സീൻ അവിടേയും നിന്നില്ലെങ്കിൽ നീ ഗർഭിണി ആണ് എന്നൂടെ കാച്ചിക്കോ അത് കേട്ടാൽ അപ്പനോന്ന് തണുത്തോളും. ശരിയെന്ന ഭാവത്തിൽ അവൾ തലയാട്ടി….

അപ്പനാണ് താരം

എഴുത്ത്: സനൽ SBT (നങ്ങേലി)

ഹൈന്ധ്രബാദിലെ ശ്രീ സായ് ജ്യോതി എഞ്ചിനീയറിംങ്ങ് കോളേജ് മുറ്റത്ത് വെച്ചാണ് ഞാൻ ആദ്യമായി നീലിമയെ കാണുന്നത്.

ജീവിതത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ദാവണി ഉടുത്ത് കോളേജിൽ വരുന്നത് കണ്ടത് .ആദ്യനോട്ടത്തിൽ തന്നെ എന്തോ ഒരു വല്ലാത്ത സ്പാർക്ക് എനിക്ക് തോന്നിയിരുന്നു. അത് അവളുടെ നക്ഷത്ര കണ്ണുകളാണോ,ദാവണിയാണോ ,പനം കുല പൊലെയുള്ള ചെമ്പൻമുടിയാണോ ,അതിൽ ചൂടിയ കനകാമ്പരപ്പൂമാലയാണോ എന്ന് എനിക്ക് അറിയില്ല.

ഞാൻ പണ്ടും പഠിക്കാൻ അലമ്പായതു കൊണ്ട് പ്ലടു 70% മാർക്കേ ഉണ്ടായിരുന്നുള്ളൂ അതൊ കൊണ്ട് ഗവൺമെന്റ് കോളേജിൽ ഒന്നും അഡ്മിഷൻ കിട്ടിയില്ല .പിന്നെ അപ്പന്റെ കൈയിൽ കാശുള്ളതുകൊണ്ട് ഈ കോളേജിൽ ഒരു സീറ്റ് ഒപ്പിച്ചെടുത്തു. ചേച്ചി കാലിക്കറ്റ് ലോ കോളേജിൽ ആണ് പഠിച്ചത്. എനിക്ക് പഠിക്കാൻ വേണ്ടി അപ്പൻ കുറെ ലക്ഷണങ്ങൾ ചിലവഴിച്ചു എന്നും പറഞ്ഞ് അവൾ വീട്ടിൽ എന്നും അടിയുണ്ടാക്കും.

അല്ലേലും പഠിച്ച് എഞ്ചിനീയർ ആവുക എന്ന ഒരു ലക്ഷ്യവും എനിക്ക് ഉണ്ടായിരുന്നില്ല. പ്ലടുവരെ പഠിച്ചത് ബോയ്സ് സ്ക്കൂളിൽ ആയതു കൊണ്ട് ഒരെണ്ണത്തിനെ ഇതുവരെ വളയ്ക്കാൻ പറ്റിയിട്ടില്ല. മാക്സിമം കോളേജ് ലൈഫ് അടിച്ച് പൊളിക്കുക അത്ര തന്നെ. അതിന് കൈയിൽ കാശ് വേണം .അപ്പന്റെ കൈയിൽ കാശുണ്ടെങ്കിലും ആളൊരു പിശുക്കനാണ് കോളേജ് ഫീസ് ,ഹോസ്റ്റൽ ഫീസ് ,അത്യാവശ്യം ചിലവിനുള്ള പൈസ അല്ലാതെ കൂടുതൽ ഒന്നും തരില്ല. അപ്പോൾ ചിലവിനായി ഞാൻ സ്വന്തമായി പണം കണ്ടെത്താൻ നിർബന്ധിതനായി. കോളേജ് കഴിഞ്ഞാൽ 6 മണി മുതൽ രാത്രി 12 മണി വരെ ഒരു പഞ്ചാബി ദാബയിൽ ജോലിക്ക് നിൽക്കും അന്നത്തെ കാലത്ത് 300 രൂപയും ഭക്ഷണവും കിട്ടുമായിരുന്നു.

എങ്ങനെയെങ്കിലും നീലിമയെ വളയ്ക്കണം എന്ന ഒറ്റ ഉദ്ദേശമേ എനിക്ക് ഉണ്ടായിരുന്നൊള്ളൂ. തെലുങ്ക് ആണെങ്കിലോ എനിക്ക് തീരെ പിടിയില്ലാത്ത ഭാഷയാണ്. അപ്പോഴാണ് അറിഞ്ഞത് അവളുടെ അമ്മ തമിഴ് നാട്ടുകാരി ആണെന്ന് .അപ്പോ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായി കാരണം കുറച്ച് തമിഴ് എനിക്കും അറിയാം. രണ്ടും കൽപ്പിച്ച് ഒരു ദിവസം ഞാൻ അവളോട് കാര്യം പറഞ്ഞു .ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.

തെലുങ്കത്തിയല്ലേ കുളിക്കില്ല നനയ്ക്കില്ല എന്നൊക്കെ പറഞ്ഞ് കൂട്ടുകാർ ഒരുപാട് കളിയാക്കി പക്ഷേ ഞാൻ അവളെ ഉപേക്ഷിക്കാൻ തയ്യാറായില്ല. കോളേജിന് തൊട്ടടുത്ത് ഒരു വലിയ സീതാദേവിയുടെ ക്ഷേത്രം ഉണ്ട് വലിയ കല്ലുകളും തൂണുകളും ചിത്രപ്പണികളും കൊത്തുപണികളും നിറഞ്ഞൊരു ക്ഷേത്ര സമുച്ചയം. ദിവസം വൈക്കീട്ട് ഞങൾ അവിടെ പോകും നെയ്യ് ചേർത്ത കടല പരിപ്പും ലഡുവുമാണ് അവിടുത്തെ പ്രസാദം .കോളേജ് കാന്റീനും ലൈബ്രറിയും കോളേജ് ഗ്രൗണ്ടും എല്ലാം ഞങ്ങളുടെ സ്ഥിരം കൂടിക്കാഴ്ചക്കുള്ള വേദിയായി.

അന്നൊരു മഴയുള്ള ദിവസമായിരുന്നു ഒരു ചെറിയ കുടയിൽ നന്നായി നനഞ്ഞ് ഒട്ടിയാണ് അവൾ ക്ലാസിൽ വന്ന് കയറിയത് .എന്നും നേരത്തെ ഞങ്ങൾ രണ്ടു പേരും കോളേജിൽ വരും വെറുതെ സംസാരിച്ചിരിക്കാൻ .ബെഞ്ചിന്റെ അറ്റത്ത് അവൾ വന്നിരുന്നു ഞാൻ അടിമുടി അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു .മുടിയിഴകളിലൂടെ മഴത്തുള്ളികൾ ഊർന്നിറങ്ങി അത് താഴെ വീണ് ചിതറിതെറിക്കുന്നുണ്ടായിരുന്നു. എന്തിനോ വേണ്ടി ദാഹിക്കുന്ന അവളുടെ ചുണ്ടിലേക്ക് ഞാൻ കണ്ണും നട്ടിരുന്നു. എന്തോക്കെയോ അവളോട് പറയണം എന്നുണ്ട് പക്ഷേ ഒന്നും പറയാൻ വയ്യാത്ത ഒരു അവസ്ഥ ആ കോരിച്ചൊരിയുന്ന മഴയത്തും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. പെട്ടെന്നായിരുന്നു എന്റെ അത്ഭുതപ്പെടുത്തിക്കൊണ്ടത് സംഭവിച്ചത്.

അവൾ രണ്ടു കൈകൾ കൊണ്ടും എന്നെ ചേർത്തു പിടിച്ചു തല ഒരു നാൽപത്തിയഞ്ച് ഡിഗ്രി ചെരിച്ചു കൊണ്ട് ഒരു അഡാറ് ലിപ് ലോക്ക് .അവളുടെ മിഴികൾ താനെ കൂമ്പിയടഞ്ഞു അപ്പോഴും ഞാനൊരു മായാലോകത്തായിരുന്നു. ഒരിക്കലും ഈ മഴ തോരാതെ പെയ്യണേ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. പെട്ടെന്ന് അവൾ പിടി വിട്ടു. ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നു. വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല .അധികനേരം അവിടെ ഇരുന്നാൽ പണി പാളും എന്ന് ഉറപ്പായതു കൊണ്ട് പിന്നെ ഒരു നിമിഷം പോലും ഞാൻ അവിടെ നിന്നില്ല അല്ല അവിടെ നിൽക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം . പ്രണയം ചിലപ്പോൾ പൂത്തുലഞ്ഞ് പൂവിട്ടാലോ?

പിന്നെ അങ്ങോട്ട് നാലു വർഷം പിടിവിട്ട പ്രണയമായിരുന്നു. ഞങ്ങളുടെ പ്രണയം ഒരു വശത്ത് പൂത്തു തളിർക്കുമ്പോൾ മറുവശത്ത് സപ്ലിയുടെ എണ്ണം കൂടിക്കൊണ്ട് വന്നു. വിഷയം അവളുടെ വീട്ടിൽ അറിഞ്ഞതോടെ അവളെ അടിച്ചോണ്ട് പോരുകയല്ലാതെ വെറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. പിന്നെ ഒന്നും നോക്കിയില്ല അവിടുത്തെ ചങ്ക് മുനിയ അവളെ ഒരു പർദ്ദയും ഇടീച്ചു കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. കിട്ടിയ വണ്ടിയിൽ ഞാൻ അവളേയും വലിച്ച് കയറി. വീട്ടിൽ ചെന്ന് അപ്പനോട് എന്ത് പറയും എന്നായിരുന്നു എന്റെ പേടി പക്ഷേ നന്മടെ ആൾക്ക് യാതൊരു വിധ ടെർഷനും ഇല്ല കൈയിൽ വലിയൊരു കുർക്കുറെ പായ്ക്കും ഉണ്ട് അതിരുന്ന് നല്ല തട്ടലാണ് . ഞാൻ ഒന്ന് നോക്കിയപ്പോൾ അത് എനിക്ക് നേരെ നീട്ടി

പിന്നെ നന്മൾ ഹണിമൂണിനല്ലേ പോകുന്നത് കുർക്കുറെ ഒക്കെ കഴിച്ച് ഇളം കാറ്റും ഒക്കെ കൊണ്ട് ഇങ്ങനെ യാത്ര ചെയ്യാൻ മനുഷ്യന്റെ ഉള്ളിലെ തീ ഇതുവരെ കെട്ടിട്ടില്ല അപ്പഴാ നിന്റെ ഒരു കുർക്കുറെ .

പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അപ്പനെ എങ്ങനേലും സോപ്പിടാം പക്ഷേ അതല്ല പ്രശ്നം പെങ്ങള് കുരിശ്ശാവും ഉറപ്പാണ്. സംഭവം കേസില്ലാ വക്കീലാണേലും പറഞ്ഞ് പിടിച്ച് നിൽക്കാൻ ഇച്ചിരി പാടാണ്. ഇപ്പഴാണേലോ രണ്ടാമത്തെ പ്രസവത്തിന് വീട്ടിൽ ഉണ്ട് . എന്ത് വന്നാലും പിടിച്ച് നിൽക്കണം തളരാൻ പാടില്ല ഞാൻ സ്വയം ധൈര്യം സംഭരിച്ചു ആദ്യത്തെ കരണം പുകഞ്ഞൊരു അടി എന്തായാലും ഉണ്ടാവും ആ സ്പോർട്ടിൽ നീ അപ്പന്റെ കാലിൽ കേറി വീണോണം ഞാൻ എല്ലാം അവളെ പറഞ്ഞു പഠിപ്പിച്ചു. സീൻ അവിടേയും നിന്നില്ലെങ്കിൽ നീ ഗർഭിണി ആണ് എന്നൂടെ കാച്ചിക്കോ അത് കേട്ടാൽ അപ്പനോന്ന് തണുത്തോളും. ശരിയെന്ന ഭാവത്തിൽ അവൾ തലയാട്ടി.

നിലമ്പൂര് ട്രയിൻ ഇറങ്ങി ബസിൽ പോയാൽ നാട്ടുകാര് എല്ലാവരും കാണും ഞാൻ വീട്ടിൽ എത്തുന്നതിന് മുൻപ് സംഭവം വീട്ടിൽ അറിയും എന്തിനാ ആവശ്യം ഇല്ലാതെ വടി വെട്ടാനുള്ള സമയം നമ്മളായിട്ട് ഉണ്ടാക്കി കൊടുക്കണേ. അതു കൊണ്ട് ഒരു ഓട്ടോ പിടിച്ച് അങ്ങ് പോകാൻ തീരുമാനിച്ചു. ഓട്ടോയിൽ ഇരുന്ന് അവൾ നന്മടെ നാടിന്റെ ഹരിതാപവും പച്ചപ്പും ഒക്കെ വേണ്ട വിധത്തിൽ ആസ്വദിക്കുന്നുണ്ട്. എനിക്കാണേ പേടിച്ചിട്ട് ഇപ്പം മൂത്രം പോകും എന്ന മട്ടിലാണ് ഞാൻ ഇരിക്കുന്നത്. വീടിന്റെ അടുത്തെത്തുംന്തോറും നല്ല പഞ്ചാരിമേളത്തിന്റെ ശബ്ദം പിന്നീട് ഞാൻ തിരിച്ചറിഞ്ഞു അത് പഞ്ചാരിമേളമല്ല എന്റെ അന്ത്യകൂതാശയ്ക്കുള്ള ബാന്റ് മേളമാണെന്ന് .

ഓട്ടോയിൽ നിന്ന് ഇടതുകാൽ വെച്ച് വീടിന്റെ മുറ്റത്തേക്കിറങ്ങി .പ്രതീക്ഷിച്ച പൊലെ തന്നെ അപ്പൻ രാവിലെ പേപ്പറും വായിച്ച് വീടിന്റെ മുന്നിൽ ഇരിപ്പുണ്ട്. ദൈവമേ വീടിന്റെ മുറ്റത്ത് കാല് കുത്തിയതും പള്ളിയിൽ നിന്ന് മരണമണിയാണല്ലോ കേൾക്കുന്നത് .

ഗീവർഗീസ് പുണ്യാളാ കാത്തോണേ?

“അപ്പാ ഇത് എന്റെ ഫ്രണ്ട് കൂടെ പഠിക്കുന്നതാ .അപ്പോ വീട് ഒന്ന് കാണണമെന്ന് പറഞ്ഞപ്പോ പിന്നെ …..”

എന്റെ പരുക്കൽ കണ്ടപ്പോൾ തന്നെ അപ്പന് കാര്യം പിടികിട്ടി.

“സാറാമ്മോ ഒന്നിങ്ങ് വന്നേ ടീ”

അമ്മച്ചി കർത്താവേ എന്നും വിളിച്ചാണ് അടുക്കളയിൽ നിന്നും ഓടി വന്നത്. അപ്പോഴേക്കും പൂരപ്പറമ്പിൽ ആന വിരണ്ടതു കാണാൻ കൂടി നിൽക്കുന്ന പോലെ നാട്ടുകാർ മതിലിന് ചുറ്റും നിരന്നു .

“അപ്പനും അമ്മച്ചിയും എന്നോട് ക്ഷമിക്കണം ഒരു ദുർബല നിമിഷത്തിൽ ഇവളേയും വിളിച്ചോണ്ട് പോരേണ്ടി വന്നു.”

അപ്പൻ കസേരയിൽ നിന്നും എണീറ്റതും ഞാൻ രണ്ടടി പുറകോട്ട് മാറി നിന്നു.

“ഉം. സാറാമ്മേ നീ കൊച്ചിനേയും വിളിച്ചോണ്ട് അകത്തോട്ട് പോ”

“ഹാവൂ രക്ഷപ്പെട്ടു. അവളോട് ചേർന്ന് നിന്നു കൊണ്ട് ഞാൻ പറഞ്ഞു അപ്പന്റെം അമ്മച്ചീടെയും കാലിൽ വീഴ്. “

ഹാ ഹാ കാലിൽ വിഴലും കുമ്പസാരവും ഒക്കെ വീടിന് അകത്ത് വെച്ച് നാട്ടുകാര് കാണണ്ട. “

അപ്പന് എവിടെയാണ് പാളിപോയത് എന്ന് എനിക്കറിയാം കാരണം ഇതു പൊലൊരു ഓശ്ശാന പെരുന്നാളിനായിരുന്നു അപ്പൻ അമ്മച്ചീനീം പള്ളിയിൽ നിന്ന് അടിച്ചോണ്ട് പോന്നത്.

“ഡാ മോനെ നീ ഇങ്ങ് അകത്ത് വാ.”

“എന്താ അപ്പാ “

ഞാൻ മുഖം പൊത്തിക്കൊണ്ടാണ് അപ്പന്റെ അടുത്ത് ചെന്നത്.

“നിന്നെ പഠിപ്പിക്കാൻ കുറെ കാശ് ഞാൻ ചിലവാക്കി അതൊക്കെ തിരിച്ച് പിടിക്കാന്ന് വിചാരിച്ചത് നിന്റെ കല്യാണത്തിനായിരുന്നു ഇപ്പോ ദാ നീ ഒരുത്തിയെ വിളിച്ചോണ്ട് വന്നിരിക്കുന്നു. നിന്നെക്കൊണ്ട് അപ്പഛന് പത്തു പൈസടെ ഉപകാരം പോലും ഇല്ലല്ലോടാ .”

അപ്പഛൻ ജനലിലൂടെ പുറത്തേക്ക് നോക്കി ഇളം കാറ്റിൽ ഒരു വാഴയുടെ ഇല പതുക്കെ ആടുന്നത് ഞാനും നോക്കി നിന്നു. പിന്നെ അവിടെ നിന്നില്ല നേരെ അടുക്കളയിലോട്ട് വെച്ചു പിടിച്ചു അമ്മയെ സോപ്പിടാൻ

” എന്നാലും ന്റെ മോനെ നാട്ടുകാരോട് ഞാൻ ഇനി എന്ത് പറയും.”

” ഒന്നു പോയെ അമ്മച്ചി നാട്ടുകാരാണോ എനിക്ക് ചിലവിന് തരുന്നത്. അമ്മച്ചിക്ക് അവളെ ഇഷ്ട്ടായോ ?”

” കാണാൻ ഒരു ചേലോക്കെ ഉണ്ട്. നായര് കുട്ടിയാ. “

” അടിപൊളി ഹൈന്ധ്രബാദിൽ എവിടാ അമ്മച്ചി നായരും നമ്പൂതിരിയും. അവൾ അവിടുത്തെ പേരുകേട്ട ഒരു റെഡ്ഢി കുംടുംബത്തിലെ ആണ് പേര് നീലിമ .പിന്നെ മലയാളം അറിയില്ല തമിഴ് അറിയാം അമ്മച്ചി പോയി തമിഴ് പടം ഒക്കെ കണ്ട് ഭാഷ കുറച്ച് പഠിച്ച് വെച്ചോ? “

“ആ ബെസ്റ്റ് ചുമ്മാതല്ല ഞാൻ എന്ത് ചോദിച്ചിട്ടും ആ കൊച്ച് ഒരു അക്ഷരം മിണ്ടാത്തത്. “

” എന്നിട്ട് എവിടാ അമ്മച്ചി അവള് ?”

” നിന്റെ റൂമിൽ ഉണ്ട് കുളിക്കാൻ ഞാൻ ബാത്റും കാണിച്ച് കൊടുത്തേച്ചാ പോന്നത്.”

” സാറാമ്മോ അവന്റെ റൂമിൽ ആണോ ആ കൊച്ചി നെ കയറ്റി വിട്ടത് എന്നാലെ മരുമോള് നാളെ പെറും അല്ലാ അതൊക്കെ ഇന്നലെ ട്രയിനിൽ വെച്ച് തന്നെ കഴിഞ്ഞോ ആവോ അതാണ് വിത്ത്”

” പിള്ളേരുടെ മുന്നിൽ വെച്ച് നിങ്ങൾ എന്നാ വർത്താനാ പറയുന്നേ മനുഷ്യാ.”

” കൊച്ചിനെ നിന്റെ റൂമ് കാണിച്ച് കൊട് അവൾ ഇനി അവിടെ കിടന്നാൽ മതി.”

കർത്താവേ അപ്പൻ എട്ടിന്റെ പണിയാണല്ലോ തന്നത് .എന്തായാലും വേണ്ടില്ല വീട്ടിൽ കയറ്റിയല്ലോ അതു തന്നെ മഹാഭാഗ്യം.

” ആരാടാ മുറ്റത്ത് ഒന്ന് പോയി നോക്കിയെ.”

” അത് വല്ല പള്ളി പിരിവിന് വന്നവരാവും കണ്ടില്ലേ വെള്ള മുണ്ടും വെള്ള ഷർട്ടും ഒക്കെ ഇട്ട്. “

” ഹേയ് കൂടെ വെറെ ചിലരും ഉണ്ടല്ലോ ?”

പുണ്യാളാ പണി പാളി അവളുടെ അമ്മാവൻ നാഗരാജ റെഡ്ഢിയും കൂടെ കുറച്ച് പോലീസുകാരും ഞാൻ അപ്പന്റെ പുറകിലേക്ക് പതുക്കി നിന്നു.

” ഹാ SI നടേശൻ സാറോ വാ കയറിയിരിക്ക് .”

” അതെ മാത്യൂസേട്ടാ സംഭവം ഞാൻ ഇപ്പോ എന്താ ചെയ്യണ്ടേ. “

” ഇതു വരെ അവൾ ആരും ആയിക്കോട്ടെ പക്ഷേ ഇപ്പോ അവൾ ന്റെ മകൻ താലികെട്ടിയ പെണ്ണാ പിന്നെ സാറിന് അറിയാലോ ഇന്നത്തെ കാലത്ത് പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് താമസിക്കാം അതിന് ജാതിയും മതവും ഒന്നും ഒരു പ്രശ്നല്ല . ഇവൾ ഇനി പ്രധാനമന്ത്രിടെ മോളായാലും മാത്യൂസിന്റെ വീട്ടീന്ന് ഇറക്കി കൊണ്ടു പോകാൻ പറ്റില്ല. “

” ഉം.”

” സാറ് കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക് എന്നിട്ട് രണ്ടരയ്ക്കുള്ള ശബരി എക്സ്പ്രസ്സിന് ഇവരെ കയറ്റി വിടാൻ നോക്ക്. “

അപ്പൻ സത്യം പറഞ്ഞാൽ വീണ്ടും എന്നെ ഞെട്ടിച്ചു. മാരക ഡയലോഗല്ലേ അടിച്ചത്. പുലി പൊലെ വന്നവർ എലി പൊലെ പോയി. ഏറക്കുറെ എന്റെ റൂട്ട് റെഡിയായി. അപ്പനില്ലാത്ത സമയത്ത് അമ്മച്ചീടെ കണ്ണ് വെട്ടിച്ച് അല്ലറ ചില്ലറ കൈ ക്രിയകൾ ഒക്കെ നടത്തി പക്ഷേ ഒന്ന് മയത്തിൽ ഇതുവരെ കിട്ടീട്ടില്ല. അല്ല അതിന് അവളും ഇത് വരെ സമ്മതിച്ചിട്ടില്ല എന്നതാണ് സത്യം . അങ്ങനെ ദിവസങ്ങൾ കടന്നു പോയി .അപ്പോഴിതാ അപ്പൻ അക്ബർ ട്രാവൽസിന്റെ ഒരു കവറുമായി എന്റെ അടുത്തേക്ക് വരുന്നു.

മകന് ഹണിമൂൺ ആഘോഷിക്കാൻ ടിക്കറ്റുമായി വരുന്ന അപ്പൻ .ആഹാ അന്തസ്സ് അപ്പൻ ആള് മെസ്സാണ്,

“ഡാ കെവിനെ?”

“എന്താ അപ്പാ”

“ഇന്നാ നിനക്കുള്ള ടിക്കറ്റ് മറ്റന്നാൾ ആള് ഫ്ലൈറ്റ് .”

“ശ്ശോ ഈ അപ്പന്റെ ഒരു കാര്യം. ഇത്ര പെട്ടെന്ന് ഇതൊന്നും വേണ്ടായിരുന്നു.”

“ഇനി പിന്നെ എപ്പഴാ. പോത്തു പൊലെ വളർന്നില്ലേ.”

“അല്ലപ്പാ ഇത് എണ്ടോട്ടാ. ഒരു ടിക്കറ്റ് മാത്രമേ ഉള്ളൂ.”

” ആ അതിന് നീ മാത്രമേ പോകുന്നോളൂ ദുബായിൽ നിനക്ക് ഒരു ജോലി റെഡിയാക്കിയിട്ടുണ്ട് രണ്ട് വർഷം പോയി പണിയെടുക്ക് എന്നിട്ട് അപ്പൻ മുടക്കിയ കാശെല്ലാം മോന് തിരിച്ച് താ .അല്ലാതെ നീ എന്നാ വിചാരിച്ചേ നിന്നെ ഞാൻ യൂറോപ്പിലേക്ക് ഹണി മൂണിന് വിടുവാണെന്നോ?”

അപ്പന്റെ ആ ഡയലോഗ് കേട്ടതും ഷോക്കടിച്ച കാക്കയെ പൊലെ ഞാൻ മരവിച്ച് നിന്നു. ഇതിലും വലിയ ഒരു പണി അപ്പൻ ഇനി എനിക്ക് തരാനില്ല. അങ്ങിനെ മനസ്സില്ലാ മനസ്സോടെ ഞാൻ പെട്ടിയും കിടക്കയും എടുത്ത് ദുബായിക്ക് വണ്ടി കയറി.മോഹൻലാല് പറഞ്ഞ പോലെ ഇന്നും തീരാത്ത പ്രവാസം. അങ്ങിനെ മാസങ്ങളും ആഴ്ചകളും ദിവസങ്ങും എണ്ണി വേഴാമ്പലിനെ പൊലെ കാത്തിരിക്കുകയാണ് സൂർത്തുക്കളെ ആ സംഗമത്തിന് വേണ്ടി.