ഓണ നിലാവ്
Story written by Adv RANJITHA LIJU
ഷോപ്പിംഗ് കഴിഞ്ഞു സാധനങ്ങളുമായി കാറിൽ കയറുമ്പോൾ ശിഖയുടെ മനസ്സ് ആകെ അസ്വസ്തമായിരുന്നു.കൂടെയുള്ള തന്റെ മകളെ പോലും ശ്രദ്ധിക്കാതെ അവൾ പാർക്കിങ്ങിൽ നിന്ന് കാർ മുന്നോട്ടെടുത്തു.
പുറകിൽ നിന്നു “അമ്മേ” എന്ന വിളികേട്ടാണ് അവൾ നോക്കിയത്. സാധനങ്ങൾ വച്ച് ഡിക്കി അടക്കാൻ ഒരുങ്ങുന്നതേയുള്ളു പവിത്ര. “അമ്മാ ഇതെന്തുപറ്റി ?ഞാൻ ഇപ്പൊ കാറിനടിയിൽ പോയേനെ” ഡോർ തുറന്ന് കാറിൽ കയറിക്കൊണ്ടവൾ ചോദിച്ചു.
“സോറി പവി,ഞാൻ പെട്ടെന്ന് എന്തോ”.
“‘അമ്മ വല്ലാണ്ട് മൂഡ് ഓഫ് ആണല്ലോ?എന്തു സന്തോഷത്തിലാ നമ്മൾ ഷോപ്പിംഗിനു വന്നത്.അവിടെ വച്ചു ആ ആന്റിയെ കണ്ടതുമുതലാണല്ലോ ഈ വിഷമം.”
ആ ചോദ്യത്തിന് ശിഖ മറുപടിയൊന്നും പറയാത്തത് കൊണ്ട് പവി ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു.
നഗരത്തിൽ വല്ലാത്ത തിരക്ക്.എല്ലാവരും ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.പല സ്ഥലങ്ങളിലും വിപണന മേളകൾ.വഴി വാണിഭങ്ങളും സജീവമാണ്.
ഓരോ കടകളിലും ആദായ വിൽപ്പന ബോർഡുകൾ. വഴിയാത്രക്കാരുടെ മുഖങ്ങളിലെല്ലാം വലിയ സന്തോഷം. ഇതൊന്നും പരിചിതമല്ലാത്തത് കൊണ്ടു പവിക്കു വല്ലാത്ത കൗതുകം തോന്നി.
ശിഖയും കുടുംബവും വർഷങ്ങളായി അമേരിക്കയിൽ സ്ഥിര താമസക്കാരാണ്.
അവിടെ ഒരു ആശുപത്രിയിൽ നഴ്സ് ആണ് ശിഖ.ഭർത്താവ് ക്രിസ്റ്റി ഐ റ്റി പ്രൊഫഷണലും.ഏക മകൾ പവിഎന്ന പവിത്ര എട്ടാം ക്ലാസ് വിദ്യാർതിനിയാണ്. നാളുകളായി നാട്ടിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളവും മലയാളിത്തവും ഒന്നും ശിഖക്കു കൈമോശം വന്നിട്ടില്ല.മകളേയും അങ്ങനെ തന്നെ വളർത്താൻ അവൾ ശ്രദ്ധിച്ചു.
വർഷങ്ങൾക്കു മുൻപേ നാട്ടിൽ ഒരു വീടും സ്ഥലവും സ്വന്തമാക്കിയിരുന്നെങ്കിലും, ഒരിക്കൽ പോലും നാട്ടിൽ ഒരോണം ആഘോഷിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ആ ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയാണ് അമ്മയും മകളും ഈ വർഷം നാട്ടിൽ എത്തിയത്.
കാർ പോർച്ചിലേക്കു കയറുമ്പോഴേക്കും കായ വറുത്തതിന്റെയും ശർക്കരപിരട്ടിയുടെയും ഒക്കെ മണം ശിഖയുടെയും പവിയുടെയും മൂക്കുകളിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. ശിഖയുടെ അച്ഛനും അമ്മയും പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. മക്കൾ വന്നത് മുതൽ അവർ അങ്ങനെ തന്നെ ആണ്. നാട്ടിൽ കിട്ടാവുന്ന എല്ലാ സാധനങ്ങളും വീട്ടിലെത്തിച്ചു പാകം ചെയ്ത് വിളമ്പുന്നത് അവർക്ക് ഒര് ആഘോഷമായിരിക്കുന്നു.
വാങ്ങിയ സാധനങ്ങൾ എല്ലാം മേശമേൽ വെച്ച് കുളിച്ച് ഫ്രഷ് ആയി പുറത്തേക്കിറങ്ങുമ്പോൾ ,തന്റെ ഓണക്കോടി ഇട്ട് കണ്ണാടിയുടെ മുൻപിൽ നിന്ന് അതിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു പവി.ശിഖയെ കണ്ടതും അവൾ തന്റെ പട്ടു പാവാട വിടർത്തി ഒന്നു കറങ്ങി കാണിച്ചു.എന്തു ഭംഗിയാണ് പവിയെ അതിൽ കാണാൻ.ഒരു മലാഖയെപ്പോലെ…
ഇത്രയും വര്ഷത്തിനിടയിൽ വളരെ ആർഭാടവും ആഹ്ലാദവും നിറഞ്ഞ നിരവധി ഓണക്കാലങ്ങൾ കടന്നുപോയിട്ടുണ്ടെങ്കിലും ഓണം ഒരനുഭവമായി തോന്നിയിട്ടുള്ളത് കുട്ടിക്കാലത്തെ ഇല്ലായ്മകളിൽ ഉണ്ടായിരുന്ന ഓണം തന്നെയാണ്. കാരണം വയറ് നിറച്ച് ആഹാരവും പുതുതല്ലെങ്കിൽ കൂടി മനസ്സിനിണങ്ങിയ വസ്ത്രവും ധരിക്കുന്നത് ഓണത്തിന് മാത്രമായിരുന്നു. ഇന്ന് വിലപോലും നോക്കാതെ മകൾക്ക് വാങ്ങികൊടുത്ത പട്ടു പാവാടയുടെ മഴവിൽ നിറങ്ങൾ ഒന്നും ഇല്ലാത്ത തന്റെ കുട്ടിക്കാലം അവൾ ഓർത്തു…
നാട്ടിൻപുറത്തെ പുരാതനമായ നായർ തറവാട്ടിൽ നിന്ന് കുടികിടപ്പവകാശമായി
മുത്തച്ഛന് കിട്ടിയ അഞ്ച് സെന്റിൽ കെട്ടിയ കൂരയിലാണ് താനും അമ്മയും അച്ഛനും അനിയനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.അച്ഛനും അമ്മയും ആ തറവാട്ടിലെ തന്നെ ആശ്രിതർ.നാട്ടിൽ മറ്റു ജോലികൾ ഉണ്ടായിട്ടും ആ കുടുംബത്തിനോടുള്ള നന്ദിയും കൂറും കാരണം അവിടുത്തെ പുറം പണിക്കാർ ആയി തുടർന്നു…
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വസ്തുവിന്റെ നടുക്കായി ഒരു വലിയ നാലുകെട്ട്.പടിപ്പുരയിൽ നിന്നു കുറേദൂരം നടക്കണം അവരുടെ പൂമുഖത്തെത്താൻ. നിറയെ പൂക്കളും കായ്കളും തരുന്ന ചെടികളും വൃക്ഷങ്ങളും നിറഞ്ഞ മുറ്റം.വടക്കു വശത്തായി വലിയ ഒരു തേന്മാവ് തല ഉയർത്തി നിൽപ്പുണ്ട്. അങ്ങനെ വളരെ സമ്പൽ സമൃദ്ധമായ ഒരു തറവാട്. ആ തറവാട്ടിലെ ഇളയ പുത്രനായ രാജശേഖരൻ നായരും ഭാര്യ സുമിത്രയും ഏക മകൾ ശ്രീക്കുട്ടി എന്നു വിളിക്കുന്ന ശ്രീവിധ്യയുമായിരുന്നു അവിടെ താമസിച്ചിരുന്നത്.
അവിടെ ആകെ ഇത്തിരി മനുഷ്യപറ്റുള്ളത് സുമിത്രാമ്മക്ക് മാത്രമാണ്.അച്ഛനും മകൾക്കും സമ്പത്തിന്റെ അഹങ്കാരം തെല്ലൊന്നുമല്ല ഉണ്ടായിരുന്നത്.ശ്രീക്കുട്ടി പട്ടണത്തിലുള്ള വലിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചിരുന്നത്. അതുകൊണ്ടു തന്നെ നാട്ടിൻപുറത്തെ കുട്ടികളോടൊക്കെ അവൾക്ക് പുച്ഛമായിരുന്നു.
അച്ഛനും അമ്മയോടും ഒപ്പം ചില അവധി ദിവസങ്ങളിൽ ശിഖയും അനിയനും കുരുമുളക് പറിക്കാനും കപ്പക്ക് വെള്ളമൊഴിക്കാനുമൊക്കെ അവിടെ പോകുമായിരുന്നു.അപ്പോൾ മറ്റാരും കാണാതെ സുമിത്രാമ്മ ഇലയിൽ പൊതിഞ്ഞു കൊടുത്തിരുന്ന ദോശയ്ക്കും ഇഡലിക്കും ഒക്കെ അമൃതിന്റെ രുചിയായിരുന്നെന്നു ശിഖ ഓർത്തു.
എന്നാൽ എല്ലാ വർഷവും ഓണത്തിന് നാലാൾ അറികെ പണികാർക്കും കുടുംബത്തിനും വിഭവ സമൃദ്ധമായ സദ്യയുണ്ട് തറവാട്ടിൽ.മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ശിഖയും അനിയനും ആ ദിവസം എണ്ണി എണ്ണി കാത്തിരിക്കും.
മറക്കാനാവാത്ത മറ്റൊരു സന്തോഷം കൂടി ഉണ്ട് അവർക്ക് ഈ ഓണ ഓർമകളിൽ. പിഞ്ഞിക്കീറിയ പാവാടയും ബ്ലൗസും, നടക്കുമ്പോൾ ഊർന്നു വീഴുന്ന നിക്കറിനും ഒക്കെ ഒരു വർഷത്തിന് ശേഷം മോചനം കിട്ടുന്നത് അന്നാണ്.തലേ ഓണത്തിന് ശ്രീക്കുട്ടി അണിയുന്ന പട്ടുപാവാട ഒരു വർഷം അലമാരയിൽ ഉറങ്ങിയ ശേഷം തന്നിലേക്ക് എത്തുന്ന ദിവസം.കൂടെ സുമിത്രാമ്മയുടെ അനിയത്തിയുടെ മകന്റെ തീരെ പഴയതല്ലാത്ത ഒരു ഷർട്ട് അനിയനും. അതാണ് തങ്ങൾക്ക് പിന്നീട് ഒരു വർഷത്തേക്ക് നാണം മറയ്ക്കാൻ ഉള്ള ഉപാധി.അതു കയ്യിലേക്ക് കിട്ടുമ്പോൾ ലോകം കീഴടക്കിയ സന്തോഷമാണ് രണ്ടാൾക്കും…
മെലിഞ്ഞു എല്ലുന്തിയ ദേഹത്തേക്ക് അതണിയുമ്പോൾ ,വയലിൽ നിർത്തുന്ന കോലത്തെ അനുസ്മരിപ്പിക്കും. എന്നാലും ഓണത്തിന് അതുമിട്ട് രാജകുമാരനെയും രാജകുമാരിയേയും പോലെ ഒരു പോക്കുണ്ട് അമ്പലത്തിലേക്ക്.പിന്നുകൾ കുത്തി ഒതുക്കാൻ ശ്രമിക്കുന്ന ബ്ലൗസ് പലപ്പോഴും അനുസരണയില്ലാതെ വശങ്ങളിലേക്ക് തെന്നി വീഴുന്നുണ്ടാവും. അനിയന്റെയാകട്ടെ കയറ് കെട്ടി മുറുക്കിയ നിക്കറിനെ മറച്ചുകൊണ്ടു നീളൻ ഷർട്ട് മുട്ടറ്റം വരെ അങ്ങനെ കിടക്കും.ഇതൊക്കെ കണ്ടു മുതിർന്നവരും കുട്ടികളും ഒക്കെ ചിരിക്കുമ്പോഴും അതൊന്നും കാര്യമാക്കാതെ മനസ്സിനിണങ്ങിയ വസ്ത്രം ധരിച്ച ആത്മവിശ്വാസത്തോടെ അമ്പലത്തിൽ നിന്ന് നേരെ തറവാട്ടിലേക്ക് ഓടും.
അപ്പോഴേക്കും ശ്രീകുട്ടിയുടെ ബന്ധുക്കളെല്ലാം ഓണം ആഘോഷിക്കാൻ തറവാട്ടിൽ എത്തിയിട്ടുണ്ടാവും.തേന്മാവിൽ കെട്ടിയ ഊഞ്ഞാലിൽ കുട്ടികൾ ഒറ്റക്കും കൂട്ടമായും ഇരുന്നും നിന്നും ആടുന്നുണ്ടാവും. ഒരു വശത്തു സ്ത്രീകളും പുരുഷന്മാരും പൂക്കളം ഇട്ടും കഥകൾ പറഞ്ഞും ഇരിക്കും.ഇതൊക്കെ കണ്ടു ശിഖയും അനിയനും മാവിനോട് ചേർന്നു കൗതുകത്തോടെ അവരെ നോക്കി നിൽക്കും.അവരെ കണ്ടു കഴിഞ്ഞാൽ കളിയാക്കിയും ,അവർക്ക് മനസിലാവാതിരിക്കാൻ ഇംഗ്ലീഷിൽ സംസാരിച്ചും ഒക്കെ കുട്ടികൾ പലതരം പൊങ്ങച്ചങ്ങൾ കാണിച്ചു കൊണ്ടേയിരിക്കും.അതിനിടയിൽ അവർ ഇട്ടിരിക്കുന്നത് തങ്ങളുടെ ഔദാര്യം ആണെന്ന് എല്ലാവരും കേൾക്കെ ശ്രീക്കുട്ടി വിളിച്ചു പറയും…
ഇതൊക്കെ ഉള്ളിൽ വേദന ഉണ്ടാക്കുമെങ്കിലും “അവരൊക്കെ വലിയ ആൾക്കാരാ മക്കളെ” എന്ന് അച്ഛനും അമ്മയും പറയുന്നതോർക്കും.എല്ലാം കഴിഞ്ഞ് ആശ്രിതർക്കും കുടുംബത്തിനും കളപ്പുരയിൽ വിളമ്പുന്ന ഊണും കഴിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ,തങ്ങൾ എന്താ ഇങ്ങനെയായിപ്പോയതെന്നു ശിഖയും അനിയനും പരസ്പരം പരിതാപം പറയും.
അങ്ങനെ വർഷങ്ങൾ കടന്നു പോയി….
നന്നായി പഠിക്കുമായിരുന്ന ശിഖയെ അമ്മയുടെ ഒരു ബന്ധു സ്പോന്സർ ചെയ്ത് ഡൽഹിയിൽ നഴ്സിങ്ങിന് ചേർത്തു.പഠനവും തുടർന്നുള്ള ജോലിയുമോക്കെയായി അവളുടെ നാടുമായുള്ള ബന്ധം കുറഞ്ഞു വന്നു. ഇതിനിടയിൽ അച്ഛനേയും അമ്മയേയും അനിയനേയും അവൾ തന്നോടൊപ്പം ഡൽഹിയിലേക്ക് കൊണ്ടുപോയി.അവിടെ വച്ച് അന്യമതസ്ഥനായ ക്രിസ്റ്റിയെ കല്യാണവും കഴിച്ചു.
ഇപ്പോൾ അവളും അനുജനും അമേരിക്കയിൽ സെറ്റിൽഡ് ആണ്. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിക്കും പരിഹാസത്തിനുമൊക്കെ കാലം കരുതി വച്ചിരുന്ന മധുരധരമായ മറുപടി.എങ്കിലും കുട്ടിക്കാലത്തെ നീറുന്ന ഓർമ്മകൾ നെഞ്ചിൽ ഒരു തീ ആയി തന്നെ അവൾ കാത്തുവച്ചു. മുന്നോട്ട് ജീവിക്കാനുള്ള ഊർജ്ജത്തിനായി…
ഇതിനിടയിൽ എപ്പോഴോ ശ്രീകുട്ടിയെ ഒരു ബിസിനസ് കാരൻ കല്യാണം കഴിച്ചു എന്നു ആരോ പറഞ്ഞു ശിഖ അറിഞ്ഞു.മിക്ക ദിവസങ്ങളിലും അവളുടെ മനസ്സിൽ തന്റെ നാടും ,ദാരിദ്ര്യവും ഒപ്പം ശ്രീക്കുട്ടിയുമൊക്കെ കടന്നു വന്നിരുന്നു.ശ്രീക്കുട്ടി ഇപ്പൊ എങ്ങനെയായിരിക്കും എന്നറിയാനുള്ള ഒരു സാധാരണ സ്ത്രീയുടെ ആകാംക്ഷ അവളിലും ഉണ്ടായിരുന്നു. കാരണം ശിഖക്കു അന്നും ഇന്നും ശ്രീകുട്ടിയോട് അസൂയ ആയിരുന്നു.താനും വീട്ടുകാരും ഇപ്പോൾ അവർക്കൊപ്പം കിടപിടിക്കത്തക്ക ജീവിത സാഹചര്യം നേടി എന്ന് എന്നെങ്കിലും അവളോട് നിവർന്ന് നിന്നു പറയണം എന്ന് തോന്നിയിരുന്നു അവൾക്ക് ,ഇന്ന് നാട്ടിലെ അയൽക്കാരിയായ ഉഷേടത്തിയെ കടയിൽ വച്ച് കാണും വരെ.
അവരുടെ വാക്കുകളിൽ നിന്നറിഞ്ഞ ശ്രീക്കുട്ടി, അവളുടെ ജീവിതം ,അതു സഹിക്കാവുന്നതിലുമപ്പുറം ആയിരുന്നു.അവളോടുള്ള അസൂയ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായി.
സ്വത്തും പണവും മാത്രം മോഹിച്ച് അവളെ സ്വന്തമാക്കിയ ഭർത്താവ്,ഇനി ഒന്നും കിട്ടാനില്ല എന്നു കണ്ടു മറ്റൊരുവളുടെ സ്വത്തിൽ കണ്ണ് വച്ച് പോയി. എല്ലാം നഷ്ടപ്പെട്ട് അവളും മകനും ആകെയുള്ള പൊളിഞ്ഞു വീഴാറായ നാലുകെട്ടിലേക്കു തിരിച്ചു വന്നു.പണവും പ്രതാപവും നഷ്ട്ടപ്പെട്ട അച്ഛൻ നെഞ്ചുപൊട്ടി മരിച്ചപ്പോൾ അമ്മാവന്മാരും ബന്ധുക്കളും ഒക്കെ പലവഴി പിരിഞ്ഞു പോയി.ഇപ്പൊ ,പണ്ട് ആശ്രിതരായി കഴിഞ്ഞവരുടെ കരുണയിൽ ആണ് അവരുടെ ജീവിതം എന്നറിഞ്ഞ നിമിഷം, പണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും നല്ല ഭക്ഷണം കഴിച്ചത് അവിടെ നിന്നാണല്ലോ എന്നോർത്തു മനസ്സ് വിങ്ങി.
തിരുവോണത്തിന് രാവിലെ അച്ഛനും അമ്മയും പവിയുമൊത്ത് താൻ പിറന്ന നാട്ടിലേക്ക് തിരിക്കുമ്പോൾ, വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഓണം കുടുംബമായി ആഘോഷിക്കാൻ പറ്റാത്ത വിഷമം ഒന്നും ആരും പറഞ്ഞില്ല.
പഴയ നാട്ടു വഴികളൊക്കെ അന്യമായി കഴിഞ്ഞിരുന്നു.ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നും തന്നെ അവിടെ കാണാൻ സാധിച്ചില്ല.നഗരത്തിനു സമാനമായ വീടുകളും കെട്ടിടങ്ങളും മനുഷ്യ മനസ്സ് പോലെ തന്നെ മതിലുകൾ കൊണ്ട് വേർതിരിച്ചിരുന്നു. മറ്റെല്ലാം മാറിയപ്പോൾ തറവാട് മാത്രം പഴയ പ്രൗഢി നഷ്ട്ടപ്പെട്ടു ചുരുങ്ങിയ ചുറ്റുപാടിൽ ഞെങ്ങി ഞെരുങ്ങി നിൽക്കുന്നു.ചെടികളും മരങ്ങളും ഒന്നുമില്ലാതെ, അവിടെയുള്ള മനുഷ്യരെപ്പോലെ എല്ലാം വരണ്ടുണങ്ങിയിരിക്കുന്നു.
അവർ കാറ് മുറ്റത്തു നിർത്തി,പുതു വസ്ത്രങ്ങളും ഓണ സദ്യക്കുള്ള സാധനങ്ങളുമായി ഇറങ്ങുമ്പോൾ ഏതു നിമിഷവും നിലം പൊത്താറായ തറവാട്ടിനു മുൻപിൽ ഒരു പന്ത്രണ്ട് വയസ്സുകാരൻ തന്റെ തുരുമ്പിച്ച സൈക്കിളിന്റെ ചെയിൻ ശരിയാക്കുകയായിരുന്നു.അവനെ ചേർത്തു പിടിച്ചു അകത്തേക്ക് കയറുമ്പോൾ,
പുറത്തെ ശബ്ദം കേട്ട് ശ്രീക്കുട്ടി ഉമ്മറത്തേക്കു ഇറങ്ങി വന്നു.തന്റെ മനസ്സിലുള്ള ശ്രീകുട്ടിയെ ശിഖക്കു അവളിൽ കണ്ടെത്താൻ കഴിഞ്ഞില്ല.ആ കണ്ണുകളിൽ ഒരു ആയുഷ്ക്കാലം അനുഭവിച്ചു തീർത്ത വേദനയുണ്ടായിരുന്നു…
ശിഖയേയും അഛനേയും അമ്മയേയും തിരിച്ചറിഞ്ഞ മാത്രയിൽ ശ്രീക്കുട്ടിക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.പവി കയ്യിലിരുന്ന പുതുവസ്ത്രങ്ങൾ അവർക്ക് നൽകി.അതും ഇട്ട് വന്ന സുമിത്രാമ്മയെയും ശ്രീകുട്ടിയേയും മകനേയും നല്ലൊരു സദ്യ ഒരുക്കി ശിഖയും അമ്മയും ഊട്ടിയപ്പോൾ, ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്ത ഒരു ആത്മ നിർവൃതിയായിരുന്നു ശിഖക്ക്.
ശ്രീകുട്ടിക്ക് പട്ടണത്തിലുള്ള സുഹൃത്തിന്റെ കമ്പനിയിൽ വിളിച്ച് ജോലി ശരിയാക്കി,
മകന്റെ പഠിത്തവും ഏറ്റെടുത്ത് അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ മാനത്തെന്ന പോലെ ശിഖയുടെ മനസ്സിലും ഒരു ഓണ നിലാവ് തെളിഞ്ഞു.
*****************
എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️
~ രഞ്ജിത ലിജു