അമ്മ ആള് മെസ്സാണ്
എഴുത്ത്: സനൽ SBT (നങ്ങേലി)
ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ കണ്ടത് സോഫയിൽ ഇരുന്ന് കരയുന്ന അമ്മയെയാണ്.
“എന്താ അമ്മേ എന്ത് പറ്റി. ?”
“അവള് പോയെടാ. “
അമ്മയുടെ വാക്കുകൾ കേട്ടതും ഭൂമി പിളർന്ന് ഞാൻ താഴെയ്ക്ക് പോകുന്ന പൊലെയാണ് എനിക്ക് തോന്നിയത്. നേരെ ഞാൻ അവളുടെ റൂമിലേക്ക് ഓടിച്ചെന്ന് നോക്കി അവിടെയില്ല. അതെ ശ്വാസത്തിൽ ഗോവണിപ്പടി താഴെക്കിറങ്ങി. കണ്ണിൽ നിറയെ ഇരുട്ട് കയറുന്ന പൊലെ .തൊണ്ട വരണ്ടു മീനൂ എന്ന് ഉറക്കെ വിളിക്കണം എന്നുണ്ട് ശബ്ദം പുറത്തേക്ക് വരുന്നില്ല .അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
ഇതേ നിൽക്കുന്നു കറിച്ചട്ടിയും പിടിച്ച് കൊണ്ട് അവൾ അടുക്കളയിൽ .
“എന്തേട്ടാ ഏട്ടനൊരു വെപ്രാളം.”
“ഒരു മിനിറ്റേ ഇപ്പോ വരാം .”
അതേ സ്പീഡിൽ ഞാൻ ഹാളിലേക്ക് നടന്നു. അമ്മ അപ്പോഴും അന്തം വിട്ട് എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“അമ്മ ഇത് ആരെട കാര്യാ ഈ പറഞ്ഞത് ഹോ എന്റെ നല്ല ജീവൻ അങ്ങ് പോയി .മീനൂട്ടി അല്ലേ അടുക്കളയിൽ നിൽക്കുന്നത്. “
” എടാ സ്ത്രീമാനസത്തിലെ ഉണ്ണിമായ നിരജ്ഞനോടൊപ്പം ഇറങ്ങി പോയ കാര്യമാ ഞാൻ പറഞ്ഞത് .” അമ്മ ടിവിയിലേക്ക് ഇടം കണ്ണിട്ട് നോക്കി പറഞ്ഞു.
“ഓ ഒരു ഒടുക്കത്തെ സീരിയല് ഈ ടി വി ഞാൻ ഇന്ന് തല്ലി പൊളിക്കും. “
സോഫയിൽ നിന്നും റിമോർട്ട് എടുത്ത് ഞാൻ ടി വിയിലേക്ക് എറിയാൻ ഓങ്ങി. ഹോ വേണ്ട അത് എറിഞ്ഞ് പൊട്ടിച്ചാൽ പിന്നെം ഞാൻ തന്നെ വേണ്ടേ വാങ്ങാൻ എന്നോർത്തപ്പോൾ ഞാൻ എന്റെ ദേഷ്യം കടിച്ചമർത്തി. പുറകിൽ നിന്നും അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
” എന്റെ ഏട്ടാ ഏട്ടനെന്താ വിചാരിച്ചത് ഞാൻ വല്ലവന്റേയും കൂടെ ഇറങ്ങിപ്പോയി എന്നോ? അങ്ങനൊന്നും പോവൂല്ല ഏട്ടന്റെ 51 പവനും കൊണ്ടേ മീനു ഈ പടിയിറങ്ങൂ.”
“എന്റെ പൊന്നമ്മേ മനുഷ്യന്റെ ഉള്ള ജീവനും കൂടി കളയല്ലേ?”
“ഇത് ഇപ്പോ നല്ല കൂത്ത് ഞാൻ പറഞ്ഞോ നിന്നോട് ഇവളാ പോയെന്ന് ” അതും പറഞ്ഞ് അന്മ റൂമിൽ കയറി കതക് അടച്ചു .
” ഉം ഏട്ടന് ഞാൻ ചായയെടുക്കാം. “
” എനിക്ക് ചായ വേണ്ടാ ഞാനൊന്ന് കുളിച്ചിട്ട് വരാം .”
” റൂമിലേക്ക് കയറാൻ നിന്നെ അവൾ വട്ടം വെച്ച് പിടിച്ചു.”
” ഇങ്ങ്ട് നോക്ക്യേ ?”
” എന്താ ഇനി നിനക്ക് വേണ്ടത് ?”
” അടിച്ചിട്ടുണ്ടല്ലേ?”
“ആ ഉണ്ടെങ്കിൽ?”
“ഞാൻ അന്മയോട് പറയും. “
” ആ എന്നാൽ നീ പറഞ്ഞോ? “
“അമ്മേ ഈ ഏട്ടൻ “
അവൾ വിളിച്ച് കൂവുന്നതിന് മുൻപേ ഞാൻ അവളുടെ വായ് പൊത്തിപ്പിടിച്ചു.
” എടീ കിടന്ന് ഒച്ച വെയ്ക്കല്ലേ അമ്മ കേട്ടാൽ ഇനി അത് മതി . “
” അപ്പോൾ പേടിയുണ്ടല്ലേ. ?”
” ഹോ നിനക്ക് ഇപ്പോ എന്താ വേണ്ടത്. ?”
” അമ്മയോട് പറയാതിരിക്കാൻ 100 രൂപ വേണം. “
“നീ അവസരം മുതലെടുക്കുകയാണല്ലേ ദുഷ്ട്ടെ.”
“ഇല്ലെങ്കിൽ ഞാൻ പറയും അമ്മയോട് .”
“ഹോ തരാം ഒന്ന് മിണ്ടാതെ ഇരിക്ക് എന്റെ പൊന്നു മീനൂ'”
” ഹാ എന്നാൽ ഏട്ടന് കൊള്ളാം.”
ഞാൻ കുളി കഴിഞ്ഞ് പുറത്തേക്ക് വന്നതും അമ്മയുടെ റൂമിൽ നിന്ന് നല്ല സൗണ്ട് കേൾക്കുന്നുണ്ട്. ഞാൻ കാത് കൂർപ്പിച്ച് ഡോറിന്റെ അരികിലേക്ക് ചെന്നു.
ഭീഷ്മ പിതാമഹാ അങ്ങേക്ക് ഇതെങ്ങനെ എന്നോട് പറയാൻ തോന്നി. ഇത് ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല.
” മീനൂ എന്താടി അകത്ത് നടക്കുന്നത് അമ്മയ്ക്ക് സീരിയൽ കണ്ട് വട്ടായോ?”
“ഹാ ഏട്ടനപ്പോൾ ഒന്നും അറിഞ്ഞില്ലേ. കുടുംബശ്രീയുടെ വാർഷികാഘോഷത്തിന് അന്മയുടെ ഗ്രൂപ്പിന്റെ നാടകം ഉണ്ട്.”
“ഏത് നാടകം മഹാഭാരത്തിൽ നിന്നും ചീന്തി എടുത്ത ഒരേട് പാഞ്ചാലി വസ്ത്രാക്ഷേപം”
“അമ്മയാണോ പാഞ്ചാലി?”
” ആ
” മീനുട്ടിയെ ഇപ്പോഴാണേൽ നടത്തിക്കൊണ്ട് പോകാം കുറച്ച് കഴിഞ്ഞാൽ പിന്നെ വണ്ടി വിളിക്കേണ്ടി വരും. “
” ഉം. അമ്മ കേൾക്കണ്ട. “
അമ്മയുടെ റൂമിന്റെ കതകിൽ ഞാൻ തട്ടി.
” ദ്രൗപു വിശക്കുന്നു കുറച്ച് ചോറ് എടുത്ത് തരുമോ?”
” ഹോ ഇപ്പോ വരാടാ ഈ ഡയലോഗ് ഒന്ന് പഠിച്ച് തീർക്കട്ടെ. “
” ആ ഇത്രയൊക്കെ മതി ഇനി നാളെ “
അന്മയെ ഞാൻ ഉന്തി തള്ളി അടുക്കളയിൽ എത്തിച്ചു.
” എന്താമ്മേ ഇന്ന് സ്പെഷ്യൽ ?വിശന്നിട്ടാണേൽ വയറ് തിത്തെയ്യം പാടുന്നു.”
” രസം, മത്തി വറുത്തത് മെഴുക്ക് പുരട്ടി .”
” ഹോ ഇന്നും രസം ആണോ വെറെ ഒന്നും ഇല്ലേ ഇവിടെ കറി വെയ്ക്കാൻ . “
“ഇതാവുമ്പോൾ പണിയിലല്ലോ ഏട്ടാ കുറച്ച് വെള്ളം തിളപ്പിച്ച് രസപൊടി ഇടുക രണ്ട് തക്കാളി മുറിച്ച് ഇടുക പണി തീർന്നില്ലേ. “
” ഒന്ന് പോടി അവിടുന്ന്, സ്വന്തം ഡ്രസ്സ് ഒന്ന് നനച്ച് ഇടാത്തവളാ എന്നെ കളിയാക്കുന്നത്. “
” അന്മ ഇപ്പോൾ മടിച്ചായാ ഏട്ടാ അതു കൊണ്ടാ വറുത്തരച്ച കറി ഒന്നും വെയ്ക്കാത്തത്. “
” ഉം ഇനി അമ്മേടെ വായിലിരിക്കണത് കേൾക്കാണ്ട് നീ ഉള്ളത് എടുത്ത് തട്ടാൻ നോക്ക്. “
അവൾ പ്ലേറ്റ് എടുത്ത് എന്റെ അടുത്ത് ഇരുന്നു, അ മ്മ രണ്ടു പേർക്കും ചോറ് വിളമ്പി. രണ്ട് വറുത്ത മീൻ എനിക്കും ഒന്ന് അവൾക്കും കൊടുത്തു. അതിൽ ഒരെണ്ണം എടുത്ത് ഞാൻ അവളുടെ പ്ലേറ്റിൽ വച്ച് കൊടുത്തു.
” ഏട്ടൻ കഴിച്ചോ ഞാൻ ഉച്ചയ്ക്ക് കഴിച്ചതാ.”
” ഉം എന്നിട്ട് വേണം വീട്ടിലെ വറുത്ത മീനിൽ വരെ സ്ത്രീ വിവേചനം ഉണ്ട് എന്ന് നീ നാളെ പറഞ്ഞ് നടക്കാൻ .”
“അയ്യടാ അപ്പോൾ എന്നോടുള്ള സ്നേഹം കൊണ്ട് തന്നതല്ല ല്ലേ.”
“എടുത്ത് കഴിക്കെടി പോത്തെ.”
പിറ്റേ ദിവസം ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അവിടെ ഒച്ചയും അനക്കവും ഒന്നും ഇല്ല…
” മീനൂ മീനുട്ടി .അമ്മേ അമ്മോ” രണ്ടും ഇതെവിടെ പോയി.
” ഇതാ ഏട്ടാ വരുന്നു ഞാൻ പിന്നാമ്പുറത്താ. “
” അമ്മ എന്തേ ടീ “
” ഒന്നും പറയണ്ട ഏട്ടാ ഇന്ന് രാവിലെ ആ പെരച്ചൻ വന്ന് തെങ്ങിൽ നിന്ന് കള്ളെടുത്തു. ഏട്ടന് കള്ളപ്പം വലിയ ഇഷ്ടാണ് ന്ന് പറഞ്ഞ് ഒരു ലിറ്റർ കള്ള് മേടിച്ചു. “
” എന്നിട്ട് “
” ഉച്ചയ്ക്ക് അതെടുത്ത് അപ്പം ഉണ്ടാക്കാൻ തുടങ്ങിയതാണ്. കള്ളിന് നല്ല മധുരം എന്ന് പറഞ്ഞ് അത് എടുത്ത് കുടിച്ചു. ആള് ബോധം പോയി ദേ കിടക്കുന്നു റൂമിൽ .”
” അല്ല അപ്പോ അപ്പം”
” അപ്പവും ഇല്ല അടയും ഇല്ല. ഒരു ലിറ്ററ് കള്ള് മുഴുവൻ കുടിച്ച് തീർത്തില്ലേ. “
” എന്റെ ദൈവമേ ന്നിട്ട് എവിടെ ?”
” ബാ റൂമിൽ ഉണ്ട്. “
റൂം തുറന്ന് ചെന്ന് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച തിമിംഗലം കരയ്ക്ക് അടിഞ്ഞ പോലെ അമ്മ കട്ടിലിൽ നിന്ന് വീണ് താഴെ കിടക്കുന്നതാണ്.
ആ കിടപ്പ് കണ്ട് ഞാൻ ആർത്ത് ചിരിച്ചു.
” ബോധം ഉണ്ടോ ടീ. “
” എവിടെ അത് അല്ലേലും ഇല്ലല്ലോ ഉണ്ടെങ്കിൽ ആ രേലും ഈ പണി കാണിക്ക്യേ”
അവളും നിന്ന് ചിരിക്കാൻ തുടങ്ങി.
“വാ എങ്ങനേലും പൊക്കി എടുക്കെടി.”
“അമ്മേ .അമ്മോ എണീക്ക്.”
അവൾ പിടിച്ച് കുലുക്കി ഒരു അനക്കവും ഇല്ല.
“ദൈവമേ പണി പാളിയോ? “
“ആര്യ പുത്രാ എവിടെ നന്മുടെ ദ്രൗപതി .”
” ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു.”
” അല്ലയോ ഭീഷ്മ പിതാമഹാ .”
അമ്മ ബാക്കി ഡയലോഗ് പറഞ്ഞ് ഞെട്ടി ഉണർന്നു.
പിന്നെ ഞങ്ങൾ മൂന്ന് പേരും കൂടി കൂട്ടച്ചിരി.
“എന്താമ്മേ ഇത് അമ്മയ്ക്ക് ഇത് എന്തിന്റെ കേടാ”
” അല്ല ടാ മനൂ സത്യം ഞാൻ സ്റ്റേജിൽ ആണെന്ന് ഓർത്തു പോയി .”
” ഉള്ള കള്ള് എല്ലാം വലിച്ച് കേറ്റുമ്പോൾ ആലോചിക്കണം ഹും. എന്നീറ്റ് വാ .”
ഞാനും മീനുവും അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു.
ഫ്രിഡ്ജിൽ നിന്നും കുറച്ച് തണുത്ത മോര് എടുത്ത് കലക്കി കൊടുത്തു. അങ്ങനേലും കെട്ട് കുറച്ച് ഒന്ന് കുറയട്ടെ. ഒരു വിധത്തിൽ ചോറും കൊടുത്ത് പിന്നീട് കിടത്തി ഉറക്കി.
ഞായറാഴ്ച അല്ലേ എന്ന് കരുതി സമയം പത്തായിട്ടും ഞാൻ എഴുന്നേറ്റില്ല നല്ല ഉറക്കമാണ്. അതിനിടയിൽ ആണ് ചെണ്ട കൊട്ടിന്റെ ശബ്ദം ഞാൻ കേട്ടത്. ങ്ങേ ഇതെന്തൊ നിറപറയെടുക്കാൻ വെളിച്ചപാട് വല്ലതും വന്നതാണോ ?ഹേയ് അതല്ല അതിന് അമ്പലത്തിലെ ഉത്സവം ധനുമാസത്തിൽ അല്ലേ. എന്റെ സംശയം വീണ്ടും ബാക്കിയായി. ഞാൻ എന്നീറ്റ് നേരെ വീടിന്റെ പുറത്തേക്ക് ഇറങ്ങി.
ദേ നിക്ക്ണ് തോളിൽ ചെണ്ടയും തൂക്കി ഒരു അഞ്ചാറെണ്ണം കാർപോർച്ചിൽ എന്റെമ്മ നടുക്കും മീനു കൂടെ നിന്ന് താളം പിടിക്കുന്നുണ്ട്.
“ഹോ എന്റെ പൊന്നന്മാ കുറച്ച് നേരം ഒന്ന് ഉറങ്ങാനും സന്മതിക്കില്ലേ.”
“അത് വാർഷികത്തിന് ഞങ്ങളുടെ വക ശിങ്കാരി മേളം”
അമ്മ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ .
“അമ്മയ്ക്കോ ബോധം ഇല്ല ഇതിപ്പോ നിനക്കും വട്ടായോ മീനൂ നിന്ന് താളം പിടിക്കാതെ പോയ് ചായ എടുത്തോണ്ട് വാടീ.”
” ഉം, ഇപ്പോ തരാട്ടാ ചായ . “
” ഉം. മതി മതി ഇനി പ്രാക്ടീസ് ഒക്കെ നാളെ .”
അമ്മ ബാക്കിയുള്ള ചേച്ചിമാരെ പറഞ്ഞ് വിട്ടു.
“മനൂ ഇന്ന് തറവാട്ടിൽ ഒന്ന് പോണം എനിക്ക് അമ്മയെ കണ്ടിട്ട് ഒരുപാടായി. “
” ഞാനില്ല അമ്മ മീനൂനെയും കൂട്ടി പോയ്ക്കോ? എനിക്ക് കൂട്ടുകാരന്റെ കല്യാണത്തിന് പോണം. കൂടെ പഠിച്ച വരെല്ലാം പെണ്ണ് കെട്ടി .ഹോ ഇവിടെ പിന്നെ നമ്മുടെ കാര്യങ്ങൾ ഒന്നും നോക്കാൻ ആരും ഇല്ലല്ലോ?”
” എന്തിനാ മോനെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് ഞാൻ എന്റെ തോളിൽ വെയ്ക്കുന്നത്. എന്നിട്ട് വേണം അതിനു കൂടി ഞാൻ ചെലവിന് കൊടുക്കാൻ .ഒരാള് മരുഭൂമിയിൽ പോയി കിടന്ന് കഷ്ട്ടപ്പെടുന്നതു കൊണ്ട് 3 നേരം നീയൊക്കെ വെട്ടി വിഴുങ്ങുന്നു ആദ്യം ഒരു മാസത്തെ നിന്റെ ശമ്പളം മുഴുവൻ അമ്മേടെ കൈയിൽ ഏൽപിക്ക് എന്റെ പൊന്നുമോൻ .എന്നിട്ട് നോക്കാം കല്യാണം കഴിക്കണോ വേണ്ടയോന്ന്. “
“ശ്ശോ ഈ അന്മേടെ ഒരു കാര്യം കോമഡി കുറച്ച് കൂടുന്നുണ്ട് ട്ടോ . അല്ലമ്മാ ഈ മാസം അച്ഛൻ പൈസ അയച്ചില്ലേ? ഒരു അയ്യായിരം ഉണ്ടാവുമോ മറിയ്ക്കാൻ ശമ്പളം കിട്ടിയാൽ തിരിച്ച് തരാം. ബൈക്കിന്റെ സിസി അടയ്ക്കാനാ. “
“ഒരു ചവിട്ട് അങ്ങ് തന്ന് മറിയ്ക്കും ഞാൻ . അയ്യായിരം രൂപയേ ‘”
” ശ്ശേ ചീറ്റിപ്പോയി. “
അപ്പോഴേക്കും മീനു ചായയുമായി വന്നു.
” ഇതാ ഏട്ടാ ചായ …ഏട്ടന് അമ്മ പെണ്ണ് കെട്ടിച്ച് തരും ന്ന് പറഞ്ഞ് കാത്തിരുന്നോ നടന്നതുതന്നെ വേണേൽ പോയി വല്ലതിനേയും വിളിച്ചോണ്ട് വന്നോ? “
“ഹോ ഇവനൊക്കെ വിളിച്ചാൽ ഇറങ്ങി വരാൻ മാത്രം ദാരിദ്രം പിടിച്ച പെൺകുട്ടികൾ ഉണ്ടോ മോളെ നന്മുടെ നാട്ടില് . “
“അമ്മ അങ്ങിനെ കളിയാക്കണ്ട .പുട്ടിന് തേങ്ങ ഇട്ട പൊലെയാണ് നാട്ടില് എഞ്ചിനീയർമാര് അതിൽ തന്നെ പാതി എണ്ണത്തിന് പണി ഇല്ല ഉള്ളതിനാണേലോ മാസം എണ്ണിച്ചുട്ട അപ്പം പൊലെ ശബളവും ഇതിലും ഭേദം കൂലിപ്പണിക്ക് പോകുന്നതാ. “
“ഉം .ഇങ്ങനെ പോയാൽ ഞാൻ നിന്നെ അച്ഛന്റെ അടുത്തേക്ക് കയറ്റി വിടും നോക്കിക്കോ?”
“ഹോ ! രാവിലെ തന്നെ വെറുപ്പിക്കല്ലേ അമ്മാ. “
“ഡാ അടുത്ത ആഴ്ച നീ ഫ്രീ ആവില്ലേ? “
“നോക്കാം. “
അമ്മയുടെ നാടകവും കണ്ണീർ സീരിയലുകളുമായി ഒരാഴ്ച വേഗം കടന്നു പോയി.
“ഏട്ടാ എണീക്ക് അമ്മ വിളിക്കുന്നു .”
“ആ എണീക്കാടീ .നീ വരുന്നില്ലേ. “
“ഇല്ല നിങ്ങള് പോയിട്ട് വാ. “
“ആ ഞാനൊന്ന് കുളിക്കട്ടെ അമ്മയോട് പറ. “
കുളി കഴിഞ്ഞ് നല്ല ചൂട് ദോശയും ചമ്മന്തിയും കഴിച്ച് ഞാൻ ബുള്ളറ്റിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി.
“ബാ അമ്മേ പോകാം. “
“ഇതെന്താ പാന്റ്. ? “
“അതെന്താ പാന്റ് ഇടാൻ പാടില്ലേ ?”
” അതല്ലെടാ ചിലപ്പോൾ പോകുന്ന വഴിക്ക് അമ്പലത്തിൽ ഒന്ന് കയറും നിന്റെ റൂമിൽ ഞാൻ ഒരു മുണ്ട് തേച്ച് വെച്ചിട്ടുണ്ട് അത് ഉടുത്ത് വാ.”
“ഈ അമ്മേടെ ഒരു കാര്യം.””മുണ്ട് ഉടുത്തു. ഇനി പോകാലോ ?”
” പോകുമ്പോൾ ചുങ്കത്തറ വഴിക്ക് പോയാൽ മതി. “
” അതെന്താ. “
” എന്റെ ഒരു കൂട്ടുകാരി ഉണ്ട് .അവിടെ ഒന്ന് കയറണം. “
” ഇന്ന് മൊത്തം അമ്മയുടെ ഡ്രൈവർ ആവാൻ ഒന്നും എന്റെ കിട്ടില്ലേ പറഞ്ഞേക്കാം ‘ “
” അത് ഇവിടെ അടുത്താടാ .”
” ഉം .ശരി ശരി. “പിന്നെ അങ്ങോട്ട് ഞാൻ ഡ്രൈവറും അമ്മ ഗൂഗിൾ മാപ്പും ആയിരുന്നു.
” ഇത് തന്നാ വീട് നീ വണ്ടി നിർത്ത്. “
” ഉം. “
” ഇറങ്ങി വാ “
” ഞാനൊന്നും ഇല്ല അമ്മ ഒറ്റയ്ക്ക് അങ്ങ് പോയാൽ മതി. “
” ഇറങ്ങി വാടാ”
” ഓ ഈ അന്മേടെ ഒരു കാര്യം” അമ്മ എന്റെ കൈയ്യും പിടിച്ച് ആ വീട്ടിലേക്ക് കയറി.
“വരൂ കയറി വരൂ.”
“ഇതാണല്ലേ മോൻ ?മോൻ എന്ത് ചെയ്യുന്നു. “
” ഞാൻ എഞ്ചിനീയറാണ് ഇവിടെ അടുത്ത ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. “
” ആ നിങ്ങൾ ഇരിയ്ക്കൂ ഞാൻ ചായ എടുക്കാം. അവൾ അമ്പലത്തിൽ പോയതാ ഇപ്പോൾ വരും. “
എന്തൊ എവിടേയോ ഒരു തകരാറ് പൊലെ ഞാൻ അമ്മയെ നോക്കി. അമ്മ അവരോടൊപ്പം അകത്തേയ്ക്ക് കയറിപ്പോയി. ഞാൻ വീടിന് ചുറ്റും ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് പുറകിൽ നിന്നും ഒരു പാദസ്വരത്തിന്റെ കിലുക്കം ഞാൻ കേട്ടത്. ഞാനൊന്നു തിരിഞ്ഞ് നോക്കി.
നല്ല വെളുത്ത പാദം അതിൻമേൽ നിറയെ മുത്തുകൾ പതിച്ചു വെള്ളിക്കൊലുസ് .ദാവണിയാണ് വേഷം കൈരണ്ടിലും നിറയെ കരിവള ,പുരികം ത്രഡ് ചെയ്തിട്ടുണ്ട് പീലി കണ്ണുകൾ നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടും അതിന് മേലെ ചന്ദനക്കുറിയും അരയ്ക്കൊപ്പം നീണ്ടു കിടക്കുന്ന കാർകൂന്തൽ. അവൾ എന്നെ ഒന്നു നോക്കി ചിരിച്ചു അപ്പോഴാണ് ആ പവിഴ മുത്തു പൊലെയുള്ള പല്ലുകൾ ഞാൻ ശ്രദ്ധിച്ചത്. ഞാനും ഒന്നു ചിരിച്ചു. അവൾ അകത്തേക്ക് പോയി പിന്നെ ഒരു കപ്പ് ചായയും കൊണ്ടാണ് അവൾ എന്റെ മുന്നിൽ പ്രത്യേക്ഷപ്പെട്ടത് ഇമ വെട്ടാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു.
“ടാ മനൂ ചായ എടുക്കെടാ .”
“ആ അമ്മേ.”
“കുട്ട്യോൾക്ക് വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ.” ആ പറഞ്ഞത് അവളുടെ അമ്മയായിരുന്നു.
“നിനക്ക് സംസാരിക്കണോടാ മനൂ.” ഞാൻ അമ്മയെ നോക്കി പല്ലിളിച്ചു.
“ഉം. പോയിട്ട് വാ.”
പറയേണ്ട താമസം എലിയുടെ പുറകെ പൂച്ച പായും പൊലെ ഞാൻ അവളോടൊപ്പം റൂമിലേക്കോടി.
എന്റെ ശ്വാസം നിലക്കുന്നതു പോലെ കാരണം ഇത്രം സൗന്ദര്യം ഉള്ള ഒരു പെൺകുട്ടിയെ ഞാൻ ഇത്ര അടുത്ത് നിന്ന് കണ്ടിട്ടില്ല .
” എന്താ പേര്.”
“ശ്രീ വൈഖരി.”
“വറൈറ്റി പേര് ആണല്ലോ ഞാൻ ഇത് വരെ കേട്ടിട്ടില്ല.”
“ഉം.” അവൾ ഒന്ന് ചിരിച്ചു.
“എന്റെ പേര് മിഥുൻ വീട്ടിൽ മനൂ എന്ന് വിളിക്കും .”
“മനുവേട്ടനെ എനിക്ക് അറിയാം .”
“എന്നെയോ എങ്ങെനെ?”
“ചേട്ടന്റെ ഒരു കൂട്ടുകാരൻ ഇല്ലേ അരുൺ ആ ചേട്ടൻ എന്റെ ഫ്രണ്ടിന്റെ പുറകെ കുറെ നടന്നതാ. അവളെ കാണാൻ വരുമ്പോഴോക്കെ മനുവേട്ടനും ആ ചേട്ടന്റെ കൂടെ കാണും അങ്ങിനെ അറിയാം. “
” ആഹാ എന്നിട്ട് ഞാൻ തന്നെ കണ്ടിട്ടില്ലല്ലോ?”
” അത് മാത്രമല്ല മനുവേട്ടൻ NSS കോളേജിലെ എ ബി വി പി യുടെ ചെയർമാൻ ആയിരുന്നില്ലേ…..ഞാനും അതെ കോളേജിലാ പഠിച്ചേ.”
” അപ്പോൾ പിന്നെ ഇനി കൂടുതൽ കഥകളൊന്നും ഞാൻ പറയേണ്ടല്ലോ ?”
” ഉം. ഏറക്കുറെ . “
കോളേജ് ലൈഫ്, പ്രണയം, തേപ്പ് ഞങ്ങളുടെ സംസാരം അവിടെ വരെ എത്തി.
” ഡാ മനൂ മതി ഇനി ബാക്കിയൊക്കെ കല്യാണം കഴിഞ്ഞിട്ട് “
അമ്മയുടെ വിളി കേട്ടതും ഞാൻ റൂമിൽ നിന്ന് ചാടി പുറത്തേക്കിറങ്ങി. അവളുടെ ജാതകവും മേടിച്ച് യാത്ര പറഞ്ഞ് ഇറങ്ങി. ബുള്ളറ്റിൽ കയറി ശേഷം ഞാൻ മിറർ ഗ്ലാസ് ഒന്ന് ചെരിച്ച് വെച്ചു നോക്കി. ജനലഴികളിലൂടെ അവളുടെ കരിവള കൈകളും പീലികണ്ണുകളും എനിക്ക് കാണാമായിരുന്നു. ഞാൻ വണ്ടി മുൻപോട്ടെടുത്തു.
“ടാ നിനക്ക് ഇഷ്ട്ടായോ?”
“എന്ത് ചോദ്യാമ്മേ ഇത് സത്യം പറയാലോ എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇത് അങ്ങ് ഉറപ്പിച്ചേക്ക്.”
“ആഹാ ആദ്യം ഈ ജാതകം ഒന്ന് നോക്കട്ടെ.”
“ഇതൊക്കെ നോക്കണോ അമ്മേ ചിലപ്പോൾ ശരിയായിലെങ്കിലോ?”
“കിടന്ന് പിടക്കാതെടാ ഒക്കെ ശരിയാവും.”
അങ്ങിനെ ശുഭ പ്രതീക്ഷയുമായി ഞങ്ങൾ യാത്ര തുടർന്നു .ആ യാത്ര പിന്നീട് ചെന്ന് അവസാനിച്ചത് ഞങ്ങളുടെ കല്ല്യാണ പന്തലിൽ ആണ്.
ഇതാണ് എന്റെ അമ്മ ആള് ഫുൾ ടൈം കോമഡിയായിരിക്കും. വായ തുറന്നാൽ മണ്ടത്തരം മാത്രമേ പറയൂ, പക്ഷേ ചിലപ്പോൾ ഇതു പൊലുള്ള ഓരോ അഡാർ സർപ്രൈസ് തന്ന് കളയും നമ്മള് പോലും പ്രതീക്ഷിക്കാതെ .അല്ലേലും സ്വന്തം മക്കളുടെ മനസ്സ് അമ്മയേക്കാൾ നന്നായി മറ്റാർക്കാ അറിയുക. ഇതാണ് ഞാൻ പറഞ്ഞത് എന്റെ അമ്മ മെസ്സാണെന്ന്…