കുളി കഴിഞ്ഞ് തോർത്തി മുറിയിലേക്ക് കടന്നു വന്നിട്ടും അവനാ കെട്ട് അഴിച്ചിരുന്നില്ല, ഉടുപ്പ് മാറ്റി ഇട്ട് ഞാനാണ് ആ കെട്ട് അഴിച്ചു മാറ്റിയത്.

മെമ്മറീസ് ~ എഴുത്ത്: ആദർശ് മോഹനൻ

ഇയാളെന്റെ ഭർത്താവ് തന്നെയാണോ, അതോ തട്ടിക്കൊണ്ട് വന്നതാണോ? മുഖം കണ്ടിട്ട് നല്ല തറവാട്ടിൽ പിറന്ന പയ്യനാണല്ലോ, ഏഹ് ഞാൻ….. ഞാനിത് എവിടെയാണ്? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ “

തലക്കകത്ത് ഒരു വിങ്ങലും വേദനയും തോന്നിയപ്പോഴാണ് തലയ്ക്ക് ചുറ്റും കെട്ടിയിട്ട വെള്ളത്തുണിയിലേക്ക് ശ്രദ്ധ ഒരിക്കൽ കൂടെ പതിഞ്ഞത്. ഉഫ്, വേദന സഹിക്കാൻ പറ്റുന്നില്ലല്ലോ ഈശ്വരാ എന്ന ആത്മഗതവുമായി ഞാനയാൾക്ക് മുൻപിലേക്ക് വേച്ചു വേച്ചു നടക്കാൻ ശ്രമിക്കുമ്പോഴേക്കും അയാൾ എന്റെയരികിലേക്ക് ഓടിപ്പാഞ്ഞെടുത്തു .

” എന്താ ഹൃതിക ഇത്, ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ റസ്റ്റ്‌ എടുക്കാൻ, കിടന്നോളു കുറച്ച് കഴിയുമ്പോൾ മരുന്ന് എടുത്ത് തരാം “

എന്നേ താങ്ങി പിടിച്ചവൻ ബെഡിൽ കിടത്തുമ്പോഴും ഉള്ളിൽ ഒരായിരം സംശയങ്ങൾ നുരഞ്ഞു പൊന്തിയിരുന്നു,

“ഞാൻ….. എന്റെ പേര്,…. എന്റെ പേര് ഹൃതിക എന്നായിരുന്നോ? ഇയാൾ ഇയാളെന്റെ ഭർത്താവാണോ? ഞാനിപ്പോൾ എന്റെ വീട്ടിൽ അല്ലേ ഉള്ളത്? “

എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു, തൊണ്ടക്കുഴിയിൽ നിന്നും ഒരക്ഷരം പോലും പുറത്തേക്കടർന്നു വീണില്ലെന്ന് മാത്രമല്ല അയാളുടെ കരുതലിലും വിലക്കലിലും അനുസരണയുള്ള ഒരു കുഞ്ഞു കുട്ടിയായി മാറിപ്പോകുകയിരുന്നു ഞാൻ

ആകെ ഓർമയുള്ള മുഖം അയാളുടേത് മാത്രമാണ് , പിന്നീട് ഓർമയുള്ളത് ഹോസ്പിറ്റലിൽ എന്നേ പരിപാലിച്ച നേഴ്സ്, ക്ലീൻ ഷേവ് ചെയ്തു അങ്ങിങ്ങായി മുടി നരച്ച കണ്ണട വെച്ച ഒരു നാല്പത്തിയഞ്ചോളം വയസ്സ് പ്രായം തോന്നിക്കുന്ന ഡോക്ടറിനെയും ആണ്, സ്കാനിംഗ് റിപ്പോർട്ട്‌ നോക്കി ഡോക്ടർ അയാളോട് പറയുന്നത് അവ്യക്തമായാണേലും ഞാൻ കേട്ടതാണ്

” ബ്രെയിൻ ന് ഇൻജുറി ഉള്ളതുകൊണ്ട് ഭൂതകാലമെല്ലാം ഓർമയിൽ ഉണ്ടാകണം എന്നില്ല, അച്ഛൻ, അമ്മ, സുഹൃത്തുക്കൾ, എന്തിനേറെ സ്വന്തം പേര് പോലും ഓർമയിൽ ഉണ്ടാകില്ല, നിങ്ങൾ വേണം എല്ലാം ശരിയാക്കാൻ “

എന്തിനെന്നില്ലാതെ അയാളുടെ കണ്ണുകൾ വിതുമ്പാൻ നിൽക്കുന്നത് കണ്ടപ്പോൾ എന്തിനായിരുന്നു അതെന്നു എനിക്ക് അപ്പോഴും മനസ്സിലായിരുന്നില്ല, ആകാംഷയോടെ അയാൾ ഡോക്ടറിനോടായത് ചോദിക്കുന്നുണ്ടായിരുന്നു…

” ഡോക്ടർ, എന്റെ…. എന്റെ ഹൃതിക്ക് ഒരിക്കലും ഇനി ഓർമ തിരിച്ചു കിട്ടില്ലേ….. ” എന്ന്

അയാളെ തോളിൽ തട്ടി ആശ്വസിപ്പിക്കും വിധത്തിൽ, നമുക്ക് ശ്രമിക്കാം ആദിയെന്ന് പറയുമ്പോഴും പാതി വിരിഞ്ഞ ഡോക്ടറുടെ പുഞ്ചിരിയിൽ നീണ്ടൊരു നിരാശയുടെ നിഴൽവെട്ടം നന്നേ കണ്ടതാണ് ഞാൻ…

അപ്പോഴും ഞാനറിഞ്ഞിരുന്നില്ല എന്നേ കുറിച്ച് ആയിരുന്നു അവർ സംസാരിച്ചത് എന്ന്, ഒരിക്കലും ഓർത്തെടുക്കാനാവാത്ത ഭൂതകാലത്തിലേക്ക് എന്നേ തള്ളിയിട്ടതാരാണ്, ഇതെന്ത് വിധി, തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം അപരിചിതരെ പോലെ കാണേണ്ട അവസ്ഥ, ലോകത്ത് ഒരാൾക്കും അങ്ങനെ ഒരവസ്ഥ ഉണ്ടാകല്ലേ ഈശ്വരാ എന്ന് മാത്രമായിരുന്നു ഉള്ളിലെ പ്രാർത്ഥന….

ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോഴേക്കും അയാൾ ഒരു പാത്രത്തിൽ നിറയെ ചൂടുവെള്ളവുമായി മുറിയിലേക്ക് കടന്നു വന്നു, എന്തിനെന്ന അർത്ഥത്തിൽ ഞാനയാളെ നോക്കിയപ്പോൾ,

” തോളിലെ ചതവിൽ ആവി പിടിക്കണം ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് “

അയാളത് പറഞ്ഞപ്പോഴാണ് തോളിലുള്ള നീര് ഞാൻ ശ്രദ്ധിക്കുന്നത് തന്നെ, മേലാകെ തളർന്നിരിക്കുമ്പോഴും ഉള്ളിലൂടെ എന്തോ ഒരു മരവിപ്പ് കടന്നു പോയി, എന്റെ പള്ളയ്ക്കടിയിലൂടെ അയാൾ കയ്യിട്ട് എന്നേ താങ്ങി ചാരി കിടന്ന തലയിണയിലേക്ക് തലയെടുത്തു വെച്ചപ്പോൾ ഉള്ളിൽ പെട്ടെന്നൊരു ഞെട്ടലനുഭവപ്പെട്ടു, ഇയാൾ ശരിക്കും എന്റെ ഭർത്താവ് തന്നെയാണോ എന്ന ചോദ്യം പിന്നെയും പിന്നെയും എന്നേ അലട്ടിക്കൊണ്ടിരുന്നു…

തുണി ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ് തോളിൽ നിന്നും നൈറ്റി മാറ്റി ബ്രായുടെ വള്ളിയിൽ അയാളുടെ വിരൽ സ്പർശമേറ്റപ്പോഴേക്കും ഞാനാ കൈകൾ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു,

” ഞാൻ ചെയ്തോളാം ” എന്ന്

വേദന നിറഞ്ഞ അവന്റെ കണ്ണുകളിൽ നിന്ന് ഒരിറ്റ് നീര് വീഴാൻ പാകത്തിൽ നിൽക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു, എന്റെ തോളിൽ നിന്നും കണ്ണടർത്തി മാറ്റി മുറിയിലേ എന്തൊക്കെയോ അലസമായി തിരയുകയായിരുന്നു അവൻ, ആ കണ്ണുകളെന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാനത്രെമേൽ പ്രിയപ്പെട്ടവളാണ് അവന് എന്ന്, എങ്കിലും അതങ്ങീകരിക്കാൻ എന്റെ മനസ്സ് മാത്രം തയ്യാറാകുന്നില്ല എന്നതാണ് യാഥാർഥ്യം, എനിക്കയാൾ ഒരപരിചിതൻ മാത്രമായിരുന്നു അന്നേരം അലമാരിയിൽ നിന്ന് നീല നിറത്തിൽ ഉള്ള നൈറ്റി എടുത്തവൻ കട്ടിലിലേക്ക് ഇട്ടു..

“കുളി കഴിഞ്ഞാൽ ഇതെടുത്ത് ഉടുത്താൽ മതി ” എന്നും പറഞ്ഞു മുറി വിട്ടിറങ്ങിയ മുഖം വാടിക്കലങ്ങിയത് കണ്ടപ്പോൾ എന്തോ തെറ്റ് ചെയ്ത പോലൊരു പ്രതീതിയുളവായതാണ് മനസ്സിലന്നേരം, മുറി വിട്ടിറങ്ങുന്ന അവനോടായി ഞാൻ പറഞ്ഞു

” എനിക്ക് എന്റെ അമ്മയെ ഒന്ന് കാണണം ” എന്ന്

കേട്ടിട്ടും കേൾക്കാത്ത പോലെയവൻ പോയപ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചാണ് വന്നത്

ഒരു വെള്ളത്തോർത്തും കയ്യിലൊരു കുപ്പിയിൽ എണ്ണയുമായി അവൻ വീണ്ടും കടന്നു വന്നു, മേശയ്ക്ക് മുകളിലത് വച്ചിട്ട് എന്റെ അരികിലായവൻ വന്നിരുന്നിട്ട് പറഞ്ഞു

“അമ്മയും അച്ഛനും ബഹ്‌റൈൻ ൽ അല്ലേ, കുളി കഴിഞ്ഞു നമുക്ക് വീഡിയോ കോൾ ചെയ്യാം ട്ടോ, ഇപ്പോൾ ഈ എണ്ണ തേക്ക് “

വാത്സല്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയ അവന്റെ കണ്ണിലെ തിളക്കം കണ്ടപ്പോൾ ഈ ഭൂമിയിൽ എനിക്കാരോക്കെയോ ഉണ്ടെന്ന തോന്നലുള്ളിൽ ഉളവായി…

കയ്യിൽ എണ്ണയെടുത്തു തലയിൽ തേക്കുമ്പോൾ തോളിനു വല്ലാത്ത വേദന പോലെ തോന്നി , എന്റെ മുഖത്ത് ആ വേദന പ്രതിഫലിച്ചു കണ്ടതിനാലാവണം എണ്ണയവൻ കൈകളിലെടുത്ത് എന്റെ തലയിലേക്ക് പുരട്ടി തന്നത്, ഇത്തവണ അനുസരണക്കേട് കാട്ടാതെ ഞാൻ അറിയാതെ ഇരുന്നുകൊടുക്കുകയായിരുന്നു എന്നതാണ് സത്യം,

കുളിമുറിയിലേക്ക് കടക്കുന്നത് വരേ അവനെന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു, വാതിൽക്കൽ എത്തിയപ്പോൾ ഞാനൊന്ന് തിരിഞ്ഞ് നോക്കി, എന്റെ മനസ്സ് വായിച്ചെടുത്തെന്നോണം നേർത്ത പുഞ്ചിരിയോടെയവനെന്നോട് പറയുന്നുണ്ടായിരുന്നു

” പേടിക്കേണ്ട ഞാനുള്ളിലേക്ക് വരില്ല, വാതിൽ കുറ്റി ഇടാതെ ഇരുന്നാൽ മതി “എന്ന്

നേർത്തയൊരു ചമ്മലോടെ ഞാൻ ഉള്ളിലേക്ക് കയറി, എനിക്ക് ഇരുന്ന് കുളിക്കാൻ വേണ്ടി നേരത്തെ തന്നെയവൻ സ്റ്റൂൾ കൊണ്ടിട്ടിട്ടുണ്ടായിരുന്നു, അതിൽ കയറിയിരുന്നു കൊണ്ട് ഞാൻ കുളി തുടങ്ങി, ഇടയ്ക്ക് ബാലൻസ് കിട്ടാതെ എന്റെ കൈ തട്ടി ബക്കറ്റ് കാലിലേക്ക് മറിഞ്ഞു വീണപ്പോൾ ശബ്ദം കേട്ടവൻ ഉള്ളിലേക്ക് വന്നു, ഒരു ഒറ്റമുണ്ട് മേലാട പോലെയണിഞ്ഞിരുന്ന ഞാൻ എന്റെ ഇരുകൈകളും കൊണ്ട് മാറ് മറച്ചവനെ നോക്കിയപ്പോൾ സത്യത്തിൽ ചിരിയാണ് എനിക്ക് വന്നത്, എന്റെ ചുരിദാറിന്റെ ഷോൾ എടുത്ത് കണ്ണിൽ കെട്ടിയിട്ടാണ് മൂപ്പര് ഉള്ളിലേക്ക് കടന്നു വന്നത്, പിന്നീട് വെള്ളം കോരി ഒഴിച്ചു തന്നതും തലയിൽ സോപ്പിട്ടു തന്നതും ഒക്കെ അവനായിരുന്നു, കുളി കഴിഞ്ഞ് തോർത്തി മുറിയിലേക്ക് കടന്നു വന്നിട്ടും അവനാ കെട്ട് അഴിച്ചിരുന്നില്ല, ഉടുപ്പ് മാറ്റി ഇട്ട് ഞാനാണ് ആ കെട്ട് അഴിച്ചു മാറ്റിയത്.

അവൻ പറഞ്ഞ വാക്ക് പാലിച്ചു എന്റെ അച്ഛനെയും അമ്മയെയും വീഡിയോ കോളിൽ ഇട്ട് തന്നു, അതിന് മുൻപ് സ്‌ക്രീനിൽ എന്റെ വികൃതമായ മുഖം കണ്ടപ്പോൾ വല്ലാത്തൊരു മരവിപ്പ് ആണെനിക്ക് ഉള്ളിൽ തോന്നിയത് ഞാനിത്രക്ക് വിരൂപയാണോ മുഖത്തെ ഒരു വശം പാണ്ഡു പിടിച്ച് അത് നേരെ കഴുത്തിലേക്ക് ഊർന്നിറങ്ങിയിട്ടുണ്ട്. ഒരു വെള്ള ടൈലിലേക്ക് ചായപ്പാത്രത്തിലെ ചായ തട്ടി വീണ പോലെ, പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കാനേ പോയില്ല, തീർത്തും അപരിചിതരായി തോന്നിയെങ്കിലും അവരെ കണ്ടപ്പോൾ എന്റേതെന്നു തോന്നിയവരോട് സംസാരിക്കും പോലെ വാ തോരാതെ ഞാനവരോട് സംസാരിച്ചപ്പോൾ ഞാനറിയാതെ തന്നെ എന്റെ കണ്ണാകെ നിറഞ്ഞൊഴുകി, എനിക്കെന്താണ് സംഭവിച്ചതെന്ന് അവരോടാണ് ഞാൻ ചോദിച്ചു മനസ്സിലാക്കുന്നത്..

ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എറണാകുളത്തേക്ക് പോയതാണ്, റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി വന്ന ഒരു കാർ എന്നേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നമ്മ പറയുമ്പോൾ അമ്മയുടെ വാക്കുകൾ പതറിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചു, ആദിയെ കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നെന്നും അവന്റെ വീട്ടിൽ സമ്മതിക്കാത്ത കാരണം അവൻ നിന്നെയും കൊണ്ട് വേറെ വീടെടുത്തു താമസിക്കുകയായിരുന്നു എന്നും അമ്മ പറഞ്ഞു…

അത് കേട്ടപ്പോൾ മുതൽ ഉള്ളിലൊരു അസ്വസ്ഥത ആയിരുന്നു, എനിക്ക് വേണ്ടി ജന്മം തന്നവരെ ഉപേക്ഷിക്കുവാൻ മാത്രം എന്ത് പ്രത്യേകതയാണ് എന്നിൽ ഉള്ളത് എന്നറിയാൻ ഉള്ളിൽ വെമ്പൽ പൂണ്ടതാണന്നേരം, പക്ഷെ അവനോട് ചോദിക്കാൻ ഉള്ള മടി കൊണ്ട് ഒന്നും ചോദിച്ചില്ല..

വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് ഈ വീട്ടിൽ മുഖം നോക്കാൻ ഒരു കണ്ണാടി ഇല്ല, അല്ല അവൻ മനപ്പൂർവം കൊണ്ട് വെക്കാത്തതാണ് എന്റെ പ്രതിബിംബം ഞാൻ കാണാതിരിക്കാൻ, എന്റെ മനസ്സ് വേദനിക്കാതിരിക്കാൻ, ഒരു കണ്ണാടി തപ്പി ആ വീടാകെ ഞാനലഞ്ഞു നടന്നു അവസാനം വീടിന്റെ പിന്നാമ്പുറത്തെ മൂലക്ക് നിന്നും ഒരു പൊട്ടിയ കണ്ണാടി ചില്ലെനിക്ക് കിട്ടി, എന്റെ സ്വരൂപം ഒരിക്കൽ കൂടി ഞാൻ കണ്ടപ്പോൾ ഹൃദയ ഭാരം കൂടിയത് പോലെ തോന്നി, മുഖത്തെ പാണ്ഡിനെ കുറിച്ച് ചോദിച്ചപ്പോൾ മരുന്നിന്റെ ഇൻഫെക്ഷൻ കാരണം സംഭവിച്ചതാണ് എന്നാണ് അമ്മയെന്നോട് പറഞ്ഞത്, എന്നാലും എന്നേക്കാൾ എത്രയോ ഭേദമുള്ള പെൺകുട്ടികളെ അവന് കിട്ടും എന്നിട്ടും എന്തിനവൻ എന്നേ തിരഞ്ഞെടുത്തു, ഒന്നിനും കൊള്ളാത്ത എന്നേ ആരുമല്ല അറിയില്ല എന്ന് പറഞ്ഞവന് ഉപേക്ഷിക്കാമായിരുന്നു, എന്ത് കൊണ്ടവനത് ചെയ്തില്ല, ഇത്രമാത്രം സ്നേഹിക്കാൻ എന്നിൽ എന്താണ് ഉള്ളത് എന്നറിയാൻ ഉള്ള പൂതി കൂടിക്കൂടി വന്നു..

മുറിയ്ക്കുള്ളിലെ പെയിന്റിംഗ്സും സെറ്റിയും, ഉമ്മറത്തുള്ള പൂന്തോട്ടവും എല്ലാം ഞാൻ ചുറ്റി നടന്നു കണ്ടു, എല്ലാം എല്ലാം തനിക്ക് പ്രിയപ്പെട്ട നിറങ്ങളും വസ്തുക്കളും ആണെന്ന് തോന്നിയന്നേരം,

അപ്പോഴേക്കും ഇവയെക്കാൾ എല്ലാം പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു തനിക്കവൻ, ഉമ്മറത്തുള്ള പൂന്തോട്ടം നിറയെ ചുവന്ന കടലാസ്സ് റോസുകളാൽ സമ്പന്നമായിരുന്നു, വേലിക്കലെ ചെമ്പരത്തിപ്പൂവിന് ചുറ്റും ചിത്രശലഭങ്ങൾ പാറി നടക്കുന്നുണ്ടായിരുന്നു..

അവനപ്പോഴും പുറത്ത് അയയിൽ ഞാൻ മാറിയിട്ട ഉടുപ്പും അടിവസ്ത്രങ്ങളും കഴുകി തിരുമ്മി അയയിലേക്ക് കോർത്തിടുന്നുണ്ടായിരുന്നു, അടിപ്പാവടയൊന്നു കുടഞ്ഞുകൊണ്ട് എന്റെ മുഖത്ത് നോക്കിയവനൊന്ന് പുഞ്ചിരിച്ചപ്പോൾ ഉള്ളിലൊരു തരം ചമ്മലായിരുന്നു, ആഹ് എന്തിന് നാണിക്കണം സ്വന്തം ഭാര്യയല്ലേ എന്നുള്ളിൽ പറഞ്ഞുകൊണ്ട് ഞാനകത്തേക്ക് പോയി…

ഭക്ഷണം പാകം ചെയ്ത് അവൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നേ വല്ലാത്തൊരു ഏകാന്തതയാണ്, എന്തേലും വാങ്ങിക്കണമെങ്കിൽ എന്റെ Atm കാർഡ് വാങ്ങിക്കൊണ്ടാണ് അവൻ പുറത്തേക്ക് പോകാറുള്ളത്… അപ്പോഴാണെനിക്ക് മനസ്സിലായത് എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് ഉം അതിൽ നാലഞ്ച് ലക്ഷം രൂപയും ഉണ്ടായിരുന്നു എന്ന കാര്യം.. ഇനി അവനെന്നെ വിലക്ക് വാങ്ങിയതാണോ, ആദ്യമായ് എന്റെ കണ്ണിൽ സംശയത്തിന്റെ നിഴലനക്കം ഉണ്ടായി, എന്റെ സ്വത്തുക്കൾ കണ്ട് പിറകെ കൂടിയതായിരിക്കുമോ അവൻ? ഈ സ്നേഹപ്രകടനങ്ങൾ എല്ലാം എല്ലാമൊരു അഭിനയം മാത്രമാണോ? പക്ഷെ ആ ചിന്തകൾക്കെല്ലാം വെറും പത്ത് മിനിറ്റ് ന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യവും

രാത്രിയായപ്പോൾ അത്താഴം കഴിഞ്ഞ് അവൻ നേരെ ചെന്നത് റൂമിലേക്ക് ആണ് കിടക്കവിരിയും തലയിണയും നേരെയാക്കി അവനെന്റെ മുഖത്ത് നോക്കി ചോദിച്ചു കിടക്കുന്നില്ലേ എന്ന്, എന്തോ ഭയം തോന്നിയെങ്കിലും കിടക്കുമ്പോൾ അവൻ അപ്പുറത്ത് ഉള്ളത് ആശ്വാസം തന്നെയാണ് എന്നെനിക്ക് തോന്നിയതാണന്നേരം, പക്ഷെ എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചാണവൻ റൂമിൽ നിന്ന് തലയിണയും പൊക്കിയെടുത്ത് കൊണ്ട് സോഫയിൽ വന്നു കിടന്നത്..

ലൈറ്റ് ഓഫ് ആയതും എന്റെ കിളി പറന്നു പോയതും ഒരുമിച്ചായിരുന്നു പേടിച്ചു പേടിച്ചു കുറച്ച് നേരം ഞാൻ തള്ളി നീക്കി, രണ്ടും കല്പ്പിച്ചു ഞാൻ ലൈറ്റിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിചെന്നതും ചോദ്യഭാവത്തിൽ അവനെന്നെയൊന്നു നോക്കി…

” എ…. എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ്, മു…. മുറിയിൽ വന്നു കിടക്കാമോ? “

ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ നേർത്തൊരു മന്ദഹാസം പടർന്ന് കയറുന്നത് ഞാൻ കാണാത്ത പോലെ നടിച്ചു, അടിയിൽ എനിക്കായാണ് ഞാൻ പായ വിരിച്ചു തലയിണയിട്ടത്, അവനതിൽ ചോദ്യോത്തരങ്ങൾക്കൊന്നും ഇടവരുത്താതെ കമിഴ്‌ന്നടിച്ചു കിടന്നു..

മുകളിൽ കയറിക്കിടക്കുന്നതോണ്ട് എനിക്ക് വിരോധം ഒന്നുമില്ല കേട്ടോ എന്ന് ഞാൻ പറയാനാഗ്രഹിച്ച വാക്കുകൾ അപ്പാടെ വെള്ളം തൊടാതങ്ങു വിഴുങ്ങി കിടന്നുറങ്ങുകയായിരുന്നു ഞാൻ..

പലപ്പോഴും ഞാനാവനോട്‌ ദേഷ്യപ്പെട്ടു പെരുമാറാറുണ്ട്, എന്നേ കുറിച്ച് തന്നെയോർത്ത് അമർഷം പൂണ്ട് എന്റെ കലിയെല്ലാം വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു അവനെ മനപ്പൂർവം വേദനിപ്പിക്കാറുണ്ട്, എങ്കിലും അവന്റെ ചുണ്ടിലെയാ പുഞ്ചിരിക്ക് ഇന്നേവരെയൊരു കോട്ടവും സംഭവിട്ടില്ല, എന്തൊക്കെയോ ആലോചിച്ചു ദുഖിച്ചിരിക്കുമ്പോഴെല്ലാം അപ്പോഴും താങ്ങായി അവൻ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു, എന്റെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ തള്ളവിരലിലായിരിക്കും ആ നനവ് ചെന്നവസാനിക്കുക, അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്ന അവൻ എനിക്ക് വേണ്ടിയാന്നേരം വാചാലനാകാറുണ്ടൊരുപാട്

എന്നും വീട്ടിൽ അവനാണ് ഭക്ഷണം പാചകം ചെയ്യാറുള്ളത്, അവൻ ചിരവയിൽ നാളികേരം ഇരുന്നു ചിരകുന്നതും, പച്ചക്കറിയരിയുന്നതും, പാത്രം കഴുകി വൃത്തിയാക്കുന്നതും എല്ലാം…… എല്ലാം ഞാൻ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്, അന്നൊരിക്കലവൻ കുടംപുളി ഇട്ട് വെച്ച വരാല് കറിയിൽ നിന്നും ഒരു കുടംപുളി പുറത്തേക്ക് എടുത്ത് എനിക്ക് നീട്ടി, വേണ്ടെന്ന് പറഞ്ഞപ്പോൾ അത് ചുണ്ടോട് ചേർത്തവൻ പുളിയിറക്കുന്നത് കണ്ടപ്പോൾ എന്റെ വായിൽ നിന്നും വെള്ളമൂറിയിറങ്ങിയതാണ്, അവൻ ഈമ്പി വെച്ച കുടംപുളി കഷ്ണം പിഞ്ഞാണത്തിന് മേലെ വച്ചിട്ടവൻ അരി വെന്തോ എന്ന് നോക്കാൻ പോയി, കൊതിയോടെ ഞാനത് പെട്ടെന്ന് എടുത്തു വായിലിട്ടതും അവൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു,

“എങ്ങനെയുണ്ട് നല്ല രസമില്ലേ “

ഈശ്വരാ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിൽ അവന് മുൻപിൽ ഇളിഭ്യയായി ഒന്നിരുന്നു കൊടുത്തേ ഉള്ളോ ഞാൻ , നാട് ചുറ്റി കാണിക്കാനും സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോഴും മറ്റെന്തു പരിപാടിക്ക് പോകുമ്പോഴും സാരിയും ചുറ്റി ഉടുപ്പിച്ചു അണിയിച്ചൊരുക്കി അവനെന്നെയും കൂടെ കൂട്ടാറുണ്ട്, എല്ലാവരെയും അവനെനിക്ക് പരിചയപ്പെടുത്തി തരാറുണ്ട്, അവരുടെ മുൻപിൽ വച്ച്, ഇത് ഹൃതിക എന്റെ ഒരോയൊരു ഭാര്യ എന്ന് അഭിമാനത്തോടെയവൻ പറയുമ്പോൾ എന്തെന്നില്ലാതെ എന്റെ കണ്ണുകൾ നിറയാറുണ്ട്

ദിവസങ്ങൾ കടന്നു പോയി, സ്വന്തമായി എല്ലാം ചെയ്യാനുള്ള ശേഷിയായിട്ടും എന്തിനെന്നില്ലാതെ ഞാനവനെ ആശ്രയിച്ചു കൊണ്ടേ ഇരുന്നു, നമ്മുടെ പ്രണയം അതെങ്ങനെ ആയിരുന്നു എന്നവനോട് ചോദിക്കാൻ പലതവണ മനസ്സ് വെമ്പിയപ്പോഴും ചോദിക്കാൻ മടി തോന്നി, സത്യത്തിൽ ഓർക്കുമ്പോൾ തന്നെ നാണം ആയിരുന്നു, എന്തെന്നാൽ അപ്പോഴേക്കും അവനെ ഒരിക്കൽ കൂടെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു..

അവന് പ്രിയപ്പെട്ടതെല്ലാം എനിക്കും പ്രിയപ്പെട്ടതായി മാറിയിരുന്നു, അവനൊപ്പം ഉള്ളപ്പോൾ എന്റെ ഭൂതകാലത്തെ കുറിച്ചുള്ള ആശങ്കകൾ തെല്ല് പോലും അലട്ടിയിട്ടില്ലായിരുന്നു

ഷെൽഫിൽ ഇരുന്ന പുസ്തകങ്ങൾക്കിടയിൽ അവനെഴുതിയിട്ട ലേഖനങ്ങൾ, ഓരോ കുറിപ്പുകളും മാറി മാറി വായിച്ചു അതിലെ ഓരോ കഥാപാത്രങ്ങളോടും എന്തെന്നില്ലാത്ത അസൂയ തോന്നിയെനിക്ക് അവന്റെ ഭാവനകൾക്ക് അവന്റെ മനസ്സിനോളം സൗന്ദര്യമുണ്ടായിരുന്നു, അതിലെ ഓരോ കഥാപാത്രങ്ങൾക്കും ജീവനുള്ളത് പോലെ തോന്നിയിരുന്നു..

അങ്ങനെയിരിക്കുമ്പോഴാണ് അടുക്കി വെച്ചിരുന്ന പുസ്തകക്കെട്ടിനിടയിൽ ആ ഡയറി ഞാൻ കാണുന്നത്, തുറന്ന് നോക്കിയപ്പോഴാണ് മനസിലായത് ഞാനെഴുതിയായിരുന്ന എന്റെ സ്വന്തം ഡയറി ആയിരുന്നു അത് എന്ന്..

ആർത്തിയോടെ ഞാനതെടുത്തു നെഞ്ചോടു ചേർത്തു , എന്റെ ഭൂതകാലത്തേക്കാളുമുപരി ഞങ്ങൾ തമ്മിലുള്ള പ്രണയരംഗങ്ങൾ തിരയുകയായിരുന്നു ഞാൻ, അക്ഷമയായി ഞാൻ ഓരോ അക്ഷരങ്ങളും വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അവന്റെ മാസ്സ് എൻട്രി എങ്ങനെയായിരിക്കും എന്ന് മാത്രമായിരുന്നു ഉള്ളിലെ ചിന്ത…….. ആകാംക്ഷയോടെ ഞാനാ ഡയറി മെല്ലെ മറിച്ചു നോക്കി

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…