നിന്നെ പോലൊന്ന് തലയിൽ ആയപ്പോൾ തൊട്ട് അന്ന് തുടങ്ങിയതാ ഈ തലവേദന മനസമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായി എന്ന് അറിയോ…?

എഴുത്ത് : സനൽ SBT

വിവാഹം ചെയ്യാൻ പോകുന്ന പെണ്ണ് ഒരു ഭൂലോക പിഴയാണെന്ന് നാട്ടുകാരും വീട്ടുകാരും എന്തിന് സ്വന്തം കൂട്ടുകാര് പോലും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല കാരണം അവളെ എനിക്ക് അത്രയും വിശ്വാസം ആയിരുന്നു. പിന്നെ ബ്ലാംഗ്ലൂരിൽ പഠിച്ച് വളർന്ന ഒരു കൊച്ച് അൽപം മോഡേൺ ആണ് നാട്ടുകാർക്ക് ഇതൊക്കെ പോരെ പല കഥകളും അടിച്ചിറക്കാൻ അതു കൊണ്ടു തന്നെ ഞാൻ അതത്ര കാര്യമാക്കിയില്ല പക്ഷേ വിവാഹം കഴിഞ്ഞ് പിന്നീട് അങ്ങോട്ടാണ് നാട്ടുകാര് പറഞ്ഞതിലും അൽപം കാര്യം ഉണ്ട് എന്ന് എനിക്കും തോന്നിത്തുടങ്ങിയത്. കുറച്ച് ദിവസം ആയിട്ട് അവളുടെ പെരുമാറ്റവും രാത്രി കാലങ്ങളിൽ വൈകി വരുന്ന ഫോൺ കോളുകളും വാട്സ് ആപ്പ് മെസ്സേജുകളും എല്ലാം എൻ്റെ സംശയത്തെ ബലപ്പെടുത്തി.

“ടീ നിനക്ക് ഇനിയും കിടന്ന് ഉറങ്ങാറായില്ലേ.?”

“ആ ഞാൻ ഉറങ്ങാൻ പോവ്വാണ്. “

“എന്നിട്ടാണോ നീ ഫോണിൽ കിടന്ന് കളിച്ചോണ്ടിരിക്കണേ സമയം എത്രയായി എന്ന് നിനക്ക് അറിഞ്ഞൂടെ . “

“ശ്ശോ അത് എൻ്റെ ഫ്രണ്ട്സിൻ്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നതാ. “

“ഇതൊക്കെ നിങ്ങൾക്ക് പകൽ ആയിക്കൂടെ രാത്രി ആയാൽ ഒരെണ്ണത്തിനും ഉറക്കവും ഇല്ല നാശം.”

“അതിനെന്തിനാ ഏട്ടായി കിടന്ന് ഇങ്ങനെ ചൂടാവണേ.”

” ദേ അഗ്നി എനിക്ക് ഇത്തരം കാര്യങ്ങൾ തീരെ ഇഷ്ടം അല്ല ഞാൻ ഇനി പറഞ്ഞില്ല എന്ന് വേണ്ട. രാത്രി പത്ത് മണി കഴിഞ്ഞ് നീ ഇനി ഫോണും പിടിച്ച് ഇരിക്കുന്നത് കണ്ടാൽ ഞാൻ എടുത്ത് എറിഞ്ഞ് പൊളിക്കും. “

” അല്ല സത്യത്തിൽ എന്താ ഹരിയേട്ടൻ്റെ പ്രശ്നം കുറച്ച് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.”

” ഹോ അപ്പോ നീ എന്നെ വാച്ച് ചെയ്യുന്നുണ്ടല്ലേ.”

” ഞാൻ ആരേയും വാച്ച് ചെയ്യുന്നില്ല .പിന്നെ ഇത്തരം സ്വഭാവം തീരെ ശരിയല്ല. ഞാൻ പറഞ്ഞു എന്ന് മാത്രം .”

” ആഹാ ഇപ്പോ എൻ്റെ സ്വഭാവത്തിനാണോ പ്രശ്നം. നീ ചെയ്ത് കൂട്ടുന്നതൊന്നും ഞാൻ അറിയുന്നില്ല എന്ന് കരുതിയോ?”

“ഞാൻ ഇപ്പോ എന്ത് ചെയ്തു എന്നാ ഈ പറയണേ.ഇവിടിപ്പോ എന്ത് ചെയ്താലും കുറ്റാണ് മടുത്തു ഈ നശിച്ച ജീവിതം .”

” ടീ സ്വന്തം വീട്ടില് സംസാരിക്കുന്ന പൊലെ എന്നോട് സംസാരിച്ചാൽ ഉണ്ടല്ലോ പുല്ലേ. ഇനി നീ ഇവിടെ കിടന്ന് നാവാടിയാൽ നിൻ്റെ കരണം നോക്കി ഞാൻ പൊട്ടിക്കും ക്ഷമക്കും ഒരു അതിര് ഉണ്ട്.”

” നിങ്ങൾക്ക് ഒടുക്കതെ കോപ്ലക്സ് ആണ് അതാണ് പ്രശ്നം.”

” അതെടീ എനിക്ക് കോപ്ലക്സ് തന്നെയാണ് നിൻ്റെ അപ്പൻ്റെ പണവും പ്രതാപവും കണ്ടിട്ടല്ല നിൻ്റെ ഈ ഒടുക്കത്തെ സൗന്ദര്യം കണ്ടിട്ട് തന്നെയാണ് ഞാൻ നിന്നെ കെട്ടിയത്. അത് ഇനി നീ നാട്ടുകാരെ കാണിക്കണ്ട സ്വന്തം കെട്ടിയോനായ ഞാൻ മാത്രം കണ്ടാൽ മതി. എൻ്റെ ആവശ്യത്ത് നിന്നെ എനിക്ക് കിട്ടണം അത്രള്ളൂ അല്ലാതെ ആ സമയത്ത് നീ നാട്ടുകാരെ സുഖിപ്പിക്കാൻ നടക്കണ്ട.”

” ഹലോ ഞാൻ നിങ്ങടെ ഭാര്യയാണ് അടിമയല്ല അത് മറക്കണ്ട. ഛേ ഇത്രയും വൃത്തികെട്ട രീതിയിലാണോ സ്വന്തം ഭാര്യയോട് പോലും സംസാരിക്കണേ.”

” അതെ അത് തന്നെയാണ് എനിക്കും പറയാനുള്ളത് നീ എൻ്റെ ഭാര്യയാണ് എന്നെ അനുസരിക്കാൻ പറ്റുവാണേൽ മാത്രം ആ പട്ടം നീ ഇനി അലങ്കരിച്ചാൽ മതി പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടീ. നിന്നെ പോലൊന്ന് തലയിൽ ആയപ്പോൾ തൊട്ട് അന്ന് തുടങ്ങിയതാ ഈ തലവേദന മനസമാധാനത്തോടെ ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായി എന്ന് അറിയോ? “

” ശരിയാ നിങ്ങളെ വിശ്വസിച്ച് നിങ്ങളോട് ഒപ്പം ജീവിക്കാൻ ഞാനെടുത്ത തീരുമാനം തെറ്റായിരുന്നു. ഇനി എന്നെ ഓർത്ത് ആരും ഉറക്കം കളയണ്ട ഞാൻ കാലത്ത് തന്നെ എൻ്റെ വീട്ടിലേക്ക് പോയ്ക്കോളാം.”

അഗ്നി ബെഡിൻ്റെ ഒരു വശത്തേക്ക് തിരിഞ്ഞ് കിടന്നു അപ്പോഴും അവളുടെ തേങ്ങൽ നിലച്ചിട്ടില്ലായിരുന്നു .വീണ്ടും അവളുടെ ഫോണിൽ തുരുതുരാ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു.

” ഈ നട്ടപാതിരായ്ക്ക് ആർക്കാടീ ഇത്ര ക*×*പ്പ് .”

എനിക്ക് വന്ന ദേഷ്യത്തിന് അവളുടെ ഫോൺ എടുത്ത് ഞാൻ റൂമിൻ്റെ ഭിത്തിയിൽ എറിഞ്ഞ് പൊളിച്ചു. എന്നിട്ടും എൻ്റെ കലി അടങ്ങിയില്ല. ഒരൽപസമയത്തിന് ശേഷം പടക്കം പൊട്ടുന്നതു പൊലെയുള്ള ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ലൈറ്റ് ഓൺ ചെയ്തു നോക്കുമ്പോൾ ബെഡ് നിറയെ വർണ്ണക്കടലാസുകൾ എൻ്റെ മുന്നിൽ ഇതാ നിൽക്കുന്നു ഫ്രണ്ട്സും കസിൻസ് പിള്ളാരും കയ്യിൽ വലിയൊരു കേക്കും ഉണ്ട് .

“ഹരിയേട്ടാ ഹാപ്പി ബർത്ഡേ .”

സംഭവം ഒന്നും മനസ്സിലാകാതെ ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പൊലെ അവരെ തന്നെ നോക്കി നിന്നു. അപ്പോഴും അഗ്നി ബെഡിൽ തന്നെ ചുരുണ്ടു കൂടി കിടപ്പുണ്ടായിരുന്നു.

“വാ വാ ഇനി നമ്മുക്ക് കേക്ക് മുറിക്കാം. “

“ഹലോ ഏട്ടത്തി ഇത്ര പെട്ടെന്ന് ഉറങ്ങിയോ ?”

” കേട്ടോ ഹരിയേട്ടാ എല്ലാം പ്ലാൻ ചെയ്തതും ഹരിയേട്ടന് ഒരു സർപ്രൈസ് കൊടുക്കണം എന്ന് പറഞ്ഞതും ഒക്കെ ഏട്ടത്തി ആയിരുന്നു ഒരാഴ്ച മുന്നേ തുടങ്ങിയ പ്ലാനിംങ്ങ് ആണ് എന്നിട്ടിപ്പോ ഏട്ടത്തി നേരത്തെ കിടന്ന് ഉറങ്ങി.”

” അല്ല ഡാ മനൂ അവൾക്ക് ചെറിയൊരു തലവേദന അതാ .”

” ഒരു മണിക്കൂറ് മുൻപേ എനിക്ക് എല്ലാം റെഡിയല്ലേ എന്ന് ചോദിച്ച് മെസ്സേജ് അയച്ചതാണല്ലോ അപ്പോ ഒന്നും പറഞ്ഞില്ല.”

” ഇതിപ്പോ തുടങ്ങിയതാ.”

” ഇനി അതൊന്നും പറഞ്ഞാൽ പറ്റില്ല വാ കേക്ക് മുറിക്കാം ഏട്ടത്തിയെ വിളിച്ചേ. “

അവരെല്ലാം കൂടി ഒരു വിധത്തിൽ അഗ്നിയെ പൊക്കിയെടുത്ത് ടേബിളിൻ്റെ മുന്നിൽ എത്തിച്ചു. കേക്ക് മുറിച്ച് ഒരു കഷ്ണം അവളുടെ വായിൽ വെച്ച് കൊടുക്കുമ്പോഴും എൻ്റെ കൈ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു അവളുടെ മുഖം ആണേൽ കടന്നൽ കുത്തിയ പൊലെയും.

” ഹരിയേട്ടാ സമയം ഒത്തിരിയായി ഇനി ഞങ്ങൾ ഇറങ്ങട്ടെ ഇത് ഞങ്ങളുടെ വക ചെറിയ ഒരു ഗിഫ്റ്റ്.”

മനൂ അത് എൻ്റെ കൈയിൽ ഏൽപ്പിച്ചു. അവർ പോയിക്കഴിഞ്ഞ് പൊതി തുറന്ന് നോക്കിയപ്പോൾ ഒരു പുത്തൻ ഐ ഫോൺ ലെവൻ .ഞാൻ നിസ്സഹായവസ്ഥയോടെ റൂമിൻ്റെ അരികിലേക്ക് ഒന്ന് നോക്കി അപ്പോഴും സാംസങ്ങ് ഗ്യാലക്സി നാല് പീസുകൾ ആയി അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു.

” അഗ്നി ഞാൻ”

പറഞ്ഞത് തീരുന്നതിന് മുൻപേ അവൾ എന്നെ കെട്ടിപ്പിടിച്ച് എൻ്റെ മാറിൽ തല ചായ്ച്ച് കിടന്നു. അവളുടെ ആ ചുടു കണ്ണീർത്തുള്ളികൾ മാഞ്ചൊണപൊലെ എൻ്റെ നെഞ്ചിൽ കിടന്ന് പൊള്ളി ഗിഫ്റ്റ് ആയി കിട്ടിയ ഐഫോൺ ഞാൻ അവളുടെ കൈകളിൽ ഏൽപ്പിച്ച് അവളുടെ സീമന്തരേഖയിൽ ഒരു മുത്തം നൽകി .

NB: രാത്രി പത്ത് മണി കഴിഞ്ഞാൽ എഫ് ബി യിലും വാട്സാപ്പിലും പച്ച ലൈറ്റും കത്തിച്ചിരിക്കുന്ന സ്ത്രീകൾ പോക്കുകേസുകൾ ആണെന്ന് ചില ആണുങ്ങൾക്ക് ഒരു ധാരണ ഉണ്ട് ആ ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത് അവർക്കും ഉണ്ട് ഭർത്താവും കുടുംബവും കുട്ടികളും ഒക്കെ പല വലിയ പ്രശ്നങ്ങളുടെയും തുടക്കം ഇത്തരം ചെറിയ തെറ്റിദ്ധാരണകൾ ആണ് .പരസ്പര വിശ്വാസവും ബഹുമാനവും സ്നേഹവും കരുതലും ഒക്കെയാണ് ഒരു കുടുംബത്തിൻ്റെ അടിത്തറ അത് ഇളകിപ്പോകാതെ കാത്ത് സൂക്ഷിക്കേണ്ടത് നന്മൾ ഓരോരുത്തരുമാണ് .നന്മുക്കും ഉണ്ട് അമ്മയും പെങ്ങന്മാരും എന്ന ചിന്ത എല്ലായിപ്പോഴും വിസ്മരിക്കാതിരിക്കുക. നാളെ അവർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുക.