ശരിയാണ്…അവൾക്കല്പം തെറ്റ് സംഭവിച്ചിട്ടുണ്ട്. സ്വന്തം ഭർത്താവിനെക്കാളും മകനേക്കാളും അവൾ അവളുടെ…

ഭാര്യ അറിയാതെ – എഴുത്ത്: സമീർ ചെങ്ങമ്പള്ളി

സമയ സൂചിക രണ്ടിലേക്കടക്കുന്നു.എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. വൈകുന്തോറും അപകടമാണെന്ന തിരിച്ചറിവിൽ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.നേരത്തെ തയ്യാറാക്കിവെച്ചിരുന്ന ബാഗും പേഴ്സുമെടുത്ത് മുറ്റത്തേക്കിറങ്ങി .

ഗേറ്റ് പതിയെ തള്ളി തുറന്നതിന് ശേഷം ഞാൻ റോഡിലേക്ക് ഇറങ്ങി നിന്നു. റോഡിലാരെയും കാണുന്നില്ല.വിജനമായ പാദയോരത്തിനരികിലൂടെ അലഞ്ഞു നടക്കുന്ന തെരുവായനായക്കൂട്ടം പരസ്പരം ആക്രോശിച്ചും ശബ്ദമുണ്ടാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടന്നുപോയി . സമയം അതിക്രമിക്കുന്തോറും ഞാൻ കൂടുതൽ അസ്വസ്ഥനായിക്കൊണ്ടിരുന്നു.

ദൂരെ നിന്നെ ഒരു കാറിന്റെ ശബ്ദം കേട്ടതും ഞാൻ റോഡിലേക്കിറങ്ങി നിന്നു.ഡ്രൈവറുടെ ശ്രദ്ധ ക്ഷണിക്കാൻ കൈവീശി കാണിച്ചു.അയാൾ എന്നെ കണ്ടതും കാറിന്റെ വേഗത കുറച്ച് അടുത്തേക്ക് വന്നു.

”എങ്ങോട്ടാണ് സാർ ….”

”റയിൽവേ സ്റ്റേഷൻ…”

”1500 രൂപയാകും….”

”ഓക്കേ ….പോകുന്ന വഴിയിൽ ഗാന്ധിനഗറിന് മുന്നിൽ നിർത്തണം….അവിടെ നിന്ന് ഒരാൾകൂടി കയറാനുണ്ട് …”

”ശെരി സാർ…”

ഞാൻ കാറിൽ കയറി. ബാഗ് ഒരുവശത്തേക്ക് മാറ്റി വെച്ചതിന് ശേഷം ഡോറിന്റെ വിന്ഡോ താഴ്ത്തിവെച്ച് പുറം കാഴ്ചകളിലേക്ക് കൺ തുറന്നു .നഗരം അർദ്ധ രാത്രിയുടെ ആലസ്യത്തിലാണ്.തെരുവ് വിളക്കുകളുടെ അരണ്ട വെളിച്ചത്തിന് താഴെ പുതച്ചുമൂടി ഉറങ്ങുന്ന ഒരുപാട് മനുഷ്യരെ പിന്നിട്ടുകൊണ്ട് മാനം മുട്ടെ വളർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ നടുവിലേക്ക് കാർ വളരെ വേഗത്തിൽ സഞ്ചരിച്ചു.

ആ ബഹുനിലകെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾക്ക് നടുവിലും ഉറങ്ങാനാകാതെ രാത്രിയെ തള്ളി നീക്കാൻ കഷ്ടപ്പെടുന്ന നിറയെ മനുഷ്യരുണ്ടാകാം. എന്നെ പോലെ…..

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഞാൻ റാണിയെ വിവാഹം കഴിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അകന്ന ബന്ധുകൂടിയായ അവളെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചത്. പക്ഷേ,ഞങ്ങൾ രണ്ടുപേരും രണ്ടു മനോനിലയിലൂടെ സഞ്ചരിക്കുന്നവരായിരുന്നു.ഞങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒരിക്കൽപോലും സമാന്തരമായിരുന്നില്ല .എന്നിട്ടും പരസ്പരം വിട്ടുവീഴ്ച ചെയ്തും പൊരുത്തപ്പെട്ടും ഞങ്ങൾ ജീവിതം തള്ളിനീക്കി.അതിനിടയിലാണ് കണ്ണന്റെ ജനനം .

നഴ്സിങ് പഠിച്ചിട്ടുണ്ടായിരുന്ന അവൾക്ക് ജോലിക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവളെ തടഞ്ഞിരുന്നില്ല. നഗരത്തിലെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ അവൾക്ക് ജോലി വാങ്ങിക്കൊടുത്തു . വൈകുന്നേരം അഞ്ചുമണി ആകുന്നതിന് മുൻപേ അവൾ വീട്ടിൽ നിന്നിറങ്ങും.പിറ്റേ ദിവസം രാവിലെ എട്ടുമണിക്ക് ശേഷം മാത്രമേ അവൾ വീട്ടിലേക്ക് മടങ്ങി വരുമായിരുന്നോള്ളൂ. അതിനിടയിൽ കണ്ണന്റെയും എന്റെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നില്ല.

കണ്ണനെ എന്നും സ്കൂളിൽ ഇറക്കിയതിന് ശേഷം മാത്രമേ ഞാൻ ഓഫീസിൽ പോകുമായിരുന്നോള്ളൂ. ഓഫീസിലെ ഡ്യൂട്ടി നേരത്തെ നീർത്തതിന് ശേഷം അവനെ പിക്ക് ചെയ്യാൻ ഞാൻ എന്നും സ്‌കൂളിൽ വരുമായിരുന്നു.

അങ്ങനെ അവിടെ വെച്ചാണ് ഞാൻ മായയെ പരിചയപ്പെടുന്നത്. കണ്ണന്റെ ഉറ്റ സുഹൃത്തായ ആദി മോളുടെ അമ്മ. പതിവായുള്ള കുശലന്വേഷണങ്ങളും കൊച്ചു വർത്തമാനങ്ങളും ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി മാറ്റി . പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാൻ ആരംഭിച്ചതോടെ ആ ബന്ധം സൗഹൃദവും കടന്ന് മുന്നോട്ട്പോയി. അവളും എന്നെപ്പോലെ ദുഖിതയായിരുന്നു.ബിസിനസ്സിന്റെ തിരക്കിൽ നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് പറന്നിറങ്ങുന്ന അവളുടെ ഭർത്താവിന് അവളെ ശ്രദ്ധിക്കാനേ സമയമുണ്ടായിരുന്നില്ല. രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ മാത്രം ഒരു വിരുന്നുകാരന്റെ ഭാവത്തോടെ വീട്ടിലേക്ക് കയറി വരുന്ന അയാളെ ഒരു ഭർത്താവായി സങ്കൽപ്പിക്കാൻ അവൾക്കും കഴിഞ്ഞിരുന്നില്ല.

ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വ്യക്തികൾ,സ്വന്തം പങ്കാളിയിൽ നിന്നും കിട്ടാത്ത സ്നേഹവും കരുതലും ഞങ്ങൾ പരസ്പരം പങ്കുവച്ചപ്പോൾ അത് പതിയെ പ്രണയമായി വളരുകയായിരുന്നു. ഇന്നെനിക്ക് അവളില്ലാതെ ജീവിക്കാൻ കഴിയില്ല, എന്റെ കണ്ണനേക്കാൾ കൂടുതൽ ഞാനിന്നവളെ സ്നേഹിക്കുന്നു. സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടിയുള്ള എന്റെ പരിശ്രമങ്ങൾക്ക് മുൻപിൽ ഒന്നും തെറ്റായി തോന്നുന്നില്ല, ചെയ്യുന്നതെല്ലാം ശെരികൾ മാത്രമാണ്…..

കാർ ഗാന്ധിനഗറിലെത്തിയതും ഞാൻ ഡ്രൈവറോട് കാർ ഒരു ഭാഗത്തേക്ക് ഒതുക്കി നിർത്താൻ ആവശ്യപ്പെട്ടു. അവളൊരുപക്ഷേ, എന്റെ വരവും പ്രതീക്ഷിച്ച് ബാൽക്കണിയിൽ നോക്കി നിൽക്കുന്നുണ്ടാവും.അവളുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി പാർക്കിങ് ലൈറ്റ് ഓണാക്കാൻ പറഞ്ഞുകൊണ്ട് ഞാൻ കാറൽ നിന്നും പുറത്തേക്കിറങ്ങി.

സമയം ഏറെ മുൻപോട്ട് സഞ്ചരിച്ചു. എന്റെ മനസ്സിൽ ആധിയേറി തുടങ്ങി.ട്രെയിൻ പുറപ്പെടാൻ ഇനി മുപ്പത് മിനുട്ടുകൾ മാത്രമേ ബാക്കിയുള്ളോ….ഇനിയും അവൾ ഇറങ്ങി വന്നില്ലെങ്കിൽ ഇക്കാലമത്രയും ഞാൻ നെയ്തുകൂട്ടിയ എന്റെ സ്വപ്‌നങ്ങൾ ഇവിടെ അവസാനിക്കും.

ഡിസംബറിലെ ആ കൊടും ശൈത്യത്തിന് നടുവിലും എന്റെ ശരീരം വിയർക്കാൻ തുടങ്ങി. അസ്വസ്ഥമായ മനസ്സോടെ ആ റോഡിൻ വക്കത്തു നിന്ന് ഞാൻ ഞെരിപിരികൊണ്ടു.

പെട്ടെന്നാണ് എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്. ഞാൻ ആകാംഷാപൂർവ്വം അത് തുറന്നു നോക്കിയതും…

“ഏട്ടാ… ഞാനാണ് റാണി…. എനിക്കറിയാം ഏട്ടൻ ഉറങ്ങിക്കാണില്ല…ഇന്നത്തെ ദിവസത്തോടെ ഞാൻ ഈ ജോലി ഉപേക്ഷിക്കും… അതെ ഏട്ടാ… മടുത്തു തുടങ്ങി… എന്റെ ഏട്ടനെയും കണ്ണനെയും ശ്രദ്ധിക്കാതെ എത്ര കാലമായി ഞാൻ ഈ പ്രൊഫെഷന് പിന്നാലെ ചക്ര ശ്വാസം വലിക്കുന്നു…. ഇനിയെങ്കിലും എനിക്ക് എന്റെ ഏട്ടന്റെ ഉത്തമ ഭാര്യയായി ജീവിക്കണം… എന്റെ കണ്ണന്റെ അമ്മയായി ജീവിക്കണം….പെട്ടെന്നെടുത്ത തീരുമാനമല്ല ഇത്… ഏറെക്കാലത്തെ ആലോചനകൾക്ക് ശേഷം ഞാനെടുത്ത ഉറച്ച തീരുമാനമാണത്…ഞാനിപ്പോൾ തന്നെ വീട്ടിലേക്ക് വരാം…. “

അവൾ ഫോൺ കട്ട് ചെയ്തതും ഞാൻ അവിശ്വസനീയതയോടെ ആ റോഡിൽ അൽപ്പം നേരം നിന്നു. എന്റെ ഹൃദയത്തിൽ അവളോടപ്പം അനുകമ്പ തോന്നിത്തുടങ്ങിയിരുന്നു.

ശെരിയാണ്… അവൾക്കല്പം തെറ്റ് സംഭവിച്ചിട്ടുണ്ട്. സ്വന്തം ഭർത്താവിനെക്കാളും മകനേക്കാളും അവൾ അവളുടെ പ്രൊഫഷനെ സ്നേഹിച്ചിരുന്നു. എന്നാൽ തന്റെ കുടുംബ ജീവിതത്തിന് അതൊരു ബാധ്യതയാണെന്ന് മനസ്സിലാക്കിയതും അവളെന്റെ അടുത്തേക്ക് മടങ്ങി വരാൻ തരാൻ തീരുമാനിച്ചില്ലേ ???….അത് ക്ഷമിക്കാനും പൊറുക്കാനും സാധിച്ചില്ലെങ്കിൽ ഞാനെന്ത് ഭർത്താവാണ് ???..അവൾ ചെയ്തതിനേക്കാൾ എത്രയോ മടങ്ങ് ഗുരുതരമായ തെറ്റാണ് ഞാനിപ്പോൾ ചെയ്യാൻ പോകുന്നത്…..

എന്റെ മനസാക്ഷിക്ക് മുൻപിൽ അവളെക്കാൾ വലിയ അപരാധി ഞാൻ ആണെന്ന് തോന്നി….

എന്റെ മനസ്സ് വളരെ വേഗത്തിൽ ഉണർന്നു.ഒന്നും അവസാനിച്ചിട്ടില്ല. അവളുടെ കൂടെ ഇനിയെങ്കിലും സന്തോഷമായി ജീവിക്കണം. അതിന് അവൾ വീട്ടിലെത്തുന്നതിന് മുൻപേ എനിക്ക് എത്തിച്ചേരാൻ കഴിയണം… അതിന് കഴിഞ്ഞില്ലെങ്കിൽ എന്റെ കള്ളങ്ങളെല്ലാം അവളറിയും… അങ്ങനെ സംഭവിച്ചാൽ….

ഞാൻ ഡ്രൈവറോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

“എനിക്ക്.. എത്രയും പെട്ടെന്ന് വീട്ടിലെത്തണം… വേഗമാകട്ടെ… “

ഉറങ്ങിക്കിടന്നിരുന്ന നഗരവീഥിയിലൂടെ കാർ വളരെ വേഗത്തിൽ സഞ്ചരിച്ചു. ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ അവൾ എത്തുന്നതിനും മിനിറ്റുകൾക്ക് മുമ്പേ വീടാണയാൻ എനിക്ക് സാധിച്ചു.

ഞാൻ ആദ്യം തന്നെ ബാഗിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളെല്ലാം പുറത്തെടുത്തു അലമാരയിൽ തന്നെ മടക്കിവെച്ചു. പേഴ്സും വാച്ചും ബെഡ്റൂമിലെ ടേബിളിൽ വെച്ചതിന് ശേഷം ഉടുത്തിരുന്ന പാന്റും ഷർട്ടും മാറ്റി ഒരു കൈലിയും ടി ഷർട്ടുമിട്ട് റെഡിയായി നിന്നു.

കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ ഉറക്കച്ചടവ് അഭിനയിച്ചുകൊണ്ട് വാതിൽ തുറന്ന് ഞാനവളുടെ നേരെ പുഞ്ചിരി നീട്ടി.

അവൾ എന്നോട് വിശേഷങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞു.പഴയ കുറുമ്പും തമാശയും അവളുടെ സംസാരത്തിൽ വീണ്ടും എനിക്കനുഭവിക്കാനായി.അതെ ഞാൻ ഏറെ കാണാൻ ആഗ്രഹിച്ചിരുന്ന എന്റെ റാണി ഇതാ വീണ്ടുമെന്റെ കണ്മുന്നിൽ….

ജീവിത യാത്രയിൽ എന്നോ നഷ്ടമായിരുന്ന നല്ല നിമിഷങ്ങളോരോന്നും വീണ്ടും പുനർജ്ജനിച്ചതുപോലെ എനിക്ക് തോന്നി തുടങ്ങി.

പെട്ടെന്നാണ് എന്റെ സന്തോഷത്തിനു മേൽ കരിനിഴൽ വീഴ്ത്തികൊണ്ട് മൊബൈൽ ഫോൺ ശബ്ദിച്ചത്…

മായ….

അവൾ ശ്രദ്ധിക്കുന്നതിന് മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു… എന്റെ മുഖത്തല്പം സ്വാഭാവികത വരുത്താൻ പാടുപെട്ടു…

“ആരാ ഏട്ടാ അത്… ??”

“അത്…. ഓഫീസിൽ നിന്നാണ് “

“ഈ നേരത്തോ… ??”

” അ… അതെ… ക്ലാർക്ക് വിഷ്ണു ആണ് “

“വിഷ്ണു എന്നാണ് മായയുടെ ഫോണിൽ നിന്ന് സംസാരിക്കാൻ തുടങ്ങിയത് ???…

ഞാൻ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു. എല്ലാം അവൾ അറിഞ്ഞിരിക്കുന്നു. എന്റെ തൊണ്ടക്കുഴികൾ വരണ്ടത്പോലെ എനിക്ക് തോന്നി … കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ..

“എനിക്കെല്ലാം അറിയാം ചേട്ടാ… കുറച്ചു മുൻപ് മായ എന്നെ വിളിച്ചിരുന്നു… എന്റെ ഭർത്താവ് അവളെയും കാത്ത് അവളുടെ ഫ്ളാറ്റിന് മുന്നിൽ നിൽക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട്,.. തന്റെ മകൾ ആദിയെ ഉപേക്ഷിച്ച് അവൾക്ക് നിങ്ങളുടെ കൂടെ പോരാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് … വൈകിയാണത്രെ അവൾക്ക് വിവേകം ഉണ്ടായത്. …

ആദ്യം എനിക്കതൊന്നും വിശ്വസിക്കാൻ സാധിച്ചില്ല…. നിങ്ങളോട് വെറുപ്പും അറപ്പും തോന്നിയിരുന്നു .. പക്ഷേ, പിന്നീടാലോചിച്ചപ്പോൾ തെറ്റ് എന്റെ ഭാഗത്തുണ്ടെന്നും മനസ്സിലായി…ഞാനൊരിക്കലും ഒരു നല്ല ഭാര്യയായിരുന്നില്ല…കാരണം, ഒരു ഭർത്താവ് തന്റെ ഭാര്യയിൽ നിന്ന് ആഗ്രഹിച്ചതൊന്നും എനിക്ക് തരാൻ സാധിച്ചിട്ടില്ല… പക്ഷേ, ഇനിയെങ്കിലും ഞാൻ ശ്രമിക്കാം… എന്റെ ഏട്ടൻ ആഗ്രഹിച്ചതുപോലെ നല്ലൊരു ഭാര്യയാകാൻ… എന്റെ കണ്ണൻ ആഗ്രഹിച്ചപോലെ നല്ലൊരു അമ്മയാകാൻ…. “

അവൾ കണ്ഠമിടറി എന്റെ മുന്നിൽ നിന്നും നടന്നകന്നതും ഞാൻ മറുപടിയില്ലാതെ മുഖം കുനിച്ച് നിന്നു…..

ജീവിതം പലപ്പോഴും അങ്ങനെയാണല്ലോ… നഷ്ടപ്പെട്ടുവെന്ന് നമ്മൾ കരുതിയതെല്ലാം വെറും തോന്നലുകൾ മാത്രമായിരുന്നെന്ന് നമ്മൾ അറിയാൻ തുടങ്ങുമ്പോഴേക്കും പലതും എറിഞ്ഞുടച്ചിട്ടുണ്ടാകും…..