അച്ഛന്റെ മകൾ(ഭാഗം 02) എഴുത്ത്: ദീപ്‌തി പ്രവീൺ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അവര്‍ക്ക് ആ കുട്ടിയോടുള്ള കരുതലും വാല്‍സല്യവും എന്നെ അസ്വസ്ഥമാക്കി. എനിക്ക് കിട്ടേണ്ടിയിരുന്ന വാല്‍സല്യവൂം കരുതലും നല്‍കാതെ വലിച്ചെറിഞ്ഞ ,സ്ത്രീയാണ് മറ്റൊരു മകള്‍ക്ക് ഇതൊക്കെ നല്‍കുന്നത്. എന്റെ സങ്കടം കണ്ണുകളില്‍ ഉറഞ്ഞു തുടങ്ങിയപ്പോള്‍ നോട്ടം മറ്റെവിടേയ്ക്കോ മാറ്റി… ആ സങ്കടം ബദ്ധപെട്ട് കണ്ണുകളില്‍ തന്നെ കുഴിച്ചു മൂടി.

” എന്താണിപ്പോള്‍ ഒരു തിരക്കിവരവ്. ഈ വരവിന് പിന്നിലെ ഉദ്ദേശം എന്താണ്. ? അയാള്‍ പറഞ്ഞു വിട്ടതാണോ.? അതോ ഇറക്കി വിട്ടോ.”

പരിഹാസം നിറഞ്ഞ ശബ്ദം..

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ വലിച്ചെറിഞ്ഞു കളഞ്ഞ ,മകളെ കാണുമ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ചേര്‍ത്തണയ്ക്കുമെന്നും മാപ്പ് പറയുമെന്നും കരുതിയ എന്റെ നിഗമനങ്ങളെ തച്ചുടച്ചു കൊണ്ട് അവരുടെ വാക്കുകള്‍ ചിതറി വീണു.

പരിഹാസം നിറഞ്ഞ അവരുടെ മുഖത്തു വീണ്ടും എന്തൊക്കെയോ പറയാനുള്ള ഭാവം.. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടിട്ടാവാം തന്റെ മറുപടി എന്നു കരുതി മൗനം തൂകി.

എന്റെ മൗനം ആസ്വദിച്ചു കൊണ്ട് മറുപടിയില്ലാത്തവളെ വാക്കുകള്‍ കൊണ്ട് പ്രഹരിക്കാന്‍ അവര്‍ ഒരുങ്ങുന്നത് അവരുടെ മുഖഭാവം വ്യക്തമാക്കി.

” എന്റെ പണം കണ്ടിട്ടാണ് ചെറുപ്പം മുതല്‍ സ്നേഹിച്ച മുറപെണ്ണിനെ ഒഴിവാക്കി നിന്റെ അച്ഛന്‍ എന്നെ കെട്ടിയത്. കല്യാണത്തിന്റ് അന്നു തന്നെ കൃഷ്ണേട്ടനുമായി ഉള്ള ബന്ധം നിന്റെ അച്ഛനോട് ഞാന്‍ തുറന്നു പറഞ്ഞതാണ്. അതൊന്നും സാരമില്ല പുതിയ ഒരു ജീവിതം തുടങ്ങാമെന്നൊക്കെ പറഞ്ഞു എന്നെ അനുനയിപ്പിക്കാന്‍ നോക്കി.

പട്ടാളക്കാരനായ കൃഷ്ണേട്ടനെ പറ്റി അക്കാലത്ത് ആര്‍ക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. ഏറെനാള്‍ ഞാന്‍ അദ്ദേഹത്തെ കാത്തിരുന്നു. അപ്പോഴൊക്കെ നിന്റെ അച്ഛന്‍ എന്നോട് പുതിയ ജീവിതം തുടങ്ങാമെന്നു പറഞ്ഞു കൊണ്ടിരുന്നു . കൃഷ്ണേട്ടനെ ചതിച്ചു കൊണ്ട് പുതിയ ജീവിതം തുടങ്ങാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് പട്ടാളത്തിലിരിക്കെ ഏതോ ആക്രമണത്തില്‍ കൃഷ്ണേട്ടന്‍ മരിച്ചു എന്ന വാര്‍ത്ത നാട്ടില്‍ പരക്കുന്നത്. ഞാന്‍ കുറേ കരഞ്ഞു. നിന്റെ അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു പഴയതൊക്കെ മറക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ നിന്റെ അച്ഛന്റെ ജീവിതത്തിലേക്ക് വന്നത്.

സന്തോഷം നിറഞ്ഞ ജീവിതം. നീ ഉണ്ടായി രണ്ടു വര്‍ഷം കഴിഞ്ഞ ഒരു ദിവസമാണ് കൃഷ്ണേട്ടന്‍ എന്നെ കാണാന്‍ വന്നത് .ശത്രുക്കളുടെ കൈയ്യിലകപെട്ട് ആരോടും ബന്ധപെടാന്‍ കഴിയാതിരുന്ന സമയത്ത് നീന്റെ അച്ഛനാണ് ആ മനുഷ്യന്‍ മരിച്ചൂന്ന് നാട്ടില്‍ പ്രചരിപ്പിച്ചത്‌. എന്നെ സ്വന്തമാക്കാനാണ് അയാള്‍ അങ്ങനെ ചെയ്തത് ഞാന്‍ കൃഷ്ണേട്ടനെ ചതിച്ചവളായി . എന്നെ നിന്റേ അച്ഛന്‍ വഞ്ചിച്ചു.

ഒരു കുഞ്ഞായാല്‍ എന്നെ അയാളുടെ കീഴില്‍ തളച്ചിടാമെന്ന് അയാള്‍ കരുതി. നിന്നെ വെച്ചു എനിക്ക് തടയിടാമെന്നു അയാള്‍ കണക്കു കൂട്ടി.

പക്ഷേ അവിടെ അയാള്‍ക്ക് തെറ്റി. കൃഷ്ണേട്ടനോടുള്ള ഇഷ്ടത്തേക്കാള്‍ നിന്റെ അച്ഛന്റെ കൗശലത്തോടുള്ള വെറുപ്പായിരുന്നു ആ ഇറങ്ങിപോക്ക്.

അയാള്‍ അന്ന് എന്റേ കാല് പിടിച്ചു മടങ്ങിവരാന്‍ പറഞ്ഞു , കാര്യം കാണാന്‍ ഏത് അടവും പ്രയോഗിക്കുന്ന അയാളെ തുടര്‍ന്ന് സ്നേഹിക്കുവാനോ വിശ്വസിക്കുവാനോ എനിക്ക് പറ്റില്ലായിരുന്നു. പിന്നെ നിന്നെ അയാള്‍ക്ക് കൊടുത്തത് അയാളുടേതായ യാതൊരു ഓര്‍മ്മകളും പിന്‍തുടരാതെ ഇരിക്കാനാണ്. അതിലെനിക്ക് യാതൊരു കുറ്റബോധവും ഇല്ല. ഇങ്ങനെയൊരു മകളെ പറ്റി ഞാന്‍ ചിന്തിക്കാറു പോലുമില്ല. എന്റെ ജീവിതത്തിലെ കറുത്ത അധ്യായമാണത്. അത് ഞാന്‍ അന്നേ മറന്നു.

ഇവിടെ ഞാന്‍ സന്തോഷവതിയാണ് , നിന്നെ ഏറ്റെടുക്കൂവാന്‍ എനിക്ക് കഴിയില്ല. എനിക്ക് അറിയാം അയാള്‍ നിന്നെ ഇറക്കി വിട്ടു കാണണം. അല്ലെങ്കില്‍ നീ ഇങ്ങനെ എന്റെ മുന്നില്‍ വരീല്ല. എനിക്ക് ഇങ്ങനെയൊരു മകളില്ല. ദയവു ചെയ്ത് ശല്യം ചെയ്യരുത്. ഈ കഥകളൊന്നും പുറത്ത് അറിയാതെ ഇരിക്കാനാണ് ഞങ്ങള്‍ ഇത്രയും ദൂരെ വന്നു താമസിക്കുന്നത്.. എനിക്ക് വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്..അതുകൊണ്ട് മടങ്ങിപോകൂ…”

ഇത്രയും പറഞ്ഞു കൊണ്ട് കിതക്കുന്ന ,അവരെ സഹതാപത്തോടെ ഞാന്‍ നോക്കി.

” നിങ്ങള്‍ക്ക് എന്റെ അച്ഛനെ പറ്റി ഒന്നും അറിയില്ല. ഒന്നും. ഇരുപത്തിരണ്ടു വര്‍ഷം അച്ഛന്‍ നിങ്ങളുടെ ഒരു കുറ്റം പോലൂം എന്നോട് പറഞ്ഞിട്ടില്ല.. എന്തിന് നിങ്ങള്‍ എന്നെ കളഞ്ഞിട്ടു പോയതാണെന്ന് പോലും പറഞ്ഞിട്ടില്ല.

പക്ഷേ ഞാന്‍ നിങ്ങളെ കണ്ട അടുത്ത നിമിഷം മുതല്‍ അച്ഛന്റെ കുറ്റം മാത്രമേ പറഞ്ഞുള്ളു.. നിങ്ങള്‍ പറഞ്ഞതിനും ചോദിച്ചതിനും എല്ലാം ഉത്തരം എന്റെയടുത്ത് ഉണ്ട്.

നിങ്ങളുടെ പണം കണ്ടല്ല അച്ഛന്റെ നിസ്സഹായാവസ്ഥയാണ് നിങ്ങളെ കെട്ടാന്‍ കാരണം. അത് നിങ്ങള്‍ പറഞ്ഞ മുറപെണ്ണീന് , മാളു ചിറ്റയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് ആണ് അവര്‍ ഇന്നുവരെ ഒരുവാക്ക് കൊണ്ടു പോലും അച്ഛനെ കുറ്റപെടുത്താത്തത്. പീന്നെ പഴയതൊക്കെ മറന്നു പുതിയ ജീവിതം തുടങ്ങാമെന്നു പറഞ്ഞത് അദ്ദേഹത്തിന്റേ വലിയ മനസ്.. ആ പേരും പറഞ്ഞ് അച്ഛന്‍ നിങ്ങളെ കുത്തി നോവിച്ചിട്ടുണ്ടോ..? ഇല്ലല്ലോ.?

അടുത്തത് നിങ്ങളുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചത് എന്റെ അച്ഛനല്ല. നിങ്ങളുടെ അച്ഛനാണ്.. അതായത് എന്റെ അപ്പൂപ്പന്‍ .. നിങ്ങള്‍ അച്ഛനെ ഉപേക്ഷിച്ചു തിരികെ ചെല്ലുമെന്നു നിങ്ങളുടെ അമ്മയോട് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് ഈ വാര്‍ത്ത പ്രചരിച്ചത്.. ഓര്‍ത്തു നോക്കു.

നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് പോയതിന് എന്തിനാ അച്ഛനെ പഴി ചാരുന്നത്‌ ? നിങ്ങളുടെ ഇഷ്ടം അച്ഛന്‍ അംഗീകരിച്ചതു കൊണ്ടാണെല്ലോ നിങ്ങളുടെ പിന്നാലെ പിന്നീട് വരാതെ ഇരുന്നത്.?

സ്വന്തം സുഖത്തിന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു പോയ നിങ്ങളേക്കാള്‍ എത്രയോ മുകളിലാണ് സ്വന്തം ജീവിതം മറന്നു ,എനിക്കായി ജീവിച്ച എന്റെ അച്ഛന്‍

പിന്നെ ഞാനിന്ന് ഒരു അഡ്വക്കേറ്റാണ്.. അത്യാവശ്യം വരുമാനവും ഉണ്ട്. അതുകൊണ്ട് എന്നെങ്കിലും ഗതികെട്ട് നിങ്ങളെ തേടി വരുമെന്ന് ,ഭയന്നൂ നിങ്ങളുടെ ഉറക്കം കളയേണ്ട.

നിങ്ങളുടെ പഴങ്കഥയുടെ ദുര്‍ഗന്ധത്തില്‍ നിന്നും നിങ്ങളുടെ ഇപ്പോഴത്തെ മക്കളെ സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം. കഴിഞ്ഞ ഇരുപതു വര്‍ഷമായി ആ ദുര്‍ഗന്ധം നിഴല്‍ പോലെ എന്നെ പിന്‍തുടരുന്നു.

നിങ്ങളെ കാണണം എന്ന് ആവശ്യപെട്ടപ്പോള്‍ എതിര് പറയാതെ സമ്മതിച്ചതാണ് എന്റെ അച്ഛന്‍. അച്ഛനെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് ഞാന്‍ ആ കണ്ണുകളില്‍ കണ്ടത്.. എന്നാല്‍ നിങ്ങളോ എന്നെ ഏറ്റെടുക്കേണ്ടി വരുമോന്നു ഭയക്കുന്നു. നിങ്ങള്‍ എന്ന വ്യക്തിയെ എനിക്ക് നന്നായി മനസ്സിലായി.. സ്വന്തം മക്കളെന്നു നിങ്ങള്‍ അവകാശപെടൂന്ന ആ കുട്ടികളോടെങ്കിലും നിങ്ങള്‍ക്ക് യഥാര്‍ത്ഥസ്നേഹമുണ്ടോ.?

അമ്മ എന്ന രൂപത്തിന് എന്റേതായ ചില ന്യായങ്ങള്‍ ഞാന്‍ കല്‍പിച്ചു തന്നിരുന്നു . നിങ്ങള്‍ അതൊന്നും അര്‍ഹിക്കുന്നില്ല.

പിന്നെ ഇതു നമ്മുടെ അവസാന കൂടിക്കാഴ്ചയാണ്. എന്തെങ്കിലും കാരണത്താല്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ വരില്ല. നിങ്ങള്‍ എന്റെ മുന്നിലും വരാന്‍ പാടില്ല.

ഇനി ഞാന്‍ വന്ന കാര്യം പറയാം . അഭയാര്‍ത്ഥിയായി വന്നതല്ല. എന്റെ അച്ഛന്റെ കല്യാണമാണ് . ഈ മാസം ഇരുപത്തിയഞ്ചിന്. വധു നിങ്ങള്‍ നേരത്തെ പറഞ്ഞ അച്ഛന്‍ വഞ്ചിച്ചൂന്ന് അവകാശപെട്ട മാളു ചിറ്റ. ചിറ്റയുടെ ഇത്ര വര്‍ഷത്തെ കാത്തിരിപ്പ് ഞാന്‍ നട ത്തി കൊടുക്കുന്നു. നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ തന്നെ അച്ഛന് മറ്റൊരു ജീവിതം തുടങ്ങാമായിരുന്നു. എനിക്ക് ഒരു ബുദ്ധിമുട്ട് വരരുതെന്നു കരുതി അച്ഛന്റെ ജീവിതം ത്യജിച്ചു എനിക്ക് വേണ്ടി മാത്രം ജീവിച്ചു.

ഞാന്‍ ഇന്നു സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായി , ഇനിയുള്ള കാലം അച്ഛന്‍ അച്ഛന് വേണ്ടി ജീവിക്കട്ടെ.

ചിറ്റയുടെ വീട്ടുകാരോട് സംസാരിച്ചു എല്ലാം ശരിയാക്കിയിട്ട് നേരേ ഇങ്ങോട്ടു ആണ് വന്നത്..അച്ഛനെ പോലും അറിയിക്കാതെ ഇങ്ങോട്ടാണ് വന്നത്.

കാരണം ഇത് ആദ്യം അറിയുന്നത് നിങ്ങളായിരിക്കണം എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നൂ . സ്വന്തം സുഖം തേടിയവര്‍ എന്റെ അച്ഛന്‍ നേടാന്‍ പോകുന്ന സന്തോഷം അറിയണം.

ചെന്നിട്ട് വേണം അച്ഛനോട് ഇതിനേപറ്റി പറയാന്‍.

വീടിനോട് അടുക്കുമ്പോള്‍ , നെഞ്ചിടിക്കാന്‍ തുടങ്ങി. അച്ഛനോട് കല്യാണക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്നതും ഒരു വിഷയമാണ്.

വാതില്‍ അടഞ്ഞു കിടന്നു. സമയം ഏഴുമണിയായി . ഈ സമയമാകുമ്പോള്‍ വീട്ടില്‍ കാണേണ്ടതാണെല്ലോ. ലൈറ്റുകള്‍ ഒന്നും തെളിയിച്ചിട്ടില്ല. മനസ്സില്‍ ഭയം ഇരച്ചിറങ്ങി. ആകെയൊരു പന്തികേട്. ഇരുട്ടില്‍ മറ്റൊരു ഇരുളായി വീടും.

വരാന്തയില്‍ കയറി കതകില്‍ ഒന്നു തള്ളി .ചെറിയ ശബ്ദത്തോടെ വാതില്‍ മലര്‍ക്കെ തുറന്നു.

അച്ഛന് എന്തെങ്കിലും അപകടം പറ്റിയോ. ?

മുന്നോട്ട് നടക്കാന്‍ ഒരേസമയം ഭയവും തിടുക്കവും തോന്നി.

ഹാളിലെ ലൈറ്റിട്ടിട്ട് നേരേ അച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു ,

അവിടെ ,

കട്ടിലിൽ ഒരു രൂപം….

അച്ഛാ.. അലറി വിളിച്ചു കൊണ്ട് കട്ടിലിന് സമീപത്തേക്ക് ഓടി..

ആ രൂപം മെല്ലെ തലയുയര്‍ത്തി..

അപ്പോഴാണ് ശ്വാസം നേരെ വീണത്…

‘” എന്താ അച്ഛാ.. എന്തു പറ്റി. ” അതു ചോദിക്കുമ്പോഴും ശബ്ദം വിറച്ചിരുന്നു.

” അത് മോള് എന്നെ ഉപേക്ഷിച്ചു പോയീന്ന് കരുതിയപ്പോള്‍ … ”

ആ ശബ്ദത്തില്‍ വേദന നിറഞ്ഞിരുന്നു.

”അയ്യേ.. ഞാന്‍ അച്ഛനെ ഉപേക്ഷിച്ചു പോകാനോ. ?

ഞാനൊരു കല്യാണാലോചനയ്ക്ക് പോയതല്ലേ. ആ വഴി അച്ഛന്റെ എക്സ് വൈഫിനെ ഒന്നു കണ്ടൂന്ന് മാത്രം. കണ്ടു സംസാരിച്ചു തിരികെ പോരുന്നു.

ഒരിക്കല്‍ എന്നെ വേണ്ടെന്നു വെച്ചവര്‍ ഇനിയും എന്നെ സ്വീകരിക്കുമെന്നു കരുതിയ അച്ഛനെ പോലെ ഒരു മണ്ടന്‍ വേറേയില്ല.”

തമാശയായി അതു പറയുമ്പോളും അവസാനവാക്കുകള്‍ ചിലമ്പിച്ചിരുന്നു.

” കല്യാണാലോചനയോ.. ആര്‍ക്കാ മോള്‍ക്കാണോ.”

കല്യാണമെന്നു കേട്ടപ്പോഴേക്കും അച്ഛന്‍ ഉഷാറായി.

അയ്യടാ…..

അതേ. ഞാന്‍ അച്ഛന്റെ കല്യാണം അങ്ങ് ഉറപ്പിച്ചു. ഈ മാസം ഇരുപത്തിയഞ്ചിനാണ്. മാളു ചിറ്റയാണ് വധു. ഇനിയൊന്നും അറിഞ്ഞില്ല കേട്ടില്ലാന്ന് പറയരുത്.

ചെക്കന്റെ വീട്ടിലേ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്ക് അല്ലേയുള്ളു. അതുകൊണ്ട് വല്യ തിരക്കിലാണ്.”

അച്ഛന്‍ ഒരു നിമിഷം സ്തംഭിച്ചിരുന്നു.. ” ജാനീ , നീ എന്ത് അസംബന്ധമാണ് ഈ പറയുന്നത്. ഇതൊന്നും കുട്ടിക്കളിയല്ലാട്ടോ.. അവളും അവളുടെ വീട്ടുകാരും ഇതൊന്നും അറിയേണ്ട. .. ”

അച്ഛന്‍ മുഖം തിരിച്ചു എങ്കിലും ആ മനസ് എനിക്ക് അറിയാമായിരുന്നൂ.

” അസംബന്ധമല്ല അച്ഛാ. മാളു ചിറ്റയോടും വീട്ടുകാരോടും സംസാരിച്ചു സമ്മതം വാങ്ങിയിട്ടുണ്ട്.

അച്ഛന്‍ ഇതിന് സമ്മതിച്ചാല്‍ മാത്രമേ ഞാന്‍ ഒരു കല്യാണം കഴിക്കു.. അല്ലെങ്കില്‍ എന്നും അച്ഛനോടൊപ്പം ഉ ണ്ടാകും..

ഇനീയും മാളു ചിറ്റയെ നിരാശയാക്കരുതേ അച്ഛാ.” യാചനയോടേ അച്ഛന്റെ മുന്നില്‍ നിന്നു. തുടര്‍ന്ന് എതിരൊന്നും പറയാതെ അച്ഛന്‍ പുറത്തേക്ക് പോയി.

തുടര്‍ന്നുള്ള ദിവസങ്ങള്‍ തിരക്കിന്റേതായിരുന്നു. എല്ലാത്തിന്റെയും പുറകെ സന്തോഷത്തോടെ ഓടി നടന്നു.

ഒടുവില്‍ ആ ദിവസം എത്തി ചേര്‍ന്നു അടുത്തുള്ള അമ്പലത്തില്‍ വെച്ചായിരുന്നു താലികെട്ട് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം വിളിച്ചു ആര്‍ഭാടമായിട്ടായിരുന്നു കല്യാണം ..

രണ്ടാം കല്യാണമല്ലേ എന്തിനാ ഇത്ര ആര്‍ഭാടമെന്നു ഒളിഞ്ഞു തെളിഞ്ഞും പലരും തിരക്കി. കാശിന്റെ അഹങ്കാരം ആണെന്നു ചിലര്‍ പറഞ്ഞു അച്ഛന്റെ രണ്ടാംകല്യാണം ആഘോഷിക്കുന്ന മകള്‍ എന്നു ചിലര്‍ പരിഹസിച്ചു.

” ഇപ്പോഴാ എന്റെ അച്ഛന്‍ ശരിക്കും കല്യാണം കഴിച്ചത് അതു ഒളിച്ചു വെയ്ക്കേണ്ടതാണെന്ന് എനിക്ക് തോന്നിയില്ലെന്നു പറഞ്ഞു അവരുടെ വായ അടച്ചു..

മാളു ചിറ്റയെ ഏറ്റവും സുന്ദരിയായി കണ്ടത് അന്നാണെന്നു തോന്നി..അത്രത്തോളം സന്തോഷത്തിലായിരുന്നു അവര്‍..

ജന്മസാഫല്യം നേടിയ പ്രതീതി.

താലികെട്ട് കഴിഞ്ഞു അച്ഛനോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് പരിചയമുള്ള ഒരു മുഖം ആള്‍ക്കൂട്ടത്തില്‍ മിന്നി മാഞ്ഞു പോകുന്നത് കണ്ടത്..

അത് അവരായിരുന്നു.. ദേവിക അച്ഛന്റെ ആദ്യ ഭാര്യ.

അവരുടേ നോട്ടം എന്നിലേക്ക് വീണപ്പോള്‍ ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ചേര്‍ന്നു നിന്നു .. ആ തണലിലേക്ക് ജീവിതം ചേര്‍ത്തു കൊണ്ട്…