എന്ന് സ്വന്തം പല്ലവി ~ ഭാഗം – 12 ~ എഴുത്ത്: ലില്ലി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”ഇറങ്ങിക്കോ എവിടുന്ന്…മേലിൽ ഈ വീടിന്റെ പടി ചവിട്ടരുത്…കള്ളി….””

നിറകണ്ണുകളോടെ അപമാനംപേറി തകർന്നു നിന്ന സീതയോട് ഉറക്കെ ഗർജ്ജിച്ചുകൊണ്ടു സൂരജ് അവരുടെ തോളിലേക്ക് ആഞ്ഞുതള്ളി…അടുത്ത നിമിഷം ആ ആഘാദത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട സീത നിലതെറ്റി ഉമ്മറത്തിന്റെ തിണ്ണയിൽ നിന്നും താഴേക്ക് ഉരുണ്ടു വീണുപോയി…

“””അമ്മേ….”””ഉറക്കെ നിലവിളിച്ചു കരഞ്ഞുകൊണ്ട് കുറച്ചപ്പുറത്തായി എല്ലാം കണ്ടും കേട്ടും പ്രതികരിക്കാനാകാതെ നിശ്ചലയായി നിന്ന പല്ലവി അവർക്കരികിലേക്ക് പാഞ്ഞടുത്തു….

മുറ്റത്തേക്ക് വീണുകിടക്കുന്ന അമ്മയ്ക്കരികിലേക്ക് വേഗത്തിൽ പാഞ്ഞടുക്കുമ്പോൾ നെഞ്ച് നീറുന്ന നോവിനെ അടക്കി നിർത്താനാകാതെ ഞാൻ വിങ്ങിക്കരഞ്ഞു പോയി…

ചുറ്റിനും നിർവികാരതയോടെ ചലനമറ്റ് നിൽക്കുന്ന ഒരു കൂട്ടം ആളുകളുടെ കണ്ണുകൾ എന്നിലേക്കും അമ്മയിലേക്കുമാണെന്ന് ഞാനറിഞ്ഞു…

മെല്ലെ ഞാനാ കൈ പിടിച്ചു താങ്ങി എഴുനേൽപ്പിച്ചപ്പോൾ അമ്മയുടെ കവിളിലും നെറ്റിയിലും മുറ്റത്തെ കല്ലിൽ ഇടിച്ചു ചതഞ്ഞ് ചോര പൊടിയുന്നത് കാൺകെ വേദനയോടെ ഞാനാ മുഖത്തേക്ക് നോക്കി നിന്നുപോയി…

കരഞ്ഞുവീർത്ത കണ്ണുകളും വാടിയ മുഖവുമായി ഒരാശ്രയത്തിനെന്നോണം എന്റെ കൈകളിലേക്ക് അമർത്തിപ്പിടിച്ചപ്പോൾ ആ കൈകളുടെ വിറയൽ എന്നിലേക്ക് പടരുന്നത് ഞാനറിഞ്ഞു…

“”മോ…മോളെന്താ ഇവിടെ…അ…അമ്മ ഈ തിണ്ണേന്ന് ഒന്ന് കാല് തട്ടി വീണതാടാ….””

കപടമായൊരു ചിരിയണിഞ്ഞു എന്നെനോക്കി അമ്മയത് പറയുമ്പോൾ കണ്ണീർ അടർന്നു വീഴുന്ന ആ കണ്ണുകൾക്ക് സത്യം മറയ്ക്കാൻ തീരെ കഴിയുന്നില്ലെന്ന് ഞാനറിഞ്ഞു…

ചില നിമിഷങ്ങൾക്ക് മുന്നേ അമ്മയുടെ ഈ അവസ്ഥയിൽ പ്രതികരിക്കാനാകാതെ നിന്നുപോയ ഈ മകളെ അമ്മ കണ്ടുകാണില്ല എന്ന് ഞാനോർത്തു….വയ്യെനിക്ക്…ഹൃദയം പൊട്ടിയടർന്നു ഈ തറവാട്ട് മുറ്റത്തേക്ക് ഞാനും പിടഞ്ഞുവീണു മരിച്ചുപോകുമോ എന്ന് ഞാൻ ഭയന്നു പോകുന്നു….

എന്റെ വരവിലും, തിരിച്ചറിഞ്ഞ സത്യത്തിനും മേൽ താൻ ചെയ്ത പ്രവർത്തിയുടെ കാഠിന്യത്താൽ ഉടലാകെ കത്തിയെരിഞ്ഞു നിൽക്കുന്ന സൂരജിനെ കാൺകെ അറപ്പോടും വെറുപ്പോടും ഞാനെന്റെ മുഖം തിരിച്ചു…

മരണവെപ്രാളത്തിൽ പിടയുന്ന അമ്മയുടെ ഹൃദയമിടിപ്പിന്റെ ഉയരുന്ന ശബ്ദം ഞാനറിഞ്ഞു… ഒരാശ്രയമില്ലെങ്കിൽ ഒരുവേള അമ്മ തളർന്നു വീഴുമെന്ന് ഞാൻ ഭയന്നതും ഇറുകെ പുണർന്ന് എന്റെ നെഞ്ചിലേക്ക് ഞാനമ്മയെ ചേർത്തു പിടിച്ചുനിന്നു…

എന്റെ കലങ്ങിയ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും കാൺകെ ഞാനും ആ സത്യമറിഞ്ഞതിന്റെ തെളിവുകളാണതെന്ന് അമ്മയും മനസ്സിലാക്കിയെന്ന് തോന്നുന്നു…

ഒരു പൊട്ടിക്കരച്ചിലോടെ ആ കരങ്ങൾ എന്നിൽ മുറുകിയപ്പോൾ ആ ഉള്ളുരുകുന്നതിന്റെ വ്യാപ്തി ഞാനറിയുന്നുണ്ടായിരുന്നു…പെട്ടന്ന് പടവുകൾ ഇറങ്ങി ഞങ്ങൾക്കരികിലേക്ക് വന്ന ഭാമേച്ചി ദയനീയമായി ഞങ്ങളെ നോക്കിക്കൊണ്ടു അമ്മയുടെ പുറം മേനി തഴുകി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…അത്രമേൽ അമ്മയുടെ മനസ്സ് കാണുന്നുണ്ടാകണം ആ കണ്ണുകളും നിറയുന്നത് ഞാനറിഞ്ഞു…

“” അമ്മ കള്ളിയല്ല മോളെ…എന്റെ മോളെങ്കിലും ഈ അമ്മയെ കുറ്റപ്പെടുത്തല്ലേ…”” വിതുമ്പി കരയുന്ന അമ്മയുടെ സ്വരം എന്റെ കാതുകളിലേക്ക് വീണ് ചിന്നിച്ചിതറി…മനസ്സ് മരവിച്ചു പോകുന്ന പോലെ…

തങ്ങളുടെ പ്രവർത്തികൾക്ക് ഇത്രമേൽ തീവ്രത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു…വിശ്വനും ശിഖയും പോലും ശ്വാസം നിലച്ചപോലെ നിന്ന് പോയി…

എത്രവേഗമാണ് തകരാത്ത വിശ്വാസം അടിത്തറയിളകി ചിന്നഭിന്നമായത്…

ഒരു നിമിഷം കൊണ്ട് കൈവിട്ട പ്രവർത്തിയുടെ ഫലത്താൽ അമ്മയുടെ പ്രായമുള്ള ഒരു പാവം സ്ത്രീയോട് ചെയ്ത പാതകത്തിൽ സൂരജ് ശ്വാസം പിടഞ്ഞു നിന്നു പോയി…മുത്തശ്ശിയടക്കം അവിടെയുള്ള അശോകനും നന്ദനും ഉൾപ്പെടെ എല്ലാവരും വല്ലായ്മയോടെ തറഞ്ഞു നിൽക്കുകയായിരുന്നു…

ഞാനമ്മയെ പതിയെ അടർത്തിമാറ്റിക്കൊണ്ടു ആ കൈ പിടിച്ചു അവർക്കഭിമുഖമായി നിന്നു…

“”അപമാനിച്ചും നോവിച്ചും വിചാരണചെയ്തും തീർന്നെങ്കിൽ ഞാനെന്റെ അമ്മയെ കൊണ്ടുപൊയ്ക്കോട്ടെ….ഇനിയും നിന്നാൽ ഈ മുറ്റത്ത് ചങ്ക് പൊട്ടി ഈ പാവം മരിച്ചു വീണ് പോകും അതോണ്ടാ…നിങ്ങൾ ഈ വീഴ്ത്തിയ കണ്ണീരിന്റെ ശാപമേറ്റ് ദേവർമഠത്തിന്റെ അടിക്കല്ല് തകരാതെയിരിക്കാൻ ഓരോ നിമിഷവും ഒന്നുള്ളുരുകി പ്രാർത്ഥിച്ചോളൂ എല്ലാവരും…””

സങ്കടവും ദേഷ്യവും വെറുപ്പും പ്രതിഷേധവുമെല്ലാം എന്നിലെ വാക്കുകളിൽ തീ പടർത്തി…

ഉയിര് പിടയുന്ന നോവോടെ എന്റെ കണ്ണുകൾ ഒരുവേള സൂരജിലേക്ക് നീണ്ടപ്പോൾ ശ്വാസം പോലും അവശേഷിക്കാതെ മരവിച്ച മനസ്സുമായി ആ കണ്ണുകളും എന്നിലേക്ക് കനിവിനായി കേഴുന്നത് ഞാനറിഞ്ഞു…നുരഞ്ഞു പൊന്തുന്ന ദേഷ്യത്തോടെ ഞാനെന്റെ മുഖം തിരിച്ചപ്പോൾ ഒരിറ്റു കണ്ണീർ ആ കൺപീലികളിൽ തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…

പൊറുക്കില്ല സൂരജെ നിന്നോട് ഞാൻ…ഈ ജന്മത്തിൽ നിന്നെ കണ്ടു മുട്ടിയതിനും ചങ്ക് പറിച്ചു സ്നേഹിച്ചതിനുമുള്ള ശിക്ഷയായി ഈ നിമിഷം നീ കാൺകെ പിടഞ്ഞു മരിച്ചിട്ട് ഇനിയൊരു പുനർജന്മം പോലും തരരുതേ എന്ന് ഞാൻ ഉള്ളുരുകി പ്രാര്ഥിക്കുകയാ……

ഇടയ്ക്കെപ്പോഴോ വിശ്വന്റെയും ശിഖയുടെയും മുഖത്തേക്ക് തന്നെ തറഞ്ഞു നിൽക്കുന്ന അമ്മയുടെ കണ്ണുകളുടെ തീഷ്ണതയിൽ അവർ പൊള്ളിപ്പിടയുന്നത് കാണവേ എന്റെ മനസ്സിലെ സംശയങ്ങൾ ബലപ്പെടുന്നത് ഞാനറിഞ്ഞു..

അപമാനഭാരത്താൽ താഴ്ന്ന മുഖത്തോടെ എനിക്ക് മുന്നിൽ നിൽക്കുന്ന അമ്മയെ ഞാൻ ചേർത്തു നിർത്തുമ്പോഴും ആ തേങ്ങലുകൾ ഒരു നോവായി എന്നിലേക്ക് പെയ്യുന്നത് ഞാനറിഞ്ഞു…മരണവെപ്രാളം പോലെ എന്നിലെ ഹൃദയം പിടയുകയായിരുന്നു…

നിശ്ശബ്ദരായി എല്ലാവരും നോക്കി നിൽക്കെ അമ്മയുമായി ഞാനാ പടികൾ എന്നെന്നേക്കുമായി ഇറങ്ങാനൊരുങ്ങി…പെട്ടന്ന് തണുത്ത കാറ്റ് വീശുകയും മഴക്കാറുകൾ മാനം മൂടുകയും ചെയ്യുന്നത് ഞാനറിഞ്ഞു…

“”സീതേ… “”

മുത്തശ്ശിയുടെ ഇടറിയ ശബ്ദം ഞങ്ങൾ ഇരുവരുടെയും കാതുകളെ പകുത്തെടുത്തപ്പോൾ ഇനിയും പുകഞ്ഞു തീരാൻ ബാക്കിയില്ലാത്ത ശ്വാസവും പേറി തിരിഞ്ഞു നോക്കാതെ ഞങ്ങൾ നടന്നുകന്നു…

അറിയാതെ പിന്തിരിഞ്ഞു നോക്കിയതും ഒരു കൂട്ടം കണ്ണുകൾക്കിടയിൽ പാപഭാരം താങ്ങാനാകാതെ കുറ്റബോധവും പേറി ഒന്ന് മാപ്പ് ചോദിക്കാൻ പോലും ഞാൻ അർഹനല്ല എന്ന തോന്നലിൽ സർവ്വം തകർന്നു നിൽക്കുന്ന സൂരജിലേക്ക് എന്റെ കണ്ണുകൾ ഉടക്കി വലിച്ചു…

ഇടവഴികൾ താണ്ടി ഒതുക്കുകല്ലുകൾ കയറാനൊരുങ്ങിയപ്പോൾ മേഘകീറുകളിൽ നിന്നും പൊട്ടിയ നൂലുകൾ പോലെ മഴ പെയ്തു തുടങ്ങി…ചില സങ്കടങ്ങളിൽ പ്രകൃതി പോലും തന്റെ പ്രതിഷേധം അറിയിക്കുന്നതാകാം എന്ന് ഞാൻ ഓർത്തു…

പരസ്പരം ഒന്നും പറയാനാകാതെ വീടിനുള്ളിലേക്ക് ഞാൻ അമ്മയെ പിടിച്ചു കയറ്റാനൊരുങ്ങവേ ആ കണ്ണുകൾ അച്ഛനുറങ്ങുന്ന മണ്ണിലേക്ക് നീളുന്നതും പരിഭവം കൊണ്ടെന്ന പോലെ നിറഞ്ഞു തുളുമ്പുന്നതും ഞാനറിഞ്ഞു…

നീ തരുന്ന വേദനകളൊന്നും സഹിക്കാൻ കഴയുന്നില്ലല്ലോ കൃഷ്ണാ..വിളിക്കില്ലിനി ഞാൻ, നോവിച്ചു നോവിച്ചു എന്റെ കരയുന്ന വിളി കേട്ട് സുഖിക്കുവല്ലേ നീയും…ദൈവങ്ങളോട് പോലും എന്റെ പ്രധിഷേധം മറച്ചുവയ്ക്കാനാകാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…

മുറിയിലേക്ക് കൊണ്ടുപോയി ഇരുത്തി ചോര പൊടിയുന്ന മുറിവിലേക്ക് മരുന്ന് വച്ചിട്ട് അമ്മയെ ഞാൻ കട്ടിലിലേക്ക് കിടത്തി…പുറത്ത് കോരിച്ചൊരിയുന്ന മഴത്തണുപ്പിൽ എന്റെ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു…മൗനം എത്ര തീവ്രമായി വികാരങ്ങൾ ഞങ്ങളെ ഞെരിച്ചുടയ്ക്കു എന്ന് ഞാനോർത്തു…

നിർജീവമായ ആ കണ്ണുകൾ ഏതോ ബിന്ദുവിലേക്ക് മാത്രം ഉറച്ചു നിൽക്കുന്നത് ഞാനറിഞ്ഞു…എന്റെ മനസ്സിലേക്ക് ഭയമെന്നൊരു വികാരം ഉറഞ്ഞുകൂടിയപ്പോൾ ഞാനാ കൈകൾ അമർത്തി ചേർത്തു പിടിച്ചു…

എല്ലാത്തിനോടും വെറുപ്പും പകയും തോന്നിത്തുടങ്ങി എനിക്ക്…ചെയ്യാത്ത തെറ്റിന്റെ പാപഭാരവും പേറി കള്ളി എന്ന് മുദ്രകുത്തി അപമാനിക്കപ്പെട്ടവൾ …സഹിക്കുന്നുണ്ടാകില്ല അമ്മയ്ക്ക്…

പുറത്ത് മഴ കനക്കുന്നു…ക്ഷീണം കൊണ്ടാകാം അമ്മയും ശാന്തമായി കണ്ണടച്ച് ഉറങ്ങുന്നത് ഞാനറിഞ്ഞപ്പോൾ മെല്ലെ കൈകൾ അടർത്തി മാറ്റി മുറിക്ക് പുറത്തേക്കിറങ്ങി…തികട്ടി വരുന്ന ചില ഓർമ്മകളെ ഇനിയൊരു തിരിച്ചുപോക്കില്ലാത്ത വിധം ഞാൻ വെറുപ്പുകൊണ്ട് ആട്ടിയകറ്റി…

മനസ്സിൽ ആളി കത്തുന്ന അഗ്നിയെ കെടുത്താനാകാതെ ഞാൻ ജനലരികിൽ നിന്നുകൊണ്ട് ഇരുട്ടിലേക്ക് അടർന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നുപോയി…

എന്നാൽ തന്റെ മുറിക്കുള്ളിൽ ഭ്രാന്തനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ചുറ്റുമിരിക്കുന്ന ഓരോ വസ്തുക്കളും നിലത്തേക്കെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു സൂരജ്….

കള്ളിയെന്ന് ആരോപണമേറ്റ് നിസ്സഹായയായി വിങ്ങിക്കരയുന്നൊരു പാവം സ്ത്രീരൂപം അവന്റെ മനസ്സിലേക്ക് ഇരച്ചു കയറി…

സ്വന്തം അമ്മയുടെ വേദനയിൽ വെന്തു നീറി ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ നിൽക്കുന്ന തന്റെ എല്ലാം എല്ലാമായ പവിയുടെ വിതുമ്പുന്ന മുഖം അവന്റെ ഹൃദയവേദനയുടെ ആക്കം കൂട്ടുന്നു….

നിറഞ്ഞ കോപത്താൽ വാക്കുകൾകൊണ്ട് ക്രൂരമായി മുറിവേൽപ്പിച്ചത് പോരാഞ്ഞ് ഈ കൈകൾ കൊണ്ട് നിലത്തേക്ക് മറിച്ചിട്ട തന്റെ അമ്മയോളം പ്രായമുള്ള ആ സ്ത്രീയുടെ മുഖം അവനിലെ ഭ്രാന്തനെ ഉണർത്തി…

മേശയ്ക്കു മുകളിൽ വച്ചിരിക്കുന്ന രണ്ടായിരം രൂപയുടെ നോട്ടിലേക്ക് അവന്റെ കണ്ണുകൾ ഉടക്കിയതും ഇത് താൻ പല്ലവിയുടെ അമ്മയ്ക്ക് നൽകിയതല്ലേ എന്ന ചിന്തയോടെയവൻ തന്റെ കയ്യിലേക്കെടുത്തു…

ബന്ധങ്ങൾക്ക് വിലയിട്ടവൻ…തന്റെ ധാർഷ്ട്യം ഉപേക്ഷിച്ചു വലിച്ചെറിഞ്ഞു പോയ അവർ തന്നെക്കാൾ നേരുള്ളർ ആയിരിക്കണം…പക്ഷേ ആ അമ്മയെ വിശ്വസിക്കാതെ, ആ കണ്ണീരിൽ മനസ്സലിയാത്ത വിധം ഇത്രയ്ക്കും ക്രൂരനായിരുന്നല്ലോ താൻ എന്നോർത്തവന്റെ ഉള്ളം കുറ്റബോധത്താൽ നീറിയടർന്നു…..

ഒരിക്കലും എന്റെ പവിയുടെ അമ്മ അത് ചെയ്യില്ല….അപ്പോൾ തന്റെ റൂമിൽ ഇരുന്ന സ്വർണ്ണം എങ്ങനെ ആ സഞ്ചിയിൽ എത്തപ്പെട്ടു….അവരോടു ഇത്രമാത്രം ശത്രുത ഉള്ളൊരാൾ ഈ തറവാട്ടിൽ ആരായിരിക്കും…സൂരജിന്റെ ചിന്തകൾ വെറിയോടെ കാടുകയറി…

തന്നെക്കൊണ്ട് ഈ പ്രവർത്തികളിത്രയും ചെയ്യാൻ പ്രേരിപ്പിച്ച….ആ അമ്മയെ കുറ്റവാളിയാക്കി കടിച്ചു കീറാൻ എനിക്ക് മുന്നിലിട്ട് തന്നവനെ ഒരുവേള കണ്ടെത്തിയാൽ, കാടിളക്കി വരുന്ന ഒറ്റയാന്റെ വെറിയോടെ കുത്തിമലർത്താൻ അവനിലെ കോപത്തിന്റെ കടിഞ്ഞാണുകൾ പൊട്ടിച്ചിതറി…

ആ ഇറ്റുവീണ ഓരോ തുള്ളി കണ്ണീരിനും കടക്കാരനായി മാറുകയാണല്ലോ താനെന്ന ചിന്തകൾ നിയന്ത്രണമില്ലാതെ മനസ്സിനെ കൊരുത്തു വലിച്ചപ്പോൾ മേശയ്ക്ക് മുകളിൽ വച്ചിരുന്നൊരു ഗ്ലാസ് വർധിച്ച കലിയോടെയവൻ കൈകളാൽ ഞെരിച്ചുടച്ചു….

രക്തം പൊടിയുന്ന കൈകളിലെ വേദനയേക്കാൾ ഏറെയാണ് ചങ്കിൽ ഉറഞ്ഞുകൂടുന്ന കുറ്റബോധത്തിന്റെ ഭാരമെന്നവൻ അറിഞ്ഞു…

എന്റെ പല്ലവി അവളെന്നെ വെറുക്കില്ലേ….അവളുടെ അമ്മ എന്റെയും അമ്മയല്ലേ…ആ അമ്മയെയല്ലേ ഞാൻ നിഷ്ക്കരുണം അപമാനിച്ചത്…ചങ്ക് പറിച്ചു തന്ന് സ്നേഹിച്ച പരിപാലിച്ച എന്നെ ഊട്ടിയ ആ നിഷ്കളങ്കയായ പെണ്ണിനെ ഞാൻ അറിയാതെ തകർത്തുകളഞ്ഞല്ലോ ദൈവമേ…തന്റെ ഉള്ളംകയ്യിൽ നിന്നും ഇറ്റു വീഴുന്ന രക്തത്തുള്ളികൾ ആ പാപത്തിന്റെ ശമ്പളമെന്നോണം അവൻ സ്വയം ഏറ്റുവാങ്ങി…

കനത്ത മഴയിൽ ആ ഇരുട്ടിലൂടെ അവൻ പുറത്തേക്കിറങ്ങി നടന്നു….നിറയുന്ന കണ്ണുകൾ മഴയിലലിഞ്ഞു ചേരുന്നതും ആ ശബ്ദത്തിനൊപ്പം അവൻ ആർത്തു കരയുന്നതും ആരും അറിയുന്നുണ്ടായിരുന്നില്ല…

ജനലഴികളിൽ കൈ ചേർത്തു പിടിച്ചു ആർത്തുപെയ്യുന്ന മഴയിലേക്ക് ഞാൻ നോക്കി നിന്നു…ആ മഴത്തണുപ്പിലേക്കിറങ്ങി ഉള്ളിലെ ചൂടിനെ അകറ്റാനും ഒന്നാർത്ത് കരയാനും എന്റെ ഉള്ളം വെമ്പുന്നത് ഞാനറിഞ്ഞു….

വാതിലിൽ ശക്തമായി ആരോ തട്ടുന്നത് കേട്ടുഞാൻ എന്റെ ചിന്തകളിൽ നിന്നുണർന്നു…ഈ രാത്രിയിൽ അതും കോരിച്ചൊരിയുന്ന ഈ മഴയത്ത് ഞങ്ങളെ തേടി വരാൻ ആരെന്ന ചിന്ത എന്നെ അലട്ടി…അമ്മയെ വിളിക്കാനായി ഞാൻ മുറിയിലേക്ക് ചെന്നതും ശാന്തമായി ഉറങ്ങുന്നത് ഞാനറിഞ്ഞു ….ഉറങ്ങട്ടെ ആ മനസ്സ് തണുക്കട്ടെ…അൽപ നേരം ഞാനാമുഖത്തേക്ക് നോക്കിനിന്നുപോയി…

വീണ്ടും തുടരെ തുടരെ വാതിലിൽ മുട്ടുന്നത് കേട്ട് ജനലിനടുത്തേക്ക് ചെന്ന് ആരാണെന്നറിയാൻ ഉമ്മറത്തേക്ക് ഞാൻ നോക്കിയതും മഴയിൽ നനഞ്ഞു കുതിർന്ന് കലങ്ങിയ കണ്ണുകളോടെ ഒരു ഭ്രാന്തനെ പോലെ നിൽക്കുന്ന സൂരജിനെ കാൺകെ എന്റെ നെഞ്ചോന്നു പിടഞ്ഞു…

വീട് തേടി വന്നിരിക്കുന്നു….ഇനിയും വേദനിപ്പിക്കാൻ….

ഹൃദയം മുഴുവൻ വാക്കുകൾകൊണ്ട് വരഞ്ഞു മുറിപ്പെടുത്തിയിട്ട് പിടഞ്ഞു മരിക്കാറാകുമ്പോൾ മരുന്നുവച്ചു കെട്ടുന്നു…പിന്നെയും ഒരിക്കൽ വീണ്ടും വന്നു ആ മുറിവിലേക്ക് കടാരകയറ്റുന്നു…ദുഷ്ടൻ…
ദുഷ്ടനാണ് സൂരജെ നീ…

മൗനമായി മറഞ്ഞു നിന്നു ഞാൻ കരഞ്ഞു…എന്റെ നിഴലനക്കം കണ്ടിട്ടാകണം ജനലിനരികിലേക്കവൻ പാഞ്ഞു വരുന്നത് ഞാനറിഞ്ഞു….

അവന്റെ കണ്ണുകൾ വരാന്തയുടെ ചുമരിൽ തൂക്കിയിട്ട രണ്ട് ചിത്രങ്ങളിലേക്ക് നീണ്ടു…പവിയുടെ അച്ഛനും ചേട്ടനുമാകാം…ജീവിതത്തിൽ ഒരുപാട് സഹിച്ച ആ അമ്മയെയും മകളെയും താനും ഒരുപാട് വേദനിപ്പിച്ചല്ലോ എന്നന്നോർത്തപ്പോൾ അവന്റെ ചങ്കൊന്ന് പിടഞ്ഞുലഞ്ഞു…

“”പവി മോളെ…വാതില് തുറക്കടീ….””

ജനലഴികയിൽ പിടിച്ചുകൊണ്ടു അകത്തേക്ക് നോക്കിയവൻ ഉറക്കെ വിളിക്കുന്ന ശബ്ദം മഴയുടെ താളത്തിനൊപ്പം എന്റെ കാതുകളിൽ വന്നടിച്ചു…ഞാൻ അങ്ങിയില്ല…ജനലിന്റെ അടുത്തായുള്ള ഭിത്തിയിൽ ഞാൻ ചേർന്നു നിൽക്കുന്നത് അവൻ അറിഞ്ഞെന്നു തോന്നുന്നു..വീണ്ടും ജനലഴികളിൽ മുഖം ചേർത്തു നിന്നവൻ എന്നെ ഉറക്കെ വിളിക്കുന്നുത് ഞാനറിഞ്ഞു….

“”പവിയേ എന്നെയൊന്ന് നോക്കടീ …വാ ഈ ജനലിന്റെ അടുത്തോട്ടൊന്ന് വാ പവിയേ നീ….””

ആ സ്നേഹം ചാലിച്ച സ്വരത്തിൽ ആഴമേറിയ നോവിന്റെ നീർപൊടിയുന്നതും ശബ്ദം വിറയ്ക്കുന്നതും കേട്ടില്ലെന്ന് നടിച്ചു ഞാൻ മൗനമായി….

“”ഞാനറിഞ്ഞില്ല പവി അത് നിന്റെ അമ്മയാണെന്ന്… എന്നെയൊന്ന് മാപ്പ് പറയാനെങ്കിലും അനുവദിച്ചൂടെ നിനക്ക്…അല്ലേൽ ഞാനൊരു മുഴു ഭ്രാന്തൻ ആയിപ്പോകും പവിയേ…””

അവൻ കരയുകായാണെന്ന് ഞാനറിഞ്ഞു…ആ കണ്ണീരിനപ്പുറം അവൻ കരയിച്ച എന്റെ അമ്മയുടെ കണ്ണുകളും അവനാൽ മുറിവേറ്റ ആ മുഖവും എന്നിലേക്ക് മിഴിവോടെ തെളിഞ്ഞു വന്നു…അവനുനേർക്ക് നോക്കി ഞാൻ ജനലോരം നിന്നതും എന്നെ കാൺകെ ആ കലങ്ങിയ കണ്ണുകളിൽ കുറ്റബോധത്തിന്റെ നീർ പൊടിയുന്നത് ഞാൻ പരിഹാസത്തോടെ നോക്കി നിന്നു…

ശബ്ദം പുറത്തേക്ക് വരാതെ ആ ചുണ്ടുകൾ പവി എന്ന് വേദനയോടെ മന്ത്രിക്കുന്നത് കാണാനാകാതെ ഇരുളിൽ പെയ്യുന്ന മഴയിലേക്ക് ഞാൻ നോക്കി നിന്നപ്പോൾ അവനോടുള്ള വെറുപ്പും ദേഷ്യവും എന്നിൽ പിറവിയെടുക്കുന്നത് ഞാനറിഞ്ഞു…

“” ആര് ക്ഷമിച്ചാലും താൻ ചെയ്ത തെറ്റിന് ഈ പല്ലവി തനിക്ക് മാപ്പ് തരില്ല സൂരജെ…എന്റെ അമ്മയെന്നല്ല ലോകത്താരോടും താനിങ്ങനെ ചെയ്യരുതായിരുന്നു…കണ്മുന്നിൽ നിന്ന് നിസ്സഹായതയോടെ ഏങ്ങലടിച്ചു കരഞ്ഞപ്പോൾ പോലും ദയയില്ലാതെ എന്റെ അമ്മയെ താൻ…കഴിയില്ലടോ എനിക്ക്….

പോയി ചാകാൻ പറഞ്ഞില്ലേ….. അതേടോ ചത്തു ജീവിച്ചു അകത്തു കിടപ്പുണ്ടൊരാൾ…അതെങ്ങനെ അമ്മയെന്ന വാക്കിന്റെ വിലയറിയാത്ത തനിക്ക് ലോകത്തൊരു പെണ്ണിനേയും സ്നേഹിക്കാനോ മനസ്സിലാക്കാനോ കഴിയില്ല…പോ ഇറങ്ങി പോ ഇവിടുന്ന്….തന്നെ എനിക്ക് കാണണ്ട…”””

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നിരുന്നു ഞാൻ കാൽമുട്ടിൽ മുഖമൊളിപ്പിച്ചു….കോപത്തോടെ എന്നിൽ നിന്നും ഉയർന്ന വാക്കുകൾ ഉലയിലെന്നോണം ആ നെഞ്ചിലേക്ക് ആളിപ്പടർന്നു എന്ന് ഞാനറിഞ്ഞു…

എന്റെ തേങ്ങലുകൾ ഉയർന്നു കേട്ടതിനാലാകാം എന്നെ ഉച്ചത്തിൽ വിളിച്ചു കൊണ്ടവൻ വാതിലിൽ ശക്തിയോടെ പ്രഹരിക്കുന്നത് കേട്ടിട്ടും ഞാനനങ്ങിയില്ല…നിന്റെ ഭ്രാന്തിൽ ഉരുകിയില്ലാതാകാൻ ഇനിയീ പല്ലവിക്ക് കഴിയില്ല സൂരജെ…എന്നിൽ ആത്മഗതമുണർന്നു…

അല്പം നിമിഷങ്ങൾ പിന്നിട്ടപ്പോൾ ഹാളിൽ വെളിച്ചം നിറയുകയും ഒരു ശബ്ദത്തോടെ വാതിൽ വലിച്ചു തുറക്കുകയും ചെയ്യുന്നത് ഞാനറിഞ്ഞു…

ശബ്ദം കേൾക്കെ ഞാൻ നിലത്തു നിന്നും പിടഞ്ഞെഴുനേറ്റ് കണ്ണു തുടച്ചപ്പോൾ തുറന്ന വാതിലിനരികിൽ അമ്മ പുറത്തേക്ക് നോക്കി നിശ്ചലമായി നിൽക്കുന്നത് ഞാനറിഞ്ഞു….

അടുത്ത നിമിഷം അകത്തേക്ക് കയറിയ സൂരജ് അമ്മയെ ഇറുകെ കെട്ടിപ്പിടിച്ചു ആ ചുമലിലേക്ക് തലചായ്ച്ചു നിൽക്കുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടുനിന്നു…

ഭ്രാന്തമായി എന്തൊക്കെയോ പുലമ്പുകയും ആ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി അമ്മയുടെ തോളിലേക്ക് പടരുന്നതും നോക്കി നിൽക്കാനാകാതെ വേദനയോടെ ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു നിന്നുപോയി…

കഴിയില്ലെനിക്ക് ലോകത്ത് ആര് നിന്നോട് പൊറുത്താലും എനിക്കതിനു പെട്ടന്ന് സാധിച്ചു എന്ന് വരില്ല സൂരജേ…

ദീർഘ നേരമായിട്ടും അടർന്നുമാറാതെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ ഏങ്ങലടിച്ചു കരയുന്നത് കാൺകെ മനസ്സലിഞ്ഞതാകാം ആ കൈകളും അവനെ വട്ടം ചുറ്റി ചേർത്തുപിടിച്ചു…അമ്മയുടെ കണ്ണുകളും നിറയുന്നത് ഞാനറിഞ്ഞു…

ഇടയ്ക്കെപ്പോഴോ താഴേക്ക് ഊർന്നിരുന്നു അമ്മയുടെ കാലുകൾ രണ്ടും കൂട്ടിപ്പിടിച്ചവൻ മാപ്പപേക്ഷിക്കുന്നത് കാണാനാകാതെ ഞാൻ അകത്തേക്ക് നടന്നകന്നു…

മനസ്സമാദാനമില്ലാതെ മെല്ലെ ഞാൻ പുറത്തേക്ക് നോക്കിയതും…അമ്മ അവനെ പിടിച്ചെഴുനേൽപ്പിച്ചു നനഞ്ഞു കുതിർന്നു നിൽക്കുന്ന അവന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിക്കൊണ്ടു ഒരു ചിരിയോടെ നേര്യതിന്റെ തലപ്പാൽ തല തുടവർത്തിക്കൊടുക്കുന്നത് ഞാൻ നോക്കി നിന്നുപോയി…

ഒരു ചെറിയ കുട്ടിയെ പോലെ അമ്മയുടെ മുഖത്തെ മുറിവിലേക്കവൻ മെല്ലെ തലോടിയപ്പോൾ അവന്റെ കണ്ണുകൾ നിറയുകയും ആ സങ്കടം അമ്മയിലേക്കും പടരുന്നതും ഞാനറിഞ്ഞു…

താൻ ചെയ്ത പ്രവർത്തിയുടെ കാഠിന്യം എത്ര വലുതായിയിട്ടും ആ അമ്മയുടെ മുഖത്ത് പരിഭവമോ ദേഷ്യമോ പകയോ ഒന്നുമില്ല എന്നത് അവന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു…ആ കൈകൾ കൂട്ടിപ്പിടിച്ചു അവൻ നെഞ്ചോടു ചേർത്തു വച്ചു…അവന്റെ കണ്ണുകൾ കലങ്ങുകയും ഒന്നും പറയാനാകാതെ വീർപ്പുമുട്ടുന്നതും ഞാനറിഞ്ഞു….

“”എന്നോട് ക്ഷമിക്കാൻ പറയാൻ എനിക്ക് അർഹതയില്ലമ്മേ…ആർക്കും ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ ചെയ്തേ…എങ്കിലും എനിക്ക്….”” വാക്കുകൾ പൂർത്തീകരിക്കാനാകാതെ അവന്റെ ശബ്ദം ചിതറിപ്പോയി…

“”എന്റെ ഉണ്ണീടെ മോനോട് ക്ഷമിക്കാൻ പറ്റില്ലെങ്കിൽ ഞാൻ വേറാരോട് ക്ഷമിക്കാനാ മോനെ….എനിക്കെന്റെ സ്വന്തം മോനെപ്പോലെയാ നീയ്…മക്കള് തെറ്റ് ചെയ്‌താൽ അമ്മമാര് ക്ഷമിക്കില്ലേ…””

ചിരിയോടെ അമ്മയത് പറഞ്ഞതും ആ കരൾപിടയുന്ന നോവെനിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നു…എത്ര പെട്ടന്നാണ് അമ്മയ്ക്ക് ക്ഷമിക്കാനായായത്…ഒരുപക്ഷേ അമ്മയ്ക്ക് മാത്രമേ അങ്ങനെ കഴിയൂ…അത്രയ്ക്ക് പാവമാ എന്റെ അമ്മ…

“”പവീ മോളിങ്ങോട്ട് വാ.. ഇതാരാന്ന് നോക്കിയേ…””

മുറിയിലേക്ക് നോക്കിക്കൊണ്ടു അമ്മയെന്നെ വിളിച്ചതും ഞാൻ അടങ്ങാത്ത ദേഷ്യത്തോടെ പുറത്തേക്ക് വന്നു…

“”മോന്റെ വീട്ടിലെ പോലെ സൗകര്യം ഒന്നും ഇല്ലാട്ടോ ഇവിടെ….””

മുന്താണികൊണ്ടു കസേര തുടച്ചു കൊടുത്തു് സൂരജിനെ അമ്മ കൈപിടിച്ച് ഇരുത്തി…എന്തോ ഒന്നും കണ്ടുനിൽക്കാൻ എനിക്ക് കഴിയുന്നില്ല… അമ്മയുടെ ഒരു പ്രവർത്തിയും വാക്കുകളും അവനെ അത്രമേൽ നോവിക്കുന്നു എന്ന് തോന്നുന്നു ആ കണ്ണുകൾ കലങ്ങുന്നത് ഞാനറിഞ്ഞു…

അവൻ നോവിച്ചു തോൽപ്പിച്ചപ്പോൾ…അമ്മ മത്സരിച്ച് സ്നേഹിച്ചു തോൽപ്പിക്കുന്നു…വേദനയേക്കാൾ താങ്ങാനാകാത്തൊരു വികാരം അവനെ മൂടുന്നത് അവന്റെ മുഖഭാവത്തിൽ എടുത്തുകാട്ടുന്നുണ്ടായിരുന്നു…

എന്റെ ഉള്ളിലാകെ കത്തിപ്പടരുന്ന അഗ്നിയിലേക്ക് എണ്ണ തൂകുന്ന പോലെയുള്ള അമ്മയുടെ പ്രവർത്തികൾ കാൺകെ എന്നിൽ അരിശം ഏറുന്നുണ്ടായിരുന്നു…

“”മക്കള് ഈ അമ്മ വച്ച ചോറ് തന്നാൽ കഴിക്കുവോ….അവിടുത്തെ പോലെ ഇല്ലാട്ടോ എങ്കിലും മോന് ഇഷ്ടാവും… “”

വാത്സല്യത്തോടെ അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവൻ ചിരിയോടെ സമ്മതമറിയിച്ചപ്പോൾ ആ കണ്ണുകൾ എന്നിലേക്കും നീണ്ടു വരുന്നത് ഞാനറിഞ്ഞു…അവൻ ഇടക്കിടക്ക് അമ്മയുടെ മുഖത്തെ മുറിവിലേക്ക് നോക്കുന്നതും അത് കാൺകെ ആ നെഞ്ചിലെ നോവും അമ്മയുടെ സ്നേഹവും അവനെ അത്രമേൽ വീർപ്പുമുട്ടിക്കുന്നതും ഞാനറിഞ്ഞു….

നിനക്കുള്ള ശിക്ഷ ഇതാണ് സൂരജ്….ജീവിതത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്….ചിലപ്പോൾ ഇപ്പോഴവനത് മനസ്സിലാകുന്നുണ്ടാകും….എന്റെ ഹൃദയം അവനോടുള്ള പ്രതിഷേധമെന്നോണം വേഗത്തിൽ മിടിച്ചു….

“”മോനെ ഇതാട്ടോ എന്റെ മോള്….പല്ലവി…പഠിക്കുവാ അവള്…ഞാനെന്ന് വച്ചാ എന്റെ കുഞ്ഞിന് ജീവനാ….വേറാരുമില്ലേ ഞങ്ങൾക്ക്, അവൾക്ക് ഞാനും എനിക്കവളും…””

എന്നെ ചേർത്തു പിടിച്ചുകൊണ്ടു അമ്മ അഭിമാനത്തോടെ അത് പറഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അകത്തേക്കോടി…

സൂരജ് ചങ്കിലെ നോവ് സഹിക്കാനാകാതെയാകും ഇരുന്നിടത്തു നിന്നും പെട്ടന്ന് ചാടി എഴുനേറ്റു….

“”അമ്മേ ഞാൻ…. “”

എന്തോ വിക്കലോടെ അവൻ പായാനാഞ്ഞതും അമ്മ അവനെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞുതുടങ്ങി…

“”അവൾ അങ്ങനാ എനിക്കൊരു വിഷമം വന്നാൽ താങ്ങില്ല….എനിക്കെന്തേലും വന്നാൽ അവള് ഒറ്റക്കാവില്ലേ എന്നൊക്കെയുള്ള പേടിയാ…..മോനെ കണ്ടപ്പോൾ അമ്മേടെ വിഷമം ഒക്കെ മാറി…. സാരമില്ല…””

കഴിക്കാനുള്ള ചെറിയ മേശക്കയ്ക്ക് അരികെ സൂരജിനൊപ്പം ഞാനും ഇരുന്നു…പാത്രത്തിലേക്ക് അമ്മ ചോറും കറികളും ചിരിയോടെ സ്നേഹത്തോടെ ഞങ്ങൾക്ക് വിളമ്പി….

എത്രപെട്ടന്നാണ്‌ അമ്മയെല്ലാം മറന്നത്….ഇത്ര ചിരിച്ചും കളിച്ചും സന്തോഷത്തോടെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു എന്നതെനിക്ക് അതിശയമായിരുന്നു ….മുഖത്ത് മുറിവിന്റെ ആകാം നല്ല നീര് നീര് വച്ചു വീർതിരിക്കുന്നത് കാൺകെ വല്ലാത്തൊരു സങ്കടം എന്നെ പൊതിയുന്നത് ഞാനറിഞ്ഞു…അതൊന്നും കാര്യമാക്കാതെ അമ്മ ഞങ്ങളെ ഊട്ടാനുള്ള ശ്രമത്തിലാണ്….കണ്ണുകൾ എത്ര പറഞ്ഞാലും അനുസരിക്കില്ല…നിറഞ്ഞു നിറഞ്ഞു വന്നു കവിലേക്ക് പടരുന്നത് ഞാനറിഞ്ഞു…

ഒന്നും മിണ്ടാതെ തന്റെ തെറ്റിനുള്ള ശിക്ഷ ഏറ്റു വാങ്ങും പോലെ പ്രായശ്ചിത്തം പോലെ ആ അമ്മയുടെ സ്നേഹച്ചൂടിൽ അവൻ വെന്തു പിടയുന്നത് ഞാനറിഞ്ഞു…എന്നെ നോക്കിയിരിക്കുന്ന ആ മുഖം ഞാൻ വകവെച്ചില്ല…

ചോറിലേക്ക് കൈ ഇട്ടതും എരിവ് വലിച്ചുകൊണ്ട് സൂരജ് കൈ വലിച്ചതുകാൺകേ ഞാൻ മുഖം ഉയർത്തിയപ്പോൾ അമ്മ ആധിയോടെ ആ കൈകൾ പിടിച്ചു നോക്കുന്നത് ഞാനറിഞ്ഞു….

നീളത്തിൽ വരഞ്ഞു മുറിവേറ്റ കൈവെള്ളയിൽ രക്തം വാർന്നു ഒട്ടിപ്പിടിച്ചിരിക്കുന്നത് കാൺകെ എന്റെ മനസ്സും ഒന്നുലഞ്ഞു പോയി…

ഒന്നും ചോദിക്കാതെ വേഗം അകത്തേക്ക് ഓടിപ്പോയി അമ്മ മരുന്നും കെട്ടാനുള്ള തുണിയുമായി അവനടുത്തേക്ക് വന്നു…. സൂക്ഷ്മതയോടെ മെല്ലെ അവന് വേദനിപ്പിക്കാതെ മരുന്ന് വച്ചു കെട്ടിക്കൊടുന്ന അമ്മയിലേക്ക് എന്റെയും സൂരജിന്റെയും കണ്ണുകൾ ഒരുപോലെ തറഞ്ഞു നിന്നുപോയി..അമ്മയെന്ന വാക്കിനു ഒരുപാട് അർത്ഥ തലങ്ങൾ തിരഞ്ഞുപോകുന്ന അവന്റെ മനസ്സിനെ എനിക്ക് മാത്രം കാണാമായിരുന്നു..

എത്രവേഗമാ കാലം തിരിഞ്ഞു കറങ്ങുന്നത്…നീ വേദനിപ്പിച്ചു മുറിവേൽപ്പിച്ചവൾ നിനക്ക് മരുന്നാകുന്നു…കട്ടമുതലിൽ തിന്നു ചീർക്കുന്നവൾ എന്ന് നീ ആധിക്ഷേപിച്ചവൾ നിന്നെയൂട്ടുന്നു…. ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ നീറ്റൽ പടർന്നു കയറുന്നത് ഞാനറിഞ്ഞു…

“”മോന് കഴിക്കാൻ ഞാൻ സ്പൂൺ എടുത്തിട്ട് വരാട്ടോ… “”

അതും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ അമ്മയുടെ കൈത്തണ്ടയിൽ അവൻ പിടിച്ചു നിർത്തിയപ്പോൾ ഞാൻ സംശയത്തോടെ അവനെ നോക്കിയിരുന്നു…

“”ഈ ചോറ് അമ്മയെനിക്ക് വാരിത്തരാമോ..””

ഒരപേക്ഷയോടെ അമ്മയ്ക്കുനേരെ അവനാ ചോദ്യമുയർത്തിയതും ഞാൻ ഒരുവേള പകച്ചു പോയി…അവനോടുള്ള വെറുപ്പിന്റെ അംശം എന്നിൽ പെരുകിയപ്പോൾ ഞാനാ ദേഷ്യത്തെ പല്ലുകൾക്കിടയിലിട്ട് ഞെരിച്ചുടച്ചു…

എന്തോ അമ്മയുടെ ഉള്ളം നിറവോടെ അവന്റെ മുഖത്തേക്ക് നോക്കുന്നതും അവനരികിലിരുന്നു പാത്രത്തിൽ നിന്നും ഓരോ ഉരുളകളായി അവനെ ഊട്ടുന്നതും കാൺകെ വല്ലായ്മയോടെ ഞാനിരുന്നു പോയി…

അവന്റെ കണ്ണുകൾ കലങ്ങുന്നതും ചിരിയോടെ എന്നിലേക്ക് നോക്കിയിരിക്കുന്നതും ശ്രദ്ധിക്കാതെ ഞാൻ മുഖം തിരിച്ചു…

ഇടയ്ക്കെപ്പോഴോ എന്നിലേക്ക് നീട്ടിപ്പിടിച്ച അമ്മയുടെ കയ്യിലെ ഉരുളകയ്ക്ക് നേരെ ഞാൻ അറിയാതെ വായതുറന്നു പിടിച്ചു…നെഞ്ച് വിങ്ങിപ്പൊട്ടി എന്റെ കണ്ണുകളും നിറഞ്ഞു ആ കൈകളിലേക്ക് ഒരുതുള്ളി അടർന്നു വീണു…

“”മോള് കരയണ്ട… അമ്മയ്ക്ക് ഒരു വിഷമോം ഇല്ലടാ…കുഞ്ഞിനോട് മോള് കെറുവൊന്നും കാണിക്കണ്ട…. അവനറിയാതെ ചെയ്തതല്ലേ…””

അമ്മത് പറഞ്ഞതും തൊണ്ടയ്ക്ക് കീഴ്പ്പോട്ട് വിങ്ങി നിന്നൊരു സങ്കടം ഉള്ളിലൊതുക്കി ഞാൻ പാത്രവുമെടുത്ത് അടുക്കളയിലേക്ക് നടന്നപ്പോൾ എന്നെ പിന്തുടർന്നു അവന്റെ നോട്ടം എത്തുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…

മുറിയിൽ നിന്നും ഒരു പഴയ ആൽബം എടുത്ത് സൂരജിനരികിലേക്ക് ഇരിക്കുന്ന അമ്മയെ ഞാൻ നോക്കിനിന്നു….

“” കണ്ടോ ഇതാ ഞാനും മോന്റെ അമ്മ ഉണ്ണിയും…മക്കളോട് പറഞ്ഞില്ലാരുന്നോ ഞാൻ….””

ബന്ധങ്ങൾക്ക് നോട്ടുകൾകൊണ്ട് വിലയിട്ടവന് മുന്നിൽ പണത്തിന്റെ അളവുകളില്ലാത്ത അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും കഥകൾ അമ്മ സൂരജിനോട് പറയുകയായിരുന്നു….

ഉള്ളാകെ പടർന്നിരച്ചു കയറുന്ന കുറ്റബോധത്തിന്റെ നീറ്റലിൽ അവന്റെ ശരീരം വിറച്ചു…

“”ഇത് കണ്ടോ ഈ ഉമ്മറത്ത് വച്ചു എടുത്തതാ മാധവേട്ടനും അന്ന് വന്നിരുന്നു ഞങ്ങളെ കാണാനായിട്ട്….””

ആവേശത്തോടെ ആൽബത്തിന്റെ പഴയ താളുകൾ മറിച്ചു സൂരജിനെ ഓരോ ചിത്രങ്ങളും കാണിക്കുമ്പോൾ അവന്റെ കണ്ണുകൾ അമ്മയുടെ മുഖത്തേക്ക് മാത്രം വേദനയോടെ പതിഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു..

“”ദേ ഇത് കണ്ടോ…മാധവേട്ടന്റെ കയ്യിൽ ഇരിക്കുന്നത് എന്റെ മോനാ….അവനന്ന് മൂന്ന് വയസ്സാ…പക്ഷേ അവനിപ്പോ ഞങ്ങളെ ഒക്കെ വിട്ട് പോയി…ഇപ്പോൾ ഉണ്ടാരുന്നേൽ മോനെപ്പോലെ….””

മെല്ലെ സാരിത്തലപ്പാൽ വായപൊത്തിപ്പിടിച്ചു അമ്മയൊന്നു നിശ്ശബ്ദമായപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു …എന്ത് പറയണം ചെയ്യണം എന്നറിയാതെ സൂരജും അസ്വസ്ഥനാകുന്നത് ഞാനറിഞ്ഞു…

“”അന്ന് ഞാനത് പറഞ്ഞപ്പോൾ ഒരു വേലക്കാരിയോട് സംസാരിക്കാനുള്ള കുറച്ചിലോടെ കുഞ്ഞ് പോയപ്പോൾ വല്ലാതെ വിഷമമായി എനിക്ക്….പഴയ ബന്ധം പറഞ്ഞു പണം വാങ്ങാൻ വന്നതാണെന്ന് കരുതി മോനെനിക്ക് ആ പൈസ തന്നില്ലേ, ഞാനെടുത്തില്ല കേട്ടോ….ആ മേശപ്പുറത്ത് തന്നെ വച്ചിട്ടുണ്ട്….ഒരുപാട് പൈസ ഒന്നും ഉണ്ടായിട്ടല്ല…ബന്ധങ്ങളും സ്നേഹവും കടപ്പാടും ഒന്നും വിലപറഞ്ഞു ഞാൻ വാങ്ങീട്ടില്ല മോനെ…ഗതികേടുകൊണ്ടാ അവിടെ ജോലിക്ക് വന്നത്.. ഞങ്ങൾക്കും ജീവിക്കണ്ടേ…ഏട്ടനും എന്റെ മോനും ഒക്കെ ഉണ്ടാരുന്നേൽ രാജകുമാരിയെ പോലെ എന്റെ മോളെയും എന്നെയും നോക്കിയേനെ അവര്…പക്ഷേ ഇപ്പോൾ അങ്ങനാണോ….ഒരിക്കലും ആരെയും വിലകുറച്ചു കാണല്ലേ…ഒന്നും മോന്റെ തെറ്റല്ല എന്റെ ഉണ്ണി ഉണ്ടാരുന്നേൽ ഇതൊക്കെ പറഞ്ഞു തന്നേനെ…..”””

ഒരു നെടുവീർപ്പോടെ അമ്മയത് പറഞ്ഞു നിർത്തി അകത്തേക്ക് നടന്നതും നെഞ്ചിടങ്ങളിൽ വല്ലാതെ ഭാരമേറുന്നു…നീ ഇത്രയുമധികം നോവുകൾ ആ ഹൃദയത്തിൽ ഏൽപ്പിച്ചൊരുന്നുവോ സൂരജെ…അവനിലേക്കൊരു നോട്ടം നീണ്ടുപോയപ്പോൾ തികട്ടി വന്ന വിങ്ങൽ മറയ്ക്കാൻ ഞാൻ ചുണ്ട് കൂട്ടി കടിച്ചു പിടിച്ചു…

നിർവികാരതയോടെ തുറന്നിട്ട വാതിലിലൂടെ യാത്രപറയാൻ പോലും ശേഷിയില്ലാതെ ഞെരിഞ്ഞുടഞ്ഞ ഹൃദയവുമായി മഴയിലേക്കിറങ്ങി നടക്കുന്ന സൂരജിനെ ഞാൻ നോക്കിയിരുന്നു…

പുറത്ത് മഴ കനക്കുന്നു… മിന്നൽ പിണരുകൾ പ്രകാശം ചൊരിയുന്നതും ഇടിനാദം മുഴങ്ങുന്നതും ഞാനറിഞ്ഞു….വാതിലടച്ചു കിടന്നതും പതിവില്ലാതെ എനിക്കരികിലേക്ക് വന്ന് അമ്മ ചേർന്നു കിടന്നപ്പോൾ ആ വയറിനു കുറുകെ കൈചേർത്തു ഞാൻ വരിഞ്ഞു മുറുക്കി…എന്തോ പതിവില്ലാതെ വല്ലാത്ത അസ്വസ്ഥത വന്ന് മനസ്സിനെ മൂടുന്ന പോലെ… ആ വാത്സല്യചൂടേറ്റ് ഏതോ യാമങ്ങളിൽ ഞാനുമുറങ്ങി….

കൺപോളകളിൽ പ്രകാശം വന്ന് പതിച്ചതും എന്നിൽ കുരുക്കിട്ട അമ്മയുടെ കൈകളെ ഞാൻ മെല്ലെ അടർത്തി മാറ്റി…

ചിരിയോടെ ഞാൻ മെല്ലെ തട്ടിയുണർത്താൻ ഒരുങ്ങിയതും അമ്മ കണ്ണടച്ചു തന്നെ കിടക്കുവാ…എന്നെ പറ്റിക്കാനാ…ഇടയ്‌ക്കൊക്കെ ഇത് പതിവാ അമ്മയ്ക്ക്…എന്നെ കളിപ്പിക്കാൻ അനക്കമില്ലാതെ ഇങ്ങനെ കിടക്കും…പക്ഷേ കുറേ കഴിഞ്ഞാൽ ഒരു കണ്ണ് തുറന്ന് എന്നെ നോക്കി പൊട്ടിച്ചിരിക്കും…

പക്ഷേ ഇന്നതില്ല… വീണ്ടും വീണ്ടും ഞാൻ വിളിച്ചപ്പോഴും ചുണ്ടിൽ മായാത്ത ചിരിയോടെ കണ്ണടച്ച് കിടക്കുകയാ….എന്നെ തനിച്ചാക്കി അമ്മ പോയെന്ന് ഞാനറിഞ്ഞു ….ഇനി ഒരിക്കലും തിരികെ വരാത്തത്ര ദൂരത്തേക്ക്…ഞാൻ അടുത്തേക്ക് ചേർന്ന് കിടന്നു ഒന്നുകൂടി വട്ടം ചുറ്റി കെട്ടി പിടിച്ചു….അവസാനമായി ഞാനാ തണുത്ത് മരവിച്ച് ശ്വാസമറ്റ ശരീരത്തിലേക്ക് പറ്റിച്ചേർന്നു കിടന്നു…ആത്മാവ് എരിഞ്ഞു തീരുന്ന നോവോടെ ആ കവിളിലും നെറ്റിയിലേക്കും ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി…

കാത്തിരിക്കണേ…