എഴുത്ത്: ഷെഫി സുബൈർ
ഒരു പെൺകുഞ്ഞിനെ എനിയ്ക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു.
ഗർഭിണിയായിരുന്നപ്പോൾത്തന്നെ അവൾ പറയുമായിരുന്നു, ഇതു അച്ഛനെപ്പോലെ വഴക്കാളിയായൊരു മോനായിരിക്കുമെന്ന്.
അല്ലെങ്കിലും ഈ കുടുംബത്തിലേതു ആദ്യത്തേത് ആൺകുട്ടി തന്നെയായിരിക്കുമെന്ന് അമ്മയും പറഞ്ഞു. മോനായാലും, മോളായാലും ഈശ്വരൻ ഒരു കുഴപ്പവും വരുത്താതെ തന്നാൽ മതിയെന്നായിരുന്നു എന്റെ പ്രാർത്ഥന.
ലേബർ റൂമിന്റെ വാതിൽ തുറന്നു ഭാര്യ പ്രസവിച്ചു. കുട്ടി പെണ്ണാണെന്ന് പറഞ്ഞപ്പോൾ മനസ്സിലൊരു പാദസ്വര കിലുക്കമുണർന്നു.
അമ്മുവെന്നും, അമ്മൂസെന്നും വിളിച്ചു അവളുടെ സ്വന്തം പേരുപ്പോലും ഇന്നുവരെ വിളിച്ചിട്ടില്ല. കണ്ണെഴുതി കൊടുത്തും, പൊട്ടുകുത്തി കൊടുത്തും എത്ര ഒരുക്കിയിട്ടും മതിയായില്ല. അച്ഛനെയാണോ, അമ്മയെയാണോ ഇഷ്ടമെന്ന് ചോദിയ്ക്കുമ്പോൾ ഒരു കള്ളചിരിയോടെ അച്ഛനെയാണ് ഇഷ്ടമെന്നു പറയുമ്പോൾ പ്രിയതമയുടെ പരിഭവം നിറഞ്ഞ മുഖം കാണാൻ ഒരു രസമാണ്. അല്ലെങ്കിലും നൊന്തുപെറ്റ എന്നോട് നിനക്കു ഒരിത്തിരി സ്നേഹവുമില്ലെന്നു പരിഭവത്തോടെ അവൾ പറയുമായിരുന്നു.
മോൾക്ക് കരിവളയും, മണിമാലയുമൊക്കെ വാങ്ങുമ്പോൾ അവൾ എപ്പോഴും സ്നേഹത്തോടെ വഴക്കിടുമായിരുന്നു. ഞാനൊരു വളയോ, മാലയോ വാങ്ങാൻ പറഞ്ഞാൽ മറന്നു പോയെന്നു പറഞ്ഞ ആളാണ് ഇപ്പോൾ ഒരു മറവിയും കൂടാതെ എല്ലാം വാങ്ങിക്കൊണ്ടു വരുന്നത്.
മാനത്തു മഴ വരുമ്പോൾ പുറത്തു കഴുകിയുണക്കാനിട്ട തുണികൾ എടുത്തുകൊണ്ട് വരാനും, നൂറു വഴക്കു പറഞ്ഞാലും അടുക്കളയിൽ നിനക്കൊരു കൈ സഹായത്തിനു ഇവളെ കാണുമെന്നു ഞാനും പറഞ്ഞിരുന്നു.
നാളെ വേറൊരു വീട്ടിലേക്കു മറ്റൊരുവന്റെ കൈ പിടിച്ചു പോകുമ്പോൾ നമ്മളെ ചേർത്തു പിടിച്ചലച്ചു കരയാനും നമ്മുടെ മോളെ കാണു.
അപ്പോഴേ അവൾ നമ്മുടെ വീടിറങ്ങി പോയ ശൂന്യത നമ്മൾ അറിയൂ.
എത്രപേരുണ്ടെങ്കിലും, അവളുടെ പാദസ്വര കൊഞ്ചലില്ലാതെ നമ്മുടെ വീടുറങ്ങിയിരിക്കും.
അപ്പോഴാണറിയുന്നതു അവളായിരുന്നു ഈ വീടിന്റെ വിളക്കെന്ന്….!