ആദ്യരാത്രിയിൽ പട്ടുസാരിയും ചുറ്റി പാലുമായി വന്ന അവളെ കണ്ടപ്പോഴും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല, ആകാര വടിവൊത്ത അവളുടെ…

കുലയ്ക്കാത്ത ചെന്തെങ്ങ് ~ എഴുത്ത്: ആദർശ് മോഹനൻ

“ഒന്നുകിൽ നിന്റെ കല്യാണം അല്ലെങ്കിൽ എന്റെ അടിയന്തരം രണ്ടിലൊന്ന് നിനക്ക് തീരുമാനിക്കാം ഉണ്ണി “

കാതടപ്പിക്കണ അമ്മേടെ ശബ്ദം കേട്ടപ്പോൾ തലയിൽ കരിങ്കല്ല് കേറ്റി വച്ച പോലെ തോന്നി, ഒന്നും മിണ്ടാതെ കോലായിലെ കരിത്തിണ്ണയിൽ ചെന്നിരിക്കുമ്പോൾ മനസ്സിന്റെ നിയന്ത്രണം ചിന്തകളുടെ ചങ്ങലപ്പൂട്ടിൽ ബന്ധിതമായിരുന്നു

ചുമരിൽ ചെറുപ്പത്തിൽ കരി കൊണ്ട് ഞാൻ കോറി വരച്ചിട്ടയാ വലിയ തെങ്ങിന്റെ വട്ടംകൂട്ടി വരച്ച കരിക്കിൻകുലകൾ പാതി മാഞ്ഞ് പോയിരുന്നു

ഉമ്മറത്തുള്ള കുലക്കാത്ത ചെന്തെങ്ങിന്റെ കഴുത്തിലേക്കെന്റെ കണ്ണൊന്നു പാളിയപ്പോൾ ഉള്ളിലെ പിടപ്പിന്റെ എണ്ണം തെറ്റി, പണ്ട് മുത്തശ്ശി പറഞ്ഞയാ വാക്കുകൾ അറിയാതെ മനസ്സിലൂടെ കടന്നു പോയി

” ഉണ്ണി ആദ്യം നടണ തെങ്ങ് കായ്ച്ചില്ലെങ്കിൽ കെട്ടണ പെണ്ണ് മച്ചിയായിപ്പോകും”

പണ്ടൊക്കെ അത് കേൾക്കുമ്പോൾ പുച്ഛിച്ച് തള്ളാറുണ്ട് ഞാൻ വീണ്ടും വീണ്ടുമാ പല്ലവി തേനീച്ച മൂളണ പോലെ കാതിലാകെ വലയം വെച്ച് കൊണ്ടിരുന്നപ്പോൾ മനസ്സിന്റെ താളം തെറ്റണ പോലെ തോന്നി, പതിനഞ്ചാം വയസ്സിൽ ഞാൻ നട്ടയാ പതിനാറ് വയസ്സായ കൂറ്റൻ ചെന്തെങ്ങ് ഇന്നോളമൊരു മച്ചിങ്ങ പോലും പൊഴിച്ചില്ലല്ലോ എന്നോർത്തപ്പോൾ മനസ്സാകെ നൊന്തുനീറി ഒരിറ്റ് കണ്ണുനീരാ കോലായിലെ വിണ്ട തറയിൽ പതിച്ചപ്പോൾ ആരും കാണാതെ ഞാനത് തുടച്ച് മാറ്റി

വടക്കേലെ ബ്രോക്കറ് ശങ്കരേട്ടൻ ആഴ്ച്ച തോറും ആലോചയുമായി വരാറുള്ളപ്പോൾ എന്തേലും ലൊട്ടുന്യായങ്ങൾ പറഞ്ഞ് മുടക്കാറാണ് പതിവ്. ഇതിപ്പോ അമ്മ നേരിട്ട് ആലോചിച്ച ബന്ധമാണ്, ഏറെക്കുറേ ഉറപ്പിച്ച മട്ടാണ് , അമ്മയെ ഞാനിന്നു വരെ എതിർത്തിട്ടില്ല എന്നത് സത്യo തന്നെയാണ്

പക്ഷെ ഇത് ?

” നാളെത്തന്നെ ആ കൊച്ചിനെ ചെന്ന് കാണണം, സമ്മതിച്ചില്ലെങ്കിൽ ഈ അമ്മയിനി ഒരിക്കലും ഒരാവശ്യവും പറഞ്ഞ് നിന്റെ മുൻപിലേക്ക് വരില്ല, ഓർത്താൽ നന്ന്, നാളെ പെണ്ണ് കാണാൻ ഞാനാണ് നിന്റെ കൂടെ വരുന്നത് നിനക്കിഷ്ടപ്പെട്ടാൽ അത് ഉറപ്പിക്കേം ചെയ്യും കേട്ടോ ഉണ്ണി”

അമ്മയത് പറഞ്ഞപ്പോൾ ആ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്തില്ല , ഞാനൊരു പെണ്ണ് കെട്ടിക്കാണാൻ അമ്മ നേരാത്ത നേർച്ചയും വഴിപാടുമില്ല, അമ്മയേക്കാൾ ആഗ്രഹം എനിക്കുണ്ട് ഒരു പെണ്ണ് കെട്ടി സന്തോഷപൂരിതമായ ജീവിതം നയിക്കണം എന്ന്

പേടി കൊണ്ടാണ് ഞാനതിന് മുതിരാത്തത്, അച്ഛമ്മ പറഞ്ഞതെല്ലാം അച്ചട്ടായേ ഇന്നോളം സംഭവിച്ചിട്ടുള്ളോ, അതു കൊണ്ട് തന്നെ ആ വാക്കുകളെ ഇന്നേ വരെ ധിക്കരിക്കാൻ മുതിർന്നിട്ടില്ല,

ജാതകത്തിന് ദോഷമില്ലാഞ്ഞിട്ടും പ്രതിവിധി തേടി ഞാൻ കണിയാൻ കുഞ്ഞുകുട്ടൻ പണിക്കരെ പോയിക്കണ്ടപ്പോഴും പരിഹസിച്ചെന്നെ പുച്ഛിച്ചു തള്ളുകയാണ് അയാളും ചെയ്തത്

പ്രതിവിധിയെന്നോണം ആരുo അറിയാതെ ഒരു വാഴക്കല്യാണം നടത്തിയാൽപ്പിന്നെ കുഴപ്പമില്ലല്ലോ അച്ഛമ്മയുടെയാ വാക്കും അറം പറ്റില്ല എന്ന് ജോത്സ്യൻ പറഞ്ഞപ്പോൾ ഒരു കൃഷിയോഫീസറായ എന്റെ ഞെരമ്പുകൾ കോപത്താൽ വലിഞ്ഞ് മുറുകി

വാഴയെ കെട്ടിയാൽ വാഴ മച്ചിയാകില്ലേ? അത് കുലയ്ക്കാതിരിക്കില്ലേ ? ഞാൻ കാരണം അത് സംഭവിക്കാൻ പാടില്ല,

നട്ട വാഴ കൂമ്പടഞ്ഞ് പോകുന്നതിന്റെ വിഷമം ഈ കെഴങ്ങൻ ജോത്സ്യന് അറിയില്ല ആ അവസ്ഥ മറ്റാരേക്കാളും നന്നായി എനിക്കറിയാം ഞാനൊരുപാട് അനുഭവിച്ചിട്ടുണ്ടത്, അയാളങ്ങനെ പറഞ്ഞപ്പോൾ മുഖത്ത് നോക്കി നാല് പുളിച്ചവർത്താനം പറഞ്ഞിട്ടവിടെ നിന്നും ഇറങ്ങി വരാനാണെനിക്ക് തോന്നിയത്. പ്രായത്തെ മാനിച്ചാണ് ഞാൻ ക്ഷമിച്ചുകൊണ്ടതെല്ലാം കേട്ടു നിന്നതും

അന്ന് നട്ടുച്ചയ്ക്ക് വീട്ടില് കേറി ചെല്ലുമ്പോൾ ഉമ്മറത്തുള്ള ചെന്തെങ്ങിന്റെ ചുവന്ന പട്ട ഒരു കൂസലുമില്ലാതെ കാറ്റിലാടിക്കളിക്കണ കണ്ടപ്പോൾ തല തെല്ലൊന്നുമല്ല പെരുത്തു കയറിയത്

പല്ല് കൂട്ടിക്കടിച്ച് തൂമ്പായുമെടുത്താ തടത്തിനു മീതെ കൊത്തിയിളക്കി മറിച്ചോണ്ടിരുന്നു, ഞാനെന്നെ മറന്നു ഇളക്കിമറിച്ച യാ കറുത്ത മണ്ണിനെ ചവിട്ടിമെതിക്കുമ്പോളാണ് പിന്നിൽ നിന്നാ വിളി കേട്ടത്

” ഉണ്ണീ, നിനക്കെന്താ ഭ്രാന്ത് പിടിച്ചോ, ഈ നട്ടാപ്പറ വെയിലത്തിങ്ങനെ നട്ടപ്രാന്ത് കാണിക്കാതെ വന്ന് രണ്ട് വറ്റ് ചോറുണ്ണാൻ നോക്ക് “

സ്ഥലകാലബോധം വീണപ്പോൾ തൂമ്പയാ തെങ്ങിൽ ചാരി വച്ച് കൈകാലുകൾ കഴുകി ഉള്ളിലേക്ക് നടക്കുമ്പോഴും നെറ്റിയിൽ നിന്നു കവിളിൽപ്പതിച്ച വിയർപ്പുതുള്ളിക്കൊപ്പം ആരുo കാണാത്ത പാകത്തിൽ കണ്ണുനീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു

വിളമ്പി വെച്ച ചോറിനും മാമ്പഴപ്പുളിശ്ശേരിക്കും രുചിയില്ലാത്ത പോലെ തോന്നി മടുപ്പോടെ പാതി കഴിച്ച ഇലയാ കരിത്തറയിലേക്ക് മടക്കി വെച്ചപ്പോളാ ചോദ്യം എനിക്കു നേരെ ശരംകണക്കെ എറിഞ്ഞു കൊള്ളിച്ചു അച്ഛൻ

” നിന്റെ തീരുമാനം പറത്തില്ല, അത് കഴിഞ്ഞ് എനിക്കും ചില തീരുമാനം എടുക്കാനുണ്ട് “

അത് കേട്ടപ്പോൾ എന്റെ അച്ഛമ്മയുടെ വയറ്റിൽ തന്നെയാണോ ഈ മനുഷ്യൻ കുരുത്തത് എന്ന സംശയമെന്നിൽ ഉണർന്നു, കനം വെച്ച തൊണ്ടയെ ഒരിറക്ക് ദാഹജലത്താൽ തഴുകിക്കഴുകിക്കൊണ്ട് അരണ്ട ശബ്ദത്തിൽ ഞാൻ പറഞ്ഞു

” പലരും പലതും മറക്കുന്നു, തല മൂത്തവരുടെ വാക്കുകൾക്ക് പുല്ല് വില കൊടുക്കാതായി. ഞാൻ സമ്മതം മൂളുന്നു , തകരുന്നത് എന്റെ ജീവിതമല്ലേ, എന്റെ സ്വപ്നമല്ലേ ഇനി പോറ്റി വളർത്തിയ മാതാപിതാക്കളെ ഇനി എതിർത്തു എന്നാരും പറയണ്ട “

ഒന്നും മനസ്സിലാകാത്ത മട്ടിലച്ഛൻ എന്നെത്തന്നെ നോക്കി നിന്നപ്പോൾ എല്ലാം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണെന്നാണെനിക്കു തോന്നിയത്

സ്വപ്നങ്ങൾ ഒരുപാട് നെയ്തുകൂട്ടിയിരുന്നു. ഒരുപാട് തവണ ഞാനാ വട്ടമത്താത്തയാ ഒറ്റാം തടിയിൽ വട്ടം പിടിച്ച് ആ തലക്കാംപാകത്തേക്ക് വലിഞ്ഞ് കയറിയിട്ടുണ്ട് എന്തിനെന്നോ ഞാൻ നട്ട എന്റെ ചെന്തെങ്ങ് പൂക്കുല വിരിച്ചോ എന്ന് അറിയുവാൻ വേണ്ടി മാത്രമാണത് ഒടുവിൽ കായ്ക്കാത്തയാ ചെന്തെങ്ങിന്റെ കുരക്ക് നോക്കി ഞാൻ ശപഥം ചെയ്തതാണ് ഇനിയിതിൽ നിന്നും ഒരു കരിക്ക് വെട്ടിക്കുടിച്ചിട്ടേ ഒരു പെണ്ണിനേക്കുറിച്ച് ഞാൻ ചിന്തിക്കൂ എന്ന്

ഇന്ന് വീശിയ അന്തിക്കാറ്റിന്റെ ഇളംതണുപ്പിൽ അലിഞ്ഞില്ലാകുകയായിരുന്നാ ശപഥമൊക്കെയും

പെണ്ണുകണ്ട് വന്നയാ ദിവസം എനിക്കുറങ്ങാൻ സാധിച്ചില്ല, മനസ്സാകെ ചിന്താകുലമായി കനം കൂടി, കണ്ണാടി നോക്കിയപ്പോൾ കവിളുകൾ തൂങ്ങിയ പോലെ നേർത്ത കുറ്റിമീശയിലെ നരവീണ ഒന്നു രണ്ട് രോമങ്ങൾ കത്രികയില്ലാതെ പറിച്ചെടുക്കുമ്പോഴും കണ്ണിൽ നിന്നും കുടുകുടാ വെള്ളമൊഴുകുന്നുണ്ടായിരുന്നു

തീരെ ഉറക്കം വരാതിരു പ്പോൾ കോലായിലെയാ തണുപ്പുള്ള കരിത്തറയിൽ മുണ്ടു വിരിച്ചു കിടന്നു, കുളിരു കോരുന്ന മഞ്ഞിലും ഉഷ്ണം കൊണ്ട് പുഴുകിപ്പുളയുകയായിരുന്നു ഞാനപ്പോൾ

പുറത്തേക്കിറങ്ങിയപ്പോൾ ഉള്ളിലെ ദേഷ്യം ഒന്നൂടെ അരച്ച് പൊന്തി, മണ്ണിനു പോലും ഭാരമായി നിന്നയാ ചെന്തെങ്ങ് എനിക്ക് നേരെ നെഞ്ച് വിരിച്ച് നിക്കണ കണ്ടപ്പോൾ സഹിക്കാനായില്ലെന്, തൊട്ടപ്പുറത്ത് കിടന്ന കവളം പട്ടയെടുത്ത് ഞാനാ തടിച്ച ചെന്തെങ്ങിനെ തലങ്ങും വിലങ്ങും തല്ലി, കൈയ്യിൽ ചോരപ്പാട് വീഴും വരെ മതിയാവോളം ഞാനെന്റെ ദേഷ്യത്തെ അടിച്ചടിച്ച് അടക്കിക്കൊണ്ടിരുന്നു

കരഞ്ഞു തളർന്ന് ഞാൻ നിലം പതിക്കുമ്പോഴും താങ്ങി നിന്നത് പുറത്തേക്ക് മുഴച്ച് നിന്നയാ ചെന്തെങ്ങിന്റെ വേരുകൾ തന്നെയാണ്

കല്യാണത്തിന്റെ അന്ന് ചുവരിൽ തൂക്കിയിട്ട ഫോട്ടോയിലെ പൂമാലയിട്ട അച്ഛമ്മയുടെ മുൻപിൽ ഞാൻ കണ്ണീരോടെയാണ് കൈകൂപ്പി നിന്നത്

അച്ഛമ്മയെ ധിക്കരിച്ച ഈ പാപിയോട് പൊറുക്കണം എന്നു പറഞ്ഞാ വിളക്കിനെ നമസ്കരിക്കുമ്പോഴും വരുന്നിടത്ത് വെച്ചു കാണാടാ ഉണ്ണീ എന്ന് അച്ഛമ്മയെന്നോട് പറയും പോലെയാണെനിക്ക് തോന്നിയതും

താലികെട്ടുമ്പോളും തറമ്പിച്ച മദ്ദളത്തിന്റെ പുറംതോടിനേക്കാൾ വേഗത്തിൽ എന്റെ കൈകൾ വിറച്ചു , മുന്നിലിരുന്ന പറയിൽ കുത്തിവെച്ച തെങ്ങിന്റെ പൂക്കൊല കണ്ടപ്പോൾ ഞാൻ നട്ടയെന്റെ ചെന്തെങ്ങിന്റെ ചിത്രം മനസ്സിലൂടെ കടന്നു പോയി അതിന്റെ കുലക്കാത്ത കുരക്ക് മനസ്സിൽ തെളിഞ്ഞത് എന്നെ ഒന്നൂടെ തളർത്തുകയാണ് ചെയ്തതും

കെട്ടിയ പെണ്ണിന്റെ കൈപിടിച്ച് ഞാനെന്റെ വീടിന്റെ പടി ചവിട്ടുമ്പോഴും ആ കുമ്മായച്ചുവരിലേയ്ക്ക് എന്റെ കണ്ണൊന്ന് പാളിയിരുന്നു

ഞാൻ വരച്ച ചിത്രത്തിനു മീതെ നാണു മേഴ്സ്രിയുടെ വൈറ്റ് വാഷ് വീണപ്പോൾ ആ ചുവരിന് പണ്ടത്തേക്കാൾ അഴകു കുറഞ്ഞു, വിഷാദമൂകനായാണ് ഞാനുളളിലേക്ക് കയറിച്ചെന്നതും

ഇനിയെന്ത് എന്ന അവസ്ഥയിൽ എന്നിരിക്കുമ്പോഴാണ് പന്തലു പൊളിച്ച് കൊണ്ടുപോകാൻ പന്തല് പണിക്കാർ വന്നത്,

രണ്ട് ദിവസത്തിനു ശേഷം ഊരിക്കൊണ്ടോയാൽ മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ചോദ്യഭാവത്തിലെന്നെ നോക്കി

” ആവശ്യം കഴിഞ്ഞില്ലേ? ഇനിയെന്തിനാ പന്തൽ”

ആ ചോദ്യത്തിന് കടുപ്പിച്ചുള്ളൊരു നോട്ടം കൊണ്ടാണ് ഞാനച്ഛന് മറുപടി കൊടുത്തത്

അമ്മ പറഞ്ഞത് പോലെ അടിയന്തരം നടത്തേണ്ടി വരും, അമ്മേടെ അല്ല , എന്റെ, അതു കൊണ്ട് തന്നെയാണ് ഞാനത് ഊരിമാറ്റണ്ടയെന്ന് പറഞ്ഞതും

ആദ്യരാത്രിയിൽ പട്ടുസാരിയും ചുറ്റി പാലുമായി വന്ന അവളെ കണ്ടപ്പോഴും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല, ആകാര വടിവൊത്ത അവളുടെ അഴകുള്ള മേനിയിലായായിരുന്നില്ല എന്റെ നോട്ടം

എന്റെ നോട്ടം ജനൽപ്പാളിയിലൂടെ പതിച്ചത് നിലാവെളിച്ചത്തിൽ നിലംപതിച്ചയാ ചെന്തെങ്ങിന്റെ നിഴലിലേക്കായിരുന്നു

ആ ജനല പതുക്കെ ചാരിയിട്ടു, അവളോട് ഇപ്പോൾ വരാമെന്നും പറഞ്ഞു ഞാനാ ചെന്തെങ്ങിന്റെ കടയ്ക്ക് ചെന്നു നിന്നു

അന്ന് കവളം പട്ടയ്ക്ക് ഞാനടിച്ചു പൊളിച്ചയാ പുറംതോടിലൂടെ ഞാനെന്റെ വിരലുകളോടിച്ചു, പുറംതോടിലെ പൊന്തി നിന്ന ആരിൽ വിരൽ തടഞ്ഞപ്പോൾ എന്റെ കണ്ണാകെ നിറഞ്ഞു

മാറോട് ചേർത്ത് ഞാനവനു മുൻപിൽ പൊട്ടിക്കരഞ്ഞുകൊണ്ടവനോടായ് പറഞ്ഞു

” പൊന്നുപോലെ നോക്കിയതല്ലേ ഞാൻ, ?

അമ്മിണിപ്പശുവിന്റെ ചാണകം കൊണ്ട് നിന്റെ വിശപ്പടക്കിയതല്ലേ ഞാൻ?

തോമേട്ടന്റെ പറമ്പിൽ നിന്നും തോട് കീറി നിന്റെ ദാഹം അടക്കിയതല്ലേ ഞാൻ?

ആർക്കും വേണ്ടാത്ത നിന്നെ കായ്ക്കാത്ത തെങ്ങ് അറുത്തുമാറ്റണമെന്നച്ഛൻ പറഞ്ഞപ്പോൾ എതിർത്തു കാത്തതും ഞാൻ തന്നെയല്ലേ?

എന്നിട്ടും എന്തേ?

അണപൊട്ടിയ അശ്രു കൊണ്ട് ഞാനവന്റെ വേരിനെ കഴുകിയെടുത്തു ഇനിയൊരിക്കലും നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ലെന്നും ഇതെന്റെ വിധിയാണെന്നും പറഞ്ഞു തിരിഞ്ഞു നടന്നതും എന്റെ നെറുകും തലയിലേക്ക് കല്ലെടുത്തു വീക്കിയ പ്രതീതിയിൽ എന്തോ വന്നു വീണു

പരതി നോക്കിയപ്പോൾ അതിന്റെ കടയ്ക്കും നിന്നൊരു ചുവന്ന മച്ചിങ്ങ കിട്ടിയെനിക്ക്, ആഹ്ലാദത്തിമർപ്പിൽ അതിനു ചുറ്റും ഞാനാടോർച്ചെടുത്തടിച്ചു നോക്കിയപ്പോൾ പത്തിലധികം മച്ചിങ്ങ പൂക്കളമിട്ടോണം കിടക്കുന്നുണ്ടായിരുന്നു

പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിൽ ഞാനെന്റെ ചെന്തെങ്ങിനെ വാരിപ്പുണർന്നു, മുറി വീണ അവന്റെ പുറംതോടിൽ ഞാനെന്റെ ചുണ്ടമർത്തി

ഉള്ളംകൈയ്യിലാ ചുവന്ന മച്ചിങ്ങയുമേന്തി ഞാനോടിപ്പോയത് എന്റെ നവവധുവിന്റെ അരികിലേക്കായിരുന്നു

എന്റെ പുഞ്ചിരിച്ച മുഖം കണ്ടപ്പോഴാണ് അവളുടെ മുഖമൊന്ന് തെളിഞ്ഞതും മുൻപൊന്നും അവളിൽ കണ്ടിട്ടില്ലാത്ത അഴക് അപ്പോളെനിക്ക് തോന്നി

ആദ്യമായെന്റെ വിവാഹ സമ്മാനമെന്നോണം ആ ചുവന്ന മച്ചിങ്ങ അവളുടെ ഉള്ളംകൈയ്യിൽ ഏൽപ്പിക്കുമ്പോൾ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെന്നെത്തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു

ഒന്നും മിണ്ടാതെ അവളെ ചേർത്തു പിടിച്ച് ആലിംഗനo ചെയ്യുമ്പോൾ പണ്ട് മുത്തശ്ശി പറഞ്ഞ വാക്കുകൾ ആ മുറിയിലാകെ മുഴങ്ങണ പോലെയെനിക്ക് തോന്നി, ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുള്ളയാ വാക്കുകൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചയാ വാക്കുകൾ

” ആത്മാർത്ഥമായി സ്നേഹിച്ചാൽ പെണ്ണ് ചതിച്ചേക്കാം, പക്ഷെ തെങ്ങ് ചതിക്കില്ല, മണ്ണും “