കഴുത്തിൽ താലി വീഴുമ്പോൾ ഇറുകി അടച്ച അവളുടെ കൺപോളകളെ തോൽപിച്ച് ഒരു തുള്ളി കണ്ണീർ പുറത്തേക്ക് വന്നു…

പാവകുഞ്ഞ്

Story Written by NIDHANA S DILEEP

ആ ഇരുട്ടു റൂമിൽ കൈ മുടിയിഴയിൽ കോർത്ത് നിലത്തിരുന്നു.മറു കൈയിലെ കത്തിയിൽ നിന്നും ചോര ഇറ്റിറ്റു വീണു കൊണ്ടിരുന്നു

ചിന്തൂ…നോക്കിയേ..ഈ മയിൽപ്പീലി …നീ ആകാശം കാണിക്കാതെ പുസ്തകത്തിൽ ഒളിപ്പിച്ച് വേക്കണം.അങ്ങനെ വെച്ചാ അത് പ്രസവിക്കും..

സത്യാണോ…ജിത്ത്വേട്ടാ….

ആ…പെണ്ണേ…വിച്ചൂന്റേത് ഇരട്ട പെറ്റു…

മയിൽപ്പീലി അവളുടെ കൈയിൽ കൊടുത്ത് അവൾ കാണാതെ വാ പൊത്തിപ്പിടിച്ച് ചിരിച്ചു.അവളാണേൽ മയിൽപ്പീലി തുണ്ട് വല്യ കാര്യം പോലെ കൈകൾക്കുള്ളിൽ മറച്ചു പിടിച്ചു.

എന്താ..ചിന്തൂ..കൈയില്…

മയിൽപ്പീലിയാ…ജിത്ത്വേട്ടൻ തന്നതാ…ഒളിപ്പിച്ച് വെക്കാൻ…അപ്പോ അത് പ്രസവിക്കും

കുഞ്ഞു മുഖത്ത് ഗൗരവം നിറച്ച് പറഞ്ഞു

ജിത്തു ഓരോ കുളൂസ് പറയും.അത് വിശ്വസിക്കാൻ നീയും…അവൻ നിന്നെ പറ്റിച്ചതാ എന്റെ ചിന്തൂ….

അമ്മ്യേ കള്ളം പറയണേ…ജിത്ത്വേട്ടൻ എന്നോട് കള്ളം പറയില്ല….

ഓ തൊടങ്ങി ജിത്തുപുരാണം…എനിക്ക് കേക്കണ്ടേ…..

ചിന്തൂ….നീ തൃമധുരത്തിന്റെ ഇല തിന്നിട്ടുണ്ടാ….നല്ല മധുരാ…ദേ…നീ ഇത് തിന്നു നോക്കിയേ….

ഇല്ല …ജിത്ത്വേട്ടാ….

അതും പറഞ്ഞ് ഉത്സാഹത്തോടെ ഇല വാങ്ങി.

അയ്യേ…തൂഫ്….ഇത് കയ്ക്കണു…ജിത്ത്വേട്ടാ…..

ഇല തുപ്പിയിട്ട് മുഖം ചുളിച്ചു.

നിനക്ക് കയച്ചോ…എനിക്ക് നല്ല മധുരായിരുന്നു.തേന് പോല്ണ്ട്.നീ എന്നെക്കാൾ ചെറ്തായോണ്ടായിരിക്കും.നീ വലുതായ നിനിക്കും മധുരിക്കും..

ശിവേന്തൂന് ആരാവാനാ ആഗ്രഹം….

പോലീസ്….

ഉത്തരം പറയാൻ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല…

അതെന്താ പോലീസ് ആവാൻ ഇത്ര ആഗ്രഹം…

ജിത്ത്വേട്ടൻ വെല്യാവുമ്പോ..പോലീസ് ആവും..അതോണ്ട് ഞാനും ആവും..

കുട്ടികളൊക്കെ ആർത്ത് ചിരിക്കാൻ തുടങ്ങി

എന്തിനാ ചിരിക്കണേ…ഞാൻ കാര്യാ പറഞ്ഞേ…ജിത്ത്വേട്ടൻ പോലീസാവുമ്പോ ഞാനും ആവും

അടുത്തിരുന്ന കുട്ടിയോട് മുഖം വീർപ്പിച്ച് പറഞ്ഞു

എന്തിനാ…ചിന്തൂ…നീ കരയുന്നത്…

ക്ലാസിലിരുന്ന് രണ്ടു കണ്ണും കൈകൾ കൊണ്ട് തിരുമ്മി കൊണ്ട് കരയുന്നു.അടുത്ത് ഇരുന്ന് അവളുടെ ഒരു കുട്ടി സമാധാനിപ്പിക്കുന്നുണ്ട്. കളിക്കുന്നതിനിടയിൽ അവളുടെ കൂട്ടുകാരി പറഞ്ഞു ചിന്തു നിർത്താതെ കരയുവാന്നു.അതു കേട്ട് ഓടി വന്നതാ.

ചിന്തൂ…നിന്നെ ആരേലും വഴക്ക് പറഞ്ഞോ…

കണ്ണു തിരുമ്മി കൊണ്ട് തന്നെ ഇല്ലാന്നു തലയാട്ടി.കൈകളിലൊക്കെ കണ്ണീർ ഒലിക്കുന്നു

പിന്നെ എന്താ ജിത്ത്വേട്ടന്റെ ചിന്തൂന് പറ്റിയേ…

താടിയിൽ പിടിച്ച് കണ്ണീർ തുടച്ചു കൊണ്ട് ചോദിച്ചു

ജിത്ത്വേട്ടൻ…ജിത്ത്വേട്ടൻ ഇനി ന്നോട്……മിണ്ടൂലാന്ന് പറഞ്ഞ്…..

ഏങ്ങി …ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു

ആരാ…പറഞ്ഞേ…ജിത്ത്വേട്ടൻ ചിന്ത്വോട് മിണ്ടൂലാന്ന്.നീ എന്റെ പാവ കുഞ്ഞ് അല്ലേ. എന്റെ പാവ കുഞ്ഞിനോടല്ലാതെ വേറെ ആരോടാ ഞാൻ മിണ്ട്വാ…

ഇവള്……..

വിതുമ്പൽ ഇനിയും നിന്നില്ല.

ആ കുട്ടിയെ നോക്കിയപ്പോൾ പരുങ്ങി കളിക്കുന്നു.

ജിത്ത്വേട്ടനും മഹിയേച്ചീം ഒറ്റക്ക് ക്ലാസ് റൂമിലിരുന്ന് സംസാരിക്കും…വല്തായിട്ട് രണ്ടാളും കല്യാണം കഴിക്കും..അപ്പോ..ജിത്ത്വേട്ടൻ എന്നോട് മിണ്ടൂലാന്ന് പറഞ്ഞു.

അത് പറയുമ്പോൾ ചിന്തുവിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

ഒറ്റ അടി ഞാൻ വച്ച് തരും.പൊടിക്കുപ്പീടെ അത്രേ ഉള്ളൂ..എന്നിട്ട് വർത്തമാനം നോക്ക്..

അവളുടെ കൂട്ടുകാരിയേ അടിക്കാൻ കൈ ഉയർത്തി ദേഷ്യത്തിൽ പറഞ്ഞതും ആ കുട്ടി കരയാൻ തുടങ്ങി.

മഹിയേച്ചി പറഞ്ഞതാ…

അവളും കണ്ണു തിരുമി കരയാൻ തൊടങ്ങി.

സാരല്ല…ഇനി മേലാൽ ഇത് പോലുള്ളത് പറയരുത്

അവളെ സമാധാനിപ്പിച്ച് ചിന്തുവിനെ ചെറിയ കുഞ്ഞിനെ എടുക്കും പോലെ രണ്ടു കൈയിലും എട്ത്ത് ക്ലാസിന് പുറത്തേക്ക് പോയി.

ജിത്ത്വേട്ടൻ എന്നോടല്ലേ സംസാരിക്കൂ…

കൈകളിൽ കിടന്ന് എന്റെ താടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചു

എന്റെ പാവ കുഞ്ഞിനോട് ജിത്ത്വേട്ടന് മിണ്ടാണ്ടിരിക്കാൻ പറ്റ്വോ…

ഒറ്റക്ക് ക്ലാസ് റൂമീന്ന് സംസാരിക്ക്വോ…

ആ മഹിക്ക് ഞാൻ കൊടുക്കുന്നുണ്ട്.അഞ്ചിൽ പഠിക്കുന്ന ചെറിയ കുട്ടികളോട് ഇത് മാതിരി വർത്തമാനമാണോ പറയുന്നത്…

പറയ്…ജിത്ത്വേട്ടാ….

സംസാരിക്കാം…

അതും പറഞ്ഞ് അവളെ മുകളിലേക്ക് ചെറുതായ് എറിഞ്ഞു പിടിച്ചു.

ജിത്ത്വേട്ടാ…ഇനീം…ഇനീം…

പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.

നീ അവന് സൈര്യം കൊടുക്കില്ലേ…ചിന്തൂ…

കമഴ്ന്ന് കിടന്ന എന്റെ മോളിൽ കിടന്ന് ഒരു കാലിന്റെ മോളിൽ മറ്റേ കാൽ വെച്ച് പുസ്തകം വായ്ക്കുവാണ് ആശാത്തി.

പത്തിലാ അവൻ…പഠിക്കാൻ കുറേ കാണും..നീ ഇങ്ങ് വന്നേ….

ഇല്ലാ… വരൂലാ…

പുസ്തകം കട്ടിലിൽ എറിഞ്ഞ് കമഴ്ന്ന് കിടന്ന് കെട്ടിപ്പിടിച്ചു.

മാമീ…സാരല്ല…ഞാൻ രാത്രിയേ പഠിക്കൂ..

കുറച്ച് കഴിഞ്ഞ് അങ്ങനെ തന്നെ കിടന്ന് ഉറങ്ങിയ അവളെ അമ്മ എട്ത്ത് കട്ടിലിൽ കിടത്തി.

ജിത്തൂ..നോക്കണേ..അവൾ താഴെ വീഴും…

അവൾക്കൊരു ഉമ്മേം കൊടുത്ത് അമ്മ പറഞ്ഞു.

ചിന്തൂ…നീ വരണുണ്ടോ….നിന്നെ കൊണ്ട് വിട്ട്ട്ട് വേണം എനിക്ക് പോവാൻ

ആ ജിത്ത്വേട്ടാ….

ജിത്ത്വേട്ടാ…കൺമഷി എഴുതീട്ട് നല്ല ഭംഗിയില്ലേ…നോക്കിയേ…പൊട്ട് ഇത് പോരെ…

ആ മതീ..ചിന്തുവേ…കോളേജിലല്ലേ…അല്ലാതെ കല്യാണത്തിനൊന്നും അല്ലാലോ…

നല്ല ചെക്കൻമാരെ ആരേലും കിട്ടിയാലോ….

മാമൻ കേൾക്കേണ്ടാ….

ഇതാരാ….

ഇത് ജിത്തു..എന്റെ സുഹൃത്തിന്റെ മോനാ..പക്ഷേ എനിക്ക് മൂത്ത മോൻ തന്നെയാ….

ചിന്തുവിന്റെ അച്ഛൻ പരിചയപ്പെടുത്തി.ട്രേയിൽ ചായയുമായി വരുമ്പോൾ ചിന്തു ആരെയും ശ്രദ്ധിച്ചില്ല.

ചെക്കനെ ഇഷ്ടായോ….

ചുണ്ടുകളനക്കി ചോദിച്ചപ്പോൾ തളർന്ന ഒരു പുഞ്ചിരി മാത്രം.

ജിത്തൂ…ചിന്തൂനെ കണ്ടോ…എവ്ടെ പോയെന്ന് ഒരു നിശ്ചയോം ഇല്ല…

വെപ്രാളത്തിൽ അവളെ തിരഞ്ഞു നടന്നു.

ചിന്തൂ……

അമ്പലക്കുളത്തിന്റെ കൽ പടവിൽ കാൽമുട്ടിൽ മുഖം വെച്ച് ഇരിക്കുന്നു.

കരഞ്ഞു ചുവന്ന കണ്ണുകൾ കണ്ടപ്പോൾ ദേഷ്യം താനേ അടങ്ങി.

എന്താ..എന്തിനാ നീ കരഞ്ഞേ…..ആരോടും പറയാതെ എന്തിനാ ഇവ്ടെ വന്ന് ഇരുന്നേ…എവ്ടെ ഒക്കെ തെരഞ്ഞൂ…

ചോദ്യത്തിന്റെ ഭാണ്ഡകെട്ട് അഴിഞ്ഞ് വീണു.

എന്നെ വേറെ ആർക്കും കൊടുക്കല്ലേ…ജിത്ത്വോട്ടാ…..

ബാക്കിയായ കരച്ചിൽ നെഞ്ചിലേക്കു വീഴ്ത്തി

എന്താ നീ പറയുന്നത്…ആർക്ക് നിന്നെ കൊട്ക്കുന്ന കാര്യാ നീ പറയുന്നേ….

നെഞ്ചിൽ വീണ് കരയുന്ന ചിന്തുവിനെ ചേർത്ത് പിടിക്കുമ്പോൾ അങ്കലാപ്പ് വിറയലായി മാറി.ഒന്നും പറയാതെ കരയുന്ന അവളുടെ ചീകി ഒതുക്കാതെ അഴിഞ്ഞു വീണ നീളൻ മുടിയിൽ തലോടി.

ചിന്തൂ…എന്താ എന്റെ കുട്ടിക്ക് പറ്റിയേ….

മുഖം ബലമായി നെഞ്ചിൽ നിന്നും അടർത്തി.എത്ര തുടച്ചു മാറ്റിയിട്ടും കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു.

ഞാൻ ജിത്ത്വേട്ടന്റേയാ…അല്ലാന്നു പറയല്ലേ….വേറൊരാളെ അവകാശം സ്ഥാപിക്കാൻ വിടല്ലേ…ജിത്ത്വേട്ടാ…

വീണ്ടും നെഞ്ചിലേക്ക് വീണ് അടർത്തി മാറ്റാതിരിക്കാനെന്നോണം മുറുകെ കെട്ടിപ്പിടിച്ചു.കരച്ചിലിന്റെ ശക്തി പിന്നെയും കൂടി.

ജിത്തുവേട്ടനല്ലാതെ…മറ്റൊരാളെ…പറ്റില്ല…ചിന്തൂന് പറ്റില്ല…..ചിന്തൂനെ വേണ്ടാന്നു പറയല്ലേ….

ചിന്തൂ …നീ ഇത് എന്തൊക്കെയാ പറയുന്നേ…ഞാൻ നിന്നെ അങ്ങനെ ഒന്നും…

എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് അറിയില്ല

ജിത്തുവേട്ടനല്ലാതെ മറ്റൊരാള് കഴുത്തിൽ താലി കെട്ടേണ്ടി വന്നാ പിന്നെ ജിത്ത്വേട്ടൻ ഈ ചിന്തൂനെ കാണൂല….

എന്താ…നീ ഈ പറയുന്നേന്ന് വല്ല ബോധവുമുണ്ടോ…

ചിന്തൂ….നീ എന്റെ കുഞ്ഞിപ്പെങ്ങളല്ലേ….അങ്ങനെയല്ലേ മോളെ നിന്നെ സ്നേഹിച്ചേ…
ഈ കൈ വെള്ളയിൽ വെച്ച് നടന്നതൊക്കെ എന്റെ കൂടപ്പിറപ്പായിട്ടാ….

ഇങ്ങ് നോക്ക് ചിന്തൂ…..ചിന്തൂന് ജിത്തുവേട്ടനെ വിശ്വാസല്ലേ…

ചിന്തുവിന്റെ മുഖം കൈക്കുള്ളിലെടുത്തു കൊണ്ട് ചോദിച്ചു.

ജിത്ത്വേട്ടനെ വിശ്വാസാ….

ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.

ജിത്ത്വേട്ടൻ പറഞ്ഞത് അനുസരിക്കില്ലേ……

അനുസരിക്കാം….

ജിത്ത്വേട്ടൻ ചിന്തൂന്റെ ഏട്ടനാ…അങ്ങനെയേ കാണാവൂ….നീ നമ്മുടെ വീട്ടുകാരെ പറ്റി ആലോചിച്ചു നോക്കിയേ…ഈ സ്വാതന്ത്രമൊക്കെ തന്നിട്ട് നമ്മുടെ ബന്ധം മറ്റൊരു തരത്തിലായാ അവരെ ചതിക്കുന്ന പോലെയാ…എന്റെ കുട്ടി ഇതൊക്കെ മറന്നു കള….

വീണ്ടും നെഞ്ചിലേക്കമർന്നു.ഏങ്ങലുകളുടെ ശക്തി പിന്നേം കൂടി.ഇല്ലാന്നുള്ള രീതിയിൽ നെഞ്ചിൽ മുഖമുരച്ചു കൊണ്ട് തലയാട്ടി.

ജിത്ത്വോട്ടന്റെ പാവ കുഞ്ഞാണേ ….ജിത്ത്വേട്ടനെ അനുസരിക്കും.ചിന്തൂ..ജിത്ത്വേട്ടന്റെ പാവ കുഞ്ഞാണോ…

ജിത്ത്വേട്ടന്റെ പാവ കുഞ്ഞാ…

നെഞ്ചിൽ തല വെച്ചു കൊണ്ട് പറഞ്ഞു

എന്നാ ജിത്ത്വേട്ടൻ പറയുന്നത് അനുസരിക്കും.ഇങ്ങ് നോക്ക് ചിന്തൂ…അഖിലിന്റെ കല്യാണമൊക്കെ കഴിഞ്ഞ് ജീവീക്കുമ്പോ…ഇതൊക്കെ ചിന്തിക്കുമ്പോ ……അയ്യോ….ഞാനെന്തു പൊട്ടത്തരമാ ചിന്തിച്ചേന്നു.

അവളുടെ മുടിയിൽ തലോടി സമാധാനിപ്പിക്കുമ്പോ ജിത്ത്വേട്ടന്റെ പാവ കുഞ്ഞായി നെഞ്ചിൽ ഒട്ടി നിന്നു

ചിന്തൂ…..

അവളെ തടയാൻ എന്ന പോലെ വിളിച്ചു

പ്ലീസ്…ജിത്ത്വേട്ടാ…ഇന്നൂടിയല്ലേ പറ്റൂ…നാളെ ചിന്തൂ..വേറെ ആരെയോ അല്ലേ…

അന്ന് ചിന്തു ജിത്ത്വേട്ടന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.നനയിക്കാനായി കണ്ണീർ നെഞ്ചിൽ ഇറങ്ങി ചെല്ലുന്നതറിഞ്ഞപ്പോൽ കണ്ണുകൾ ഇറുകി അടച്ചു

അഖിലിന് മുന്നിൽ താലിക്കായി തല കുനിക്കും വരെയും അവളുടെ കണ്ണുകൾ യാചിച്ചു കൊണ്ടിരുന്നു.കഴുത്തിൽ താലി വീഴുമ്പോൾ ഇറുകി അടച്ച അവളുടെ കൺപോളകളെ തോൽപിച്ച് ഒരു തുള്ളി കണ്ണീർ പുറത്തേക്ക് വന്നു.ആ കാഴ്ച നെഞ്ചിലൊരു നീറ്റൽ ഉണ്ടാക്കിയപ്പോൾ അവ്ടെ നിന്നും മാറി

ജിത്ത്വവേട്ടൻ എന്നെ അനുഗ്രഹിക്കില്ലേ….

ഇറങ്ങാൻ നേരം ചോദിച്ചു

ജിത്തുവേട്ടൻ ചിന്തൂനെ അനുഗ്രഹിച്ചില്ലേ പിന്നെ ആരെയാ അനുഗ്രഹിക്കാ…..എന്നും പ്രാർത്ഥിക്കും എന്റെ പാവ കുഞ്ഞിന് വേണ്ടി……

ഇടക്ക് വീട്ടിൽ വരുമ്പോൾ ഒരു ചിരിയിൽ ഒതുക്കും സംസാരം.കുപ്പി വള ചിതറും പോലുള്ള ചിരിയൊക്കെ എവ്ടെയോ പോയി മറഞ്ഞു.പക്വത വന്നിരിക്കുന്നു.ഇനി ജിത്ത്വേട്ടൻ പറയുന്ന കള്ളങ്ങളൊന്നും വിശ്വസിക്കില്ല.ഒരുങ്ങി നടന്ന അവൾ സാരിയിൽ പൊതിഞ്ഞ ഒരു രൂപമായി.പാവ കുഞ്ഞല്ലാതായി പോയോ….അവൾ അകന്നുവെന്ന തോന്നൽ….വല്ലാത്തൊരു നീറ്റൽ…

അമ്മേ…ചിന്തു മെലീഞ്ഞ് പോയല്ലോ….

അതവൾക്ക് വിശേഷമായിട്ടാ…

പിന്നേം മെലിഞ്ഞ അവളെ എന്തു പറ്റീ…പാവ കുഞ്ഞേന്നു പറഞ്ഞ് ചേർത്ത് പിടിക്കണമെന്നുണ്ടായിരുന്നു.നഷ്ട ബോധത്തിന് മൂർച്ച കൂടിയത് പോലെ.

ആരാ….ജിത്തു…..പേഷ്യന്റിന് സംസാരിക്കണംന്നു…

ജിത്ത്വേട്ടാ…..

തളർന്ന സ്വരം നെഞ്ചിൽ തുളച്ച് കയറി.

ജിത്ത്വേട്ടാ….എന്റെ വയറ്റിൽ കുഞ്ഞില്ലേ…..ഇല്ലാത്തത് പോലെ തോന്നുന്നു…ഉണ്ടെന്ന് പറ ജിത്ത്വേട്ടാ…ജിത്ത്വേട്ടൻ പറഞ്ഞാ …എനിക്ക് വിശ്വാസാ….

എന്ത് പറയണമെന്നറിയാതെ നിന്നു

ജിത്ത്വേട്ടാ……

ശ്വാസം നീട്ടി വലിച്ചു കൊണ്ട് വിളിച്ചപ്പോഴേക്കും അവളിൽ ഘടിപ്പിച്ച യന്ത്രങ്ങൾ ശബ്ദിച്ചു തുടങ്ങി

ചിന്തൂ…….

അവളുടെ നേരെ കൈ നീട്ടിയതും ആരൊക്കെയോ ചേർന്ന് അവിടെ നിന്ന് പുറത്തേക്കാക്കി

ചിന്തൂ……..

കണ്ണു തുറക്ക് ചിന്തൂ….

അന്ന് നിന്നെ ചേർത്ത് പിടിച്ചാ മതീയായിരുന്നു…..വിട്ട് കൊടുക്കല്ലേന്നു പറഞ്ഞിട്ടും നിന്നെ ചേർത്ത് പിടിക്കാൻ തോന്നിയില്ലാലോ….ഈശ്വരാ….

മരണത്തിന്റെ തണുപ്പുള്ള നെറ്റിയിൽ ചുണ്ടമർത്തി.

കെട്യോൻ അടി വയറിന് തൊഴിച്ചതാ…ആറ് മാസം ഗർഭിണി ആയിരുന്നു…

ചിന്തുവിനടുത്തായി കമഴ്ന്നു കിടന്നപ്പോൾ ആരൊക്കെയോ പിറു പിറുക്കുന്നത് കേട്ടു.

ജിത്തൂ..നീ തന്നെ കൊളുത്തിയേക്ക്…നീ ചെയ്യുന്നതായിരിക്കും അവൾക്കിഷ്ടം….

മാമൻ അതും പറഞ്ഞ് കെട്ടിപ്പിടിച്ചു. മാമനെ ചേർത്ത് പിടിച്ച് പാവ കുഞ്ഞിന്റെ ചിതയ്ക്ക് തീ കൊളുത്തി .പുക ചുരുളായി അവൾ മേഘങ്ങളിലൊളിക്കുന്നത് നോക്കി നിന്നു

ചിന്തൂന് നിന്നെ ഇഷ്ടായിരുന്നോ…പറയെടാ….

അച്ഛൻ ഷർട്ട് പിടിച്ച് ഉലച്ചു കൊണ്ട് ചോദിച്ചു.

എന്തിനാടാ അവളെ കുരുതി കൊടുത്തേ…നമ്മളെ വീട്ടിൽ കൂട്ടി കൂടായ് രുന്നോ….എന്നാ അവളിന്ന് ഇവ്ടെ ഉണ്ടാവില്ലേ…കൊലക്ക് കൊടുത്തല്ലോടാ…നീ…അവളെ….

മരപ്പാവ പോലെ കേട്ട് നിന്നു.എന്തോ ചിന്തിച്ച് മാമൻ ചുവര് ചാരി ഇരിക്കുന്നുണ്ടായിരുന്നു

പോടാ…നിന്നെ മാത്രായിട്ട് ഞങ്ങൾക്ക് വേണ്ടാ…ഞങ്ങൾക്ക് ആർക്കും ചിന്തു ഇല്ലാണ്ട് ജിത്തൂനെ വേണ്ടാ…

അല്ലേലും ചിന്തുവിനായി കത്തിയ കരിന്തിരിയുടേയും ചന്ദനത്തിരിയുടെയും മണമുള്ളയിടത്ത് ജിത്തുവിന് നിൽക്കാനാവില്ല…..ചിന്തു ഇല്ലാത്ത ആ രണ്ടു വീടും വിട്ട് ഇറങ്ങി

എന്തിനാ നീ എന്റെ ചിന്തൂനെ കൊന്നത്…..പാവമല്ലായിരുന്നോ അവള്….നിന്റെ കുഞ്ഞില്ലായിരുന്നോ അവളുടെ വയറ്റിൽ

നീ….നീ..കാരണം…..

അഖിൽ വായിൽ നിറഞ്ഞ ചോര തുപ്പി.

നിന്നെയാ അവൾ സ്നേഹിച്ചത്…ശരീരം സ്വന്തമാക്കിയാലെങ്കിലും എന്നെ സ്നേഹിക്കുമെന്ന് കരുതി.വയറ്റിൽ എന്റെ കുഞ്ഞുണ്ടായപ്പോഴും നിന്നെ കാണുമ്പോ അവളുടെ കണ്ണിലെ നിരാശയുടെ നിഴലനക്കം ഞാൻ കണ്ടിട്ടുണ്ട്.ചാവട്ടേന്നു കരുതി തന്നെ ചവിട്ടിയതാ…

നിന്നെ വിശ്വസിച്ചല്ല എന്റെ പാവ കുഞ്ഞ് നിനിക്കായ് കഴുത്ത് നീട്ടി തന്നത്.അവളുടെ ജിത്ത്വേട്ടനെ വിശ്വസിച്ചാ…പാതി ജീവനായെങ്കിലും ഞങ്ങൾക്ക് തന്നൂടായിരുന്നോ…അവളെ

അവന്റെ പച്ച ഇറച്ചിയിൽ കത്തി തുളച്ചു കയറ്റിപ്പോൾ കേട്ടത് അവന്റെ അലർച്ച അല്ലായിരുന്നു എന്റെ പാവ കുഞ്ഞിന്റെ ജിത്ത്വേട്ടാന്നുള്ള വിളിയായിരുന്നു.ആ വിളി പിന്നീം പിന്നീം കേൾക്കാനായി വീണ്ടും വീണ്ടും കത്തി കൊണ്ടവനെ കുത്തി.

കത്തിയിൽ അവൻ തൂങ്ങി നിന്നപ്പോൾ പിറകോട്ട് ചവിട്ടി നിലത്തിട്ടു.

ചിന്തൂ………

അലറി കരഞ്ഞു…….

അടുത്ത ജന്മം നിനക്കായി ജനിച്ചോളാം….ഒരു കള്ളവും പറയാതെ ചേർത്ത് പിടിച്ചോളാം…..ആർക്കും കൊടുക്കാതെ നെഞ്ചിൽ ചേർത്തോളാം….ഏത് ജന്മത്തിലായാലും ജിത്ത്വേട്ടന് നിന്നേക്കാൾ കൂടുതലായ് ആരെയും സ്നേഹിക്കാൻ പറ്റില്ല ചിന്തൂ….