എഴുത്ത്: ഷെഫി സുബൈർ
അനിയത്തിയുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം പെട്ടെന്നാണ് വെറുതെ നടന്ന എന്റെ തലയിലേക്ക് കുറെ ഉത്തരവാദിത്വങ്ങൾ വന്നു ചേർന്നത്.
അച്ചനാണ് കാര്യങ്ങൾ പറഞ്ഞു തുടക്കമിട്ടത്.
ഡാ , നീയാണ് എല്ലാം നോക്കി നടത്തേണ്ടത് ? കല്യാണക്കുറി അടിക്കാൻ കൊടുക്കണം. പരമാവധി എല്ലാവരെയും നേരിട്ടു ചെന്നു വിളിക്കണം. പന്തലിന് ആൾക്കാരെ ബുക്ക് ചെയ്യണം. പാചകം, വാഹനങ്ങളുടെ കാര്യം അങ്ങനെ നൂറു കൂട്ടം കാര്യങ്ങൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ ചാരു കസേരയിലെക്ക് ഇരിക്കുമ്പോൾ പറയുന്നതു കേൾക്കാമായിരുന്നു, ന്റെ ദേവി എല്ലാം മംഗളമായിട്ടു നടന്നാൽ മതിയായിരുന്നു.
അന്നു മുതൽ അങ്ങോട്ടു തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു. സുഹൃത്തുക്കൾത്തന്നെ വന്നു വീടു വൃത്തിയാക്കലും പെയിന്റെടിയുമെല്ലാം തുടങ്ങി. അവരുത്തന്നെ ഒരോ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു ചെയ്തു തുടങ്ങിയപ്പോൾ കുറച്ചാശ്വാസമായി.
ഇടയ്ക്കിടയ്ക്ക് അനിയത്തിയെ കാണുമ്പോൾ പറയുമായിരുന്നു. ഇവളൊന്നു പോയിട്ടു വേണം സ്വസ്ഥമായൊന്നുറങ്ങാൻ. ഒരു ചായയിട്ടു തരാൻ പറഞ്ഞാൽ കേൾക്കാത്ത പെണ്ണാണ്. അവളുടെ കാര്യത്തിന് ഓടി നടക്കാൻ ഇപ്പോൾ ഞാൻ മാത്രവും. ഇതു കേൾക്കുന്നുടനെ അവളുടെ മറുപടി വരും.
അയ്യട, അങ്ങനെയിപ്പോ സുഖിക്കണ്ട. എവിടെ പോയാലും ഇടയ്ക്കിടെ ഞാൻ വരും. ഇടയ്ക്കിടയ്ക്ക് ഏട്ടനുമായി വഴക്കുണ്ടാക്കാൻ. ഞാനങ്ങനെ ഒഴിഞ്ഞു തരുമെന്നും ഏട്ടൻ കരുതണ്ട. അല്ലേ അമ്മേ ..! ഇത്രയും പറഞ്ഞു അമ്മയുടെ തോളിലേക്ക് തലചായ്ക്കുന്ന അവളെ കണ്ടപ്പോൾ കൂട്ടുക്കാരോടൊപ്പം ഞാനും ചിരിച്ചു.
വിവാഹത്തിന്റെ തലേനാളും തിരക്കുകളുമായി ഓടി നടക്കുന്ന എന്നെ കണ്ടപ്പോഴും അവൾ കളിയാക്കി സംസാരിച്ചുക്കൊണ്ടിരിന്നു. ഒറ്റ പെങ്ങളല്ലേയുള്ളു. ഇനി വേറാരുമില്ലല്ലോ. അതുകൊണ്ടു നല്ലതുപ്പോലെ ജോലിയെടുത്തോ. ഒരാളുത്തന്നെ മതിയല്ലോ ? ഇനിയെന്തിനാ കൂടുതലെന്ന് ചിരിച്ചുക്കൊണ്ടു മറുപടി പറയുമ്പോൾ അവളുടെ മിഴികളിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടു കൂടുന്നതു കണ്ടില്ലെന്നു നടിച്ചു ആരെയോ പേരെടുത്തു വിളിച്ചു പന്തലിലേ തിരക്കിലേക്ക് നടന്നു.
അവസാനം കരഞ്ഞു കൊണ്ടു അവൾ എല്ലാവരോടും യാത്ര പറഞ്ഞു അളിയന്റെ കൂടെ അവരെ കാറിലേക്ക് ചിരിച്ചുക്കൊണ്ടു യാത്രയാക്കുമ്പോഴായിരുന്നു ന്റെ ഏട്ടാ എന്നു നിലവിളിച്ചുക്കൊണ്ടു കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് വീണത്. അതു വരെ കരയാതെപിടിച്ചു നിന്ന എന്റെ മിഴികളും നിറഞ്ഞു തുളുമ്പി.
തോളത്തു കിടന്ന തോർത്തു ക്കൊണ്ടു ചിരിച്ചു കൊണ്ടു കണ്ണു തുടയ്ക്കുമ്പോൾ അവളോട് പറയുന്നുണ്ടായിരുന്നു. അയ്യേ…,ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ കരയല്ലേ മോളേ. എപ്പോ കാണണമെന്ന് തോന്നിയാലും ഏട്ടനങ്ങ് ഓടി വരില്ലേ …
പതിയെ മുന്നോട്ടു നീങ്ങുന്ന കാറിൽ നിന്നു അവളുടെ കൈ അയയുമ്പോൾ ഹൃദയം പിടഞ്ഞു പോയിരുന്നു.
തിരിഞ്ഞു തിരിഞ്ഞു നോക്കുന്ന അവളെ നോക്കാതെ തോർത്തു ക്കൊണ്ടു കണ്ണു തുടച്ചു പന്തലിലെ തിരക്കിലേക്ക് നിറഞ്ഞ മിഴികളുമായി നടന്നു…!