുള്ള ഊർജം അനുഭവങ്ങൾ മാത്രമാണെന്ന് ഞാനറിഞ്ഞു…സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി വേണമെനിക്ക്…
ഇല്ലായ്മയിൽ നിന്നും അനാഥത്വത്തിൽ നിന്നും ഒരല്പം ജയം ഞാനും അറിയാതെ ആഗ്രഹിച്ചു പോയി…എല്ലാത്തിനും ഒരു മൗന സമ്മതത്തിന്റെ അകലത്തിൽ മൃണാളിനിമേഡവും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു…

ഒരുപാട് ഉയരങ്ങളിൽ ഒന്നും എത്താൻ ഈ സാധാരണക്കാരി പല്ലവിക്ക് കഴിയുമോന്ന് അറീല്ല…എങ്കിലും എങ്ങും എത്താതെ തോറ്റുപോകരുതെന്നും എന്നെ സ്നേഹിച്ചവർക്കും കരുതിയവർക്കും എന്റെ ചെറിയ ജയങ്ങൾ പകരം നൽകണമെന്നും ഞാൻ മനസ്സിലുറപ്പിച്ചു…

ഒരിക്കൽ അവിചാരിതമായി ദിനപത്രത്തിന്റെ ആദ്യ പേജിൽ എന്റെ കണ്ണിലുടക്കിയ വാർത്ത കാൺകെ ഞാൻ അമ്പരന്നു പോയി….

സിവിൽ സർവ്വീസ് പരീക്ഷയിൽ മുപ്പത്തിനാലാം റാങ്ക് കരസ്ഥമാക്കിയ മലയാളി സാന്നിധ്യം…

“”അലോഷി ലൂക്കോ….””

നെഞ്ചിൽ വല്ലാത്തൊരു മിടിപ്പ് നിറയുന്നതും എന്നിലേക്ക് സന്തോഷം വന്നു മൂടുന്നതും ഞാനറിഞ്ഞു….ഫോൺ എടുത്ത് ജെനിയെ വിളിക്കും മുന്നേ അവളുടെ വീഡിയോ കാൾ എന്നെ തേടിയെത്തിയപ്പോൾ ചിരിയോടെ കാൾ ഞാനെടുത്തു…

സന്തോഷം കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നു…കരയുന്നു…ചിരിക്കുന്നു….ഇങ്ങനെയൊരു പെണ്ണ്…..യഥാർത്ഥത്തിൽ ആർക്കും അറിയില്ലായിരുന്നെന്ന്…ഡൽഹിയിൽ എന്തോ ജോലി ചെയ്തുകൊണ്ട് കോച്ചിങ്ങിന് പോകുകയായിരുന്നെന്ന്…ആദ്യശ്രമം തോൽവി ആയിരുന്നെങ്കിലും അടുത്ത ശ്രമം വിജയത്തിൽ എത്തിച്ചു എന്ന്….കഷ്ട്ടപാടിൽ അധ്വാനിച്ചു നേടിയ വിജയം…ഓരോന്നും ചിന്തിച്ചിരിക്കെ എന്നിലും ആത്മവിശ്വാസം കൈവരുന്നത് ഞാനറിഞ്ഞു…ചില ജീവിതങ്ങൾ അടുത്തറിയുന്നത് പലതും നേടാൻ നമുക്കൊരു കരുത്താണ്…

പിന്നീടുള്ള എന്റെ പി എസ് സി നേടാനുള്ള ശ്രമം കൂടുതൽ ഊർജിതമായി…നന്നായി തയ്യാറെടുപ്പുകളോടെത്തന്നെ ടെസ്റ്റുകൾ ഞാനെഴുതിക്കോണ്ടിരുന്നു….

ഒരിക്കൽ പുറത്ത് പോയപ്പോൾ അലോഷിച്ചായന് സമ്മാനമായി നൽകാൻ വിലകൂടിയതല്ലെങ്കിലും ഒരു വാച്ച് ഞാൻ വാങ്ങി വച്ചു…

ഇടയ്ക്കൊക്കെ സിദ്ധുഏട്ടൻ കാണാൻ വരുമ്പോൾ ടെസ്റ്റുകളെയും ജോലിയെയും ആത്മവിശ്വാസത്തെയും പറ്റിയൊക്കെ ഞാൻ വാചാലയാകും…ആള് ചിരിയോടെ എന്നെ നോക്കിയിരിക്കും…തന്റെ പേര് ഈ വർഷം തന്നെ ഒരു ലിസ്റ്റിൽ ഉണ്ടാകുമെന്നെന്നോട് പറയും…

ഒരിക്കൽ പതിവില്ലാതെ രണ്ട് അതിഥികൾ കലാമന്ദിരത്തിൽ എന്നെ തേടിയെത്തി…അലോഷിച്ചായനും കാവേരിച്ചേച്ചിക്കും അരികിലേക്ക് ഞാൻ നടന്നടുക്കുമ്പോൾ മനസ്സിൽ സന്തോഷം തിങ്ങി നിറയുന്നത് ഞാനറിഞ്ഞു…

ചിരിയോടെ ഓടിച്ചെന്ന് ചേച്ചിയുടെ കൈകൾ കവർന്നപ്പോഴേക്കും എന്നെ ഇറുകെ പുണർന്നിരുന്നു….അലോഷിച്ചായനും ഒരു ഐ പി എസ് കാരന്റെ എല്ലാ തലയെടുപ്പോടും കൂടി ചിരിയോടെ എന്നെ നോക്കി നിൽപ്പുണ്ട്…

വേഗം ഞാൻ തിരികെ റൂമിലേക്കോടി ആൾക്കായി വാങ്ങി വച്ചിരുന്ന വാച്ചുമായി പുറത്തേക്ക് വന്നു…ആ കൈ പിടിച്ചെടുത്ത് ഒഴിഞ്ഞ കൈത്തണ്ടയിലേക്ക് കെട്ടിക്കൊടുത്തു..

“”പത്രത്തിൽ കണ്ടപ്പോൾ തരാൻ വാങ്ങി വച്ചതാ ഞാനീ സമ്മാനം..””

ചിരിയോടെ ഞാനത് പറഞ്ഞതും തോളിലൂടെ കയ്യിട്ട് എന്നെ ചേർത്ത് നിർത്തി…

“”പെണ്ണേ, നീ എനിക്കൊന്നും തരുന്നില്ലേ…””

കാവേരിച്ചേച്ചി കൃത്രിമ പരിഭവം നടിച്ചു എന്റെ തോളിൽ ഒന്ന് പിച്ചി…

“”അതോ…അതിനി ഞാൻ ചേച്ചീടെ കല്യാണത്തിന് തന്നോളാം…””

കണ്ണിറുക്കിക്കൊണ്ട് ഞാനത് പറഞ്ഞതും അവർ പരസ്പരം അമ്പരപ്പോടെ നോക്കുന്നത് ഞാനറിഞ്ഞു…

“”പല്ലവി…തന്റെ കാവേരിചേച്ചിയെ ഞാനങ്ങ് കെട്ടിയാലൊന്നാ ആലോചിക്കുന്നേ…””

പെട്ടന്ന് അലോഷിച്ചായൻ കള്ളച്ചിരിയോടെ അതും പറഞ്ഞു കാവേരി ചേച്ചിയെ ചേർത്ത് പിടിച്ചപ്പോൾ ഞാനാകെ ആശ്ചര്യപ്പെട്ടുപോയി..

“”അതേടോ…ഞങ്ങൾ രണ്ടാൾക്കും എന്നോ തോന്നിയ ഇഷ്ടങ്ങൾ മനസ്സിൽ തന്നെ വച്ചു…പറയാൻ പേടിയായിരിന്നു…പക്ഷേ ഇവൾ എന്നെ വിട്ടില്ല കേട്ടോ…കുറേ നാളായി എന്നെ വിടാതെ പിടിച്ചേക്കുവാരുന്നു…അവളെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ലന്നേ…എനിക്കതിന് യോഗ്യത ഇല്ലെന്നൊരു തോന്നൽ…പക്ഷേ ഇപ്പോ എല്ലാം ഒരു കരയ്ക്കടുത്തു…””

അലോഷിച്ചായൻ ആദ്യമായിട്ടാണ് ഇത്രയും സംസാരിക്കുന്നത്…എല്ലാം കേട്ട് തലകുനിച്ചു നിൽക്കുന്ന കാവേരിച്ചേച്ചി കരയുകയാണെന്ന് ഞാനറിഞ്ഞു…””അമ്പടി കള്ളീ”‘എന്ന് വിളിച്ചു ഞാൻ ഇക്കിളിയാക്കിയപ്പോൾ ആള് പൊട്ടിച്ചിരിക്കുകയാണ്…

പിന്നെയും ഒരുപാട് സംസാരിച്ചു അമ്മയുടെ പ്രിയ ശിഷ്യനോട് മകൾക്ക് തോന്നിയ അനുരാഗത്തിന്റെ കഥകൾ ഒക്കെ വള്ളി പുള്ളി വിടാതെ എന്നോട് പറഞ്ഞു തന്നു…

ഐ പി എസ് ആണ് ഇഷ്ടമെന്ന്…ആ രൂപം കൊണ്ടും ഭാവം കൊണ്ടുമെല്ലാം ആൾക്ക് അതാണ്‌ ചേരുന്നതും…ട്രെയിനിങ്ങിന് പോകും മുന്നേ മനസമ്മതം നടത്തുന്നുണ്ടെന്നും ഇരു വീട്ടുകാരും ജാതിയുടെയും മതത്തിന്റയും അതിർവരമ്പുകൾ അവിടെ കാര്യമാക്കിയില്ല എന്നും ഞാനറിഞ്ഞു….

“”വരുന്ന ഞായറാഴ്ചയാണ് മനസ്സമ്മതം…രണ്ട് ദിവസം മുന്നേ ഞാൻ വരും പല്ലവിയെ കൂട്ടാൻ””

അലോഷിച്ചായന്റെ വാക്കുകൾ വല്ലായ്മ്മയോടെ ഞാൻ കേട്ടു നിന്നു…

“”രണ്ടാളും എന്നോട് പിണങ്ങല്ലേ…കുറച്ചുകൂടി സമയം എനിക്ക് തരണം…പക്ഷേ നിങ്ങളുടെ കല്യാണത്തിന് ഈ പല്ലവി അവിടെ ഉണ്ടാകും..”

എന്റെ വാക്കുകൾ കേൾക്കെ അവരുടെ മുഖം മങ്ങിയെങ്കിലും മറുത്തൊന്നും അവർ പറഞ്ഞില്ല…നിർബന്ധിച്ചതുമില്ല…

എന്റെ വലതു കൈവിരലിൽ നിന്നും ആ സ്വർണ്ണമോതിരം ഊരിയെടുത്ത് കാവേരിച്ചേച്ചിയുടെ വിരലിലേക്ക് ഞാൻ ഇട്ടുകൊടുത്തു…

“”എന്റെ സമ്മാനമാ ഇത്… ഇപ്പൊ വേറൊന്നും ഇല്ലാട്ടോ എന്റെ ചേച്ചിക്ക് തരാനായിട്ട്…””പറഞ്ഞു തീരും മുന്നേ ആ കൈകൾ എന്നെ അടക്കിപിടിച്ചിരുന്നു…

പോകാനായി യാത്ര പറഞ്ഞു തിരിഞ്ഞതും വീണ്ടും എന്തോ ഓർത്തപ്പോൾ അവർക്കു പിന്നാലെ ഞാൻ ഓടിയെത്തി…എന്റെ കിതപ്പ് കാൺകെ എന്താണെന്നുള്ള ആധിയോടെ അവർ നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു…

“”എന്റെ ജെനിയെക്കൂടി സിദ്ധുഏട്ടന് കൊടുത്തേക്കണേ…””

ആ നിമിഷം അങ്ങനെ പറയാനാണെനിക്ക് തോന്നിയത് ഇരുവരും വിശ്വാസം വരാത്ത പോലെ എന്നെ നോക്കി നിൽക്കുന്നത് ഞാനറിഞ്ഞു…

“” പല്ലവി എന്താ ഈ പറയുന്നേ…സിദ്ധുവോ…””

അലോഷിച്ചായന്റെ കണ്ണുകൾ കുറുകി…

“”അതെ.. സിദ്ധുഏട്ടന് ജീവനാ അവളോട്‌…കുറവുകൾ കണ്ടിട്ടുള്ള സഹതാപം കൊണ്ടൊന്നുമല്ലാട്ടോ…ആ മനസ്സ് എനിക്ക് അറിയാം…ഒരുകണക്കിന് എന്റെ ജെനി ഭാഗ്യവതിയാ സിദ്ധുവേട്ടൻ ആ ഉള്ളം കയ്യിൽ കൊണ്ട് നടന്നോളും…അവരെ പിരിക്കല്ലേ അലോഷിച്ചായാ…””

ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിൽക്കുന്ന ആളുടെ മനസ്സ് പിടയുന്നത് അറിഞ്ഞിട്ടാകാം കൈകളിൽ കാവേരിച്ചേച്ചി ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു…

“”ഒരുപാട് ഇഷ്ട്ടപ്പെട്ടിട്ട് ആ ഹൃദയവും പറിച്ചു തന്ന് സ്നേഹിച്ചിട്ട്….ഒരിക്കലും ഒന്നാകാതെ പോകുന്ന വേദന ഉണ്ടല്ലോ…അത് അനുഭവിക്കാൻ പറ്റത്തില്ല…സഹിക്കാനാകാതെ ഓരോ നിമിഷവും നീറി നീറി ഇങ്ങനെ ജീവിക്കേണ്ടിവരും….

ഈ എന്നെപ്പോലെ…””

വയ്യെനിക്ക്…ഓർമ്മയുടെ കനൽ കൂമ്പാരങ്ങൾ കരളിൽ തെറിച്ചു വീണ് പൊള്ളിയടരുന്നു…ഹൃദയം പൊട്ടുന്ന വേദനയോടെ നെഞ്ചോരം കൈചേർത്ത് ഞാൻ വിങ്ങി കരഞ്ഞുകൊണ്ട് തിരികെ നടന്നു…

കാത്തിരിക്കണേ….