അതിനുമുമ്പായി അവതാരകൻ അയാളോട് ചോദിച്ച കുശലാന്വേഷണം ആണ് ഈ ആൾ കൂട്ടത്തെ എല്ലാം നിശബ്ദമാക്കിയത്….

Story Written by VIDHUN CHOWALLOOR

ഇതിൽനിന്ന് കിട്ടുന്നകാശുകൊണ്ട് എന്റെ കുട്ടിയുടെ ഹാർട്ട് ഓപ്പറേഷൻ നടക്കും

അതുവരെ വളരെ ബോറായി തോന്നിയ ആ ലൈവ് പ്രോഗ്രാം എനിക്കെന്തോ ഇന്ട്രെസ്റ്റിംഗ് ആയി തോന്നാൻ തുടങ്ങി…..

പാലക്കാട് റെയിൽവേ സ്റ്റേഷൻ ആണ് സ്ഥലം. ഒരു മിലിട്ടറി സെലക്ഷന് വേണ്ടി വന്നതാണ് ഇവിടെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഞങ്ങൾ നാലു പേരുണ്ട്….അടുത്ത സുഹൃത്തുക്കൾ കൂട്ടുകാർ അങ്ങനെ എല്ലാം പറയാം. നാട്ടുകാരുടെ ഭാഷയിൽ പഠിപ്പ് എല്ലാം കഴിഞ്ഞു ചുമ്മാ നടക്കുന്ന ചെറുപ്പക്കാർ
അവരുടെ വായടപ്പിക്കാനും മറ്റും ഞങ്ങൾ നടത്തുന്ന ചില കലാപരിപാടികൾ ആണിത്

ആദ്യഘട്ടം ഒരു വലിയ ഗ്രൗണ്ടിനു ചുറ്റും ഏഴു പ്രാവശ്യം ഓടണം മൂന്ന് റൗണ്ട് ഞാൻ ഓടി മുൻപിൽ തന്നെ നാലാം റൗണ്ടിൽ ആരുടെയോ കാലിൽ തട്ടി താഴെ വീണു ഒന്ന് രണ്ട് ചവിട്ടും കിട്ടി. കാൽ ഒന്ന് ഉളുക്കി ഓടാൻ പോയിട്ട് എനിക്ക് നിൽക്കാൻ വയ്യ എണീക്കാൻ ഉള്ള ശ്രമത്തിന് മുൻപ് തന്നെ തോളിൽ പിടുത്തം വീണു…എന്നെ എടുത്തു പൊക്കി ഒരു മരച്ചുവട്ടിൽ കൊണ്ടുപോയി ഇരുത്തി…..ഒരുത്തൻ കാലിൽ തിരുമ്മി…..

എന്തിനാ നിർത്തിയത് നിങ്ങൾ ഓടാമായിരുന്നു

മനുഷ്യന്റെ വായിൽ നിന്ന് ഓടിയോടി പത വരാറായി ആരെങ്കിലും ഒന്നു വീണാൽ മതിയായിരുന്നു എന്ന് സത്യമായിട്ടും ഞാൻ വിചാരിച്ചു.. അപ്പോഴാണ് നീ ചക്ക ഉരുളുന്ന പോലെ അതിനിടയിൽ കിടന്നു ഉരുളുന്നത്

ഞാൻ അവനെ ഒന്നു നോക്കി…..സത്യം ഇതൊന്നുമല്ല എന്ന് എനിക്കും അവർക്കും അറിയാം…….

തോറ്റ് തൊപ്പിയിട്ട് ഓരോ പ്രാവശ്യവും നാട്ടിൽ എത്തുമ്പോൾ കളിയാക്കാൻ ഒരുപാട് പേരുണ്ട്. ഇപ്രാവശ്യവും പതിവുപോലെ തന്നെ

അങ്ങനെ നേരത്തെ തന്നെ നാട്ടിലേക്ക് തിരിക്കാം എന്ന് കരുതി ഗഡികളെ എന്തിനു വിഷമിക്കണം. അങ്ങനെ ട്രെയിൻ ടിക്കറ്റ് വാങ്ങിച്ച് നിൽക്കുമ്പോഴാണ് ഈ പ്രോഗ്രാം കാണുന്നത് എന്നാ പിന്നെ ടിവിയിൽ ഒന്നു മുഖം കാണിക്കാം എന്ന് കരുതി…..

ഒരു അച്ഛനാണ് മത്സരിക്കുന്നത്….കൂടെ ഒരു പെൺകുട്ടിയുണ്ട് ഒരു ഹോസ്പിറ്റലിന്റെ പേരുള്ള കവർ ഒക്കെ പിടിച്ച് അവൾ അച്ഛന് നേരെ നോക്കി ചിരിക്കുന്നുണ്ട്

വലിയ പഠിപ്പുള്ള ആളായിഒന്നും തോന്നുന്നില്ല. പക്ഷേ ആ കുട്ടിയുടെ ചിരിയുടെ മൈലേജിൽ അയാൾ ചോദ്യങ്ങൾക്കെല്ലാം ശരിയുത്തരം പറയുന്നുണ്ട് കണ്ടപ്പോൾ എനിക്കും കൗതുകം തോന്നി ആൾക്കൂട്ടത്തിനു മുന്നിലേക്ക് തന്നെ ഞങ്ങൾ കയറി നിന്നു,,…..

അമ്പതിനായിരം രൂപയുടെ അഞ്ചാമത്തെ ചോദ്യം……. അതിനുമുമ്പായി അവതാരകൻ അയാളോട് ചോദിച്ച കുശലാന്വേഷണം ആണ് ഈ ആൾ കൂട്ടത്തെ എല്ലാം നിശബ്ദമാക്കിയത്

എല്ലാവരുടെയും കണ്ണ് ആ കുട്ടിയുടെ നേരെ പതിഞ്ഞു എല്ലാവരെയും നോക്കി ആ മിടുക്കി ഒന്നു പുഞ്ചിരിച്ചു…….

എനിക്കെന്തോ സങ്കടം തോന്നി….ഇവിടെ എത്ര ആളുകൾ ഉണ്ട് കൊന്നും പിടിച്ചു പറിച്ചും പീഡിപ്പിച്ചും നല്ല മാന്യമായി നടക്കുന്നവർ, ചിലർ വിദേശങ്ങളിൽ ഒളിച്ചിരിപ്പ് ആണ്, ചിലർ ജയിലുകളിൽ സുഖചികിത്സയിലും….അവർക്കൊന്നും കൊടുക്കാതെ എന്തിനാ ഈ കുട്ടിക്ക് ഞാൻ മുകളിലേക്കു നോക്കി കണ്ണുരുട്ടി

കേരളത്തിൽ ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായിരുന്ന ആളുടെ പേര്……….

ആളുടെ നിപ്പ് കണ്ടാൽ അറിയാം ഏകദേശം കയ്യിൽ നിന്നു പോയ മട്ടാണ്. ഞാൻ ആ അവതാരകനെ നോക്കി. എന്തായാലും ചുമ്മാ പൈസ കൊടുക്കുക അല്ലേ എന്നാൽ ഇച്ചിരി സിമ്പിൾ ചോദ്യം ചോദിച്ചു കൂടെ ഇയാൾക്ക് ആ കുട്ടിയുടെ ജീവൻ എങ്കിലും രക്ഷപ്പെടും……

ആൾ എന്തോ ഒരു പേര് പറഞ്ഞു എനിക്കും കേട്ടു പരിചയം ഇല്ല…….

കുറച്ചു വിഷമത്തോടെ അയാൾ പറഞ്ഞു, ഉത്തരം തെറ്റാണ്……25,000 രൂപയാണ് ചേട്ടന് കിട്ടിയത്.നന്നായി മത്സരിച്ചു എന്നുള്ള ഒന്ന് രണ്ട് മിനുക്ക് വാക്കുകൾ പറഞ്ഞു ആൾക്കൂട്ടത്തെ അവതാരം കയ്യിലെടുത്തു പിന്നെ കൈയ്യടിപ്പിച്ചു…..

ഇക്കൂട്ടത്തിൽ ഉള്ള ആർക്കെങ്കിലും അറിയുമോ ഇതിന്റെ ശരിയുത്തരം. ശരിയുത്തരം പറയുന്നവർക്ക് ഈ പ്രോഗ്രാമിൽ മത്സരിക്കാം. ഞാനുൾപ്പെടെ മൂന്നാലു പേർ കൈപൊക്കി. അടുത്തുനിന്ന് ഞാൻ ആയതുകൊണ്ട് ആദ്യത്തെ നറുക്കും എനിക്ക് തന്നെ വീണു

സി.എച്ച്.മുഹമ്മദ്‌കോയ………..

ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രി (54 ദിവസം ), സി.എച്ച്.മുഹമ്മദ്‌കോയ…ഉത്തരം ശരിയാണ്……….

വീണ വീഴ്ചയിൽ എന്റെ തലയ്ക്ക് എന്തെങ്കിലും പറ്റിയോ എന്ന മട്ടിൽ കൂട്ടുകാർ എന്നെ നോക്കി

മത്സരത്തിലേക്ക് ഉള്ള എൻട്രി അങ്ങനെ അവിടെ നിന്നു ലഭിച്ചു….

അച്ഛനോടു ചേർന്നുനിന്ന് എനിക്കുവേണ്ടി കയ്യടിച്ച ആ കൊച്ചു മിടുക്കിയെ ഞാൻ നോക്കി. കൈകൊണ്ട് ഒരാൾ ദ ബെസ്റ്റ് എനിക്ക് തന്നു

തിരിച്ച് താങ്ക്സ് എന്നമട്ടിൽ ഒരു പുഞ്ചിരി ഞാനും തിരിച്ചു കൊടുത്തു……

വായനശാലയിൽ വയസ്സായ ആളുകൾ വന്ന് ഒന്നും രണ്ടു ഗ്രൂപ്പായി അങ്ങോട്ടുമിങ്ങോട്ടും കളിയാക്കാറുണ്ട് അതിൽ നിന്ന് വീണു കിട്ടിയതാണ് ഈ പേര്…….ഓർമ്മ വന്നു എന്ന് മാത്രം……ഭാഗ്യം അല്ലാതെന്തു പറയാൻ……

Psc ക്ക് പഠിക്കുന്ന ഒരു പെങ്ങളുണ്ട് എനിക്ക്…എന്നെ ശല്യപ്പെടുത്താൻ എന്റെ അടുത്ത് വന്നിരുന്ന് എന്റെ ചെവിക്കുള്ളിൽ കയറി പഠിക്കുന്ന ഒരു സാധനം. അഞ്ചാറു ചോദ്യങ്ങൾക്കുള്ള ഉത്തരം ആ കേട്ട് അറിവിൽ നിന്ന് കിട്ടി….സമയം കളയാനുള്ള ഒരു അടവ് അല്ല അത്. ഓട്ടോ ഡ്രൈവറായ അച്ഛനെ വലിയ സാമ്പത്തിക ബാധ്യതയിൽനിന്ന് ഒഴിവാക്കാനുള്ള തന്ത്രപരമായ ഒരു നീക്കം. അതാണ് അവൾക്ക് psc നല്ലൊരു ജോലിയുടെ പേരിൽ ആ വലിയ സ്ത്രീധനത്തുക യിൽ നിന്ന് നൈസ് ആയി ഊരി പോരാനുള്ള നീക്കം…….

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്നും കുറ്റകരമാണെന്നും നിയമമുണ്ട്. പക്ഷേ സന്തോഷത്തിന്റെ പേരിൽ ആ കൈമാറ്റങ്ങൾ എന്നും നടക്കുന്നുണ്ട്. അതറിയണമെങ്കിൽ സ്വർണ്ണത്തിന് വില കൂടുന്നു എന്ന വാർത്ത കാണുന്ന അമ്മമാരുടെ കണ്ണിൽ നോക്കിയാൽ മതി…..ഞാൻ കുറെ കണ്ടിട്ടുണ്ട്……

അങ്ങനെ കാത്തിരുന്ന പത്താമത്തെ ചോദ്യം…രണ്ട് ലക്ഷം രൂപയുടെ അവസാനത്തെ ചോദ്യം..

ഈ ചോദ്യത്തിന് ശരിയായ ഉത്തരം തരുന്നതോടെ രണ്ടു ലക്ഷം രൂപയ്ക്ക് വിധു അവകാശിആവും. രണ്ട് ലക്ഷം രൂപ അതൊരു ചെറിയ തുക അല്ല, പണത്തിനുവേണ്ടി അച്ഛനെയും അമ്മയെയും കൊല്ലുന്നവരെ നമ്മൾ ഇന്ന് മാധ്യമങ്ങളിൽ കാണുന്നുണ്ട്. മിക്ക കുട്ടികളും ലഹരിക്ക് അടിമകൾ…ഇതിന്റെ എല്ലാത്തിന്റെയും പിന്നിൽ പണത്തിന്റെ പങ്ക് വളരെ വലുതാണ് ഇതിനെക്കുറിച്ചുള്ള വിധു വിന്റെ അഭിപ്രായം എന്താണ്…..

ഇതുവരെ ചോദിച്ചതിൽ വെച്ച് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം പോലെ എനിക്ക് തോന്നി

അച്ഛന്റെ പോക്കറ്റിൽ നിന്ന് വീണുകിട്ടുന്ന അഞ്ചിന് യോ പത്തിന്റെയോ നാണയത്തുട്ടുകൾ…കൂടിപ്പോയാൽ ഒരു നൂറ് രൂപ അതിൽ കൂടുതൽ ഒന്നും ഞാൻ അടിച്ചു മാറ്റില്ല……ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരാൾ പറഞ്ഞ കുറച്ചു വാക്കുകൾ ഉണ്ട്. നിറഞ്ഞിരിക്കുന്ന പോക്കറ്റിന് പല ചീത്ത സ്വഭാവങ്ങളും കൂട്ടായി വരും കാലിയായ പോക്കറ്റ് അത് ജീവിതം എന്താണെന്ന് പഠിപ്പിക്കും…… ഒരു അധ്യാപകനെ പോലെ…പിന്നെ എല്ലാവരെ പോലെയും എനിക്കും ആഗ്രഹങ്ങൾ ഉണ്ട് ഒരു ബൈക്ക്, ബ്രാൻഡഡ് ഫോൺ, ഡ്രസ്സ് അങ്ങനെ അങ്ങനെ…..

Mm…… ഗുഡ്……ന്ന നമുക്ക് ചോദ്യത്തിലേക്ക് കടക്കാം എന്തിന്റെ അപരനാമമാണ് ലൂണാർ കാസ്റ്റിക്??

സിൽവർ നൈട്രേറ്റ്…..

ഒരു ആലോചനയും ഇല്ലാതെ വേഗത്തിൽ തന്നെ ഞാൻ ഉത്തരം കൊടുത്തു അതിനു പിന്നിൽ ഒരു കാരണവും ഉണ്ട് ഇലക്ഷൻ സമയത്ത് കുറച്ചു വിവാദമുണ്ടാക്കിയ ഈ സാധനം പെട്ടെന്ന് എങ്ങനെ മറക്കും ഒരു കൗതുകത്തിന് ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയതാണ് (കൈയില്‍ പുരട്ടിയാല്‍ 40 സെക്കന്‍ഡുകള്‍ കൊണ്ട് ഈ മഷി ഉണങ്ങി പിടിക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം. ഒരു സെക്കന്‍ഡ് കയ്യില്‍ പറ്റിയാലും ഈ മഷി അതിന്റെ അടയാളം അവശേഷിപ്പിക്കും. മഷിയില്‍ അടങ്ങിയിരിക്കുന്ന ‘സില്‍വര്‍ നൈട്രേറ്റ്’ ആണ് ഇതിനെ ഉണങ്ങി പിടിക്കാന്‍ സഹായിക്കുന്നത്. ആവശ്യാനുസരണം 7%- 25% സാന്ദ്രതയില്‍ സില്‍വര്‍ നൈട്രേറ്റ് മഷിയില്‍ ഉണ്ടാകും)

ഉത്തരം ശരിയാണ്…..ഇന്നത്തെ വിജയി ഇയാൾ ആണ്….2 ലക്ഷം രൂപയുടെ ചെക്ക് തരാനായി അവതാരകൻ സ്പോൺസർ ക്ഷണിച്ചു….അയാൾ ആ ചെക്ക് എനിക്ക് നേരെ നീട്ടി. പക്ഷേ എന്റെ കണ്ണു പതിഞ്ഞത് എനിക്കുവേണ്ടി കയ്യടിക്കുന്ന അച്ഛനിലും മകളിലും ആണ്. ഞാൻ പോയി അച്ഛന്റെ കയ്യിൽ പിടിച്ചു സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നു

ഇതിന്റെ ശരിയായ അവകാശി അത് ഇവരാണ്. എനിക്ക് ഇത് വെറും രണ്ട് ലക്ഷം രൂപയാണ്. പക്ഷേ ഈ ചേട്ടന് ഒരു ജീവന്റെ വിലയും….അവരും വളരെ സന്തോഷത്തോടെ തന്നെ ആ തുക ആ ചേട്ടന് കൈമാറി. നമുക്ക് ഒരു സാധനം വീണുകിട്ടിയാൽ അതിന്റെ അവകാശിയെ തിരിച്ചേൽപ്പിക്കും അങ്ങനെ കണ്ടാൽ മതി. ദൈവം രക്ഷിക്കട്ടെ…..

ഡാ…..ട്രെയിൻ വന്നു പോവണ്ടേ…….അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു

ആ അച്ഛന് പറയാൻ വാക്കുകൾ ഉണ്ടാവില്ല എന്ന് എനിക്കറിയാം കണ്ണുകൾ കണ്ടാൽ അറിയാം ആൾ ഹാപ്പിയാണ്

ഓട്ടത്തിനിടയിൽ ഞാൻ ആ മിടുക്കിയെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഒരു ടാറ്റ തന്നു
ആ കുട്ടിക്ക് എന്റെ അനുജത്തിയുടെ മുഖച്ഛായ ഉള്ള പോലെ എനിക്ക് തോന്നി…..

ട്രെയിനിൽനിന്ന് നേരെ തൃശൂർ എത്തി.അവിടെനിന്ന് ബസ്സും സമയം എട്ടു കഴിഞ്ഞു. സ്റ്റോപ്പിൽ ഇറങ്ങി അവിടെ ചേട്ടൻമാർ എല്ലാം നിൽപ്പുണ്ട്

എന്തായി പോയിട്ട്……..

അത്……കിട്ടിയില്ല…….

അതു കുഴപ്പമില്ല……അടുത്തതിൽ ഉറപ്പായും കിട്ടും അവർ ചിരിച്ചു കൊണ്ട് പറഞ്ഞു………

സാധാരണ കളിയാക്കി കൊല്ലാറാണ് ആണ് പതിവ് ഇതെന്തുപറ്റി……..

ഞങ്ങൾ ഓരോ വഴിക്കുമായി പിരിഞ്ഞു.എട്ടുമണിക്ക് മുൻപ് വീട്ടിൽ കയറണം. അച്ഛന്റെ ഓർഡറാണ് രാത്രി ഓട്ടം ഉള്ള സമയത്ത് അച്ഛൻന് വരാൻ കഴിയില്ല സമയം വൈകി വീടിനോട് ചേർന്ന് ഓട്ടോ കിടപ്പുണ്ട്. അടിപൊളി അച്ഛനുണ്ട് ഇന്ന് നല്ലത് കിട്ടും

ഉമ്മറപ്പടിയിൽ ഇരുന്ന് ഷൂസ് വലിച്ചൂരി…..എഴുന്നേറ്റ് കയറിച്ചെന്നതും അനുജത്തി ചേർത്തുപിടിച്ചു ഒരു സെൽഫി എടുത്തു.

സാധാരണ പതിവില്ലാത്തതാണ്. അവളുടെ കൂട്ടുകാരികളെ വായ് നോക്കുന്ന ഗ്യാങ് ലീഡർ ആണ് ഞാൻ. അതുകൊണ്ടുതന്നെ എന്നെ അധികം അടുപ്പിക്കാറില്ല

എന്തായി നിന്റെ……അമ്മ ചോദിച്ചു

ഒന്നും കിട്ടാത്തതുകൊണ്ട് മൗനമായിരുന്നു ഉത്തരം……

എന്റെ അഞ്ഞൂറ് രൂപ വെള്ളത്തിലായി അല്ലേ….അമ്മ പരിഭവം പറഞ്ഞു…..കുളിച്ചിട്ടു വാ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം അച്ഛന്റെ മറ്റൊരുറൂൾ. പലരും പലപ്പോഴായി കഴിക്കുമ്പോൾ ചിലപ്പോൾ തികയാതെ വരും. ഉള്ളത് എല്ലാവരും കൂടി കഴിക്കുക അതാണ് റൂളിന് പിന്നിലെ സത്യം…….

കയ്യും കാലും കഴുകി……ഞാൻ ഡ്രസ്സ് മാറ്റി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ചെന്നു പെട്ടത് അച്ഛന്റെ മുന്നിലായിരുന്നു എന്നെ അടുത്തു വിളിച്ചു

മുട്ടൻ ചീത്തപറയാൻ ആയിരിക്കും പക്ഷേ ഇതുവരെ തല്ലിയിട്ടില്ല….

അച്ഛാ അത്…..ബസ് കിട്ടിയില്ല അതാണ് നേരം വൈകിയത്. നാളെ മുതൽ എവിടെയും പോവില്ല സത്യം

അച്ഛൻ ചിരിച്ചു….അതല്ലടാ……നീയൊരിക്കലും ആരെക്കൊണ്ടും മോശമായി ഒരു അഭിപ്രായം പറയിപ്പിച്ച്ട്ടില്ല നീ ഒരുപാട് പണം സമ്പാദിക്കണം എന്നൊന്നും എനിക്ക് ആഗ്രഹവുമില്ല നന്മ ചെയ്യണം മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിപ്പിക്കണം…അതുതന്നെ അച്ഛന് ധാരാളമാണ്….

അച്ഛൻ ഷർട്ടിന്റെ പോക്കറ്റിൽ എന്തോ വച്ചു തന്നു കൂടെ കവിളിൽ ഒന്നു തലോടി….

മൂപ്പർക്ക് ഇത് എന്തുപറ്റി…….ഇതൊന്നും പതിവില്ലാത്തതാണ്. എന്താണ് പോക്കറ്റിൽ വച്ചത് എന്നറിയാൻ ഞാൻ ഒന്ന് തപ്പി നോക്കി കയ്യിലെടുത്തു. ഒരു നൂറ് രൂപ നോട്ട്…….

മേശപ്പുറത്തിരുന്ന ഭക്ഷണം ഞാൻ കഴിക്കാൻ തുടങ്ങി ചുമ്മാ ഫോണിൽ നോക്കി. അച്ചുവിന്റെ മെസ്സേജ് കണ്ടു ഡാ എനിക്കിന്ന് അമ്മ രണ്ടു മീൻ തന്നു ഞാൻ ചിരിച്ചു ഡാ അത് ലൈവ് പ്രോഗ്രാം ആയിരുന്നു അല്ലേ……

ഞാൻ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു…

അതെന്താ അങ്ങനെ തോന്നാൻ….

ആണെന്ന് എനിക്ക് തോന്നി അതാ…..

നീ കുളിക്കാതെയാണോ ഭക്ഷണം കഴിക്കുന്നത്…ഇവനെ ഇന്ന് ഞാൻ…..

അമ്മ വണ്ടിയുമെടുത്ത് വീടിനുള്ളിൽ എന്നെ ഓടിച്ചു അച്ഛനും പെങ്ങളും അതു നോക്കി ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.♥️

പരാജയപ്പെടുമ്പോൾ നമ്മൾ വിചാരിക്കാറുണ്ട് ലൈഫ് ഇവിടെ തീർന്നു എന്ന്…ചിലപ്പോൾ അടുത്ത സ്റ്റെപ്പ് അത് നമ്മുടെവിജയമായിരിക്കും അതിന് വേണ്ടി മുന്നോട്ടു കാൽ വച്ചേ പറ്റൂ….