ഇക്ക എനക്ക് ബയറു ബേദന എടുക്കണ് എന്റെ കാലു ഞെക്കി താ കൈ തിരുമ്മി താ എന്നൊക്കെ പറഞ്ഞു ഒട്ടുമിക്ക രാത്രികളിലും അവളെന്റെ ഉറക്കം കെടുത്തി..

നായരുചെക്കനും ഉമ്മച്ചിക്കുട്ടിയും

എഴുത്ത്: അച്ചു വിപിൻ

ഏതാടാ ഈ മേത്തച്ചി പെണ്ണ്?

ഇവളെന്റെ ഭാര്യയാണമ്മേ..

പ്ഫാ…..എരണംകെട്ടവനെ….എന്ത് ധൈര്യത്തിലാ നീ ഇവളെയും വിളിച്ചോണ്ടിങ്ങോട്ടു വന്നത്?

ഇവളേം കൊണ്ടിപ്പിറങ്ങി പൊക്കോണം…

അങ്ങനെ ഇറങ്ങി പോകാൻ അല്ലമ്മേ ഞാൻ ഇവളേം കൊണ്ട് വന്നത്..

തർക്കുത്തരം പറയുന്നോ നീ…അയ്യോ എന്റെ ദൈവങ്ങളെ എനിക്ക് സഹിക്കാൻ വയ്യായേ എന്റെ മോൻ പെഴച്ചു പോയെ….

എന്റെ നേരെ നോക്കി അമ്മ ഉറഞ്ഞു തുള്ളുവാണ്..

അച്ഛനാണെങ്കി അമ്മയെ ഓരോന്ന് പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…

എന്നാലും എന്റെ സുകുവേട്ടാ ഇവൻ നമ്മളോടീ ചതി ചെയ്തു കളഞ്ഞല്ലോ?

എന്റെ പൊന്നു ദേവകി നീയൊന്നടങ്ങു,ഇനിപ്പോ അതും ഇതും പറഞ്ഞിട്ടു കാര്യമില്ല അവൻ അവളെ കല്യാണം കഴിച്ചു പോയില്ലേ? ഇറക്കി വിട്ടാൽ അവരെങ്ങോട്ടു പോകാന സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനിപ്പോ അവരെ ഇരു കയ്യും നീട്ടി സ്വീകരിക്കുക നീയെതിരൊന്നും പറയണ്ട..

ടാ നീ ഇവളേം കൂട്ടി അകത്തേക്ക് പൊക്കോ…ഞാൻ മടിച്ചു നിക്കുന്നതു കണ്ടപ്പോ ‘പോ’ എന്ന അർത്ഥത്തിൽ അച്ഛൻ കണ്ണുകൾ കൊണ്ട് ആക്ഷൻ കാട്ടി..

ഞാൻ എന്റെ പാത്തുവിനെയും കൊണ്ടകത്തേക്കു കയറി..

അങ്ങനെ അച്ഛൻ ആ രംഗം ഏതാണ്ടൊക്കെ ശാന്തമാക്കി തന്നു…

പ്രശ്നമൊക്കെ ഒരുവിധമൊടുങ്ങിയപ്പോ അച്ഛൻ എന്റടുത്തേക്കു വന്നു..എന്റെ പ്രേമബന്ധം നേരത്തെ അറിയാവുന്ന സമാധാനപ്രിയനായ എന്റച്ഛൻ സ്നേഹപൂർവ്വം എന്നോട് പറഞ്ഞു

ടാ പന്ന ക്കഴു വേറീടെ മോനെ.. മര്യാദക്ക് അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു കല്യാണം നടത്തി തരാമെന്നു പറഞ്ഞതല്ലേടാ നിന്നോട്,അപ്പഴേക്കും നീ ഇവളെ കൊണ്ട് ഇങ്ങട് കെട്ടിയെടുത്തതെന്തിനാടാ നാറി..മനുഷ്യന്റെ ഉള്ള മന:സമാധാനം നീയൊക്കെ കളഞ്ഞല്ലോടാ..

അത് പിന്നെ മിനിങ്ങാന്നു രാത്രി ഞാൻ അവളെ കാണാൻ ഒന്ന് പോയതാ..നാട്ടുകാരെന്നെ പൊക്കിയച്ച, അങ്ങനെ ഒരു ദുർബല സാഹചര്യത്തിൽ എനിക്കവളെ കെട്ടേണ്ടി വന്നു…ഞാൻ അച്ഛന്റെ നേരെ ഇടം കണ്ണിട്ടു നോക്കി…

ആ ബെസ്റ്റ്..നീ എന്റെ തന്നെ വിത്താണോ എന്നൊരു സംശയം ഉണ്ടായിരുന്നെനിക്ക് എന്തായാലും ഇപ്പൊ അത് മാറിക്കിട്ടി..ഇനിപ്പോ ഇതിന്റെ പേരിൽ കണ്ട കാക്കാൻമാർ നമ്മടെ വീട് കേറി നിരങ്ങോ?

ഇല്ലച്ഛാ അവളെ അന്വേഷിച്ചാരും വരില്ല അവൾക്കാരുമില്ലന്നച്ചനറിഞ്ഞൂടെ അവളുടെ ഇളയപ്പനാണെങ്കി അവളെ ഒഴിവാക്കാൻ ഒരവസരം നോക്കിയിരിക്കാരുന്നു..

അതൊക്കെ പോട്ടെ നീയെന്തിനാടാ രാത്രി പാതിരക്കു അവളുടെ വീട്ടിൽ പോയത്..

അതുപിന്നെ അവളുടെ കല്യാണം ഉറപ്പിചെന്നറിഞ്ഞപ്പോ കേട്ടത് സത്യാണോ എന്നറിയാൻ പോയതാണച്ച..

ഉവ്വ ഉവ്വുവ്വ..ഒരു രാത്രി ഇതുപോലെ ഞാനും പണ്ട് പ്രേമിച്ച ഒരുത്തിയെ കാണാൻ പോയിട്ടുണ്ട്, അവളാണ് നിന്റെ അമ്മയുടെ രൂപത്തിലാക്കാണുന്ന അടുക്കളപ്പുറത്തിരുന്നു മോങ്ങുന്നത്..

അത് പോട്ടെ നീ അവളെ രജിസ്റ്റർ ചെയ്‌തോ?

നാട്ടുകാര് കൂടി ചെയ്യിപ്പിച്ചച്ചാ..

ഞഞ്ഞായി…അച്ഛൻ എന്റെ നേരെ ഒന്ന് നോക്കി…

അല്ലെങ്കിലും നാലാള് കൂടി കല്യാണം കഴിക്കാൻ ഉള്ള യോഗം എനിക്കുമില്ല നിനക്കുമില്ല. പറഞ്ഞിട്ടു കാര്യമില്ല…

ഞങ്ങള് സംസാരിക്കുന്നത് കേട്ട് പ്ലസ് ടുവിനു പഠിക്കുന്ന എന്റെ അനിയൻ അങ്ങോട്ട്‌ വലിഞ്ഞു കയറി വന്നു..

ഏടത്തിയുടെ പേരെന്താ ചേട്ടാ?

അവൻ ചോദിച്ചു മുഴുമിപ്പിക്കുന്നതിനു മുന്നേ അച്ഛൻ അവന്റെ ഇടത് കയ്യിൽ നല്ലോണം ഒരു പിച്ച് കൊടുത്തുകൊണ്ട് പറഞ്ഞു പുന്നാരമോനെ ഏട്ടനെ പോലെ വല്ല പെണ്ണിനേം ഇങ്ങോട്ട് വിളിച്ചോണ്ട് വരാൻ ആണ് ഉദ്ദേശമെങ്കിൽ നിന്റെ മുട്ടുകാലു മടക്കലകൊണ്ട് തല്ലിയൊടിച്ചു ഞാൻ കട്ടിലിൽ കിടത്തും എന്നിട്ട് നിനക്ക് ചിലവിനു തരും പറഞ്ഞേക്കാം..

ആ ഒരൊറ്റ പിച്ചിലൂടെ അവന്റെ പ്രേമിക്കണം എന്ന ചിന്ത നീരാവിയായി പോയി..

രാത്രിയായി അമ്മ മിണ്ടുന്ന ലക്ഷണം ഇല്ല.. നേരത്തെ ചോറും കറിയും ഉണ്ടാക്കി വെച്ച കൊണ്ട് അതെടുത്തു തിന്നു ഞാനും അവളും വിശപ്പ്‌ മാറ്റി..

മണി പത്തായി എനിക്ക് ആദ്യരാത്രി ആഘോഷിക്കണം എന്നൊരു ചിന്ത ഈ വീട്ടിൽ ആർക്കുമില്ല.. ഒരു ഗ്ലാസ്‌ പാൽ എടുത്ത് തരാൻ ഒരു പട്ടിയുമില്ലല്ലോ ദൈവമേ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു..ഒടുക്കം ഞാൻ തന്നെ പാലുണ്ടോ എന്ന് നോക്കാൻ അടുക്കളയിലേക്കു ചെന്നു..

മ്മ് എന്താട?അച്ഛൻ അടുക്കളയിൽ ഒന്നര അടിച്ചോണ്ടു നിക്കുന്നു, രാത്രി പുള്ളിക്കത് പതിവുള്ളതാ..

അത് പിന്നെ അച്ഛാ എനിക്കുറങ്ങണം ഒരു ഗ്ലാസ്‌ പാല് കിട്ടിയിരുന്നെങ്കിൽ പോകായിരുന്നു..

പാലോ? ഇന്നലെ വരെ നീ പാല് കുടിക്കില്ലായിരുന്നല്ലോ എപ്പോ തുടങ്ങി ഈ ശീലമൊക്കെ?

ഓ അച്ഛനാണത്രെ അച്ഛൻ ഇന്നെനിക്കു പാലെന്തിനാ എന്ന് കാർന്നോർക്കറിയില്ലാരിക്കും ഞാൻ മനസ്സിൽ പറഞ്ഞു..

എന്റെ പൊന്നച്ഛാ ഇന്നെന്റെ ആദ്യരാത്രി ആണ് എനിക്കൊരു ഗ്ലാസ്‌ പാല് കിട്ടണം അച്ഛനെനിക്ക് പാൽ തരണം ഇല്ലെങ്കി ഞാനങ്ങെടുക്കും..

മ്മ് നീ കുറെ എടുക്കും .. ടാ മോനെ ആകെ ഒരു ഗ്ലാസ്‌ പാൽ ഉണ്ടായിരുന്നത് നിന്റനിയൻ എടുത്തങ്ങു കുടിച്ചു ഇനി ഇവിടെ പാലില്ല..

എന്ത് പാലില്ലെന്നോ?

എടാ പട്ടി,തെണ്ടി,ചെറ്റെ സ്ഥലകാലബോധമില്ലാത്ത നാറി എന്നോടീ ചതി വേണ്ടായിരുന്നു നീയൊന്നും ഗതിപിടിക്കാതെ പോട്ടെ ഞാൻ മനസ്സിൽ അവനെ പ്രാകി..

ഡാ മോനെ ഫ്രിഡ്ജിൽ കുറച്ചു മോരിരിപ്പുണ്ട് നീ തൽക്കാലം നീ അതെടുത്തോണ്ടു പോടാ..പോണതിനു മുന്നേ വേണോങ്കി ഒരു പെഗ് അടിച്ചിട്ട് പൊക്കോ..

അച്ഛൻ ഒന്ന് പോയെ,ഇത് കുടിച്ചിട്ട് വേണം എന്റെ ആദ്യ രാത്രി അവസാനരാത്രിയാകാൻ..

എന്തായാലും മകന്റെ ആദ്യരാത്രിയിൽ പാലിന് പകരം മോര് മതിയെന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെ അച്ഛനെന്ന പദവി ഞാൻ എന്റെ അച്ഛന് കൊടുത്തു..

മോരെങ്കി മോര്..ഇച്ചിരി ഉപ്പിട്ട് ഒരു ഗ്ലാസ്‌ മോരുമായി ഞാൻ അകത്തേക്ക് ചെന്നു..

ഇങ്ങളിത് എവിടാ പോയതാ..

എന്റെ പൊന്നു പാത്തു ഇച്ചിരി പാലെടുക്കാൻ പോയതാ പക്ഷെ കിട്ടിയില്ല നീ തല്ക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം…

അങ്ങനെ ഞങ്ങളു രണ്ടാളും ആ മോര് പകുതി കുടിച്ചഡ്ജസ്റ്റ് ചെയ്തു..

ഇങ്ങടെ ഉമ്മാക്ക് ഇപ്പഴും എന്റടുത്തു ദേഷ്യാണോ?

ഓ അതൊക്കെ ഒരു രണ്ടു ദിവസം കഴിഞ്ഞു മാറും..അതും ഇതും പറയാതെ നീ ഇങ്ങടുത്തിരിക്ക് പൊന്നെ..

ബേണ്ട ഇങ്ങള് ബെർതെ പറയാ..ഓക്ക് എന്നോട് ബെറുപ്പുണ്ട് എനക്കതറിയാ..

എന്റെ പൊന്നു പാത്തു ‘ബ’ അല്ല ‘വ’

വെറുതെ,വെറുപ്പ്‌,വേണ്ടാ അങ്ങനെ പറ..ഞാൻ അവളെ നോക്കി ചിരിച്ചു

ഇങ്ങള് കളിയാക്കണ്ടാ എനക്ക് അങ്ങനേ ബായില് ബരോളു ഇങ്ങള് ബേണെങ്കി കേട്ട മതി..

ഓ ശരി എന്റെ പൊന്നെ..നീ ഇങ്ങട് വാ…ഞാൻ അവളെ പിന്നെയൊന്നും പറയാൻ സമ്മതിച്ചില്ല എന്ന് വെച്ച അത് തന്നെ കാര്യം…

രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു..അവൾ ഉറക്കമാണ് ഉറങ്ങിക്കോട്ടെ എന്റെ പരാക്രമം കഴിഞ്ഞു വെളുപ്പിനെപ്പഴോ ആണവൾ ഉറങ്ങിയത്..എന്നാലും നീ ഇത്ര സംഭവമായിരുന്നോടാ രഞ്ജിത്തേ ഞാൻ എന്നോട് തന്നെ ചോദിച്ചു…അലഷ്യമായി കിടന്ന പുതപ്പെടുത്തവളെ പുതപ്പിച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി…

ഇറയത്തു ചെന്നപ്പോ അച്ഛൻ പത്രം വായിച്ചിരിക്കുന്നു..

മ്മ് എന്താടാ നീയിന്നു ജോലിക്ക് പോണില്ലേ?

ഇല്ലച്ഛാ രണ്ടു ദിവസം ലീവ് എടുക്കാമെന്ന് വിചാരിക്കുന്നു…

മ്മ് അത് വളരെ നല്ലതാ..അല്ലെങ്കിലും അടുക്കളയിൽ മീൻ തീരുന്നിടം വരെ പൂച്ച അവിടുന്ന് പോകില്ലല്ലോ? അച്ഛൻ എന്റെ നേരെയൊന്നർത്ഥം വെച്ചു നോക്കി..

ഞാനങ്ങു ചൂളിപ്പോയി…

അമ്മ അവളുമായി വല്യ അടുപ്പത്തിന് പോയില്ല എന്നാലോ അവൾ അടുക്കളയിൽ കയറി പണി വല്ലതും ചെയ്താലൊട്ടു വേണ്ടാന്നും പറഞ്ഞില്ല..

ദിവസങ്ങൾ കടന്നു പോയി അമ്മയും പാത്തുവും വീട്ടിൽ കിടന്നു ടോം ആൻഡ് ജെറി കളിച്ചു അച്ഛനാണെങ്കി ബെൽറ്റ്‌ കെട്ടിയ തടിയൻ പട്ടിയെ പോലെ അതിലെയുമിതിലേയും മുഖം കാണിച്ചു നടന്നു..

ദിവസങ്ങൾ കടന്നു പോയി എന്റെ ആദ്യരാത്രിയിലെ പെർഫോമൻസിന്റെ റിസൾട്ട്‌ ഞാൻ ഓഫീസിൽ ഇരുന്നു കണക്കു കൂട്ടുന്നതിനിടയിൽ അച്ഛൻ വിളിച്ചു പറഞ്ഞു..

കലക്കി രഞ്ജിത്തേ നീ പാസായിരിക്കുന്നു, നിന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല,എന്നെ ഓർത്തു ഞാൻ അഭിമാനം കൊണ്ടു…

പാത്തു ഗർഭിണിയായതറിഞ്ഞു ഫൂലൻ ദേവിയെ പോലെ ഇരുന്ന എന്റെ അമ്മ മദർ തെരേസയെ പോലെയായി..

ഗർഭിണിയായ പാത്തുവിന് ഒരുദിവസം ഇറച്ചി കഴിക്കാൻ ഒരു പൂതി അതറിഞ്ഞ എന്റെയമ്മ അകന്ന ബന്ധത്തിൽ ഉള്ള എന്റെ വല്യമ്മയെ പോയി വിളിച്ചോണ്ടു വന്നു..ആയമ്മ ഇറച്ചിക്കറി ഉണ്ടാക്കാൻ വിദഗ്ദ്ധ ആയിരുന്നു.. നോൺ വെജ് വെക്കാത്ത ഞങ്ങളുടെ വീടിന്റെ അടുക്കളയിൽ നിന്നും പാത്തുവിനു വേണ്ടി മാത്രം കോഴിയുടെയും പോത്തിന്റെയും മണം പരന്നു…

പാത്തുവിന്റെ വയറു വീർത്തു വന്നതിനൊപ്പം അമ്മയുടെ ദേഷ്യം അലിഞ്ഞലിഞ്ഞില്ലാതെയായി..പാത്തുവിന് പെൺകുഞ്ഞു ജനിക്കാൻ വേണ്ടി അമ്മ ത്രിക്കുന്നപ്പുഴയപ്പന് ഒരു പാൽപായസം വഴിപാടായങ്ങു നേർന്നു..

എന്റെ അനിയനെ വയറ്റിൽ ഇട്ടു നടക്കണ സമയത്ത് ജനിക്കുന്നത് പെണ്ണാകാൻ വേണ്ടി അമ്മ നേർന്ന വഴിപാടുകൾ മൊത്തം ചീറ്റി പണ്ടാരമടങ്ങി പോയിരുന്നു അതിനാൽ ഇത്തവണ ഡബിൾ സ്ട്രോങ്ങ്‌ വഴിപാടുകളാണമ്മ നേർന്നത് അതിൽ ഗുരുവായൂരപ്പനു 101 വലം വെച്ചു കൊച്ചിന്റെ അച്ഛനായ എന്നെ കൊണ്ട് ഉരുളിച്ചോളാം എന്നൊരു എക്സ്ട്രാ വഴിപാട് കൂടി പെടുന്നുണ്ട്,ഒക്കെ എന്റെ നല്ലകാലം..

അതേയ് പെൺകുട്ടി തന്നെ വേണമെന്നു എനിക്കങ്ങനെ നിർബന്ധം ഒന്നും ഇല്ലാട്ടോ പിന്നെ നിങ്ങള് കരുതും പോലെ ഉരുളാൻ ഉള്ള മടികൊണ്ടുമൊന്നുമല്ലന്നെ കൊച്ചിപ്പോ ആണായാലും പെണ്ണായാലും മ്മള് രണ്ടു കയ്യും നീട്ടി മേടിക്കും…

ഗർഭിണി ആയതോടെ പാത്തുവിന് കോളാണ്..സമയാസമയം ഭക്ഷണം,ഉറക്കം,കാലുതിരുമ്മൽ എന്ന് വേണ്ട അവളുടെ കാര്യം കഴിഞ്ഞേ അമ്മ ഞങ്ങൾക്ക് വല്ലതും തിന്നാൻ തന്നിരുന്നുള്ളൂ..

ഒരു പെണ്ണ് ഗർഭിണി ആയാൽ അമ്മമാരിങ്ങനെ സ്നേഹിക്കുമോ?ശോ പെണ്ണയെങ്ങാനും ജനിച്ച മതിയാരുന്നു.. അന്നാദ്യമായി ആണായി ജനിച്ചതിൽ എനിക്ക് നിരാശ തോന്നി ഒപ്പം പെണ്ണുങ്ങളോടസൂയയും..

അമ്മയില്ലാത്ത കുറവറിയിക്കാതെ എന്റമ്മ അവളെ സ്വന്തം മോളെ പോലെ തന്നെ നോക്കി…രാത്രി പലപ്പഴും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു…

ഇക്ക എനക്ക് ബയറു ബേദന എടുക്കണ് എന്റെ കാലു ഞെക്കി താ കൈ തിരുമ്മി താ എന്നൊക്കെ പറഞ്ഞു ഒട്ടുമിക്ക രാത്രികളിലും അവളെന്റെ ഉറക്കം കെടുത്തി.. അവൾക്കാണെ വയറു കാരണം ഇരിക്കാനും വയ്യ തിരിയാനും വയ്യ കിടക്കാനും വയ്യ എനിക്കാണെ അത് കണ്ടിട്ടുറങ്ങാനും പറ്റാത്ത അവസ്ഥ. ശരിക്കും അവളുടെ വിഷമo കണ്ട് അവളൊന്നു വേഗം പ്രസവിക്കണെ എന്ന് വരെ ഞാൻ പ്രാർത്ഥിച്ചു പോയി..

അവൾക്കൊൻപതു മാസമായി ഏതു സമയത്തും പ്രസവിച്ചേക്കാം എന്ന മട്ടിൽ വയറും താങ്ങിയായാണ് അവളുടെ നടപ്പ്..അവളാകെ വെളുത്തു ചുമന്നു സുന്ദരിയായിരുന്നു അതുകണ്ടു അയൽവക്കത്തെ പെൺപടകൾ എല്ലാം അവൾക്കു പെങ്കൊച്ചാണെന്നു ഉറപ്പിച്ചു അത് കേട്ടെന്റെ അമ്മയുടെ മുഖം താമര പോലെ വിടർന്നു…

ഒരു ദിവസം പതിവ് പോലെ ഓഫീസിൽ ഇരിക്കുമ്പോൾ അച്ഛന്റെ കാൾ വന്നു അവൾക്ക് വയ്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു അത്കേട്ടു ഞാൻ നൂറേ നൂറിൽ ബൈക്കെടുത്തു പാഞ്ഞു എന്ന് ആരും കരുതരുത് വെറുതെ വല്ല പാണ്ടിലോറിക്കും തലവെച്ചു ഞാൻ ക്ലൈമാക്സ്‌ കുളമാക്കുന്നില്ല വല്യ തരക്കേടില്ലാത്ത ഒരു 45 കിലോമീറ്റർ സ്പീഡിൽ ഞാൻ ബൈക്കുമായി പോയി..

ഞാൻ ഹോസ്പിറ്റലിൽ ചെന്ന ശേഷം ലേബർ റൂമിന്റെ മുന്നിലേക്ക്‌ ഓടി… ഭാഗ്യം അവള് പ്രസവിച്ചിട്ടില്ല.. ഞാൻ നോക്കുമ്പോ അമ്മ ലളിത സഹസ്രനാമത്തിന്റെ വലിയ ബുക്കുമെടുത്തു ഉച്ചത്തിൽ വായിക്കുന്നുണ്ട് അവസാനം ഒച്ച കാരണം സഹികെട്ട സിസ്റ്റർ അമ്മയെ വന്നു വഴക്ക് പറഞ്ഞിട്ടു പോയി അത് വേറൊന്നും കൊണ്ടല്ല അകത്തു കിടന്നു കരയുന്ന പാത്തുവിന്റെ ഒച്ചയെ കടത്തി വെട്ടുന്നതായിരുന്നു അമ്മയുടേത്…

അൽപ സമയത്തിന് ശേഷം സിസ്റ്റർ കയ്യിൽ ഒരു കുഞ്ഞുമായി പുറത്തേക്കു വന്നു..അടൂർ ഗോപാല കൃഷ്ണന്റെ പടം പോലെ രംഗം ശാന്തമായി…

കൺഗ്രാറ്റ്സ് മിസ്റ്റർ രഞ്ജിത് നിങ്ങൾക്ക് പെൺകുഞ്ഞാണ്..

അമ്മ സിസ്റ്ററിന്റെ അടുത്തേക്ക് കൊച്ചിനെ എടുക്കാൻ വേണ്ടി ചെന്നു അന്നേരം
അമ്മയെ കണ്ടപ്പോഴെനിക്ക് മണിച്ചിത്രത്താഴിലെ ശോഭനയുടെ മുഖം ഓർമ വന്നു സന്തോഷം കൊണ്ട് അമ്മയുടെ മുഖത്തെ ഓജസ്സും തേജസ്സും ഒരുപാടു കൂടിയ പോലെ..

അവൾക്കു കുഴപ്പം ഒന്നുമില്ല എന്ന് സിസ്റ്റർ പറയുന്ന കേട്ടപ്പോ എന്റെ പോയ സമാധാനം തിരികെ കിട്ടി..ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഞങ്ങള് വീട്ടിലേക്കു തിരികെ പോന്നു..വീട്ടിലാകെ മോളുടെ കരച്ചിൽ ആണ് അമ്മയാണെങ്കിലോ അവളെ നിലത്തു വെക്കാതെ കൊണ്ട് നടക്കുന്നു..

അങ്ങനെ കൊച്ചിന് പേരിടാറായി… എന്ത് പേരിടും എന്ന കാര്യത്തിൽ ആകെ ഒരു കൺഫ്യൂഷൻ പാത്തുവിനു അവളുടെ മയ്യത്തായ ഉമ്മയുടെ പേരിടണം എന്ന് അതിയായ മോഹം എന്റെ അമ്മയാണേൽ മുത്തശ്ശിയുടെ പേരായ പാർവതി എന്നിട്ട മതി എന്ന് പറഞ്ഞു ഒരേ വാശി..ഒടുക്കം നറുക്കിടാമെന്നു എല്ലാരും കൂടി തീരുമാനിച്ചു..

ഒടുക്കം രണ്ടു പേരും കൂടി പേപ്പറിൽ എഴുതി നറുക്കിട്ടു ശേഷം അച്ഛൻ അതിൽ നിന്നും ഒരെണ്ണം കയ്യിലെടുത്തുറക്കെ വായിച്ചു…

“ഉമ്മുക്കൊൽസ്സ് “

പാത്തുവിന്റെ മുഖം തിളങ്ങി..മാഷാ അള്ളാ എന്റുമ്മാന്റെ പേര്…

അച്ഛൻ എന്റെ ചെവിയിൽ വന്നു പറഞ്ഞു ടാ മോനെ ഈ വെള്ളിക്കൊലുസ്സ് പോലത്തെ വല്ലോമാണോടാ ഈ ഉമ്മുകൊലുസ്സ്…

ഞാൻ അച്ഛന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു എന്റെ പൊന്നച്ഛാ കൊലുസ്സും പാദസരവും ഒന്നുമല്ല അതൊരു പേരാണ്..പിന്നെ ഉമ്മുകൊലുസ്സ് എന്നല്ല ഉമ്മുക്കൊലുസു എന്നാണ് പറയുന്നത്…

അമ്മയുടെ മുഖം മങ്ങി,അതുകണ്ടു പാത്തു അമ്മയുടെ അടുത്ത് വന്നു പറഞ്ഞു ഇങ്ങള് ബെഷമിക്കാതുമ്മ നമുക്കു മോളെ ബീട്ടില് പാറൂന്നു വിളിക്കാം അത് മാത്രല്ല അടുത്തതു മോളാണെങ്കി നമുക്കു പാർവതിന്ന് ഇടാന്നേ..

അമ്മയുടെ മങ്ങിയ മുഖം ഒന്ന് തെളിഞ്ഞു..

ഡീ പാത്തു കൊച്ചിന് നിന്റെ അമ്മയുടെ പേരൊക്കെ ഇട്ടോ പക്ഷെ പേരിന്റെ അവസാനം നായര് ചേർക്കണം അതെനിക്ക് നിർബന്ധമാണ്..

നായരോ? അവള് പുരികം ചുളിച്ചു..

അതേ നായര് തന്നെ എന്റെ കെട്ടിയോന്റെ പേര് സുകുമാരൻ നായര് പിള്ളേര് രഞ്ജിത് നായരും രതീഷ് നായരും പിന്നെ എന്റെ പേര് ദേവകി സുകുമാരൻ നായര് അങ്ങനെ നോക്കുമ്പോ നമ്മടെ മോൾക്കും പേരിന്റെ അവസാനം നായര് ചേർക്കണ്ടേ…

നീ ഇവിടെ വന്നിട്ട് നിന്നെ ഞങ്ങള് മതം മാറ്റിയോ നിന്റെ ഇഷ്ടത്തിന് എതിരായി വല്ലോം ചെയ്‌തോ ഇല്ലല്ലോ,അപ്പൊ മോള് അമ്മയുടെ ഈ ചെറിയ ആഗ്രഹം സാധിച്ചു തരണം..

ഒരു വഴക്ക് വേണ്ട എന്ന് കരുതി അവസാനം അവളതിന് സമ്മതിച്ചു..

അങ്ങനെ എന്റെ മോൾക്ക്‌ പേരിട്ടു

“ഉമ്മുക്കൊലുസു ആർ നായർ”

ഈ ആർ എന്നത് ഞാനാട്ടോ എനിക്ക് വയ്യ…

അങ്ങനെ ഉമ്മുക്കൊലുസ്സു എന്ന ഞങ്ങടെ പാറുക്കുട്ടി വീട്ടിലെ ഓമനയായി വളർന്നു..

അവളുടെ ഒന്നാം പിറന്നാളിന്റെ അന്ന് പാത്തു തലകറങ്ങി വീണു…ആരും പേടിക്കണ്ട ഞാൻ വീണ്ടും ഒരു പരീക്ഷ കൂടി പാസ്സായതാ..ഞങ്ങടെ വീട്ടിലേക്കു പുതിയ ഒരാൾ കൂടി വരാൻ പോകുന്നു എന്നറിഞ്ഞെല്ലാവരും ഒരുപാടു സന്തോഷിച്ചു..

പിറന്നാൾ ആഘോഷം ഒക്കെ കഴിഞ്ഞു മോളെ ഉറക്കിയ ശേഷം അവൾ എന്റരുകിൽ വന്നു കിടന്നു..

എന്റെ മുടിയിൽ അവൾ പതിയെ വിരലുകളോടിച്ചു…അവളുടെ എന്തോ കാര്യസാധ്യത്തിനാണെന്നു വ്യക്‌തം..

അടുത്തത് മോനാവും അല്ലെ?

ആണോ മോനാണോ ഉറപ്പിച്ചോ? ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

മ്മ്… അവളൊന്നു മൂളി

അതേയ് മോൻ തന്നെ ആവട്ടെ, നിന്നെ പോലെ ഒരു മോളും എന്നെ പോലൊരു മോനും കൊള്ളാല്ലേ, ഞാൻ അവളെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു..

പെട്ടന്നായിരുന്നു അവളുടെ ആ ചോദ്യം..

അതേയ് മോനാണെങ്കി ഇങ്ങളെന്റെ വാപ്പാടെ പേരിടോ?

ദൈവമേ വീണ്ടും പണി പാളിയോ ഞാൻ മനസ്സിൽ ഓർത്തു..

ഇങ്ങള് ടെൻഷൻ ആവണ്ട എന്റുമ്മാന്റെ പേര് ഇച്ചിരി പഴയതാ അതൊക്കെ എനക്കറിയാ പക്ഷേങ്കി വാപ്പാടെ അങ്ങനല്ല നല്ല സൂപ്പറു പേരാ..

ആണോ എന്നാ നമുക്കാലോചിക്കാം..ആട്ടെ എന്താ നിന്റെ വാപ്പയുടെ പേര് ഞാൻ ആകാംഷയോടെ അവളോട്‌ ചോദിച്ചു..

“സുലൈമാൻ”

അവൾ ഗർവോടെ പറഞ്ഞു..

“സുലൈമാൻ ആർ നായർ” അയ്യോ!!…ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി

എന്റെ ഗുരുവായൂരപ്പാ എനിക്ക് ആൺകൊച്ചിനെ വേണ്ടായേ പെങ്കൊച്ചിനെ തന്നെ മതിയേ ഞാൻ 201 തവണ ശയനപ്രതിക്ഷണം ചെയ്‌തോളാമെ…

“സുലൈമാൻ” എന്ന പേരിട്ടാൽ അമ്മ വീട്ടിൽ ഉണ്ടാക്കാൻ പോകുന്ന പുകിലോർത്തു ഞാൻ മനസ്സിൽ ഒരു ലോഡ് വഴിപാടുകൾ നേർന്നു കൊണ്ടിരുന്നു….

ശുഭം