മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഹൃദയനോവിന്റെ തീഗോളം ഉടലാകെ പടർന്നു ചുട്ടുപൊള്ളുന്നു…
“””അറിയാതെ പറഞ്ഞു പോയതാണെന്ന്…അറിയാതെ ചെയ്തുപോയതാണെന്ന്…”””
അതെ, ഒന്നും നിനക്കറിയില്ല സൂരജ്……..നിന്റെ ദേഷ്യത്തിനും വാക്കുകൾക്കും ഇരയായി ഉടലോടെ കത്തിയമർന്നൊരു ജീവൻ എന്നിലും അപമാനം പേറി ജീവിക്കുന്നെണ്ടെന്ന്…സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണ നിനക്ക് എന്റെ വേദനകളെ തിരിച്ചറിയാൻ ഈ ജന്മം സാധിക്കുകയുമില്ല….
എന്റെ ചിന്തകൾ പോലും സൂരജിന്റെ വാക്കുകളോട് മൗനമായി പ്രതിഷേദിച്ചു തുടങ്ങി…അവനെ വെറുക്കാൻ എന്റെ മനസ്സിനോട് തന്നെ ഞാൻ നൂറു നൂറു ന്യായങ്ങൾ നിരത്തിത്തുടങ്ങി….
പാടവരമ്പത്ത് നിന്നും ഇടവഴിയിലേക്ക് വേഗത്തിൽ നടന്നു കയറുമ്പോളും അവൻ തന്ന നോവിന്റെ നീറ്റൽ എന്നിൽ പുകയുന്നുണ്ടായിരുന്നു….ഒതുക്കുകല്ലുകൾ കയറിയതും എന്നെയും കാത്തെന്നോണം അമ്മ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു….
ഓടിച്ചെന്നു വിങ്ങലോടെ ആ നെഞ്ചിൽ മുഖമൊളിപ്പിച്ചു ഞാൻ എന്റെ വിഷമങ്ങൾ അമ്മയോട് പങ്കുവച്ചു…എല്ലാമറിഞ്ഞാൽ എന്നേക്കാൾ ആ നെഞ്ച് നോവുമെന്ന് അറിയാമെങ്കിലും പകുത്ത് നൽകിയില്ലെങ്കിൽ എന്റെ സങ്കടങ്ങളുടെ ഭാരം താങ്ങാനാകാതെ ഞാൻ പിടഞ്ഞുപോകുമെന്ന് തോന്നിപ്പോയി..
ഒരു വിറയലോടെ എന്റെ പുറം മേനിയിൽ തഴുകുന്ന അമ്മയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു…എന്റെ അനുഭവങ്ങൾ കേട്ട് ആ മനസ്സുമൊന്ന് പിടഞ്ഞു കാണണം….
“”അയ്യേ അമ്മേടെ പവിക്കുട്ടി ഇത്രേ ഉള്ളൂ…ആ പയ്യൻ എന്തൊക്കെയോ വേണ്ടാത്തത് പറഞ്ഞെന്നും വച്ച്….നീ എന്നും ഈ അമ്മേടേം അച്ഛന്റേം രാജകുമാരിയാ…വിയർപ്പ് പൊടിയാത്ത ഒരു ചില്ലിക്കാശ് പോലും ആരോടും കൈനീട്ടി വാങ്ങാത്തിടത്തോളം കാലം അവനും നമ്മളും എല്ലാം തുല്ല്യരാണ് മോളെ…പിന്നെ ദൈവത്തിന്റെ കോടതിയിൽ വലിയവനും ചെറിയവനും ഒന്നും ഇല്ലാട്ടോ…ഇതൊക്കെ ഓർത്ത് സങ്കടപ്പെട്ട് എന്റെ കുട്ടി ആർക്ക് മുന്നിലും തോറ്റ് പോകരുത്…””
അതും പറഞ്ഞ് അമ്മ എന്നെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നപ്പോൾ ആ വാക്കുകൾ തന്ന ഊർജ്ജം എന്നിൽ പടരുന്നതും ഒപ്പം സൂരജ് എന്ന പേരിനോടുള്ള വെറുപ്പും ഇഷ്ടക്കേടും എന്നിൽ ഉടലെടുക്കുന്നതും ഞാനറിഞ്ഞു…അവന് ചുറ്റും വട്ടമിട്ടു പറക്കുന്ന എന്റെ ഹൃദയചിറകുകളെ ഞാൻ അരിഞ്ഞു വീഴ്ത്തി…
അതേ സമയം തന്റെ മുറിയുടെ പുറത്തേക്കുള്ള ബാൽക്കണിയിൽ പേരറിയാത്ത നൂറു വികാരങ്ങളിൽ പൊതിഞ്ഞു അസ്വസ്ഥനായി നിൽക്കുകയാണ് സൂരജ്…പുകച്ചു തീർത്ത നാലാമത്തെ സിഗററ്റിന്റെ കുറ്റിയും ആഞ്ഞു വലിച്ചവൻ നിലത്തേക്കെറിഞ്ഞു….കൈവരിയിൽ ചേർത്തു വച്ച ഇരുകൈകളും ഇടയ്ക്കിടെ ദേഷ്യത്തോടെ മുറുകുന്നുമുണ്ട്…
വിങ്ങലോടെ തനിക്കുമുന്നിൽ ഏങ്ങികരയുന്ന പല്ലവിയുടെ മുഖം…തന്റെ അപമാനവും പരിഹാസവും താങ്ങാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് വരാന്തയിലൂടെ ദൂരേക്ക് ഓടിയകന്ന ആ പാവം പെണ്ണിനോട് എന്താണ് തനിക്കിത്രയും ദേഷ്യം…അറിയില്ല…ശക്തമായൊരു കാരണം നിരത്തി തന്റെ പ്രവർത്തികളെ ന്യായീകരിക്കാനാകാതെ അവൻ പിടഞ്ഞു…
എല്ലാവരോടും ദേഷ്യവും വാശിയുമാണ്…
നിഷേധിക്കപ്പെട്ട മാതൃസ്നേഹത്താൽ മുരടിച്ച മനസ്സിൽ ആ സ്നേഹത്തിനു പകരം പണവും സുഖസൗകര്യങ്ങളും വച്ച് നീട്ടിയ പിതാവ്…
അവനെ നിയന്ത്രിക്കുവാനോ സ്നേഹപൂർവ്വം ശാസിച്ചു നിർത്തുവാനോ ആരും ഇല്ലായിരുന്നു… തന്റെ വളർച്ചയ്ക്കൊപ്പം ആഗ്രഹങ്ങൾ എല്ലാം പണം കൊടുത്ത് നേടിയെടുക്കുമ്പോൾ ആരുടേയും വികാരങ്ങളെ മാനിക്കാനോ അന്യന്റെ വേദനകളെ മനസ്സിലാക്കുവാനോ സാധിച്ചിട്ടില്ല…
സ്നേഹം എന്തെന്ന് അറിയാത്തതിനാൽ തിരികെ നൽകാനും അറിയില്ല…
എങ്കിൽ പോലും ആരെയും പണം കൊണ്ട് തൂക്കി നോക്കി വിലയിട്ടിട്ടില്ല ഇതുവരെ… കാരണമില്ലാതെ ആരെയും മനപൂർവ്വം വേദനിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല….
പക്ഷേ താൻ പല്ലവിയോട് പറയുന്നതും ചെയ്യുന്നതുമൊക്കെ എന്തിന് വേണ്ടി….
ജന്മാന്തരങ്ങൾക്ക് പിന്നിൽ തന്റെ ശത്രുപക്ഷത്തായിരുന്നോ അവൾ…അതോ കാരണമില്ലാതെ അടിഞ്ഞുകൂടുന്ന വെറുപ്പിന്റെ അവസാനം നീയില്ലാഴ്മയിൽ ഒരു പ്രണയവിപ്ലവത്തിന്റെ കൊടിനാട്ടുവാനുള്ള തുടക്കമാണോ ഇതെല്ലാം….
കുമിഞ്ഞു കൂടുന്ന ചിന്തകൾ അവന്റെ മനസ്സിനെ തളച്ചിടുമെന്നായപ്പോൾ അവൻ ഒരാശ്രയത്തിനായി ദേവർമഠത്തിലേക്ക് പോകാനിറങ്ങി…
“മോളെ അച്ഛന് തീരെ വയ്യാന്ന് തോന്നുന്നു…”
രാവിലെ അമ്മയുടെ വ്യഥപൂണ്ട സ്വരം കേട്ടാണ് ഞാനുണർന്നത്….
വെപ്രാളത്തോടെയാണ് മുറിയിലേക്ക് കയറിപ്പോൾ കണ്ണുതുറക്കാതെ ചുട്ടുപൊള്ളുന്ന ചൂടിൽ ആലിലപോലെ വിറയ്ക്കുന്ന അച്ഛന്റെ ശരീരം കണ്ട് ഞാൻ ഭയന്നു….
മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഏറെ പരിചിതമായ ആശുപത്രി വാസം വീണ്ടും ഞങ്ങളുടെ ജീവിതത്തിൽ പുനരാരംഭിച്ചു…
*****************************
അന്നേദിവസം ക്ലാസ്സിലേക്ക് കയറിവന്ന സൂരജിന്റെ കണ്ണുകൾ പതിവില്ലാതെ ബഞ്ചിന്റെ മറ്റേ അറ്റത്തേക്ക് ഇടക്കിടക്ക് പല്ലവിയെ തേടാനെന്നോണം നീളുന്നുണ്ടായിരുന്നു…
അവളുടെ ശൂന്യതയിൽ എവിടെയോ കുറ്റബോധത്താൽ അവന്റെ ഹൃദയഭാരം ഏറിത്തുടങ്ങി…
മനസ്സിൽ നിന്നും മായ്ച്ചുകളഞ്ഞതെല്ലാം അനുവാദമില്ലാതെ അവനിലേക്ക് പാഞ്ഞുവന്നു..
ഇതേ ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നിർത്തി, താൻ അപമാനിച്ചു ആട്ടിയകറ്റിയ പല്ലവിക്ക് വേണ്ടി അവന്റെ ഹൃദയമിടിപ്പുകൾ നിയന്ത്രണമില്ലാതെയായി…
നിറകണ്ണുകളോടുകൂടിയ ആ നിഷ്കളങ്കമായ മുഖം അവന്റെ മനസ്സിലേക്ക് ഇടവേളകൾ ഇല്ലാതെ കടന്നുവരുന്നു…
ഒരുകൂട്ടം ചെറുപ്പക്കാർക്കിടയിൽ അപമാനിതയായി ഭയത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ഒരാശ്രയത്തിനെന്നോണം തന്റെ പേര് വിളിച്ച ആ ദാരിദ്രവാസിപ്പെണ്ണിന്റെ മുഖം അവനെ നിരന്തരം ശല്യപ്പെടുത്താൻ തുടങ്ങി…
അഴകുറ്റ അംഗലാവണ്യങ്ങളോടെയും മെയ്വഴക്കത്തോടെയും ചടുലമായി നൃത്തമാടുന്ന ആ ഐശ്വര്യമുള്ള മുഖവും നോട്ടവും ഇടതടവില്ലാതെ വീണ്ടും മനസ്സിലേക്ക് വന്നുപോകുന്നു…
പല തവണ വാക്കുകൾ കൊണ്ട് ക്രൂരമായി അവളുടെ മനസ്സിനെ മുറിവേൽപ്പിക്കുമ്പോഴും, ഒന്നും എതിർത്ത് പറയാതെ ആ കലങ്ങിയ ഉണ്ടക്കണ്ണുരുട്ടി തന്നെ നോക്കി നിൽക്കുന്ന ആ പാവം പെണ്ണിന്റെ മുഖം ഒരു നെരിപ്പോടായി അവന്റെ നെഞ്ചിൽ നീറിപ്പുകയുന്നു..
തിളച്ചുപൊന്തിയ ഈഗോയാൽ ആ ചിന്തകളെ എല്ലാം അവൻ വെറുപ്പോടെ ആട്ടിയകറ്റാൻ വീണ്ടും പണിപ്പെട്ടു…
അവളുടെ അഭാവത്താൽ ശൂന്യമായ ഈ ബഞ്ചിന്റെ ഒരറ്റം ഇത്രമാത്രം തന്നെ തളർത്താൻ തുടങ്ങിയിരിക്കുന്നുവോ…അതോ അവളോട് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളിൽ അവളുടെ കണ്ണീരിനോടുള്ള സഹതാപമോ ഇതെല്ലാം…
ഉത്തരമില്ലാത്ത ചോദ്യങ്ങളും അവളില്ലായ്മയിൽ നോവുന്ന മനസ്സുമായി ദേഷ്യത്തോടെ കോളേജിൽ നിന്നുമവൻ പുറത്തേക്കിറങ്ങി…
ദേവർമഠത്തിലേക്കുള്ള മൺപാതയിലൂടെ ബുള്ളറ്റിൽ പായുമ്പോളും കണ്ണുകൾ വഴിയോരങ്ങളിലേക്കും, നീണ്ട വയൽ വരമ്പുകളിലേക്കും ആരെയോ തേടി അലഞ്ഞുകൊണ്ടിരുന്നു….മനസ്സ് പറയുന്നത് കണ്ണുകൾ അനുസരിക്കുന്നില്ല….
പിന്നീടുള്ള ദിവസങ്ങളിൽ അച്ഛനൊപ്പം ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നതിനാൽ കോളേജിലോ ജോലിക്കൊ ഒന്നും പോകാൻ പല്ലവിക്ക് കഴിയുന്നുണ്ടായിരുന്നില്ല…
ഇടയ്ക്കിടെ അനുവാദമില്ലാതെ വന്നുപോയ സൂരജിന്റെ മുഖം വെറുപ്പിൽ പൊതിഞ്ഞ് ദൂരേക്കെറിയാൻ അവൾ ശ്രമിച്ചു…
ജെനിയെ കാര്യം അറിയിച്ചപ്പോൾ കോളേജ് വിട്ട് അലോഷിക്കൊപ്പം ആശുപത്രിയിലേക്ക് വന്ന അവളെ ഞാൻ ഇറുകെ പുണർന്നു…അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…
ഉറങ്ങിക്കിടക്കുന്ന അച്ഛനെ നോക്കിയ അവർ ഇരുവരുടെയും മുഖം വിഷാദചുവയാൽ മങ്ങുകയും ദയനീയമായി എന്നിലേക്ക് ആ കണ്ണുകൾ നീളുകയും ചെയ്തു…
“”സാരമില്ല, കൊച്ച് വിഷമിക്കണ്ടന്നേ,എല്ലാം നേരെയാകും കേട്ടോ…””
ഇരു കണ്ണും അടച്ച് ചിരിയോടെ അലോഷി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
അവർ കൊണ്ട് വന്ന ഫ്രൂട്ട്സ് നിറച്ച കവർ മേശയ്ക്ക് മുകളിൽ വച്ചിട്ട് ജെനിയോട് എനിക്കൊപ്പമിരിക്കാൻ പറഞ്ഞു അയാൾ പുറത്തേക്ക് പോയി…
സൂരജിനെപ്പറ്റിയുള്ള കാര്യങ്ങൾ ജെനിയോടും പങ്കുവച്ചപ്പോൾ അവളുടെ മുഖത്തും അവനോടുള്ള ദേഷ്യം അടിഞ്ഞുകൂടുന്നത് ഞാൻ ശ്രദ്ധിച്ചു…സമാധാനിപ്പിക്കാനെന്നോണം അവളുടെ കൈകളാൽ എന്റെ വിരലുകൾ ചേർത്തു പിടിച്ചു…
കോളേജിൽ തൽക്കാലം ആരോടും പറയേണ്ട എന്നും അനുരാധ ടീച്ചറോട് ഞാൻ ഫോണിൽ മെസ്സേജ് അയച്ചു കാര്യം പറയാമെന്നും ജെനിയോട് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു..
സൂപ്പർമാർക്കറ്റിലേക്ക് വിളിച്ചു ഞാൻ ലീവ് പറഞ്ഞു…ദേവർമഠത്തിൽ എണ്ണമറ്റ അതിഥികളുടെ തിരക്കുകൾ ഉണ്ടായതിനാൽ അമ്മയെ നിർബന്ധിച്ചു അവിടേക്ക് പറഞ്ഞയച്ചു…സാഹചര്യങ്ങൾ സങ്കീർണ്ണമാണെങ്കിലും ഹോസ്പിറ്റൽ ബില്ലുകൾ കെട്ടാൻ അമ്മയുടെ ഈ മാസത്തെ ശമ്പളം മുൻകൂർ വാങ്ങാതെ മറ്റു പോംവഴികൾ ഞങ്ങൾക്ക് മുന്നിൽ ഇല്ലായിരുന്നു…
രണ്ട് ദിവസങ്ങൾ പിന്നിട്ട് മൂന്നാം ദിവസവും പല്ലവിയുടെ അഭാവം സൂരജിന്റെ മനസ്സിൽ ആശങ്കകൾ വർദ്ധിപ്പിച്ചു…ഇത്തരം വികാരങ്ങൾക്കൊന്നും ഒരിക്കലും അടിമപ്പെട്ടിട്ടില്ലാത്ത മനസ്സ് ഇന്ന് ചരട് പൊട്ടിയ പട്ടം പോലെ കാറ്റിൽ ആടിയുലയുന്നു…
കുറ്റബോധമോ സഹതാപമോ അലിവോ സ്നേഹമോ മൊട്ടിടാത്ത ആർക്കും പ്രവേശനമില്ലാത്ത കരിങ്കൽ ഭിത്തികൾ പോലെ ഉറച്ച തന്റെ മനസ്സിൽ പേരറിയാത്ത പല വികാരങ്ങളും അണപൊട്ടി ഒഴുകുന്നു…
പല്ലവി…അവളാണോ ഇതിന് കാരണം…
തനിക്കിതെന്താണ് പറ്റിയതെന്ന് പോലും തിരിച്ചറിയാനാകാതെ ദേഷ്യത്തോടെയവൻ ഓരോ ദിവസവും തള്ളിനീക്കി…
ആരോടാണ് ഒന്ന് അവളെപ്പറ്റി തിരക്കുക…ജെനിയോട് ചോദിച്ചാലോ… വേണ്ടാ…എന്തോ ഒന്ന് അവനെ പിറകോട്ടു വലിക്കുന്നു….
തന്റെ പ്രവർത്തികൾ അവളെ അത്രമേൽ ബാധിച്ചിട്ടുണ്ടാവുമോ…ആ നോവിലാകുമോ അവൾ കോളേജിലേക്ക് വരാതിരുന്നത്….
മറ്റൊന്നിലേക്കും കേന്ദ്രീകരിക്കാനാകാതെ ദിവസങ്ങളായി പിടിവിട്ടകലുന്ന സൂരജിന്റെ മനസ്സ് ആശങ്കകളാൽ നിറഞ്ഞു…
സഹികെട്ട് ഒരു ദിവസം വൈകുന്നേരം പല്ലവിയെ തേടി സൂരജ് സുപ്പർമാർക്കറ്റിലും എത്തി..അവളുടെ സ്ഥാനത്തു മറ്റൊരു മുഖം കണ്ടതും നിരാശയ്ക്കൊപ്പം ദേഷ്യവും അവനിൽ പതഞ്ഞു പൊങ്ങി….
°°°°°°°°°°°°°°°°°
അച്ഛന്റെ ആരോഗ്യസ്ഥിതി നേരിയ മാറ്റം വന്നു തുടങ്ങിയതിനാൽ ഇനിയും ഹോസ്പിറ്റലിൽ തുടരേണ്ടതില്ലന്നും വീട്ടിലെ പരിചരണങ്ങൾ മതിയാകുമെന്നും ഡോക്ടർ പറഞ്ഞപ്പോൾ അച്ഛനെ ഡിസ്ചാർജ് ചെയ്തു…..
സൂരജാൽ മനസ്സിനേറ്റ മുറിവുകൾ എന്നിൽ ഉണങ്ങിത്തുടങ്ങി…ഓർമ്മകൾ എന്നിലേക്ക് വന്നടിയുമ്പോൾ ഞാൻ മറവികൾക്കൊപ്പം കൂടും…
ദിവസങ്ങൾ പലതും ആശുപത്രിയിൽ ചിലവഴിച്ചും ഉറക്കമൊഴിച്ചും ആകെ ക്ഷീണിതയായിരുന്നു ഞാൻ…വന്നയുടനെ അച്ഛനുള്ള മരുന്നു കൊടുത്തു് മയങ്ങാനായി കിടന്നു…..
അടുത്ത ദിവസം നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷം ഞാൻ കോളേജിലേക്ക് പോകാനിറങ്ങി…
ക്ലാസ്സിലേക്ക് കയറിച്ചെന്നതും എന്റെ കണ്ണുകൾ അറിയാതെ പോലും സൂരജിനെയോ ആ ബഞ്ചിനെയോ തേടിപ്പോകാതെയിരിക്കാൻ ഞാൻ ശ്രമിച്ചു…
ആരിൽ നിന്നും ചോദ്യങ്ങൾ ഒന്നും ഉയർന്നില്ല എങ്കിലും കുറച്ച് ദിവസം കാണാതിരുന്നതിനാലാകും ചില മുഖങ്ങൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…
എന്നെ കാൺകെ നിറചിരിയോടെ ഇരിക്കുന്ന ജെനിക്കരികിലേക്ക് ചെന്ന് അവൾക്കടുത്തായി ഇരുന്നതും ആ മുഖത്തു തെളിഞ്ഞ അമ്പരപ്പ് ആ ക്ലാസ്സ് മുറിയിലെ മറ്റു പലരിലേക്കും വ്യാപിക്കുന്നത് ഞാനറിഞ്ഞു…
അതേ ആദ്യപടി…സ്ഥാനമാറ്റം…സൂരജിനരികിൽ ഇരിക്കാൻ പോലും യോഗ്യത ഇല്ലാത്തവളല്ലേ ഈ പല്ലവി…ആദ്യം അവിടെ നിന്നും ജെനിക്കരിലേക്ക് ഞാൻ മാറി…നമ്മളെ സ്നേഹിക്കുന്നവരിലേക്കും നമ്മുടെ സാമിപ്യം ആഗ്രഹിക്കുന്നവരിലേക്കുമാണ് നമ്മൾ എത്തിച്ചേരേണ്ടത്…കഴിഞ്ഞ ചില ദിവസങ്ങളിൽ അവൻ പഠിപ്പിച്ച പാഠം ഞാൻ എന്നിലേക്കൊന്ന് പകർത്തി…
ഇനിയാ കൺ വെട്ടത്തു പോലും ചെല്ലുകയില്ല എന്ന തീരുമാനം ഞാൻ എന്നിൽ ഊട്ടിയുറപ്പിച്ചു…സങ്കടപ്പെടാനും അവൻ തരുന്ന അപമാനങ്ങൾ താങ്ങാനും ഇനിയെന്റെ ഹൃദയത്തിൽ ഒരിടം അവശേഷിച്ചിരുന്നില്ല…
കുറേ ദിവസമായി സൂരജ് ക്ലാസ്സിലേക്ക് വരാറില്ലെന്നും വന്നാൽ പോലും പതിവിലും ഗൗരവം നിറഞ്ഞ ഭാവത്താൽ ഒന്നോ രണ്ടോ പിരീഡുകൾ തള്ളി നീക്കി തിരികെ പോകുമെന്നും ആംഗ്യങ്ങളിലൂടെ പറഞ്ഞ ജെനിയെ നോക്കി ഞാൻ ഭാവഭേദമില്ലാതെ ഇരുന്നു…
ആദ്യപീരീഡ് അവസാനിച്ചു…ക്ലാസ്സിൽ അല്പം കൂടി ശ്രദ്ധയോടെ ഇരിക്കാൻ പതിവില്ലാതെ ഞാനൊന്ന് ശ്രമിച്ചു നോക്കി…. അതെ.. ഒരു മാറ്റം അനിവാര്യമാണെന്ന് എന്നെ സാഹചര്യങ്ങൾ പഠിപ്പിച്ചു തുടങ്ങിരിക്കുന്നു…
കുറച്ച് സമയത്തിന് ശേഷം എന്തോ അറിഞ്ഞെത്തിയപോലെ ക്ലാസ്സിലേക്ക് പാഞ്ഞിരച്ചു കയറി വന്ന സൂരജ്, വാതിലിന്റെ മുന്നിൽ നിന്നുതന്നെ പ്രതീക്ഷയോടെ അവന്റെ ബഞ്ചിനടുത്തേക്ക് നോക്കുകയാണ് …
കുറേ നാളുകൾക്ക് ശേഷം കണ്ടതുകൊണ്ടാകാം മനസ്സിനുള്ളിൽ ആവാഹിച്ചു തളച്ച ഓർമ്മകൾ എന്നിൽ നിന്നും പറിഞ്ഞിളകുന്ന പോലെ…എന്നെ കണ്ടിരുന്നില്ല എങ്കിലും ആ മുഖത്തേക്ക് എന്റെ കണ്ണുകൾ അനുവാദമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു….
താടിയും മുടിയും ചീകിയൊതുക്കാതെ അലസമായ തുറന്നിട്ട മുഷിഞ്ഞ ഷർട്ടും, മുണ്ടുമായി വല്ലാത്തൊരു രൂപമാറ്റം അവനിൽ കണ്ടതും പേരറിയാത്തൊരു കുഞ്ഞുനൊമ്പരം എന്നിൽ ഉണരുന്നു…
പ്രതീക്ഷിച്ചതെന്തോ കണ്ടുകിട്ടാത്ത പോലെ അവനിൽ എടുത്തണിഞ്ഞ ഗൗരവത്തിന്റെ മുഖംമൂടി വീണ്ടും ദേഷ്യത്താൽ കടുക്കുന്നതുപോലെ….കാര്യമായ എന്തോ ആ മനസ്സിൽ തറഞ്ഞിരിക്കുന്നു എന്നും അല്ലെങ്കിൽ ഇത്രയും ദിവസങ്ങൾക്കിടയിൽ ഇതുപോലൊരു ഭാവം അവനിൽ കണ്ടിട്ടില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ആശങ്കയോടെ ഞാനിരുന്നു…
പ്രതീക്ഷിച്ചതെന്തോ കാണാത്ത പോലെ അവൻ നിരാശയോടെ മുഖം തിരിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും ഒരു കണ്ണാലെ എന്നെ കണ്ടതും ഒരുമിച്ചായിരുന്നു…
അടുത്ത നിമിഷം ആ കണ്ണുകൾ വിടരുന്നതും ചുണ്ടിൽ സന്തോഷത്തിന്റെ പുഞ്ചിരി മൊട്ടിടുന്നതും ആദ്യമായി ഞാൻ കണ്ടു…
ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചുകൊണ്ടു എന്നിലേക്ക് ഭ്രാന്തമായി തറഞ്ഞു നിൽക്കുന്ന ആ തീഷ്ണതയുള്ള കണ്ണുകളെ നേരിടാനാകാതെ ഞാൻ മുഖം തിരിച്ചു ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു…
അപ്രതീക്ഷിതമായി എന്റെ കൈത്തണ്ടയിൽ ജെനി അമർത്തി നുള്ളിയ വേദനയിൽ മുഖം ചുളിച്ചു എന്താണ് എന്നർത്ഥത്തിൽ ഞാൻ തിരിഞ്ഞപ്പോൾ…അവൾ മുന്നിലേക്ക് നോക്കാൻ കണ്ണു കാണിച്ചു…
ഒന്നുകൂടി പാളി നോക്കിയതും ഒരു ഒരു ചലനവും ഇല്ലാതെ ഹൃദ്യമായ ചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ് സൂരജ് ….
അവനായി എന്റെ ചുണ്ടിൽ വിടർന്നു വരുന്ന പുഞ്ചിരിയെ ഞാൻ ശാസനയോടെ അടക്കി നിർത്തി…
ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം അവന്റെ കണ്ണുകളുടെ ലക്ഷ്യസ്ഥാനവും ഒരിക്കലും ആർക്കും വേണ്ടി പൂക്കാത്ത ആ ചുണ്ടുകളിൽ ഇന്ന് വിടർന്ന ചിരിയുടെ കാരണവും തേടി എന്നിലേക്ക് എത്തപ്പെട്ടു….ആ മുഖങ്ങളിൽ എല്ലാം അതിശയം നിറയുന്നത് ഞാനറിഞ്ഞു…
എന്നാൽ അടുത്ത നിമിഷം സൂരജിന്റെ മുഖം മങ്ങുകയും ചിരി മായുകയും ചെയ്തു ….
എന്റെ ബാഗിലേക്കും ശൂന്യമായ അവന്റെ ബഞ്ചിന്റെ ഒരറ്റത്തേക്കും സഞ്ചരിച്ച അവന്റെ കണ്ണുകൾ ഒരു പിടച്ചിലോടെ എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് പോകുന്നത് നോക്കി ഞാനിരുന്നു…
എന്താണ് ഇവന് സംഭവിച്ചത്…ഇത്രയും ദിവസത്തിനിടയിൽ ഇതുപോലൊരു മാറ്റം സൂരജിന് സംഭവിക്കാൻ ഇടയായ കാര്യകാരങ്ങൾ തേടി അലഞ്ഞ എന്റെ മനസ്സ് ഉത്തരം കിട്ടാതെ ശൂന്യതയിൽ വീർപ്പുമുട്ടി…
അന്ന് ഉച്ചക്ക് ശേഷം സൂരജ് ക്ലാസ്സിലേക്ക് വീണ്ടും കയറിവന്നു …പല്ലവി തിരികെയെത്തിയതിൽ പിന്നെ അവൻ ഓരോ നിമിഷവും വളരെയധികം സന്തോഷവാനായിരുന്നു…ദിവസങ്ങൾക്കു മുൻപ് പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിന്നും ഓടിയകന്ന പല്ലവിക്കൊപ്പം ചിതറിപ്പോയൊരു മനസ്സുമായി അലയുകയായിരുന്നു അവനും…
എന്നാൽ അവളില്ലായ്മയിൽ ശൂന്യമായ ബഞ്ചിന്റെ ഒരറ്റം അവനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു…ഇടയ്ക്കിടയ്ക്ക് പാറി വീഴുന്ന തന്റെ കണ്ണുകളെ പറിച്ചെടുക്കാനാകാതെ അവളിലേക്ക് വേരൂന്നുന്നതിന്റെ അർത്ഥതലങ്ങൾ അവനും തേടുകയായിരുന്നു…
അവളുടെ ഈ ചെറിയ മൗനവും അവഗണയും പോലും തനിക്ക് താങ്ങാനാകുന്നില്ലെന്ന് അവൻ അറിഞ്ഞു…ഉറവപൊട്ടുന്ന ഈ വികാരങ്ങളുടെ കാരണങ്ങൾ തേടാനോ അവളിലേക്ക് പാഞ്ഞുകുതിക്കുന്ന തന്റെ മനസ്സിനെ തളച്ചിടാനോ സൂരജ് തയ്യാറായില്ല…
ഉള്ളിന്റെ ഉള്ളിൽ ആർത്തിരമ്പുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കാലം കോറിവരച്ചിടുമെന്നറിയാതെ അവന്റെ മനസ്സിനൊപ്പം കണ്ണുകളും പല്ലവിയെ മാത്രം വലയം ചെയ്തു തുടങ്ങി…
പിന്നീടുള്ള ദിവസങ്ങളിലെല്ലാം ജെനിക്കൊപ്പം എല്ലാം മറന്നു സ്വസ്ഥമായി ചിരിയോടെ മൗനമായി സൗഹൃദം പങ്കിടുന്ന പല്ലവിയെ കൗതുകത്തോടെ കാണുകയായിരുന്നു സൂരജ്…
വെറുപ്പോടെ മാത്രം താൻ നോക്കിയിരുന്ന ആ പെൺകുട്ടിയോട് ഇന്ന് ഒരു വാക്കെങ്കിലും സംസാരിക്കാൻ വിങ്ങുന്ന ഹൃദ്യയവും അവളെ മാത്രം കാണാൻ കൊതിക്കുന്ന കണ്ണുകളും…
അവളോട് തോന്നിയത് സഹതാമാണോ….അല്ല…
കുടിലതകൾ നിറഞ്ഞ ലോകത്ത് നിഷ്കളങ്കമാർന്ന ഒരു കൊച്ചു കുഞ്ഞിന്റെ മുഖവുമായി കാപട്യങ്ങളുടെ മേൽച്ചട്ടകളില്ലാത്ത ഒരു പെണ്ണ്… അവളെ അറിയാൻ ശ്രമിച്ചപ്പോൾ അവളുടെ സങ്കടങ്ങളും നന്മകളും കണ്ടപ്പോൾ അവൻ കണ്ട ഒരു പെണ്ണിലും കാണാത്തതെന്തോ ഒന്ന് അവളിലുണ്ടെന്ന ബോധ്യം അവനിലുണർന്നിരുന്നു…
ലൈബ്രറിയുടെ പടവുകൾ ഇറങ്ങി ജനിക്കൊപ്പം താഴേക്ക് വന്നതും വരാന്തയുടെ തൂണിൽ ചാരി ആരെയോ അന്വേഷിച്ചെന്നോണം സൂരജ് നിൽപ്പുണ്ടായിരുന്നു….എന്നെ നോക്കി ചിരിയോടെ ജെനി അവനെ ചൂണ്ടി കാണിച്ചപ്പോൾ അവളുടെ കൈപിടിച്ച് ഞാൻ വേഗത്തിൽ ക്ലാസ്സിലേക്ക് നടക്കാനൊരുങ്ങി…
“”പല്ലവി….””
ഘനഗാംഭീര്യ ശബ്ദം ഞങ്ങളിലേക്ക് അലയടിച്ചുയർന്നു …
എന്റെ ചുവടുകൾ നിശ്ചലമാക്കി ഞാൻ തിരിഞ്ഞു നോക്കിയതും ഞങ്ങൾക്കടുത്തേക്കവൻ നടന്നു വന്നു…സ്ഥായിയായ ഗൗരവവും കണ്ണിൽ ചിരിയും ഒളിപിളിച്ചു അടുത്തേക്ക് വന്നതും വിലകൂടിയ ഏതോ പെർഫ്യൂമിന്റെ ഗന്ധം വശ്യമായി എന്നെ പൊതിഞ്ഞു…
“”ജെനി പൊയ്ക്കോ…. എനിക്ക് പല്ലവിയോട് സംസാരിക്കണം….””
ഗൗരവത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി അത് പറഞ്ഞതും എന്റെ കയ്യിൽ കോർത്തിരുന്ന ജെനിയുടെ വിരലുകൾ അടർന്നു മാറി….
“”ഒരുപാട് പറഞ്ഞും ചെയ്തും എന്നെ വിഷമിപ്പിച്ച് മതിയായില്ലേ സൂരജേ…എല്ലാം ഒന്ന് മറന്ന് വരുന്നേ ഉള്ളടോ ഞാൻ …വയ്യ എനിക്കിനീം സങ്കടപ്പെടാൻ…ഒരു ശല്യത്തിനും തനിക്ക് പിന്നാലെ ഞാനിനി വരില്ല…എന്നെ വെറുതെ വിട്ടേക്ക്.. “”
ശബ്ദം ഒന്ന് പതറിയെങ്കിലും അതും പറഞ്ഞ് ഞാൻ ജനിയുടെ കയ്യും വലിച്ചു വേഗത്തിൽ മുന്നോട്ട് നടന്നു…
ഇടയ്ക്കെപ്പോളോ തിരിഞ്ഞു നോക്കിയപ്പോൾ അവനും ദൂരേക്ക് നടന്നകന്നിരുന്നു…
തിരികെ ക്ലാസ്സിൽ വന്നപ്പോൾ എന്തെന്നില്ലാത്തൊരു മൗനം എന്നെ പിടികൂടി…. ജെനി നോക്കിയപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ കണ്ണടച്ച് കാട്ടി…
എന്തായിരിക്കും അവന് പറയാനുണ്ടാവുക…അന്ന് ചെയ്തതിൽ പശ്ചാത്താപമോ…അതും സൂരജിന്…എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…എന്നാൽ എന്റെ ആ ധാരണ മാറി മറിയുന്ന രീതിയിലായിരുന്നു പിന്നീടുള്ള അവന്റെ മാറ്റം… എവിടെ പോയാലും വിദൂരതയിൽ എവിടെയെങ്കിലും എന്നെ മാത്രം തേടുന്ന അവന്റെ കണ്ണുകൾ…ചിലപ്പോളൊക്കെ അതിശയം തോന്നും…എന്നാൽ ഒരു പ്രഹേളിക പോലെ ആ രൂപത്തെ മനസ്സിൽ നിന്നും ആട്ടിയകറ്റാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു…
ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ അവനിലേക്ക് ആകർഷിക്കപ്പെടാതെ ഞാൻ ഓടിയകലുകയായിരുന്നു…
അവളുടെ അവഗണയുടെ പൊള്ളിപ്പിടയുന്ന വേദനയിൽ അവൻ തീർത്തും അസ്വസ്ഥനായി…ഒരു നോട്ടം എനിക്കായി തന്നുകൂടെ …ഒരു വാക്ക് മിണ്ടാനോ എന്നെ കേൾക്കണോ തയ്യാറായിക്കൂടെ അവൾക്ക്…അവന്റെ മനസ്സിൽ പല്ലവിയോടുള്ള പരിഭവം നാൾക്കുനാൾ ഏറിവന്നു…എന്നാൽ ഇനിയൊരു വേദന തന്റെ വാക്കുകൾകൊണ്ടോ പ്രവർത്തികൊണ്ടോ അവൾ അനുഭവിക്കാൻ പാടില്ല എന്നതും അവൻ തീരുമാനിച്ചുറപ്പിച്ചിരുന്നു…
ഒരുദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്കു പോകുവാനായി മൺപാതയുടെ ഓരം ചേർന്ന് നടന്നു പോകുന്ന എനിക്ക് കുറുകെ തടസ്സം നിർത്തിയ ബുള്ളറ്റിൽ നിന്നും സൂരജ് ഇറങ്ങി…
ആ മുഖം ഒരൽപ്പം ദേഷ്യത്തിൽ ചുമന്നിട്ടുണ്ടെങ്കിലും ചുണ്ടിന്റെ കോണിൽ ആരും കാണാതെ ഒരു ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ട്…അവനെ കണ്ടതും ഞാൻ മുഖം കുനിച്ചു അല്പം പിന്നിലേക്ക് ഒതുങ്ങി നിന്നു…
“”എന്താ എന്നോട് മിണ്ടിയാൽ നിനക്ക്….ഏഹ്…എന്നെ ഒന്ന് നോക്കിയാൽ നിനക്കെന്താന്ന്….പറയടീ…””
വഴിയിൽ ആണെന്ന് ബോധം പോലുമില്ലാതെ എന്റെ കൈത്തണ്ടയിൽ മെല്ലെ പിടിച്ചു കുലുക്കി ഒരുതരം ദേഷ്യവും വാശിയും കലർന്ന ശബ്ദത്തിലാണ് ചോദിക്കുന്നത്…
ഞാൻ ദേഷ്യത്തോടെ മുഖമുയർത്തി അവനെ നോക്കി…
“”ഒരു സോറിയിൽ താൻ പറഞ്ഞതെല്ലാം എനിക്ക് മറക്കാൻ പറ്റുവോ സൂരജേ…എന്നോട് ചെയ്തതിനെല്ലാം പരിഹാരം ആകുവോ….””
“”പിന്നെ….പിന്നെ എങ്ങനെയാ നിന്നോട് ഞാൻ പരിഹാരം ചെയ്യേണ്ടത്…പറ””
എന്റെ ഉറച്ച വാക്കുകൾക്കുമുന്നിൽ അവന്റെ മറുചോദ്യവുമുയർന്നു…
“”ഈ ദാരിദ്ര്യവാസിയുടെ പിറകെ താനിനി വരരുത്…അത് മാത്രം മതി… “”
ഞാനത് പറഞ്ഞതും ആ കണ്ണുകൾ കുറുകി…പെട്ടന്ന് അവനിൽ വിഷാദം മൂടി ആ കണ്ണുകൾ ചുവന്നു…അവന്റെ പുത്തൻ ഭാവങ്ങളെ ഞാൻ കൗതുകത്തോടെ നോക്കിൽക്കുകയായിരുന്നു
“”പറ്റില്ല….അത് മാത്രം പറ്റില്ല…നീ എന്താച്ചാ ചെയ്യ്…””
ദേഷ്യത്തോടെ അതും പറഞ്ഞ് വേഗത്തിൽ ബുള്ളറ്റുമെടുത്തവൻ എനിക്കരികിൽ നിന്നും ദൂരേക്ക് മറഞ്ഞു….
സൂരജിന്റെ വാക്കുകൾ തന്ന അമ്പരപ്പിൽ നിന്നും എന്റെ മനസ്സ് മോചിതമാകാൻ ചില നിമിഷങ്ങൾ വേണ്ടിവന്നു…
നീയാരാണ് സൂരജ്….ക്രൂരമായ വാക്കുകൾകൊണ്ട് മനസ്സിനെ വേദനിപ്പിക്കുന്നവനോ….
ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞ് ഒറ്റയാനെപ്പോലെ ആർക്കും പിടിതരാതെ വന്യമായി ജീവിക്കുന്നവനോ …ചിലപ്പോൾ ചെറു ചിരിയോടെ സ്നേഹത്തോടെ ആശ്വാസമോതുന്നവനോ…അതോ ഒരു കൊച്ചു കുട്ടിയുടെ വാശിയോടെയും ദേഷ്യത്തോടെയും ഇപ്പോൾ എനിക്ക് മുന്നിൽ നിന്ന് അരിശത്തോടെ പാഞ്ഞുപോയവനോ…
ആ കടംങ്കഥയ്ക്ക് ഉത്തരം തേടി ഞാൻ വയൽരമ്പിലൂടെ മുന്നോട്ട് നടന്നു…
മറ്റൊരു ദിവസം രാവിലെ അനുരാധ മിസ്സിന്റെ അനുവാദത്തോടെ സിദ്ധുഏട്ടനും കാവേരിചേച്ചിയും ക്ലാസ്സിലേക്ക് വന്നു ഞാൻ ഡാൻസ് പ്രാക്ടീസിന് വേണ്ടി ചെല്ലാൻ പറഞ്ഞു..
മറന്നിരുന്ന കാര്യം വീണ്ടും ഒരു നടുക്കത്തോടെ ഓർമ്മയിലേക്ക് കടന്നു വന്നപ്പോൾ പോകാതെ നിവൃത്തിയില്ല എന്നുഞാനോർത്തു…പോയിട്ട് വരാം എന്ന ഭാവേന ജനിയെ നോക്കിക്കൊണ്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങാൻ തുടങ്ങിയതും…ജ്വലിക്കുന്ന കണ്ണുകളോടെ സിദ്ധുവേട്ടനെയും എന്നെയും മാറി മാറി നോക്കിയിരിക്കുന്ന സൂരജിനെ കാൺകെ നെഞ്ചിൽ നിറഞ്ഞു വന്ന ആശങ്കകളോടെ അവർക്കൊപ്പം ഞാൻ പുറത്തേക്കിറങ്ങി…
കുറേ സമയങ്ങൾക്ക് ശേഷം ഡാൻസ് പ്രാക്ടീസ് കഴിഞ്ഞ് തിരികെ വന്നു ബഞ്ചിലേക്ക് ഞാനിരുന്നതും ഇവിടെ ഡസ്കിന്റെ മുകളിൽ വച്ചിട്ട് പോയ എന്റെ ബാഗ് അപ്രത്യക്ഷം ആയിരിക്കുന്നു എന്ന സത്യം ഞാനറിഞ്ഞു…
ഏഹ് ഇതെന്ത് മറിമായം….ബഞ്ചിന്റെ അടിയിലും ഡസ്കിന്റെ കീഴിലും അവിടേം ഇവിടേം എല്ലാം ഞാൻ തിരക്കി…ജെനിയോട് ചോദിക്കാനായി തിരിഞ്ഞതും തല കുനിച്ചിരുന്നു അവൾ കുലുങ്ങി ചിരിക്കുന്നു….
“””അത്ശരി എടി കള്ളി നീയാണല്ലേ എന്റെ ബാഗ് ഒളിപ്പിച്ചത്….””” ഞാനത് ചോദിച്ചതും അവളുടെ കണ്ണുകൾ സൂരജിനെ ലക്ഷ്യമാക്കി ഒരു ചെറു ചിരിയോടെ നീങ്ങിയതും ഒരുമിച്ചായിരുന്നു…
അവനാണെകിൽ മൊബൈലിൽ മുഖം പൂഴ്ത്തി ഒന്നുമറിയാത്ത ഭാവത്തിൽ അവിടെ ഇരിപ്പുണ്ട്…ഞാനരിശത്തോടെ അവനടുത്തേക്ക് നടന്നു…
അവനരികിലേക്ക് ചെന്ന് നിന്നിട്ടും എന്നെ കണ്ടഭാവം അവനില്ല എന്നത് എന്നെ ചൊടിപ്പിച്ചു…എങ്കിലും അവനോടെനിക്ക് ഭയമാണ്….ഈ ക്ലാസ്റൂമിൽവച്ചു ഇനിയൊരിക്കൽ കൂടി അവന്റെ കുത്തുവാക്കുകൾക്കോ പരിഹാസത്തിനോ മുന്നിൽ അപമാനിതയാകാൻ എനിക്ക് സാധിക്കുമായിരുന്നില്ല…
ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളും സൂരജിന്റെ അടുത്ത താണ്ഡവം കാണാൻ കാത്തു നിൽക്കുകയാണ്…
അവന് അഭിമുഖമായി ഡെസ്കിൽ ഇരിക്കുന്ന എന്റെ ബാഗിലേക്ക് ഞാൻ ദയനീയമായി നോക്കി…ഒരു പിടിവലി നടന്നാൽ രണ്ടായി പിഞ്ചി കീറാൻ പാകത്തിന് പഴക്കം ചെന്നതും കൂട്ടിത്തയിച്ചതുമാണത്…
എന്റെ സാമിപ്യം അറിഞ്ഞതും മൊബൈലിൽ നിന്നും തലയുയർത്തി അവൻ എന്നെ നോക്കി… ആ മുഖത്ത് ഗൗരവം തന്നെയാണ്…
ഞാൻ അവനെ തന്നെ നോക്കിക്കൊണ്ട് കൈനീട്ടി ബാഗ് എടുത്ത് മുന്നോട്ട് നടക്കാനൊരുങ്ങിയപ്പോളാണ് ബാഗിന്റെ ഒരറ്റം അവന്റെ കൈക്കുള്ളിൽ ആണെന്ന നഗ്നസത്യം ഞാനറിഞ്ഞത്….
കണ്ണിൽ ഒരു കുസൃതി ചിരിയോടെ ആള് എന്നെ തന്നെ നോക്കിയിരിക്കുകയാണ്….
എന്റെ ദയനീയമായ മുഖം കണ്ടിട്ടാകണം ഒരു കണ്ണടച്ച് കാട്ടി ചിരിക്കുന്നുണ്ട്….
“”വാ എന്റെ അടുത്ത് ഇരിക്ക്….””
ആജ്ഞയോടെ അവനത് പറഞ്ഞതും ഞാനവനെ മിഴിച്ചു നോക്കി…
പതിയെ അവൻ എഴുനേറ്റ് എന്റെ തോളിൽ പിടിച്ചു ബെഞ്ചിലേക്ക് ഇരുത്തി…ഞാൻ ഒരു പാവയെ പോലെ അവനെ അനുസരിച്ചുപോയി..
“”നീയിനി പഴയതുപോലെ എന്റടുത്ത് തന്നെ ഇരിക്കണം എന്നല്ല….
നീയിനി ഇവിടെയേ ഇരിക്കൂ…””
കാത്തിരിക്കണേ….