എന്ന് സ്വന്തം പല്ലവി ~ ഭാഗം – 06 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വിറയ്ക്കുന്ന ചുവടുകളോടെ താഴേക്കുള്ള പടവുകൾ ഇറങ്ങുമ്പോഴും നിയന്ത്രിക്കാനാകാത്ത സങ്കടം എന്നിൽ അണപൊട്ടിയൊഴുകുകയായിരുന്നു…

കരഞ്ഞു വീർത്ത മുഖവും ഇനിയും കണ്ണീരടങ്ങാത്ത കണ്ണുകളുമായി അടുക്കളയിലേക്ക് കിതപ്പോടെ ഓടി കയറിയപ്പോൾ ഭവാനിയമ്മ ആശങ്കയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…

വയറിനു മീതെ കുരുക്കിട്ട അയാളുടെ കൈകൾ സ്പർശിച്ചിടം പൊള്ളിയരുന്നപോലെ…ആ കൈകൾ ഈ നിമിഷവും അടർത്തിമാറ്റപ്പെട്ടിട്ടില്ലാത്ത പോലെ വയറിനു മീതെ ഭാരം അനുവഭവപ്പെടുന്നു…വാശിയോടെ ടാപ്പിൽ നിന്നും വെള്ളമെടുത്ത് ഞാൻ അവിടം അമർത്തിതുടച്ചു….അവന്റെ കൈകൾ അമർന്ന എന്റെ കൈത്തണ്ടയിൽ ചുവപ്പുകലർന്നു തിണിർത്തിരിക്കുന്നു…

കാണുംതോറും ആ നിമിഷത്തിന്റെ ഓർമ്മകൾ എന്നിൽ ആർത്തലച്ചു പെയ്യാൻ ഒരുങ്ങുന്നതായി ഞാൻ അറിഞ്ഞു….

ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് അവളുടെ അഭിമാനം ആയതുകൊണ്ടാകാം ആ ക്ഷതത്തിൽ നിന്നും രക്തം ഇറ്റുവീണ് ഈ നിമിഷവും എന്നിൽ വേദന പടരാൻ കാരണമാകുന്നത്…

മുഖം കഴുകി ധാവണിത്തുമ്പിൽ കണ്ണുകൾ അമർത്തിതുടച്ചു ഞാൻ അടുക്കയിലേക്ക് കയറാൻ തുടങ്ങിയതും എന്നിലേക്ക് തന്നെ ദൃഷ്ടിയൂന്നി ബാൽക്കണിയിലെ കൈവരികളിൽ ചാരി നിൽക്കുന്ന സൂരജിനെ ഒരു മിന്നായം പോലെ ഞാൻ കണ്ടു….

“”പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ദാരിദ്ര്യവാസി പെണ്ണ്””….കർണ്ണപടങ്ങളിൽ ആഞ്ഞടിക്കുന്ന അവന്റെ വാക്കുകൾ ആത്മനിന്ദയോടെ ഓർമ്മയിലേക്ക് വീണ്ടും ഒഴുകിവരുന്നു…ആദ്യമായി അവനോടുള്ള ദേഷ്യം ഉള്ളിൽ എരിഞ്ഞുകത്താൻ തുടങ്ങി..

നിവൃത്തികേടുകൊണ്ടു കെട്ടിയാടുന്ന ഈ വേഷവിധാനങ്ങൾ അഴിച്ചെറിഞ്ഞു ദൂരേക്ക് ഓടിയൊളിക്കണം…ഈ വേഷപ്പകർച്ചകൾ ഓരോന്നും മടുത്തുതുടങ്ങിയിരിക്കുന്നു…

ഏതോ ഒരു നെറികെട്ടവൻ തന്നെ അപമാനിക്കാൻ ശ്രമിച്ചതിന് ഞാൻ ഇത്രയും തളർന്നു പോകേണ്ട കാര്യമെന്ത് …ചിന്തകൾ നീരാളിയെ പോലെ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ സ്വയം ധൈര്യപ്പെടാനെന്നോണം ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…

ഉള്ളിൽ അലയടിക്കുന്ന സങ്കടങ്ങൾക്കിടയിലും ഞാൻ അടുക്കളജോലികളിൽ വ്യാപൃതയായി…

പലപ്പോളായി അടുക്കളയിലേക്ക് വന്ന ഭാമേച്ചിയും മുത്തശ്ശിയുമൊക്കെ ചോദിക്കുന്നതിന് ഞാൻ യാന്ത്രികമായി മറുപടികൊടുത്തു…

ഇടയ്ക്കെപ്പോളോ ആരോ എന്നിലേക്ക് ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ തിരിഞ്ഞു നോക്കിയതും കട്ടളപ്പടിയിൽ ചാരി എന്നെ നോക്കി നിൽക്കുന്ന സൂരജിനെ കണ്ട് ഞാൻ അമ്പരന്നു…

“കുടിക്കാൻ കുറച്ച് വെള്ളം വേണം…. “

മുഖത്ത് ഗൗരവമായിരുന്നെങ്കിലും മുൻപ് ആക്ഷേപിക്കാൻ മാത്രം ഉയർത്തിയ ആ ശബ്ദം ഇന്ന് ശാന്തയിരുന്നു…

ഒരു ഗ്ലാസിൽ വെള്ളം നിറച്ചു അവന് നേരെ നീട്ടിയപ്പോൾ കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…

“”നീ വിഷമിക്കണ്ടാട്ടോ…””

ഒഴിഞ്ഞ ഗ്ലാസ്‌ എന്റെ കൈകളിലേക്ക് തന്നു മറ്റെവിടേക്കോ നോക്കിപറഞ്ഞുകൊണ്ടവൻ അപ്രത്യക്ഷമായപ്പോൾ സഹതാപമാണോ സാന്ത്വനമാണോ അവന്റെ വാക്കുകളിൽ അലയടിച്ചതെന്ന് വേർതിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…

വൈകുന്നേരം ദേവർമഠത്തിന്റെ പടികളിറങ്ങുമ്പോൾ ജീവിതമാകുന്ന പുസ്തകത്താളുകളിലേക്ക് ഒരിക്കലും മായാത്ത മഷിത്തണ്ടിനാൽ ഞാൻ ഇന്നത്തെ ദിവസത്തെ കോറിവരച്ചിട്ടു…

വിഷാദം ഇറ്റുവീഴുന്ന എന്റെ മുഖഭാവത്തെ മനസ്സിലാക്കിയ അമ്മയുടെ ആധിടോടെയുള്ള ചോദ്യങ്ങൾക്ക് പതിവ് ശൈലിയിൽ നുണപറഞ്ഞുകൊണ്ട് ഞാൻ അച്ഛന്റെ മുറിയിലേക്ക് കയറി..

ആ ചലനമറ്റ കൈകൾ എന്റെ നെഞ്ചിലേക്ക് ചേർത്തു മൗനമായി ഞാനിരുന്നു…സങ്കടങ്ങളെല്ലാം എന്നിൽ തുടങ്ങി എന്നിലേക്ക് തന്നെ അവസാനിക്കട്ടെ…കയ്‌പ്പേറിയതൊന്നും പകർന്നുകൊടുത്ത് ആസ്വദിക്കേണ്ടതല്ലല്ലോ…പണ്ട് ആ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഉള്ള സുരക്ഷിതത്വം ഇന്ന് ആ കൈകളുടെ ചൂടിനാൽ എനിക്ക്ലഭിക്കുമെങ്കിലോ…അവശതയോടെ കണ്ണുതുറന്നു അച്ഛൻ എന്നെ നോക്കിക്കിടന്നു..

ഇടയ്ക്കെപ്പോളോ പതിവ് പോലെ സൂരജിന്റെ മുഖം ഒരു പ്രഹേളിക പോലെ എന്റെ മനസ്സിലേക്ക് വീണ്ടും വന്നുപോയി…

അടുത്ത ദിവസം ക്ലാസ്സിലേക്ക് ചെന്നപ്പോൾ മറ്റൊരറ്റത്ത് നേരത്തെ ഇരിപ്പുറപ്പിച്ചു മൊബൈലിൽ തൊണ്ടിയിരിക്കുന്ന സൂരജിനെ ഞാൻ ഒരുവേള നോക്കി നിന്നു….

ഗൗരവത്തോടെ മുഖമുയർത്തി പിരികം പൊക്കി എന്താ എന്ന് ചോദിച്ചതും മുഖം വെട്ടിച്ചു ഒരു ചെറു ചമ്മലോടെ ഞാനിരുന്നു…

പാറിപ്പറക്കുന്ന നീണ്ട മുടിയിഴകളും കരഞ്ഞു വീർത്തകണ്ണുകളും മുഖത്തെ ക്ഷീണവുമൊക്കെ എന്നിൽ എടുത്തുകാട്ടുന്നുണ്ടായിരുന്നു…

മേശമേൽ താളം പിടിക്കുന്ന അവളുടെ നീണ്ട വിരകളും കറുത്ത കുപ്പിവളകൾ അണിഞ്ഞ് പൊടിരോമങ്ങൾ നിറഞ്ഞ വെളുത്ത കൈകളും അവൻ ഇമചിമ്മാതെ നോക്കിയിരുന്നു…

പെട്ടന്ന് അവന്റെ കണ്ണുകളുടെ ലക്ഷ്യസ്ഥാനം ശ്രദ്ധിച്ചു ജാള്യതയോടെ കൈകൾ പിൻവലിച്ചപ്പോൾ കണ്ണിൽ കുസൃതി ചിരിയോടെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയ ആ ചെറുപ്പക്കാരന്റെ മാറ്റത്തെ ഞാൻ അത്ഭുതത്തോടെ നോക്കി…

താടി രോമങ്ങൾക്കിടയിൽ ഒളിച്ചിരുന്ന ആ ചുണ്ടുകളിൽ ആദ്യമായി എനിക്കുവേണ്ടി ഒരു ചെറു പുഞ്ചിരി വിടർന്നിരുന്നു…വർഷങ്ങളുടെ ഇടവേളകളിൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ വിലസിയ ആ പുഞ്ചിരി എന്റെ ചുണ്ടുകളിലേക്കും വ്യാപിച്ചു…

ഞാനറിയാതെ മനസ്സ് ആഗ്രഹിക്കുന്ന എന്തിനെയോ, കാലം എന്നിലേക്ക് ചേർത്തുവയ്ക്കാൻ ഒരുങ്ങുന്നതിന്റെ തെളിവാണതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…

അർഹതയില്ലാത്തതിനെ കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്നതിന്റെ ഭവിഷ്യത്തുകൾ കനൽച്ചൂള പോലെ വെന്തുനീറ്റുമെന്നു ആ നിമിഷത്തിൽ ഞാനോർത്തതുമില്ല….

പിന്നീടുള്ള ദിവസങ്ങളിൽ അവഗണന മാത്രം തന്നിരുന്ന അവനിൽ നിന്നും ഒരു നോട്ടമോ കണ്ണിൽ ഒളിപ്പിച്ച ചിരിയോ എന്നിലേക്ക് ഇടയ്ക്കിടക്ക് തേടിവരുന്നത് ഞാനറിഞ്ഞു…

ദിവസങ്ങൾ കടന്നുപോയപ്പോൾ മാറ്റമില്ലാതിരുന്നത് മാറ്റങ്ങൾക്ക് മാത്രമായിരുന്നു…

ശാന്തമായ ജലാശയത്തിന് നടുവിൽ അകപ്പെട്ട പങ്കായമില്ലാത്ത തോണിപോലെ ഞാനും എന്റെ ജീവിതവും ദിശയറിയാതെ അലകളുടെ ഒഴുക്കിനാൽ പതിയെ നീങ്ങിക്കൊണ്ടിരുന്നു…

ജീവിതത്തിൽ ഏറ്റവും അസഹനീയമായ അവസ്ഥ എന്നാൽ ഒറ്റപ്പെടൽ ആണെന്ന് ഓരോ കോളേജ് ദിവസങ്ങളിലും ഞാനറിയുന്നുണ്ടായിരുന്നു …
എന്നാൽ സൂരജിന്റെ ഒരു നോട്ടം പോലും വെന്തുപോകുന്ന ചൂടിൽ ഇറ്റുവീഴുന്ന നീർതുള്ളി പോലെ എന്നിൽ ആശ്വാസം പകർന്നുതന്നു…

അങ്ങനെയിരിക്കെ ക്ലാസ്സിലേക്ക് ഒരു പുതിയ വിദ്യാർഥികൂടി വന്നു ചേർന്നു…

പെൺകുട്ടികളുടെ നിരയിലെ അവസാനത്തെ ബഞ്ചിന്റെ മൂലയിൽ കൂനിക്കൂടി പേടിയോടെ ഇരിക്കുന്ന ആ മുഖം കാൺകെ എന്റെ ആദ്യകോളേജ് ദിനത്തിന്റെ വിസ്‌മൃതിയിൽ പുഞ്ചിരിയോടെ ഞാനലിഞ്ഞു നിന്നു…

ആൺ പെൺ വ്യത്യാസമില്ലാതെ പരിചയപ്പെടാൻ അവൾക്കു മുന്നിൽ ആളുകൾ തിരക്ക് കൂട്ടുന്നത് കണ്ട് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി…ആരെയും എന്നിലേക്ക് അടുപ്പിക്കാത്ത വിധം മനഃപൂർവം സൃഷ്ടിച്ചെടുത്ത ആ വലയം എന്നെ ജീവിതത്തിൽ ഇത്രക്ക് സ്വാധീക്കുമെന്ന് ഞാനറിഞ്ഞില്ല…

ഒരു നിമിഷം ആ തിരക്കുകളിലേക്ക് മിഴിനട്ട് പ്രതീക്ഷയോടെ നോക്കിയിരുന്നു.. മനസ്സ് വായിച്ചപോലെ അങ്ങേ അറ്റത് എന്നിലേക്ക് നീളുന്ന സൂരജിന്റെ കണ്ണുകൾ ഞാൻ കണ്ടില്ല എന്ന് നടിച്ചു ക്ലാസിനു പുറത്തേക്ക് നടന്നു…

തിരികെ വന്നപ്പോൾ ഫ്രീ പീരീഡ്‌ ആണെന്ന് അറിഞ്ഞു…പുതിയ കുട്ടി ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ കലങ്ങിയ കണ്ണുകളുമായി നിസ്സഹായതയോടെ തല കുനിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു…അവൾക്കരികിലേക്ക് പോയി അടുത്തേക്കിരുന്നപ്പോൾ തലയുയർത്തി അവൾ എന്നെ നോക്കി….

മാലാഖ പോലൊരു പെണ്ണ്…ചെറിയ മുഖവും തോളൊപ്പം വെട്ടിയിട്ട മുടിയും കഴുത്തിലെ കൊന്തമാലയും വല്ലാതെ ആകർഷണം തോന്നുന്നു അവളോട്…എന്നെ കണ്ടതും ആ കണ്ണുകൾ വീണ്ടും നിറഞ്ഞു…

“”എന്തെ വിഷമിച്ചിരിക്കുന്നെ…എന്തിനാ താൻ കരയണേ””

അവളുടെ കരം കവർന്നു കൊണ്ട് ഞാൻ ശാന്തമായി ചോദിച്ചതും ചിരിയോടെ ഒന്നുമില്ല എന്നവൾ തായാട്ടി…

“”ഞാൻ പല്ലവി…എന്താ തന്റെ പേര്? ….””

ഒറ്റപ്പെടലിൽ സൗഹൃദം തേടിച്ചെന്നപോലെ ഞാൻ അവളെപ്പറ്റി തിരക്കി…അടുത്ത നിമിഷം അവൾക്ക് മുന്നിലെ നോട്ട് ബുക്ക്‌ തുറന്ന് എനിക്ക് നേരെ നീട്ടി…ഉരുണ്ട ലിപികളിൽ എഴുതിയ ആ അക്ഷരങ്ങൾ ഞാൻ കൂട്ടിവായിച്ചു…….

“ജെനി ലൂക്കോ…”

ഒപ്പം കൈകൾ ഉയർത്തി അവൾ ആംഗ്യ ഭാഷകളോടെ സംസാരിക്കുന്നത് ഞാൻ പ്രജ്ഞയറ്റവളെ പോലെ നോക്കിയിരുന്നു…

പലതരം ആംഗ്യങ്ങളിലൂടെ അവൾ ഊമയാണെന്ന സത്യം എന്നെ മനസ്സിലാക്കിപ്പിച്ചതും നെഞ്ചിലേക്ക് ഒരു നോവ് വന്നു നിറയുന്നത് ഞാനറിഞ്ഞു…

പെട്ടന്ന് സംയമനം പാലിച്ചുകൊണ്ട്‌ അവൾക്കു നേരെ പുഞ്ചിരിയോടെ ഞാൻ സംസാരിച്ചു തുടങ്ങി…എന്തൊക്കെയോ തിരിച്ചു പറയുന്നുണ്ടെങ്കിലും എനിക്ക് മാസ്സിലാക്കാൻ പ്രയാസമാകുന്നത് കണ്ടിട്ട് ബുക്കിൽ എഴുതി കാണിക്കുന്നുണ്ട് പാവം…

അവൾ പെട്ടന്ന് എന്നോട് അടുക്കുന്നതും വെയിലിൽ തണൽ തേടിയലയുന്ന വഴിയാത്രക്കാരനെപോലെ എന്നിലേക്കവൾ ആശ്രയം തേടുന്നതും ഞാൻ മനസ്സിലാക്കി…

അവളുടെ കുറവുകളിൽ മറ്റുള്ളവർ അകറ്റിനിർത്തിയപ്പോൾ എന്നിൽ വേരൂന്നിയതു അവളോടുള്ള സൗഹൃദവും കരുതലുമായിരുന്നു…

ഒരു പാവപ്പെട്ട ക്രിസ്‌ത്യൻ കുടുംബത്തിലെ പള്ളി കപ്പിയാരായ ലൂക്കോസിന്റെയും ആനിയമ്മയുടെ ഇളയമകൾ…ജെനിയുടെ മൂത്ത സഹോദരൻ അലോഷി വീടിനോടു ചേർന്ന് ഒരു ചെറിയ വർക്ഷോപ്പ് നടത്തുന്നു..

ദിവസങ്ങൾ കഴിയും തോറും ജെനി എന്റെ ജീവിതത്തിലെ ഒരു ഭാഗമായി വളർന്നു….ക്ലാസ്സിൽ സൗഹൃദങ്ങൾ ഇല്ലാതെ നിശ്ശബ്ദയായി ഒരു മൂലയിൽ തള്ളപ്പെട്ട ഞാനുമായി അവൾ എത്ര വേഗത്തിലാണ് ഇണങ്ങയത്..

ചില കാര്യങ്ങളിൽ എന്റെ തനിപകർപ്പണവൾ…പേടിയും ദുർബലതയും അടിമയാക്കിയ മനസ്സ്…എന്നാൽ ജെനി പഠനത്തിൽ മിടുക്കിയും ഒന്നാമയുമാണ് എന്നത് അധ്യാപകരുടെ മനസ്സിലും വിദ്യാർത്ഥികളിലും തന്നെ തള്ളപ്പെട്ടവരിലും അവൾ വേഗത്തിൽ ഇടം നേടി…

എന്നാൽ അവൾക്ക് പ്രിപപ്പെട്ടവൾ എന്നും ഞാനായിരുന്നു…എന്തോ മനസ്സ് നിറയുന്ന ഒരു അനുഭൂതി എന്നെ പൊതിഞ്ഞു…തന്നെ താനായി സ്നേഹിക്കുന്ന അംഗീകരിക്കുന്ന ഒരു സൗഹൃദം…അവളുടെ ആംഗ്യഭാഷ വേഗത്തിൽ പഠിച്ചെടുത്ത എനിക്ക് അവൾക്കു വേണ്ടി സംസാരിക്കാൻ സാധിക്കുമായിരുന്നു…

വീട്ടിൽ പോയാൽ വാതോരാതെ പറയാൻ ജെനിയുടെ വിശേഷങ്ങൾ മാത്രമാണ് എനിക്ക്…അമ്മ പോലും അതിശയത്തോടെ കേട്ടിരിക്കും…

എന്റെയും ജനിയുടെയും സൗഹൃദം പലർക്കും ആശ്ചര്യമായിരുന്നു…ആരോടും മിണ്ടാത്ത സഹകരിക്കാതെ ഉൾവലിഞ്ഞ സ്വഭാവക്കാരിയായ എന്നോട് മാത്രം പറ്റിച്ചേർന്നു നടക്കുന്ന ജനിയെയും ഞങ്ങളുടെ സൗഹൃദത്തേയും എല്ലാവരും കൗതുകത്തോടെ കണ്ടു…

അവൾക്കൊപ്പം ഒരേ ബഞ്ചിൽ ഇരിക്കാൻ ക്ഷണിക്കുമെങ്കിലും സൂരജിനൊപ്പം ആ ബഞ്ചിന്റെ അറ്റത്തു നിന്നും അകന്നു മാറാൻ എനിക്ക് തീരെ കഴിയുമായിരുന്നില്ല…ഒഴിവ് സമയങ്ങളിലെല്ലാം അവൾക്കൊപ്പമാണ്…

സ്ഥിരമായി നോട്ടുകൾ എഴുതാത്തതിനും അസ്സൈമെന്റുകൾ സബ്മിറ്റ് ചെയ്യാത്തതിനും എന്നെ പലപ്പോളായി നിർദാക്ഷണ്യം ക്ലാസ്സിൽ നിന്നും ഇറക്കിവിടുന്നത് പതിവായതിനാലാകാം എനിക്കുള്ള നോട്ടുകളും ഹോം വർക്കുകളും അസൈൻമെന്റുകളും എല്ലാം ജെനി എനിക്ക് വേണ്ടി എഴുതി സഹായിക്കും…നിഷേധിച്ചെങ്കിലും കൂസലില്ലാതെ എനിക്ക് വേണ്ടി സഹായിക്കാൻ എന്റെ സമ്മതം പോലും അവൾക്ക് വേണ്ടായിരുന്നു…

എന്റെ പ്രശ്നങ്ങൾ ഒക്കെ തുറന്നു പറഞ്ഞില്ലെങ്കിലും പ്രാരാബ്ധങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷ്യബോധമില്ലാത്ത ദുരന്തജീവിതമാണ് എനിക്കെന്ന് അവൾ ഏറെക്കുറെ ഊഹിച്ചുകാണണം…

സൂരജിന് ഈ ഇടയായി പഴയ പോലെ അല്ല… ജെനിയുമായി ഞാൻ കൂട്ടായതിനു ശേഷം എപ്പോളും ഗൗരവമാണ്…ഒരിക്കൽ പോലും ആ കണ്ണുകൾ എന്നെ തേടിവരാത്ത വിധം അവഗണയുടെ പുതപ്പണിയുന്നത് വീണ്ടും എന്റെ സന്തോഷം കവർന്നെടുത്തു തുടങ്ങി…

ഉച്ചഭക്ഷണം എല്ലാം ജെനിയോടൊപ്പമാണ് കഴിക്കുന്നത്….അവളുടെ അമ്മച്ചി സ്പെഷ്യലായി ഉണ്ടാക്കി കൊടുത്തുവിടുന്ന പാലപ്പവും ചിക്കൻ സ്റ്റൂവും എനിക്ക് പ്രിയപ്പെട്ടതാകുമ്പോൾ എന്റെ ചുട്ടരച്ച ചമ്മന്തിയും വാഴ കൂമ്പ് തോരനുമൊക്കെ അവൾ ആസ്വദിച്ചു കഴിക്കുന്നത് കാണാം…

ഒരു വൈകുന്നേരം കോളേജ് വിട്ടു ഗേറ്റ് കടന്നു പുറത്തേക്ക് വന്നപ്പോൾ റോഡിനു എതിർ വശത്തായി ഒരു ബൈക്കിൽ ഹെൽമെറ്റും വച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരനെ കാൺകെ സന്തോഷത്തോടെ എന്റെ കയ്യും കൂട്ടി പിടിച്ചു ജെനി റോഡ് മുറിച്ചു കടന്നു അയാൾക്കരികിലേക്ക് എന്നെ വലിച്ചുകൊണ്ടു പോയി….ഞങ്ങളെ കണ്ടതും അയാൾ ഹെൽമെറ്റ്‌ ഊരി മാറ്റി…

നീല മിറമുള്ള ഷർട്ടും ജീൻസും ഇട്ട കട്ടമീശയും ഉറച്ച ശരീരവുമുള്ള ഇരുപ്പത്തെട്ട്‍ വയസ്സോളം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ…കണ്ണിൽ ചിരിയും മുഖത്ത് പരുക്കൻ ഭാവവും…

ഡ്രെസ്സിൽ മുഴുവൻ ഗ്രീസും ഓയിലും പടർന്നു ആകെ മുഷിഞ്ഞിട്ടുണ്ട്…

ആള് എന്നെ നോക്കാതെ ജെനിയുടെ ബാഗ് കയ്യിൽ നിന്നും വാങ്ങി…

അവളുടെ ചാച്ചൻ അലോഷിയാണ് അതെന്നും..എന്തോ ആവശ്യത്തിന് അവളെ കൂട്ടിക്കൊണ്ടുപോകാൻ വർക്ഷോപ്പിൽ നിന്നും ആള് നേരിട്ട് വന്നതാണെന്നുമൊക്കെ ആളറിയാതെ അന്തിച്ചു നിൽക്കുന്ന എന്നെ ജെനി തന്നെ എല്ലാം എനിക്ക് മനസ്സിലാക്കിച്ചു തന്നു…

അവൾ തിരിച്ചും ചാച്ചന് പരിചയപ്പെടുത്തിയപ്പോൾ മുൻപേ പരിചയമുള്ള ഒരാളെ നോക്കും പോലെ എന്നെ നോക്കി അലോഷി ഒന്ന് ചിരിച്ചു കാട്ടി…ഒരുപക്ഷെ ഞാൻ ജെനിയെപ്പറ്റി വീട്ടിൽ പറയും പോലെ അവളുടെ പ്രിയസുഹൃത്തിനെ പറ്റി അവളും വീട്ടിൽ പറയുന്നുണ്ടാകാം…

ഒന്നും മിണ്ടാതെ അവളുടെ ചേഷ്ടകൾ ശ്രദ്ധയോടെ കണ്ട് നിൽക്കുന്ന അലോഷിയിൽ തന്റെ സഹോദരിയോടുള്ള കരുതലും സ്നേഹവും നിറഞ്ഞിട്ടുണ്ടായിരുന്നു…

യാത്രപറഞ്ഞു ദൂരേക്ക് പോകുന്ന ബൈക്കിൽ അലോഷിയും ജെനിയും ഒരു പൊട്ടുപോലെ എന്റെ കാഴ്‌ചയെ അവസാനിപ്പിച്ചു…

എന്റെ ചുണ്ടിൽ അവസാനിക്കാത്ത ചിരിയോടെ തിരിഞ്ഞതും അല്പം പിറകിലായി ബുള്ളറ്റിൽ ചാരി നിൽക്കുന്ന ഗൗരവമാർന്ന സൂരജിന്റെ മുഖം കാൺകെ എന്റെ ചിരിക്ക് തിരശീല വീണു…

ആരോടോ ഉള്ള ദേഷ്യം കാണിച്ചുകൊണ്ട് ഹുങ്കാര ശബ്ദത്തോടെ അവൻ വേഗത്തിൽ പാഞ്ഞു പോയി…ഇയാൾക്കിതെന്തു പറ്റി കുറേ ദിവസമായിട്ടു ഇങ്ങനെ ആണല്ലോ എന്ന് നിരാശയോടെ ഞാനോർത്തു…

അടുത്ത ദിവസം രാവിലെ ക്ലാസ്സിലേക്ക് ഇടിച്ചു കയറി വന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജ് ഡാൻസ് ക്ലബ്‌ ഇനാഗുറേഷനെ പറ്റിയും, അതിന്റെ ഉത്‌ഘാടനത്തിനു എത്തിച്ചേരുന്നത് പ്രശസ്ത നർത്തകി മൃണാളിനി വർമ്മ ആണെന്നും അറിയിച്ചു…

കൂട്ടത്തിൽ നിന്ന സിദ്ധുഏട്ടൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയായ കാവേരിയോട് എന്തോ അടക്കം പറയുകയും ഇരുവരുടെയും കണ്ണുകൾ എന്നിലേക്ക് തേടിവരുന്നതും ഞാൻ കണ്ടു…

ഇനി ഇതെന്ത് പൊല്ലാപ്പ് എന്ന് ഓർത്തു ഞാൻ സൂരജിനെ നോക്കിയപ്പോൾ അവൻ എന്നെ തന്നെ നോക്കിയിരിക്കുന്നു…ആ കണ്ണുകളിൽ ദേഷ്യം നിറയുന്നത് ആശങ്കയോടെ നോക്കി…

“”പല്ലവി, താൻ ഇങ്ങോട്ടേക്ക് വന്നേ…””

സിദ്ധുഏട്ടൻ അത് പറഞ്ഞു എന്നെ കയ്യാട്ടി വിളിച്ചു…ജെനിയും എന്താണെന്ന അർത്ഥത്തിൽ എന്നെ നോക്കുന്നുണ്ട്…

ഡാൻസ് ക്ലബ്‌ ഇനാഗുറേഷന്റെ അന്ന് എന്നെക്കൊണ്ട് ഡാൻസ് ചെയ്യിക്കാനുള്ള തീരുമാനം ആകാം അതെന്ന് പേടിയോടെ ഞാനോർത്തു…

എഴുനേറ്റ് നിന്നെങ്കിലും അവർക്കടുത്തേക്ക് പോകാതെ ഞാൻ മടിച്ചു നിന്നു…എല്ലാവരും എന്നെ നോക്കുന്നുണ്ട്…തുടരെ തുടരെ വിളിച്ചു എങ്കിലും എന്തോ ആ നിമിഷം നിന്നിടത്തു നിന്നും ഞാൻ അനങ്ങിയില്ല….

സൂരജ് പുച്ഛത്തോടെ എഴുനേറ്റു ജനലിന്റെ സൈഡിലേക്ക് മാറി നിന്ന് എന്നെ തന്നെ നോക്കുന്നുണ്ട്…

അടുത്ത നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ എനിക്കരികിലേക്ക് നടന്നു വന്ന സിദ്ധുവേട്ടൻ പരസ്യമായി എന്റെ വലതു കൈത്തണ്ടയിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടത്തി ക്ലാസിന് വെളിയിലേക്ക് കൂട്ടികൊണ്ടുപോയി…
ദുർബലമായ ചെറുത്തുനിൽപ്പുകൾ വിഫലമായി…എല്ലാവർക്കും മുന്നിൽ വച്ചു എന്തോ വല്ലാത്ത ജാള്യത തോന്നി എനിക്ക്…

അവരുടെ ആവശ്യം കേട്ട് എന്നിൽ ഞെട്ടൽ പടർന്നു…ഡാൻസ് ക്ലബ്‌ ഇനാഗുറേഷൻ ദിവസം വേദിയിൽ ഞാൻ ഡാൻസ് ചെയ്യണമെന്ന്…
അതും പ്രശസ്ത നർത്തകി മൃണാളിനി ദേവിക്ക് മുന്നിൽ…ഒരു ഉൾക്കിടിലത്തോടെ കേട്ടുനിന്ന എന്റെ മുഖഭാവം കാൺകെ സിദ്ധുഏട്ടൻ ചിരിക്കുന്നു…

അനുരാധ ടീച്ചറിന്റെ മകളാണ് കാവേരി എന്നും മൂന്നാംവർഷ ബി എസ് സി മാത്‌സിന് സിദ്ധുഏട്ടനൊപ്പം ഒരു ക്ലാസ്സിലാണെന്നും ഉള്ളത് എനിക്ക് പുതിയ അറിവായിരുന്നു…ഒരു രാഷ്ട്രീയ നേതാവിനെപോലെ സംസാരപാഠവവും സുന്ദരമായ മുഖം പോലെ, മനസ്സുമുള്ള ഒരു പെൺകുട്ടി…

വരാന്തയിൽ നിന്ന് സിദ്ധുവേട്ടനൊപ്പം കാവേരിച്ചേച്ചിയും എന്നോട് പ്രോഗ്രാമിനെ പറ്റി ഒരുപാട് സംസാരിച്ചു…അതിനനുവേണ്ട ഡ്രസ്സ്‌, ഒർണമെന്റ്സ് ബാക്കി ചിലവുകൾ എല്ലാം കോളേജ് വഹിക്കും എന്ന്കൂടി കേട്ടപ്പോൾ മനസ്സ് തണുത്തു…ഒരുപാട് നിർബന്ധിച്ചപ്പോൾ സഹികെട്ട് എനിക്ക് സമ്മതം മൂളേണ്ടി വന്നു…

എന്റെ തോളിൽ തട്ടി ചിരിയോടെ സിദ്ധുഏട്ടൻ നടന്നു നീങ്ങിയതും കോപത്താൽ ചുവന്ന മുഖവുമായി കുറച്ചകലെ എന്നെ തന്നെ നോക്കി നിൽക്കുന്ന സൂരജിനെ ഞാൻ പകപ്പോടെ നോക്കി നോക്കി നിന്നു…ദേഷ്യത്തോടെ വേഗത്തിൽ പാർക്കിങ്ങിലേക്കവൻ നടന്നുപോയി…കുറച്ച് ദിവസമായി തന്നോടുള്ള സമീപനത്തിന് സൂരജിലുണ്ടായ മാറ്റത്തിനു കാരണം തേടി എന്റെ ചിന്തകൾ കാതങ്ങൾ താണ്ടിയലഞ്ഞു…

അടുത്ത ദിവസം ജെനിയുടെ അഭാവം എന്നിൽ ഒറ്റപ്പെടലിന്റെ ആക്കാം വർധിപ്പിച്ചു…

ഉച്ചക്ക് ബ്രേക്ക്‌ ടൈമിൽ പുറത്തേക്ക് പോകാതെ അവിടെ തന്നെ ഇരുന്ന് മൊബൈലിൽ എന്തോ കാര്യമായി ടൈപ്പ് ചെയ്യുകയാണ് സൂരജ്…ഇത്രമാത്രം ഇതിൽ എന്താണ് ചെയ്യാനുള്ളത്…

എന്റെ ബാഗിനുള്ളിൽ സമയം നോക്കാൻ മാത്രം എല്ലാവരെയും ഒളിപ്പിച്ചു ഞാൻ കൊണ്ടുനടക്കുന്ന റബ്ബർ ബാൻഡ് കെട്ടിയ നോക്കിയ ഫോണിനെ പറ്റി ഞാൻ ചിന്തിച്ചുകൊണ്ട് പൊതിച്ചോറ് തുറന്നു…

ചുട്ടരച്ച ചമ്മന്തിയും, ചീര തോരനും, മുട്ട പൊരിച്ചതും, അച്ചാറും എല്ലാം പൊതിക്കുള്ളിൽ ഉണ്ട്..ജെനിക്കും കൊടുക്കാൻ അമ്മ എല്ലാം കൂടുതൽ വച്ചിട്ടുണ്ട്…

ക്ലാസ്സിലെ ഒരുവിധം ആൺകുട്ടികൾ ഒക്കെ ക്യാന്റീനിലേക്ക് പോയി… പെൺകുട്ടികൾ എല്ലാം ഓരോ ഗ്രൂപ്പുകളായി ഇരുന്നു കഴിക്കുകയാണ്….

ഞാൻ മാത്രം പെട്ടന്ന് ഒറ്റപ്പെട്ടപോലെ…

സൂരജ് എന്താ കഴിക്കാൻ പോകാത്തത്…ഇടയ്ക്കിടയ്ക്ക് എന്നെ തന്നെ നോക്കുന്നുണ്ട്…വാഴയിലയിൽ കെട്ടിയ പൊതി ഞാൻ തുറന്നപ്പോൾ ചുട്ടരച്ച ചമ്മന്തിയുടെയും വാട്ടിയ വാഴയിലയുടേയും ഒരു കൊതിപ്പിക്കുന്ന ഗന്ധം പുറത്തേക്ക് വന്നതും, സൂരജ് പെട്ടന്ന് തലയുയർത്തി ആ ഗന്ധം വന്ന വഴി തിരഞ്ഞു എന്റെ പൊതിച്ചോറിലേക്ക് നോക്കി…ആ മുഖത്ത് ഒരമ്പരപ്പ് വരുന്നുണ്ട്…

പൊതി തുറന്നെങ്കിലും സൂരജ് കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ എന്തോ വല്ലാഴ്മ തോന്നുന്നു…

“”ടോ സൂരജെ…”” എന്റെ വിളികേട്ട് മുഖത്ത് ഗൗരവം വരുത്തി അവൻ എന്നെ നോക്കുന്നുണ്ട്…

“”കുറച്ച് താൻ എടുത്ത് കഴിക്ക്, വിശന്നിരിയ്ക്കണ്ട..”” പൊതി നീക്കിവച്ചുകൊണ്ട് ഞാനത് പറഞ്ഞതും അവജ്ഞയോടെ മുഖം കോട്ടി വീണ്ടും മൊബൈലിലേക്കവൻ മുഖം കുനിച്ചു…

എന്തിന് വേണ്ടിയാണ് അവനോടു അങ്ങനെ പറയാൻ തോന്നിയതെന്ന് അറിയില്ല…അവന്റെ ഈ ഭാവം പതിവുള്ളതായതിനാൽ ഒരിക്കൽ കൂടി നിർബന്ധിക്കാൻ തോന്നി…

“”കഴിക്കടോ നല്ല രുചിയുള്ള പൊതിച്ചോറാ…തനിക്ക് ഇഷ്ടപ്പെടും…””

ചിരിയോടെ ഞാൻ അതും പറഞ്ഞ് പൊതിചോറ് കുറച്ചുകൂടി അവനടുത്തേക്ക് നീക്കിവച്ചതും, നൊടിയിടയിൽ ഇടതു കൈവീശി ആ പൊതിച്ചോറവൻ വാശിയോടെ തട്ടിയെറിഞ്ഞതും ഒരുമിച്ചായിരുന്നു….

ചോറും കറികളും ഇലയും എല്ലാം ഡെസ്കിലും ബഞ്ചിലും നിലത്തേക്കും ചിതറിത്തെറിച്ചു…

“”ഒന്ന് നോക്കി ചിരിച്ചെന്ന് വച്ച് ബന്ധം കൂടാനും, എന്നെ ഊട്ടാനും നിക്കണ്ട നീ…നിന്നെപ്പോലൊരു ദാരിദ്രവാസീടെ എച്ചിൽ തിന്നാൻ മാത്രം ഗതികേട് എനിക്കില്ല…””

കരളിൽ കത്തിമുനകൾ ആഴ്ന്നിറങ്ങുന്ന നോവിൽ ഞാനൊന്ന് പിടഞ്ഞു…

ശിലകണക്കെ തറഞ്ഞു നിന്നുപോയ എന്റെ ചുണ്ടുകൾ അവന് മുന്നിൽ വിതുമ്പി…

“”സോറി…. ഞാൻ…. അറിയാ…..””

അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞു തൂകുന്നു…

പെട്ടന്ന് മാറിയ ഭാവത്തോടെ അവൻ വേഗത്തിൽ മുഖം തിരിച്ചു…

ദയനീയമായി എന്നെ നോക്കുന്ന കണ്ണുകളെ അവഗണിച്ചുകൊണ്ട്, എല്ലാം നിലത്തു നിന്നും വാരിയെടുത്ത് പുറത്തേക്ക് ഓടുമ്പോഴും അപമാനഭാരത്താൽ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു…

ഒന്ന് പൊട്ടിക്കരയാനും എന്റെ സങ്കടങ്ങൾ ഇറക്കിവെക്കാനും ആരുമില്ലാതെ വരാന്തയുടെ ഒഴിഞ്ഞ മൂലയിലെ തൂണിലേക്ക് ഞാൻ മുഖം ചേർത്തിരുന്നു…ഷാളിന്റെ തുമ്പി വായിലേക്ക് തിരുകി വച്ചു ഞാൻ പൊട്ടിക്കരഞ്ഞു പോയി..

ഇടയ്ക്കെപ്പോഴോ വരാന്തയിലൂടെ പലവട്ടം ആരെയോ തിരഞ്ഞു നടക്കുന്ന സൂരജിലേക്ക് എന്റെ കണ്ണുകൾ ഉടക്കി…കലങ്ങിയ കണ്ണുകളും മുഖത്ത് പരന്ന വിഷാദഭാവവും ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം അവനിൽ നിറഞ്ഞു നിൽക്കുന്നു..തേടിയതെന്തോ കണ്ടുകിട്ടാത്ത ദേഷ്യത്തോടെ ദൂരേക്കവൻ നടന്നകലുന്നത് നോക്കി ഞാൻ മറഞ്ഞു തന്നെ നിന്നു…

ബ്രേക്ക്‌ കഴിഞ്ഞിട്ടും ക്ലാസ്സിലേക്ക് കയറുവാനും ആരെയും അഭിമുഖീകരിക്കുവാനും എനിക്ക് പ്രയാസം തോന്നി….നേരെ ക്യാന്റീനിലേക്ക് ചെന്ന് ഒരു ചായവാങ്ങി ഒരു മൂലയിലേക്ക് ആരും ശ്രദ്ധിക്കാത്ത വിധം ഞാൻ ഒളിഞ്ഞിരുന്നു….ഇടയ്ക്കെപ്പോളോ അവിടേക്ക് കയറിവന്ന ഡെന്നിസാർ എന്നെ കാണുകയും ക്ലാസ്സ്‌ കട്ട് ചെയ്തു ക്ലാന്റീനിൽ വന്നിരിക്കുന്ന ചുരുക്കം പെൺകുട്ടികളിൽ ഒരുവളായി ഞാൻ അയാളുടെ മനസ്സിൽ വെറുപ്പോടെ സ്ഥാനം പിടിക്കുന്നതും ആ മുഖഭാവത്തിലൂടെ ഞാനറിഞ്ഞു….

ഇനി സൂരജ് എന്ന ഈ അടഞ്ഞ അദ്ധ്യായം പല്ലവി തുറക്കില്ല…കരഞ്ഞു തളർന്ന കണ്ണുകൾ അമർത്തി തുടച്ചു ഞാൻ മനസ്സിൽ അടിവരയിട്ടുറപ്പിച്ചു…

അടുത്തനിമിഷം ക്യാന്റീനിലേക്ക് ഓടിക്കയറിയ സൂരജ് കണ്ണുകൾ കൊണ്ട് വെപ്രാളത്തോടെ ചുറ്റിനും തിരഞ്ഞു…

ഒരു മൂലയിൽ ആരും കാണാതെ മാറിയിരിക്കുന്ന എന്നെ കണ്ടതും ആശ്വാസത്തോടെ തൊട്ടടുത്തായി വന്നിരുന്നു…ചുവന്നു കലങ്ങിയ ആ കണ്ണുകളാൽ എന്നിലേക്ക് തറഞ്ഞു നിൽക്കുകയാണ്…

ചലനമില്ലാതെ, അവനെ ഒരു നോക്ക് നോക്കാതെ, ഞാൻ വാശിയോടെ അലസമായി ദൂരേക്ക് നോക്കിയിരുന്നു….

പെട്ടന്ന് എന്റെ വലതുകൈ മുറുകെ പിടിച്ചു അവന്റെ കൈകളുമായി അവൻ കോർത്തു വച്ചു…സിരകളിലേക്ക് ഒരു മിന്നൽ പിണർ പാഞ്ഞു പോയപോലെ…അടർത്തിമാറ്റാൻ കഴിയാത്ത വിധം കൂടുതൽ മുറുക്കി ചേർത്തു പിടിച്ചു….

ദേഷ്യത്തോടെ ഞാൻ ചാടി എഴുനേറ്റ് അവന്റെ കൈകളെ കുടഞ്ഞെറിഞ്ഞു…

“”പല്ലവി… ഞാൻ…അപ്പോളത്തെ ദേഷ്യത്തിൽ….അറിയാതെ…എന്നോട് നീ….””

വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവൻ വാക്കുകൾ പെറുക്കി എടുത്തപ്പോൾ ഞാൻ കൈകൾ ഉയർത്തി തടഞ്ഞു…

“”ഈ ദാരിദ്ര്യവാസിപ്പെണ്ണിനോട് ക്ഷമപറഞ്ഞ് താൻ ചെറുതാവണ്ട സൂരജേ…

ഞങ്ങൾക്ക് പണത്തിന് അല്പം കുറവുണ്ടടോ..കുറവല്ലാട്ടോ സത്യം പറഞ്ഞാൽ തീരെ ഇല്ല….എന്നാലും അഭിമാനം പണയം വച്ചിട്ടില്ല ഞാൻ ആർക്കു മുന്നിലും…

ഭൂമിയോളം ചവിട്ടി താഴ്ത്തി അപമാനിച്ചു വിടുമ്പോൾ ദേ ഈ ചങ്കിനകത്ത് ഒരു വേദനയുണ്ടടോ…

ആരോടും ഇനി ഇങ്ങനെ ഒന്നും താൻ ചെയ്യല്ലേ അത്രക്കും സങ്കടം സഹിക്കാൻ പറ്റണില്ലടോ എനിക്ക്…””

വിങ്ങിക്കരഞ്ഞുകൊണ്ട് അവനരികിൽ നിന്നും ഞാൻ പുറത്തേക്ക് ഓടിയകലവേ എന്റെ ഹൃദയം സങ്കടത്താൽ പൊട്ടിടയടരുകയായിരുന്നു…

അവളുടെ വാക്കുകൾ തന്ന ചൂടിൽ കുറ്റബോധത്താൽ അവന്റെ ഹൃദയവും വെന്തുനീറി….

കാത്തിരിക്കണേ