എന്ന് സ്വന്തം പല്ലവി ~ ഭാഗം – 16 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”ഒരുപാട് ഇഷ്ട്ടപ്പെട്ടിട്ട്…ആ ഹൃദയവും പറിച്ചു തന്ന് സ്നേഹിച്ചിട്ട്….ഒരിക്കലും ഒന്നാകാതെ പോകുന്ന വേദന ഉണ്ടല്ലോ…അത് അനുഭവിക്കാൻ പറ്റത്തില്ല…സഹിക്കാനാകാതെ ഓരോ നിമിഷവും നീറി നീറി ഇങ്ങനെ ജീവിക്കേണ്ടിവരും….

ഈ എന്നെപ്പോലെ…””

വയ്യെനിക്ക്…ഓർമ്മയുടെ കനൽ കൂമ്പാരങ്ങൾ കരളിൽ തെറിച്ചു വീണ് പൊള്ളിയടർന്നപ്പോൾ ഹൃദയവേദനയോടെ നെഞ്ചോരം കൈചേർത്ത് ഞാൻ വിങ്ങി കരഞ്ഞുകൊണ്ട് തിരികെ നടന്നു…

എത്ര മറക്കാൻ ശ്രമിച്ചിട്ടും പിന്നെയും പിന്നെയും സൂരജിലേക്ക് തന്നെ എന്റെ ഹൃദയം പാഞ്ഞോടുകയാണെന്ന് ഞാനറിഞ്ഞു…ഒരു സത്യം ഞാൻ മനസ്സിലാക്കി ഈ ജന്മം ഈ പല്ലവിക്ക് നിന്നിൽനിന്നൊരു മോചനമില്ലെന്ന്…നീ തന്ന ചൂടിൽ ഉരുകി ഉരുകി ഞാൻ പിടഞ്ഞു തീരുമെന്ന്….എന്നാൽ കാതങ്ങൾ ദൂരെ ഇരുളിൽ തന്റെ പവിയേയും തേടി ഭ്രാന്തമായി അലയുകയായിരുന്നു അവൻ…..അവനിലെ ഭ്രാന്തിന്റെ ആഴവും വ്യാപ്തിയും കണ്ടറിഞ്ഞ് കൂട്ട് കൂടാൻ അവന്റെ പവിയ്ക്കല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന് അവനറിയാമായിരുന്നു…

ദിവസങ്ങൾ കടന്നുപോകെ,എന്റെ പരിശ്രമങ്ങൾ വെറുതെയായില്ലെന്ന് തോന്നുന്നു…ഒന്നുരണ്ട് പ്രസിദ്ധീകരിച്ച പി എസ് സി റാങ്ക്ലിസ്റ്റിന്റെ മുൻനിരകളിലായി എന്റെ പേരും ഉണ്ടെന്നറിഞ്ഞപ്പോൾ വിശ്വസിക്കാനാത്ത സന്തോഷത്താൽ എന്റെ ഹൃദയം നിറഞ്ഞു…എല്ലാവരെയും വിളിച്ചു ആ സന്തോഷം ഞാൻ പങ്കുവച്ചപ്പോൾ എന്നേക്കാൾ ഏറെ അവരും എന്റെ ജയത്തിൽ സന്തോഷിക്കുന്നുണ്ടായിരുന്നു….

ഒരിക്കൽ ഒരു കർക്കിടകവാവിൽ കലാമന്ദിരത്തിൽ നിന്നും അധികം ദൂരമില്ലാത്ത പാപനാശം കടൽപ്പുറത്തേക്ക് ബലിയിടാനായി ഞാനും പോകാൻ തീരുമാനിച്ചു…

ആർത്തിരമ്പി പെയ്യുന്ന മഴയിലൂടെ, നനഞ്ഞ പൂഴിമണലിൽ ചവിട്ടി ജനപുരുഷാരങ്ങൾക്കിടയിലൂടെ ഞാനും നടന്നു…

അച്ഛനെയും അമ്മയെയും ഏട്ടനേയും മനസ്സിൽ ധ്യാനിച്ച് എള്ളും പൂവും ഉണക്കലരിയും പൂജാദ്രവ്യങ്ങളും കൊണ്ട് ബലിതർപ്പണം നടത്തി ജലത്തിൽ മുങ്ങി നിവർന്നു ഈറനോടെ ഞാനാ മണൽത്തിട്ടയിൽ ഇരുന്നു…പഴയകാല ഓർമ്മകൾ ഒരു ചിത്രം കണക്കെ കണ്മുന്നിൽ മിഴിവോടെ തെളിഞ്ഞു വരുന്നത് ഞാനറിഞ്ഞു….

ഇടയ്ക്കെപ്പോഴോ എനിക്ക് കുറച്ച് അരികിലായി മധ്യവയസ്കനായൊരാൾ പരിഭ്രാന്തിയോടെ വന്നിരിക്കുകയും ഉയർന്നു വരുന്ന നിശ്വാസങ്ങൾക്കൊപ്പം മെല്ലെ മെല്ലെ അയാളുടെ ബോധം മറഞ്ഞുപോകുന്നതായും ഞാനറിഞ്ഞു….തിരക്കുകൂട്ടുന്ന ആൾക്കൂട്ടങ്ങൾ ഒന്നും അയാളെ വകവയ്ക്കാതെ തിരിഞ്ഞു പോകുന്നതറിഞ്ഞു വേവലാതിയോടെ ഞാൻ അയാൾക്കരികിലേക്കിരുന്നു…

ബലിതർപ്പണം നടത്തിയിട്ട് വന്നതാണെന്ന് തോന്നുന്നു ഈറൻ മാറാത്ത മുണ്ടിൽ നിന്നും മേൽമുണ്ടിൽ നിന്നും ജലത്തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു….പ്രൗഢി വിളിച്ചോതുന്ന മുഖത്തോടെ ആരോഗ്യദൃഢഗാത്രനായൊരാൾ…കണ്ടിട്ട് എന്തോ അയാളെ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ലെനിക്ക്, എന്റെ അച്ഛന്റെ പ്രായം ഉണ്ടാകുമല്ലോ ആയാൾക്കും എന്നോർത്തുകൊണ്ട് ബാഗിൽ നിന്നും വെള്ളം നിറച്ച കുപ്പിയെടുത്ത് തുറന്ന് ആ മുഖത്തേക്ക് ഞാൻ തളിച്ചു…

പെട്ടന്ന് വല്ലായ്മ്മയോടെ കണ്ണുകൾ മെല്ലെ വലിച്ചു തുറന്നുകൊണ്ടയാൾ ആയാസപ്പെട്ട് നിവർന്നിരിക്കുന്നത് കാൺകെ ഞാൻ ആശ്വത്തോടെ നോക്കി നിന്നുപോയി…

കുപ്പിയിലുള്ള വെള്ളം ഞാൻ അയാൾക്ക്‌ നേരെ നീട്ടുമ്പോൾ എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്തേക്ക് അയാൾ കണ്ണെടുക്കാതെ നോക്കി ഇരിക്കുയാണെന്ന് ഞാനറിഞ്ഞു…

“”ഇത് കുടിക്ക് സാർ….എന്താ പറ്റിയെ… ഒറ്റയ്ക്കാണോ വന്നത്.””

നിർത്താതെയുള്ള എന്റെ ചോദ്യങ്ങൾ കാൺകെ ആ മുഖത്ത് ഒരു ചെറുചിരി വിടരുകയും വെള്ളത്തിന്റെ കുപ്പി കൈകളിലേക്ക് വാങ്ങി രണ്ട് മൂന്ന് കവിൾ കുടിക്കുകയും ചെയ്തു…

“”നിർത്തി നിർത്തി ചോദിക്കടോ…ആരുമല്ലാത്ത ഈ വഴിപോക്കനോട് ഇത്രയും കരുതല് വേണോ…””

ചിരിയോടെ അയാളെന്നോട് ചോദിച്ചുകൊണ്ട് വീണ്ടും വെള്ളം കുടിച്ചതും നെറുകയിൽ കയറിയെന്ന് തോന്നുന്നു വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു…

എന്തോ ഉൾപ്രേരണയാൾ ഞാൻ എന്റെ കൈ ഉയർത്തി ഉച്ചിയിൽ മെല്ലെ തട്ടിക്കൊടുത്തപ്പോൾ ചുമ നിൽക്കുകയും ആ കണ്ണുകൾ അത്ഭുതത്തോടെ അതിലുപരി വാത്സല്യത്തോടെ എന്നെ നോക്കുന്നതും ഞാനറിഞ്ഞു…ജാള്യതയോടെ ഞാനെന്റെ കൈകൾ പിൻവലിച്ചു മാറിയിരുന്നു…

വെറും അപരിചിതനായൊരാളോട് ഞാനെന്തിന് ഇങ്ങനെ ഒക്കെ ചെയ്യണം എന്ന ആലോചനയോടെ അടിച്ചുയരുന്ന തിരമാലകളിലേക്ക് ഞാൻ നോക്കിയിരുന്നപ്പോളേക്കും ആള് ഉന്മേഷത്തോടെ എഴുനേറ്റ് നിൽക്കുന്നത് ഞാനറിഞ്ഞു…

“”ബി.പി കുറഞ്ഞതാണെന്ന് തോന്നുന്നു….ഇടയ്ക്കിടയ്ക്കുള്ളതാടോ ഇത്…പ്രത്യേകിച്ച് പേടിക്കാനൊന്നും ഇല്ല…എല്ലാ വർഷവും മുടങ്ങാതെ ഇവിടേക്ക് വരാറുള്ളതാ…””

അയാളുടെ ഗൗരവമാർന്ന മുഖവും ചെറു ചിരിയും സംസാരവും ഒക്കെ കാൺകെ ആളൊരു മാന്യനാണെന്നെനിക്ക് തോന്നി…എവിടെയോ കണ്ടുമറന്നൊരു മുഖം പോലെ…

“”മോളെന്താ ഒറ്റയ്ക്ക് കൂടെ ആരുമില്ലേ…””

ശബ്ദം ഉയർന്നപ്പോൾ ചിന്തകളിൽ നിന്നും ഞാനും ഞെട്ടിമാറി…

“”ഉണ്ടായിരുന്നു…പക്ഷേ ഒരിക്കൽ എന്നെ ഒറ്റയ്ക്കാക്കി എല്ലാവരും അങ്ങ് പോയി…””

മങ്ങിയ ചിരിയോടെ ഞാനത് പറഞ്ഞപ്പോൾ ആ മുഖത്തെ ചിരിയും മാഞ്ഞുപോയി എന്ന് ഞാനറിഞ്ഞു..

“”എന്റെ വണ്ടി ദേ അവിടെ പാർക്ക്‌ ചെയ്തിട്ടുണ്ട്.. തനിക്ക് വിരോധം ഇല്ലേൽ അവിടെ വരെ എന്റെ കൂടെയൊന്ന് വരാവോ…””

സമ്മതത്തോടെ ചിരിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നതും ആളും എനിക്കൊപ്പം പതിയെ നടന്നു വരുന്നുണ്ടായിരുന്നു…ആഞ്ഞടിക്കുന്ന തിരമാലകൾ ഇടയ്ക്കെപ്പോഴോ കാല്പാദങ്ങളെ പുൽകി കടലിലേക്ക് തിരികെ പോകുന്നത് ഞാനറിഞ്ഞു…

“”എന്താ തന്റെ പേര്…””

“”പല്ലവി…””

ആ കണ്ണുകൾ വികസിക്കുകയും വാത്സല്യത്തോടെ എന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നതും ഞാനറിഞ്ഞു…

“”പഠിത്തമൊക്കെ…””

കടൽകാറ്റിൽ പറന്നകലുന്ന സെറ്റ് സാരിയുടെ തലപ്പ് ഞാൻ മുന്നിലേക്ക് ഒതുക്കിപ്പിടിച്ചു…

“”കഴിഞ്ഞു…ഇപ്പോൾ മുനിസിപ്പൽ സെക്രട്ടറിയായി പോസ്റ്റിങ്ങ്‌ കിട്ടി പാലക്കാട്ടേക്ക്…മറ്റന്നാൾ ജോയിൻ ചെയ്യുകയാ….”

“”മിടുക്കി…””

നിറഞ്ഞ സന്തോഷത്തോടെ ഞാനത് പറഞ്ഞതും അഭിമാനത്തോടെ ആ കൈകൾ എന്റെ നെറുകയിൽ തലോടിയപ്പോൾ എനിക്കെന്റെ അച്ഛനെ ഓർമ്മവന്നുപോയി…അതേ സാമിപ്യം എന്നിൽ നിറയുന്നത് ഞാനറിഞ്ഞു…

“”എന്റെ അമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു…ഇപ്പൊ മുകളിൽ ഇരുന്ന് എല്ലാംകണ്ട് സന്തോഷിക്കുന്നുണ്ടാകും …””

എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും ചിരിയോടെ ഞാനും അയാൾക്കൊപ്പം നടക്കുമ്പോൾ ഞങ്ങൾക്കിടയിൽ മൗനം നിറയുന്നത് ഞാനറിഞ്ഞു…

വില കൂടിയൊരു ആഡംബര കാറിനടുത്തേക്കയാൾ നടന്നു ചെല്ലുകയും ഡിക്കി തുറന്ന് അതിനുള്ളിൽ ഇരുന്ന പെട്ടിയിൽ നിന്നുമൊരു ജുബ്ബ എടുത്ത് ധരിക്കുന്നതും ഞാൻ നോക്കി നിന്നു…

“”സാറിന്റെ കൂടെ ആരെങ്കിലും ഉണ്ടൊ കൂട്ടിന്…ഇങ്ങനെ വയ്യാതെ ഒറ്റയ്ക്ക്…””

വേവലാതിയോടെയുള്ള എന്റെ ചോദ്യത്തിന് ഉത്തരമായി ആള് ചിരിച്ചുകൊണ്ടു എനിക്കടുത്തേക്ക് നടന്നു വന്നു കാറിലേക്ക് ചാരി നിന്നു…

“”മനസ്സ്കൊണ്ട് ഞാനും തനിച്ചായിട്ട് കാലം കുറേ ആയടോ…ഒരു മകൻ ജീവനോടെ ഉണ്ടെങ്കിലും കുറച്ച് വർഷങ്ങളായി അവനെയും എനിക്ക് നഷ്ടമായി….

അവന്റെ പെണ്ണിനെ കാത്തിരിക്കുകയാണെന്ന്…വാശിയും ദേഷ്യവും സ്നേഹവും ഒക്കെ നിയന്ത്രിക്കാൻ അറിയാത്തൊരു ഭ്രാന്തൻ ചെക്കനാ അവൻ…

ഒന്നെനിക്കുറപ്പാ അവൾക്ക് മാത്രമേ അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയൂ…അവളെ മാത്രമേ ഈ ലോകത്തവന് സ്നേഹിക്കാനും ഇഷ്ടപ്പെടാനും സാധിക്കു…””

നെടുവീർപ്പോടെ പറഞ്ഞുനിർത്തി എന്നിലേക്ക് തറഞ്ഞു നിൽക്കുന്ന ആ കൺകോണിൽ ഒരിറ്റ് നീർ പൊടിയുന്നത് ഞാനറിഞ്ഞു…

ഹൃദയത്തിലേക്ക് പാഞ്ഞെത്തിയ ആ മുഖം എന്നെയും വല്ലാതെ നോവിച്ചുകൊണ്ടിരിക്കുന്നു..എന്റെ സൂരജും അതുപോലെ ആയിരുന്നില്ലേ.. പവിയെന്നാൽ ഭ്രാന്തല്ലേ അവനും…സങ്കടത്താൽ ചുണ്ടുകൾ വിതുമ്പിയപ്പോൾ ഞാൻ മുഖം തിരിച്ചു കടൽ ഭിത്തികളിൽ ആഞ്ഞടിക്കുന്ന തിരകളെ നോക്കി നിന്നു…

ഒരുപാട് സംസാരിച്ചു അദ്ദേഹത്തോട്…എന്നെപ്പറ്റിയൊക്കെ കുറേ ചോദിച്ചറിഞ്ഞു…ഞാൻ ചിലതൊക്കെ മറച്ചു പിടിച്ചെങ്കിലും എന്റെ കഥകളൊക്കെ കേട്ട് നിന്നു…കലാമന്ദിരത്തെ പറ്റി പറഞ്ഞപ്പോൾ ഇങ്ങോട്ട് ചോദിച്ചു മൃണാളിനി മാഡത്തെക്കുറിച്ച്…അവർ പരിചയക്കാർ ആണെന്നും കലാമന്ദിരത്തിൽ ഒന്നുരണ്ടു തവണ വന്നിട്ടുണ്ടെന്നും പറഞ്ഞു…

സംസാരത്തിൽ വല്ലാത്ത ഗൗരവം ആണെങ്കിലും വാത്സല്യം നിറഞ്ഞ ആ നോട്ടം അയാളിലേക്കെന്നെ അടുപ്പിച്ചു….ആ ഗൗരവവും കണ്ണിൽ ഒളിപ്പിച്ച ചിരിയുമൊക്കെ കാണുമ്പോൾ സൂരജിനെ ഓർമ്മവരും…അവനും ഇതുപോലെയാ സങ്കടം വന്നാലും സന്തോഷം വന്നാലും ഒരേ ഭാവമാണ്…

പോകാൻ നേരമെന്നെ ഒരുപാട് നിർബന്ധിച്ചു കലാമന്ദിരത്തിലേക്ക് ആക്കാം എന്ന്…കുറച്ച് മണിക്കൂറുകൾ മാത്രം പരിചയമുള്ള ആ മനുഷ്യനോടുള്ള വിശ്വാസക്കുറവല്ല…എങ്കിലും എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്നു…

“”വിശ്വാസക്കുറവുണ്ടോ മോൾക്ക്….തന്റെ അച്ഛനെ പോലെ കണ്ടാൽ മതിയന്നേ..വാ വന്നു കയറിക്കോ….””

ആ വാക്കുകൾക്ക് മുന്നിൽ വീണ്ടുമെനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു..പിന്നിലേക്ക് ഞാൻ ഡോർ തുറന്ന് കയറാനൊരുങ്ങിയപ്പോൾ “”ആഹാ താനെന്ന ഡ്രൈവർ ആക്കുവാണോ..”” എന്ന ചിരിയോടെയുള്ള ചോദ്യം കേൾക്കെ ഞാൻ നടന്നു ചെന്നു കോ ഡ്രൈവർ സീറ്റിനടുത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി ഇരുന്നു….

പിന്നെയും സംസാരിച്ചു, ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനൊരു ജോലി കൈവരിച്ചതിനെ പറ്റിയുമൊക്കെ ആള് വാചാലനായി…

കലാകേന്ദ്രത്തിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ആ മുഖത്തേക്ക് നോക്കി യാത്രപറഞ്ഞു ഞാനിറങ്ങിയപ്പോൾ ആളും എന്റെ കൂടെയിറങ്ങി…ഇപ്പ്രാവശ്യം അകത്തേക്ക് കയറുന്നില്ലെന്ന് പറഞ്ഞു…

“”നാളെ പാലക്കാട്ടേക്ക് പോകുമ്പോൾ മോള് എന്റൊപ്പം വരാമോ…ഇവിടെ ഇന്നുകൂടി ചില ആവശ്യങ്ങൾ ഉണ്ടെനിക്ക്…മറ്റന്നാൾ നമുക്ക് ഒരുമിച്ച് പൊയ്ക്കൂടേ…””

തിരികെ നടക്കാനൊരുങ്ങും മുന്നേ എനിക്ക് നേരെ വന്ന ആ ചോദ്യത്തിനൊരു മറുപടി നൽകാനാകാതെ ഞാനും ആശങ്കയോടെ നിന്നുപ്പോയി…

“”സാർ…അത്…എനിക്ക്…””

അറിയില്ലെനിക്ക് എന്ത് പറയണമെന്ന്…ചില മണിക്കൂറുകളുടെ ബന്ധമേ ഉള്ളൂ എങ്കിലും ആ മുഖത്തേക്ക് നോക്കി നിഷേധിക്കാനും കഴിയുന്നില്ലല്ലോ എന്ന് ഞാനാലോചിച്ചു…

“”പേടിച്ചിട്ടാണോ…ഞാൻ പറഞ്ഞില്ലേ നിന്റെ അച്ഛനാണ് വിളിക്കുന്നതെന്ന് കരുതിക്കോന്ന്…മൃണാളിനിയോട് ഞാൻ വിളിച്ചു
സംസാരിക്കട്ടെ…””

യാതൊരു മുൻപരിചയവുമില്ലാത്ത ആളെപ്പോലെ ആയിരുന്നില്ല ആ പെരുമാറ്റം…സ്നേഹത്തോടെയും അധികാരത്തോടെയുമാണ് ഓരോ വാക്കും അയാൾ പറയുന്നതെന്ന് ഞാനറിഞ്ഞു….ചിലപ്പോൾ ഒരു ആപത്‌ഘട്ടത്തിൽ ഒരു കവിൾ വെള്ളം കൊടുത്തതിനും പരിപാലിച്ചതിനും കരുതിയതിനുമുള്ള സ്നേഹം ആകും ഇതെന്ന് ഞാനോർത്തു…

ഞാനും മൗനമായി മറുപടി നൽകാതെ നിൽക്കുന്നത് കണ്ടിട്ടാകാം
കാറിന്റെ ഡാഷ് ബോർഡ്‌ തുറന്ന് ഒരു വിസിറ്റിംഗ് കാർഡ് എന്റെ കയ്യിലേക്ക് വച്ചു തന്നു….

“”വിളിക്കണം..ഒറ്റയ്ക്ക് അത്രയും ഡ്രൈവ് ചെയ്യണ്ടാല്ലോ എന്റെ മിടുക്കിക്കുട്ടി കൂടി ഉണ്ടേൽ എനിക്ക് വലിയ സന്തോഷമാ…അല്ല വന്നില്ലെങ്കിലും വിളിക്കണം കേട്ടോ എന്നെ…””

എന്റെ നെറുകയിൽ തലോടി യാത്രപറഞ്ഞു അകലേക്ക്‌ മറഞ്ഞപ്പോൾ എന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറയുന്നത് ഞാനറിഞ്ഞു….

രാത്രി സിദ്ധുഏട്ടൻ വിളിച്ചപ്പോൾ ബസിൽ വരാനുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്ത് എന്റെ മെയിലിലേക്ക് അയച്ചു എന്നെന്നോട് പറഞ്ഞു…

എന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു….വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് ഞാൻ തിരികെ പോകുന്നു…കഴിഞ്ഞുപോയ കാലങ്ങളുടെ സ്മരണകൾ എന്നെ പൊതിഞ്ഞപ്പോൾ ഹൃദയം നോവുന്നു എന്ന് ഞാനറിഞ്ഞു…

എല്ലാവരോടും വീണ്ടുമൊരു യാത്രപറച്ചിൽ…ഇഷ്ടമില്ലാതെ വന്നതാണെങ്കിലും പോകെ പോകെ മനസ്സ് ഇവിടേക്ക് ഉറച്ചു പോയിരുന്നു എന്ന് ഞാനോർത്തു….ഈ കൈരളികലാമന്ദിരവും ചുറ്റുപാടുകളും വർഷചേച്ചിയും മാറി മാറി വരുന്ന ബാച്ചുകളിലെ വിദ്യാർത്ഥികളും ബന്ധങ്ങൾ ഒരുപാടുണ്ട് എനിക്കിപ്പോൾ…

മൃണാളിനിമാഡത്തിന്റെ മുറിയിലേക്ക് ഞാൻ നടന്നു…എന്നെ ഞാനാക്കിയതിൽ മാഡത്തിന്റെ അദൃശ്യമായ കരങ്ങൾ ഒരുപാടുണ്ട്..
എനിക്കറിയാം പുറമെ കാട്ടിയില്ലെങ്കിലും അവർ ആരാണെന്ന്, ആ സ്നേഹം എന്താണെന്ന്…

അനുഗ്രഹം വാങ്ങാനായി ഞാനാ കാലുകളിൽ സ്പർശിക്കും മുന്നേ ആ കൈകൾ എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു…. വല്ലാതെ കരഞ്ഞു പോയി ഞാൻ…മാഡത്തിന്റെ കൈകൾ എന്റെ കണ്ണുനീർ തുടച്ചപ്പോൾ ആ കണ്ണുകളും നിറഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞു…

“”പല്ലവി നാളെ മാധവന്റെ കൂടെ പൊയ്‌ക്കോളൂ…പുള്ളി എന്നോട് സംസാരിച്ചിട്ടുണ്ട്…ഭയക്കണ്ട, അത്രമേൽ സുരക്ഷിതമായ കയ്യിലാ ഞാൻ ഏൽപ്പിച്ചേക്കുന്നേ…””

ചിരിയോടെ അതും പറഞ്ഞു എന്റെ തോളിൽ കൈകൾ അമർത്തിക്കൊണ്ടു പുറത്തേക്ക് നടന്നുപോയ മാഡത്തെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നുപോയി…

അയാൾ എന്തിനാണ് എന്നോടിത്രക്കും കരുണ കാട്ടുന്നത്…ആരുമില്ലാത്ത, യാതൊരു മുൻപരിചയവും ഇല്ലാത്ത ഈ പല്ലവിയോട് സമൂഹത്തിൽ മുൻ നിര ബന്ധങ്ങളുള്ളൊരാൾ എന്തിനിത്രയും കരുതൽ കാട്ടണമെന്ന് ഞാനോർത്തു…ചിന്തകൾ താളം തെറ്റിയപ്പോൾ ഞാൻ സിദ്ധുഏട്ടനോട് കാര്യങ്ങൾ വിളിച്ചറിയിക്കാനൊരുങ്ങി…ആദ്യം മൗനം ആയിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഒന്നുമില്ല എന്നെന്നോട് പറഞ്ഞപ്പോൾ എനിക്കാശ്വാസമായി…

വർഷങ്ങൾക്ക് ശേഷം എന്റെ നാട്ടിലേക്ക് തിരികെ യാത്രചെയ്യാൻ മനസ്സുകൊണ്ടു ഞാൻ തയ്യാറായി…എല്ലാവരെയും കാണാനും ഒത്തുകൂടാനും ഹൃദയം സന്തോഷത്താൽ മിടിക്കുന്നു…

രാവിലേ തന്നെ ഗേറ്റിനു വെളിയിൽ പ്രത്യക്ഷമായ ആ കാറിന് വെളിയിൽ അദ്ദേഹം എന്നെ കാത്തിരിക്കുകയാണെന്ന് ഞാനറിഞ്ഞു…

എല്ലാവരോടും യാത്രപറഞ്ഞു ഞാനിറങ്ങിയതും എനിക്കടുത്തേക്ക് ചിരിയോടെ ആള് നടന്നു വരുന്നത് ഞാനും നോക്കി നിന്നുപോയി…എന്റെ ആരാണയാൾ…അറിയില്ല സന്ദർഭത്തിനൊത്ത് ഒരുപാവയെ പോലെ ഞാനും ചലിച്ചു…

ഞാനും ആ മുഖത്തേക്ക് നോക്കി ചിരിച്ചു…ആളും എന്തിനോവേണ്ടി വളരെ സന്തോഷവാനാകുന്നെന്ന് ഞാനറിഞ്ഞു…എന്തിന്??….ഉത്തരമെനിക്കറിയില്ല…

ഡിക്കി തുറന്ന് എന്റെ ബാഗുകളെല്ലാം അകത്തേക്ക് വയ്ക്കാൻ എന്നെ സഹായിച്ചു…മുന്നിലെ ഡോർ തുറന്നു പിടിച്ചു എന്നെ അകത്തേക്കിരുത്തി….

വണ്ടി നീങ്ങും മുന്നേ ഒരിക്കൽ കൂടി ഞാനാ നാലുകെട്ടിന്റെ ഓരോ കോണിലേക്കും നിറകണ്ണുകളോടെ നോക്കിയിരുന്നു…

“”താൻ സങ്കടപ്പെടണ്ടടോ…ഒരു വലിയ സന്തോഷത്തിലേക്കുള്ള യാത്രയാണെന്ന് കരുതിയാൽ മതി…””

എന്റെ തോളിൽ മെല്ലെ തട്ടിക്കൊണ്ട് എന്നെ സമാധാനിപ്പിച്ചു…

ദീർഘനേരത്തെ യാത്രയ്‌ക്കൊടുവിൽ ഇടയ്ക്കെപ്പോഴോ ഞാൻ മയക്കം വിട്ടുണർന്നപ്പോൾ എന്റെ നാടിന്റെ മണവും കുളിർമ്മയും എന്നെ പൊതിയുന്നത് ഞാനറിഞ്ഞു….എത്ര നാളുകൾ…മാസങ്ങൾ വർഷങ്ങൾ…നീണ്ട ഇടവേളകൾ വേണ്ടിവന്നു പലതും നേടാനും…മറക്കാനും..പൊറുക്കാനും..പുതിയ പല്ലവിയായി എനിക്കൊന്ന് പുനർജനിക്കാനുമൊക്കെ…

പക്ഷേ എന്റെ സൂരജിനെ മാത്രം…അവനെന്ന നഷ്ടത്തെ ഓർക്കുമ്പോൾ നെഞ്ച് പിടഞ്ഞുപോകും…ഒന്ന് തേടി വന്നുകൂടായിരുന്നോ…”‘പിണക്കമൊക്കെ മാറിയോടീ പവിയേ”” എന്നും ചോദിച്ചു ബലമായി എന്നെയൊന്ന് ചേർത്തണച്ചുകൂടായിരുന്നോ…എന്റെ നാടിന്റെ മാറ്റങ്ങൾ നോക്കിക്കാണവേ ആഗ്രഹങ്ങളെന്റെ നെഞ്ചിൽ കൂട് തകർക്കുന്നു എന്ന് ഞാനറിഞ്ഞു…

സിദ്ധു ഏട്ടനോടും ജെനിയോടും കാവേരിചേച്ചിയോടുമൊക്കെ ഞാനെത്താറായയി എന്ന് പറഞ്ഞിരുന്നു…ഇന്നിപ്പോൾ ജെനിയുടെ വീട്ടിലേക്ക് പോകണമെന്ന് ഞാനോർത്തു…..അവളെന്നെ കാത്തിരിക്കുകയാണെന്ന്…കുറേ എന്തൊക്കെയോ അവൾക്കെന്നോട് പറയാനുണ്ടെന്ന്….സമ്മാനങ്ങൾ തരാനുണ്ടെന്ന്..ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നപ്പോൾ ഡ്രൈവിംഗ് സീറ്റിലിരിന്ന് ആളും എന്നെ നോക്കുന്നുണ്ട്…

ഇടയ്ക്കെപ്പോഴോ ചിരപരിചിതമായ വഴികളിലൂടെ കാർ സഞ്ചരിച്ചപ്പോൾ ഞാൻ സംശയത്തോടെ അദ്ദേഹത്തെ നോക്കിയിരുന്നുപോയി…എന്റെ നാടും ജംഗ്ഷനും വായനശാലയുമൊക്കെ കടന്ന് മൺപാതയിലേക്ക് എത്തിയപ്പോൾ ഞാനാ കൈത്തണ്ടയിൽ അമർത്തി പിടിച്ചു….ഇടയ്ക്കെപ്പോഴോ എന്റെ കണ്ണുകൾ, ഉയർന്നു കാണുന്ന ദേവർമഠത്തിന്റെ പടിപ്പുരയുടെ മുന്നിലേക്ക് നീങ്ങിയതും ആ പ്രൗഢി കെട്ടുപോയപോലെ തോന്നിയെനിക്ക്…

എന്തെന്നറിയാത്തൊരു വികാരം എന്നെ മൂടുകയും ഹൃദയം പിടയുകയും ചെയ്യുന്നത് എന്ന് ഞാനറിഞ്ഞു…പിഴുതെറിഞ്ഞ ഓർമ്മകൾ വീണ്ടും എന്നിലേക്ക് തിരികെ ഓടിയെത്തി വേരുറപ്പിക്കുന്നു…

എന്റെ പരിഭ്രാന്തി കണ്ടിട്ടാകണം അല്പം കൂടി വേഗത കൂട്ടിക്കൊണ്ട് എന്റെ വീടിനടുത്തേക്കുള്ള ഇടവഴിയിലേക്ക് കാർ പാഞ്ഞു കയറി…

“”സാർ..എങ്ങോട്ടേക്കാ എന്നെ കൊണ്ടുപോകുന്നെ…”” എന്റെ ശബ്ദം മുറിഞ്ഞു ഏങ്ങലുകളായി ഉയർന്നുപോയി…

എനിക്കുള്ള മറുപടി നൽകാതെ ചിരിയോടെയിരിക്കുകയാണ്…ഇടവഴികൾ താണ്ടിയ കാർ ഒതുക്കുകല്ലുകൾക്ക് മുന്നിൽ ചവിട്ടി നിർത്തിയപ്പോൾ ചങ്ക് പൊട്ടുന്ന വേദനയോടെ ഞാൻ തളർന്നിരുന്നു പോയി…

അപ്പോൾ ഞാനാരാണെന്ന് വ്യക്തമായി അറിയുന്ന ഒരാളാകാം ഇയാളെന്ന് ഞാൻ ഊഹിച്ചു…അല്ലെങ്കിൽ ഇത്ര കൃത്യമായി ഇന്നെനിക്ക് സ്വന്തമല്ലാത്ത എന്റെ വീടിനു മുന്നിൽ എത്തിച്ചിട്ട് ചിരിയോടെ എന്നെ നോക്കിയിരിക്കുകയാ…എന്നെ പരിഹസിക്കുകയാകുമോ ഇയാൾ…അറിയില്ലെനിക്ക്…ചിന്തയോടെ ഞാൻ തലകുമ്പിട്ട് മൗനമായി തറഞ്ഞിരുന്നുപോയി….

“”പല്ലവീ…മോള് വാ ഇറങ്ങിക്കോ….അകത്തൊരാള് കാത്തിരിക്കുന്നുണ്ട്…ഇന്നും ഇന്നലേം അല്ല…കുറച്ച് വർഷങ്ങളായിട്ട്…പോയി കണ്ടിട്ട് വാ…സംശയങ്ങൾ ഒക്കെ അപ്പോ തീർന്നോളും..ഞാനൊരച്ഛന്റെ കടമയാണ് ചെയ്തത്…ഇനി സാർ അല്ല…തന്റെ അച്ഛനാണ് കേട്ടോ…””

തളർന്നു പോയ എന്റെ കൈപിടിച്ചു പുറത്തേക്കിറക്കിയപ്പോൾ നിറഞ്ഞു നിന്ന എന്നിലെ ആശങ്കകൾ ആ നിമിഷവും ആളിക്കത്തുകയായിരുന്നു…എങ്കിലും ആ സംശയങ്ങൾക്കുള്ള ഉത്തരം ഞാനും കുറെയൊക്കെ കണ്ടെത്തിക്കഴിഞ്ഞിരുന്നു…

കാൽപ്പാദങ്ങൾ ഒതുക്കുകല്ലുകളിൽ അമർത്തിച്ചവിട്ടി വീട്ടു മുറ്റത്തേക്ക് ഞാൻ ചെന്നുകയറിയതും ഓർമ്മയുടെ ഗന്ധങ്ങൾ പേറി വീശിയടിക്കുന്ന കാറ്റിൽ എന്റെ അമ്മയുടെ മണവും അലിഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞു…

പക്ഷേ പിന്നീടുള്ള കാഴ്ചകൾ എന്റെ കണ്ണിൽ അത്ഭുതം നിറയ്ക്കുന്നു…

പഴയ വീട് ആ തനിമ നിലനിർത്തി പുതുക്കി പണിതിരിക്കുന്നു…മുറ്റത്ത് പൂത്തുനിൽക്കുന്ന ചെടികളും നട്ടുവളർത്തിയ തൈമരങ്ങളും മഴനനഞ്ഞു കുതിർന്ന് നിൽക്കുന്നത്‌ ഞാൻ നോക്കി നിന്നു …

അമ്മയുടെ കുഴിമാടത്തിലേക്ക് എന്റെ കണ്ണുകൾ നീണ്ടതും ചുറ്റിനും നട്ടുവളർത്തിയ അരളിച്ചെടിയുടെ പൂക്കളടർന്ന് വീണ് അതിന് മീതെ ചിതറികിടക്കുന്നു…

ഉമ്മറപ്പടികളിൽ ചവിട്ടി ഞാൻ വേഗം അകത്തേക്ക് കയറിയതും ഭിത്തിയിൽ പതിപ്പിച്ച അമ്മയുടെ വലിയ ചിത്രത്തിൽ കെടാതെ കത്തിയെരിയുന്ന ദീപനാളത്തിലേക്ക് ഞാൻ നോക്കി നിന്നുപോയി..നെഞ്ചിലേക്ക് നോവ് പടർന്നുകൊണ്ട് ദേഹം വിറയ്ക്കുന്നു എന്ന് ഞാനറിഞ്ഞു….

പഴയ വീട്ടുസാധങ്ങൾ ഒന്നും മാറ്റാതെ അതുപോലെ വൃത്തിയായി അടുക്കി വച്ചിരിക്കുന്നുവെങ്കിലും ചുവരുകളിൽ പുതിയതായി പെയിന്റ് ചെയ്തിട്ടുണ്ട്…

ആരെയും കാണാതെ തിങ്ങി നിറഞ്ഞ ആ നിശ്ശബ്ദതയിലൂടെ ഞാൻ എന്റെ മുറിയിലേക്ക് നടന്നപ്പോൾ ഹൃദയം അതിന്റെ ഇണയെ തേടാനെന്നോണം വല്ലാതെ തുടിക്കുന്നു എന്ന് ഞാനറിഞ്ഞു…

കട്ടിലിൽ ഒരു വശംചരിഞ്ഞു ചുവരിനോട് ചേർന്ന് കിടക്കുന്നതാരാണെന്ന് തിരിച്ചറിയാൻ നിമിഷങ്ങൾ പോലും എനിക്ക് വേണ്ടി വന്നില്ല..

ഒരുനോക്ക് കാണാനായി ഏറെ കൊതിച്ചിട്ടുണ്ട് ഞാൻ…ഇന്ന് കാലം ഞാനറിയാതെയെന്നെ അവനിലേക്ക് എത്തിച്ചിരിക്കുന്നു…

ശ്വാസം നിലച്ചു പോകുമോ എന്ന ഭയത്തോടെ ഞാൻ അവനരികിലേക്കിരിക്കുമ്പോൾ സന്തോഷത്താൽ എന്റെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു…എന്നെ കാണുമ്പോഴുള്ള അവന്റെ പ്രതികരണത്തെ എനിക്കൂഹിക്കാൻ കഴിയുമായിരുന്നില്ല…

ആ മുഖം കാണാൻ കഴിയില്ലെനിക്ക്…ഞാനെന്റെ കൈകൾ ഉയർത്തി അവന്റെ വെട്ടിയൊതുക്കാത്ത മുടിയിഴകളിലേക്ക് മെല്ലെ തലോടിയപ്പോൾ എന്റെ സ്പർശനം അറിഞ്ഞതും എനിക്കഭിമുഖമായവൻ തിരിഞ്ഞു കിടന്നു…

ഉറങ്ങുകയാണെന്ന് തോന്നുന്നു…വാത്സല്യത്തോടെ ഞാനാ മുഖത്തേക്ക്
നോക്കിയിരുന്നു പോയി…ആളാകെ മാറിയിരിക്കുന്നു തടിയിത്തിരി കൂടിയിട്ടുണ്ട്…മീശയും താടിയുമൊക്കെ കാടുപോലെ വളർന്നിറങ്ങിയിട്ടുമുണ്ട്…

ആ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്ത് ഞാൻ ചുംബിച്ചപ്പോൾ ആ തണുപ്പിൽ അവൻ കണ്ണുകൾ ചിമ്മിത്തുറന്നു…

“”പവിയേ… ഇന്നും വന്നോ…വേണ്ടാ കുറച്ച് കഴിഞ്ഞ് എന്നെ പറ്റിച്ചിട്ട് നീ മാഞ്ഞുപോകും..””

സ്വപ്നത്തിലെന്നോണം അതും പറഞ്ഞ് വീണ്ടുമവൻ കണ്ണുകളടച്ചപ്പോൾ ഹൃദയം വരഞ്ഞു മുറിക്കുന്ന വേദന തോന്നിയെനിക്ക്…

‘”സൂരജേ….””

എന്റെ സ്വരം കേട്ടപ്പോഴേക്കും ഞെട്ടിയെഴുനേറ്റവൻ കണ്ണുകൾ വലിച്ചുതുറന്നു….കണ്ട കാഴ്ചയിൽ വിശ്വസിക്കാനാകാതെ ആ മുഖം ഗൗരവത്താൽ മൂടുന്നതും ആ കലങ്ങിയ കണ്ണുകളിൽ കോപം നുരയുന്നതും കാൺകെ പേടിയോടെ അവന്റ മേൽ പതിഞ്ഞിരുന്ന എന്റെ കൈകളെ ഞാനടർത്തിമാറ്റി…

എന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ആ നോട്ടം എന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞു കയറുന്നത് ഞാനറിഞ്ഞു….

“”ആരാടീ നീ…പൊയ്ക്കോണം എന്റെ കൺമുന്നീന്ന്….പോകാൻ….””

പല്ലുകൾ ഞെരിച്ചുള്ള കോപമാളുന്ന ആ വാക്കുകളുടെ തീഷ്ണതയിൽ എന്റെ കരൾ വെന്തു നീറി…

“”ഞാൻ…ഞാ…അറിയാതെ…”” വിങ്ങലുകളാൽ എന്റെ ശബ്ദം മുറിഞ്ഞുപോയതും അടർന്നു വീഴുന്ന കണ്ണീർ തുടച്ചു മാറ്റി പുറത്തേക്ക് ഞാൻ വേഗത്തിൽ ഇറങ്ങാനൊരുങ്ങി…

അടുത്ത നിമിഷം എന്റെ കൈത്തണ്ടയിൽ അമർന്ന ആ ബലിഷ്ഠമായ കരങ്ങൾ എന്നെ വലിച്ചാനെഞ്ചിലേക്കിട്ട് വരിഞ്ഞു മുറുക്കിയിരുന്നു…

ചലിക്കാനാകാതെ ആ ഹൃദയത്തിലേക്ക് ഞാൻ പറ്റിച്ചേർന്ന് കിടന്നതും കാതോരം ആ ചുണ്ടുകൾ ചേർന്നു വന്നു മീശരോമങ്ങൾ കൊണ്ട് ഇക്കിളികൂട്ടിയപ്പോൾ ഞാനൊന്ന് പിടഞ്ഞു പോയി…

“”പവിയേ….””

കാലങ്ങളായി ഞാൻ കൊതിച്ച സ്നേഹം നിറച്ച ആ സ്വരം കേൾക്കെ മനസ്സാകെ കുളിരുന്നു…

“””പേടിച്ചു പോയോ എന്റെ പവി.. ഏഹ്…”””

മെല്ലെ എന്റെ മുഖമുയർത്തി കള്ളച്ചിരിയോടെ അത് ചോദിച്ചതും എന്റെ നെറുകയിലേക്ക് ആ അധരങ്ങൾ പതിഞ്ഞിരുന്നു…

രോമങ്ങൾ മറച്ച ആ ചുണ്ടുകളിൽ എനിക്കായി മാത്രം വിരിയുന്ന ചിരിയിലേക്ക് ഉടക്കി നിന്ന എന്റെ കണ്ണുകൾ പിൻവലിക്കാനെനിക്കായില്ല…

രോമാവൃതമായ ആ മാറിലെ ചൂടേറ്റ് ഞാൻ കിടന്നുപോയി…ഇടയ്ക്കെപ്പോഴോ ജാള്യതയോടെ ഞാനടർന്നു മാറാൻ തുടങ്ങിയതും വീണ്ടും ശക്തമായി ആ കൈകൾ മുറുകുന്നത് ഞാനറിഞ്ഞു…

ഷിർട്ടിടാത്ത അവന്റെ നഗ്നമായ ശരീരത്തിലേക്ക് നോക്കിയപ്പോൾ എനിക്കെന്തോ ജാള്യത തോന്നിപ്പോയി..കണ്ണുകൾ നാണത്താൽ ഞാൻ ഇറുക്കിയടച്ചപ്പോൾ കുസൃതി ചിരിയോടെ എന്നെ നെറുകയിൽ തലോടുകയാണവൻ…

എനിക്കൊരു വാക്ക് പോലും അവനോട് ചോദിക്കാൻ കഴിയുന്നില്ലെങ്കിലും കണ്ണിൽ കുസൃതി നിറച്ചു സ്നേഹത്തോടെ ആദ്യമായി കാണുന്ന പോലെയെന്നെ നോക്കുകയാണവൻ..

ഒരിക്കലും അവന്റെ സ്പർശനത്തിലും ചുംബനങ്ങളിലുമെല്ലാം നിറഞ്ഞു നിന്നിരുന്നത് കീഴ്പ്പെടുത്തലോ കാമമോ ആയിരുന്നില്ല, മറിച്ച് കരുതലും സ്നേഹവും അവന്റേത് മാത്രമാണെന്ന അധികാരവും മാത്രമാണെന്ന് ഞാനറിഞ്ഞു…

ആൾക്ക് യാതൊരു മാറ്റവുമില്ല…എതിർക്കുന്തോറും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ എന്നെ ചേർത്തു കിടത്തുകയാ…വിടുന്ന ഭാവമേ ഇല്ല…ഇടയ്ക്കിടയ്ക്ക് കൗതുകത്തോടെ ആ നോട്ടമെന്നിലേക്ക് പാറി വീഴും…

“”ഇനി എന്നെ വിട്ട് പോകുവോ പവിയേ നീ…ഏഹ്..””

ആ വാക്കുകളിൽ പരിഭവം നിറയുന്നത് ഞാനറിഞ്ഞു…ഇനിയെനിക്ക് ആകുവോ എന്റെ സൂരജിനെ വിട്ട് പോകാൻ…മറുപടികൾ തൊണ്ടയിൽ വന്ന് ആർത്തലയ്ക്കുമ്പോഴും എനിക്ക് മൗനം വെടിയാൻ കഴിഞ്ഞില്ല…

“”ഇപ്പോഴും എന്റെ പവിയ്ക്കെന്നോട് വെറുപ്പാന്നോ…എല്ലാരുമില്ലേടീ നിന്നെ സ്നേഹിക്കാൻ…എനിക്കോ…നിന്നെയല്ലാതെ ആരേം എനിക്ക് സ്‌നേഹിക്കാൻ പറ്റുന്നില്ലടീ…ഇത്രേം കാലം ഒറ്റയ്ക്ക് നിനക്ക് വേണ്ടിയല്ലേ പവിയേ കാത്തിരുന്നേ…പോകുവോ നീ എന്നെ ഇട്ടിട്ട്…””

ഉയിര് പിടയുന്ന നോവോടെ എല്ലാം മറന്ന് ഞാനാമുഖം എന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു പോയി…

“”ഒരു വട്ടമെങ്കിലും എന്നെ തിരക്കി വന്നൂടാരുന്നോ…പവിയേന്നും വിളിച്ച് ഇങ്ങനെ ഒന്ന് ചേർത്ത് പിടിച്ചൂടാരുന്നോ…””

പെട്ടന്നാ മുഖം ഉയർത്തി എന്നെ നോക്കുന്നതും നിറഞ്ഞ ചിരിയോടെ ആ കലങ്ങിയ കണ്ണുകൾ വിടരുന്നതും ഞാനറിഞ്ഞു…

“”അതിന് ഞാൻ നിന്നെയിനി വിട്ടാൽ അല്ലേ..നീയിനി പോയാലും തൂക്കി എടുത്ത് ഞാനിങ്ങ് കൊണ്ട് വരും…

പവിയേ നമുക്ക് കല്യാണം കഴിക്കണ്ടെടീ…””

കുസൃതിയോടെ ആ ചോദ്യമുയർന്നതും ആ നെഞ്ചിലേക്ക് മുഖം ചേർത്തു ഞാൻ പൊട്ടിച്ചിരിച്ചു പോയി…

ഇത്രമേൽ കരുതലും സ്നേഹവും ഭ്രാന്തും നിറഞ്ഞൊരുത്തൻ…..

കാത്തിരിക്കണേ…