നിനക്കായ് ~ ഭാഗം 23 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആദിയുടെ കൈയും പിടിച്ച് സ്കൂളിലേക്ക് നടക്കുകയായിരുന്നു മാളു. ചിന്തകൾക്ക് തീ പിടിച്ച് കഴിഞ്ഞതിനാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു.

“എന്തൊരു സ്പീഡ അമ്മേ.എൻറെ കൈ വേദനിക്കുന്നു”

ആദി എന്തോ പറയുന്നതുപോലെ തോന്നിയതും അവനെ നോക്കി. വേഗത്തിൽ നടത്താൻ വേണ്ടി അവനെ ഞാൻ വലിച്ചു കൊണ്ട് ഓടുകയാണ്. മുറുക്കി പിടിച്ചിരിക്കുന്ന ഭാഗത്തെ അവൻറെ കയ്യിലെ നിറം വെളുപ്പിൽ നിന്നും ചുവപ്പിലേക്ക് മാറിയിരിക്കുന്നു. അവൻറെ കൈ പിടിച്ച് ഞെരിച്ച് അവനെ വേദനിപ്പിച്ചിട്ട് പോലും ഞാനറിഞ്ഞില്ല ല്ലോ എന്നോർത്തതും കുറ്റബോധം തോന്നി..

“സോറി.ഡാ. ഇത്തിരി നേരം അമ്മ എന്തോ ആലോചിച്ചു പോയി..മോൻ ഇന്ന് ക്ലാസ് കഴിഞ്ഞിട്ട് അക്കുവിൻറെ കൂടെ ഷോളി ടീച്ചറുടെ വീട്ടിലേക്ക് പോയാൽ മതി. നിങ്ങളുടെ കളിയൊക്കെ കഴിയുമ്പോഴേക്കും അമ്മ കൂട്ടാൻ വരും. നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോരാം..”

“ഞാൻ അമ്മയോട് ഒരു കാര്യം പറയട്ടെ.. കേട്ടിട്ട് എന്നോട് പിണങ്ങരുത്..” ആദിയുടെ മുഖത്ത് തെളിഞ്ഞിരിക്കുന്ന ഭാവം കണ്ടതും അവൻ പറയാൻ വരുന്നത് എന്താണെന്ന് ഊഹിക്കാൻ കഴിഞ്ഞിരുന്നു.

” ഞാനിന്നലെ അമ്മ വരുന്നതുവരെ നമ്മുടെ വീട്ടിൽ ഒറ്റയ്ക്കിരുന്നതല്ല. അമ്മ പോകണ്ട എന്ന് പറഞ്ഞിട്ടും ഞാൻ താഴത്തെ വീട്ടിൽ പോയത് അങ്കിൾ വരുമ്പോൾ വേണ്ടതൊക്കെ ചെയ്തു കൊടുക്കാമെന്ന് ഗായത്രി ആൻറിക്ക് നേരത്തെ പ്രോമിസ് കൊടുത്തതു കൊണ്ടാണ്. വാക്ക് കൊടുത്താൽ പാലിക്കണമെന്ന് അമ്മ തന്നെയല്ലേ എന്നോട് പറയാറ്.. അമ്മയ്ക്ക് സങ്കടം ആയാലോ എന്ന് കരുതിയിട്ടാണ് ഇന്നലെ പറയാഞ്ഞത്..സോറി അമ്മ..അമ്മ പറയുന്നത് മാത്രമേ ഞാനിനി ചെയ്യു”

അവൻ സത്യം തുറന്നു പറഞ്ഞതും നേരിയ ആശ്വാസം തോന്നി.പിണക്കമില്ല എന്ന മട്ടിൽ തലയിൽ തലോടി. അവൻ സന്തോഷത്തോടെ ചേർന്നുനിന്നു കൊണ്ട് പറഞ്ഞു തുടങ്ങി..

” ക്ലാസ്സ് കഴിഞ്ഞു എനിക്ക് നമ്മുടെ വീട്ടിലേക്ക് പോയാൽ മതി. ഞാൻ താഴത്തെ വീട്ടിലേക്ക് പോകാതെ മുറ്റത്ത് നിന്നും സൈക്കിൾ ചവിട്ടി കളിച്ചോളാം. ഇന്നലെ അങ്കിൾ അടിപൊളി സൈക്കിൾ വാങ്ങിച്ചിട്ട് ഉണ്ടല്ലോ. ഞാനും അങ്കിളും കൂടി ഒരുമിച്ച് പോയിട്ടാണ് ടൗണിൽനിന്നും വാങ്ങിച്ചത്. എൻറെ സ്വന്തം പോലെ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ചോളൻ പറഞ്ഞിട്ടുണ്ട്. ആ അങ്കിളിനെ എനിക്ക് ഒത്തിരി ഇഷ്ടമായി..”

“നീ എന്താ പറഞ്ഞേ?…നീയും സിദ്ധുവും കൂടി ടൗണിൽ പോയോ?…അയാൾ നിനക്ക് സൈക്കിൾ വാങ്ങിച്ചു തന്നോ? നീ എന്നിട്ട് ഇപ്പോഴാണോ എന്നോട് പറയുന്നത്?”

ആരിൽ നിന്നാണോ ആദിയെ പൊതിഞ്ഞു പിടിക്കുന്നത് അയാളിലേക്ക് അവൻ തൻറെ കൈവിട്ട് ഓടി പോകുന്നത് കണ്ടതും നിയന്ത്രണം വിട്ടു പോയിരുന്നു…

“അങ്കിളിൻറെ പേര് എങ്ങനെ അമ്മയ്ക്കറിയാം?. അമ്മ അങ്കിളിനെ പരിചയപ്പെട്ടില്ലല്ലോ?..”

ആദിയുടെ അതിശയത്തോടെയുള്ള മറുചോദ്യം കേട്ടതും പതറിപ്പോയി. പറഞ്ഞുപോയ മണ്ടത്തരം ഓർത്ത് നാവു കടിച്ചു പോയി.ബുദ്ധിയുള്ള കുഞ്ഞാണവൻ.അവനിൽ നിന്നും വരുന്ന ചോദ്യങ്ങളെ പേടിക്കേണ്ടിയിരിക്കുന്നു .

“അത് പിന്നെ സീതമ്മ പറഞ്ഞു കേട്ടതാണ്..” ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.

” അമ്മ ഇന്നലെ വേഗത്തിൽ പോയിട്ടല്ലേ.. എന്തു നല്ല ആൾക്കാരാന്നറിയോ അവരൊക്കെ?..എനിക്ക് വൈഗ മോളെകാളും ഇഷ്ടമായത് അങ്കിളിനെയാ…ഇന്നലെ അങ്കിൾ ഉണ്ടല്ലോ എനിക്ക്….”

സ്കൂൾ എത്തുന്നതുവരെ ആദിയുടെ വായിൽ നിന്നും തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന സിദ്ധുപുരാണം കേട്ടതും ഒറ്റ ദിവസം കൊണ്ട് തന്നെ അയാൾ അവനിൽ എത്രമാത്രം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു മാളു..

സ്കൂൾ ക്യാമ്പസിൽ എത്തി ആദിയെ ക്ലാസ്സിൽ വിട്ട് കഴിഞ്ഞതും സുരക്ഷിതത്വം തോന്നി. ലോങ്ങ് ബെല്ലടിച്ച് ക്ലാസിൽ പോയി കഴിഞ്ഞിട്ടും ജോലിയിൽ ശ്രദ്ധിക്കാനോ ക്ലാസ്സ് എടുക്കാനോ ഒന്നും വയ്യ.വീർപ്പുമുട്ടലുകൾക്കിടയി ലും ആകെ ആശ്വാസം ആയി തോന്നുന്നത് സിദ്ധുവോ ഗായത്രിയോ ഇതുവരെ തന്നെ കണ്ടിട്ടില്ല എന്നത് മാത്രമാണ്.. പക്ഷേ ഏത് നിമിഷം വേണമെങ്കിലും ഒരു കൂടികാഴ്ച സംഭവിക്കാം..തൻറെ കൂടെയുള്ള ആദി ആരാണെന്ന് ചോദിച്ചാൽ.. അവൻറെ വേരുകൾ തിരിച്ചറിഞ്ഞാൽ.. സിദ്ധു അടങ്ങിയിരിക്കുമോ?…

ഒരു തുണികെട്ടിൽ പൊതിഞ്ഞ് ചോര കുഞ്ഞായി ആദിയെ കയ്യിൽ കിട്ടിയ നിമിഷം തൊട്ട് ഭയപ്പെട്ടിരുന്നത് ഈയൊരു ദിവസം ഓർത്താണ്. എല്ലാത്തിനും ഒടുവിൽ രക്തം രക്തത്തെ തിരിച്ചറിഞ്ഞാൽ…..കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.. ക്ലാസ്സ് എടുക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു സ്റ്റാഫ് റൂമിൽ വന്നിരുന്നു കണ്ണടച്ച് മേശമേൽ തലവെച്ച് കിടന്നു…

ആദി തന്നോട് കള്ളത്തരം പറഞ്ഞു താഴേക്ക് കളിക്കാൻ പോയത് ഓർമ്മവന്നു. വൈഗ മോളെ, ഗായത്രിയെ ഒക്കെ അവന് സ്നേഹിക്കാൻ കഴിയുന്നത് അവനും സിദ്ധവും തമ്മിലുള്ള രക്തബന്ധം കാരണം ആയിരിക്കുമോ…

സിദ്ധു ആണ് അവൻറെ അച്ഛൻ എന്ന് അറിഞ്ഞാൽ ആദി എങ്ങനെ പ്രതികരിക്കും…അയാൾ എങ്ങാനും ആദിയെ ആവശ്യപ്പെട്ടാൽ.. പണവും സ്വാധീനവും ആൾബലവും എല്ലാം അയാൾക്കല്ലേ….അതിലേറെ ഗുരുതരമായിരിക്കും ഗായത്രി അവനെ തിരിച്ചറിഞ്ഞാൽ.സിദ്ധുവിന് എന്നിലൊരു മകനുണ്ട് എന്നത് ഗായത്രിയെ എത്രമാത്രം ബുദ്ധിമുട്ടിലാക്കും…ഞാനും ആദിയും കാരണം ഒരിക്കലും അവരുടെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകാൻ പാടില്ല എന്നെ ആഗ്രഹിച്ചിട്ടുള്ളൂ…

ആദി എൻറെ മാത്രം മകനാണ്.. അതുകൊണ്ടു തന്നെയാവും അവൻ എൻറെ ഉള്ളിൽ നാമ്പിട്ടതും സിദ്ധുവിൻറെ തനിനിറവും ഞാൻ അയാൾക്ക് ആരാണെന്നതും കാലം എനിക്ക് മനസ്സിലാക്കി തന്നത്.. ആദിയിൽ എനിക്ക് മാത്രമേ അവകാശങ്ങൾ ഉള്ളൂ.. ഒരാളുടേയും സഹായമില്ലാതെ വേദന തിന്നാണ് അവനെ ഗർഭത്തിൽ ചുമന്നത്. അവൻറെ വളർച്ചയിൽ മാസങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും സൂചി കുത്തുന്ന പോലെ വേദനിച്ച് പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് കുഞ്ഞായിരുന്ന അവനെ സീതമ്മയെ ഏൽപ്പിച്ച് എല്ലുമുറിയെ പണിയെടുത്ത് ജീവിച്ചത് അവൻ കൂടെയുണ്ടല്ലോ എന്ന പ്രത്യാശയിലാണ്..

എന്നെ എൻറെ മോന് നന്നായറിയാം. സത്യസന്ധമായിട്ടാണ് അവനെ വളർത്തിയത്. ആരൊക്കെ വന്നു വിളിച്ചാലും അവൻ എന്നെ വിട്ട് പോവില്ല.. എങ്ങാനും അവനെ കൂടെ കൈ വിടേണ്ട ഒരു അവസ്ഥ വന്നാൽ പിന്നെ തേടി പോകേണ്ടത് മരണത്തെയാണെന്ന് മാളുവിനറിയാം…

ഓരോന്ന് ചിന്തിച്ച് ഭ്രാന്ത് പിടിച്ച് നിൽക്കുമ്പോഴാണ് സ്റ്റാഫ് റൂമിൻറെ വാതിൽക്കൽ രഞ്ജിത്ത് സാർ നിൽക്കുന്നത് കണ്ടത്. കുട്ടികളെ തനിച്ചിരുത്തിയിട്ടാണ് ക്ലാസ്സിൽ നിന്നും ഇറങ്ങി പോന്നത്.അയാളത് കണ്ടിട്ടുണ്ടെങ്കിൽ ഇവിടുത്തെ എൻറെ ജോലി ഇതോടെ തീർന്നു…

“ടീച്ചർ ഒന്ന് എൻറെ ഓഫീസിലേക്ക് വരൂ..”

അയാളുടെ ഓഫീസിലേക്ക് നടക്കുമ്പോൾ പതിവ് ഭയത്തിന് പകരം നിസ്സംഗത മാത്രമായിരുന്നു വികാരം.. ആദിയെക്കാൾ വലുതായി ഈ ലോകത്തിലെ ഒന്നിൻറെയും നഷ്ടപ്പെടൽ എന്നെ ഭയപ്പെടുത്തില്ല.. അതിപ്പോൾ ജോലി ആയാൽ കൂടി..

******************************

ആദി തൻറെ സ്വന്തം ആണെന്ന് അറിഞ്ഞതും അവനെ കാണാതെ ഒരു നിമിഷം പോലും പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്ന് തോന്നി .മുറിയിൽ നിന്നിറങ്ങി ഹോസ്പിറ്റൽ വരാന്തയിലൂടെ ഓടി ഗായത്രിയുടെ റൂമിലേക്ക് ചെന്നു .ഈ നാട്ടിലേക്ക് ഈ ഹോസ്പിറ്റലിലേക്ക് തൻറെ മകനിലേക്ക് ക്ഷണിച്ചു വരുത്തിയ അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് തോന്നി. ഈ വാർത്ത അറിയുമ്പോൾ തന്നെക്കാൾ ഞെട്ടലിൽ ആവും അവൾ. അതിനേക്കാൾ സന്തോഷത്തിൽ ആകും അമ്മ ഇത് അറിയുമ്പോൾ..അമ്മയോട് ഇപ്പോൾ വിളിച്ചു പറയുന്നില്ല. ആദ്യം അവനെ സ്വന്തമാക്കണം.. എന്നിട്ട് ആദിയുടെ കൈപിടിച്ച് സരോവരത്തിൻറെ മുറ്റത്ത് കൊണ്ടുചെന്ന് കാണിച്ചു കൊടുക്കണം സിദ്ധാർത്തിനും സ്വന്തമായി ആരൊക്കെയോ ഉണ്ടെന്ന്…

ഓടിക്കിതച്ച് വരുന്ന സിദ്ധാർത്തിനെ കണ്ടതും പലതും കണ്ടുപിടിച്ചിട്ടുള്ള വരവാണെന്ന് ഗായത്രിക്ക് ഏതാണ്ട് ഒരു ഊഹം തോന്നിയിരുന്നു. അറിയാതെ കസേരയിൽ നിന്നും എഴുന്നേറ്റു പോയി. ടേബിളിനു മുന്നിൽ രോഗികൾ ഇരിക്കുന്നത് പോലും നോക്കാതെ സിദ്ധാർത്ഥ് അവളെ മുറുകെ കെട്ടിപ്പിടിച്ചു. അവൻറെ നെഞ്ചിടിപ്പിൻറെ ശബ്ദം കേട്ടതും ഊഹിച്ചതിലുമൊക്കെ എത്രയോ വലുതാണ് അയാളുടെ സന്തോഷം എന്ന് തോന്നി.. ആനന്ദക്കണ്ണീർ പിടിച്ചു നിർത്താൻ പറ്റുന്നില്ല എന്ന് തോന്നി..

“താങ്ക്സ് ഗായു..നീയെന്നോട് എന്തുവേണമെങ്കിലും ചോദിച്ചോ ഞാൻ നിനക്ക് സമ്മാനിക്കും. അത്രയ്ക്ക് സന്തോഷത്തിലാണ് ഞാൻ. എൻറെ സന്തോഷം എന്തിനാണെന്ന് എന്നോട് ചോദിക്ക് . ഞാനത് ഉച്ചത്തിൽ ആരോടെങ്കിലും വിളിച്ചു പറയട്ടെ…”

“ഏട്ടന് എന്തിനാ ഇത്ര സന്തോഷം.പറ ഞാനും കേൾക്കട്ടെ” ചോദിക്കുമ്പോൾ വിങ്ങി പോയിരുന്നു ഗായത്രി..

“നമ്മുടെ ആദി ആരാന്നറിയോ.. അവൻ എൻറെ മോനാ..എൻറെ സ്വന്തം മോൻ.. ഞാൻ അറിയാതെ പോയ എൻറെ മോൻ .. അവൻറെ അച്ഛനാണ് ഞാൻ … അത് അവനോട് പറയാൻ അവനെ കാണാൻ പോവുകയാ.. എനിക്ക് നിൻറെ കാറ് വേണം സ്കൂളിലേക്ക് പോകാൻ.. അവനെ എത്രയും പെട്ടെന്ന് കൂട്ടികൊണ്ടു വരണം..

ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്താ മിണ്ടാത്തത് ഗായത്രി.. നിനക്ക് അവനെ കാണണ്ടേ..”

സന്തോഷം മൂത്ത് ഉന്മാദത്തിൽ ആണ് അയാൾ എന്ന് അറിഞ്ഞതും ഗായത്രിക്ക് പേടി തോന്നി. ആദിയെ മാത്രമേ അയാൾക്ക് കാണേണ്ടു.. മാളുവിനെ കുറിച്ച് ഒരക്ഷരം പോലും ആ വായിൽ നിന്നും വരുന്നില്ല..
സ്കൂളിൽ വച്ച് അവർ തമ്മിൽ കണ്ടാൽ ഏട്ടൻ എങ്ങനെയൊക്കെ ആവും പെരുമാറുക. ഇങ്ങനെ പോയാൽ കൂടുതൽ പ്രശ്നങ്ങൾ ആവുകയേയുള്ളൂ. ഏട്ടനെ എങ്ങനെയെങ്കിലും തടയണം…”

“എനിക്കവനെ കാണണം.നമുക്ക് വൈകീട്ട് വീട്ടിൽ വച്ച് കാണാലോ.. എന്തിനാ ഇപ്പോൾ സ്കൂളിലേക്ക് പോകുന്നേ..”

” നീ വരണ്ട.. ഞാൻ ഇപ്പോൾ തന്നെ പോകും..” ഗായത്രിയുടെ മറുപടി ഇഷ്ടപ്പെട്ടില്ല . അയാളെ അടക്കി നിർത്തുക എളുപ്പമല്ലെന്ന് തോന്നി.

“ഏട്ടൻ ഒരു കാര്യം മനസ്സിലാക്കണം. ആദി ഒരു കൊച്ചു കുഞ്ഞാണ്. അവൻ അവൻറെ അച്ഛനെ കുറിച്ച് എന്താണ് ധരിച്ചുവച്ചിരിക്കുന്നത് എന്ന് ഏട്ടന് അറിയില്ല. അവൻറെ ലോകത്ത് അവന് അമ്മ മാത്രമേയുള്ളൂ. പെട്ടെന്ന് ഏട്ടൻ ചെന്ന് ഞാനാണ് അച്ഛൻ എന്നൊക്കെ പറഞ്ഞാൽ അവന് അതൊരു ഷോക്ക് ആയിരിക്കും…

ഇതൊക്കെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്. നമുക്ക് മാളുവിനോട് കാര്യങ്ങൾ എല്ലാം സംസാരിച്ച് പതിയെ നീങ്ങാം.. ആദിയെ കണ്ടുകിട്ടിയല്ലോ എന്നോർത്ത് സന്തോഷിക്കേണ്ട സമയമാണിത്.. അല്ലാതെ ചാടിക്കേറി കൂടുതൽ പ്രശ്നമുണ്ടാക്കുകയല്ല. “

ഗായത്രിയുടെ സംസാരം കേട്ടതും സന്തോഷകൊടുമുടി യിൽ നിന്നും താഴേക്ക് പതിച്ചത് പോലെ തോന്നി. “എൻറെ എല്ലാം അമ്മയാണ്..” ആദിയിൽ നിന്നും ഇന്നലെ കേട്ട വാക്കുകൾ ഓർമ്മ വന്നു. ഗായത്രി പറഞ്ഞത് 100% ശരിയാണ്. അവൻറെ ലോകത്ത് അമ്മ മാത്രമേയുള്ളൂ..
8 വർഷത്തോളം ഒരു അച്ഛൻറെ എല്ലാ അവകാശങ്ങളും സ്നേഹവും തനിക്ക് നിഷേധിച്ച മാളവികയോട് എന്തെന്നില്ലാത്ത പക തോന്നി. അവൻറെ ബാല്യം.. വളർച്ച ..എന്തിന് താൻ സ്വന്തം അച്ഛൻ ആണെന്നത് പോലും അവനെ പറഞ്ഞ് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

തൻറെ അച്ഛനെക്കുറിച്ച് ആദി ഒരിക്കലെങ്കിലും അവളോട് ചോദിച്ചിട്ട് ഉണ്ടാവില്ലേ ? ആ കുഞ്ഞിനോട് എന്തൊക്കെയായിരിക്കും പറഞ്ഞുകൊടുത്തു കാണുക..രണ്ടു മുറിയുള്ള ഒരു കുഞ്ഞ് വീട്ടിൽ ആരോരുമില്ലാതെ ചുരുങ്ങിയ സാഹചര്യത്തിൽ എൻറെ കുഞ്ഞിനെ വളർത്തുന്നു.. ഒരു സൈക്കിൾ കണ്ടപ്പോൾ അവൻറെ മുഖത്ത് തെളിഞ്ഞ സന്തോഷം കണ്ടതാണ്.

തനിച്ചായപ്പോൾ കുഞ്ഞിനെ വളർത്താൻ കഴിവില്ലെങ്കിൽ അവൾക്ക് തിരിച്ചു വരരുതായിരുന്നോ…അവൾ ഗർഭിണിയാണ് എന്നറിഞ്ഞത് കൊണ്ടാവും കണ്ണൻ ഉപേക്ഷിച്ചു പോയത്..എൻറെ കുഞ്ഞിനെ പ്രസവിച്ചു എന്ന ഒരൊറ്റ കാര്യം മതിയായിരുന്നു അവളെ തിരികെ സ്വീകരിക്കാൻ..എന്നെ അവൾ ആയിട്ട് ഉപേക്ഷിച്ച് പോയതല്ലേ. ഞാൻ അവളെ ഉപേക്ഷിച്ച് അതല്ലല്ലോ?…എല്ലാം മറന്നു എൻറെ കുഞ്ഞി ൻറെ ഭാവി മാത്രം ഓർത്ത് ഞാൻ അവളോടൊപ്പം ജീവിച്ചേനെ. പക്ഷേ ഇതിത്തിരി കൂടിപ്പോയി..

അച്ഛൻ എന്ന അവകാശം എനിക്കും നല്ലതുപോലെ ജീവിക്കാനുള്ള അവകാശം എൻറെ മകനും അവളുടെ ദുർവാശി കാരണമാണ് നഷ്ടപ്പെട്ടത്..എല്ലാം ആദിയെ പറഞ്ഞു മനസ്സിലാക്കണം. ഇനിയും അവനെ പിരിഞ്ഞിരിക്കാൻ വയ്യ.. സ്വന്തം ചോരയിൽ നിന്നും അകന്നു ജീവിക്കുമ്പോൾ ഉള്ള വേദന എന്താണെന്ന് അവളെ കൂടി അറിയിച്ചു കൊടുക്കണം…

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാതെ വണ്ടിയുടെ താക്കോലും എടുത്ത് ധൃതിയിൽ നടന്നു പോകുന്ന സിദ്ധുവിനെ കണ്ടതും ഇനിയെന്തു ചെയ്യണം എന്നറിയാതെ ഇവിടെ നടന്നതെല്ലാം അറിയിക്കാനായി ഫോൺ എടുത്തു കറക്കി ഗായത്രി.

സ്കൂൾ ഗേറ്റിന് പുറത്ത് ബെൽ അടിക്കുന്നതും നോക്കി ആദിയുടെ വരവിനായി കാത്തിരിക്കുമ്പോൾ ധൈര്യം ചോർന്നു പോകുന്നതു പോലെ തോന്നി സിദ്ധുവിന്…

ഗായത്രിയുടെ വാക്കുകൾ വീണ്ടും ഓർമ്മ വന്നു..അച്ഛനാണെന്ന് ചാടിക്കയറി പറഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കും. അവൻ ഇപ്പോൾ കാട്ടുന്ന സൗഹൃദം കൂടി നഷ്ടപ്പെട്ടു പോയാലോ?.. ഓർത്തു നോക്കിയപ്പോൾ ഹൃദയം കീറി മുറിയുന്നത് പോലെ തോന്നി സിന്ധുവിന്…

സ്കൂൾ വിട്ട് കുട്ടികൾ കൂട്ടംകൂട്ടമായി പുറത്തേക്ക് വരുന്നു. അകലെ നിന്നും വരുന്ന ആദിയെ തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അടുത്തടുത്ത് വരും തോറും അവനെ ആദ്യമായി കാണുന്നതുപോലെ തോന്നി.. തൻറെ മകൻ വളർന്നു വലുതായിരിക്കുന്നു.. അവൻ കുഞ്ഞായിരുന്നപ്പോൾ.. മുട്ടിൽ ഇഴയുമ്പോൾ.. നടന്നു തുടങ്ങിയപ്പോൾ.. ഓടി വീഴുമ്പോൾ.. ആദ്യമായി സ്കൂളിൽ പോയപ്പോൾ അവൻറെ വിവിധ രൂപങ്ങൾ ഭാവനയിൽ പോലും കാണാൻ പറ്റുന്നില്ല എന്നറിഞ്ഞതും നഷ്ടബോധം തന്നെ കാർന്നു തിന്നുന്നു..

സിന്ധുവിനെ കണ്ടതും ആദി പരിചയ ഭാവത്തോടെ അടുത്തേക്ക് വന്നു. അവൻറെ മുഖം കൈകളിൽ എടുത്തു തുരുതുരെ ഉമ്മ വെക്കാൻ വെമ്പുകയായിരുന്നു സിദ്ധുവിൻറെ ഉള്ളം..

“അങ്കിൾ എന്താ ഇവിടെ?..” അവൻറെ അഭിസംബോധന കേട്ടതും നെഞ്ചിലൊരു കൂരമ്പ് തറച്ചത് പോലെ തോന്നി.

“ഞാൻ ആദിയെ കാണാൻ വന്നതാ..ഇന്ന് നമുക്ക് ഒരുമിച്ച് പോകാം വീട്ടിലേക്ക്..” മറുപടി പറയുമ്പോൾ തൻറെ ഉള്ളിൽനിന്നും പുറത്തേക്ക് വരാൻ വാക്കുകൾക്ക് പോലും വിമുഖത ഉണ്ടെന്നു തോന്നി.

“അയ്യോ ഞാൻ വീട്ടിലേക്ക് അല്ല പോകുന്നത്.. അമ്മയുടെ കൂട്ടുകാരി ഷോളി ടീച്ചറുടെ വീട്ടിലേക്കാണ്. അമ്മ ട്യൂഷൻ കഴിഞ്ഞ് എന്നെ കൂട്ടിക്കൊണ്ടു വരും… നമുക്ക് രാത്രി കാണാം..അങ്കിൾ പൊയ്ക്കോളൂ…”

മാളുവിന് ട്യൂഷൻ ഉണ്ടെന്ന് അറിഞ്ഞതും ആദി യോട് സംസാരിക്കാൻ സമയം ഉണ്ടെന്നു തോന്നിയതും വല്ലാത്ത സമാധാനം തോന്നി.

” ആദിക്ക് വിരോധമില്ലെങ്കിൽ നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം. എന്നിട്ട് ഞാൻ കൊണ്ടുപോയി വിടാം കൂട്ടുകാരൻറെ വീട്ടിലേക്ക്. അവിടേക്ക് പോകേണ്ട വഴി മോന് അറിയാലോ..”

“എങ്കിൽ അങ്കിളിൻറെ കൂടെ വരുന്ന കാര്യം ഞാൻ പോയി അമ്മയോട് പറഞ്ഞിട്ട് വരട്ടെ..” ഒരു നിമിഷം എല്ലാം കൈവിട്ടു പോകുന്നത് പോലെ തോന്നി.

“അതുവേണ്ട ആദി.. വൈകീട്ട് ഞാൻ നിൻറെ അമ്മയോട് സംസാരിച്ചു കൊള്ളാം.. എനിക്ക് ഒത്തിരി പറയാനുണ്ട് നിൻറെ അമ്മയോട്..”

അത് കേട്ടതും മൊത്തത്തിൽ തെറ്റില്ല എന്ന് തോന്നി ആദിക്ക്..അക്കുവിനോട് കാര്യങ്ങൾ പറഞ്ഞ് സിദ്ധുവിൻറെ കൂടെ കാറിൽ കയറി. ഇത്തിരി ദൂരം കഴിഞ്ഞ് റോഡിനരികിൽ വണ്ടി നിർത്തി സിദ്ധു വളരെ സൂക്ഷ്മതയോടെ സംസാരിച്ചു തുടങ്ങി.

“ആദിയുടെ അച്ഛൻ എവിടെയാ?.. “

“അറിയില്ല അങ്കിൾ..അങ്കിളിന് അച്ഛനെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ അമ്മയോട് ചോദിച്ചാൽ മതി.”

“അപ്പോൾ മോൻ സ്വന്തം അച്ഛനെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ലേ ഇതുവരെ.. അമ്മ ഒന്നും പറഞ്ഞു തന്നിട്ടില്ല?..”

“എൻറെ അമ്മ എല്ലാം പറഞ്ഞു തന്നിട്ടുണ്ട്.. പക്ഷേ അത് പുറമേയുള്ള ആരോടും പറയരുത് എന്നും പറഞ്ഞിട്ടുണ്ട്”

താൻ പുറമേ ഉള്ളവൻ ആണ് എന്ന് അറിഞ്ഞതും ഒന്ന് പതറി പോയെങ്കിലും അവൻറെ ഉള്ളിൽ എന്താണെന്ന് പുറത്ത് കൊണ്ടുവന്നേ പറ്റൂ.

“ചുമ്മാ പുളു അടിക്കല്ലേ..നിൻറെ അമ്മ നിന്നോട് ഒന്നും പറഞ്ഞ് തന്നിട്ടില്ല എന്ന് നിൻറെ മുഖം കണ്ടാൽ തന്നെ അറിയാം..എങ്കിൽ പറ നിൻറെ അച്ഛൻറെ പേര് എന്താ?..”

“സിദ്ധാർത്ഥ്… അതാണ് എൻറെ അച്ഛൻറെ പേര്..”

ആദിയുടെ ആ മറുപടി പ്രതീക്ഷിച്ചിരുന്നില്ല സിദ്ധു. എന്തു കൊണ്ടോ തൻറെ കണ്ണുകൾ നിറയുന്നതു പോലെ തോന്നി.

“മോന് വേറെ എന്തെങ്കിലും അറിയാമോ അച്ഛനെ പറ്റി..”

” എൻറെ അച്ഛൻ അങ്കിളിനെ പോലെ ഒരു ഡോക്ടറാണ്.. ഒത്തിരി പേര് കേട്ട…നല്ലൊരു ആൾ ആണ് എൻറച്ഛൻ എന്നാണ് അമ്മ പറഞ്ഞത് . നാട്ടിലെ അച്ഛൻറെ വീട്ടിൽ അച്ഛമ്മ ഉണ്ട്.അച്ഛച്ഛനുണ്ട്.വലിയച്ഛൻ ഉണ്ട്..ചിറ്റ ഉണ്ട്. അവരുടെ മക്കൾ ഉണ്ടാവും. അങ്ങനെ എല്ലാരും ഉണ്ട് എനിക്ക്..രാത്രി കിടന്നിട്ട് ഉറക്കം വരാത്ത ദിവസങ്ങളിൽ അവരെക്കുറിച്ചുള്ള കഥകളൊക്കെ അമ്മ എനിക്ക് പറഞ്ഞു തരും..”

“എന്നിട്ട് മോൻ എന്താ അവരെയൊന്നും കാണാൻ വരാതിരുന്നത്?.. മോന് അച്ഛനെ കാണണ്ടേ?..അവർക്കൊക്കെ ആദി കുട്ടനെ കാണാൻ കൊതി കാണില്ലേ..”

“എനിക്ക് ആരെയും കാണേണ്ട. .എനിക്ക് അമ്മ മാത്രമേയുള്ളൂ..”

“അതെന്താ അങ്ങനെ.. അമ്മ പറഞ്ഞോ മോനോട് അച്ഛൻറെ അടുത്തേക്ക് പോകണ്ടാന്ന്… ചെന്നാലും
അച്ഛൻ മോനെ സ്വീകരിക്കില്ലെന്ന്.”

” അങ്ങനെയല്ല അങ്കിൾ..ഞാനും അമ്മയും കാണാൻ ചെന്നാൽ അച്ഛൻ സ്വീകരിക്കും. പക്ഷേ അത് എല്ലാവർക്കും സങ്കടമാകും ഉണ്ടാക്കുക. അച്ഛനും വീട്ടുകാരും ഒക്കെ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ ഞങ്ങള് ദൂരെ നിൽക്കണം. അങ്ങനെയാണ് അമ്മ പറഞ്ഞത്..എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രം മതി.. അതാവും എല്ലാവർക്കും സന്തോഷം.. അതുകൊണ്ട് എനിക്ക് ഒരിക്കലും അച്ഛനെ കാണണ്ട ..”

ആദി പറയുന്നത് കേട്ട് കഴിഞ്ഞതും തൻറെ പിടി വിട്ടു പോകുന്നത് പോലെ തോന്നിസിദ്ധുവിന് ….അവൻറെ സംസാരത്തിൽ എവിടെയോ എന്തോ തകരാറു പോലെ തോന്നി സിദ്ധുവിന്..തന്നെക്കുറിച്ച് .. വീട്ടുകാരെ കുറിച്ച് ..ഇത്രയൊക്കെ വിശദമായി കുഞ്ഞിനോട് പറഞ്ഞു കൊടുത്തിട്ടുണ്ടോ..ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ അവളുടെ മനസ്സിൽ എന്താണെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. ആദിക്ക് ഇനിയും കൂടുതൽ എന്തെങ്കിലും അറിയുമോ എന്ന് ചോദിച്ചു നോക്കാം..

“മോന് വേറെ എന്തൊക്കെ അറിയാം….കണ്ണൻ.. അങ്ങനെ ഒരാളെ കുറിച്ച് എന്തെങ്കിലും അമ്മ പറഞ്ഞിട്ടുണ്ടോ?..”

“ഇല്ല.. അതാരാ.. അങ്കിളിന് അറിയാവുന്ന വല്ലവരും ആണോ?. അല്ല അങ്കിൾ എന്തിനാ എന്നോട് ഇതൊക്കെ ചോദിച്ചത്. ഞാൻ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞെന്ന് അറിഞ്ഞാൽ അമ്മ എന്നെ കൊല്ലും..
അല്ലെങ്കിലും അങ്കിൾ വന്നതിൽ പിന്നെ ഞാനെൻറെ അമ്മയോട് ഒത്തിരി കള്ളങ്ങൾ പറയുന്നുണ്ട്..അങ്കിൾ ഇനിയും എന്നോട് ഇങ്ങനെ ഓരോന്ന് ചോദിക്കല്ലേ.. എനിക്ക് അമ്മയെ പറ്റിക്കാൻ വയ്യ…”

ആദിയുടെ നിഷ്കളങ്കമായ സംസാരം കേട്ടതും ഉള്ളിലെ ധാരണകളിൽ വലിയൊരു വിള്ളൽ വീണിരിക്കുന്നു. അവളെയും ആദിയും കുറിച്ച് ഞാൻ അറിഞ്ഞാൽ ഞാനും വീട്ടുകാരും സങ്കടപ്പെടും എന്ന് എന്തിനാവും കുഞ്ഞിനെ പറഞ്ഞു പഠിപ്പിച്ചത്..

ഒരിക്കലും അവൻ എന്നെ തേടി വരാതിരിക്കാൻ ആണോ?… അങ്ങനെയാണെങ്കിൽ തൻറെ പേരും വീട്ടുകാരെ കുറിച്ചും ഒക്കെ പറഞ്ഞു കൊടുത്തിരിക്കുന്നത് എന്തിനാണ്…അതിലും അത്ഭുതമായി തോന്നിയത് തന്നെക്കുറിച്ച് മോശമായി ഒരു വാക്കുപോലും കുഞ്ഞിനോട് പറഞ്ഞിട്ടില്ല. തൻറെ സന്തോഷത്തിനുവേണ്ടി ആണത്രേ അവളും കുഞ്ഞും ദൂരെ കഴിയുന്നത്….

എത്ര ആയിട്ടും അവളെ മനസ്സിലാക്കാൻ കഴിയാത്തത് പോലെ.. എന്തായിരിക്കും അവൾ ഉദ്ദേശിക്കുന്നത് ..അന്ന് അവൾ എഴുതിവെച്ച കത്തിലെ വാചകങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു…അവളുടെ പ്രണയത്തോട് ഒപ്പം പോകുന്നു എന്ന് തന്നെയല്ലേ..? എന്തൊക്കെയോ അക്ഷരകൂട്ടങ്ങൾ മാത്രം മനസ്സിൽ തെളിഞ്ഞുവരുന്നു….അന്നത് ചുരുട്ടിക്കൂട്ടി കളയാതെ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ..

എത്രയും പെട്ടെന്ന് അവളെ കണ്ടു പിടിച്ച് കാര്യങ്ങൾ ചോദിച്ചറിയണം..
എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും എൻറെ കുഞ്ഞിനെ ഇനിയും അവൾക്ക് ഒറ്റയ്ക്കായി വിട്ടു കൊടുക്കില്ല..

അവളെ കുറിച്ച് ഓർക്കുമ്പോൾ.. ആദിയുടെ വാക്കുകൾ കേൾക്കുമ്പോൾ.. അവനെ കാണാൻ സ്കൂളിലേക്ക് വരുമ്പോഴുള്ള അത്ര അളവിലുള്ള വെറുപ്പ് തന്നിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തോന്നി..
അവൾക്കു മുന്നിൽ പുകമറ പോലെ എന്തൊക്കെയോ കരടുകൾ ബാക്കി നിൽക്കുന്നു… എന്താണെന്ന് കണ്ടു പിടിച്ചേ പറ്റൂ..

തുടരും…