മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആ കൈകളുടെ കരുത്തിനുള്ളിൽ എന്നെ അടക്കിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തുമ്പോഴും എന്റെ ഏങ്ങലടികൾ കൂടുതൽ ശക്തമാകുന്നത് ഞാനറിഞ്ഞു…
ആ കൈകൾ മെല്ലെ അയഞ്ഞു വന്നപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ മുഖം പൊത്തി ഞാൻ പിന്നിലേക്ക് അടർന്നുമാറിനിന്നുപോയി…
“”ഇങ്ങനെ കരയല്ലേ പവിയേ നീ…””
ആധിയോടെ എനിക്കടുത്തേക്ക് വീണ്ടും ചേർന്നു നിന്നതും എന്റെ മുഖം ഒളിപ്പിച്ച കൈകളെ അവൻ ബലമായി അടർത്തി മാറ്റി….
മുണ്ടിന്റെ തുമ്പുയർത്തി എന്റെ കണ്ണുകൾ തുടച്ചു തന്നപ്പോഴും അവനെ എതിർക്കാനാകാതെ ഞാൻ നിന്നുപോയി…അവന്റെ ഓരോ പ്രവർത്തികളെയും തടുക്കാനാകാതെ എന്റെ മനസ്സ് അവനിലേക്ക് വിധേയപ്പെട്ടുപോകുന്നത് ഞാനറിഞ്ഞു…
അവനെക്കാൾ മുൻപേ എന്റെ മനസ്സിന്റെ പാതി ഞാനവന് പകുത്തു കൊടുത്തിട്ടും, എല്ലാം ബലമായി പിടിച്ചുവാങ്ങുന്ന അവനിലെ ഭ്രാന്തിൽ എന്റെ മനസ്സും ഉലഞ്ഞു പോകുകയായിരുന്നു…
വീണ്ടും അവനെന്നിലേക്ക് ചേർന്നു നിന്നു…
“”തല്ലുണ്ടാക്കാനും ദേഷ്യപ്പെടാനും എല്ലാവരെയും വേദനിപ്പിക്കാനുവേ എനിക്കറിയൂ പവീ…എന്താന്നറീല്ല ഞാനിങ്ങനാ….ഞാനിങ്ങനെയായിപ്പോയി…എന്നെ വിട്ട് പോകുവോ പവിയേ നീയ്…ഏഹ്…എന്നെ വേണ്ടാന്ന് മാത്രം പറയല്ലേടീ…””
ആഗ്രഹിച്ചതെന്തോ കേട്ടപോലെ ഉച്ചത്തിൽ മിടിച്ചു ഹൃദയം ആ വാക്കുകളെ സ്വീകരിക്കുന്നത് ഞാനറിഞ്ഞു…
കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവന്റെ കലങ്ങിയ കണ്ണുകളിൽ തുടിക്കുന്ന വന്യമായ സ്നേഹത്തിനു മുന്നിൽ ഞാനൊന്ന് പിടഞ്ഞു പോയി…നെഞ്ചിൽ ഒരു കടലോളം സ്നേഹം ഒളിപ്പിച്ചു വച്ചു മറുപടി നൽകാതെ അവന് മുന്നിൽ ഞാൻ മൗനമായി…
“”എന്തെങ്കിലും പറ പവി നീ…””
എന്റെ മൗനം അത്രമേൽ അവനെ മുറിവേൽപ്പിക്കുന്നു എന്ന് ഞാനറിഞ്ഞു…
എന്റെ മുഖം ആ കൈക്കുമ്പിളിലെടുത്ത് അവൻ പ്രതീക്ഷയോടെ വീണ്ടും ചോദിച്ചപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു…
ആഗ്രഹിച്ചതെന്തോ വന്നു ചേർന്നിട്ടും എന്തൊക്കെയോ എന്നെ തടഞ്ഞു നിർത്തുന്നു…
ഈ സ്നേഹം സ്വന്തമാക്കാൻ എന്താണെനിക്ക് അർഹത…
സമൂഹവും കുടുംബവും ബന്ധങ്ങളുമെല്ലാം ഒരിക്കൽ ഒന്നുമില്ലാത്തവളെന്ന പേരിൽ അവനിൽ നിന്നെന്നെ ആട്ടിയകറ്റിയാൽ…എന്റെ യോഗ്യതയെ ചോദ്യം ചെയ്താൽ… തകർന്നു പോകില്ലേ ഞാൻ…
നിരസിച്ചാലോ അവനിലെ സ്നേഹമെന്ന ഭ്രാന്തിൽ ഓരോ നിമിഷവും ഞാൻ വെന്തെരിഞ്ഞു പോകും എന്ന് ഞാനോർത്തു…ഒരായിരം വട്ടം ഞാൻ എന്റെ ഹൃദയത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു കഴിഞ്ഞു നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന്…
എന്നാൽ…നാവിൽ വിലങ്ങണിഞ്ഞ പോലെയാകുന്നു…
ദീർഘനേരം ആ നെഞ്ചിലെ ചൂടിലേക്ക് അടരുവാനാകാതെ പറ്റിച്ചേരുമ്പോഴും അവന്റെ പ്രവർത്തികളുടെ കാഠിന്യം ഒരു കൊടുങ്കാറ്റ് പോലെ എന്നിൽ ആഞ്ഞുവീശുന്നുണ്ടായിരുന്നു…അവനിലും മുന്നേ ആ മനസ്സ് പകുത്ത് വാങ്ങിയ എന്നോടവൻ “”അവന്റെ മാത്രം സ്വന്തമാണെന്നും ആർക്കും വിട്ടുകൊടുക്കില്ലെന്നും പറയുന്നു…
മെല്ലെ അവനിൽ നിന്നും അടർന്നു മാറി ഞാൻ മുന്നോട്ട് നടന്നു വാതിൽ തുറന്നു പോകാനൊരുങ്ങി…തിരിഞ്ഞു നോക്കിയപ്പോൾ ഭിത്തിയിൽ ചാരി മാറിൽ കൈകൾ പിണച്ചു കെട്ടി എന്നെ മാത്രം നോക്കി നിൽക്കുന്നുണ്ട്…
ആ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ട്…ഇവനെന്താണിവനിങ്ങനെ….കപടമായ ഗൗരവം അണിഞ്ഞവൻ…ചിലപ്പോൾ അറിയാമായിരിക്കാം അവനെക്കാൾ അധികം ഞാൻ അവനെ സ്നേഹിക്കുന്നുണ്ടെന്ന്…
വരാന്തയിലൂടെ മുന്നോട്ടു നടക്കുമ്പോഴും ഒരു ചെറിയ അകലത്തിൽ എനിക്ക് പിന്നാലെ സൂരജ് വരുന്നുണ്ടെന്ന് ഞാനറിഞ്ഞു…തിരിഞ്ഞു നോക്കാത്ത ഞാൻ നടന്നപ്പോൾ കുറച്ചകലെയായി തമ്മിൽ കൈകോർത്തു നിൽക്കുന്ന സിദ്ധുവേട്ടനെയും ജെനിയെയും ഞാൻ കാണുന്നുണ്ടായിരുന്നു…
അവിടെ അവർ മൗനമായി പ്രണയം കൈമാറുമ്പോൾ ഇവിടെയൊരാൾ ഭ്രാന്തമായി എന്നെ കരുതലോടെ അടക്കിപ്പിടിക്കുന്നു…
മൗനമായ ആ പ്രണയത്തെ ഞാൻ നോക്കി നിന്നപ്പോൾ സൂരജിന്റെ കണ്ണുകൾ അവരിലേക്ക് തറഞ്ഞു നിൽക്കുന്നതും അത്ഭുതത്തോടെ കുറുകുന്നതും ഞാനറിഞ്ഞു…ഇപ്പോൾ സൂരജ് അറിഞ്ഞുകാണും കണ്ടനാൾ മുതൽ നെഞ്ചിലേറ്റിയ സിദ്ധുഏട്ടന്റെ ആ ഇഷ്ടം ജെനി ആയിരുന്നെന്ന്…
തിരിഞ്ഞു നോക്കാത്ത വേഗത്തിൽ ക്ലാസ്സിലേക്ക് ഓടുമ്പോൾ എനിക്ക് പിന്നാലെ സൂരജും “”പവീ””എന്ന് ഉറക്കെവിളിച്ചു കൊണ്ട് വരുന്നുന്നത് ഞാൻ കേട്ടതായി ഭാവിച്ചില്ല…
ഞാൻ ബഞ്ചിലേക്ക് ഇരുന്നതും ഓടിക്കിതച്ചുകൊണ്ടു നാണത്തോടെ ജെനിയും ക്ലാസ്സിലേക്ക് കയറിയത് ഞാൻ നോക്കിയിരുന്നു…എന്തോ കള്ളം ചെയ്തപോലെ എന്നെ നോക്കി ചിരിക്കുന്നുണ്ടവൾ… ചില കാര്യങ്ങൾ അങ്ങനെയാണ് ഒരു നോട്ടം കൊണ്ടുപോലും തിരിച്ചറിയപ്പെടുന്നവ…മൗനം കഥപറയുന്ന പോലെ…
ബഞ്ചിന്റെ മറ്റൊരറ്റത്തായി സൂരജ് വന്നിരുന്നിട്ടും ഞാൻ അവനെ നോക്കാതെയിരുന്നു…എനിക്കറിയാം ആ കണ്ണുകൾ എന്നെ മാത്രമാകും തേടുന്നതെന്ന്….ഡെന്നിസാർ കയറി ക്ലാസ്സ് എടുക്കാൻ തുടങ്ങി..ഉറക്കമില്ലാഴ്മയും ജോലിയും വിഷമങ്ങളും കാരണമാകാം ക്ഷീണംകൊണ്ട് അറിയാതെ എന്റെ കണ്ണടഞ്ഞു പോകുന്നത് ഞാനറിഞ്ഞു…ഒരു നിമിഷം ക്ലാസ്സ് ആണെന്ന് പോലും ഞാൻ മറന്നിരുന്നു…
ഉച്ചത്തിലാരോ ഡസ്കിന്റെ മുകളിൽ അടിച്ച ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നപ്പോൾ മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ഡെന്നിസാറിനെ കണ്ട് ഞാൻ ചാടിയെഴുന്നേറ്റു…
ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നപ്പോൾ ജെനി എന്നെ ദയനീയമായി നോക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു…
“”പേരിന് പോലും നാലക്ഷരം പഠിക്കില്ല…കോളേജിൽ വന്നു കറങ്ങിയടിച്ചു നടന്നിട്ട് മറ്റുള്ളോർക്ക് ശല്യമാകാൻ ഇറങ്ങും ഇതുപോലെ ഓരോന്ന്…..ഇറങ്ങി പോ ക്ലാസ്സീന്ന്…””
എന്തുകൊണ്ടോ പണ്ടേ എന്നെ ഇഷ്ടമല്ല സാറിന്..എന്റെ കണ്ണ് നിറഞ്ഞപ്പോൾ പെട്ടന്ന് മുഖം തുടച്ചു ഞാൻ ക്ലാസ്സിന് പുറത്തേക്ക് നടന്നു….
എനിക്ക് പിന്നാലെ ഡെന്നിസാറിനെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു ഒരു കൂസലുമില്ലാതെ പുറത്തേക്ക് ഇറങ്ങി വരുന്ന സൂരജിനെ ഞാൻ കണ്ടു…
“”സൂരജ് വെയർ ആർ യു ഗോയിങ്ങ്”” ഉയർന്നു പൊന്തിയ സാറിന്റെ വാക്കുകൾ പോലും വകവയ്ക്കാതെ എനിക്ക് പിറകെ വരുന്ന സൂരജിനെ ക്ലാസ്സ് ഒന്നടങ്കം അന്തം വിട്ട് നോക്കുന്നത് ഞാനറിഞ്ഞു….
പുറത്തുള്ള വാകമരത്തിട്ടയിൽ ചെന്ന് ഞാൻ ഇരുന്നപ്പോൾ സൂരജ് ബുള്ളറ്റുമെടുത്ത് ഗേറ്റ് കടന്നു പുറത്തേക്ക് പോകുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…
എനിക്ക് കുറച്ചപ്പുറത്തായി എന്തോ ആലോചിച്ചെന്നോണം സിദ്ധുഏട്ടൻ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ചമ്മലോടെ അടുത്തേക്ക് ചെന്നു…ആ മനസ്സ് കാണാതെ തെറ്റിദ്ധരിച്ചതിലുള്ള ദേഷ്യം മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു…കണ്ട പാടെ മുഖം തരാതെ നടന്നകലാൻ തുടങ്ങും മുന്നേ ഞാൻ പിറകെ ഓടിച്ചെന്നു…
നല്ല സൗഹൃദവും സ്നേഹവും കരുതലും തന്നവനാണ്…എങ്കിലും ഒരു നിമിഷം ജെനിക്ക് വേണ്ടി ഞാൻ സ്വാർത്ഥയായിപ്പോയി…ഞാനാ കൈത്തണ്ടയിൽ പിടിച്ചു നിർത്തി…
“”സിദ്ധുവെട്ടാ…””
കണ്ണുകൾ ചെറുതാക്കി കെഞ്ചലോടെ ഞാൻ വിളിച്ചത് കേൾക്കെ ചിരി കടിച്ചമർത്തി ആള് എന്റെ നേർക്ക് തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ കണ്ണ് മിഴിച്ചു നിന്നുപോയി…
“”പെട്ടന്ന് നീയങ്ങനെ പറഞ്ഞപ്പോൾ ദേഷ്യം തോന്നിപ്പോയടോ…നിന്നേപ്പോലൊരു കൂട്ടുകാരിയെ കിട്ടിയ ജെനി ഒരുകണക്കിന് ഭാഗ്യവതിയാ…എന്റെ മനസ്സിൽ നീയിപ്പോൾ ഒരുപാട് ഉയരത്തിലാ പല്ലവി…നല്ല മനസ്സാ നിനക്ക്…””
എന്റെ തോളിൽ തട്ടി ചിരിയോടെ അത് പറഞ്ഞു നടന്നകന്ന സിദ്ധുഏട്ടന്റെ വാക്കുകൾ എന്റെ കണ്ണുനിറയിച്ചു..
ദിവസങ്ങൾ ഓരോന്നും കടന്നു പോയി… പരീക്ഷകളും പഠനവും ജോലിയുമൊക്കെയായി ജീവിതം പഴയപോലെ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു…ഒരു കൈ അകലത്തിൽ എന്നെ കരുതാനും സ്നേഹിക്കാനും സൂരജ് ഒപ്പമുണ്ടായിരുന്നു…
സംസാരിക്കാറില്ല അധികമൊന്നും….ഗൗരവമാണെങ്കിലും ഇടയ്ക്കൊക്കെ എന്നെ നോക്കി ഒരു ചെറു ചിരിയോടെ അവനിരിക്കും…ആ ചിരിയിൽ അലിഞ്ഞു ഒരു ആയുസ്സ് മുഴുവൻ ജീവിക്കാൻ തോന്നിപ്പോകമെനിക്ക്….
ഒരിക്കൽ കാവേരിച്ചേച്ചിക്കും സിദ്ധുവേട്ടനുമൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരുന്നു ഞാനും ജെനിയും….ഇടയ്ക്കെപ്പോഴോ കണ്ണുകൾ സൂരജിൽ ഉടക്കി നിന്നത് ഞാനറിഞ്ഞു…അവർക്കൊപ്പം എന്നെ കണ്ടതിൽ സൂരജിന് മുൻപത്തെ പോലെ ദേഷ്യമില്ലെങ്കിലും ഗൗരവത്തോടെ നോക്കി നിൽക്കുകയാണവൻ…അവർക്കടുത്തേക്ക് ഞാൻ കൈകാട്ടി വിളിച്ചപ്പോൾ മുഖം തിരിച്ചവൻ നടന്നുപോയി…എന്തോ അവൻ ഒറ്റയ്ക്ക് പോയപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ പോലെ തോന്നിയെനിക്ക്…കാര്യം മനസ്സിലാക്കിയ ജെനി കണ്ണടച്ച് കാട്ടിചിരിച്ചു കൊണ്ട് അവൻ പോയ ദിശയിലേക്ക് നോക്കി….
അവരോട് ചെറിയൊരു കള്ളം പറഞ്ഞു ഞാൻ സൂരജിനടുത്തേക്ക് ഓടിയപ്പോൾ ജെനിയുടെ പൊട്ടിച്ചിരിയുടെ കാരണമറിയാതെ വാ പൊളിച്ചു കാവേരി ചേച്ചിയും ഇരുന്നു…
സൂരജിനരികിലേക്ക് ചെന്ന് അവനോട് ചേർന്നിരിക്കുമ്പോൾ ഒന്നും മിണ്ടാതെ കുസൃതിയോടെ എന്നെയവൻ നോക്കിയിരുന്നു…അവരെക്കാൾ അധികം പ്രാധാന്യം അവന് നൽകുന്നു എന്ന് തോന്നലാകാം ഭയങ്കര സന്തോഷമായി ആൾക്ക്…ഒന്നും മിണ്ടാതെ എന്റെ കൈ ചേർത്തു പിടിച്ച് അവനെന്റെ കുപ്പിവളകളിൽ വിരലോടിച്ചുകൊണ്ടിരുന്നു….
ആരോടും അടുക്കാത്ത ഈ വിചിത്രമായ സ്വഭാവം പലപ്പോഴും എന്നിൽ ആശ്ചര്യം നിറയ്ക്കും…മനസ്സിൽ എന്ത് തോന്നിയാലും പെട്ടന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണവന്…നിയന്ത്രിക്കാനൊന്നും അറിയില്ല…ദേഷ്യവും വാശിയും സ്നേഹവും സങ്കടവുമെല്ലാം കളങ്കമില്ലാത്ത പുറത്ത് കാട്ടുന്നവൻ…
ഒരു ദിവസം ചിരിയോടെ എനിക്ക് നേരെ ഒരു ചുരുട്ടിയ പേപ്പർ നീട്ടിയ സൂരജിനെ ഞാൻ എന്താണെന്നർത്ഥത്തിൽ സൂക്ഷിച്ചു നോക്കി….
ഞാനതു വാങ്ങി ചുരുൾ തുറന്നതും ആ ചിത്രം കാൺകെ എന്റെ വിടർന്ന കണ്ണുകളിലേക്കും ചിരിയിലേക്കും കുസൃതിയോടെയവൻ നോക്കിനിൽക്കുന്നത് ഞാനറിഞ്ഞു…
എണ്ണച്ചായത്താൽ വരച്ചെടുത്ത എന്റെ രൂപത്തിലേക്ക് ഞാൻ കണ്ണെടുക്കാതെ നോക്കിനിന്നു…എന്റെ കണ്ണുകളും നിരതെറ്റിയ പല്ലുകൾകാട്ടിയുള്ള ചിരിയും എന്തിനേറെ ആ നുണക്കുഴി പോലും അതുപോലെ നുള്ളിയെടുത്ത് വച്ചിരിക്കുന്നു…ഇത്രമേൽ ആ ഹൃദയത്തിലേക്ക് ഞാൻ പതിഞ്ഞിട്ടുണ്ടാകും എന്നോർത്തുകൊണ്ട് ആ ചിത്രം ഞാനെന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ചുപോയി..
ചിത്രത്തിന്റെ ഏറ്റവും അടിയിലായി നീണ്ട കൈപ്പടയിൽ ഇങ്ങനെ എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു…
“”””””എന്റെ സ്വന്തം പല്ലവിയ്ക്ക്….””””
ആ നിമിഷം അവന്റെ കൈകൾ എന്നെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചതും മനസ്സ് വായിച്ചെന്നോണം അവന്റെ കൈകളവൻ വിടർത്തിപ്പിടിച്ചു…ആ നെഞ്ചിലേക്ക് കവിൾ ചേർത്ത് ഞാൻ നിന്നപ്പോളേക്കും എന്റെ നെറുകയിൽ അവൻ അമർത്തി ചുംബിച്ചിരുന്നു…
°°°°°°°°°°°°°°°°°°°°°°°°°
അന്നൊരു ഞായറാഴ്ച ദേവർമഠത്തിലെ അടുക്കളയിൽ പതിവുപോലെ തിരക്കിലായിരുന്നു സീത…അന്ന് തറവാട്ടിൽ നടന്ന പ്രശ്നങ്ങൾക്ക് ശേഷം വിശ്വൻ തീർത്തും ശത്രുവായി മാത്രമായിരുന്നു സീതയെ കണ്ടിരുന്നത്…
ചില ദിവസങ്ങൾക്ക് ശേഷം വിശ്വന്റെ ഇരട്ട സഹോദരിയായ ശിഖയും ദേവർമഠത്തിലേക്ക് എത്തിച്ചേർന്നു…ജീൻസും ടോപ്പും ഇട്ട നീണ്ട കോലൻ മുടിയുമുള്ള മോഡേൺ സുന്ദരിയായൊരു പെൺകുട്ടി…വിശ്വനെ പോലെ അതെ മുഖഛായയാണവൾക്ക്…
“”ആഹാ മുത്തശ്ശിടെ കുട്ടി എത്തിയോ…””
പെൺകുട്ടികൾ പൊതുവെ കുറവാണ് ആ തറവാട്ടിൽ അതിനാൽ മുത്തശ്ശിക്ക് വളരെ ഇഷ്ടമാണവളെ…അവരെ ഇറുകെ പുണർന്നവൾ ചിരിയോടെ മാറി നിന്നു….
“”സീതേ മോളുടെ പെട്ടിയെല്ലാം എടുത്ത് അകത്തേക്ക് വച്ചോളൂ….””
അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞവർ ശിഖയുമായി മുറിയിലേക്ക് നടന്നു…
ഭാരമുള്ള പെട്ടികൾ ഓരോന്നുമായി പടികൾ കയറാൻ സീത വളരെ പ്രയാസപ്പെടുന്നുണ്ടായിരുന്നു…വല്ലായ്മയോടെ ശ്വാസമെടുക്കാനാകാതെ മുറിയിലെ ഭിത്തിയോട് ചാരി നിന്നപ്പോൾ ശിഖയെ തിരക്കി വിശ്വൻ അവളുടെ മുറിയിലേക്ക് വന്നു…മുറിയിൽ സീതയെ കണ്ടപ്പോൾ പകയോടെ നോക്കിക്കൊണ്ടവൻ പുറത്തേക്ക് ഇറങ്ങാനൊരുങ്ങി…സീതയും പെട്ടന്ന് അവന്റെ നോട്ടത്തിൽ തറഞ്ഞു നിന്നുപോയി…
“”ഹേയ് വിശ്വാ….””
ശിഖ ഓടിവന്നു അവനെ കെട്ടി പിടിച്ചപ്പോൾ അവളെ എടുത്തുയർത്തി അവൻ വട്ടം കറക്കി…ഇരട്ട സഹോദരങ്ങളുടെ ആ സ്നേഹത്തെ നോക്കി ചെറു ചിരിയോടെ സീതയും അവിടെ നിന്നുപോയി….
“”ഇവരേതാ വിശ്വാ…”” ചോദ്യത്തോടൊപ്പം ശിഖ സീതയെ നോക്കിയപ്പോൾ സീത വേഗം പുറത്തേക്കിറങ്ങാൻ തുടങ്ങി…കട്ടിളപ്പടിക്ക് കുറുകെ വിശ്വൻ തടസ്സം നിന്ന് സീതയെ അവൻ ക്രൂരമായി നോക്കി….
“”ഇതാണ് സീതമ്മ….ഇവിടുത്തെ വേലക്കാരി…””
പുച്ഛത്തോടെ അവനത് പറഞ്ഞു ചിരിച്ചതും അതെ ചിരി ശിഖയുടെ ചുണ്ടിലും വിടർന്നു…
“”ആഹ ഇതാണല്ലേ നീ പറഞ്ഞ സീതരാമയ്യർ സി.ബി.ഐ..””
പരിഹാസത്തിന്റെ മുനയോടെയവൾ സീതയെ ആകെയൊന്നുഴിഞ്ഞു നോക്കി…
“”മോളെ ഞാൻ പൊയ്ക്കോട്ടേ…””
സീത വല്ലായ്മ്മയോടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചുമാറ്റി…
“”അങ്ങനെയങ്ങു പോയാലോ സീതാമ്മേ…നിക്കെന്നെ…ദേവർമഠത്തിലെ സാറമ്മാർക്ക് മുന്നിൽ സത്യശീലാവതി ചമയുന്നതിനു എന്താ നിങ്ങൾക്ക് പ്രതിഫലം…രാത്രിക്ക് രാത്രി വല്ല സൽക്കാരവും നടത്താറുണ്ടോ നിങ്ങൾക്കവർ…””
ശിഖയുടെ വാക്കുകൾക്ക് മുന്നിൽ ഹൃദയം തകർന്നവളെപ്പോലെ സീത നിന്നുപോയി…അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു…
“”മോൾടെ അമ്മേടെ പ്രായമില്ലേ എനിക്ക്…ഇങ്ങനെയൊന്നും പറയല്ലേ…ഞാൻ പൊക്കോട്ടെ…””
വിങ്ങലോടെ അവർ പറഞ്ഞപ്പോളും മനസ്സലിവില്ലാതെ ശിഖയും വിശ്വവും അവരെ പരിഹാസത്തോടെ നോക്കി നിന്നു…
“”അമ്മ പോലും…നിങ്ങൾ ഒറ്റ ഒരുത്തി കാരണമാ ഇവിടെ എനിക്കിപ്പോ തലയുയർത്തി നടക്കാൻ പറ്റാത്തത്…ഒരിക്കൽ പോലും എന്നെ കൈവയ്ക്കാത്ത അച്ഛനും ചെറിയച്ഛനും പോലും എല്ലാർക്കും മുന്നിൽ വച്ച് എന്നെ പട്ടിയെ പോലെയാ തല്ലി ചതച്ചത്…എന്നിട്ട് നിന്ന് പൂങ്കണ്ണീര് പൊഴിക്കുന്നു…ഞാൻ നാണംകെട്ട് നിന്ന പോലെ നിങ്ങളെ ഞാൻ നിർത്തും…ആട്ടി ഇറക്കിക്കും ഈ വീട്ടീന്ന് നിങ്ങളെ ഞാൻ…അത് വരെ ഇവിടെ നിന്ന് സുഖിക്ക്….””
പകയെരിയുന്ന വിശ്വന്റെ വാക്കുകൾ കേൾക്കെ സീത പേടിയോടെ വിറച്ചു നിന്നുപോയി…കുടിലതയോടെയുള്ള വന്യമായ അവന്റെ നോട്ടത്തിനു മുന്നിൽ ആ പ്രായമായ സ്ത്രീ പൊട്ടിക്കരഞ്ഞു പോയി….നേര്യതിന്റെ തലപ്പാൽ വാപൊത്തിപ്പിടിച്ചു സങ്കടത്തോടെ വേഗത്തിൽ ആ മുറിയിൽ നിന്നും സീത പുറത്തേക്കിറങ്ങുമ്പോഴും കണ്ണുകളിൽ കൗശലം നിറഞ്ഞ ചിരിയോടെ ശിഖ അവരെത്തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…
താഴത്തേക്കുള്ള പടവുകൾ ഇറങ്ങിയതും തൊട്ടടുത്ത മുറിയിൽ നിന്നും ഒരു ചെറിയ ട്രാവൽ ബാഗുമായി ആദി പുറത്തേക്ക് ഇറങ്ങിവരുന്നത് കണ്ടപ്പോൾ അവൻ തന്റെ ഈ കോലം കാണണ്ട എന്നോർത്ത് സീത വേഗത്തിൽ അടുക്കളയിലേക്ക് നടന്നു…
ഉച്ചകഴിഞ്ഞ് ദേവർമഠത്തിൽ തന്റെ അമ്മയുടെ മുറിയിലെ കട്ടിലിൽ ചാരിയിരിക്കുകയായിരുന്നു സൂരജ്…പകൽസ്വപ്നങ്ങളിൽ പോലും ആ നിഷ്കളങ്കമായ മുഖമുള്ള പാവം പെണ്ണിന്റെ മുഖം അവന്റെ കണ്ണിലേക്കു പാഞ്ഞു വരുന്നുണ്ടായിരുന്നു…അവന്റെ സ്വന്തം പല്ലവിയുടെ…
വാതിൽ തുറന്ന് മുത്തശ്ശി അവനടുത്തേക്ക് വന്നതും അവൻ മെല്ലെ എഴുന്നേറ്റിരുന്നു…
“”എന്തെ കല്യാണിക്കുട്ടി പതിവില്ലാതെ മുറിയിലോട്ടൊക്കെ…””
കുസൃതി ചിരിയോടെ അവനതു ചോദിച്ചതും അവന്റെ കൈകൾ കവർന്നു ചേർത്തുപിടിച്ചവർ ചിരിച്ചു…
“”എന്തെ ഈ കിളവിക്ക് ഇങ്ങോട്ട് വന്നൂടാനുണ്ടോ…””
ഒരു പ്രത്യേക താളത്തിൽ മുത്തശ്ശി അത് പറഞ്ഞതും ചിരിയോടെ സൂരജ് അവരുടെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു…കുറച്ച് നേരം അങ്ങനെ ചേർന്നിരുന്നിട്ട് മുത്തശ്ശി തന്റെ കയ്യിൽ കരുതിയിരുന്ന ഒരു ചെറിയ പട്ടുതുണികൊണ്ട് നെയ്ത കിഴി അവന്റെ ഉള്ളം കയ്യിലേക്ക് വച്ചുകൊടുത്തു…
“”കാലങ്ങളായി കൈമാറി വന്ന പൊന്നിൽ തീർത്ത നിന്റെ അമ്മയുടെ ആഭരങ്ങളാണ് ഇത്…എന്റെ ഒരേ ഒരു പെൺതരിക്ക് ഞാൻ കൊടുത്തത്…””
സങ്കടത്താൽ നനഞ്ഞ തന്റെ ഇരു കണ്ണുകളും മുത്തശ്ശി തുടച്ചു…
“”ഇനി അത് നിന്റെ പെണ്ണിനുള്ളതാ…ഞാനിന്ന് പോയാലും അതിനർഹതപ്പെട്ടവളെ നീയിത് അണിയിക്കണം…””
പുറത്തേക്ക് നടന്നകന്ന മുത്തശ്ശിയെ നോക്കി നിൽക്കെ അവന്റെ കണ്ണുകളും അമ്മയുടെ ഓർമ്മയിൽ കലങ്ങിപ്പോയി…അടുത്ത നിമിഷം പല്ലവിയുടെ മുഖം മിഴിവോടെ അവനിൽ നിറഞ്ഞു വന്നതും അവൻ അത് തുറന്നു ആ താലി മാല അവന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ചു….
“”ഏലസ്സ് കോർത്ത ആ കറുത്ത ചരടിന്റെ കൂടെ ഈ താലിയും അവളുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കണം…നിന്നെ ഞാൻ എന്റെ മാത്രമായി സ്വന്തമാക്കും പവിയേ…””
ആലോചനയോടെ ചെറു ചിരിയോടെ മേശയ്ക്ക് മുകളിലേക്കത് വച്ചിട്ട് സൂരജ് പുറത്തേക്ക് പോകാനിറങ്ങിയതും അവന്റെ മുറി വൃത്തിയാക്കാനായി മുത്തശ്ശി പറഞ്ഞയച്ചിട്ട് സീത അവിടേക്ക് വന്നു…
സൂരജ് അവരെ കണ്ടതും ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങാനൊരുങ്ങി…
“”കുഞ്ഞ് ഉണ്ണീടെ മോനല്ലേ…””
വാത്സല്യത്തോടെ അവനെ നോക്കിക്കൊണ്ടു സീത ചോദിച്ചപ്പോൾ സൂരജ് മനസ്സിലാകാത്ത പോലെ ഗൗരവത്തിൽ നിന്നു…
“”ഊർമ്മിളയുടെ…എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ഉണ്ണി..ചെറുപ്പം മുതൽ ഇവിടുത്തെ തൊടിയിൽ ഒരുമിച്ച് കളിച്ച് വളർന്നവരാ ഞങ്ങൾ…പണ്ടേ വാശിക്കാരിയും ദേഷ്യക്കാരിയുമാട്ടോ അവള്… മോൻ ഉണ്ണീനെ പറിച്ചു വച്ച പോലെയാ..അതേ മുഖം…പക്ഷേ മോനെപ്പോലെയല്ലാട്ടോ എപ്പോഴും ആ ചുണ്ടിൽ ഒരു ചിരി ഉണ്ടാകും…””
ഒന്നും മിണ്ടാതെ സീതയെ തന്നെ അവൻ നോക്കി നിൽക്കുകയായിരുന്നു…ആവേശത്തോടെ തന്റെ അമ്മയെപ്പറ്റി ഇത്രയും വാചാല ആകുന്ന ഒരു വേലക്കാരി സ്ത്രീയുടെ ബന്ധംപുതുക്കലിൽ ദേവർമഠത്തിലെ രാജരക്തത്തിന് മടുപ്പ് തോന്നിത്തുടങ്ങി…
പഴയ പൊലിമയും ബന്ധവും പറഞ്ഞു തന്റെ സഹതാപത്തെ ചൂഷണം ചെയ്യാൻ വന്ന കേവലമൊരു വേലക്കാരിസ്ത്രീയായി അവന് സീതയെപ്പറ്റി തോന്നിപ്പോയി…അവർക്ക് മുന്നിൽ അവഗണയോടെ മുഖം തിരിച്ചു പോകാനൊരുകിയപ്പോൾ സീത വീണ്ടും ചോദിച്ചു…
“”മോന്റെ അച്ഛൻ മാധവേട്ടൻ ഇപ്പൊ…കാലം കുറേ ആയിട്ടോ ഞാൻ കണ്ടിട്ട്…എപ്പോ കണ്ടാലും സീതപെങ്ങളേന്ന് വിളിച്ചു ഓടി വരും….പണ്ടൊക്കെ എന്റെ വീട്ടിലേക്ക് വരുമായിരുന്നു ഉണ്ണിയും മാധവേട്ടനും കൂടി…അന്ന് മോൻ ഉണ്ണീടെ വയറ്റിനുള്ളിലാരുന്നു..മാധവേട്ടൻ പറയും എനിക്കുണ്ടാകുന്നത് മോളും ഉണ്ണിക്ക് മോനും പിറന്നാൾ അവരെ തമ്മിൽ കല്യാണം കഴിച്ചു കൊടുക്കണമെന്ന്….””
ഏതോ ഓർമ്മയിൽ അവരുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണീരിനെയും കാണാതെയവൻ മറ്റെവിടേക്കോ മുഷിച്ചിലോടെ നോക്കി നിൽക്കുകയായിരുന്നു…അവസാനം അവർ പറഞ്ഞ വാക്കിൽ സൂരജിന് തന്റെ ദേഷ്യവും അടക്കാനായില്ല…
പെട്ടന്നവൻ പോക്കറ്റിൽ ഇരുന്ന പേഴ്സ്തുറന്ന് രണ്ടായിരത്തിന്റെ ഒരു നോട്ട് ദാർഷ്ട്യത്തോടെ അവരുടെ കയ്യിലേക്ക് ബലമായി പിടിച്ചുവച്ചുകൊടുത്തു…വേഗത്തിൽ താഴേക്ക് പടികളിറങ്ങിപ്പോകുന്ന സൂരജിനെ നോക്കി അവർ ചലനമില്ലാതെ നിന്നുപോയി ..
തന്നെ ഭൂമിയിലേക്ക് ചവിട്ടി താഴ്ത്തിയ നോവിൽ അവൻ കൈകളിൽ വച്ചു തന്ന ഭിക്ഷയിലേക്കവർ നോക്കി നിന്നുപോയി….ഹൃദയം ഉരുകുന്ന വേദനയിൽ കൈകൾ വിറച്ചു….നിറഞ്ഞ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണീർ ആ നോട്ടിലേക്ക് അടർന്നു വീണു ചിതറി…മനസ്സ് വല്ലാതെ വേദനിക്കുന്നു…
തന്റെ ഉണ്ണിയുടെ മകനോടുള്ള ആ സ്ത്രീയുടെ വാത്സല്യത്തെ അവൻ കണ്ടില്ലെന്ന് നടിച്ചു…പക്ഷേ ഒരിക്കൽ പരസ്പരം ഹൃദയം പകുത്തു ജീവിച്ച സീതയെയും ഉണ്ണിയെയും പറ്റി അവനറിഞ്ഞില്ല…അതിലുപരി തന്റെ എല്ലാമെല്ലാമായ പവിയുടെ അമ്മയാണ് ആ സ്ത്രീയെന്നവൻ അറിഞ്ഞില്ല…സീത മുറിക്കുള്ളിലേക്ക് കയറി സൂരജ് കൊടുത്ത നോട്ട് അവന്റെ മേശയ്ക്ക് മുകളിലേക്ക് വച്ചു…
ബന്ധങ്ങൾക്ക് വിലയിട്ടവൻ…ശാപം പോലെ ആ സ്ത്രീയുടെ ഒരിറ്റ് കണ്ണീർ വീണ്ടും ആ നോട്ടിലേക്ക് ഇറ്റുവീണു…അടുത്ത നിമിഷം സൂരജിനെ തേടി അവന്റെ മുറിയിലേക്കെത്തിയ ശിഖ മുറി വൃത്തിയാക്കുന്ന സീതയെയാണ് കണ്ടത്….
“”സൂരജ് എവിടെ…””
“”കുഞ്ഞിപ്പോൾ പുറത്തേക്ക് ഇറങ്ങിപ്പോയി..”” ശിഖയുടെ ചോദ്യത്തിന് മറുപടികൊടുത്തുകൊണ്ടു സീത തന്റെ ജോലി തുടർന്നു…
അല്പനേരം റൂമിനുള്ളിലേക്ക് ചുറ്റും കണ്ണോടിച്ചപ്പോൾ മേശമേൽ ഇരിക്കുന്ന സ്വർണ്ണക്കിഴി ശിഖയുടെ കണ്ണിലുടക്കി…എന്തോ ആലോചനയുടെ സീതയെ ഗൂഢമായി നോക്കിക്കോണ്ടവൾ കൗശലത്തോടെ ചിരിച്ചു…
വീണ്ടും അവരെ തറപ്പിച്ചൊന്ന് നോക്കിക്കൊണ്ട് ശിഖ മുറിക്ക് പുറത്തേക്കിറങ്ങി….അപമാനിക്കപ്പെട്ട തന്റെ കൂടപ്പിറപ്പിന്റെ വേദനയ്ക്കുള്ള മറുമരുന്നുമായി അവൾ വിശ്വന്റെ റൂമിലേക്ക് നടന്നു…
ദേവർമഠത്തിലെ ഉമ്മറത്ത് വൈകുന്നേരത്തെ ചായ സൽക്കാരം നടക്കുകയാണ്..മുത്തശ്ശിയും ആദിയുടെ അച്ഛനും അശോകനും നന്ദനുമെല്ലാം മുത്തശ്ശിക്കൊപ്പമുണ്ടായിരുന്നു…ബാക്കി സ്ത്രീജനങ്ങളും വിശ്വനും ശിഖയും വിഷ്ണുവും എല്ലാവരും ഉണ്ട്…നാട്ടുവർത്തമാനവും കളിചിരിയും തമാശകളും എല്ലാം അവിടെങ്ങും ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു…
ഏറെ നേരമായി ബാൽക്കണിയിൽ നിന്ന് ആർക്കോ ഫോൺ വിളിച്ച ശേഷം മുറിയിലേക്ക് വന്ന സൂരജ് ഫ്രഷ് ആകാനായി ബാത്റൂമിലേക്ക് കയറി…താഴെ നിന്നും ഉയർന്നു കേൾക്കുന്ന ബഹളം അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി…
റെഡിയായി താഴേക്കിറങ്ങാൻ തുടങ്ങിയതും മേശമേൽ വച്ചിരുന്ന ആഭരണങ്ങൾ അടങ്ങിയ കിഴി അപ്രത്യക്ഷമായപോലെ അവന് തോന്നി…അടുത്തേക്ക് വന്നു വെപ്രാളത്തോടെ അവിടെയെല്ലാം ഒരു ഭ്രാന്തനെപ്പോലെയവൻ വാരിവലിച്ചിട്ടു തിരഞ്ഞു….ആളിക്കത്തിയ ദേഷ്യത്തെ അടക്കിനിർത്താനാകാതെ മുഷ്ടി ചുരുട്ടി ഭിത്തിയിലേക്കവൻ ആഞ്ഞടിച്ചു…
ദേഷ്യത്താൽ അടി മുടി വിറച്ചുകൊണ്ടവൻ താഴേക്ക് പടികളിറങ്ങി…ഉമ്മറത്തേക്ക് പാഞ്ഞിരച്ചു വന്നതും അവന്റെ വരവും മുഖഭാവവുമെല്ലാം കാൺകെ എല്ലാവരും നിശ്ശബ്ദമായി…
“”എന്താ മോനെ നീയിങ്ങനെ കിടന്ന് വിറയ്ക്കണേ…””
മുത്തശ്ശി സമാധാനിപ്പിക്കാനെന്നോണം അടുത്തേക്ക് വന്നു…
“”എന്റെ മുറീൽ കയറി, മുത്തശ്ശി എനിക്കിന്ന് തന്ന, എന്റെ അമ്മേടെ ആഭരണങ്ങൾ എടുത്തത് ആരാ….””
ചോദ്യത്തിനൊപ്പം അവന്റെ വാക്കുകളിൽ തീയാളി…
“”മോനെ ഈ വീട്ടിൽ അതാര് മോഷ്ടിക്കാനാ…നീ എവിടേലും എടുത്ത് വച്ചതാകും…””
“”ഇല്ല മുത്തശ്ശി റൂമിൽ എങ്ങും കാണാനില്ല…””
മുത്തശ്ശി സംശയത്തോടെ നിന്നതും ഗൂഢമായി പരസ്പരം നോക്കി പുഞ്ചിരിക്കുന്ന വിശ്വനേയും ശിഖയെയും ആരും കണ്ടിരുന്നില്ല…ബാക്കി ഉള്ളവരെല്ലാം ഇതിപ്പോൾ ഇവിടെ ആരെടുക്കാൻ എന്ന ഭാവത്തിൽ നിൽക്കുകയാണ്…
അടുത്ത നിമിഷം സൂരജിന്റെ മനസ്സിൽ തന്റെ മുറിയിലേക്ക് വന്ന ആ വേലക്കാരിസ്ത്രീയുടെ മുഖം തെളിഞ്ഞു വന്നപ്പോൾ സീതയെ സംശയത്തിന്റെ നിഴലിൽ അവൻ കണ്ടുപോയി…
“”ഈ വീട്ടിലെ വേലക്കാരി സ്ത്രീ…അവർ ഇവന്റെ റൂമിൽ നിൽക്കുന്നത് ഞാൻ കണ്ടതാ..””
കുടിലത നിറഞ്ഞ ശിഖയുടെ വാക്കുകൾ സൂരജിന്റെ സംശയത്തെ ബലപ്പെടുത്തിയപ്പോൾ വക്രത നിറഞ്ഞ ചിരിയോടെ വിശ്വനെ നോക്കിയവൾ കണ്ണിറുക്കി…
“”ദേ ശിഖേ നീ വേണ്ടാത്ത വർത്തമാനം പറയരുത്….സീത ഇവിടെ ഇന്നും ഇന്നലേം വന്നതല്ല….എങ്ങനെ ജീവിക്കേണ്ടതാ അവള് ഗതികേട് കൊണ്ടാ അവളിവിടെ ജോലിക്ക് വരുന്നത്…””
മുത്തശ്ശിയുടെ വാക്കുകളെ ശരിവെക്കും പോലെ ഭാമയും നന്ദനും അമർത്തി മൂളി…മറ്റാർക്കും സീതയെ സംശയമില്ല എന്നത് ശിഖയെയും വിശ്വനെയും തളർത്തി….എങ്കിലും സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സീതയിലെ സംശയം കെട്ടു പോയിരുന്നില്ല…
അതേ സമയം അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകാനായി ഒരു വലിയ സഞ്ചിയും കയ്യിൽ തൂക്കി മുറ്റത്തുകൂടി നടന്നകലുന്ന സീതയിൽ എല്ലാവരുടെയും കണ്ണുകളുടക്കി…
“”അവിടൊന്ന് നിന്നെ….””
പെട്ടന്നുള്ള ശിഖയുടെ വിളികേട്ട് സീത തിരിഞ്ഞു നോക്കിയതും, ഉമ്മറത്തു തന്നിലേക്കു തന്നെ നോക്കി നിൽക്കുന്ന എല്ലാവരെയും അവർ ആശങ്കയോടെ നോക്കി…..
വേഗം തിരികെ നടന്ന് ഉമ്മറത്തേക്ക് കയറുന്ന പടിക്കെട്ടിലേക്ക് ചിരിയോടെയവർ വന്നുനിന്നു…താൻ കൊരുത്തു വച്ച കെണിയിലേക്ക് സീതയെ വലിച്ചിട്ട പോലെ നിഗൂഢമായി ശിഖ ചിരിച്ചു…
വിയർത്തു മുഷിഞ്ഞ സാരിയും പാറിപ്പറന്ന മുടികളും ക്ഷീണിച്ച മുഖവുമായി ഒരു കൂട്ടം ആളുകൾക്ക് മുന്നിൽ നിസ്സഹായതയോടെ അവർ നിന്നു….
“”എന്തായാലും ഇവരെ ഒരു ചെറിയ സംശയമല്ലേ…ഇവർ അങ്ങനെ മോഷ്ടിക്കില്ല എന്ന് തന്നെയാണ് നിങ്ങളെ പോലെ എന്റെയും വിശ്വാസം…ആ വിശ്വാസത്തെ ഒന്നൂടെ ഉറപ്പിക്കുന്നതിൽ തെറ്റില്ലല്ലോ….””
താൻ രചിച്ച തിരക്കഥയെ കെട്ടിയാടാനായി ശിഖ തന്നെ മുൻകൈ എടുത്തപ്പോൾ അതുവരെ മിണ്ടാതെ നിന്ന വിശ്വാനും അവൾക്കൊപ്പം കൂടി…സീത ഒന്നുമറിയാതെ അവരുടെ വാക്കുകൾകേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു…
ഒന്നും മിണ്ടാതെ ദേഷ്യത്തിൽ നിൽക്കുകയാണ് സൂരജും…മനസ്സിൽ സീതയാണ് അത് മോഷ്ടിച്ചിട്ടുണ്ടാകുക എന്ന സംശയം ബലപ്പെടുന്നു എങ്കിലും എന്തോ ഒരു ശക്തി അവനെ പിന്നിലേക്ക് വലിച്ചു….
“”ഒന്നുമില്ല സീതേ സൂരജിന്റെ മുറീന്ന് ഇന്ന് സ്വർണ്ണമോ മറ്റോ കാണാതെ പോയെന്ന്…. ശിഖ പറയുന്നു നീയാ റൂമിൽ കയറുന്നത് അവൾ കണ്ടെന്ന്…അവൾക്ക് നിന്നെ സംശയം ഉണ്ടെന്ന്…അതാ പിള്ളേർ പറയുന്നേ… നീ പൊയ്ക്കോ..നേരം വൈകുന്നു…””
ആദിയുടെ അമ്മ ഭാമ അത് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നപ്പോൾ തന്നിൽ ആരോപിക്കപ്പെട്ട കുറ്റത്തെ തെളിയിക്കാനാകാതെ സീതയുടെ മനസ്സ് പിടഞ്ഞു…
കുറ്റം നിസ്സാരമല്ല സ്വർണ്ണം മോഷ്ടിച്ചവൾ…കള്ളി…
“”കുഞ്ഞേ ഞാനങ്ങനെയൊന്നും ചെയ്യില്ല….ഒരു മൊട്ടുസൂചി പോലും അനുവാദമില്ലാതെ ഞാനിവിടുന്നു എടുത്തിട്ടില്ല…””
ദയനീയമായി ഒരു വിങ്ങലോടെ സീതയുടെ ശബ്ദം ഇടറിപ്പോയി…അപമാനം ഭാരം മനസ്സിനെ മൂടുന്നതവർ അറിഞ്ഞു…മുത്തശ്ശിയുടെ നിശ്ശബ്ദ സീതയുടെ മനസ്സിനെ അത്രമേൽ വേദനിപ്പിക്കുകയായിരുന്നു…
മറ്റെല്ലാവരുടെയും മനസ്സിൽ സീതയത് ചെയ്യില്ല എന്ന് ഉറപ്പുണ്ടെങ്കിലും സാഹചര്യം അവരെയും മൗനമാക്കി…
“”നീയവരുടെ ആ ഭാണ്ഡക്കെട്ട് ഒന്ന് തപ്പി നോക്ക് ശിഖേ…””
സാഹചര്യം മുതലെടുത്ത് വിശ്വനും കളിക്കാൻ തുടങ്ങിയപ്പോൾ തന്നോടുള്ള പകപോക്കൽ ആകും ഇതെന്ന് അവർ അറിഞ്ഞു…
സീതയുടെ കണ്ണുകൾ നിറഞ്ഞു…ഒരു പൊതുസഭയിൽ കള്ളിയാണെന്ന് കുറ്റമാരോപിക്കപ്പെട്ടു അവർ തെളിവെടുപ്പിനായി നിന്നു കൊടുത്തു…ആ സഞ്ചിയിൽ നിന്നും ഓരോന്നായി ശിഖ അവജ്ഞയോടെ പുറത്തേക്കെടുത്തു….
ഭാമ ഉടുത്തിട്ട് കൂടുതൽ പഴകാത്ത ചില സാരികളും…അന്ന് അവിടെ വച്ചുണ്ടാക്കിയ ഭക്ഷണത്തിൽ നിന്നു കുറച്ച് ഇലയിൽ പൊതിഞ്ഞെടുത്തതുമൊക്കെ ആ സഞ്ചിയിൽനിന്നും ശിഖ പുറത്തേക്ക് വലിച്ചിട്ടു..
“”ആഹാ.. ശമ്പളത്തിന് പുറമെ ഉള്ളതാണോ ഇതൊക്കെ….അതോ ആരും അറിയാതെ സ്വന്തം വീട്ടിലേക്ക് കടത്തുന്നതോ….””
ശിഖയുടെ വാക്കുകൾ പ്രഹരിച്ച സീതയുടെ മനസ്സ് വേദനയാൽ അടർന്നു പോയി…
“”ഇതൊക്കെ ഭാമേച്ചി തന്നതാ കുഞ്ഞേ…””
വിങ്ങി കരഞ്ഞുകൊണ്ട് അവർ നേര്യതിന്റെ തലപ്പാൽ മുഖം പൊത്തി…അവരുടെ കണ്ണീരിൽ എല്ലാവരുടെയും മനസ്സ് നൊന്തു…ശിഖയും വിശ്വനും ഉള്ളിൽ ഊറി ചിരിക്കുമ്പോൾ സൂരജിന്റെ മനസ്സിൽ ആ കണ്ണുനീർ പോള്ളലേൽപ്പിച്ചു തുടങ്ങി…
“”മതി നിർത്ത്… നീ പൊയ്ക്കോ സീതേ…”” മുത്തശ്ശിയുടെ സ്വരം ഉയർന്നു…
അടുത്തനിമിഷം ശിഖ സഞ്ചി കുടഞ്ഞപ്പോൾ ഒരു ചിലമ്പലോടെ നിലയത്തേക്ക് തെറിച്ചു വീണ സ്വർണ്ണാഭരങ്ങൾ കാൺകെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി… വിജയച്ചിരിയോടെ വിശ്വനും ശിഖയും പരസ്പരം നോക്കി കണ്ണിറുക്കുന്നു…സൂരജിന്റെ കണ്ണിൽ തീയാളി…കള്ളി അവൻ മനസ്സിൽ ഉരുവിട്ടു…
ഹൃദയപാളികൾ അടർന്നു വീഴുന്ന നോവിൽ പിടഞ്ഞു നിൽക്കുകയായിരുന്നു സീത….
“” ഇല്ല ഞാൻ….ഞാൻ അല്ല…എനിക്കറിയില്ല ഇതാരോ… “”
ഒരു പൊട്ടിക്കരച്ചിലോടെ സീത പറയാനൊരുങ്ങും മുന്നേ മുത്തശ്ശിയുടെ കൈകൾ അവരുടെ കവിളിലേക്ക് ആഞ്ഞു പതിച്ചു….എല്ലാവരും ഒരു നിമിഷം പകച്ചു നിന്നു…അടിയേറ്റ കവിളിൽ മുഖം പൊത്തി സീത പൊട്ടിക്കരഞ്ഞുപോയി…
“”പൊന്നോ പണമോ വേണമെങ്കിൽ ചോദിച്ചൂടാരുന്നോ….ആക്രാന്തം മൂത്ത് മോഷ്ടിക്കേണ്ടിയിരുന്നോ സീതേ നിനക്ക് ..നിന്നെ ഇത്രമേൽ വിശ്വസിച്ചതിനുള്ള കൂലിയാണോ ഇത്…. “” മുത്തശ്ശിയുടെ സ്വരം മുറുകി…
“”കണ്ടില്ലേ കട്ട് മുടിച്ചിട്ട് നിന്ന് മോങ്ങുന്നത്….ഇത് കയ്യോടെ പിടിച്ചപ്പോൾ ഇങ്ങനെ… ഇതിനു മുന്നേ എന്തെല്ലാം കട്ടെടുത്തിട്ടുണ്ടാകും ഇവർ …”” ശിഖ വീണ്ടും വാക്കുകൾ കൊണ്ട് അവരെ കുത്തി നോവിച്ചു…
സ്വയം ന്യായികരിക്കാൻ പോലുമാകാതെ ആ തെളിവുകൾക്ക് മുന്നിൽ അവർ ചലനമറ്റു നിന്നുപോയി…ഹൃദയം പൊട്ടി മരിച്ചുപോകുമോ എന്ന് തോന്നിപ്പോയി സീതയ്ക്ക്…അപമാനിക്കപ്പെട്ടു ഒരു കള്ളിയായി ഇനിയുള്ള കാലം ജീവിക്കുന്നതിലും നല്ലത് മരണമാണ്…സീത കുനിഞ്ഞ് നിലത്തു ചിതറി വീണ സ്വർണ്ണങ്ങൾ ഓരോന്നും പെറുക്കി കൈകളിലേക്ക് എടുത്തു…തോരാതെയുള്ള ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റുവീഴുന്നുണ്ടായിരുന്നു…ഒരു കുലം മുഴുവൻ ആ കണ്ണീരിന്റെ ശാപത്തിൽ വെന്തുനീറാതിരിക്കാൻ അവർ സ്വയം പ്രാര്ഥിച്ചുപോയി…
“”നാണമില്ലേ നിങ്ങൾക്ക്…ഒരു സ്ത്രീയല്ലേ നിങ്ങള്..ഇതുപോലെ കട്ട മുതലിൽ തിന്നു ചീർക്കാതെ പോയി ചത്തു കളഞ്ഞൂടെ…പെരുംകള്ളി…””
ആളിക്കത്തിയ ദേഷ്യത്തിൽ പുറത്തേക്കു വന്ന സൂരജിന്റെ വാക്കുകൾ കേൾക്കെ മാംസം വെന്തു നീറുന്ന വേദനയാൽ സീത പിടഞ്ഞു..ഏങ്ങലടിച്ചവർ അവർ കരഞ്ഞു പോയി…
അടുത്ത നിമിഷം സീതയുടെ അരികിലേക്ക് പാഞ്ഞു വന്ന സൂരജ് ദേഷ്യത്തോടെ ആ കൈകളിൽ ഇരുന്ന സ്വർണ്ണം തട്ടിപ്പറിച്ചു…
“”ഇറങ്ങിക്കോ എവിടുന്ന്…മേലിൽ ഈ വീടിന്റെ പടി ചവിട്ടരുത്….കള്ളി….””
നിറകണ്ണുകളോടെ അപമാനംപേറി തകർന്നു നിന്ന സീതയോട് ഉറക്കെ ഗർജ്ജിച്ചുകൊണ്ടു സൂരജ് അവരുടെ തോളിലേക്ക് ആഞ്ഞുതള്ളി…അടുത്ത നിമിഷം ആ ആഘാദത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട സീത നിലതെറ്റി ഉമ്മറത്തിന്റെ തിണ്ണയിൽ നിന്നും താഴേക്ക് ഉരുണ്ടു വീണുപോയി…
“””അമ്മേ….”””ഉറക്കെ നിലവിളിച്ചു കരഞ്ഞുകൊണ്ട് കുറച്ചപ്പുറത്തായി എല്ലാം കണ്ടും കേട്ടും പ്രതികരിക്കാനാകാതെ സ്തംഭിച്ചു നിന്നുപോയ പല്ലവി അവർക്കരികിലേക്ക് പാഞ്ഞടുത്തു….
കാത്തിരിക്കണേ…