നിന്നരികിൽ ~ ഭാഗം 08, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദാസ് ഒന്നും മിണ്ടാതെ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…ശ്രെദ്ധയും അമലയും മുഖത്തോട് മുഖം നോക്കി…നന്ദുവിന് കോളേജിൽ അഡ്മിഷൻ കിട്ടിയതിനെ കുറിച്ച് പറഞ്ഞതിന് ശേഷമുള്ള ഇരിപ്പാണ്

“നിങ്ങളായിട്ട് ഇനി ഇതിന് മുടക്കം നിൽക്കരുത് ദാസേട്ടാ അവള് പോയി പഠിച്ചോട്ടെ…” അമല അയാളോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് കൈകൂപ്പവെ അയാളെഴുനേറ്റു പുറത്തേക്ക് പോയി….

***************

നന്ദു കോളേജിലെത്തുമ്പോൾ നല്ലോണം താമസിച്ചിരുന്നു…സിദ്ധുവിന്റെ കാറിൽ വീടിനടുത്തുള്ള ബസ്സ്റ്റോപ്പിൽ ഇറങ്ങി അവൾ അവിടെന്ന് ബസിലാണ് വന്നത്…അതവളുടെ തീരുമാനമായിരുന്നു…അങ്ങനെ ഒരുമിച്ചു വരുകയെങ്കിൽ…ഇന്നല്ലെങ്കിൽ നാളെ അതിന് ഇവിടുള്ളവർക്ക് താനുത്തരം കൊടുക്കേണ്ടി വന്നെക്കാം…അതുവേണ്ട….അങ്ങേർക്ക് ഞാൻ ഭാര്യയാണെന്ന് പറയാൻ വയ്യെങ്കിൽ ഭർത്താവാണെന്ന് പറയാൻ എനിക്കും സൗകര്യം ഇല്ല…നന്ദുവിനോടാ മൂശാട്ടയുടെ കളി….

മുകളിലെ നിലയിൽ സ്റ്റാഫ്‌റൂമിന് അടുത്തായി നിന്ന സിദ്ധു അവളെ കണ്ടിരുന്നു…ഇതിപ്പോ ആരോടാ ഒന്ന് ക്ലാസ്സ്‌ എവിടന്ന് ചോദിക്യാ…നന്ദു ചുറ്റിലും നോക്കി അങ്ങിങ്ങായി കുറച്ചു കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ട്…തൊട്ടടുത്ത ഗ്യാങിന് നേരെ അവൾ നടന്നടുത്തു…അവരിലൊരാൾ അവളെ കണ്ടിരുന്നു.

“നോക്കെടാ ഒരു കിളി…ഇങ്ങോട്ട് വരുന്നു…ഫസ്റ്റ് ഇയർ ആണെന്നാ തോന്നുന്നേ…” ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ട് ബാക്കിയുള്ളവരും തല തിരിച്ചു നോക്കി.

“കണ്ടിട്ട് ഒരു അയ്യോ പാവം ലുക്ക്‌ ആണല്ലോ…ഹ്മ്മ്…വരട്ടെ…”

“അതെ ചേട്ടന്മാരെ ഇ ബി കോം ഫസ്റ്റ് ഇയർ ക്ലാസ്സ്‌ എവിടാ…”

“ഓഹോ… ബി കോം ആണല്ലേ….എന്താ പേര്…

നന്ദുവിന് ദേഷ്യം വന്നു അല്ലെങ്കിലേ മനുഷ്യൻ നടന്നു ഒരുപ്പാട് ആയിട്ടാണ് വന്നത്….അതിനിടക്കാണ് പേരും ഊരും ജാതകവും ഒക്കെ ഉണ്ടെങ്കിലേ ഇവനൊക്കെ ക്ലാസ്സ്‌ പറയുള്ളോ…

“അവിടെ സീനിയർസ് തന്നോട് എന്തെങ്കിലുമൊക്കെ ചോദിക്കും അതിനൊക്കെ ചാടിക്കടിക്കാതെ ഉത്തരം പറയണം…ആൻഡ് അത് അവരുടെ റൈറ്റാണ്…ഒരു കോളേജ് ആവുമ്പോ അത്തരം സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പഠിക്കണം ഒക്കെ…” സിദ്ധു പറഞ്ഞത് അവൾക്കോർമ്മ വന്നു. അവള് പേര് പറയാൻ വാ തുറക്കവേയാണ് സിദ്ധു നടന്നു വരുന്നത് അവർ കണ്ടത്.

“രണ്ടാം നിലയിന്ന് ഇടത്തോട്ട് പോകുമ്പോ സെക്കന്റ്‌ ക്ലാസ്സാ ബി കോം… കുട്ടി പൊയ്ക്കോളൂ…”

ങേ ഇവന്മാരുടെ തലയിൽ വെള്ളരി വീണോ….നന്ദു അതും ആലോചിച്ചു കൊണ്ട് മുന്നോട്ട് നടന്നത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അവരോട് സംസാരിച്ചു നിൽക്കുന്ന സിദ്ധുവിനെയാണ്…ഏഹ്ഹ് .. ഇവന്മാർക്ക് മൂശാട്ടയെ പേടിയോ…

“ഹലോ…. എക്സ്ക്യൂസ്‌ മി…..” പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ട് അവളൊന്ന് നിന്നു. ഒരു പെൺകുട്ടി ഓടി കിതച്ചു കൊണ്ട് അവള്കരികിലേക്ക് വന്നു നിന്നു..”ബി കോം അല്ലെ…ഞാനും അങ്ങോട്ടാ…നമുക്കൊരുമിച്ചു പോയല്ലോ….”

“അതിനെന്താ വന്നോളൂ….” ഇരുവരും ഒന്നിച്ചു ക്ലാസ്സിലേക്ക് നടന്നു. അവർ തമ്മിൽ പരിചയപെട്ടു…ദിയമയി യെ നന്ദുവിന് ഒരുപാടിഷ്ടമായി…ഒരു തനി വായാടി പെണ്ണ്. അവരുടെ എൻട്രിയിൽ ക്ലാസ്സ്‌ ഒരു നിമിഷം നിശബ്ദമായി…പിന്നെ വീണ്ടും ചലപ്പ് തുടങ്ങി.

മൂന്നു റോ ആയി തിരിച്ചിട്ടിരിക്കുന്ന ഇരിപ്പടങ്ങളിൽ നടുക്കിൽ പുറകിലായാണ് ഇരുവരും ഇരുന്നത്…പരസ്പരം സംസാരിച്ചും മുന്നിലിരിക്കുന്നവരെ പരിചയപെട്ടും ഇരിക്കുന്നതിന് ഇടയിലാണ് സിദ്ധു ക്ലാസ്സിലേക്ക് വന്നത്….

“അമ്പോ എന്നാ ഗ്ലാമറാടി ഇ സാറ്….” എല്ലാവരും അവനെ വിഷ് ചെയ്യാനായി എഴുന്നേറ്റപ്പോൾ ദിയ അത് പറഞാണിരുന്നത്…

“അത്ര ഗ്ലാമർ ഒന്നുല്ല….കൊഴപ്പില്ല” നന്ദു ചുണ്ടു കൊട്ടി…

“നിന്റെ കണ്ണില് വെള്ളെത്തു ഉണ്ടെന്നാ തോന്നുന്നേ പെണ്ണെ…ആ മുഖത്തോട്ട് ഒന്ന് നോകിയെ ആ ട്രിം ചെയ്ത് ഒതുക്കി വെച്ചിരിക്കുന്ന താടിയും നെറ്റിയിലേക്ക് ഇച്ചിരി വീണു കിടക്കുന്ന നീളൻ മുടിയിഴകളും…ആ ചിരിയും ഓഹ്….ഹി ഈസ് സച് എ ഹോട്ട് ഗായ്…”

ദിയ കണ്ണുകളടച്ചു ഫീൽ ചെയ്യുന്നത് പോലെ പറയുന്നത് കേട്ട് നന്ദു കുട്ടികളെ പരിചയപെടുകയായിരുന്ന സിദ്ധു വിനെ ചുണ്ടു കൂർപ്പിച്ചു നോക്കി. കാലമാടൻ ഒന്ന് നോക്കുന്നത് പോലുമില്ല…ഒരു ഹോട്ട് ഗായ്…പോലും…ഹോട്ടാവാൻ ഇങ്ങേരെന്താ അടുപ്പിന്റെ മൂട്ടിലാണോ ഇരിക്കുന്നത് മൂശാട്ട…അതിനിടയിൽ വേറൊരു പെൺകുട്ടി കൂടി ക്ലാസ്സിലേക്ക് കടന്നു വന്നു…അവൾ നന്ദു വിന് അരികിലായി വന്നിരുന്നു…നന്ദു ദിയയെ വിട്ട് അവളെ പരിചയപെട്ടു…ഗായത്രി…

അവളോടൊത് കത്തി വെക്കുന്നതിന് ഇടയിലാണ് സിദ്ധു അങ്ങോട്ടേക്ക് വന്നത്….ദിയ തന്നെ ആദ്യം എഴുനേറ്റു സ്വയം പരിചയപ്പെടുത്തി…”സാർ എന്റെ പേര് ദിയമയി…ദിയമായി പ്രകാശ്…സ്നേഹമുള്ളവര് എന്നെ ദിയ എന്ന് വിളിക്കും സാറും അങ്ങനെ വിളിച്ചോളൂ…” ദിയ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…സിദ്ധു അതെല്ലാം കേട്ട് ചിരിയോടെ നില്കുന്നത് കണ്ട് നന്ദുവിന് പ്രഷർ കൂടുന്നുണ്ടായിരുന്നു. ഓഹ്…അങ്ങേരുടെ ഒരു ഓഞ്ഞ ചിരി….”നന്ദിനി ദാസ്…” ഒറ്റ വാക്കിൽ ചാടിയെഴുന്നേറ്റ് സ്വയം പരിചയപ്പെടുത്തി നന്ദു ഇരുന്നു..അവൾക്ക് ആകെ കൂടി ഒരാസ്വസ്‌ത തോന്നി…

എല്ലാവരെയും പരിചയപെട്ടതിന് ശേഷം സിദ്ധു സ്വയം തന്നെ പരിചയപ്പെടുത്തി…”ഞാൻ സിദ്ധാർഥ് നാരായണൻ…ഇ വർഷത്തെ നിങ്ങളുടെ ക്ലാസ്സ്‌ ട്യൂട്ടർ ഞാനാണ്…”

“സിദ്ധാർഥ് നല്ല പേരല്ലേ…” ദിയ നന്ദു വിനോട് ചോദിച്ചു. “തരക്കേടില്ല….”

“നിനക്കെന്താ സിദ്ധു വേട്ടനെ ഇഷ്ട്ടായില്ലേ….”

“സിദ്ധു ഏട്ടനോ…”

“അതെ….ഇത്രേം സുന്ദരനായ ഒരാളെ സാർ എന്ന് വിളിച്ചു അപമാനിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…ഭാവിയിൽ ചിലപ്പോ ഇ വിളി പെര്മനെന്റ് ആയിക്കൂടെന്നു ഇല്ലല്ലോ…ഇപ്പഴേ ശീലിച്ചാൽ നല്ലതല്ലേ….കേട്ടിട്ടില്ലേ ചുട്ടയിലെ ശീലം ചുടലവരെ…”

“ഭാവി അല്ലേടി ഭൂതം….അവൾഡാമ്മുമ്മേടെ….സിദ്ധു ഏട്ടൻ…” മനസ്സിൽ പറഞ്ഞു കൊണ്ട് നന്ദു കലി മുഴുവൻ ബാഗിൽ തീർത്തു കൊണ്ട് അതിനെ ഓടിച്ചു മടക്കി…

ആദ്യ ദിവസം ആയത് കൊണ്ട് തന്നെ ഉച്ചയായപ്പോൾ കോളേജ് വിട്ടു…ദിയയോടും ഗായത്രിയോടൊപ്പം ബസിലാണ് നന്ദു വന്നത്…ദിയ സിദ്ധ പുരാണം വിവരിച്ചു കൊണ്ടിരുന്നു…ഭാഗ്യത്തിന് ആദ്യത്തെ സ്റ്റോപ്പ്‌ അവളുടേത് ആയിരുന്നു…ടാറ്റാ പറഞ്ഞു ദിയ പോകുമ്പോൾ നന്ദുവിന് വല്ലാത്തൊരു ആശ്വാസം തോന്നി.

“ദിയയ്ക്ക് സിദ്ധാർഥ് സാറിനെ അങ് ഇഷ്ട്ടായിന്ന തോന്നുന്നേ….ഒരു സിനിമ സ്റ്റൈൽ പ്രേമത്തിന് വഴിയൊരുങ്ങുന്നുണ്ട്…” ഗായു പറയുന്നത് കേട്ട് നന്ദു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. അവളുടെ മനസിലിലേക്ക് ദിയയെ നോക്കി ചിരിക്കുന്ന സിദ്ധു വിന്റെ മുഖം ഓർമ്മ വന്നതും അവൾ കണ്ണുകളടച്ചു.

***************

നന്ദു വീട്ടിലെത്തുമ്പോൾ ദാസ് അവിടെ ഉണ്ടായിരുന്നു…അവൾക്കൊരു നിമിഷം പേടി തോന്നി…താൻ കോളേജിൽ പോകുന്ന വിവരം അറിഞ്ഞു വന്നതാകണം….അമ്മ ഇന്ന് അച്ഛനോട് പറയാമെന്നു പറഞ്ഞത് അവളോർത്തു…നന്ദു അകത്തേക്ക് കയറാനായി കാലെടുത്തു വയ്ക്കവേ ദാസ് മുന്നിലേക്ക് വന്നു…അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കി അടച്ചു….അടി വാങ്ങാൻ ഒരുങ്ങി നിന്നു.

“നിന്നെ ഒന്ന് കാണാനാ ഇരുന്നത്…”

ഡയലോഗോ…. അവൾ പതിയെ കണ്ണുകൾ തുറന്നു.

“ഇനി നീയെന്റെ വീടിന്റെ പടിചവിട്ടുന്നത് നീ ആഗ്രഹിച്ചത് പോലെയുള്ള പഠിപ്പും പത്രാസും നേടി എന്നെ തോൽപ്പിച്ചുകൊണ്ടാവണം…ഇല്ലാതെ ബന്ധം പുതുക്കാനായി ആ ചുറ്റുവട്ടത് പോലും നിന്നെ കണ്ട് പോകരുത്….നിന്നെ പോലേയുള്ള ഒരു തലതെറിച്ച ഒന്നിന്റെ തന്തയായതാണ് എന്റെ തെറ്റെന്നാണ് ഞാൻ ഇത്ര നാളും വിചാരിച്ചിരുന്നത്. പക്ഷെ അതിനേക്കാൾ അഹങ്കാരവും നിഷേധസ്വഭാവം പിടിച്ചു ഒന്നിന്റെ തലയിലല്ലേ നിന്നെ കെട്ടിവച്ചത്…അപ്പോ ഇതല്ല ഇതിനപ്പുറവും സംഭവിക്കും…”

അവളോട്‌ ദേഷ്യത്തിൽ പറഞ്ഞുകൊണ്ടയാൾ കാറിലേക്ക് കയറി അതോടിച്ചു പോയി…മുറിയിലേക്ക് ഓടി പോകുന്ന നന്ദുവിനെ നോക്കി സിദ്ധാർഥ് നിന്നു….അവനവളോട് അലിവ് തോന്നി. “പുറമെ കാണുന്നത് പോലല്ല പലതും….” അവൾ പറഞ്ഞത് അവനോർത്തു….എത്ര ശെരിയാണ്…

*****************

“അമ്മയെ അച്ഛൻ അടിച്ചൊന്നും ഇല്ലല്ലോ….”

“ഇല്ല മോളെ….നീ ഇതൊന്നും കേട്ട് പേടിക്കണ്ട…നന്നായി പഠിക്കാൻ നോക്ക്…പഠിച്ചു നല്ലൊരു ജോലി വാങ്ങിക്ക്…അങ്ങനെ വേണം നിന്റച്ഛന്റെ ദുർവാശിക്ക് മറുപടി കൊടുക്കാൻ…”

ഫോണിൽ അമലയോട് സംസാരിക്കുകയായിരുന്നവൾ…അമ്മയോട് ഞാനെങ്ങനെ പറയും എന്റീശ്വരാ…എനിക്കതിന് ഒരിക്കലും സാധിക്കില്ലെന്ന് കുറച്ചു നാളുകൾക്കം എനിക്കിവിടം വിട്ട് പോരേണ്ടി വരുമെന്ന്….ഫോൺ വെച്ചിട്ടവൾ ബെഡിലേക്ക് കമിഴ്ന്നു കിടന്നു…

*********************

രാത്രിയിൽ സിദ്ധു താഴേക്ക് വരുമ്പോൾ ടീവിക്ക് മുന്നിലെ സോഫയിൽ നന്ദു യശോദയുടെ മടിയിൽ തല വെച് കിടക്കുവാണ്….നാരായണൻ അവൾക്കടുത്തായി ഇരുന്നു കൊണ്ട് രണ്ട് പേരോടും എന്തൊക്കെയോ പറയുകയും മൂവരും ചിരിക്കുകയും ചെയ്യുന്നുണ്ട്…

അവനവളോട് അസൂയ തോന്നി…താൻ ഇങ്ങനൊക്കെ ഒരിക്കൽ പോലും അവർക്കിടയിൽ ഇരുന്നിട്ടില്ല…ആ മടിയിൽ കിടന്നിട്ടില്ല… ആഗ്രഹം ഇല്ലാത്തത് കൊണ്ടാണോ…അതോ അവര് തന്റെ അമ്മയല്ലെന്ന സത്യം അറിഞ്ഞു കൊണ്ടുള്ള അവഗണനയായിരുന്നോ…അല്ല മറിച് തന്റെ ഭാഗ്യദോഷം കൊണ്ട് തന്നെയാണ്…താൻ കാരണം ജീവിതത്തിൽ നഷ്ട്ടങ്ങളുണ്ടായ രണ്ടാമത്തെ സ്ത്രീയാണവർ….ഒന്നാമത് തന്റെ അമ്മയാണ്, ജീവൻ പോലും ബലി നൽകി തനിക്ക് ജന്മം തന്ന തന്റെ പെറ്റമ്മ…ഇപ്പോൾ തന്റെ മുന്നിലുള്ള ഏറ്റവും വലിയ സങ്കടം നന്ദുവാണ്…അവളുടെ കണ്ണീരിന്റെ ശാപമെങ്കിലും ഏറ്റു വാങ്ങാനിടവരാതിരിക്കട്ടെ….

*****************

“അതെ…..” സിദ്ധു ബാൽക്കണിയിലേക്ക് നടക്കുമ്പോഴാണ് നന്ദു പിറകിൽ നിന്നും വിളിച്ചത്.

“അച്ഛൻ നിങ്ങളോട് എന്താ പറഞ്ഞത്…”

“തന്നെ കോളേജിൽ വിടേണ്ട കാര്യമില്ലെന്നും ദിവസേനെ ആ കഞ്ഞി കലത്തിലിട്ട് പുഴുങ്ങി എടുത്താൽ മതിയെന്നും എന്തേയ്…”

“ഹാ കാര്യം പറയ്യ് മനുഷ്യ….”

“പറഞ്ഞിട്ട് എന്തിനാ…നിന്റച്ഛൻ നിന്നോട് എന്തൊക്കെയോ വലിയ ഡയലോഗ് പരായണം ചെയ്തിട്ട് ഒരക്ഷരം നീ മിണ്ടിയോ… ഇല്ലല്ലോ…പിന്നെ ഇതറിഞ്ഞിട്ടും നിനക്ക് കാര്യമില്ല…”

“അയ്യടാ…നിങ്ങൾക്ക് ഇവിടിരുന്നു ഇങ്ങനൊക്കെ പറയാം…ഞാൻ വല്ലതും തിരിച്ചു പറഞ്ഞാലേ കുറച്ചു നാള് കഴിഞ്ഞു എനിക്കങ്ങോട്ട് തന്നെയാ പോവേണ്ടത് അതിനൊക്കെ ചേർത് ദാസപ്പൻ എനിക്കിട്ട് തരും…നിങ്ങളീ ചെവിയിൽ കൂടി കിളി പറക്കുന്നത് കണ്ടിട്ടുണ്ടോ അത് മാതിരിയാണ് ഓരോ അടിയും….ചെവിയുടെ ഫിലമെന്റ് വരെ അടിച്ചു പോയൊന്നു നമുക്ക് ചിലപ്പോ തോന്നിപോവും ദാറ്റ്‌സ്‌ ടോടല്ലി അൺസഹിക്കബിൾ…ഇത്‌ വല്ലതും നിങ്ങൾക്കറിയോ….നിങ്ങൾക്കിങ്ങനെ അടുപ്പിന്റെ മൂട്ടിലിരുന്ന ബോഡിയും വെച് കീ…ന്ന് പറഞ്ഞു ഇളിച്ചു കാണിച്ചു നടന്നാൽ പോരെ…”

സിദ്ധു ഒരു നിമിഷം അവളെ അന്തം വിട്ട് നോക്കി നിന്നു…പിന്നെ എന്തോ പറയാൻ തുടങ്ങവെയാണ് പുറത്ത് കാളിങ് ബെല്ലടിച്ചത്….

തുടരട്ടെ….