എഴുത്ത് : സമീർ ചെങ്ങമ്പള്ളി
സ്വന്തം അച്ഛന്റെയൊപ്പം അവിഹിതബന്ധം ആരോപിക്കപ്പെട്ട ഒരു മകളുടെ ദുർവിധി നിങ്ങൾക്ക് സങ്കല്പിക്കാനാകുമോ???
എന്റെ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഒരു മാസത്തിലേറെയായി, മുൻപൊക്കെ ഞാൻ അച്ഛന്റെ കൂടെയാണ് കോളേജിലേക്ക് പോയിരുന്നതും തിരിച്ചുവന്നിരുന്നതും, പക്ഷേ ഇപ്പോൾ ഞാൻ കുളിച്ചൊരുങ്ങുന്നതിന് മുൻപേ അച്ഛൻ വീട്ടിൽ നിന്നിറങ്ങും, തിരിച്ചു വരുന്നതാകട്ടെ ഞാൻ ഉറങ്ങിയതിന് ശേഷം മാത്രം….
അച്ഛനെന്നോടുള്ള ഈ അവഗണന ഏറ്റവും കൂടുതൽ വേദനിപ്പിച്ചിരുന്നത് അമ്മയെയാണ്, ഒരിക്കൽ അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു
“നിങ്ങളെന്താ ഇപ്പോൾ നമ്മുടെ മോളോട് മിണ്ടാത്തത്, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും നിങ്ങളിപ്പോൾ ശ്രമിക്കാറില്ലല്ലോ???… “
അച്ഛന്റെ മുഖം മ്ലാനമായി , കണ്ണുകൾ നിറഞ്ഞൊഴുകി, ശബ്ദമിടറിക്കൊണ്ടദ്ദേഹം പറഞ്ഞു…
“അവളുടെ മുഖത്തേക്ക് ഞാൻ എങ്ങനെ നോക്കും, സ്വന്തം മകളുടെ കൂടെ അവിഹിതം ആരോപിക്കപ്പെട്ട ഒരു നാണംകെട്ട അച്ഛനായിപ്പോയില്ലേ ഞാൻ…. “
അച്ഛൻ കൈമലർത്തിക്കൊണ്ടത് പറഞ്ഞപ്പോൾ എന്റെ ഉള്ളം നീറിപ്പുകഞ്ഞു.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് അത് സംഭവിച്ചത്, പ്ലസ് ടു പരീക്ഷയിൽ എനിക്ക് നല്ല മാർക്കുണ്ടെന്ന് ടീച്ചർ വിളിച്ചുപറഞ്ഞപ്പോൾ ഞാനാദ്യം ഓടിയത് അച്ഛന്റെയും അമ്മയുടെയും റൂമിലേക്കായിരുന്നു. ടൗണിൽ നിന്നും വന്നതിന്റെ ക്ഷീണം തീർക്കാൻ അൽപ്പം സമയം മയങ്ങാൻ കിടന്നതായിരുന്നു അച്ഛൻ. ഞാൻ പതിയെ അച്ഛന്റെയടുത്തേക്ക് നടന്നു, കുറ്റിരോമം നിറഞ്ഞ ആ നെഞ്ചിൽ തല താഴ്ത്തിവെച്ചു, കയ്യിലുണ്ടായിരുന്ന മൊബൈലിന്റെ ഫ്രണ്ട് കാമറ തുറന്നതിന് ശേഷം ഒരു സെൽഫിയെടുത്തു….
സുഹൃത്തക്കൾ മാത്രം അംഗങ്ങളായുള്ള എന്റെ വാട്സാപ്പിൽ സ്റ്റാറ്റസായി ഞാൻ ആ ഫോട്ടോയിട്ടു, കൂടെ ഒരു അടിക്കുറിപ്പും…
“Celebriting my win with my dear dad”
ദിവസങ്ങൾക്ക് ശേഷമാണ് ഞാനത് ശ്രദ്ധിക്കാൻ തുടങ്ങിയത്, കോളേജിലും ക്യാന്റീനിലും ബസ് സ്റാൻഡിലുമെല്ലാം ആളുകൾ എന്നെ സംശയത്തോടെ നോക്കുന്നു, അവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, അതിനിടയിൽ അർത്ഥമുനയുള്ള സംസാരങ്ങളും നോട്ടങ്ങളുമായി കഴുകൻ കണ്ണുകളോടെ മറ്റു ചിലർ….
എനിക്കാദ്യമൊന്നും മനസ്സിലായില്ല, ഒടുവിൽ എന്റെ മൊബൈലിലേക്ക് ഒരു ചിത്ര സന്ദേശമെത്തി,കൂടെ ഒരു കുറിപ്പും….
“സ്വന്തം അച്ഛന്റെ കൂടെ പ്ലസ് ടു കാരിയായ മകളുടെ ലൈംഗിക പരാക്രമം,നമ്മുടെ നാടിതെങ്ങോട്ട്?? “
ഞാനന്ന് വാട്സാപ്പിൽ ഷെയർ ചെയ്ത അതേ ചിത്രമായിരുന്നു,ആരോ അത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരിക്കുന്നു… ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഞങ്ങളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ഒഴുകി നടന്നു, പലരും ഞങ്ങൾക്ക് നേരെ കേട്ടാൽ അറക്കുന്ന തെറിവിളീകൾ നടത്തിക്കൊണ്ടിരുന്നു…
കേരളീയ സംസ്കാരത്തിന് അപമാനമാണ് ഈ അച്ഛനും മകളുമെന്ന് ഫേസ്ബുക് ലൈവിലൂടെ പലരും ഉത്ഘോഷിച്ചുകൊണ്ടിരുന്നു… അതിനിടയിൽ സത്യമെന്താണെന്നന്വേഷിക്കാൻ ആരും തയ്യാറായില്ല….
അയൽവാസികളുടെയും ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കാനാകാതെ ഞങ്ങൾ വീടും നാടും വിട്ടു, പുതിയ ഗ്രാമത്തിൽ ചേക്കേറി….
അന്ന്മുതലാണ് അച്ഛൻ എന്നിൽ നിന്നും മാറി നടക്കാൻ തുടങ്ങിയത്, ഞാനുറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഒരു കള്ളനെപ്പോലെ വീട്ടിലേക്ക് കയറി വരാൻ തുടങ്ങിയത്….ഒരു തീന്മേശയ്ക്ക് ചുറ്റും ഇരുന്ന് ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാതായത്…
ഓരോ രാത്രിയിലും എന്റെ കട്ടിലിന് ചാരെ ഇരുന്ന് അച്ഛൻ വിതുമ്പിക്കരയുമ്പോൾ അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് ആ കണ്ണീരൊപ്പാൻ ഞാൻ ആഗ്രഹിക്കാറുണ്ട്, പക്ഷേ, ഞങ്ങൾക്കിടയിൽ ഈ സമൂഹം അപവാദങ്ങൾക്കൊണ്ട് കെട്ടിപ്പൊക്കിയ ഒരു വൃത്തികെട്ട മറയുണ്ട്,ഒരു അച്ഛനും മകൾക്കും മനസ്സ് തുറന്ന് സംസാരിക്കാൻ അതൊരിക്കലും അനുവദിക്കില്ല…
ഇനിയും ഈ പീഡനങ്ങൾ സഹിക്കാനാകില്ല, ജീവിക്കുന്നെങ്കിൽ എന്റെ അച്ഛന്റെ മകളായി പഴയപോലെ അന്തസ്സായി ഞാൻ ജീവിക്കും,അതിനും അനുവദിച്ചില്ലെങ്കിൽ….
ഞാൻ തീരുമാനമെടുത്തിരുന്നു….
അടുത്ത ദിവസം അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുന്നതിന് മുൻപേ ഞാൻ എഴുന്നേറ്റു, അച്ഛന്റെ റൂമിലേക്ക് നടന്നു…
അച്ഛൻ എന്നെക്കണ്ടതും പരിഭ്രമിച്ചുകൊണ്ട് മുഖം വെട്ടിക്കാൻ തുടങ്ങി…
“എന്റെ അച്ഛന്റെ നെഞ്ചിൽ തലവെച്ചു കിടക്കാനുള്ള അവകാശം പോലും ഒരു മകളായ എനിക്കില്ലേ…. പിന്നെന്തിനാണച്ഛാ നമ്മളിവിടെ ജീവിക്കുന്നത്???… “
മറുത്തെന്തെങ്കിലും പറയാൻ അനുവദിക്കാതെ ഞാൻ അച്ഛന്റെ കയ്യുംപിടിച്ച് പുറത്തേക്ക് നടന്നു, കാര്യം മനസ്സിലാകാതെ അച്ഛൻ എന്റെ കൂടെ പോന്നു…
ഞങ്ങൾ നേരെ ടൗൺ ഹാളിലേക്ക് നടന്നു, സുഹൃത്തുക്കളുടെ സഹായത്തോടെ ഞാൻ നേരത്തെ വിളിച്ചു തയ്യാറാക്കി നിർത്തിയ മാധ്യമങ്ങൾക്ക് മുൻപിൽ ഞങ്ങൾ വന്നിരുന്നു…
“ഇത് എന്റെ അച്ഛൻ… നിങ്ങളുടെയൊക്കെ അച്ഛനെപ്പോലെ സ്നേഹവും വാത്സല്യവും വേണ്ടുവോളം എനിക്ക് തന്ന എന്റെ അച്ഛൻ… പക്ഷെ, ആ അച്ഛനെ ഒന്നുമ്മ വെക്കാൻ, ആ നെഞ്ചിൽ തല ചാഴ്ച്ചുറങ്ങാൻ,ഷർട്ടിടാത്ത ആ മേനിയിൽ കെട്ടിപ്പിടിക്കാൻ എനിക്ക് അനുവാദം നൽകാത്ത സമൂഹമേ…. ഏത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഞങ്ങളെ തെറ്റുകാരാക്കിയത് , ഏത് മുൻവിധികളുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഞങ്ങൾക്കെതിരെ പോസ്റ്റുകൾ ഷെയർ ചെയ്തത്….
കരുതിയിരുന്നോ… നാളെ നിങ്ങൾക്കും ഈ ഗതികേട് വരും, സ്വന്തം അച്ഛനെയും അമ്മയെയും ആലിംഗനം ചെയ്യാൻ സമ്മതിക്കാത്ത, അവരുടെ കൂടെ ഒറ്റക്ക് യാത്ര ചെയ്യാൻ പോലും സമ്മതിക്കാത്ത ഒരു സമൂഹത്തിൽ നാണം കേട്ടു ജീവിക്കുന്ന ഗതികേട്….
ഒരു ഫോണും ഇന്റര്നെറ്റുമുണ്ടെങ്കിൽ ആർക്കും ആരെയും തേജോവധം ചെയ്യാൻ കഴിയുന്ന ഈ നാട്ടിൽ നാളെ നിങ്ങളും ഇരയാക്കപ്പെടും….
എനിക്ക് ഒരപേക്ഷയെ നിങ്ങളോട് പറയാനുള്ളൂ… ഇനിയെങ്കിലും ഇങ്ങനെ കിട്ടുന്ന വാർത്തകളെ മുൻവിധികളില്ലാതെ ആഘോഷിക്കരുത്, അതിൽ തകർന്നുപോകുന്നത് പല ജീവിതങ്ങളാണ്,പല ബന്ധങ്ങളാണ്…. പ്ലീസ്…… “
(സോഷ്യൽ മീഡിയയിലൂടെ നമ്മൾ പടച്ചുണ്ടാക്കുന്ന കഥകളിൽ ഇരയാകേണ്ടി വന്നവർക്ക് വേണ്ടി, ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് )
സമീർ ചെങ്ങമ്പള്ളി