നടന്നു നടന്ന് മണിയന്റെ കൈ പിടിച്ചു എന്റെ വീട്ടിലെ പടി കയറുമ്പോഴും ഞാൻ എവിടെയാണ് എന്തിനിവിടെ വന്നു എന്ന് പോലുമറിയാതെ…

മണിയൻ ~ എഴുത്ത്: SAMPATH UNNIKRISHNAN

ആ പൊട്ടനും ഇത്തിരി വിഷം കൊടുത്തൂടായിരുന്നോ ഈ പെണ്ണുമ്പിള്ളക്ക്..?”

ചുറ്റും കൂടിനിന്ന ആളുകളിലൊരാൾ ഇത് പറഞ്ഞപ്പോൾ കേട്ടുനിന്ന ഞാനാകെ തരിച്ചു പോയി….എത്ര തരംതാഴ്ന്നിട്ടാണ് സഹജീവിക്കു മനുഷ്യർ വില കല്പിക്കുന്നത്….

എന്റെ ഉള്ളിലെ കുറ്റബോധം തീയായി ആളികത്തിയപ്പോഴാണ് അപ്പന്റെ രഹസ്യ സംബന്ധത്തിലെ ത്രേസ്സ്യാമ്മ മരിച്ച വിവരം അറിഞ്ഞപാടെ കാണാൻ ഓടി ചെന്നത്….

സ്വന്തം അമ്മയല്ലെങ്കിലും അമ്മയോളം തന്നെ പ്രാധാന്യമുള്ള ആളല്ലേ…..വാർത്ത കേട്ടപ്പോൾ അപ്പൻ മുഖം തിരിച്ചെങ്കിലും എനിക്ക് പോവാതിരിക്കാനായില്ല അപ്പനറിയാതൊന്നു കണ്ടേച്ചും പോരാമെന്നേ കരുതിയുള്ളൂ ….

പക്ഷെ ഉമ്മറത്തെ ഈറനണിഞ തിണ്ണയിലെ തൂണ് ചാരി തന്റെ അമ്മയുടെ അരികെ നിഷ്കളങ്കനായിരുന്നു ചുറ്റും കൂടിയ ആളുകളെ നോക്കി ചിരിക്കുന്ന മണിയനെ കണ്ടപ്പോൾ വിട്ടിട്ടു പോരാൻ തോന്നിയില്ല. ചടങ്ങുകളൊക്കെ കൂടെ നിന്ന് ചെയ്യിച്ചു കൂടെ കൂട്ടി എന്റെ വീട്ടിലേക്കു കൈ പിടിച്ചു നടത്തി …..

പത്തു വയസു മാത്രമേ പ്രായം വരുകയുള്ളു ഓട്ടിസം ബാധിച്ചു ജന്മനാ ബുദ്ധി വളർച്ച കുറവാണ് പാവത്തിന് എങ്കിലും എന്തൊരു നിഷ്കളങ്കതയാണ് മണിയന്റെ മുഖത്ത്‌ എപ്പോഴും മായാത്ത നിഷ്കളങ്കമായ ചിരിയുണ്ട്…..ആ മുഖത്തു നോക്കി പൊട്ടൻ എന്ന് വിളിക്കാൻ എങ്ങനെ മനസ്സു വരുന്നു….

വൈകല്യമില്ലാത്ത മനുഷ്യരുണ്ടോ മനസ്സിനോ ശരീരത്തിനോ വൈകല്യം ഉള്ളവർ തന്നെയാണ് മനുഷ്യർ….പലരുടെയും വൈകല്യം പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നില്ലെന്ന് മാത്രം ….

“മണിയാ നീ നിന്റെ അച്ഛനെ കണ്ടിട്ടുണ്ടോ …?”

വീടിന്റെ പടി ദൂരെ നിന്നു കണ്ടു തുടങ്ങിയപ്പോൾ ഞാൻ മണിയനോടായി ചോദിച്ചു

എന്റെ ചോദ്യം കേട്ടിട്ടെന്നോണം എന്നെ തല വെട്ടിച്ചൊന്നുനോക്കി നാവു വഴങ്ങാതെ പറയുന്നുണ്ടായിരുന്നു

അത്ത…. അത്ത…. എന്ന്

അപ്പോഴും ആ ചിരി മുഖത്തിന്നു മാറിയിട്ടില്ല

സ്വന്തം അമ്മ നഷ്ടമായത് പോലും അറിയാതെ ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അണപൊട്ടി ഒഴുകി …..

വർഷങ്ങൾക്കു മുൻപ് നാട്ടുകാരുടെ ശല്യം കാരണം നിക്കക്കള്ളി ഇല്ലാതെ നാടുവിട്ടു പോയ ത്രേസ്സ്യാമ്മ ഒരു സുപ്രഭാതത്തിൽ ഈ നാട്ടിൽ വന്നു പഴയ കൂരയിൽ കയറി ഇങ്ങനൊരു കടും കൈ ചെയ്യണമെങ്കിൽ അതിന്റെ പിന്നിൽ ഓട്ടിസം ബാധിച്ച കുഞ്ഞിനെ സുരക്ഷിത കൈകളിൽ ഏൽപ്പിക്കുക എന്ന ലക്ഷ്യം തന്നെയാവണം …

പക്ഷെ സുരക്ഷിത കൈകൾ എന്ന് വിശ്വസിച്ച കരങ്ങൾ കൈ ഒഴിഞ്ഞു എന്ന് ആ പാവം മുകളിലിരുന്ന് അറിയുന്നുണ്ടാവുമോ…..? അതോ ഈ ഉള്ളവന്റെ കരങ്ങളിൽ എത്തിപ്പെട്ടതിന്റെ സംതൃപ്തിയിൽ നിത്യശാന്തിക്കായി കാത്തു കിടക്കുന്നുണ്ടാവുമോ ….?

നിത്യശാന്തി കിട്ടാതെവിടെ പോവാൻ പിഴച്ചു പെറ്റെന്ന പേരുദോഷം ഒറ്റയ്ക്ക് പേറി ജീവിതം അപ്പന് വേണ്ടി ഉഴിഞ്ഞു വെച്ചവളല്ലേ …..

മരിക്കുവോളം അപ്പന്റെ പേര് പുറത്തു പറയാത്തതിൽ എനിക്ക് തെല്ലു അത്ഭുതമുണ്ട് എങ്കിലും ഇങ്ങനെയും ആത്മാർഥമായി സ്നേഹിച്ചു ഒറ്റുകൊടുക്കാതിരിക്കുമോ ……

ഒരുപക്ഷെ അന്നൊരു വെള്ളിയാഴ്ച കുടിച്ചു ലക്കില്ലാതെ വന്ന അപ്പൻ ബോധമില്ലാതെ ത്രേസ്സ്യാമ്മയിൽ തനിക്കൊരു കുഞ്ഞുണ്ടെന്ന് എന്നോട് പുലമ്പിയില്ലായിരുന്നെങ്കിൽ രണ്ടുപേരിൽ മാത്രം നിൽക്കുന്നൊരു മഹാപരാധമായി പോയേനെ ഈ ബന്ധം…..

നടന്നു നടന്ന് മണിയന്റെ കൈ പിടിച്ചു എന്റെ വീട്ടിലെ പടി കയറുമ്പോഴും ഞാൻ എവിടെയാണ് എന്തിനിവിടെ വന്നു എന്ന് പോലുമറിയാതെ അമ്മ ഇട്ടുകൊടുത്ത ചുവന്ന പൂക്കളുള്ള ഷർട്ടിലെ ബട്ടൻസ് കടിച്ചു പൊട്ടിക്കുന്ന തിരക്കിലായിരുന്നു പാവം….

എന്റെ വീടിന്റെ അകത്തു ചെന്ന് എന്റെ അമ്മച്ചിയോടു “ത്രേസ്യാമ്മ പോയപ്പോ ഒറ്റക്കായതാണമ്മേ ഇവിനിനി ആരുമില്ല ഇവനിവിടെ നിന്നോട്ടെ അല്ലെ അമ്മേ…..” എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോ

പൊട്ടിതെറി പ്രേതീക്ഷിച്ച എനിക്ക് മുന്നിൽ അമ്മയുടെ വാത്സല്യവർഷപെയ്ത്തായിരുന്നു ……

അടുക്കളയിൽ കൊണ്ട് പോയി അമ്മ കരുതി വച്ചിരുന്ന പഴങ്ങളും പലഹാരങ്ങളും ഒന്നിടവിട്ട് മാറി മാറി കൊടുക്കുന്നത് കണ്ടു …..തലമുടി ഉഴിഞ്ഞു പേര് ചോദിച്ചതിന്, മണിയൻ എന്ന് അവൻ തുപ്പല് ചീറ്റി കൊഞ്ചി പറയുന്നത് കേട്ടു …..

“ഇവനെ നമുക്ക് ബഡ്‌സ് സ്കൂളിൽ വിടാം….” എന്ന് അമ്മ തന്നെ നിർദ്ദേശവും വച്ചു.

ഒരുപാടു സന്തോഷം തോന്നി കൊച്ചനിയനെ അമ്മ അംഗീകരിച്ചപ്പോ കൂടപ്പിറപ്പില്ലെന്ന വിഷമം മാറിയപ്പോ ….

അന്ന് രാത്രിയും അപ്പൻ കുടിച്ചു വന്നു കേറി വരാന്തയിൽ തന്നെ പായയും വിരിച്ചു കിടക്കുന്നതു കണ്ടു….അപ്പാ അപ്പന്റെ ചോരയിൽ പിറന്ന സ്വന്തം മോൻ വന്നിരിക്കുന്നു ചെയ്ത തെറ്റ് ഏറ്റു പറഞ്ഞു ഇവനെ ചേർത്തൊരുമ്മ കൊടുക്ക് എന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നിയതാണ്, പക്ഷെ എന്റെ അമ്മച്ചിയെ ഓർത്തു മിണ്ടിയില്ല പാവം ഒരുപാടു സഹിച്ചിട്ടുണ്ട് മുഴുകുടിയന്റെ കൂടെയുള്ള ജീവിതം ….

അപ്പന്റെ തല്ലും ചവുട്ടും ഒരുപാടു കൊണ്ടിട്ടുണ്ട് ഇനിയൊരു പരസ്ത്രീ ബന്ധം കൂടി അറിഞ്ഞാൽ നെഞ്ചുപൊട്ടി ഇല്ലാതാവും എന്റെ അമ്മച്ചി…..
കാലം തൻ കണക്കു പുസ്തകത്തിലെ ഏടുകൾ തുറക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു ….

ഞാനും അമ്മയും മണിയനെ ഊട്ടി കിടത്തി ഉറക്കി….

രാവിലെ എഴുന്നേറ്റത് മണിയന്റെ വാവിട്ട നിലവിളി കേട്ടാണ്, മുറ്റത്തെ ചെറിയ മാവിൽ മണിയന്റെ കൈ ചേർത്ത് കെട്ടിയിട്ടുണ്ട് അവന്റെ എതിർവശം അപ്പൻ ചൂരലുമായി കലി തുള്ളി നിൽക്കുന്നു …..അപ്പനെ തടഞ്ഞു കൊണ്ട് അമ്മയും

ഞാൻ മണിയന്റെ കെട്ടഴിക്കാൻ ഓടി അടുത്തു

“ഈ പാവത്തിനെ എന്തിനാ അപ്പാ തല്ലി ചതക്കണത് “

“പാവമോ ഈ നശൂലമോ ഇവൻ …ഇവനെന്താ ചെയ്തെന്നു ചോതിച്ചു നോക്ക്…നിന്റെ തള്ളയോട് …”

“ഉറങ്ങി കിടന്ന നിന്റെ അപ്പന്റെ മുഖത്തു മൂത്രമൊഴിച്ചു അതിനാണ് ഈ കാണിച്ചു കൂട്ടുന്നത് ആ പാവം അറിവില്ലാതെ ചെയ്തു പോയതല്ലേ…?”

അതുകേട്ടമാത്രയിൽ എന്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു കാലം തൻ കണക്കു പുസ്തകത്തിൽ ആദ്യത്തെ താള് കുറിച്ചുവെന്ന്…

“ഒന്നും അറിയാത്ത ഇള്ള കുട്ടി ഓരോന്നിനെ വലിച്ചു കേറ്റി വീട്ടിൽ വന്നോളും …മനുഷ്യനെ മെനക്കെടുത്താൻ …”

അപ്പൻ എനിക്ക് മുൻപിൽ നിന്ന് കലിതുള്ളി കയ്യിലെ ചൂരലും വലിച്ചെറിഞ്ഞു അകത്തേക്ക് കയറി പോയി….

മണിയന്റെ കരച്ചലു കണ്ടിട്ടെനിക്ക് സഹിച്ചില്ല…..ട്രൗസർ അഴിച്ചു ചന്തിക്കു തന്നെ ആയിരുന്നു പ്രയോഗം…എനിക്ക് ചെറുതിലെ കിട്ടിയ അതേ പോലെ തന്നെ….ഞാൻ മണിയന്റെ കയ്യിലെ കെട്ടഴിച്ചു കണ്ണ് തുടച്ചു ചേർത്ത് പിടിച്ചു ….നന്നായി പേടിച്ചിട്ടുണ്ട് ചേർത്ത് പിടിച്ച എന്റെ പുറകെ രണ്ടു കയ്യും ശക്തിയായി ഇടിക്കുന്നുണ്ട് ….

അമ്മ അമ്മ എന്ന് തേങ്ങി തേങ്ങി തുപ്പല് ചീറ്റി വിളിക്കുന്നുണ്ട്…..എനിക്കവൻ കാണിക്കുന്നതു കണ്ടു നിൽക്കാനായില്ല…

പാവം അവന്റെ അമ്മയുടെ മുഖം ഓർമ്മവന്നുകാണും….

ഒരുനിമിഷം ത്രേസ്സ്യാമ്മ ഇവിടെ ഇവനടുത്തുണ്ടായിരുന്നേൽ എന്ന് നിനച്ചു പോയി ഞാൻ.

“ഇവന്റെ അമ്മയേ കാണാൻ കൊതിക്കുന്നുണ്ടാവും അല്ലെ അമ്മച്ചി..?
അതാവും കരച്ചില് നിർത്താത്തത്….”

“അതേ മോനെ ഇപ്പോഴാവും അവന്റെ അമ്മയുടെ സാന്നിധ്യം അവൻ ശരിക്കും ആഗ്രഹിക്കുന്നുണ്ടാവും പാവം “

ഞങ്ങളെ ഒരുമിച്ചു ചേർത്ത് പിടിച്ചു എന്റെ അമ്മച്ചി ഇത് പറഞ്ഞപ്പോൾ എനിക്കത്ഭുതം അമ്മച്ചി പറഞ്ഞതിലല്ല ….സ്വന്തം കുഞ്ഞിനെ കൊന്നു കാമുകനൊപ്പം പോവുന്ന സ്ത്രീകൾ വസിക്കുന്ന ഈ നാട്ടിൽ കുഞ്ഞിനെ ജീവിക്കാൻ വിട്ടു വിടപറഞ്ഞ ഒരു അമ്മ ഒരിടത്തും ആരെന്നു പോലും അറിയാതെ സ്വന്തം മോനേ പോലെ ചേർത്ത് നിർത്തി സ്നേഹിക്കുന്ന വേറൊരമ്മ മറ്റൊരിടത്തും …

അച്ഛന്റെ ശാസന കിട്ടിയാലെന്ത് സ്നേഹിക്കുന്ന ഒരു പോറ്റമ്മയെ കിട്ടിയില്ലേ….?

ഒരു ദിവസം അമ്മ കുടിക്കാൻ കൊടുത്ത ചൂട് ചായ ഒറ്റവലിക്ക് മണിയൻ കുടിച്ചു തൊണ്ടയും നാവും പൊള്ളിച്ചപ്പോ എന്റെ അമ്മച്ചിയായിരുന്നു എന്നേക്കാൾ വേഗത്തിൽ ആശുപത്രി പോവാൻ തയ്യാറായത്…..

ചില നേരത്തു മണിയന് അങ്ങനെ ചില ശീലങ്ങളാ കത്തി നിക്കുന്ന തീയിൽ കൊണ്ട് കയ്യിടുക , സ്വന്തം ശരീരം തന്നെ കടിച്ചു മുറിവേല്പിക്കുക, എന്തേലും ശബ്ദത്തിനു തിരിച്ചു അതിലും ശബ്ദത്തിൽ നിലവിളിക്കുക …

പക്ഷെ എന്ത് തന്നെയായാലും എന്റെ അപ്പച്ചനൊന്നു തിരിഞ്ഞു നോക്കിയില്ല അമ്മച്ചിക്കോട്ടു അവനോടുള്ള സ്നേഹത്തിനു കുറവും വന്നില്ല …..

കുടുംബക്കാരും നാട്ടുകാരും അപ്പച്ചന്റെ ദേഹോപദ്രവും ഭയന്നാണ് മണിയനെ ഒരു അനാഥാലയത്തിൽ ചേർക്കാം എന്ന തീരുമാനത്തിൽ ഞാനും അമ്മച്ചിയും എത്തി ചേർന്നത് ….

മനസ്സില്ലാ മനസോടെ ഞാനും അമ്മച്ചിയും മണിയനെ അനാഥാലയത്തിലെ സിസ്റ്ററുടെ കൈ പിടിച്ചു കൊടുത്തു തിരിച്ചു നടക്കുമ്പോഴും മണിയന്റെ മുഖത്താ ചിരി മായാതെ നിൽക്കുന്നത് കണ്ടു അമ്മ അവനു മുൻപിൽ മരിച്ചു കിടന്നപ്പോ കണ്ടിരുന്ന അതേ ചിരി …..

അന്ന് ഇറങ്ങാൻ നേരം എന്റെ അമ്മച്ചി കരഞ്ഞു തളർന്ന് എന്നോടൊരു കൂട്ടം പറഞ്ഞു

“ഞാൻ പെറ്റില്ലെങ്കിലും എനിക്കും നിന്നെ പോലെ തന്നെയാണ് മണിയനും …..നാട്ടുകാരും കുടുംബക്കാരും എന്തും പറഞ്ഞോട്ടെ എനിക്കവന്റെ കുറവുകളെ കാണാൻ കഴിയുന്നില്ല നമുക്കവനെ തിരിച്ചു കൊണ്ട് പോവാം ….”

എനിക്കതു കേട്ട് അത്ഭുതമായി ഇങ്ങനെയും പേറ്റു നോവ് മാതൃത്വത്തിന്റെ വില മനസിലാക്കി കൊടുക്കുമോ …..

പക്ഷെ എന്നെ ഞെട്ടിച്ചത് എന്റെ അമ്മച്ചി മറ്റൊരു കാര്യം കൂടി പറഞ്ഞപ്പോഴാണ് ….”നിന്റെ ചോര തന്നെയല്ലേ അവന്റെ ശരീരത്തിലും ഓടുന്നത് നമുക്കവനെ പൊന്നുപോലെ നോക്കാടാ….”

പിന്നെ അധികം വൈകിയില്ല ഞങ്ങൾ മണിയനെ വാരിയെടുത്തു വീട്ടിലേക്കു നടക്കുമ്പോൾ ഉള്ളിൽ അവന്റെയാ ചിരി ഒരിക്കലും മായാതെ അങ്ങനെ സൂക്ഷിക്കണം എന്ന ആഗ്രഹം മാത്രം…..

(ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും എനിക്കായി ഒരു വരി കുറിക്കണം )